Tuesday, 30 December 2025

Story - Aaghosha Jeevitham

 









കഥ

****

ആഘോഷജീവിതം

****************

വി. ആർ. അജിത് കുമാർ 

*****************

      അവന്‍ എത്തിയാല്‍ പിന്നെ ആഘോഷമാണ്,വെറും ആഘോഷമല്ല,മദ്യവും സ്വാദിഷ്ടമായ ഭക്ഷണവും കഥകളും ചരിത്രവും രാഷ്ട്രീയവുമെല്ലാമുണ്ടാകും അതില്‍.ഇത്തവണ അഡ്മിനിസ്ട്രേഷനും അക്കൌണ്ടിംഗും സംബ്ബന്ധിച്ച ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്മെന്‍റ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ സംബ്ബന്ധിക്കാനായിരുന്നു വരവ്.തമ്പാനൂര്‍ ഇറങ്ങി ഐഎംജിയില്‍ പോയി ബാഗ് വച്ച് നേരെ വീട്ടിലെത്തി.


“യാത്രയൊക്കെ എങ്ങിനെയുണ്ടായിരുന്നു രമേശാ”, ഞാന്‍ ചോദിച്ചു.


“സുഖം,രണ്ടടിച്ച് കയറി കിടന്നതുമാത്രമറിയാം.രാവിലെ എസി കോച്ചിലെ പയ്യന്‍ വന്നു വിളിച്ചപ്പോഴാണ് ഉണര്‍ന്നത്”,അവന്‍ പറഞ്ഞു.


കണ്ണൂരിലെ മികച്ച ബേക്കറിയില്‍ നിന്നുള്ള വിഭവങ്ങള്‍ കൊണ്ടുവന്നത് കുട്ടികളെ ഏല്‍പ്പിച്ച്,ഒരു ചായയും കുടിച്ച് അവനിറങ്ങി.


“സെക്രട്ടേറിയറ്റില്‍ ചില കാര്യങ്ങളുണ്ട്.വൈകിട്ട് എത്താം.രാത്രി ഭക്ഷണം ഇവിടെയാകാം”,അവന്‍ ധൃതിയില്‍ ഇറങ്ങി.


“അല്ല രമേശാ,ഞാന്‍ വണ്ടിയില്‍ അവിടെ വിടാം”,ഞാന്‍ പറഞ്ഞു.


“ഓ,അതൊക്കെ ബുദ്ധിമുട്ടല്ലെ”,അവന്‍ പറഞ്ഞു.


“എന്ത് ബുദ്ധിമുട്ട്,നീ ഒരു മിനിട്ട് നില്‍ക്ക്,ഞാന്‍ പാന്‍റ്സിട്ട് വന്നേക്കാം”,ഞാന്‍ വേഗം വേഷം മാറി വന്നു. പിന്നെ അധികം നിന്നില്ല,ഞങ്ങളിറങ്ങി. പുറത്ത് വെയില്‍ കനക്കുകയായിരുന്നു.വകുപ്പിലെ പാരകളെക്കുറിച്ചും ഭരണപരാജയത്തെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്ത് സെക്രട്ടേറിയറ്റ് നടയിലെത്തി.അവന്‍ ഇറങ്ങി വേഗം ഗേറ്റു കടന്ന് ഉള്ളിലേക്ക് പോയി.ഞാന്‍ അത് നോക്കി വണ്ടിയിലിരുന്നു.നല്ല ജ്ഞാനമുള്ള പയ്യനാണ്.ജോലിയിലും മിടുക്കന്‍.കള്ളാണ് അവന്‍റെ ശത്രു പക്ഷെ അവനത് സമ്മതിച്ചുതരില്ല.


  വീട്ടിലെത്തിയപ്പോള്‍ ഭാര്യ പറഞ്ഞു,”ഇന്നിനി ആഘോഷമായിരിക്കുമല്ലോ. നിങ്ങളൊക്കെ വളം വച്ചുകൊടുക്കുന്നതുകൊണ്ടാ ആ പയ്യനിങ്ങനെ വഷളായി പോകുന്നത്.”


“അത് നിനക്കറിയാത്തതുകൊണ്ടാ,ഒറ്റയ്ക്കിരുന്ന് കഴിക്കുമ്പോള്‍ സാധാരണയിലേറെ കഴിക്കുന്ന സ്വഭാവമാ അവന്‍റേത്. കൂട്ടുകാരുണ്ടെങ്കില്‍ അത്രയും കുറയും”,ഞാന്‍ പറഞ്ഞു.


“എന്തായാലും കൊള്ളാം.എന്‍റെ നിയന്ത്രണമില്ലായിരുന്നെങ്കില്‍ നിങ്ങടെ സ്ഥിതിയും ഇതുതന്നെയായിരുന്നേനെ”,ഞാന്‍ ചിരിച്ചു.ചിലപ്പോള്‍ ശരിയായിരിക്കാം.എങ്കിലും അടുത്തടുത്ത് മൂന്നാല് ദിവസം കഴിക്കുമ്പോള്‍ ഉള്ളിലൊരു കുറ്റബോധമുണ്ടാകാറുണ്ടായിരുന്നു എന്നയാള്‍ ഓര്‍ത്തു.സ്ഥിരം കുടിയന്മാരെ ഒഴിവാക്കി വൈകിട്ട് വീട്ടിലെത്താറുള്ളത് ഭാര്യയുടെ കണിശത കാരണമാണ് എന്നതും സത്യം തന്നെയായിരുന്നു.


  രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കാനുള്ള പരിപാടികള്‍ ആരംഭിച്ചു. ഒരു കൈ സഹായം നല്‍കി അയാള്‍ ഭാര്യക്ക് കൂട്ടായി.വൈകുന്നേരം രമേശനെത്തി.


“അപ്പൊ പാനം എങ്ങിനെയാ,ബാറിലാണെങ്കില്‍ ആ വേന്ദ്രന്മാര്‍ വെള്ളം ചേര്‍ത്താവും രണ്ടാമത്തെ പെഗ്ഗു മുതല്‍ തരുക.നമുക്ക് ബിവറേജസില്‍ നിന്നും ഒരെണ്ണം വാങ്ങാം.ചേച്ചി ഒന്നും പറയില്ലെങ്കില്‍ ഇവിടെയിരുന്നാകാം പാനം”, അവന്‍ പറഞ്ഞു.


