Sunday, 26 July 2026

Simple and Complex – Episode -4 - Priya on the Peak – Part 1

 

ലളിതം ഒപ്പം  സങ്കീർണ്ണവും – എപ്പിസോഡ് -4

കൊടുമുടി നെറുകയിൽ പ്രിയ – ഭാഗം 1

*************************

മനുഷ്യനും ജീവികളും തമ്മിലുള്ള പ്രധാന വ്യത്യാസം അവർ യാത്ര ചെയ്യുന്ന ഇടങ്ങളാണ്.മിക്ക ജീവികളും അവർ വസിക്കാനുള്ള ഇടം കൃത്യമായി അടയാളപ്പെടുത്തി അവിടെയാകും ജീവിതം കഴിച്ചുകൂട്ടുക.ദേശാടനപ്പക്ഷികളും ചിലയിനം കടൽ ജീവികളുമാണ് ഇതിൽ നിന്നും വ്യത്യസ്തമായുള്ളത്.ലളിതജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ വളരെ നിയതമായ മോഹങ്ങളും കാഴ്ചാ പരിസരങ്ങളും സൃഷ്ടിച്ച് സംതൃപ്തരായി ജീവിച്ച് മരിക്കും.എന്നാൽ മറ്റു ചിലർ അങ്ങിനെയല്ല.അവർക്ക് കടലുകള്‍ നീന്തിക്കടക്കണം,കൊടുമുടികളുടെ നെറുകയിൽ കയറണം,ശൂന്യാകാശത്ത് ജീവിക്കണം എന്നിങ്ങനെ അതിരുകളില്ലാത്ത മോഹങ്ങളുണ്ടാകും.അതവരുടെ ജീവിതത്തെ സങ്കീർണ്ണമാക്കുമെങ്കിലും അത് നൽകുന്ന സംതൃപ്തിയാണ് അവരുടെ ജീവിതം.അൻപത്തിരണ്ടാം വയസ്സിൽ എവറസ്റ്റിന്‍റെ നെറുകയിൽ എത്തിനിന്ന ചെന്നൈ നിവാസിയായ ഡോക്ടർ പ്രിയ സെൽവരാജനും അത്തരമൊരു സംതൃപ്തിയുടെ നിറവിലാണ്.

     തമിഴിലെ പ്രശസ്ത നടൻ ജമിനി ഗണേശന്‍റെ ചെറുമകള്‍,പ്രശസ്ത അഭിനേത്രി രേഖയുടെ അനന്തിരവള്‍,പ്രശസ്തനായ ഹൃദയവിദഗ്ധൻ ഡോക്ടർ സോമിയ ഫ്രാൻസിസ് വിക്ടർ സെൽവരാജിന്‍റെയും അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജിയിലൂടെ ദക്ഷിണേന്ത്യയിൽ ആദ്യ ടെസ്റ്റ്ട്യൂബ് ശിശുവിന്‍റെ പിറവിയൊരുക്കി ചരിത്രം സൃഷ്ടിച്ച ഡോക്ടർ കമല ശെൽവരാജിന്‍റെയും മകള്‍ എന്നീ നിലകളിൽ ഉയർന്ന സൌകര്യങ്ങളിൽ അഭിരമിച്ച ബാല്യമായിരുന്നു പ്രിയയുടേത്.കുട്ടിക്കാലത്തേ സാഹസികതകളിലായിരുന്നു താത്പ്പര്യം.സർഫിംഗ്,സ്കൈ ഡൈവിംഗ്,റോക്ക് ക്ലൈബിംഗ് തുടങ്ങിയ സാഹസിക കായികവിനോദങ്ങള്‍ പഠിക്കാൻ ആഗ്രഹിച്ചിരുന്നു.എന്നാൽ ഒരു ഡോക്ടർ കുടുംബത്തിൽ അത്തരം ചിന്തകള്‍ക്കൊന്നും ഇടമുണ്ടായിരുന്നില്ല.പഠിക്കുക,ഡോക്ടറാകുക,കെട്ടിപ്പടുക്കുന്ന സ്ഥാപനങ്ങള്‍ ഭംഗിയായി നടത്തിക്കൊണ്ടുപോവുക എന്നതിനപ്പുറമുള്ള സ്വപ്നങ്ങളെ വീട്ടിൽത്തന്നെ കെടുത്തിക്കളയുക സ്വാഭാവികം.പ്രിയ വീട്ടിൽ അവളുടെ ആഗ്രഹം അവതരിപ്പിച്ചു.കുട്ടിയായിരിക്കുമ്പോള്‍ ഇങ്ങനെ പല ആഗ്രഹങ്ങളും തോന്നും.അതൊന്നും നമുക്ക് യോജിക്കുന്നതല്ല.മാത്രമല്ല,പഠനത്തിൽ താത്പ്പര്യം കുറയുമ്പോഴാണ് ഇത്തരം ചിന്തകളുണ്ടാകുക.അതെല്ലാം മാറ്റിവച്ച് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.നമ്മുടേത് ഡോക്ടേഴ്സ് ഫാമിലിയാണ്.ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറാകുക എന്നതിനപ്പുറമൊന്നും മോള് ചിന്തിക്കണ്ട,ഇതായിരുന്നു അമ്മയുടെ ഉപദേശം.അതിൽ ഒരു കാർക്കശ്യം മണത്തതിനാൽ അവളാചിന്ത ഉപേക്ഷിച്ചു.എന്നെങ്കിലും സ്വതന്ത്രമായൊരു ജീവിതം ലഭിക്കുമ്പോള്‍ താനൊരു സാഹസികയാകും എന്ന് സ്വയം മനസ്സിൽ കുറിച്ചിട്ടു.

