Tuesday, 7 July 2026

Life- simple but complex - Episode -3- Part 2


 ലളിതവും ഒപ്പം സങ്കീർണ്ണവും - എപ്പിസോഡ് -3
#########
മരുതമലയും വാളയാറും -2
++++++++++
(2026 ജൂലൈ 7 തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)
***************
“ഒരു ചായകുടിച്ചാലോ”,ഞാൻ അയാളോട് ചോദിച്ചു.അയാള് സമ്മതിച്ചു.ചായ കുടിക്കുമ്പോഴാണ് പേരും വീട്ടുവിശേഷങ്ങളുമൊക്കെ ചോദിച്ചത്. വേലു എന്നാണ് അയാളുടെ പേര്.മുപ്പതിലേറെ വർഷം വിവിധ ഗസ്റ്റ്ഹൌസുകളിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്തു.സ്ഥിരപ്പെട്ടില്ല. അറുപത് വയസ്സായപ്പോള് കരാർ നിയമനം അവസാനിച്ചു. മക്കള് രണ്ടുപേരുണ്ട്.മകൻ പ്ലസ് ടു കഴിഞ്ഞ് പഠനം നിർത്തി പലവിധ ജോലികള് ചെയ്യുകയാണ്.മകള്ക്ക് വിവാഹപ്രായം കഴിഞ്ഞു. സ്ത്രീധനം ഒത്തുവരാത്തതിനാലും മറ്റ് പല കാരണങ്ങളാലും വിവാഹം ഇതുവരെയും നടന്നില്ല.അതുകൊണ്ടുതന്നെ വീട്ടിലിരിക്കാൻ കഴിയില്ല.ഭാര്യയുമായി കലഹം കൂടേണ്ടി വരും.നിയന്ത്രണം വിട്ടാൽ അത് അടികലശലിലേ അവസാനിക്കൂ.
”തനിച്ചിരിക്കുമ്പോള് എനിക്കും ടെൻഷനാ സാറെ,ഒരച്ഛനെന്ന നിലയിൽ എനിക്ക് എന്തൊക്കെയോ കുറവുണ്ടെന്ന് തോന്നും.അതുകൊണ്ട് ഞാൻ സർക്യൂട്ട് ഹൌസിലങ്ങ് കൂടും. ഇവിടെ വരുന്നവർക്ക് എന്തെങ്കിലുമൊക്കെ സഹായം ചെയ്ത് സമയം ചിലവിടും. വല്ലപ്പോഴുമെ വീട്ടിൽ പോകൂ. രാത്രിയിൽ വളരെ ഇരുട്ടി മാത്രം വീട്ടിലെത്തും. രാവിലെ ഇറങ്ങുകയും ചെയ്യും. ഇവിടെ തിരക്കായിട്ട് കഴിയുമ്പൊ ഒരു ചിന്തയും അലട്ടില്ലല്ലോ”, വേലു ചിരിച്ചെന്ന് വരുത്തി.അയാളെ ആശ്വസിപ്പിക്കാനുതകുന്ന വാക്കുകളൊന്നും കിട്ടാത്തതിനാൽ എന്താണ് പറയേണ്ടതെന്ന് മനസ്സിൽ തോന്നിയില്ല.എങ്കിലും വെറുതെ ഒരു ഫിലോസഫി പറഞ്ഞു.“എല്ലാം ശരിയാകും വേലു.കാലം അതിന്റെ ജോലികള് കൃത്യമായി നിർവ്വഹിക്കും.നമ്മള് വെറുതെ ആലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ല”. ചെറുതും വലുതുമായ പല സംഗതികളെക്കുറിച്ചും ആലോചിച്ച് വിഷമിക്കാറുള്ള എന്റെ ഉപദേശത്തിന് ശക്തി തീരെ കുറവായിരുന്നു എന്നെനിക്ക് തോന്നി.അയാള്ക്ക് സന്തോഷത്തിന്റെ ഭാഗമായി 500 രൂപ കൊടുത്തു.വേണ്ട എന്നൊക്കെ പറഞ്ഞെങ്കിലും ഇതിരിക്കട്ടെ വേലു എന്ന് പറഞ്ഞ് പോക്കറ്റിൽ വച്ചുകൊടുത്തു.അയാള്ക്ക് ആശംസകള് നേർന്ന് ഞാൻ തമിഴ്നാട് ട്രാന്സ്പോർട്ട് കോർപ്പറേഷൻ ബസ്സിൽ പാലക്കാട്ടേക്ക് പുറപ്പെട്ടു.നല്ല പുതിയ ബസ്സാണ്.സ്റ്റോപ്പുകളും കുറവ്.ട്രെയിനിൽ പാലക്കാട്ടേക്ക് പലവട്ടം പോയിട്ടുണ്ടെങ്കിലും ബസിലെ യാത്ര ആദ്യമായിട്ടായിരുന്നു.വാളയാർ ചെക്ക്പോസ്റ്റിനെ കുറിച്ചൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ ആ വഴി കടന്നുപോയിട്ടില്ല.ജിഎസ്ടി വന്നതോടെ ചെക്ക്പോസ്റ്റിന്റെ പ്രസക്തി നഷ്ടമായെങ്കിലും പഴയകാലത്ത് നിരന്തരം കേട്ടിട്ടുള്ള വാർത്തകളും കഥകളുമൊക്കെ ഓർമ്മകളായി മനസിലേക്ക് കടന്നുവന്നു. ഇവിടെ നടന്നിരുന്ന അഴിമതി,നിയമനം കിട്ടാൻ കൊടുത്തിരുന്ന കൈക്കൂലി,അങ്ങിനെ പലതും.
