Sunday, 27 September 2015




കുറ്റാലം  യാത്ര
യാത്രകള്‍  എന്നും പുനരുജ്ജീവനികളാണ്. അത്തരമൊരു പുനരുജ്ജീവനത്തിന്‍റെ യാത്രയായിരുന്നു കുറ്റാലം പാലസ്സിലേക്കുള്ളത്. ഉച്ചകഴിഞ്ഞാണ് പുറപ്പെട്ടത്. സന്തോഷിന്‍റെ  സൈലോയിലായിരുന്നു യാത്ര.രാജീവും പ്രമോദും ഒപ്പമുണ്ടായിരുന്നു.നിലമേല്‍ നിന്നും സജീവും ചടയമംഗലത്തുനിന്നും രാധാകൃഷ്ണനും  തെന്മലയില്‍ നിന്നും മണിയും കയറിയതോടെ കോറം തികഞ്ഞു.
യാത്രയില്‍ എല്ലാ കണ്ണുകളും രാജീവിലായിരുന്നു. ഒരു കിലോ മത്തിയും ഒരു കിലോ കോഴിയും അദ്ദേഹത്തിന്‍റെ സ്നേഹമയിയായ ഭാര്യ വൃത്തിയാക്കി ഐസില്‍ വച്ച് നല്കിയിരുന്നു. ഒപ്പം മുളകുപൊടി ഉള്‍പ്പെടെയുള്ള കൂട്ടുകളും. കറിവയ്ക്കാനല്ല ഇതെല്ലാം എന്ന് ഒപ്പമുള്ള ഗ്രില്ല് കണ്ടാല്‍ മനസ്സിലാക്കാം. കല്‍ക്കരിയും ചിരട്ടയുമുള്‍പ്പെടെയുള്ള ഇന്ധനാനുസാരികളും തയ്യാര്‍.
അഞ്ചല്‍ അയിലറ വഴിയായിരുന്നു യാത്ര.വിളക്കുപാറയില്‍ എണ്ണപ്പനത്തോട്ടത്തില്‍ ഇറങ്ങി ആ കാഴ്ചകള്‍  ആസ്വദിച്ച് ,പരാക്രമ പാണ്ഡ്യനെ നമിച്ചായിരുന്നു യാത്ര. കുറ്റാലം പാലസ്സില്‍ എത്തുമ്പോള്‍ സന്ധ്യയായി. റോഡിന്‍റെ വലതുവശമുള്ള പാലസ്സില്‍ കയറിയപ്പോഴാണ് ബുക്കിംഗ് ഇടതുവശമുള്ള കൊട്ടാരത്തിലാണ് എന്നറിയുന്നത്. വലത്തേ പാലസ്സ് നിറയെ ആളുകള്‍ താമസമുണ്ടായിരുന്നു. രാജാവ് കുറ്റാലം വെള്ളച്ചാട്ടം കണ്ടിരിക്കാറുണ്ടായിരുന്ന പ്രാധാന പാലസ്സില്‍ ഞങ്ങള്‍ എത്തി. നല്ല വിശപ്പുണ്ട്. ആദ്യം തന്നെ പാചകത്തിലായിരുന്നു ഏവരുടെയും ശ്രദ്ധ. ചുട്ടെടുത്ത മത്തിയുടെയും ഇറച്ചിയുടെയും സ്വാദ് ഇപ്പോഴും നാവിലുണ്ട്. രാജീവിന് നമോവാകം. വാസ്തുവിദ്യ പോലെ പാചകവും കൈയ്യിലൊതുങ്ങും എന്നു തെളിയിച്ചു.
രാത്രിയിലെ ചര്‍ച്ചകളില്‍ ദൈവങ്ങള്‍ കടന്നുവന്നു. ദൈവവിശ്വാസിയല്ലാത്ത രാധാകൃഷ്ണന്‍ ഒരു വശത്തും മറ്റുള്ളവര്‍ എതിര്‍വശത്തും നിന്നു തര്‍ക്കിച്ചു. മണി കേഴ്വിക്കാരനായി. രാത്രിയില്‍  പന്ത്രണ്ട് മണിയായതോടെ വെള്ളച്ചാട്ടത്തിലേക്ക് യാത്ര പുറപ്പെട്ടു. നല്ല തണുപ്പുള്ള വെള്ളം. അപ്പോഴും നൂറോളം ആളുകള്‍ അവിടെ കുളിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കുളിച്ചു. എല്ലാ ക്ഷീണവും അകറ്റുന്ന കുളി. തിരികെ വന്ന് സുഖ നിദ്ര. രാവിലെ താമസിച്ചാണ് ഉണര്‍ന്നത്. അപ്പോഴേക്കും സജീവ് അരമണിക്കൂര്‍ നടത്തം പൂര്‍ത്തിയാക്കിയിരുന്നു.
