ലളിതവും ഒപ്പം സങ്കീർണ്ണവും - എപ്പിസോഡ് -3
#########
മരുതമലയും വാളയാറും -1
++++++++++
(2026 ജൂലൈ 6 തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)
***************
യാത്രകള്‍ നമുക്ക് നൽകുന്ന അനുഭവങ്ങള്‍ ഏറെ വൈവിധ്യമുള്ളതാണ്.സാധാരണക്കാരായ മനുഷ്യർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന സങ്കുചിത മനോഭാവവും ചിലപ്പോഴൊക്കെ തുറന്നിടുന്ന വശ്യമായ സ്നേഹവും നമുക്ക് പകർന്നുതരുന്ന സന്ദേശം ഓരോ മനുഷ്യനും ഓരോ കഥകളാണ് എന്നതാണ്. ചിലപ്പോള്‍ ലളിതവും മറ്റു ചിലപ്പോള്‍ സങ്കീർണ്ണവുമാകുന്ന കഥകള്‍.കോയമ്പത്തൂർ യാത്ര അത്തരമൊന്നായിരുന്നു.രാത്രി വൈകി റയിൽവേ സ്റ്റേഷനിലെത്തിയ ഞാൻ ഊബർ ആപ്പ് ഉപയോഗിച്ച് ഒരു ആട്ടോ വിളിച്ചു.ആപ്പിൽ കാണുന്ന തുക എത്രയെന്ന് ഡ്രൈവർ ചോദിച്ചു.തൊണ്ണൂറ് രൂപ എന്ന് ഞാൻ പറഞ്ഞു.എങ്കിൽ 135 രൂപ തരണം,അവൻ പറഞ്ഞു.രാത്രി പതിനൊന്ന് മണി സമയത്ത് ഇത്തരമൊരാവശ്യത്തെ നിരാകരിക്കാനുള്ള മനസായിരുന്നില്ല എനിക്ക്. എത്രയുംവേഗം താമസസ്ഥലത്ത് എത്തണം,റൂമെടുത്ത് ഉറങ്ങണം.ഇതായിരുന്നു മാനസികാവസ്ഥ.അതുകൊണ്ട് തർക്കത്തിനൊന്നും നിൽക്കാതെ ഞാൻ സമ്മതിച്ചു.അങ്ങിനെ കോയമ്പത്തൂർ മിലിട്ടറി ഏരിയയിലുള്ള തമിഴ്നാട് സർക്കാരിന്‍റെ സർക്യൂട്ട് ഹൌസിലെത്തി.പ്രധാന കവാടം തുറന്നു കിടന്നെങ്കിലും റിസപ്ഷൻ വാതിൽ അകത്തുനിന്നും പൂട്ടിയിരിക്കയായിരുന്നു.റിസപ്ഷനിസ്റ്റ് ഉറക്കമാകും.അയാളെ മൊബൈലിൽ വിളിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ ആള്‍ മുകളിലെ നിലയിൽ നിന്നും ഇറങ്ങിവന്ന് വാതിൽ തുറന്നു.ബുക്കിൽ എൻട്രി വരുത്തിയതോടെ മുറി അനുവദിച്ചുതന്നു.നല്ല മുറി.അവിടെ കടന്ന് വേഗം ഉറക്കം പിടിച്ചു.രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് മരുതമല കാണാനായിരുന്നു പ്ലാൻ.തിരഞ്ഞെടുപ്പിന് മുന്നെയുള്ള എസ്ഐആറുമായി ബന്ധപ്പെട്ട് ആറ് ഐഎഎസ് ആഫീസറന്മാർ വരാനുണ്ട്,വന്നാൽ അവർക്ക് ഈ മുറി നൽകേണ്ടിവരും എന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു.ഞാൻ ഉച്ചയോടുകൂടി പാലക്കാട്ടേക്ക് പോകും അതിനാൽ ബാഗ് റിസപ്ഷനിൽ സൂക്ഷിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞു.ലഗേജ് പാക്ക് ചെയ്ത് താഴെ കൊണ്ടുവച്ചശേഷം മരുതമലയ്ക്ക് പോകാനായി ഒരു ഊബർ ആട്ടോ ബുക്ക് ചെയ്തു.ഡ്രൈവർ വിളിച്ചു.മരുതമല പോകാൻ 500 രൂപ വേണമെന്ന് പറഞ്ഞു.ബസ് കിട്ടുന്നിടത്ത് എത്തിച്ചാൽ മതിയെന്ന് ഞാൻ അവനോട് പറഞ്ഞു.അവൻ എന്നെ ഗാന്ധിപുരം ബസ്റ്റാന്‍റിലാക്കി.അതിനും ഇരട്ടി ചാർജ്ജാണ്.250 രൂപ.നിയമപരമായി ശരിയല്ല ഡ്രൈവറന്മാരുടെ നിലപാടെങ്കിലും തർക്കിക്കാനൊന്നും തോന്നിയില്ല.വെറുതെ ഒരു പ്രഭാതത്തെ നശിപ്പിക്കേണ്ട എന്നു കരുതി.ഗാന്ധിപുരത്തു നിന്നും നാൽപ്പത് രൂപ ടിക്കറ്റിൽ മരുതമലയിലെത്തി.നല്ല ബസ്സാണ്.ആട്ടോയെക്കാള്‍ സുഖമുള്ള യാത്ര.ചിലവും കുറവ്.അവിടെ ഒരു കടയിൽ കയറി ഇഡ്ഡലി കഴിച്ചു.ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങളുടെ വലിയ തിരക്കായിരുന്നു ഭക്ഷണശാലയിൽ.അവിടെ നിന്നുതന്നെ കുടിവെള്ളവും വാങ്ങി നടന്നു തുടങ്ങി.ക്ഷേത്രമാനേജ്മെന്‍റിന്‍റെ വണ്ടിയിൽ പത്ത് രൂപ കൊടുത്താൽ മലമുകളിലെത്താം.അതിലൊരു ത്രിൽ തോന്നിയില്ല.ട്രക്കിംഗ് ചെയ്യാനുള്ള താത്പ്പര്യമുള്ളതിനാൽ നടന്നുതുടങ്ങി.എണ്ണൂറ്റി അന്‍പത്തിയൊന്ന് പടികളുണ്ടെങ്കിലും വലിയ ആയാസം തോന്നിയില്ല.അധികം ചൂടില്ലാത്ത പ്രഭാതമാണ്.മലയുടെ കാഴ്ച,മരങ്ങളുടെ തണൽ,ഭക്തരുടെ ശരണം വിളികള്‍,ഭിക്ഷാടകർ എല്ലാം ചേർന്ന അന്തരീക്ഷം.
