Monday, 9 September 2024

The birth of my first novel "Pakothi Padayani" -a memoir

 



 

പകോതി പടയണി

എന്‍റെ ആദ്യ നോവലാണ് പകോതി പടയണി. നോവലിന്‍റെ ആദ്യ പേര് മായമ്മയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നായിരുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയപ്പോള്‍ ഗ്രാമത്തില്‍ നിന്നും പറിച്ചുനടുന്നതിന്‍റെ അങ്കലാപ്പുണ്ടായിരുന്നു.അത് കുറയ്ക്കാനാണ് നഗരത്തിനു പുറത്ത് ശ്രീകാര്യത്തിന് സമീപം ചെല്ലമംഗലത്ത് അച്ഛന്‍റെ സുഹൃത്ത് കണ്ടെത്തിയ ഇടം വാങ്ങിയത്. ടാറിടാത്ത നടപ്പാതയും വീട് കഴിഞ്ഞാല്‍ ചെമ്പഴന്തി വരെ നീണ്ടുകിടക്കുന്ന വയലും ഒരു വശത്തായുള്ള കുളവുമൊക്കെകൂടി മൊത്തത്തിലൊരിഷ്ടം തോന്നി.വളരെ സാധാരണക്കാരായ നാട്ടുകാരും ചേര്‍ന്നപ്പോള്‍ സന്തോഷം ഇരട്ടിച്ചു.വീട് വച്ചുതുടങ്ങിയപ്പോഴാണ് വൈകിട്ട് ഇടറോഡിലിരുന്ന് ചാരായക്കച്ചവടം നടത്തുന്ന മായമ്മയെ പരിചയപ്പെട്ടത്. അവരെ ചുറ്റിപ്പറ്റി കേട്ടറിഞ്ഞ കഥകള്‍ക്ക് ഒരു മിത്തിന്‍റെ പരിവേഷമുണ്ടായിരുന്നു.അതിനൊപ്പം രസകരമായ കുറേ കഥാപാത്രങ്ങളും. അവരെ ചേര്‍ത്തുവച്ചപ്പോഴാണ് മായമ്മയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ രൂപപ്പെട്ടത്. കലാകൌമുദി പത്രാധിപര്‍ ജയഛന്ദ്രന്‍ സാറിനെ അറിയാമെങ്കിലും രചനയുമായി സമീപിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.അറിയുന്ന മറ്റൊരാള്‍ കുങ്കുമം പത്രാധിപര്‍ രാമകൃഷ്ണന്‍ സാറാണ്.കൃഷ്ണന്‍ മാഷ് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്.കൃതി അദ്ദേഹത്തെ ഏല്‍പ്പിച്ചു. ആറ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, സംഗതി കൊള്ളാം, പക്ഷെ മായമ്മ എന്ന പേര് മാറ്റണം. അത് എനിക്ക് പ്രയാസമായി. ഞാന്‍ കൈയ്യെഴുത്ത് പ്രതി തിരികെ വാങ്ങി.പിന്നെ അതങ്ങിനെ കുറേക്കാലം അടയിരുന്നു.

ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹം വര്‍ദ്ധിച്ചു. ജയകുമാര് സാര്‍ ഡല്‍ഹിയില്‍ സാംസ്ക്കാരിക വകുപ്പിലുണ്ട്. ഇടയ്ക്കൊക്കെ കേരള ഹൌസില്‍ കാണാറുണ്ട്. സാറിനോട് ഒരു അവതാരിക എഴുതിത്തരാമോ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും വായനയ്ക്കായി ടൈപ്പ് ചെയ്ത പ്രതി വാങ്ങുകയും ചെയ്തു. അദ്ദേഹം സ്നേഹത്തില്‍ പൊതിഞ്ഞ ഒരു അവതാരിക എഴുതിത്തന്നു.