ദൂരെ വെള്ളച്ചാട്ടം കാണാമായിരുന്നു. രാജാവിന്‍റെ കാലത്തെ മിടുക്കന്മാര്‍ കൊട്ടാരമുണ്ടാക്കാന്‍ കൃത്യമായി കണ്ടെത്തിയ ഇടം. പാലരുവിയുടെ സമീപവും മണ്ഡപമുള്ളത് ഓര്‍ത്തുപോയി.
തെങ്കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കായിരുന്നു പിന്നീട് യാത്ര. നല്ല മുഖപ്പോടുകൂടിയ ക്ഷേത്രം. നഗരം ക്ഷേത്രത്തിനു ചുറ്റിലുമായി വളര്‍ന്നിരിക്കുന്നു. കാറ്റിന്‍റെ ഗതിയിലുള്ള ചില അത്ഭുതങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അകത്തേക്ക് കയറുമ്പോള്‍ കാറ്റിന്‍റെ ശക്തി നമ്മെ മുന്നോട്ടു തള്ളുന്നു. എന്നാല്‍,പുറത്തേക്കിറങ്ങുമ്പോള്‍,കാറ്റ് നമ്മെ പുറത്തേക്കാണ് തള്ളുന്നത്. ഗംഭീരമായ ക്ഷേത്രമാണ്. പാറകളില്‍ കൊത്തിയ അനേകം മണ്ഡപങ്ങളും തൂണുകളും കൊണ്ട് സമൃദ്ധം.
തിരികെ എത്തുമ്പോള്‍ പനംകള്ളുമായി മാരിയപ്പന്‍ മുന്നില്‍. പനയോല കുമ്പിളാക്കി അതില്‍ നല്കിയ പനങ്കള്ള് ആസ്വദിച്ചു. ഉച്ചയ്ക്ക് ഇറങ്ങി. മടക്കയാത്രയില്‍ അമ്പനാട് എസ്റ്റേറ്റില്‍  എത്തി.പ്രാദേശിക നേതാവായ മണിയുടെ സുഹൃത്ത് ഉദയകുമാറും സംഘവും അവിടെയുണ്ടായിരുന്നു. അവിടത്തെ കനാലില്‍ ഒരു കുളി പാസ്സാക്കി. തേയില,കുരുമുളക്,ഇഞ്ചി തുടങ്ങി പലവിധ കൃഷികളുള്ള അമ്പനാട് എസ്റ്റേറ്റ് ഉടമ സ്വാമിയുടെ ഓഫീസ് പട്ടം പ്ലാമൂട്ടിലാണ്. ഉദയകുമാര്‍ കിഡ്നി സ്റ്റോണിന് പച്ചമരുന്നു ചികിത്സ ചെയ്യുന്ന നാട്ടുവൈദ്യനാണ്. (മൊ-8590634910).മരുന്ന് പറയാന്‍ പാടില്ലെന്നും തലമുറ തലമുറ കൈമാറുന്ന രീതിയാണുള്ളത് എന്നും ഉദയകുമാര്‍ പറഞ്ഞു. മരണ സമയത്തേ അടുത്ത തലമുറയ്ക്ക്  അറിവ് പകര്‍ന്നു നല്കുകയുള്ളു.
അവിടെ നിന്നും പറപ്പെടുമ്പോള്‍  രാത്രി കനത്തു. പിന്നെ വീടെത്തുംവരെ കഥ പറഞ്ഞും ഉറങ്ങിയും ചിരിച്ചും യാത്ര തുടര്‍ന്നു. പാതിരാ കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍.പിന്നെ തളര്‍ന്നുറക്കം മാത്രം. പതിവുജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഊർജ്ജം സ്വീകരിച്ച് വീണ്ടും.........................



No comments:

Post a Comment