“ചേച്ചി ഒന്നും പറയില്ല.പിള്ളേരും അകത്തിരുന്ന് പഠിക്കയല്ലെയുള്ളു.നമുക്ക് വരാന്തയിലിരിക്കാം”,ഞാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെയാണ് കേശവദാസപുരത്തെ ബെവ്കോയിലേക്ക് പോയത്.അവിടെ എത്തിയപ്പോള്‍ മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയാണെന്ന് തോന്നും വിധം തിരക്ക്.അവിടെ ക്യൂ നിന്നാല്‍ കഴിക്കാനുള്ള ആഗ്രഹം തന്നെയില്ലാതാകും എന്ന് തോന്നി.


“നമുക്ക് ബേക്കറിയിലേക്ക് പോകാം”,ഞാന്‍ നിര്‍ദ്ദേശിച്ചു.പിന്നെ യാത്ര അങ്ങോട്ടായി.പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍ ചൂട്ടും കെട്ടിപ്പട എന്നു പറഞ്ഞ മട്ടിലായിരുന്നു അവിടത്തെ സ്ഥിതി.അവിടെ തൃശൂര്‍ പൂരത്തിനുള്ള തിരക്കുണ്ട്.അതിന് പുറമെ കറന്‍റും പോയിരിക്കുന്നു.ഇതിലും ഭേദം കേശവദാസപുരം തന്നെ എന്ന് രമേശന്‍ പറഞ്ഞു.


“ഇവിടത്തെ നാടന്‍ തട്ടുകടയില്‍ നല്ല കണവത്തോരനും കപ്പയും കിട്ടും നമുക്കതുകൂടി വാങ്ങിപ്പോകാം”,ഞാന്‍ പറഞ്ഞു.അങ്ങിനെ കടയില്‍ കയറി കണവത്തോരനും കപ്പയും വാങ്ങി വീണ്ടും കേശവദാസപുരത്തേക്ക് പുറപ്പെട്ടു.


“രമേശാ,ഈ ദ്രാവകത്തിന്‍റെ ശക്തി ഒന്നു വേറെതന്നെയാണ്.നമ്മളിത്രയും കഷ്ടപ്പെടുന്നത് അവന്‍ മസ്തിഷ്ക്കത്തിന് നല്‍കുന്ന ഒരു സുഖം അനുഭവിക്കാന്‍ മാത്രമാണല്ലൊ”,ഞാന്‍ പറഞ്ഞു.


“അത് നേരാ മാഷെ,മറ്റു ലഹരികളൊന്നും പരീക്ഷിക്കാത്ത നമുക്ക് ഇവന്‍ അമൃത് തന്നെ”,രമേശന്‍ അതിന് ഉപോല്‍ബലകമാകുന്ന കുറച്ചു ശ്ലോകങ്ങളും ചൊല്ലി.അവന്‍ സമാധാനത്തോടെ ക്യൂ നിന്ന് നെപ്പോളിയന്‍ റം രണ്ട് ഹാഫ് വാങ്ങി.ഒന്ന് മുറിയിലേക്ക് കൊണ്ടുപോകാനും ഒരെണ്ണം ഇപ്പോള്‍ അടിക്കാനും.


“ഈ മുറിയില്‍ കൊണ്ടുപോയുള്ള കുടി വേണോ രമേശാ”,ഞാന്‍ ചോദിച്ചു.


 “അതൊരു ബലത്തിനാ മാഷെ,ഞാന്‍ കഴിക്കുകയൊന്നുമില്ല”,അവന്‍ പറഞ്ഞു.എനിക്കത് വിശ്വാസമായില്ല,എങ്കിലും മിണ്ടിയില്ല.വീട്ടിലെത്തി കണവത്തോരനും കപ്പയും ഓംലറ്റുമൊക്കെ മേമ്പൊടിയാക്കി പാനം തുടങ്ങി. ഞാന്‍ രണ്ട് പെഗ്ഗേ കഴിച്ചുള്ളു,ബാക്കി രമേശന്‍ അകത്താക്കി.കുറച്ചു വിയര്‍ക്കുകയും ചിരിക്കുയും കഥ പറയുകയുമൊക്കെ ചെയ്തതല്ലാതെ രമേശനെ കുടിച്ചതൊന്നും ബാധിക്കുന്നതേയുണ്ടായിരുന്നില്ല.   


     പരിശീലനത്തിന്‍റെ രണ്ടാം ദിവസം രമേശന്‍ സുഹൃത്തായ രാമദാസിന്‍റെ അടുത്തേക്കാണ് പോയത്.അയാള്‍ കുടപ്പനക്കുന്നിലാണ് താമസം.കണ്ണൂരിലെ പാര്‍ട്ടി നേതാവിന്‍റെ പിഎ ആയിരുന്നു.ഇപ്പോള്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ ഡപ്യൂട്ടി ഡയറക്ടറാണ്.അവന്‍റെ ഇന്നത്തെ ആഘോഷം അവിടെയാണ്.അടുപ്പിച്ചുള്ള ദിവസങ്ങളിലെ കുടി ഒഴിവായതില്‍ എനിക്കുതന്നെ ഒരാശ്വാസം തോന്നിയിരുന്നു.കാരണം മൂന്നാം നാളിലെ കലാശക്കൊട്ടില്‍ ചേരേണ്ടിവരും എന്നുറപ്പ്.ഇക്കാര്യത്തില്‍ നോ പറയുന്ന ശീലം തനിക്കില്ലല്ലോ എന്നും അയാളോര്‍ത്തു.മൂന്നാം നാളിലെ സത്ക്കാരത്തിന് ജലസേചന വകുപ്പിലെ എന്‍ജിനീയറും ഞങ്ങളുടെ സുഹൃത്തുമായ മനോഹരനായിരുന്നു സഹകുടിയന്‍. ബേക്കറി ജംഗ്ഷനിലെ ബിവറേജസില്‍ നിന്നാണ് മദ്യം വാങ്ങിയത്.ലെ ഫ്രാന്‍ക് എന്ന ബ്രാന്‍ഡിയാണ് വാങ്ങിയത്.കേട്ടാല്‍ ഒരു ഫ്രഞ്ച് മദ്യത്തിന്‍റെ ലഹരിയൊക്കെ വരുമെങ്കിലും ശുദ്ധ പ്രാദേശികന്‍.ഒപ്പം പ്രിയപ്പെട്ട കപ്പയും കണവയും മീന്‍കറിയും വാങ്ങി.ഐഎംജി ഗസ്റ്റ്ഹൌസില്‍ മദ്യത്തിന് പ്രവേശനമില്ല.അതുകൊണ്ട് രമേശ് കുപ്പിയെ വിദഗ്ധമായി ഇളിയില്‍ തിരുകി ആദ്യം അകത്തേക്ക് പോയി.ഞങ്ങള്‍ പുറത്തുനിന്നു.താമസക്കാരല്ലാത്തവര്‍ക്ക് ഗസ്റ്റ്ഹൌസിലെ മുറികളില്‍ പ്രവേശനമില്ല എന്നാണ് നിയമം.ഞങ്ങള്‍ ഇതൊന്നുമറിയാത്ത പാവങ്ങളെപ്പോലെ അവിടെ നിന്നു.കുപ്പി മുറിയിലാക്കി രമേശന്‍ പുറത്തുവന്നു.സെക്യൂരിറ്റിയുമായി വളരെ സ്വകാര്യമായി എന്തോ പറഞ്ഞു.രാഷ്ട്രീയ ബന്ധമോ മറ്റോ ആയിരിക്കും.ഞാനത് ചോദിക്കാന്‍ പോയില്ല.അയാള്‍ ഒന്നു പകച്ച് അങ്ങോട്ടുമിങ്ങോട്ടും നോക്കിയ ശേഷം ഞങ്ങളെ കടത്തിവിട്ടു.പിന്നെ കുടിയും കഥകളും തുടങ്ങി.പൊതുവര്‍ത്തമാനങ്ങളില്‍ നിന്നും വിഷയത്തെ തിരിച്ചത് ഞാനാണ്.


