ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് – ആശങ്കകളും പ്രതീക്ഷകളും( 2024 ഒക്ടോബര് 6-13 ലക്കം കലാകൌമുദിയില് വന്ന ലേഖനം- അവസാന ഭാഗം )
വി.ആര്.അജിത് കുമാര്
നടപ്പിലാക്കുന്നതിനുള്ള പ്രതിബന്ധങ്ങള്‍
----------------------------------------------------------
ഇപ്പോള്‍ ഇന്ത്യയില്‍ 10 ലക്ഷത്തിലേറെ പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണമെങ്കില്‍,ഒരു സ്റ്റേഷനില്‍ 2 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വേണ്ടിവരും. ഇതിന് പുറമെ 40 ശതമാനം ബാലറ്റിംഗ് യൂണിറ്റും 20 ശതമാനം കണ്‍ട്രോള്‍ യൂണിറ്റും അധികമായി കരുതണം. അതായത് 28 ലക്ഷം ബാലറ്റിംഗ് യൂണിറ്റും 24 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റും വേണ്ടിവരും എന്നര്ത്ഥം. 25 ലക്ഷം വിവിപാറ്റ് യൂണിറ്റുകളും വേണ്ടിവരും.ഇത് തയ്യാറാക്കി നല്‍കാന്‍ നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് കഴിയും എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇവ സൂക്ഷിക്കുന്നതിന് ആവശ്യമായ വെയര്‍ഹൌസ് സൌകര്യവും ഒരുക്കേണ്ടിവരും.
മറ്റൊന്ന് നിയമപരമായ കാര്യങ്ങളാണ്.ഭരണഘടനയില്‍ കാര്യമായ മാറ്റംവരുത്തേണ്ടിവരും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പുതിയ ഒരു ഭാഗം ഭരണഘടനയില്‍ ചേര്‍ക്കുകയും അതില്‍ പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി ഭരണഘടനയിലുള്ള അനുച്ഛേദങ്ങള്‍ ഇതോടെ ഇല്ലാതാകുന്നു എന്ന് രേഖപ്പെടുത്തുകയും ചെയ്യേണ്ടിവരും. ലോക്സഭയുടെയും രാജ്യസഭയുടെയും കാലാവധി നിശ്ചയിച്ചിട്ടുള്ള ആര്‍ട്ടിക്കിള്‍ 83,83(2),പിരിച്ചുവിടല്‍ സംബ്ബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 85,നിയമസഭയുടെ കാലാവധി സംബ്ബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 172(1) ,നിയമസഭ പിരിച്ചുവിടുന്നത് സംബ്ബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 174, പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തുന്നത് സംബ്ബന്ധിച്ചുള്ള ആര്‍ട്ടിക്കിള്‍ 356 എന്നിവയാണ് ഇതില്‍ പ്രധാനം.
ഗൌരവമേറിയ ചര്‍ച്ചകള്‍ ഉണ്ടാകണം
1. ലോക്സഭയുടെയും നിയമസഭയുടെയും കലാവധി ഡിസംബര്‍ 31 ,അല്ലെങ്കില്‍ ഏപ്രില്‍ 30 എന്നൊക്കെയുള്ള നിലയില്‍ അഞ്ച് വര്‍ഷത്തേക്ക് എന്ന് മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്.
2. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള് അത് വിജയിക്കുകയാണെങ്കില്‍ അപ്പോള്‍ തന്നെ പകരക്കാരനെ നിശ്ചയിച്ച് അയാള്‍ അനുയോജ്യനാണോ എന്ന് നിശ്ചയിക്കുന്ന വിശ്വാസ പ്രമേയം കൂടി വോട്ടിനിടണം. അതും വിജയിക്കുന്നില്ല എങ്കില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കി മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നിശ്ചയിക്കാനുള്ള വ്യവസ്ഥ കൊണ്ടുവരണം.
3. അത്തരത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷ കാലാവധിയില്‍ ബാക്കിവരുന്ന സമയത്തേക്ക് മാത്രമായി നിജപ്പെടുത്തണം.
