Wednesday, 1 July 2026

Life-Simple but Complex-- Episode-2- The Trump Effect:Rising Tensions in a Changing World -Last part

 

ലളിതം സങ്കീർണ്ണം – എപ്പിസോഡ് - 2
**********************
ലോകത്തിന് അസ്വസ്ഥത സമ്മാനിക്കുന്ന ട്രമ്പ്(അവസാന ഭാഗം)
*********************
(2026 ജൂണ് 30 തനിനിറം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)
&&&&&&&&&&&&
കമ്പനിയുടെ നേതൃത്വം ഏറ്റെടുത്ത ഡൊണാള്ഡ് ഉന്നത സമൂഹത്തിനുവേണ്ടി വീടുകള് നിർമ്മിക്കുന്ന സ്ഥാപനമായി ട്രമ്പ് ഓർഗനൈസേഷനെ വളർത്തി.അന്നും ഇന്നും എല്ലാറ്റിലും ബിസിനസ് കണ്ണുമാത്രമുള്ള ഡൊണാള്ഡ് ഹോട്ടലുകളും സ്വകാര്യ ക്ലബ്ബുകളും ഗോള്ഫ് കോഴ്സുകളും കാസിനോകളും ആരംഭിച്ചു.ഇപ്പോള് ട്രമ്പ് നടത്തുന്ന രാഷ്ട്രീയ ചൂതാട്ടവും ലോകത്തെ ഒരു വലിയ കാസിനോയായി കാണുന്നതുകൊണ്ടാകാം.1987 ൽ ടോണി ഷ്വാർട്സ് ട്രമ്പിന്റെ വിജയഗാഥ “ട്രമ്പ്-ദി ആർട്ട് ഓഫ് ദി ഡീൽ” എന്ന പേരിൽ പുസ്തകമാക്കി.48 ആഴ്ച ഈ പുസ്തകം ന്യൂയോർക്ക് ടൈംസിന്റെ ബസ്റ്റ് സെല്ലർ പട്ടികയിലുണ്ടായിരുന്നു.1996 ൽ മിസ് യൂണിവേഴ്സ് മത്സരം സംഘടിപ്പിച്ചു. 2004 ൽ എൻബിസിയിലെ ഹിറ്റ് റിയാലിറ്റി ടിവി ഷോയായ “ദി അപ്രന്റീസിന്റെ” അവതാരകനായി.പങ്കെടുക്കുന്നവരുടെ പ്രകടനം വിലയിരുത്തി പരാജയപ്പെടുന്നവരെ പുറത്താക്കുമ്പോള് ട്രമ്പ് പ്രയോഗിക്കുന്ന “യൂ ആർ ഫയേർഡ്” എന്ന വാചകം ഒടുവിൽ അമേരിക്കൻ ജനപ്രിയ സംസ്ക്കാരത്തിന്റെ ഭാഗമായി മാറി.ഈ പരിപാടി കഴിഞ്ഞ് രണ്ട് ദശകം പിന്നിട്ടിട്ടും ട്രമ്പ് ഓരോ ലോകനേതാക്കളെയും ചൂണ്ടി “യൂ ആർ ഫയേർഡ്” എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു.സ്വന്തം ജീവിതത്തിലെ തിരിച്ചടികളെ വിജയമാക്കി മാറ്റുന്ന ട്രമ്പ് പക്ഷെ ശതകോടി വരുന്ന ലോകജനതയ്ക്ക് സമ്മാനിക്കുന്നത് സങ്കീർണ്ണ ജീവിതസാഹചര്യങ്ങളാണ്.അതിനെ നന്നായി ആസ്വദിക്കുന്ന ഒരു മാനസികാവസ്ഥ ആ വ്യവസായിക്കുണ്ട്.കുട്ടിക്കാലത്തെ കർക്കശക്കാരായ മാതാപിതാക്കളും പിന്നീട് സ്വതന്ത്രജീവിതത്തെ ചങ്ങലയ്ക്കിട്ട സൈനിക സ്കൂളും എല്ലാം ഉള്ളിൽ വളർത്തിയ ഒരു പകയുണ്ടാവും.അതാകണം പല രീതിയിൽ ബഹിർഗ്ഗമിക്കുന്നത്.