“ഇന്ന് നിങ്ങളുടെ പ്രണയകാല കഥകളായാലോ”,ഞാന്‍ ചോദിച്ചു.


അതൊക്കെ വേണോ ഇഷ്ടാ എന്ന് മനോഹരന്‍ ചോദിച്ചു.അതും ഒരു ലഹരിയല്ലെ മനോഹരാ എന്നായി ഞാന്‍.


 മനോഹരന്‍ പറയാന്‍ തുടങ്ങി”തികച്ചും യാദൃശ്ചികമായിരുന്നു ആ ഒത്തുചേരല്‍.എന്‍റെ ഒരു ബന്ധുവിന്‍റെ വിവാഹ നിശ്ചയത്തിന് എത്തിയതായിരുന്നു മാലതി.കണ്ണുകള്‍ തമ്മിലുടക്കി.അത് തുടരുകയും ചെയ്തു.ഇത് എന്‍റെ കൂടി വിവാഹനിശ്ചയമാണ് എന്ന് മനസ്സ് കുറിച്ചുവച്ചു.അന്ന് സര്‍ക്കാര്‍ ജോലിയൊന്നുമായിട്ടില്ല.പരിചയക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് വച്ചുനല്‍കുന്ന ഒരു ചെറുകിട ബില്‍ഡര്‍ എന്നു പറയാം.കിട്ടിയ ഒരു നല്ല മുഹൂര്‍ത്തത്തില്‍ അവളെ പരിചയപ്പെട്ടു.അവള്‍ മംഗലാപുരത്ത് എന്‍ജിനീയറിംഗിന് പഠിക്കുകയാണ്.കോളേജ് ഡീറ്റയില്‍സും ഹോസ്റ്റലിലെ ഫോണ്‍ നമ്പരുമൊക്കെ വാങ്ങി.അവളുടെ അച്ഛന്‍ സ്ഥലത്തെ ഒരു പ്രമാണിയും ഉയര്‍ന്ന പോലീസ്സ് ബന്ധമുള്ള ആളുമാണ്.അയാള്‍ക്ക് മാലതി പ്രിയപ്പെട്ട മകളാണ്.അവളുടെ ആഗ്രഹങ്ങള്‍ക്ക് അങ്ങേര്‍ എതിര്‍ നില്‍ക്കാറില്ല.ഏതായാലും എന്‍റെ ജീവിതം ആകെ മാറി മറിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.മാസത്തിലൊരിക്കലെങ്കിലും ഒരു മംഗലാപുര യാത്രയുണ്ടാകും.രണ്ടുപേരും ചേര്‍ന്ന് നഗരത്തില്‍ ചുറ്റിയടിക്കും,മടങ്ങും. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, വീട്ടില്‍ വിവാഹാലോചനകളൊക്കെ തുടങ്ങി.മനു അച്ഛനെ വിളിച്ച് സംസാരിക്കണം, അച്ഛന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ ഓകെ പറഞ്ഞോളാം.


     ഞാന്‍ ഒന്നു വിയര്‍ത്തു. എങ്ങിനെ വിളിക്കും,എന്ത് പറയും, ജോലി പോലുമില്ലാത്ത ഒരുവനെ അങ്ങേര്‍ അംഗീകരിക്കുമോ അതോ പോലീസ് ബന്ധം വച്ച് കുഴപ്പത്തിലാക്കുമോ.ചിന്തകള്‍ കാടുകയറി.മാലതി നല്‍കിയ ധൈര്യത്തിലാണ് ഫോണില്‍ ബന്ധപ്പെട്ട് പരിചയപ്പെടുത്തിയതും വിവാഹാഭ്യര്‍ത്ഥന നടത്തിയതും.സെക്രട്ടേറിയറ്റിനടുത്തുള്ള ട്രിവാന്‍ഡ്രം ഹോട്ടലില്‍ വൈകിട്ട് നാലുമണിക്ക് വരൂ,നമുക്ക് അവിടെവച്ച് കാണാം എന്ന് അദ്ദേഹം പറഞ്ഞു.വിറച്ചുവിറച്ചാണ് പോയത്. വളരെ സൌഹാര്‍ദ്ദപരമായിരുന്നു അദ്ദേഹത്തിന്‍റെ ഇടപെടല്‍.ഒടുവില്‍ പറഞ്ഞു,എനിക്ക് സമ്മതമാണ്,അവളോടൊന്നു ചോദിക്കട്ടെ.അങ്ങിനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി.അധികം കഴിയാതെ നിശ്ചയവും നടത്തി.അതിനുശേഷം എല്ലാ ആഴ്ചയും മംഗലാപുരത്ത് പോകുമായിരുന്നു.അവധി ദിവസം വൈകിട്ടുവരെ നഗരത്തില്‍ കറങ്ങി നടക്കും.ഒരു ദിവസം കറക്കമൊക്കെ കഴിഞ്ഞ് രാത്രിയില്‍ മാലതിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനായി ചെന്നപ്പോള്‍ അവളുടെ അച്ഛനും അമ്മയും ഹോസ്റ്റലിന് മുന്നില്‍ നില്‍ക്കുന്നു.അവര്‍ മകളെ കാണാനായി ഉച്ചയ്ക്ക് എത്തിയതായിരുന്നു.അച്ഛന്‍ വളരെ സാധാരണപോലെ പറഞ്ഞു,”ഞാന്‍ വിചാരിച്ചു നിങ്ങള്‍ മൂകാംബികയിലോ മറ്റോ പോയിരിക്കുമെന്ന്”.അതുകേട്ട് ഞങ്ങള്‍ വല്ലാതെ ചമ്മിപ്പോയി.പിന്നെ വിവാഹമായി,ജീവിതം ഒരേ പായവഞ്ചിയിലങ്ങിനെ പോകുന്നു”, മനോഹരന്‍ പറഞ്ഞുനിര്‍ത്തി.