അങ്ങിനെ ആഗ്രഹങ്ങളെ അടക്കിവച്ച് പഠനവും കുടുംബവും ആശുപത്രിയുമായി ജീവിച്ച് ആ മേഖലകളിലെ ഉയരങ്ങളിലെത്തി നിൽക്കുമ്പോഴാണ് പ്രിയയ്ക്ക് അതിലും വലിയ ഉയരങ്ങള്‍ ഒരഭിനിവേശമായി മാറിയത്.റോക്ക് ക്ലൈബിംഗും സ്കൈ ഡൈവിംഗുമൊന്നുമായിരുന്നില്ല മനസിലെ സ്വപ്നം,എവറസ്റ്റിന്‍റെ നെറുകയിൽ ഇന്ത്യൻ പതാകയ്ക്കൊപ്പം ഫെർട്ടിലിറ്റി സംരക്ഷണ ചികിത്സ തേടുന്ന യുവകാൻസർ രോഗികളെ പിന്തുണയ്ക്കാൻ ആരംഭിച്ച ജിജി ഫെർട്ടിലിറ്റി റിസർച്ച് ഫൌണ്ടേഷൻ എന്ന സംരംഭത്തിന്‍റെ ബാനറും ഉയർത്തുക എന്നതായിരുന്നു ആ മോഹം.2026 മെയ് ഇരുപത്തിയേഴ് രാവിലെ പത്തുമണിക്ക് എവറസ്റ്റിന്‍റെ നെറുകയിൽ നിൽക്കുമ്പോള്‍ ഡോക്ടറുടെ സഹനശക്തിയും നിശ്ചയദാർഢ്യവും ഉള്‍ക്കരുത്തും ചേർന്നൊരു മഹാമുഹൂർത്തം സൃഷ്ടിക്കപ്പെടുകയായിരുന്നു.അത് ഇന്ത്യൻ സ്ത്രീത്വത്തിന്‍റെ പുതിയ റെക്കോർഡുമായി.ചുരുങ്ങിയ സമയം കൊണ്ട് എണ്ണായിരം മീറ്ററിലധികം ഉയരമുള്ള രണ്ട് കൊടുമുടികള്‍ കയറിയ അൻപത് കഴിഞ്ഞ ആദ്യ വനിത എന്നതായിരുന്നു പ്രിയ നേടിയ റെക്കോർഡ്.എന്നാൽ ഇതിനുപിന്നിലെ അധ്വാനം വർഷങ്ങള്‍ നീണ്ടതും കാഠിന്യമേറിയതുമായിരുന്നു.

        ചെന്നൈ നഗരത്തിലെ പ്രശസ്ത സീനിയർ റീപ്രൊഡക്ടീവ് മെഡിസിൻ സ്പെഷ്യലിസ്റ്റ് എന്ന ഉത്തരവാദിത്തം നിറവേറ്റിക്കൊണ്ട് പരിശീലനം നടത്തുക എന്നത് പലപ്പോഴും മനസിനെ തളർത്തിയെങ്കിലും പ്രിയയുടെ ഉറച്ച തീരുമാനം അതിനെയെല്ലാം അതിജീവിച്ചു.കോവിഡ് 19 ന്‍റെ ആദ്യതരംഗത്തിൽ പിതാവ് നഷ്ടപ്പെട്ടതിന്‍റെ വലിയ ഷോക്കിൽ നിന്നും മോചനം ലഭിക്കാനായിരുന്നു നാൽപ്പത്തിയെട്ടാം വയസ്സിൽ പ്രിയ ആദ്യ ട്രെക്കിംഗിന് സൈൻഅപ്പ് ചെയ്തത്.അർജുൻ മജുംദാറും സന്ധ്യയും ചേർന്ന് നടത്തുന്ന പ്രശസ്ത ട്രെക്കിംഗ് സ്ഥാപനമായ ഇന്ത്യ ഹൈക്ക്സിനൊപ്പമായിരുന്നു തുടക്കം.സന്ദക്ഫു-ഫാലുട്ട് ട്രക്കിന് ഇറങ്ങിയത് ഒരു തീർത്ഥാടനം എന്ന മട്ടിലായിരുന്നു.അച്ഛൻ നഷ്ടമായതിന്‍റെ വേദനയെ ഇല്ലാതാക്കാനുള്ള തീർത്ഥാടനം. 2021 ൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലെ സിംഗലീല ദേശീയോദ്യാന മേഖലയിൽ ഇന്ത്യ-നേപ്പാള്‍ അതിർത്തിയിൽ 3600 മീറ്റർ ഉയരം വരുന്ന സന്ദക്ഫുവും ഫാലൂത്തും  കയറിയതോടെ പ്രിയയ്ക്ക് ഉയരങ്ങള്‍ ഒരാവേശമായി. 2022 ൽ നേപ്പാളിലെ അന്നപൂർണ്ണ പ്രദേശത്തെ ഖോപ്ര റിഡ്ജും കയറി മനസ്സിനെ കുറേക്കൂടി ഉറപ്പിച്ചു. 2023 ലാണ് 5895 മീറ്റർ ഉയരമുള്ള ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പർവ്വത മുകളിലെത്തിയത്.എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പോകുംമുന്നെയുള്ള തയ്യാറെടുപ്പുകളും പാകപ്പെടലുമായിരുന്നു ഈ യാത്രകളെല്ലാം.(തുടരും)

No comments:

Post a Comment