Tuesday, 23 September 2025

The mists of memory: my return to Kodaikanal

 

 

കൊടൈക്കനാലില്‍ വീണ്ടും

കൊടൈക്കനാലിനെ കുറിച്ചുള്ള ആദ്യ ഓര്‍മ്മ ഏകദേശം ഇരുപത് വര്‍ഷം മുന്നെയുള്ളൊരനുഭവമാണ്. സുഖകരമായ തണുപ്പും ശുദ്ധവായുവിന്‍റെ കുളിര്‍മ്മയുമുള്ള കൊടൈക്കനാല്‍ അക്കാലത്തെ മലയാള സിനിമകളിലെ ഒരു പ്രധാന ഘടകമായിരുന്നു.പരവൂരില്‍ നിന്നും പുറപ്പെട്ട് വൈകിട്ടാണ് ഞങ്ങള്‍ കൊടൈക്കനാലിലെത്തി. വലിയൊരു ടീമായിരുന്നു അത്.ഞാനും ജയശ്രീയും ശ്രീക്കുട്ടിയും ശ്രീക്കുട്ടനും സജീവും വിജയശ്രീയും ഉണ്ണിക്കുട്ടനും ഉണ്ണിക്കണ്ണനും ഷിബുവും ദീപയും അനഘയും അടങ്ങിയ സംഘം.സജീവിന്‍റെ കെയറോഫില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍റെ ഗസ്റ്റ്ഹൌസിലായിരുന്നു താമസം.മുറിയെടുത്തശേഷം തടാകക്കരയിലെത്തിയ ഞാന്‍ ഒരു സൈക്കിളെടുത്ത് ആവേശത്തോടെ ചവിട്ടാന്‍ തുടങ്ങി. ഒന്നും രണ്ടുമല്ല മൂന്ന് റൌണ്ട്.നന്നായി വിയര്‍ത്തു.ഇടയ്ക്ക് ശ്വാസംമുട്ടൊക്കെ ഉണ്ടാകാറുള്ള എനിക്ക് വലിയ കോണ്‍ഫിഡന്‍സ് തോന്നി.പക്ഷെ അത് താത്ക്കാലികമായിരുന്നു.മുറിയിലെത്തി കമ്പിളിയുടെ അലര്‍ജി കൂടി ആയതോടെ ശ്വാസംമുട്ടും തുമ്മലും ആരംഭിച്ചു.എങ്ങിനെയോ രാത്രി ഇരുട്ടി വെളുപ്പിച്ചു.അടുത്ത ദിവസം ഞാന്‍ മുറിയില്‍തന്നെ തങ്ങി.ബാക്കിയുള്ളവര്‍ കാഴ്ച കാണാനും പോയി.അടുത്ത ദിവസം മലയിറങ്ങിയതോടെയാണ് കുറച്ച് ആശ്വാസം കിട്ടിയത്.അതിന് ശേഷം പലവട്ടം കൊടൈക്കനാല്‍ യാത്രയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെങ്കിലും മനസ്സ് വേണ്ട എന്നു പറയുമായിരുന്നു. മലയാളിയെ സംബ്ബന്ധിച്ചിടത്തോളം കൊടൈക്കനാല്‍ അയലത്തൊരു വീട് മാതിരിയാണ്.എല്ലാ മാസവും കൊടൈക്കനാലില്‍ വന്നുപോകുന്നവരൊക്കെയുണ്ട്.ഇവിടെ വീടുള്ളവരും ധാരാളം.

