2025 ഫെബ്രുവരി 16-23 ലക്കം കലാകൌമുദിയില് സാമ്പത്തിക സര്വ്വയെയും കേന്ദ്ര ബജറ്റിനേയും അടിസ്ഥാനമാക്കി എഴുതിയ ലേഖനം- അവസാന ഭാഗം)
---------------------
വി.ആര്.അജിത് കുമാര്
------------------
പ്രകൃതി ദുരന്തം
ഡിസാസ്റ്റര് മാനേജ്മെന്റിന് ആവശ്യത്തിനുള്ള തുക അനുവദിക്കുന്നില്ല എന്ന പരാതിയാണ് തമിഴ്നാടും കേരളവും മുന്നോട്ട് വയ്ക്കുന്നത്. അതിന് ന്യായവുമുണ്ട്. വയനാട്ടിലെ ദുരന്തവും തമിഴ്നാട്ടിലെ ചുഴലിക്കാറ്റ് ദുരന്തങ്ങളും സംസ്ഥാനത്തിന് മാത്രമായി കൈകാര്യം ചെയ്യാവുന്നവയല്ല. എന്നാല് ഇത്തരം ദുരന്തത്തിനുള്ള തുക ബജറ്റിലാണോ ഉള്പ്പെടുത്തേണ്ടത് എന്നതില് സംശയമുണ്ട്. ദുരന്തനിവാരണത്തിനായി കേന്ദ്രം നീക്കിവയ്ക്കുന്ന തുകയില് നിന്നും നല്കേണ്ടവയാണ് ഇവ. എന്നുമാത്രമല്ല,നാടിന്റെ പ്രതിരോധം,തീവ്രവാദ നിയന്ത്രണം തുടങ്ങി ദേശീയ സുരക്ഷയ്ക്ക് നല്കുന്നപോലെ പ്രാധാന്യം നല്കേണ്ട ഒന്നാണ് ദുരന്തനിവാരണവും. സമൂഹത്തിന്റെ ദുരന്താവസ്ഥയ്ക്ക് പ്രതിരോധം തീര്ക്കേണ്ടത് കേന്ദ്ര സര്ക്കാരാണ്.അതിനുള്ള സ്കില്ലും ധനവും കേന്ദ്രത്തിനാണുള്ളത്. അതുകൊണ്ടുതന്നെ ഡിസാസ്റ്റര് മാനേജ്മെന്റ് പൂര്ണ്ണമായും കേന്ദ്രം ഏറ്റെടുക്കേണ്ടതുണ്ട്. സൈന്യത്തില് നിന്നും മറ്റും ഡപ്യൂട്ടേഷനിലുള്ളവരും അതീവ പരിശീലനം നേടിയവരും ഉള്പ്പെടുന്നതാകണം ഈ സംവിധാനം. ദുരന്തത്തിലകപ്പെട്ടവരുടെ ക്ഷേമവും നഷ്ടപരിഹാരവുമൊക്കെ കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാകണം.ഈ വിഷയം കേന്ദ്ര സര്ക്കാര് ഗൌരവമായെടുക്കേണ്ട ഒന്നുതന്നെയാണ്.
കേരളത്തിന് മാതൃക തമിഴ്നാട്
------------------------
തമിഴ്നാട് ഭരിക്കുന്നത് ഇന്ഡി സഖ്യത്തിലെ ഡിഎംകെ നേതൃത്വം നല്കുന്ന കോണ്ഗ്രസ്സും ഇടതുപക്ഷങ്ങളും ചേര്ന്ന മുന്നണിയാണ്. എങ്കിലും ഭരണത്തിലും കേന്ദ്ര സംസ്ഥാന ബന്ധത്തിലും ഒരു നിശ്ചിത ശതമാനത്തിനപ്പുറം രാഷ്ട്രീയം ചേര്ക്കാതെ നാടിന്റെ വികസനത്തില് ശ്രദ്ധിക്കുന്ന രീതിയാണ് എല്ലാകാലത്തും തമിഴ്നാട് സര്ക്കാരുകള് സ്വീകരിച്ചിട്ടുള്ളത്.വികസന പദ്ധതികള് നേടിയെടുക്കുന്നതിന് വിപുലമായ സംവിധാനമാണ് തമിഴ്നാടിനുള്ളത്.ഓരോ വകുപ്പില് നിന്നും സംസ്ഥാനത്തിന് ലഭ്യമാകാവുന്ന തുക കണ്ടെത്തി കേന്ദ്രത്തില് ലെയ്സണ് ചെയ്ത് അവ നേടിയെടുക്കുന്നതില് സര്ക്കാര് മെഷിനറിയും പാര്ലമെന്റംഗങ്ങളും ചിട്ടയായ നീക്കങ്ങളാണ് നടത്തുക.ഇത് എല്ലാകാലത്തും അങ്ങിനെതന്നെയായിരുന്നു.എന്നാല് കേരളം ഇക്കാര്യത്തില് വെറും തൊലിപ്പുറത്തുള്ള പ്രവര്ത്തനങ്ങളാണ് നടത്തുക.പാര്ലമെന്റംഗങ്ങള് ഒരിക്കലും അത്തരമൊരു ദേശസ്നേഹം കാട്ടിയിട്ടില്ല.