Monday, 27 July 2026

Simple but complex - Episode -4 -- Priya on the peak -Part 2

 

ലളിതവും ഒപ്പം സങ്കീർണ്ണവും- എപ്പിസോഡ് -4
*************************
കൊടുമുടി മുകളിൽ പ്രിയ – ഭാഗം -2
################
2024ലാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നായ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയത്.നേപ്പാളിലെ ഖുംബു മേഖലയിൽ 5364 മീറ്റർ ഉയരത്തിലാണ് എവറസ്റ്റ് ബേസ് ക്യാമ്പ്.അവിടെനിന്നും 6119 മീറ്റർ ഉയരമുള്ള ലോബുചെ ഈസ്റ്റ് കൊടുമുടിയിലേക്കും ട്രക്ക് ചെയ്തു.ബേസ് ക്യാമ്പിനേക്കാളും ദുർഘടം പിടിച്ച യാത്രയായിരുന്നു ലോബുചെയിലേക്കുള്ളത്.ക്രാമ്പണ്സ്,ഹാർനെസ്,കയറുകള്,ഐസ് കോടാലി എന്നിവ ഉപയോഗിച്ചായിരുന്നു യാത്ര. 2025 ലെ ശരത്കാലത്താണ് പ്രിയ 8163 മീറ്റർ ഉയരമുള്ള മനാസ്ലു കൊടുമുടി കയറുന്നത്.ലോകത്തിലെ എട്ടാമത്തെ ഉയരമുള്ള കൊടുമുടിയാണിത്.നേപ്പാളീസ് ഹിമാലയത്തിലെ മൻസിരി ഹിമാൽ ശ്രേണിയിൽ സ്ഥിതിചെയ്യുന്ന കൊലയാളി പർവ്വതം എന്ന കുപ്രസിദ്ധിയുള്ള മനാസ്ലു അസ്ഥിരമായ കാലാവസ്ഥയും ഉയർന്ന ഹിമപാതസാധ്യതയുമുള്ള ഇടമാണ്.ഇത്രയും സാഹസികമായ യാത്രകളിലൂടെ മഹത്തായ എവറസ്റ്റ് യാത്രയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർണ്ണമാവുകയായിരുന്നു.തുടർന്ന് ഏഴ് മാസത്തിനുള്ളിൽ അവർ എവറസ്റ്റിന്റെ നെറുകയിലുമെത്തി.
പറയാനെളുപ്പമാണെങ്കിലും അതിനുപിന്നിലെ അധ്വാനം അത്ര സുഖകരമായിരുന്നില്ല.പർവ്വതാരോഹണം പരിശീലിക്കുന്നവർക്ക് ആവശ്യമായ ഒരു സൌകര്യവും ലഭിക്കാത്ത ഇടമാണ് ചെന്നൈ.സമുദ്രനിരപ്പിൽ നിന്നും പരമാവധി ആറുമീറ്റർ മാത്രം ഉയരമുള്ള കുന്നുകളും മലകളുമില്ലാത്ത ചെന്നൈയിൽ ജോലിയുടെ ഉത്തരവാദിത്തത്തിൽ നിന്നും അധികം ഒഴിഞ്ഞുനിൽക്കാതെ പരിശീലിക്കുക എന്നത് അതിസങ്കീർണ്ണമായൊരു പ്രവർത്തിയായിരുന്നു.മനസുണ്ടെങ്കിൽ വഴിയുമുണ്ടാകും എന്നതായിരുന്നു പ്രിയയുടെ നിലപാട്.ഫിറ്റ്നസ് പ്രേമിയും ആരോഗ്യകരമായ ജീവിതം നയിക്കുന്നവളുമായതിനാൽ,അഭിനിവേശവും ലക്ഷ്യസ്ഥാനവും ചേർന്നൊരുക്കിയ പ്രേരണതന്നെ അവരെ മുന്നോട്ടുനയിച്ചു.കോംബാറ്റ് ഫിറ്റ്നസ് പരിശീലകനും കണ്ടീഷനിംഗ് സ്പെഷ്യലിസ്റ്റുമായ ഡോക്ടർ സുഗപ്രദീപായിരുന്നു പരിശീലകൻ.നാല് വർഷം നിരന്തര പരിശീലനം നടത്തി.അദ്ദേഹം ഓരോ ആറുമാസത്തേക്കും ഘടനാപരമായ ഒരു പ്രോഗ്രാം രൂപകൽപ്പന ചെയ്യുകയും അത് കൃത്യമായി പാലിക്കുകയും ചെയ്തു.വീട്ടിലെ പടികള്,ചരിഞ്ഞ ബോർഡുകള്,ആശുപത്രിയിലെ റാമ്പുകള് എന്നിവ ഓടിക്കയറിയും ഇറങ്ങിയുമാണ് പ്രിയ പരിശീലനം തുടങ്ങിയത്.ഇതിന് പുറമെ മറീന ബീച്ചും റോഡുകളും പരിശീലനത്തിന് ഉപയോഗപ്പെടുത്തി.