  കൊടൈക്കനാലിലേക്കുള്ള രണ്ടാമത് യാത്ര 2025 ജൂണില്‍ ശിവഗംഗയില്‍ നിന്നായിരുന്നു.കാനഡയില്‍ നിന്നും മടങ്ങിയെത്തിയ ഉണ്ണിക്കുട്ടനും പൂജയും ഉണ്ണിക്കണ്ണനും ഞങ്ങള്‍ക്കൊപ്പമുണ്ട്.ഞങ്ങളെന്നാല്‍ ഞാനും ജയശ്രീയും ശ്രീക്കുട്ടിയും ശ്രീക്കുട്ടനും പത്മാവതിയുമാണ്.ഉച്ച കഴിഞ്ഞാണ് ഇറങ്ങിയത്.180 കിലോമീറ്റര്‍ ദൂരമുണ്ട് കൊടൈക്കനാലിലേക്ക്.കുറഞ്ഞത് നാല് മണിക്കൂറെടുക്കും അവിടെയെത്താന്‍.മേലൂര്‍,മധുര,തിരുമംഗലം,ഉസിലാംപട്ടി,പെരുമാള്‍മലൈ എന്നിങ്ങനെ പലയിടങ്ങള്‍ താണ്ടിയുള്ള യാത്ര.ഉസിലാംപെട്ടിയില്‍ ഇറങ്ങി ഒരു ചായ കുടിച്ചു.പോകുംവഴിയൊക്കെ മനോഹരകാഴ്ചകളാണ്.മലകളും പച്ചപ്പും തടാകങ്ങളും ഒക്കെ കൂടി മനസ്സിനെ മോഹിപ്പിക്കുന്ന അവസ്ഥ.വളഞ്ഞുപുളഞ്ഞ റോഡുകളും കൊടുംവളവുകളും ധാരാളം. ശ്രീക്കുട്ടനാണ് ഡ്രൈവര്‍.ഡ്രൈവിംഗ് അവനൊരു അഭിനിവേശമാണ് എന്നതിനാല്‍ ആസ്വദിച്ചാണ് വണ്ടിയോടിക്കുന്നത്.

    പൂജയുടെ കഴുത്ത് വേദനയും ഉണ്ണിക്കണ്ണന്‍ നേരിട്ട ഭക്ഷ്യവിഷബാധയുമായിരുന്നു യാത്രയില്‍ കുറച്ച് വിഷമമായത്.മല കയറി ടൌണ്‍ എത്തിയപ്പോഴേക്കും എനിക്കും യാത്രയുടെ ചൊരുക്ക് തുടങ്ങിയിരുന്നു.ഛര്‍ദ്ദിക്കുമോ എന്ന് സംശയിച്ചു.ടൌണും കടന്ന് അതിനപ്പുറമുള്ള ഒരിടത്തായിരുന്നു ഞങ്ങളുടെ താമസം ഏര്‍പ്പാടാക്കിയിരുന്നത്.ശിവഗംഗയിലുള്ള ഒരു വ്യക്തിയുടെ ഹോളിഡേഹോം ആയിരുന്നു അത്.അവരും അവരുടെ അതിഥികളും മാത്രം വന്ന് താമസിക്കുന്ന ഇടം.അവിടെ ശിവ എന്ന് പേരുള്ള ഒരു കെയര്‍ ടേക്കറും ഭക്ഷണമുണ്ടാക്കി നല്‍കാന്‍ അയാളുടെ ഭാര്യ റാണിയുമാണ് ഉള്ളത്.ഗൂഗിള്‍ പറഞ്ഞ ദിശയിലാണ് പോയതെങ്കിലും വണ്ടി ഒരു ഡെഡ് എന്‍ഡില്‍ എത്തി നിന്നു.ശിവയെ വിളിച്ചപ്പോഴാണ് ഞങ്ങള്‍ കുറച്ചുമുന്നിലേക്ക് വന്നു എന്ന് മനസ്സിലാക്കിയത്.രാത്രിയാണ്.നല്ല ഇരുട്ടും.വഴിയില്‍ ആരുമില്ല.പ്രയാസപ്പെട്ടാണ് വണ്ടി തിരിച്ചത്.ഞങ്ങള്‍ താമസിക്കേണ്ട ഇടം കടന്ന് മൂന്ന് കെട്ടിടങ്ങള്‍ താണ്ടിക്കഴിഞ്ഞിരുന്നു.ശിവ വീടിന് പുറത്തുവന്ന് വഴികാട്ടി.വണ്ടി പാര്‍ക്ക് ചെയ്ത് ഇറങ്ങി.അത്താഴത്തിന് എന്തൊക്കെവേണം എന്ന് നേരത്തെ വിളിച്ചു പറഞ്ഞിരുന്നതിനാല്‍ എല്ലാം തയ്യാറായിരുന്നു.നല്ല ഭക്ഷണമായിരുന്നു.ഉണ്ണിക്കണ്ണന് കഞ്ഞി ഉണ്ടാക്കികൊടുത്തു.രാവിലെ ഡോക്ടറെ കാണാനും ഏര്‍പ്പാടാക്കി.ഛര്‍ദ്ദിയും വയറിളക്കവും രൂക്ഷമാണ്.