    രമേശന്‍ മനോഹരന്‍റെ പ്രണയകഥ ആസ്വദിച്ചിരിക്കയായിരുന്നു.”എന്‍റെ പ്രണയം ഒരു പ്രത്യേക തരമായിരുന്നു”,അവന്‍ പറഞ്ഞു.കണ്ണൂരിലെ കണ്ണവം കാട് എന്നും എന്‍റെ സ്വപ്നത്തിലുണ്ടായിരുന്നു.ഞാനാദ്യം പ്രണയിച്ചത് കാടിനെയാണ് എന്നു പറയാം.കുട്ടിക്കാലത്ത് കണ്ണവത്തുനിന്നും വന്ന ബന്ധുക്കള്‍ വെക്കേഷന്‍ കാലത്ത് എന്നെ കൂട്ടാതെ അനുജനെ കണ്ണവത്തേക്ക് കൊണ്ടുപോയതിന്‍റെ അരിശവും സങ്കടവും എനിക്ക് കുറേക്കാലത്തേക്കുണ്ടായിരുന്നു.വളര്‍ന്നപ്പോള്‍ ഒരുനാള്‍ കൂട്ടുകാരനൊപ്പം കണ്ണവത്തുപോയപ്പോള്‍ അവിടം കേട്ടറിഞ്ഞതിനേക്കാളേറെ ഇഷ്ടമായി.ഇവിടെനിന്നൊരു പെണ്ണിനെ കെട്ടിയിരുന്നെങ്കില്‍ നന്നായേനെ എന്ന് ഞാന്‍ കൂട്ടുകാരനോട് പറയുകയും ചെയ്തു. ദേ,ആ വീട്ടില്‍ നിനക്ക് പറ്റിയൊരു പെണ്ണുണ്ട് എന്ന് അവന്‍ മറുപടിയും പറഞ്ഞു.ആ വീടും കാട്ടിത്തന്നു.ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ബസ്റ്റാന്‍റില്‍ എത്തിയപ്പോള്‍ ഒരേപോലെ മുഖമുള്ള രണ്ട് പെണ്‍കുട്ടികള്‍ നടന്നുപോകുന്നതുകണ്ടു. കൂട്ടുകാരന്‍ പറഞ്ഞു,അവര്‍ കസിന്‍സാണ്,അതില്‍ ഇടത്തുകൂടി പോകുന്ന പെണ്‍കൊച്ചിന്‍റെ കാര്യമാ ഞാന്‍ നേരത്തേ പറഞ്ഞത്. സത്യത്തില്‍ അതായിരുന്നു എന്‍റെ ആദ്യ പെണ്ണുകാണല്‍”,രമേശന്‍ പറഞ്ഞുനിര്‍ത്തി.അവന്‍റെ കഥാരീതി ഇങ്ങിനെയാണ്. ഇനി ഒരു ഫ്ളാഷ് ബാക്കുണ്ടാകും.അവന്‍ തുടര്‍ന്നു.


“അതിന് മുന്നെ കോളേജ് ജീവിതകാലത്ത് ഒരു പ്രണയമുണ്ടായിരുന്നു.പണത്തിന് ഏറെ ബുദ്ധിമുട്ടുള്ള കാലം കൂടിയായിരുന്നു അത്.അച്ഛന്‍റെ കുടുംബത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അച്ഛന് കുടുംബപരമായി കിട്ടിയ കട ഒഴിയേണ്ടി വന്നതുമൊക്കെ വലിയ വിഷമമുണ്ടാക്കിയ കാലം.അന്ന് കൂടെ പഠിക്കുന്നൊരു കുട്ടിയോട് എനിക്ക് കലശലായ പ്രണയം.അവളെക്കുറിച്ച് കഥയെഴുതുന്നു,കവിത എഴുതുന്നു,കൃത്യമായി ക്രിസ്തുമസ്സ്-ന്യൂ ഇയര്‍ കാര്‍ഡയയ്ക്കുന്നു.ജനറലാശുപത്രി ക്വാര്‍ട്ടേഴ്സിലാണ് അവള്‍ താമസം.വീട് കൃത്യമായി അറിയില്ലെങ്കിലും അഞ്ചുകിലോമീറ്റര്‍ താണ്ടി ആ ഭാഗത്തെത്തി അവിടെയൊക്കെ അലഞ്ഞുതിരിഞ്ഞു നടക്കുമായിരുന്നു.ഒരു ദിവസം ആശുപത്രി കോമ്പൌണ്ടില്‍ ക്രിക്കറ്റ് കളിച്ച് മടങ്ങുമ്പോള്‍ തൊട്ടുമുന്നില്‍ അവള്‍.ഓ-,അതിന്‍റെ അനുഭൂതി പറഞ്ഞാല്‍ തീരില്ല”,രമേശന്‍റെ പൊതുവെ തുടുത്ത മുഖം ഒന്നുകൂടി വികസിച്ചു.