അതിനായി സര്ക്കാര് സംവിധാനം ശ്രമിച്ചിട്ടുമില്ല.ഇത്തരമൊരു ലക്ഷ്യം വച്ച് ഡല്ഹിയില് കേരള ഹൌസില് എംപി സെല് തുടങ്ങിയെങ്കിലും അത് എംപിമാര്ക്ക് എയര്പോര്ട്ടിലേക്ക് വാഹനം നല്കാനും അത്യാവശ്യം കത്തുകള് ടൈപ്പ് ചെയ്ത് നല്കാനുമുള്ള സംവിധാനമായി ഒതുങ്ങി.ലെയ്സണ് വിംഗ് സംസ്ഥാന മന്ത്രിമാര്ക്ക് കേന്ദ്രമന്ത്രിമാരെ കാണാനുള്ള അപ്പോയിന്റ്മെന്റ് വാങ്ങി നല്കുന്ന സംവിധാനമായും ചുരുങ്ങി.1994-2005 കാലത്ത് ഡല്ഹി കോരള ഹൌസില് ജോലി ചെയ്തിരുന്ന കാലത്ത് കേന്ദ്ര സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായുള്ള സമ്പര്ക്കത്തില് മനസിലാക്കിയിട്ടുള്ളത് കേരളം കൃത്യമായ പ്രൊപ്പോസലുകള് നല്കാറില്ല, അഥവാ നല്കി തുക അനുവദിച്ചാലും ആദ്യ ഗഡു വാങ്ങിയ ശേഷം അടുത്ത ഗഡു വാങ്ങാനുള്ള ശ്രമം നടത്താറില്ല എന്നൊക്കെയാണ്.ചിലവാക്കിയ തുക സംബ്ബന്ധിച്ച് കൃത്യമായ റിപ്പോര്ട്ട് നല്കാത്തതാണ് പരാജയമാകുന്നത്. ഈ രീതി മാറുന്നതിന് കേന്ദ്ര സെക്രട്ടേറിയറ്റില് നിന്നും വിരമിച്ച മലയാളികളെയും കേരള കേഡര് ഉദ്യോഗസ്ഥരേയും ഉള്പ്പെടുത്തി ഒരു കോര്ടീം ഡല്ഹിയില് രൂപീകരിക്കണം എന്ന് ആ കാലത്ത് നിര്ദ്ദേശിച്ചിരുന്നെങ്കിലും ഭരണനേതൃത്വം അതില് താത്പ്പര്യം കാണിച്ചില്ല.നമ്മള് എന്നും വിമര്ശനത്തിന്റെ ലോകത്താണ് ജീവിക്കുന്നത്.രാഷ്ട്രീയവും ഭരണവും രണ്ടായി കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്പ്പെടുന്ന ഉന്നതസമിതി രൂപീകരിച്ച് വിവിധ വകുപ്പുകളില് നിന്നും പ്രോപ്പോസലുകള് നല്കി വാങ്ങിയെടുക്കാവുന്ന പരമാവധി തുക കേന്ദ്രത്തില് നിന്നും സംഘടിപ്പിക്കുകയാണ് വേണ്ടത്.കേന്ദ്ര സഹായം ലഭിക്കുന്നത് മൂടിവയ്ക്കുക,കേന്ദ്രാവിഷ്കൃത പദ്ധതികളില് പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കുവാന് മടികാണിക്കുക തുടങ്ങിയ സങ്കുചിത സമീപനങ്ങളിലൂടെ സാധാരണ ജനങ്ങള്ക്കും നാടിനും ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. രാഷ്ട്രീയം ഗോവിന്ദനും ബിനോയ് വിശ്വവും സുധാകരനും സുരേന്ദ്രനുമൊക്കെ സംസാരിക്കട്ടെ, ഭരണം കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് കൈകോര്ത്ത് നടത്തേണ്ട ഒന്നാണ് എന്ന തിരിച്ചറിവ് ഭരണാധികാരികള്ക്കുണ്ടാവണം.കസേരയും വോട്ടുമല്ല പ്രധാനം, നാടും ജനങ്ങളുമാണ് എന്ന ബോധ്യമുണ്ടാകണം.ഒരു ഫെഡറല് സംവിധാനത്തില് ഡബിള് എന്ജിന് ഭരണം തന്നെയാണ് നടക്കുന്നത്. അത് സാധാരണക്കാര്പോലും തിരിച്ചറിയുമ്പോഴും രാഷ്ട്രീയ നേതൃത്വങ്ങള് ധൃതരാഷ്ട്രറന്മാരാകുന്നത് സങ്കടകരമാണ്. (അവസാനിച്ചു)

No comments:
Post a Comment