ജീവിതാഭിലാഷത്തിന്റെ കൊടുമുടിയിൽ എത്തുന്നത് ഒരു വിജയമാണെങ്കിലും മരണവുമായി മുഖാമുഖം കണ്ട യാത്രയായിരുന്നു എവറസ്റ്റിലേത്.ശാരീരികമായും അതിലേറെ മാനസികമായും വൈകാരികമായും പല പരീക്ഷണങ്ങളും നേരിടേണ്ടിവന്നു.കാലാവസ്ഥയുടെ അനിശ്ചിതത്വം വലിയ വെല്ലുവിളിയാണ്.ഏപ്രിൽ പതിനേഴിന് ബേസ് ക്യാമ്പിലെത്തിയ പ്രിയയ്ക്ക് പ്രതികൂല കാലാവസ്ഥ കാരണം 45 ദിവസം ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നു.മാനസിക സമ്മർദ്ദം കാരണം കടുത്ത നിരാശ ബാധിച്ച ദിവസങ്ങളുമുണ്ടായി.ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുമ്പോള്തന്നെ നമ്മളിൽ വിഭ്രാന്തിയുണ്ടാകും.ഒപ്പം അനിശ്ചിത്വം കൂടി ചേരുമ്പോള് നില വഷളാകും.ഈ സമയം നിരവധി സംശയങ്ങള് മനസിനെ അലട്ടി.വളരെ സംതൃപ്തമായ ഒരു പ്രൊഫഷനിൽ എല്ലാവിധ സൌകര്യങ്ങളോടുംകൂടി ജീവിക്കുന്ന ഡോക്ടറായ ഞാൻ എന്തിനാണ് ഈ പ്രയാസങ്ങളിലൂടെ കടന്നുപോകുന്നത് എന്ന ചോദ്യത്തിന് ഉത്തരമറിയാമെങ്കിലും ഈ ചോദ്യം മനസിലേക്ക് ആവർത്തിച്ചുവന്നു.ഞാൻ എന്തിനാണ് ഇവിടെ എത്തിയത് എന്നതാകും അടുത്ത ചോദ്യം.വീട്ടിലേക്ക് മടങ്ങണം എന്ന ചിന്തയും ശക്തമാകും.അപ്പോഴെല്ലാം സഹയാത്രികരും സംഗീതത്തോടുള്ള സ്നേഹവുമാണ് മനസ് തളരാതെ പ്രിയയെ പിടിച്ചുനിർത്തിയത്.പലവട്ടം ക്യാമ്പുകള് മാറേണ്ടി വന്നു.കയറിയ ഉയരങ്ങളിൽ നിന്നും തിരിച്ചിറങ്ങേണ്ടിവന്നു.ശക്തമായ കാറ്റിൽ പലപ്പോഴും കൂടാരങ്ങള് പറന്നുപോയി.
ഖുംബു ഹിമാനി 5486 മീറ്റർ ഉയരത്തിലാണ്.അവിടമാണ് യാത്രയിലെ ഏറ്റവും അപകടകരമായ ഇടവും.അവിടെവച്ചാണ് മുകളിൽ നിന്നും ഇടിഞ്ഞുവീണ മഞ്ഞടരുകളിൽ നിന്നും പ്രിയ ചെറിയ പരുക്കുകളോടെ രക്ഷപെട്ടത്.ഏഴാമതും എവറസ്റ്റ് കയറിയ അവരുടെ ഗൈഡ് അനുരൂപ് ഗുരുങിന്റെ മിന്നൽ വേഗത്തിലുള്ള ഇടപെടൽ കൊണ്ടായിരുന്നു ആ രക്ഷപെടൽ.ജീവിതം ചില മഞ്ഞടരുകള്ക്ക് അപ്പുറവും ഇപ്പുറവുമാണ് എന്ന് ഫിലോസഫി പറയാമെങ്കിലും ആ നിമിഷങ്ങള് നടുക്കുന്നതായിരുന്നു.നമ്മള് ഇവിടെയെത്തി,നമുക്ക് കൊടുമുടി കയറാൻ പരമാവധി ശ്രമിക്കാം എന്ന് ക്യാമ്പ് അംഗങ്ങള് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.ഇതിഹാസ പർവ്വതാരോഹകൻ നിർമ്മൽ പുർജയുടെ എലൈറ്റ് എക്സ്പെഡ് വഴിയായിരുന്നു യാത്രകള്.
സ്വപ്നങ്ങള് കാണുന്നതിനും പ്രാവർത്തികമാക്കുന്നതിനും പ്രായം ഒരു പരിമിതിയല്ല എന്നാണ് പ്രിയ പറയുന്നത്.അടുത്തയാത്ര എവിടേക്കാണ് എന്ന് പ്രിയയോട് ചോദിച്ചാൽ പറയുക മനസ് എവറസ്റ്റിലാണുള്ളത്,ഇനിയും അവിടേക്ക് തന്നെയാണ് പോകേണ്ടത് എന്നാണ്.പ്രായമാകുംതോറും ബുദ്ധിയും അനുഭവജ്ഞാനവും ഉറച്ചമനസുമുണ്ടാകുമെന്ന് അവർ പറയുന്നു.അതെ,ലളിതമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ അങ്ങിനെ തുടരട്ടെ.സാഹസികത മുഖമുദ്രയാക്കിയവർക്ക് പ്രിയയുടെ വാക്കുകള് ശ്രദ്ധിക്കാം,അതിൽ ആവേശം കൊള്ളാം.(അവസാനിച്ചു)✍️

No comments:

Post a Comment