വഴിയിൽ രണ്ട് സ്ത്രീകള്‍ “മടിപിച്ചൈ” എടുക്കുന്നതുകണ്ടു.സാരിയുടെ തുമ്പ് ഭിക്ഷാപാത്രമാക്കി മുട്ടുകുത്തി നിന്നാണ് ഭിക്ഷ ചോദിക്കുന്നത്.അവർ ഏതെങ്കിലും ദുഖം മാറുന്നതിനോ അതല്ലെങ്കിൽ ദൈവത്തിന് നേർന്ന വൃതം പാലിക്കുന്നതിനോ ആകും ഇത് ചെയ്യുന്നത്.ഇത്തരമൊരു കാഴ്ച ഞാൻ ആദ്യമായി കാണുകയായിരുന്നു.വിശ്വാസം മനുഷ്യന് നൽകുന്നത് മന:ശാസ്ത്രപരമായ ആശ്വാസമാണ്.പലപ്പോഴും കൌണ്‍സിലിംഗിനോ സൈക്കിയാട്രിക് മരുന്നുകള്‍ക്കോ നൽകാൻ കഴിയാത്ത ആശ്വാസം.ക്ഷേത്രത്തിനുള്ളിൽ ദർശനത്തിന് വലിയ തിരക്കായിരുന്നു.മല കയറുക എന്ന ദൌത്യം പൂർത്തിയാക്കിയും ദർശനം ഒഴിവാക്കിയും ഞാൻ പടികളിറങ്ങി താഴെയെത്തി.ഒരിളനീരും കുടിച്ച് ബസിൽതന്നെ മടങ്ങി.ഗാന്ധിപുരത്തുനിന്നും ആട്ടോയിൽ സർക്യൂട്ട് ഹൌസിലെത്തി.ഊബർ ആപ്പിൽ കാണുന്നതിന്‍റെ പകുതി കൂടി നൽകിയാലെ ഇവിടത്തെ ആട്ടോകള്‍ സവാരിക്ക് തയ്യാറാകൂ എന്നത് ഊബർ കമ്പനി അറിയുന്നുണ്ടോ എന്തോ? തിരികെ വന്നപ്പോള്‍ ഐഎഎസുകാർ എത്തിയില്ല എന്നും റൂമിൽ വിശ്രമിച്ചുകൊള്ളൂ എന്നും റിസപ്ഷനിസ്റ്റ് പറഞ്ഞു.മുറിയിൽ കയറി കുറച്ചുസമയം ചിലവഴിച്ചു.
വെയിൽ അൽപ്പം കുറഞ്ഞപ്പോള്‍ പാലക്കാട്ടേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചു.മുറിവാടക നൽകി ഇറങ്ങുമ്പോള്‍ പാലക്കാടിനുള്ള ബസ് എവിടെയാണ് കിട്ടുക എന്ന് സർക്യൂട്ട് ഹൌസിലെ ജീവനക്കാരനോട് ചോദിച്ചു.”ഉക്കടം ബസ്റ്റാന്‍റാവും നല്ലത്,ഞാൻ അവിടെ വിട്ടേക്കാം സാർ”, അയാള്‍ പറഞ്ഞു.ചില മനുഷ്യർ ഇങ്ങിനെയാണ്.അവരോട് ആവശ്യപ്പെടാതെ തന്നെ സഹായവുമായി വരും.അയാളുടെ സ്കൂട്ടറിൽ കയറി ഉക്കടത്തേക്ക് പുറപ്പെട്ടു.റോഡുപണി നടക്കുന്നതുകൊണ്ട് നല്ല ട്രാഫിക്കുണ്ടായിരുന്നു.തിരക്കുകള്‍ക്കിടയിലൂടെ സ്കൂട്ടറോടിച്ച് ഞങ്ങള്‍ ഉക്കടത്തെത്തി.(തുടരും)

No comments:
Post a Comment