“പിന്നീട് അച്ഛന് സുഖമില്ലാതായപ്പോള്‍ പുതുതായി തുടങ്ങിയ കടയുടെ ചുമതല എനിക്കായി.രാത്രിയില്‍ കടയടച്ചശേഷം ബസ്സില്‍ ജനറലാശുപത്രി കോമ്പൌണ്ടിലെത്തി അലഞ്ഞുനടക്കും.വീട് കൃത്യമായി അറിയാത്തതിനാല്‍ ഓരോ വീടിന്‍റെയും തുറന്നുകിടക്കുന്ന ജനാലയിലേക്ക് പ്രതീക്ഷയോടെ നോക്കിയുള്ള നടത്തം.പോക്കറ്റില്‍ നിറയെ പണവും കടയുടെ താക്കോലുമൊക്കെയായിട്ടാണ് ഈ യാത്ര.ആശുപത്രി കോമ്പൌണ്ടിലാണെങ്കില്‍ ഇരുട്ടുവീണ ഇടങ്ങളില്‍ ക്രിമിനലുകളാണ് രാത്രിവാസക്കാര്‍.ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഭയം തോന്നും.പ്രണയത്തിന് കണ്ണും കാതുമില്ല,ആരെയും ഭയവുമില്ല എന്നത് നേരാണ് ചങ്ങാതി”.അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. “അച്ഛന് സുഖമില്ലാതെ ആശുപത്രിയിലായപ്പോള്‍ രാത്രി കഞ്ഞിവാങ്ങാനായി ഇറങ്ങുമ്പോഴും ഇതേ അന്വേഷണം തന്നെ.ഒരു തരം ഭ്രാന്ത്.കൈയ്യിലെ പെരുവിരല്‍ നഖം നീട്ടിവളര്‍ത്തി അവളാണെന്നു കരുതി ഇടയ്ക്ക് നോക്കുകയും വികാരപരമായി സംസാരിക്കുകയും ചുംബിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.പ്രാന്ത്,നല്ല അസ്സല്‍ പ്രാന്ത്.


പിന്നെയും കുറേക്കാലം അവളെ വിവാഹം ചെയ്യുന്ന സ്വപ്നവുമായി നടന്നു.ക്രമേണ അത് നടക്കാനുള്ള സാധ്യത ഒട്ടുമില്ല എന്നു മനസ്സിലാക്കി ആ ശ്രമം ഉപേക്ഷിച്ചു.കാലം കടന്നുപോയി. സര്‍ക്കാര്‍ ജോലി കിട്ടി,തിരുവനന്തപുരത്തുവന്നു.അച്ഛന് കുറച്ചു മാനസ്സിക പ്രശ്നങ്ങള്‍,സംശയരോഗം ഒക്കെ ആയതോടെ എത്രയുംവേഗം വിവാഹം കഴിക്കണം,വീട്ടില്‍ മറ്റൊരാള്‍കൂടി ഉണ്ടാകുന്നത് നല്ലതാണ് എന്ന ചിന്ത കുടുംബത്തില്‍ ശക്തമായി.വിവാഹത്തിന് പാകമായൊരു കാമം ഉള്ളില്‍ തിളയ്ക്കുന്നുണ്ടായിരുന്നു.അതുകൊണ്ട് ഞാനും സമ്മതിച്ചു.അങ്ങിനെ ഒദ്യോഗികമായൊരു പെണ്ണുകാണലിന് പോയി.പെണ്ണിനെ ഇഷ്ടമായി.പക്ഷെ പെണ്‍വീട്ടുകാര്‍ക്ക് എന്നെ അത്ര പിടിച്ചില്ല.ചെറുക്കന് പെണ്ണിനേക്കാള്‍ നീളക്കുറവാണ് എന്നതായിരുന്നു തടസ്സം.അതിന് പ്രതിവിധിയില്ലാത്തതിനാല്‍ അതുവിട്ടു.പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ കണ്ടു. അപ്പോഴേക്കും എല്ലാ പെണ്ണുങ്ങളേയും ഇഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയിരുന്നു ഞാന്‍”,രമേശന്‍ പറഞ്ഞു.”വീട്ടുകാര്‍ തമ്മിലുള്ള പൊരുത്തക്കേട് കാരണം അതും നടന്നില്ല.ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണ് ചൊല്ല്.അങ്ങിനെയാണ് മൂന്നാമത്തെ പെണ്ണുകാണല്‍ നടന്നത്. വീടിനടുത്തുള്ള കുട്ടിയാണ്,സുന്ദരിയാണ്.അവര്‍ക്കും താത്പ്പര്യം.എനിക്ക് വീടിനടുത്തുനിന്നും വിവാഹം കഴിക്കാന്‍ ഒരു താത്പ്പര്യക്കുറവുണ്ടായിരുന്നു.വീട്ടുകാര്‍ സമ്മതം മൂളാന്‍ തയ്യാറായതാണ്.ഞാന്‍ പറഞ്ഞു,നാളെ പറയാം.എന്താണ് അങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചത് എന്നറിയില്ല. ഓരോ നിമിത്തങ്ങള്‍,തലവരകള്‍. അടുത്ത ദിവസം കണ്ണനാട്ടെ സുഹൃത്ത് വിളിച്ചു.അപ്പോള്‍ അവനോട് എടാ, നീ അന്നു പറഞ്ഞ കുട്ടീടെ കല്യാണം കഴിഞ്ഞോ എന്ന് ഞാന്‍ ചോദിച്ചു.


