ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് – ആശങ്കകളും പ്രതീക്ഷകളും( 2024 ഒക്ടോബര് 6-13 ലക്കം കലാകൌമുദിയില് വന്ന ലേഖനം- ഭാഗം -1 )
-വി.ആര്.അജിത് കുമാര്
ഇന്ത്യയുടെ ഫെഡറല് സംവിധാനത്തെ തുരങ്കം വയ്ക്കുന്ന കേന്ദ്ര സര്ക്കാരിന്റെയും ബിജെപിയുടെയും നിരവധി അജണ്ടകളില് ഒന്നാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാണ് പ്രധാന പ്രതിപക്ഷ കക്ഷികള് പറയുന്നത്. അതില് കഴമ്പുണ്ടോ എന്ന് ചോദിച്ചാല് ഇല്ല എന്ന് പറയാന് കഴിയില്ല.കാരണം നമ്മുടെ ഭരണഘടന രാജ്യമൊട്ടാകെ ഒറ്റ തെരഞ്ഞെടുപ്പ് എന്ന സമീപനം കൈക്കൊണ്ടിരുന്നില്ല. ഭരണഘടനാ ശില്പ്പികള് ഫെഡറല് സംവിധാനത്തില് സംസ്ഥാനങ്ങള്ക്കുള്ള പ്രാധാന്യം ഉള്ക്കൊണ്ടുതന്നെയാണ് അനുച്ഛേദങ്ങള് എഴുതിചേര്ത്തിട്ടുള്ളത് എന്ന് വ്യക്തം.
ഇന്ത്യന് ഭരണഘടനയുടെ നിര്മ്മാണത്തില് ഏറെ ആശ്രയിച്ചിട്ടുള്ള ബ്രിട്ടനിലെയും അമേരിക്കയിലെയും ഭരണഘടനയിലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയല്ല ഉള്ളത് എന്നതും ശ്രദ്ധേയമാണ്.അമേരിക്കയില് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാല് വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്. നവംബറിലെ ആദ്യ തിങ്കള് കഴിഞ്ഞുവരുന്ന ചൊവ്വാഴ്ചയാണ് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. ഹൌസ് ഓഫ് റപ്രസന്റേറ്റീവില് രണ്ട് വര്ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പ്.435 സീറ്റിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുക.ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയാണ് കോണ്ഗ്രഷണല് ജില്ലകളെ നിശ്ചയിച്ചിട്ടുള്ളത്. ശരിക്കും ഇന്ത്യന് പാര്ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് പോലെയാണിത് നടക്കുന്നത്. ഡമോക്രാറ്റിക് പാര്ട്ടിയും റിപ്പബ്ലിക്കന് പാര്ട്ടിയും എന്ന് രണ്ട് പാര്ട്ടികളെ ഉള്ളൂ എന്നതിനാല് പ്രൈമറി തെരഞ്ഞെടുപ്പിലൂടെ പാര്ട്ടി സ്ഥാനാര്ത്ഥികളെ നിശ്ചയിക്കുകയും ഇരട്ട അക്കം വരുന്ന വര്ഷത്തിലെ നവംബറിലെ ആദ്യ തിങ്കള് കഴിഞ്ഞുള്ള ചൊവ്വാഴ്ച ഇരു സഭകളിലേക്കുമുള്ള പ്രാധാന തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും.പ്രസിഡന്റ് തെരഞ്ഞടുപ്പിനൊപ്പം നടക്കുന്ന ഹൌസ് ഓഫ് റപ്രസെന്റേറ്റീവ്സ് തെരഞ്ഞടുപ്പും മൂന്നിലൊന്ന് സെനറ്റംഗങ്ങളുടെ തെരഞ്ഞടുപ്പും കഴിഞ്ഞാല് പ്രസിഡന്റിന്റെ കാലാവധി ഏതാണ്ട് പകുതിയാകുമ്പോഴാണ് ഈ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുക എന്നതാണ് മറ്റൊരു പ്രത്യേകത.എന്നാല് ഗവര്ണ്ണര്,സംസ്ഥാന നിയമസഭയിലേക്കുള്ള പ്രതിനിധികള്, മേയര്,പ്രാദേശിക പ്രതിനിധികള് എന്നിവരുടെ തെരഞ്ഞെടുപ്പ് മിക്കപ്പോഴും ഫെഡറല് തെരഞ്ഞെടുപ്പുമായി ചേര്ന്നാകില്ല നടക്കുക. അവയ്ക്ക് പ്രാദേശികമായ കാലാവസ്ഥയും വ്യവസ്ഥകളുമാണ് ബാധകം.