      സുഖമുള്ള തണുപ്പാണ് എങ്കിലും വേണ്ട സുരക്ഷ ഉറപ്പാക്കിയിരുന്നു. ശ്വാസം മുട്ടിന്‍റെ പഴയ അനുഭവം ഇടയ്ക്കിടെ മനസ്സിനെ അലട്ടുന്നുണ്ടായിരുന്നു.രാവിലെ ഉണര്‍ന്ന് ഞാനും ശ്രീക്കുട്ടിയും നടക്കാനിറങ്ങി.പൊതുവെ നിശബ്ദമാണ് താഴ്വര.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്.കാണാനുള്ള ഇടങ്ങളേക്കാള്‍ കൊടൈക്കനാല്‍ നല്‍കുന്ന നിശബ്ദയും സമാധാനവുമാണ് ആ പ്രദേശത്തിന്‍റെ പ്രത്യേകത.വശങ്ങളിലൊക്കെ മനോഹരമായ പൂക്കള്‍,ദൂരെ ഒരു ആണ്‍മയിലിന്‍റെ നൃത്തം,അത് ശ്രദ്ധിക്കാത്ത മട്ടില്‍ നടന്നുപോകുന്ന പെണ്‍മയില്‍.അങ്ങിനെ പ്രഭാത കാഴ്ചകള്‍ കണ്ട് മടങ്ങി.രാത്രിയുടെ ഇരുട്ടില്‍ കണ്ട വീടിനെ പകല്‍വെളിച്ചത്തില്‍ ഒന്നുകൂടി നോക്കി.പാറയില്‍ നിര്‍മ്മിച്ച മൂന്ന് നില കെട്ടിടമാണ്.താഴെ കെയര്‍ടേക്കറും കുടുംബവും താമസിക്കുന്നു. ഒന്നാം നിലയിലേക്കാണ് പ്രധാന പ്രവേശനം.അവിടെ ഒരു വലിയ ഹാളും അടുക്കളയും ബാല്‍ക്കണിയും.മുകളില്‍ മൂന്ന് ചെറിയ ബഡ് റൂമുകള്‍.

     ചായകുടി കഴിഞ്ഞ് കുളിച്ചുവന്നു.പ്രഭാതഭക്ഷണം കഴിച്ചു. ഉണ്ണിക്കുട്ടനും ഉണ്ണിക്കണ്ണനും ചേര്‍ന്ന് ബാല്‍ക്കണിയില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് താഴ്വരയുടെ വീഡിയോയെടുത്തു.ഉണ്ണിക്കണ്ണന്‍റെ നില മെച്ചപ്പെട്ടതിനാല്‍ ഡോക്ടറെ കാണണ്ട എന്ന് തീരുമാനിച്ചു.ഉണ്ണിക്കണ്ണനും പൂജയും ജയശ്രീയും പത്മാവതിയും വീട്ടില്‍തന്നെ വിശ്രമിച്ചു.ഞങ്ങള്‍ നാലുപേരും പുറത്തേക്ക് പോയി.ആദ്യം തടാകതീരത്തേക്കാണ് പോയത്. അവിടെ വഴിയോരത്ത് ഹോംമെയ്ഡ് ചോക്ലേറ്റിന്‍റെയും അലങ്കാര വസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെയും കടകളുണ്ട്.മലപ്പുറംകാരന്‍ മുഹമ്മദിന്‍റെ കടയില്‍ നിന്നും ഇഞ്ചിച്ചായ കുടിച്ചു.ആളുകള്‍ ബോട്ടിംഗും സൈക്കിളിംഗും നടത്തുന്നു.ഞങ്ങള്‍ അതിനൊന്നും കൂടിയില്ല.സമുദ്രനിരപ്പില്‍ നിന്നും 7200 അടി ഉയരമുള്ള കൊടൈക്കനാല്‍ ബ്രിട്ടീഷുകാരുടെ ഒരു പ്രിയപ്പെട്ട ഇടമായിരുന്നു.അവിടെയാണ് 1863 ല്‍ നക്ഷത്രാകൃതിയില്‍ ഒരു തടാകം സായിപ്പ് തയ്യാറാക്കിയത്.അഞ്ച് കിലോമീറ്റര്‍ ചുറ്റളവുള്ള ഇവിടമാണ് കൊടൈക്കനാലിലെ പ്രധാന ആകര്‍ഷണവും.