അറിയില്ല,അവളുടെ സഹോദരന്‍ മാങ്ങാട്ടുപറമ്പിലെ എന്‍ജിനീയറിംഗ് കോളേജിലുണ്ട്,അവനോട് ചോദിക്കാം എന്നവന്‍ പറഞ്ഞു. എന്നാല്‍ ഇപ്പൊ തന്നെ പോകാം എന്നായി ഞാന്‍.എന്തും ആലോചിച്ചാ അപ്പൊ നടക്കണം എന്നതായിരുന്നു എന്‍റെ സ്വഭാവം.അനിയനേയും സുഹൃത്തിനേയും കൂട്ടി നേരെ കോളേജില്‍ പോയി സഹോദരനെ കണ്ടു.കാര്യം അവതരിപ്പിച്ചു. അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല,ആലോചിക്കാം എന്ന് അവന്‍ പറഞ്ഞു.പിന്നെ വൈകിയില്ല.പെണ്ണുകാണാന്‍ തീയതി നിശ്ചയിച്ചു.തീരുമാനിച്ച ദിവസം പെണ്‍കുട്ടിക്ക് ഗംഭീര പനി.കിടപ്പാണ്.എങ്കിലും തീരുമാനം മാറ്റിയില്ല.അതായിരുന്നു വാശി.പനിക്കിടപ്പില്‍ പെണ്ണിനെ കണ്ടു,രണ്ടുപേര്‍ക്കും ഇഷ്ടമായി.പിന്നീട് തിരുവനന്തപുരത്തുനിന്നും സ്ഥലംമാറ്റം വാങ്ങി കണ്ണനാട്ടെത്തി.എന്‍റെ അമ്മാവന്‍റെ മകനും കൂട്ടുകാരനും അവിടെ മൊബൈല്‍ ടവറില്‍ ജോലി കിട്ടി വന്നതിനാലായിരുന്നു ഈ തീരുമാനം.കാട്ടിനുള്ളിലാണ് ടവര്‍. അവിടെ പോയിരുന്ന് ഭാവി വധുവിന് എല്ലാ രാത്രിയിലും ഫോണ്‍ ചെയ്യുമായിരുന്നു.അന്ന് കണ്ണനാട്ട് ലാന്‍ഡ് ഫോണെ ഉള്ളു. അതും അപൂര്‍വ്വ ഇടങ്ങളില്‍ മാത്രം.ഇടുങ്ങിയ കാട്ടുവഴിയിലൂടെയാണ് ടവറില്‍ എത്തുക.ഒരു ദിവസം രാത്രി ഏറെ വൈകിയാണ് ഓഫീസില്‍ നിന്നും ഇറങ്ങിയത്.എന്നിട്ടും ഫോണ്‍ ചെയ്യണം എന്ന് വാശി.നേരെ വിട്ടു.പ്രധാന കവലയില്‍ നിന്നും ഉള്ളിലേക്ക് പോയി എവിടെയോ വഴി തെറ്റി.ടവര്‍ നോക്കി നടന്നിട്ട് കാണുന്നില്ല.ടെലിഫോണ്‍ കമ്പി കണ്ടു.പിന്നെ അത് നോക്കിയായി നടത്തം.കാടല്ലെ,പലവിധ ശബ്ദങ്ങള്‍,കാടനക്കങ്ങള്‍.എങ്കിലും മുന്നോട്ട് തന്നെപോയി.ഒരു ഘട്ടമെത്തിയപ്പോള്‍ വളരെ താഴെനിന്നും ശബ്ദം കേട്ടുതുടങ്ങി.അപ്പോഴാണ് ഏതോ കൊക്കയിലേക്കാണ് യാത്ര എന്നു മനസ്സിലായത്.താഴ്വാരത്തില്‍ നിന്നാണ് ശബ്ദം കേള്‍ക്കുന്നത്.കാടനക്കം കൂടി,കുറ്റിച്ചെടികളും മരങ്ങളും ഇളകിയാടി.ഏതോ ജീവിയാണ് എന്നുറപ്പ്.ആനയോ കടുവയോ കരടിയോ എന്നറിയില്ല.തിരിഞ്ഞ് ഒറ്റ ഓട്ടമായിരുന്നു.നിര്‍ത്താതെ ഓടി തിരിച്ച് കവലയിലെത്തി.അവിടെനിന്ന് നന്നായി ശ്വാസമെടുത്ത് മുകളിലേക്ക് നോക്കുമ്പോള്‍ ടവറിലെ വിളക്ക് കണ്ടു.അത് ലക്ഷ്യമാക്കി നടന്നു.അവിടെ ആളനക്കമുണ്ട് എന്നത് സമാധാനം നല്‍കി.വാതിലില്‍ തട്ടിവിളിച്ചപ്പോള്‍ അവര്‍ വാതില്‍ തുറക്കാന്‍ ഭയന്നു.ആരാണ് എന്നറിയില്ലല്ലോ.അകത്ത് ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പുറത്തുനിന്ന് വിളിക്കുന്നത് കേള്‍ക്കാനും വയ്യ.കുറേ സമയം കഴിഞ്ഞ് അവര്‍ താക്കോല്‍ പഴുതിലൂടെ നോക്കിയപ്പോഴാണ് ഞാനാണ് എന്ന് മനസ്സിലാക്കിയത്.നീയാണോ എന്ന് ചോദിച്ച് വാതില്‍ തുറന്ന് അകത്തേക്ക് കടത്തി.ഈ സാഹസങ്ങള്‍ക്കൊടുവില്‍ വിവാഹം നടന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.അനേകവര്‍ഷം ഉറങ്ങിക്കിടന്ന പ്രണയമായിരിക്കാം അവളിലേക്ക് തന്നെ എത്തിച്ചത് എന്നാണ് ഇപ്പോള്‍ തോന്നുന്നത്” വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് ഊളിയിട്ട് തിരികെ വന്ന രമേശന്‍ ഒരു ലാര്‍ജ് കൂടി ഒഴിച്ചു.


 ചര്‍ച്ച യാത്രാനുഭവങ്ങളിലേക്ക് കടന്നത് യാദൃശ്ചികമായാണ്.കണ്ണനാട്ടെ കാടിനുള്ളില്‍ മരണം സംഭവിക്കാമായിരുന്നു എന്ന് പറഞ്ഞശേഷമാണ് രമേശന്‍ യാത്രയിലെ മരണസാധ്യതകളിലേക്ക് തിരിഞ്ഞത്.


“ചിലര്‍ ചുമ്മാ അങ്ങ് മരിക്കും,എന്നാല്‍ മറ്റു ചിലരെ ദൈവം അല്ലെങ്കില്‍ പ്രപഞ്ചം നിരന്തരം മരണത്തില്‍ നിന്നും രക്ഷിക്കും.എന്താണതിന്‍റെ ഗുട്ടന്‍സ് എന്നറിയില്ല”,ഇങ്ങിനെ പറഞ്ഞ് രമേശന്‍ ചിരിച്ചു.എന്നിട്ട് കഥ തുടര്‍ന്നു.  