ട്രമ്പിന്റെ വ്യക്തിജീവിതത്തിലും അരാജകത്വം കാണാൻ കഴിയും.മൂന്ന് വിവാഹത്തിലായി അഞ്ച് മക്കളാണ് ട്രമ്പിനുള്ളത്.രണ്ട് വിവാഹ മോചനത്തിന് ശേഷമാണ് നിലവിലെ ഭാര്യയായ മെലാനിയയെ 2005ൽ വിവാഹം കഴിച്ചത്. അധികാരിയുടെ വ്യക്തിജീവിതം ഒരു ജനത ശ്രദ്ധിക്കേണ്ടതില്ല,അയാളുടെ പ്രവർത്തികള് നിരീക്ഷിച്ചാൽ മതി എന്ന് പറയാറുണ്ട്.അത് ശരിയാണുതാനും.എന്നാൽ അധികാരത്തിലിരിക്കുന്ന വ്യക്തിയുടെ സ്വഭാവസവിശേഷതകള് ആ ദേശത്തേയും മറുദേശങ്ങളെയും ബാധിക്കുമ്പോഴാണ് അവ സങ്കീർണ്ണമാകുന്നത്,അതാണ് ട്രമ്പ് കാലത്ത് സംഭവിക്കുന്നതും.
1980 കളിൽതന്നെ രാഷ്ട്രീയ സ്വപ്നം സജീവമായിരുന്നെങ്കിലും 2010ലാണ് അത് ശക്തമായത്.2015 ജൂണിലാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.”മേക്ക് അമേരിക്ക ഗ്രേറ്റ് എഗയിൻ” എന്ന പുത്തൻ സന്ദേശവുമായി ട്രമ്പ് ജനശ്രദ്ധ പിടിച്ചുപറ്റി.2016ലെ തെരഞ്ഞടുപ്പിൽ അമേരിക്കയുടെ നാൽപ്പത്തിയഞ്ചാം പ്രസിഡന്റായി.എന്നാൽ സാധാരണക്കാരെയും കുടിയേറ്റക്കാരെയും നിരാശയിലാക്കിയ ട്രമ്പ് 2020ലെ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റു.പരാജയം അംഗീകരിക്കാൻ തയ്യാറാകാത്തൊരു കുട്ടി ട്രമ്പിന്റെ ഉള്ളിലുണ്ടായിരുന്നു.ആ കുട്ടിയാകണം അണികളോട് കലാപത്തിന് തയ്യാറാകാൻ ആഹ്വാനം ചെയ്തത്.അത് വിജയിച്ചില്ലെങ്കിലും റിപ്പബ്ലിക്കൻ നേതൃത്വത്തിൽ തുടർന്നു.2024 ൽ ജോ ബിഡന്റെ ഭരണം മടുത്ത ജനത വീണ്ടും ട്രമ്പിനെ പ്രസിഡന്റാക്കി. എക്സിക്യൂട്ടീവ് ഉത്തരവുകളുടെ വിപുലമായ ഉപയോഗം,വ്യാപാര താരിഫ് നയങ്ങളിലെ മാറ്റങ്ങള്,വിവിധ അന്താരാഷ്ട്ര,ആഭ്യന്തര സംരംഭങ്ങളിൽ സജീവമായ ഇടപെടൽ,ഇസ്രയേലുമായി ചേർന്നുള്ള ഇറാൻ യുദ്ധം എന്നിവയാണ് ഇപ്പോഴത്തെ പ്രസിഡൻസിയിൽ ഇതുവരെ സംഭവിച്ചത്.ഇനി എന്ത് എന്ന ആകാംഷ ഭൂരിപക്ഷ ജനതയ്ക്കുണ്ടാകുമ്പോഴും കറുത്തവരോട് വെളുത്തവർ പുലർത്തിയ അതേ അടിച്ചമർത്തൽ മനോഭാവമാണ് ട്രമ്പ് ലോകജനതയോട് കാട്ടുന്നത്.ഇടയ്ക്ക് മാപ്പു പറഞ്ഞ് തടിയൂരുമെങ്കിലും വീണ്ടും ഇതൊക്കെ ആവർത്തിക്കുന്നത് വർത്തമാനകാല യാഥാർത്ഥ്യമാണ്.
അധികാരത്തിന്റെ മേന്മയിൽ സ്വന്തം വ്യവസായ സാമ്രാജ്യം വിപുലപ്പെടുത്തുകയും ലോകമാകെ അസ്വസ്ഥത പടർത്തുകയുമാണ് ട്രമ്പ്.ഇറാനെ ആക്രമിച്ചതും തുടർന്നുള്ള നിലപാടുകളും മനുഷ്യരാശിക്ക് മുകളിൽ ഒരാണവബോംബുപോലെ നിലനിൽക്കുകയാണ്. അസംതൃപ്തമായ ബാല്യവും ചിട്ടയില്ലാത്ത ജീവിതരീതിയും ഉറപ്പില്ലാത്ത വാക്കുകളും ചേർന്ന ഈ ലോകനേതാവ് പ്രവചനാതീതനാണ് എന്നതുതന്നെ സാധാരണക്കാരായ മനുഷ്യരുടെ ലളിതമായ ജീവിതത്തെ സങ്കീർണ്ണമാക്കുന്നു.ഈ സങ്കീർണ്ണതയുടെ കുരുക്കിലാണ് നമ്മളെല്ലാം അകപ്പെട്ടിരിക്കുന്നതും.(അവസാനിച്ചു)

No comments:

Post a Comment