അവതാരിക

ഒരു നോവലിന് അവതാരിക എന്തിനാണ്?നോവല്‍ വായിച്ചുകഴിഞ്ഞയാള്‍ക്ക് അവതാരികകൊണ്ട് വലിയ പ്രയോജനമില്ല.ആഴത്തിലുള്ള പഠനമാണിതെന്ന് അവകാശവാദവുമില്ല.അവതാരികയ്ക്ക് ഒരു ധര്‍മ്മമുണ്ടെന്ന് കരുതുന്നതുകൊണ്ടാവണം അജിത് കുമാര്‍ എന്നോട് ഈ കുറിപ്പ് എഴുതാന്‍ ആവശ്യപ്പെട്ടത്. നോവലിലേക്കുള്ള ഒരു പ്രവേശികയായി മാത്രം ഇതിനെ കരുതിയാല്‍ മതി.അച്ചടിക്ക് മുന്പ്,നോവലിന്‍റെ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു വന്ന ഒരാളിന്‍റെ അനുഭവക്കുറിപ്പ്.വായനക്കാരനെ കാത്തിരിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചും കഥാസന്ദര്‍ഭങ്ങളെകുറിച്ചും ഒരു മുന്‍ വിവരണം.

സമൃദ്ധമാണ് മലയാള നോവല്‍ ശാഖ.പ്രസിദ്ധരും അത്ര പ്രസിദ്ധരുമല്ലാത്ത നിരവധി എഴുത്തുകാരിലൂടെ മലയാള നോവലിന്‍റെ ആഖ്യാനസാധ്യതകളുടെ സീമകള്‍ ഏറെ വികസിച്ചുകഴിഞ്ഞു.ഈ സമൃദ്ധി വായനക്കാരന് ആഹ്ലാദം പകരുമെങ്കിലും എഴുത്തുകാരന് അത് പുതിയ വെല്ലുവിളികളാണ് ഉണര്‍ത്തുന്നത്. തന്‍റെ സ്വരം വ്യത്യസ്തമാകണമെങ്കില്‍,ഈ ആഖ്യാനസമൃദ്ധിക്കിടയിലൂടെ സ്വന്തം വഴി കണ്ടെത്തണം.ഇതിവൃത്തത്തിന് നൂതനത്വം വേണം.വാച്യമായ കഥാഖ്യാനത്തിനപ്പുറം അനുരണനങ്ങള്‍ തീര്‍ക്കാന്‍ കഴിയണം.അതിന് സമുചിതമായ ഭാഷയും ആഖ്യാനശൈലിയും അയാള് സ്വായത്തമാക്കണം.ഓരോ പുതിയ നോവലും പുതിയൊരു വായനാനുഭവമാകണമെങ്കില്‍,തന്‍റെ പൂര്‍വ്വസൂരികളും സമകാലികരും സഞ്ചരിച്ച വഴികളെപ്പറ്റി ഒരെഴുത്തുകാരന് വ്യക്തമായ ധാരണ ഉണ്ടാകണം.ഇത്രയേറെ സമസ്യകള്‍ സമര്‍ത്ഥമായി നേരിട്ടു കഴിയുമ്പോഴാണ് ശ്രദ്ധേയമായ ഒരു നോവല്‍ പിറവിയെടുക്കുന്നത്.

അജിത്കുമാറിന്‍റെ ഈ കന്നികൃതി സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.പകോതി പടയണി എന്ന ചെറു നോവലിന്‍റെ ചെപ്പിനുള്ളില്‍ വലിയൊരു കഥാലോകമാണ് നോവലിസ്റ്റ് സംക്ഷേപിച്ചിരിക്കുന്നത്. ആ ലോകമാകട്ടെ ശരികളുടെയും തെറ്റുകളുടെയും പരമ്പരാഗത നിര്‍വ്വചനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ലോകമാകുന്നു.യാഥാര്‍ത്ഥ്യവും അയഥാര്‍ത്ഥ്യവും,ഭൂതകാലവും വര്‍ത്തമാനവും എല്ലാം അവിടെ കൂടിക്കുഴയുന്നു.കള്ളച്ചാരായത്തിന്‍റെ കറുത്ത ലോകത്തിനുള്ളില്‍ ആത്മീയതയുടെ കനലാട്ടം കണ്ടറിയാനുള്ള കൌശലമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്.

ആരാണ് ഒരു പ്രവൃത്തിയെ നിയമവിരുദ്ധമോ നിയമവിധേയമോ ആക്കുന്നത്?തെറ്റും ശരിയുമാക്കുന്നത്?നിയമപാലകരോ?അവരുടെ അധികാരത്തിന്‍റെ സ്രോതസ്സുകളെവിടെയാണ്?ആരുടെ അധികാരമാണത്? ആര്‍ക്കുവേണ്ടി പ്രയോഗിക്കപ്പെടുന്ന അധികാരമാണത്?ഇത്തരം സമസ്യകളുടെ ജാലകങ്ങള്‍ തുറന്നിട്ടുകൊണ്ടാണ് ഈ നോവല്‍ വളര്‍ന്നുവികസിക്കുന്നത്.