“ഞാനും എന്‍റെ മൂന്ന് കൂട്ടുകാരും കൂടി കഴിഞ്ഞ വര്‍ഷം ഹിമാചലിലെ കുളു മണാലി ഭാഗത്തേക്ക് ഒരു യാത്ര പോയിരുന്നു.ഡല്‍ഹിയില്‍ നിന്നും ഒരു മലയാളി ഡ്രൈവറെ കിട്ടി.ഭാഷ അറിയാവുന്നവനാകുമ്പോള്‍ നന്ന് എന്ന് കരുതി ഒരു പരിചയക്കാരന്‍ വഴി കണ്ടെത്തിയതാണ് അവനെ.യാത്രയിലാണ് അവനൊരു മടിയനും ഉറക്കംതൂങ്ങിയുമാണെന്ന് മനസ്സിലായത്.ഞങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് അവനൊപ്പം യാത്ര ചെയ്തത്.ഇടയ്ക്ക് മഴയും പെയ്യുന്നുണ്ടായിരുന്നു.വഴിയാണെങ്കില്‍ വളരെ ഇടുങ്ങിയതും. ഒരുവശം മലയും മറുവശം അഗാധമായ കൊക്കയും.അപകടമൊന്നുമുണ്ടാകാതെ അവിടെയെത്തി,പാനവും തുടങ്ങി.രാത്രിയില്‍ രണ്ടു മണിക്ക് ശരീരത്തിന് നല്ല ഉണര്‍വ്വ്.ഞങ്ങള്‍ വെറുതെ നടക്കാനിറങ്ങി.പ്രപഞ്ചം മൊത്തമായും ഉറങ്ങുന്ന സമയം എന്ന ഞങ്ങളുടെ ധാരണ തിരുത്തിക്കൊണ്ട് കൊടിയ തണുപ്പില്‍ അവിടെ ഒരു മുറിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക്.ഉള്ളില്‍ കിടക്കുന്ന ധൈര്യം പകരുന്ന ദ്രാവകത്തിന്‍റെ ചോദന കാരണമാകാം ഞങ്ങള്‍ വാതിലില്‍ മുട്ടിവിളിച്ചു.ഇംഗ്ലീഷും ഹിന്ദിയും മലയാളവും ചേര്‍ത്ത് അയാളെ ഉപദേശിക്കാന്‍ തുടങ്ങി ഞങ്ങള്‍.അയാള്‍ വലിയ തെറിയൊക്കെ ഹിന്ദിയില്‍ വിളിക്കാന്‍ തുടങ്ങി.എന്നുമാത്രമല്ല ഒരു തോക്കുമെടുത്ത് മുന്നോട്ടുവന്നു.ഞങ്ങള്‍ ഇരുട്ടിലേക്ക് ഓടി രക്ഷപെട്ടു.ഒരു വെടി പൊട്ടി. അയാള്‍ അയാളുടെ ഭാര്യയെ വെടിവച്ചതോ ഞങ്ങളെ ലക്ഷ്യമിട്ടതോ എന്നറിയില്ല.ഏതായാലും ആ കൊടുംതണുപ്പത്ത് വല്ലാതെ വിയര്‍ത്തു.മരണം മുന്നില്‍ വന്നിട്ട് മടങ്ങിപ്പോയപോലെയുള്ള അനുഭവമായിരുന്നു അത്.അടുത്ത ദിവസം തിരികെ കാറില്‍ വരുമ്പോഴും മരണസാന്നിധ്യമുണ്ടായിരുന്നു.വണ്ടിയില്‍ എല്ലാവരും ഉറക്കം.എന്‍റെ സുഹൃത്ത് മോഹനനാണ് മുന്‍സീറ്റില്‍.നല്ല ഡ്രൈവിംഗ് സെന്‍സുള്ളവനാണ് മോഹനന്‍.ഡ്രൈവറെ വിശ്വാസമില്ലാത്തതിനാല്‍ അവന്‍ ഉണര്‍ന്നിരിക്കയായിരുന്നു.എപ്പൊഴോ അവന്‍റെ കണ്ണൊന്നടഞ്ഞു.ഉള്‍ബോധമുള്ളതിനാലാകും പെട്ടെന്ന് കണ്ണുതുറക്കുമ്പോള്‍ എതിരെ വരുന്ന ലോറിയിലേക്ക് ഇടിച്ചു കയറാനുള്ള നീക്കത്തിലാണ് കാറ്.ഡ്രൈവര്‍ നല്ല ഉറക്കം.മോഹനന്‍ ചാടി സ്റ്റിയറിംഗില്‍ വീണ് വെട്ടിത്തിരിച്ച് കഷ്ടിച്ചു രക്ഷപെട്ടു.പിന്നീടുള്ള യാത്രയില്‍ ഡ്രൈവറെ സൈഡിലിരുത്തി മോഹനന്‍തന്നെ വണ്ടി ഓടിച്ചു”, അങ്ങിനെ മണാലിക്കഥ പറഞ്ഞുനിര്‍ത്തി രമേശന്‍ അടുത്തപെഗ്ഗിന് വട്ടം കൂട്ടി.