   അവിടെ നിന്നും ഞങ്ങള്‍ ബ്രയാന്‍റ് പാര്‍ക്ക് ഒന്നെത്തിനോക്കി വീണ്ടും യാത്ര തുടര്‍ന്നു.കോക്കേഴ്സ് വാക്കിന്‍റെ പാത കണ്ടശേഷം പില്ലര്‍ റോക്കിലെത്തി.മൂന്ന് ഭീമാകാര പാറകളാണ് അവിടെയുള്ളത്.നല്ല മൂടല്‍മഞ്ഞില്‍ പാറകളുടെ നിഴല്‍ മാത്രമാണ് ഞങ്ങള്‍ കണ്ടത്. അതിനടുത്തുള്ള വ്യൂപോയിന്‍റില്‍ നല്ല തിരക്കായിരുന്നു.ഗ്രീന്‍ വാലി വ്യൂ അഥവാ സൂയിസൈഡ് പോയിന്‍റിലും തിരക്കായിരുന്നു.ഡോള്‍ഫിന്‍സ് നോസും രസകരമായ കാഴ്ചയാണ്.അവിടെനിന്ന് ഗുണ കേവ്സിലേക്ക് പോയി.അവിടെ ഉത്സവപ്രതീതിയായിരുന്നു.തമിഴിലെ ഗുണ എന്ന ചിത്രം ഷൂട്ട് ചെയ്യുംവരെ ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെട്ടിരുന്ന ഇവിടം വളരെ നിഗൂഢമായ ഇടമാണ്.പാറകളുടെ ഇടയിലുള്ള ആഴമുള്ള ഗുഹകളില്‍ വീണ് അനേകമാളുകള്‍ മരിച്ച ഇടമാണിത്.ശരീരം പോലും തിരികെ കിട്ടാത്തതിനാലാകാം ഡെവിള്‍സ് കിച്ചണ്‍ എന്ന് പേരുവന്നത്.കഴിഞ്ഞ വര്‍ഷം മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം കൂടി ഇവിടം കേന്ദ്രമാക്കി വന്നതോടെ ഗുണ കേവ്സ് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

        വേരുകള്‍ ഇണചേരുന്ന പാമ്പുകളെപ്പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന പരിസരവും പാറകളും അവ്യക്തമായ ചുറ്റുപാടുകളെ സമ്മാനിക്കുന്ന മൂടലും ചേര്‍ന്ന് ഇവിടെ ഒരു ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പ്രകൃതി ശ്രദ്ധിച്ചിരിക്കുന്നു.ഞങ്ങള്‍ അവിടെ എത്തിയതും കടുത്ത മഴ ആരംഭിച്ചു. മഴയില്‍ ഗുണ കേവ്സ് കാണുമ്പോള്‍ അതിന്‍റെ വന്യത ഇരട്ടിച്ചപോലെ തോന്നി.നന്നായി നനഞ്ഞു.മഴ കഴിഞ്ഞപ്പോള്‍ അവിടെനിന്നും പൈന്‍മരക്കാടിനടുത്തെത്തി.നല്ല വിശപ്പുണ്ട്.പൈനിന്‍റെ സൌന്ദര്യം പുറത്തുനിന്ന് ആസ്വദിച്ചശേഷം ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി.ഭക്ഷണം കഴിഞ്ഞ് കുറച്ചു സമയം വിശ്രമിച്ചശേഷം മലയിറങ്ങി.രാത്രി ഏറെ വൈകി ശിവഗംഗയിലെത്തി.അങ്ങിനെ ഇരുപത് വര്‍ഷത്തിന് ശേഷം കൊടൈക്കനാല്‍ കണ്ടു.ഒരു പുകമറ മാറി തെളിഞ്ഞ കൊടൈക്കനാല്‍ കണ്ട അനുഭവമാണ് ഈ രണ്ടാമത് യാത്ര സമ്മാനിച്ചത്.

  















No comments:

Post a Comment