നിയമദൃഷ്ടിയില്‍ മായമ്മ തെറ്റുകാരിയായിരിക്കാം.പക്ഷെ മായമ്മയുടെ കള്ളച്ചാരായം ഒരു ഗ്രാമത്തിന്‍റെയും ഒരു തലമുറയുടെയും ഔഷധലഹരിയായിരുന്നു.വിഷം കലര്‍ത്തി ആളെ കൊല്ലുന്ന വ്യാജമദ്യമല്ലത്.ദുരമൂത്ത അധോലോകനായകരുടെ പിണിയാളുമല്ല മായമ്മ.ഒരു വിശുദ്ധമാതാവിന്‍റെ സമര്‍പ്പണ മനോഭാവത്തോടെയും സേവനവൈഭവത്തോടെയും മായമ്മ നിര്‍വ്വഹിക്കുന്ന ഒരു സ്നേഹദൌത്യമാണ് ചാരായ വില്പ്പന.കൈക്കൂലിയില് മുഴുകുന്ന നിയമപാലകര്‍ തെറ്റെന്നു മുദ്രകുത്തുന്നതുകൊണ്ട് മാത്രം അതിന്‍റെ വിശുദ്ധി നഷ്ടപ്പെടുന്നില്ല.നിയമത്തിന്‍റെ നിര്‍ജ്ജീവ ലേബലുകള്‍ക്കതീതമായി മായമ്മ വളരുന്നിടത്ത് നോവലിസ്റ്റ് നടത്തുന്ന കരുത്തുറ്റ ഒരു പ്രസ്താവമാണ് ഈ നോവലിന്‍റെ കാതല്‍.

മലയാള നോവലില്‍ സമാന്തരങ്ങളില്ലാത്ത സ്ത്രീകഥാപാത്രമാകുന്നു മായമ്മ.ഫെമിനിസ്റ്റ് സാഹിത്യമെന്ന ഒരുപശാഖ വളര്‍ച്ചമുറ്റി നില്‍ക്കുന്ന മലയാള നോവലില്‍ മായമ്മയുടെ വ്യക്തിത്വം സര്‍വ്വ നിര്‍വ്വചനങ്ങളേയും നിരാകരിച്ചുകൊണ്ട് വിളങ്ങി നില്‍ക്കുന്നത് കാണാം. ഒരു ഗ്രാമത്തിന് മുഴുവന്‍ ഉള്‍ക്കാഴ്ചയും മാതൃനിര്‍വ്വിശേഷമായ സ്നേഹവുംകൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ദിവ്യത്വമായി മായമ്മയെ വളര്‍ത്തിയെടുക്കണമെങ്കില്‍ ഈ നോവലിസ്റ്റ് കറകളഞ്ഞൊരു ധിക്കാരി തന്നെയായിരിക്കണം.

ആധുനികശാസ്ത്രത്തിന്‍റെ ദൃഷ്ടിക്കപ്പുറം ചെന്നെത്തുന്ന ദര്‍ശനത്തിന്‍റെ കരുത്താണ് മായമ്മയുടെ ആത്മീയത.ശവം കിടന്ന കുളം വറ്റിച്ചേ അടങ്ങൂ എന്ന് ആധുനിക ശാസ്ത്രബോധം ശഠിച്ചപ്പോള്‍ ഈ വെള്ളം ശുദ്ധമാണ്,യാതൊരു തകരാറുമില്ലാത്ത വെള്ളം എന്ന് തറപ്പിച്ചു പറയാന്‍ മായമ്മയ്ക്ക് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല.ദാമുവണ്ണന്‍റെ ഭ്രാന്തന്‍ മകന്‍റെ ശവമടക്കാനും കര്‍മ്മങ്ങള്‍ ചെയ്യിക്കാനും ആരുടെയും അനുമതിക്ക് വേണ്ടി അവര്‍ കാത്തുനിന്നില്ല.

