Sunday, 9 March 2025

Is Lok Sabha constituency re-delimitation necessary?

 



ലോക്സഭ മണ്ഡല പുനര്നിര്ണ്ണയം ആവശ്യമോ?
*************************
(2025 മാര്ച്ച് 9 ന് തനിനിറം ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം)
-----------------
-വി.ആര്.അജിത് കുമാര്
--------------------
2025 മാര്ച്ച് അഞ്ചിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ചെന്നൈയില് വിളിച്ചുചേര്ത്ത രാഷ്ട്രീയ പാര്ട്ടികളുടെ യോഗത്തില് പങ്കെടുത്ത 59 രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടത് 2011 ലെ സെന്സസ് അടിസ്ഥാനമാക്കിയുള്ള ഡീലിമിറ്റേഷന് കേന്ദ്രസര്ക്കാര് ശ്രമിക്കരുത് എന്നാണ്. 1971 ലെ സെന്സസ് അടിസ്ഥാനമാക്കിയാണ് നിലവിലെ 543 ലോക്സഭ സീറ്റുകള് നിര്ണ്ണയിച്ചിട്ടുള്ളത്. അടുത്ത മുപ്പത് വര്ഷത്തേക്ക് കൂടി ഇത് തുടരണം എന്നാണ് തമിഴ്നാട് ഒരേ സ്വരത്തില് ആവശ്യപ്പെടുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും ഒരു പ്രമേയത്തിലൂടെ തമിഴ്നാട് ആവശ്യപ്പെടുന്നു.നിലവിലുള്ള ജനസംഖ്യയെ അടിസ്ഥാനമാക്കി മണ്ഡല പുനര്നിര്ണ്ണയം നടത്തിയാല് , ജനസംഖ്യ നിയന്ത്രണത്തിലും പുരോഗമനപരമായ ഭരണത്തിലും മികവുപുലര്ത്തിയ സംസ്ഥാനങ്ങളെ,പ്രത്യേകിച്ചും ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളെ,അവര് നടത്തിയ ഗുണപരമായ പ്രവര്ത്തനങ്ങള്ക്ക് ശിക്ഷിക്കുന്ന രീതിയായി ഇത് മാറും എന്നും നേതാക്കള് വിലയിരുത്തുന്നു.
1952,1962,1972,2002 എന്നീ വര്ഷങ്ങളിലാണ് മണ്ഡല പുനര്നിര്ണ്ണയം നടന്നിട്ടുള്ളത്.1952 ല് 489 സീറ്റുകളാണ് ഉണ്ടായിരുന്നത്.1962 ല് ഇത് നാനൂറ്റി തൊണ്ണൂറ്റിനാലും 1972 ല് അഞ്ഞൂറ്റി ഇരുപത്തിരണ്ടുമായി. 1976 ല് നാല്പ്പത്തിരണ്ടാം ഭരണഘടന ഭേദഗതിയിലൂടെ ഇരുപത്തിയഞ്ച് വര്ഷത്തേക്ക് സമാജികരുടെ എണ്ണം വര്ദ്ധിപ്പിക്കേണ്ട എന്ന് തീരുമാനിച്ചപ്പോള് ആകെ അംഗങ്ങള് 543 ആയിരുന്നു. അതാണ് ഇപ്പോഴും തുടരുന്നതും. ജനസംഖ്യ നിയന്ത്രണത്തിന് പ്രാധാന്യം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ജനസംഖ്യയ്ക്ക് ആനുപാതികമായി ജനപ്രതിനിധികളുടെ എണ്ണം വര്ദ്ധിപ്പിക്കേണ്ടതില്ല എന്ന പുരോഗമനപരമായ തീരുമാനം 1976 ല് കൈക്കൊണ്ടത്. ഈ സമീപനം ശരിവയ്ക്കുന്ന നിലപാടാണ് 2001 ല് എണ്പത്തിനാലാം ഭരണഘടന ഭേദഗതിയിലൂടെ കൊണ്ടുവന്നതും. അതിന്പ്രകാരം 2026 വരെ സമാജികരുടെ എണ്ണം വര്ദ്ധിപ്പിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. ഇപ്പോഴും അത് മാറ്റുന്നതിനുള്ള ഒരു കാരണവും കാണുന്നില്ല.തമിഴ്നാട് ആവശ്യപ്പെടുന്നപോലെ അംഗസംഖ്യ മാറ്റം വരാതെ 2056 വരെ നിലനിര്ത്തുകയോ 543 എന്ന നിലവിലുള്ള അംഗസംഖ്യയെ എല്ലാക്കാലത്തേക്കുമെന്നവണ്ണം ഉറപ്പിക്കുകയോ ആണ് ചെയ്യേണ്ടത്.
ഇപ്പോള് ശരാശരി 10.11 ലക്ഷം ആളുകളെയാണ് ഒരു ലോക്സഭാഗം പ്രതിനിധീകരിക്കുന്നത്. ഈ നിലയില് ജനസംഖ്യ അടിസ്ഥാനപ്പെടുത്തി മണ്ഡലപുനര്നിര്ണ്ണയം നടത്തിയാല് കേരളത്തിലെ ലോക്സഭാംഗങ്ങള് ഇരുപതില് നിന്നും പന്ത്രണ്ടാകും.തമിഴ്നാട്ടില് മുപ്പത്തിയൊന്പത് എന്നത് മുപ്പത്തിയൊന്നും കര്ണ്ണാടകയുടേത് ഇരുപത്തിയെട്ടില് നിന്നും ഇരുപത്തിയാറുമായി കുറയും.എന്നാല് ഉത്തര്പ്രദേശ്,ബീഹാര്,രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില് സീറ്റുകളില് വലിയ വര്ദ്ധനവും ഉണ്ടാകും.ചുരുക്കത്തില് സഭയിലെ ദക്ഷിണേന്ത്യയുടെ സംഖ്യാബലം പത്തൊന്പത് ശതമാനവും ഉത്തരേന്ത്യയുടേത് അറുപത് ശതമാനവുമാകും. സ്വാഭാവികമായും ഇത് കേന്ദ്രസര്ക്കാരും ദക്ഷിണേന്ത്യന് സംസ്ഥാന സര്ക്കാരുകളും തമ്മിലുള്ള ആശയസംഘര്ഷം വര്ദ്ധിപ്പിക്കും. അത് കടുത്ത വിഘടനവാദത്തിലേക്കൊക്കെ പോകാനുള്ള സാധ്യത മുന്കൂട്ടി കാണേണ്ടതുണ്ട്.
ജനപ്രതിനിധി സഭകളുടെ പ്രാഥമിക ലക്ഷ്യം മതിയായ ചര്ച്ചകളിലൂടെ നിയമനിര്മ്മാണം നടത്തുകയും സര്ക്കാരുകള് എല്ലാ ജനവിഭാഗങ്ങള്ക്കും അനുഗുണമാകുംവിധം സത്യസന്ധമായും നീതിപൂര്വ്വകമായും ഭരണം നടത്തുന്നു എന്ന് ഉറപ്പാക്കലുമാണ്. ശരികളെ അംഗീകരിക്കുകയും തെറ്റുകളെ വിമര്ശിക്കുകയും ചെയ്യുക എന്നതും ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണ്. എന്നാല് ഇത്തരം സംഗതികളില് പരാജയപ്പെടുന്ന ജനപ്രതിനിധി സഭകളാണ് നമുക്ക് മുന്നിലുള്ളത്. ഗൌരവമേറിയ ചര്ച്ചകള്ക്ക് പകരം അടിപിടിയും ഒച്ചവെയ്പ്പും പ്രതിഷേധവും ഇറങ്ങിപ്പോക്കുമാണ് സഭകളിലുണ്ടാകുന്നത്. സാധാരണക്കാരന്റെ പ്രശ്നങ്ങള് ചര്ച്ച ചെയ്യുന്നത് അപൂര്വ്വമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധികളുടെ അംഗബലം കൂട്ടുന്നത് വഴി രാജ്യത്തെ തൊഴിലില്ലായ്മയ്ക്കോ പട്ടിണിക്കോ ശമനവുണ്ടാകില്ല.വിദ്യാഭ്യസം,ആരോഗ്യം,അടിസ്ഥാന സൌകര്യവികസനം,സ്ത്രീ ശാക്തീകരണം തുടങ്ങി ഒരു മേഖലയിലും കൂടുതല് പുരോഗതിയുണ്ടാകാന് പോകുന്നില്ല. രാഷ്ട്രീയക്കാരുടെ ഇടയിലെ തൊഴിലില്ലായ്മയ്ക്ക് അല്പ്പം ആശ്വാസമുണ്ടാകും എന്ന് മാത്രം. എന്നാല് അതിനായി സാധാരണക്കാരുടെ നികുതിപ്പണം ഉപയോഗിക്കേണ്ടതില്ല എന്ന് നമ്മള് അസന്നിഗ്ദ്ധമായി പറയേണ്ടതുണ്ട്.
പുതുതായുണ്ടാകുന്ന ഓരോ ജനപ്രതിനിധിക്കുമായി വര്ഷം തോറും കോടിക്കണക്കിന് രൂപ വിനിയോഗിക്കേണ്ടിവരും. അതുവഴി ഗുണമൊന്നുമുണ്ടാകില്ല. ഇപ്പോള് സഭകളില് കാണുന്ന ആള്ക്കൂട്ടത്തെ കുറയ്ക്കാന് എന്തെങ്കിലും മാര്ഗ്ഗമുണ്ടെങ്കില് അതിനാണ് ശ്രമിക്കേണ്ടത്. വലിയ ആള്ക്കൂട്ടങ്ങള് ക്രിയാത്മകമായി ഒന്നും ചെയ്യാറില്ല. അതുകൊണ്ടുതന്നെ രാജ്യസഭ,ലോക്സഭ,നിയമസഭകള്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് തുടങ്ങി എല്ലാ മേഖലകളിലും ജനപ്രതിനിധികളുടെ എണ്ണം ഇപ്പോഴുള്ളതില് കൂട്ടേണ്ടതില്ല എന്ന് തീരുമാനിക്കുന്നതാകും ഉചിതം.✍️

No comments:

Post a Comment