ബ്രിട്ടനിലെ നിയമങ്ങളാണ് ഇന്ത്യന് ഭരണഘടനയുടെ അടിസ്ഥാനം എന്നുപറയാം.തെരഞ്ഞെടുപ്പിലും അതങ്ങിനെതന്നെയാണ്.നമ്മുടെ ലോക്സഭയ്ക്ക് തുല്യമാണ് യുകെയിലെ ഹൌസ് ഓഫ് കോമണ്സ്. അഞ്ച് വര്ഷം കൂടുമ്പോഴാണ് തെരഞ്ഞടുപ്പ് നടക്കുക.650 പാര്ലമെന്റ് അംഗങ്ങളാണുള്ളത്. ഇതില് ഭൂരിപക്ഷം കിട്ടുന്ന പാര്ട്ടിയുടെയോ മുന്നണിയുടെയോ നേതാവ് പ്രധാനമന്ത്രിയാകും. ഭൂരിപക്ഷം നഷ്ടമായാല് 14 ദിവസത്തിനുള്ളില് പകരം സര്ക്കാരുണ്ടാക്കാം. അല്ലെങ്കില് ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് പോകും.സ്കോട്ടലന്റ്,വെയില്സ്,നോര്ത്തേണ് അയര്ലന്റ്,ലണ്ടന് എന്നവിടങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് പ്രത്യേകമായാണ് നടത്തുക.ലണ്ടന് അസംബ്ലിയുടെ കാലാവധി നാല് വര്ഷവും മറ്റിടങ്ങളില് അഞ്ച് വര്ഷവുമാണ്. ഇതിന് പുറമെ മേയര് തെരഞ്ഞെടുപ്പും പ്രാദേശിക കൌണ്സില് തെരഞ്ഞെടുപ്പുകളും നടക്കും.ചുരുക്കത്തില് യുകെ എന്ന ചെറിയ രാജ്യത്തിന്റെ ഒരു വലിയ പതിപ്പാണ് ഇന്ത്യ എന്ന് കാണാം. മതം,ജാതി,ഭാഷ,വംശം തുടങ്ങിയ കാര്യങ്ങളില് നമ്മുടെ അത്ര വൈവിധ്യം ഇല്ല എന്നതേ വ്യത്യാസമുള്ളു.
അമേരിക്കയും യുകെയും നടപ്പിലാക്കിയിട്ടില്ല എന്നതിനാല് ഒരു ദേശം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയെക്കുറിച്ച് ആലോചിക്കുന്നതില് പ്രസക്തിയില്ല എന്ന വാദത്തെ ഖണ്ഡിക്കുന്നവര് ചൂണ്ടിക്കാട്ടുന്ന മാതൃക മറ്റു ചില രാഷ്ട്രങ്ങളാണ്.ദക്ഷിണാഫ്രിക്കയില് അഞ്ച് വര്ഷത്തിലൊരിക്കല് ദേശീയ തെരഞ്ഞെടുപ്പും പ്രോവിന്ഷ്യല് തെരഞ്ഞെടുപ്പും ഒറ്റദിവസമാണ് നടക്കുന്നത്. ഇവിടെ ജനം വോട്ടുചെയ്യുന്നത് സ്ഥാനാര്ത്ഥിക്കല്ല, പാര്ട്ടിക്കാണ്.ആനുപാതിക പ്രാതിനിധ്യ സമ്പ്രദായപ്രകാരം ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില് പാര്ട്ടി നല്കുന്ന ലിസ്റ്റില് നിന്നും ദേശീയ അസംബ്ലിയിലേക്കും പ്രോവിന്ഷ്യല് അസംബ്ലിയിലേക്കും അംഗങ്ങളെ നിശ്ചയിക്കും.0.25 ശതമാനം വോട്ട് നേടുന്ന പാര്ട്ടിക്ക് പോലും സഭയില് ഒരു പ്രതിനിധിയുണ്ടാകും. കൂടുതല് വോട്ട് നേടിയ പാര്ട്ടിയുടെ നേതാവ് ദേശീയ പ്രസിഡന്റാകും. പ്രോവിന്സിലെ പ്രീമിയറിനെയും തെരഞ്ഞെടുക്കുക ഇത്തരത്തിലാണ്. എന്നാല് മുനിസിപ്പല് തെരഞ്ഞെടുപ്പ് പ്രത്യേകമായാണ് നടക്കുക. സ്വീഡനില് ദേശീയ-പ്രോവിന്ഷ്യല് തെരഞ്ഞെടുപ്പ് മാത്രമല്ല മുനിസിപ്പല് തെരഞ്ഞടുപ്പും ഒറ്റ ദിവസം തന്നെ നടക്കും. നാല് വര്ഷ കാലാവധിയുള്ള ഭരണത്തിന് പാര്ട്ടികള്ക്കാണ് ജനം വോട്ട് ചെയ്യുന്നത്. ആനുപാതിക പ്രാതിനിധ്യ രീതി അനുസരിച്ചാണ് ഇവിടെയും ഭരണം നിശ്ചയിക്കുന്നത്. ബെല്ജിയത്തിലും ഒരേ ദിവസമാണ് ഫെഡറല് പാര്ലമെന്റിലേക്കും റീജിയണല് പാര്ലമെന്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുക. ഇവിടെയും ആനുപാതിക പ്രാതിനിധ്യമാണ്. പാര്ട്ടികള്ക്കാണ് ജനം വോട്ട് ചെയ്യുന്നത് എന്നുമാത്രമല്ല നിര്ബ്ബന്ധിത വോട്ടിംഗുമാണ്. വോട്ട് ചെയ്യാത്തവരില് നിന്നും പിഴ ഈടാക്കാറുണ്ട്. ഇന്ഡോനേഷ്യയില് വളരെ വ്യത്യസ്തമായ രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഒരു നാളില്തന്നെ പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് , റീജിയണല് റപ്രസന്റേറ്റീവ് കൌണ്സില് എന്നിവയിലേക്ക് നേരിട്ടും ഹൌസ് ഓഫ് റപ്രസന്റേറ്റീവിലേക്ക് ആനുപാതിക പ്രാതിനിധ്യ രീതിയനുസരിച്ച് പാര്ട്ടികള്ക്കും വോട്ട് ചെയ്യണം. ഹൌസ് ഓഫ് റപ്രസന്റേറ്റീവിലേക്കുള്ള പാര്ട്ടി ലിസ്റ്റില് 30 ശതമാനം അംഗങ്ങള് വനിതകളായിരിക്കണം എന്നും പറയുന്നുണ്ട്. ചുരുക്കത്തില്, ഒരു ദേശം ഒറ്റ തെരഞ്ഞെടുപ്പ് എന്നത് പ്രാവര്ത്തികമാക്കുന്നതില് വലിയ ബുദ്ധിമുട്ട് ഇല്ല എന്ന് മനസിലാക്കാം, എന്നുമാത്രമല്ല അത്തരമൊരു മാതൃക വിജയകരമായി നടപ്പാലാക്കിയാല് അമേരിക്കയും യുകെയും ഉള്പ്പെടെയുള്ള രാജ്യങ്ങള്ക്ക് ആവശ്യമെങ്കില് ഈ മാതൃക വരുംകാലം സ്വീകരിക്കാവുന്നതുമാണ്.
1952 മുതല് ഇന്ത്യയില് പൊതുവായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടന്നിരുന്നു. 1960 അവസാന കാലമായപ്പോഴേക്കും ചില സംസ്ഥാന സര്ക്കാരുകളെ കേന്ദ്രം പിരിച്ചുവിട്ടു. ചില കൂട്ടുകക്ഷി ഭരണങ്ങള് ആഭ്യന്തര പ്രശ്നങ്ങളാല് ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലായി.1959 ലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്ക്കാരിനെ പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം കൊണ്ടുവന്നതാണ് ഇതിന് തുടക്കമായത്.1960 ല് കേരളത്തില് തെരഞ്ഞെടുപ്പ് വേണ്ടിവന്നു.1962 ലായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ്. 1964 ല് വീണ്ടും കേരളത്തില് പ്രസിഡന്റ് ഭരണം വന്നു.1965 ല് അസംബ്ലി തെരഞ്ഞെടുപ്പ് നടന്നു.1966 ല് പഞ്ചാബിലും 1968 ല് ബീഹാറിലും ബംഗാളിലും പ്രസിഡന്റ് ഭരണം വന്നു. 1970 ലാണ് ആദ്യമായി ലോക്സഭ കലാവധി പൂര്ത്തിയാക്കാതെ പിരിച്ചു വിട്ടത്.1971 ല് തെരഞ്ഞെടുപ്പ് നടന്നു. ഇതോടെ തെരഞ്ഞെടുപ്പുകളുടെ താളം തെറ്റാന് തുടങ്ങി. എങ്കിലും ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തില് കാലാവധി പൂര്ത്തിയാക്കാത്ത സര്ക്കാരുകള് കുറവാണെന്നു കാണാം. 1967 ലെ സര്ക്കാര് ഒരു വര്ഷം കാലാവധി ബാക്കി നില്ക്കെ 1971 ല് അവസാനിച്ചു. എന്നാല് തുടര്ന്നുള്ള അടിയന്തിരാവസ്ഥക്കാലത്ത് ഭരണം 1977 വരെ തുടര്ന്നു.1977 ലെ ജനത സര്ക്കാര് മൂന്ന് വര്ഷവും തുടര്ന്നു വന്ന ഇന്ദിര സര്ക്കാര് അവരുടെ മരണത്തെത്തുടര്ന്ന് നാല് വര്ഷംകൊണ്ടും അവസാനിച്ചു. എന്നാല് തുടര്ന്നുവന്ന രാജീവ് സര്ക്കാര് കാലാവധി പൂര്ത്തിയാക്കി. 1991 ലെ നരസിംഹ റാവു സര്ക്കാരും കാലാവധി പൂര്ത്തിയാക്കിയിരുന്നു.എന്നാല് 1996 ല് അനിശ്ചിതത്വമുണ്ടായി. ആ സര്ക്കാര് മൂന്ന് പ്രധാനമന്ത്രിമാരെ കണ്ട് 1998 ല് അവസാനിച്ചു. 1998ലെ സര്ക്കാര് ഒരുവര്ഷമെ നിന്നുള്ളു.എന്നാല് 1999 മുതല് ഇതുവരെയും കാലാവധി പൂര്ത്തിയാക്കിയ ഉറപ്പുള്ള സര്ക്കാരുകളാണ് ഉണ്ടായത് എന്നുകാണാം
(തുടരും)
No comments:
Post a Comment