4. ഒരു വര്‍ഷം ഒഴിവ് വരുന്ന ലോക്സഭ,നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് ആറുമാസത്തിലൊരിക്കല്‍ അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
5. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക്സഭ,നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞുവരുന്ന വര്‍ഷം ലോക്സഭ,നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്ന അതേ സമയത്തുതന്നെ നടത്താന്‍ കഴിയുമോ എന്നതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
6. 2029 ലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതെങ്കില്‍ അതിന് മുന്നെ കാലാവധി തീരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ വീണ്ടും നടത്തുമ്പോള്‍ 2029 ല്‍ അവസാനിക്കുന്ന ഒരു ഹ്രസ്വകാല തെരഞ്ഞെടുപ്പ് നടത്തുന്നതാകും നല്ലത്. 2025 ജാനുവരിയില്‍ ജാര്‍ഖണ്ഡിലും നവംബറില്‍ ബീഹാറിലും 2026 മെയില്‍ ആസ്സാമിലും കേരളത്തിലും 2027 മാര്‍ച്ചില്‍ ഗോവയിലും ഡിസംബറില്‍ ഗുജറാത്തിലുമൊക്കെ തെരഞ്ഞെടുപ്പ് ഇത്തരത്തിലാകുന്നതാകും ഉചിതം. ആറ് മാസം കാലാവധിയെ ഉള്ളൂ എങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.
ഇത്തരത്തില്‍ ആദ്യമുണ്ടാകാവുന്ന ബാലാരിഷ്ടതകളെ അതിജീവിച്ചാല്‍ രാജ്യത്തിന് വളരെ ഗുണകരമാകുന്ന ഒന്നാകും ഒരു ദേശം ഒരു തെരഞ്ഞെടുപ്പ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ അണികളുമൊഴികെ മറ്റെല്ലാവരും ഈ തീരുമാനത്തെ സ്വീകരിക്കാന്‍ സാധ്യതയുണ്ട്.നിരന്തരമായി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിലൂടെ ഉണ്ടാകാവുന്ന ഭരണപരമായ മെല്ലെപ്പോക്കും പദ്ധതികള്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസവും ഇതിലൂടെ ഒഴിവാക്കാന്‍ കഴിയും.സൌജന്യങ്ങള്‍ വാഗ്ദാനം ചെയ്തുള്ള തെരഞ്ഞെടുപ്പുകളുടെ മത്സരം കുറയ്ക്കാം. തെരഞ്ഞെടുപ്പുകളുടെ നിരന്തര സമ്മര്‍ദ്ദത്തില്‍ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സമ്മതിദായകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും നിയമ സംരക്ഷകര്‍ക്കും വലിയ തോതിലുള്ള മോചനമാകും ലഭിക്കുക. കോടിക്കണക്കിന് രൂപയുടെ അധികചിലവും മനുഷ്യമണിക്കൂറുകളുടെ നഷ്ടവും ഒഴിവാക്കാന്‍ കഴിയും.വരുന്ന അഞ്ചുവര്‍ഷം കൊണ്ട് വലിയ പ്രതിഷേധങ്ങളെ മറികടന്ന് ഭരണഘടനയിലെ മാറ്റങ്ങളും നിയമ നടപടികളും അടിസ്ഥാന സൌകര്യമൊരുക്കലും സുരക്ഷയും ഉറപ്പാക്കി തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും ശക്തവും പുരോഗമനപരവുമായ മാറ്റം കൊണ്ടുവരാന്‍ നിലവിലുള്ള കൂട്ടുകക്ഷി ഭരണത്തിന് കഴിയുമോ എന്നത് സംശയമുണര്‍ത്തുന്ന ഒരു കാര്യമാണ്. എങ്കിലും 1999 ല്‍ ജസ്റ്റീസ് ബി.പി.ജീവന്‍ റഡ്ഡിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന്‍ മുന്നോട്ടുവച്ച ഈ നിര്‍ദ്ദേശം അതിന്‍റെ ഇരുപത്തിയഞ്ചാം വര്‍ഷം ശക്തമായൊരു ചര്‍ച്ചയ്ക്ക് ഉതകുംവിധം വളര്‍ന്നു എന്നതും മുന്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് സമിതി രൂപപ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു എന്നതും അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്നു എന്നതും പ്രതീക്ഷ ഉണര്‍ത്തുന്ന കാര്യങ്ങളാണ്(അവസാനിച്ചു)🙏
No comments:
Post a Comment