സ്ത്രീയുടെ ശക്തി ശരിക്കും അറിഞ്ഞവളാണ് മായമ്മ.വൈകാരികവും ദിവ്യവുമായ ശക്തി.സാഹചര്യങ്ങളുടെ ഓളചാര്‍ത്തില്‍ ഉയര്‍ന്നുപൊങ്ങി നിസ്സഹായയായി സ്വന്തം വിധിയോര്‍ത്ത് പരിതപിക്കുന്ന ദു:ഖകഥാപാത്രമല്ല മായമ്മ.തന്‍റെ ഭാഗധേയത്തെ സ്വയം നിയന്ത്രിക്കുന്നതിനുള്ള കരുത്തുണ്ടവള്‍ക്ക്.പ്രാതികൂല്യങ്ങളില്‍ തളരാത്ത ശക്തിയാണവള്‍.ഗ്രാമത്തിന്‍റെ ചൈതന്യമാണവള്‍.അത് വ്യക്തമാകുന്നത് മായമ്മയുടെ തിരോധാനത്തെകുറിച്ചെഴുതുമ്പോഴാണ്.മായമ്മ എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ല.കുളം വറ്റി,ചെല്ലക്കുറുമം ദേശത്തിന്‍റെ ഭരദേവതയ്ക്ക് തൃപ്തിവന്നില്ല.ഒരാഴ്ച നീണ്ടുനിന്ന പൂജകള്‍ ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തി.

  അപ്പോള്‍ മായമ്മ, കറുത്തയാണ് ചോദിച്ചത്. “--ല്ലാം ഒന്നാടോ,സ്ത്രീ!,അമ്മ! ദേവത!, അതാണ് സത്യത്തിന്‍റെ പൊരുള്‍.ബാക്കിയെല്ലാം മിഥ്യ”,ജോത്സ്യന്‍ പറഞ്ഞ ആ ചെറിയ വാക്ക്,”- ല്ലാം ഒന്നാടോ......! 

ഋജുവാണ് ഈ നോവലിന്‍റെ ഭാഷ.എന്നാല്‍ അതിനെ ചൂഴ്ന്ന് നില്‍ക്കുന്ന ഒരു നൂതന ഭാവുകത്വമുണ്ട്.പച്ചമണ്ണിന്‍റെ പരുപരുപ്പും പരമാര്‍ത്ഥത്തിന്‍റെ ചൂരുമുള്ള ഒരു ഭാഷ.മനസ്സില്‍ തീയും നെഞ്ചില്‍ കുളിരുമായി ഇളകിയാടുന്ന ഇടവപ്പാതിപോലെ അവള്‍ എന്ന് വിവരിക്കുമ്പോള്‍ ഈ ഭാഷയുടെ പൂത്തുലയല്‍ കാണാം. ദാമുവണ്ണനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക.അടച്ചിട്ട ജാലകങ്ങളില്ലാത്ത ജീവിതമാണ് ദാമുവിന്‍റേത്.അനേകമനേകം ദേവശാപങ്ങള്‍ ഏറ്റുവാങ്ങിയ മനസ്സാണ്.അതോര്‍ത്തപ്പോള്‍ തന്നെ മായമ്മയുടെ ദേഹത്ത് സര്‍പ്പത്തിന്‍റെ തണുപ്പ് വ്യാപിച്ചു. സൂചിതത്തിന്‍റെ തനിമ ആവിഷ്ക്കരിക്കാന്‍ ഭാഷയെ മെരുക്കിയെടുക്കുന്നതിനുള്ള നോവലിസ്റ്റിന്‍റെ പാടവം വ്യക്തമാവുന്ന അനേകം സന്ദര്‍ഭങ്ങളുണ്ട് ഈ നോവലില്‍.ഭാഷയുടെ പ്രയോഗത്തില്‍ തികഞ്ഞ ഉചിതജ്ഞത പുലര്‍ത്തുന്ന ഈ കഥാകാരന്‍ വാസ്തവത്തിനും അവാസ്തവത്തിനുമിടയ്ക്കുള്ളൊരു നേര്‍ത്ത ഭൂമികയിലാണ് കഥാഖ്യാനത്തെ വിന്യസിപ്പിച്ചിരിക്കുന്നത്.ആഖ്യാനത്തിലുടനീളം ഭൂമിക്കും ആകാശത്തിനുമിടയ്ക്കുള്ള ഒരു സവിശേഷ മേഖലയുടെ മാന്ത്രികസ്പര്‍ശം നിലനിര്‍ത്തിയിട്ടുണ്ട്.

ഇതിലെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരല്ല.കൃഷ്ണപിള്ളയേയും ദാമുവിനേയും സുരേന്ദ്രനേയും നമുക്കറിയാം.എങ്കിലും നോവലിന്‍റെ ഭൌമാന്തരീക്ഷത്തില്‍ അവരുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഒരു പുതിയ പരിവേഷം കൈവരുന്നുണ്ട്.യാഥാര്‍ത്ഥ്യത്തിനുമേല്‍ അഭൌമമായ ഒരു പ്രകാശവലയം തീര്‍ക്കാനുള്ള ഈ നിപുണത കൃതഹസ്തനായ ഒരു നോവലിസ്റ്റിന് മാത്രം അവകാശപ്പെട്ടതാണ്.തന്‍റെ ആദ്യനോവലില്‍ തന്നെ ഈ ആഖ്യാനപാടവം വെളിപ്പെടുത്തുന്ന അജിത്കുമാര്‍ ഭാഷയുടെമേലും കഥാഖ്യാനശൈലിയിലുമുള്ള തന്‍റെ ആധിപത്യം സംശയമെന്യേ വിളംബരം ചെയ്യുന്നുണ്ട്.

കഥപറച്ചിലിന്‍റെ വ്യാകരണം നന്നായി ഗ്രഹിച്ച ഈ നോവലിസ്റ്റിന് രസഭംഗമില്ലാതെ കഥാഗതി മുന്നോട്ട് നയിക്കാനുള്ള പാടവമുണ്ട്.ഗ്രാമത്തില് വെള്ളിയാഴ്ച നടക്കുമെന്ന് പ്രവചിക്കപ്പെട്ട ദുരന്തം ചെല്ലക്കുറുമം ഗ്രാമവാസികള്‍ക്ക് മാത്രമല്ല വായനക്കാരനും  ആകാംഷയുളവാക്കുന്നുണ്ട്.ആ പ്രവചനത്തിന്‍റെ മുള്‍മുനയിലൂടെയും അതിന്‍റെ പരിണതിയിലൂടെയും ആഖ്യാനത്തെ അതിന്‍റെ ഉച്ചസ്ഥായിയിലെത്തിച്ച് പരിസമാപ്തിയിലെത്തിക്കാന്‍ അജിത്കുമാര്‍ പ്രകടിപ്പിച്ചിട്ടുള്ള കൈയ്യടക്കം അനന്യസാധാരണമാണ്.

അജിത്കുമാറിന്‍റെ ആദ്യ നോവലാണിത്.എന്നാല്‍ അപക്വമായ ഒരു വിരല്‍പ്പാടുപോലും നോവലില്‍ നാം കാണുന്നില്ല.കൈത്തഴക്കവും ധൈര്യവും കൈവന്ന ഒരു കഥാകാരനെ ഈ ചെറിയ നോവലിന്‍റെ താളുകളില്‍ തിരിച്ചറിയുമ്പോള്‍ നമുക്ക് ഉളവാകുന്ന ആഹ്ലാദവും അഭിമാനവും പ്രതീക്ഷയും അടിസ്ഥാനരഹിതമല്ല.

-------

ഇങ്ങിനെയാണ് അവതാരിക അവസാനിക്കുന്നത്.