അപ്പോഴാണ് വേദനിപ്പിക്കുന്ന മറ്റുചില ഓർമ്മകള് കൂടി കടന്നുവന്നത്.അതിലൊന്ന് വാളയാർ പെൺകുട്ടികളുടെ മരണമായിരുന്നു.ഇവിടെ അട്ടപ്പള്ളം എന്ന സ്ഥലത്താണ് പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് സഹോദരിമാരെ അവരുടെ ചെറിയ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 ജനുവരി പതിമൂന്നിനാണ് പതിമൂന്ന് വയസ്സുള്ള മൂത്ത പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.2017 മാർച്ച് നാലിനായിരുന്നു ഇളയ പെൺകുട്ടിയുടെ മരണം. ചേച്ചിയുടെ മരണത്തിന് സാക്ഷിയായിരുന്ന ഒൻപത് വയസ്സുകാരിയായ അനിയത്തിയെയും അൻപത്തിരണ്ട് ദിവസങ്ങൾക്ക് ശേഷം അതേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കുട്ടിയും പീഡനത്തിന് ഇരയായിരുന്നു.പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റു ചെയ്തു.എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പാലക്കാട് പോക്സോ കോടതി ഇവരെ 2019 ഒക്ടോബർ ഇരുപത്തിയഞ്ചിന് വെറുതെ വിട്ടു.
അന്വേഷണത്തിൽ പോലീസിനും പ്രോസിക്യൂഷനും കടുത്ത വീഴ്ച പറ്റി എന്ന് വ്യാപകമായ പ്രതിഷേധമുയർന്നു.2021 ജനുവരി ആറിന് ഹൈക്കോടതി വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസിൽ പുനർവിചാരണയ്ക്കും പ്രോസിക്യൂഷന് ആവശ്യമെങ്കിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു.തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു. കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണ് സി.ബി.ഐയും എത്തിച്ചേർന്നത്.
പീഡനവിവരം അറിഞ്ഞിട്ടും പ്രതികളെ വീട്ടിൽ വരാൻ അനുവദിച്ചു, കുട്ടികളെ സംരക്ഷിച്ചില്ല തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കുട്ടികളുടെ മാതാപിതാക്കളെയും സി.ബി.ഐ കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ ഈ അന്വേഷണം പക്ഷപാതപരമാണെന്ന് കാണിച്ച് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.2025 ഏപ്രിലിൽ മാതാപിതാക്കൾക്കെതിരെയുള്ള അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.ഇപ്പോഴും ഈ കേസ് മെല്ലെ ഇഴഞ്ഞുനീങ്ങുകയാണ്.കേസ് കുട്ടികളോട് നീതി പുലർത്തുന്നില്ല എന്ന തോന്നലാണ് അപ്പോള് എനിക്കുണ്ടായത്.നമ്മുടെ നിയമസംവിധാനങ്ങളോട് ഒരു പകയും മനസിൽ തോന്നി.ലളിതമായി മുന്നോട്ട് പോകേണ്ട ജീവിതം പളുങ്ക് പാത്രം പോലെ ഉടഞ്ഞുവീഴുന്ന കാഴ്ച നിസ്സഹായരായ മനുഷ്യർക്ക് വിധിച്ച പ്രപഞ്ചമാകുന്ന ദൈവത്തോടും ദേഷ്യം തോന്നാതിരുന്നില്ല.പെട്ടെന്ന് വണ്ടി നിന്നു.ആരോ ഇറങ്ങാനുണ്ട്.കണ്ടക്ടർ വിളിച്ചു പറഞ്ഞു,”അട്ടപ്പള്ളം,അട്ടപ്പള്ളം,ഇറങ്ങേണ്ടവർ ഇറങ്ങിക്കോ”.പതിമൂന്നും ഏഴും വയസ്സുള്ള രണ്ട് പെണ്കുട്ടികള് അവിടെ ഇറങ്ങുന്നുണ്ടോ എന്ന് ഞാൻ ആകാംഷയോടെ നോക്കി.(അവസാനിച്ചു)

No comments:

Post a Comment