  “കഴിഞ്ഞ മാസം കുറച്ച് ഡല്‍ഹി സുഹൃത്തുക്കളുമായി നൈനിത്താളിലേക്ക് പോയ യാത്രയാണ് മരണസാധ്യത തെളിച്ച മറ്റൊരു യാത്ര. മടക്കയാത്രയില്‍ എല്ലാവരും അടിച്ചുപൂസ്.രാത്രിയാണ്.മല കയറിയ ഗിയറില്‍ വേണം ബ്രേക്ക് അധികം കൊടുക്കാതെ തിരിച്ചിറങ്ങാന്‍.എന്നാല്‍ ഈ ടെറയിനില്‍ ഓടി പഴക്കമില്ലാത്ത ഡ്രൈവര്‍ നന്നായി ബ്രേക്ക് കൊടുത്താണ് ഗിയര്‍ മൂന്നിലും നാലിലും ഇട്ട് വണ്ടി ഓടിക്കുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിയുടെ ബ്രേക്ക് തീരെകുറഞ്ഞു.ടയര്‍ പഴുത്തു.ഒരുവിധം ഒരു മലയോരത്ത് ചാരി വണ്ടി ഒതുക്കി.മുന്നിലിരുന്ന ഞാന്‍ മാത്രമെ ഇതറിഞ്ഞുള്ളു.മറ്റുള്ളവര്‍ നല്ല ഉറക്കത്തിലാണ്.എന്താടാ വണ്ടി നിര്‍ത്തിയത്,നിര്‍ത്തിയടിക്കാനാണോ,എങ്കി ഒരു പെഗ്ഗ് എനിക്കൂടെ എന്ന് ആരോ പറയുന്നുണ്ടായിരുന്നു.അത്യാവശ്യം കൊള്ളാവുന്ന തെറിയൊക്കെ വിളിച്ച് എല്ലാറ്റിനേയും ഉണര്‍ത്തി.വണ്ടി തണുക്കട്ടെ എന്നു തീരുമാനിച്ച് എല്ലാവരും ഇറങ്ങി വഴിയില്‍ നിന്നു.ഈ സമയം അതുവഴി കാറില്‍ പോയൊരാള്‍ വണ്ടി നിര്‍ത്തി വിവരം തിരക്കി.ഞങ്ങളുടെ വാഹനത്തിന്‍റെ പരിതാപകരമായ അവസ്ഥ ഞങ്ങള്‍ വിശദീകരിച്ചു.ഇവിടെ വണ്ടി ഇടരുത്, കരടി ഇറങ്ങുന്ന ഇടമാണ്,മുകളില്‍ നിന്നും കരടി കല്ലുരുട്ടി വിടും എന്നു പറഞ്ഞു.എന്‍റെ വണ്ടിയെ ചെറുതായി തട്ടിച്ച് മലയിറങ്ങുക,അതാകും നിങ്ങള്‍ക്ക് നല്ലത്,അയാള്‍ പറഞ്ഞു.ഞങ്ങള്‍ അതിന് കൂട്ടാക്കിയില്ല.ഇനിയെല്ലാം നിങ്ങളുടെ വിധിപോലെ നടക്കട്ടെ എന്നു പറഞ്ഞ് അയാള്‍ പോയി.അല്‍പ്പം കഴിഞ്ഞപ്പോള്‍ മുകളില്‍ നിന്നും കല്ലുവീഴാന്‍ തുടങ്ങി. ഞങ്ങള്‍ വണ്ടിയെടുത്ത് ഒരുവിധം മുന്നോട്ടുപോയി,അപകടമില്ലാതെ പ്രധാന പാതയിലെത്തി.മദ്യം തീര്‍ന്നു.മദ്യക്കടകള്‍ അടച്ചുകഴിഞ്ഞു.എല്ലാവര്‍ക്കും കഴിക്കണം. ഇതിന് അഹങ്കാരം എന്നാണ് പേരെങ്കിലും അപ്പോഴത്തെ അവസ്ഥ അതായിരുന്നു.ഞങ്ങള്‍ അടഞ്ഞുകിടന്ന ഒരു മദ്യക്കടയുടെ അടുത്ത് തുറന്നിരുന്ന ഒരു സ്റ്റേഷനറി കടയില്‍ കയറി മദ്യക്കട ഉടമയുടെ വീട് അന്വേഷിച്ചു മനസ്സിലാക്കി.അയാളെ കണ്ട് മദ്യം കിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നന്വേഷിക്കയായിരുന്നു ലക്ഷ്യം.ബുദ്ധിമുട്ടി അയാളുടെ വീട് കണ്ടെത്തി.പക്ഷെ അയാള്‍ അവിടെയുണ്ടായിരുന്നില്ല.ഒരു ബന്ധുവിന്‍റെ വിവാഹത്തിന് പോയിരിക്കയാണ് എന്നറിഞ്ഞു.ആ ഉദ്യമം പരാജയപ്പെട്ടെങ്കിലും എല്ലാവരുടേയും കണ്ണുകള്‍ ഇരുവശത്തേക്കും തുറന്നുവച്ച വാതായനങ്ങളായി. കുറച്ചുദൂരം പോകുമ്പോള്‍ വലതുവശം ഇത്തിരി ഉള്ളോട്ടുമാറി ഒരു വെളിച്ചം കണ്ടു.വണ്ടി നേരെ അവിടേക്കു വിട്ടു.അതൊരു ഹോട്ടലായിരുന്നു.വലിയ ഹാളുകളും മുകളില്‍ മുറികളുമുള്ള ഹോട്ടല്‍.ഹാളില്‍ അനേകം കുടുംബങ്ങള്‍.സുന്ദരികളായ സ്ത്രീകള്‍.അതുകണ്ടതോടെ പലര്‍ക്കും പുത്തന്‍ ലഹരി ഉണര്‍ന്നു.സ്ത്രീകളെ ഭോഗത്തിന് പറഞ്ഞുറപ്പിച്ച് ആളുകള്‍ അവരെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നുണ്ടായിരുന്നു.അതൊരു പുതിയകാല വേശ്യാലയമാണെന്ന് തോന്നി.അതുകണ്ട് കച്ചവടമുറപ്പിക്കാന്‍ കൂടെവന്ന ചില സുഹൃത്തുക്കള്‍ മുന്നോട്ടുവന്നു.രണ്ടായിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് നിരക്ക്.എന്താകും അവിടെ നടക്കുന്നത്,ട്രാപ്പാണോ എന്നൊന്നും അറിയില്ല.കൂട്ടുകക്ഷികളെ ഒരുവിധത്തില്‍ പിടിച്ച് വണ്ടിയില്‍ കയറ്റി മടങ്ങി.ആഗ്രഹം നഷ്ടമാകാത്ത അവര്‍ ആ സ്ഥലം അന്വേഷിച്ച് പിന്നീട് പോയെങ്കിലും അത് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് വിചിത്രം”, രമേശന്‍ പറഞ്ഞു നിര്‍ത്തി.


“ഇങ്ങനെയൊക്കെയാണ് മാഷെ ജീവിതം.അടിച്ചാലും മരിക്കും,അടിച്ചില്ലേലും മരിക്കും,എന്നാല്‍ പിന്നെ അടിച്ചു മരിച്ചൂടെ എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടാകും.അതല്ലെ ശരിയായ പോളിസി.വണ്ടി തട്ടി മരിക്കുന്നതിലും അന്തസ്സല്ലെ അടിച്ചു മരിക്കുന്നത്”, രമേശന്‍ അവന്‍റെ അഡിക്ഷനൊരു ഫിലോസഫി കണ്ടെത്തി വിളമ്പി.


“എന്നാലും രമേശാ, ഒന്നിച്ചിരുന്ന് കഴിച്ചിട്ട് പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, നീ ഈ പാനം കുറച്ച് കുറയ്ക്കണം”,ഞാന്‍ പറഞ്ഞു. അത് കേട്ടതോടെ രമേശന്‍ പറഞ്ഞു, “അപ്പൊ ഇന്നത്തെ സഭ കഴിഞ്ഞു,എല്ലാരും ഒന്നു പിരിഞ്ഞേ, എനിക്കൊന്നുറങ്ങണം”,ഉപദേശത്തിലുള്ള അവന്‍റെ അതൃപ്തി വ്യക്തമായും മനസ്സിലാക്കിയ ഞങ്ങള്‍ മുറിയില്‍ നിന്നിറങ്ങി മെല്ലെ പടികളിറങ്ങി.അപ്പോഴും തത്വചിന്താപരമായ ഒരു ഡയലോഗ് മനോഹരനില്‍ നിന്നും വന്നു.”പടികള്‍ ഇറങ്ങാന്‍ എളുപ്പമാണ്,കയറാനാണ് പ്രയാസം”,ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. മെല്ലെ വണ്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി,ഇരുട്ടിലേക്ക് വിളക്കുതെളിച്ചു.


     


No comments:

Post a Comment