മായമ്മയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന പേര് മാറ്റണം എന്ന ജയകുമാര്‍ സാറിന്‍റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് ഭഗവതി പടയണി എന്നതിന്‍റെ ഗ്രാമ്യഭാഷയായ പകോതി പടയണി എന്ന് പേരുമാറ്റിയത്.പുസ്തക പ്രസിദ്ധീകരണത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഞാന്‍ മില്ലേനിയം പബ്ലിക്കേഷന്‍സ്,ഡല്‍ഹി എന്ന ലേബലില്‍ പുസ്തകം പ്രിന്‍റ് ചെയ്യിച്ചു. ശ്രീദേവന്‍ എടുത്ത ഫോട്ടോ ഉപയോഗിച്ച് സുധീര്‍നാഥാണ് കവറുണ്ടാക്കിയത്.നാല്പ്പത് രൂപ വിലയിട്ടു.2003 സെപ്തംബര്‍ നാലിന് ഓ.വി.വിജയന്‍ പ്രകാശനം ചെയ്തു. അദ്ദേഹത്തിന് തീരെ സുഖമില്ലാതെ ഹൈദരബാദിലായിരുന്നു.സുധീറിനോടാണ് ആഗ്രഹം പറഞ്ഞത്. അപ്പോള്‍ പാരീസിലേക്ക് ഒരു അവാര്‍ഡ് വാങ്ങാന്‍ പോകുന്നുണ്ട്.ഡല്‍ഹി വഴിയാണ് പോകുന്നത്. അപ്പോള്‍ മയൂര്‍വിഹാറിലെ അനന്തിരവന്‍റെ വീട്ടിലാകും താമസം. അവിടെവച്ച് പ്രകാശനമാകാം എന്നറിയിച്ചു. അങ്ങിനെ ഡല്‍ഹിയിലെ പ്രമുഖരെ അതിഥികളായി ക്ഷണിച്ച് മയൂര്‍ വിഹാറിലെ ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലെ പുല്‍മൈതാനിയില്‍ വച്ചായിരുന്നു പ്രകാശനം.എം.മുകുന്ദനാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത്. നല്ല കാറ്റുള്ള ഒരു സായാഹ്നമായിരുന്നു.ചടങ്ങ് കഴിഞ്ഞതും മഴപെയ്തു. കാറ്റില്‍ ഇളകിയാടുന്ന നീണ്ട മുടിയും താടിയും അദ്ദേഹത്തിന്‍റെ കൃശഗാത്രവും ഇപ്പോഴും ഓര്‍മ്മയില് തങ്ങിനില്‍ക്കുന്നു.

പരിചയക്കാര്‍ക്കൊക്കെ സൌജന്യമായി കോപ്പികള്‍ നല്‍കുക എന്നതായിരുന്നു രീതി. ബാക്കി പുസ്തകം ബാബു കുഴിമറ്റം പറഞ്ഞതനുസരിച്ച് കേരള ബുക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് നല്‍കി.അദ്ദേഹമായിരുന്നു സെക്രട്ടറി.എത്ര കോപ്പി വിറ്റു എന്ന് ബാബുവിന് മാത്രം അറിയാം.ഏതായാലും പൈസ ഒന്നും കിട്ടിയില്ല.ബാക്കി ബുക്കുകളും കിട്ടിയില്ല.ഇതാണ് ആദ്യ പുസ്തകത്തിന്‍റെ അനുഭവം.അതിനുമുന്നെ പ്രസിദ്ധീകരിച്ച മുന്ന് ബാലസാഹിത്യ കൃതികളും കേരള ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടായിരുന്നു പ്രസിദ്ധീകരിച്ചത്.

========

പുസ്തകത്തിന് ആദ്യം ലഭിച്ച പ്രതികരണങ്ങളില്‍ ഒന്ന് ഇപ്പോഴും കൈവശമുണ്ട്. അത് ഡോക്ടര്‍.എം.എം.ബഷീറിന്‍റേതാണ്.അതിങ്ങനെ

======

പ്രിയ സുഹൃത്തേ,

താങ്കളുടെ പകോതി പടയണി വായിച്ചു.പലേ തിരക്കുകള്‍ കാരണം എഴുതാന്‍ വൈകി.ക്ഷമിക്കുമല്ലോ.

മായമ്മ നല്ലമുഴുപ്പുള്ള കഥാപാത്രമാണ്.അവരുടെ ചിത്രീകരണത്തില്‍ മിതത്വവും കൈയൊതുക്കവും പാലിച്ചിട്ടുണ്ട്.കുറേക്കൂടി വിശദമായി,വലിയ ക്യാന്‍വാസില്‍ ചിത്രീകരിക്കേണ്ട കഥാപാത്രമാണ് മായമ്മ.മറ്റു പല കഥാപാത്രങ്ങളും വേണ്ടത്ര വികാസം പ്രാപിച്ചിട്ടില്ല.ഒതുക്കിയതുകൊണ്ട് സംഭവിച്ചതാണ്.ഗ്രാമീണ ചിത്രം ഭംഗിയായിട്ടുണ്ട്.ഒരു കാര്യം എടുത്തു പറയട്ടെ,സുഖമായി വായിക്കാം.

എഴുതണം.താങ്കള്‍ക്കു എഴുതാന്‍ കഴിയും

ഞാന്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ അറിയിക്കാം.

സ്നേഹാദരപൂര്‍വ്വം

എം.എം.ബഷീര്‍

കോഴിക്കോട്

22.04.04







No comments:

Post a Comment