Sunday, 8 September 2024

Report on release of my novels in 2005

 


ഉപഹാര്‍ തീ പിടുത്തത്തെ ആധാരമാക്കി മലയാളിയുടെ നോവല്‍

(2005 ഫെബ്രുവരി എട്ടിലെ മലയാള മനോരമയില്‍ വന്ന വാര്‍ത്ത)

കേരള ഹൌസ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും യുവഎഴുത്തുകാരനുമായ വി.ആര്.അജിത് കുമാറിന്‍റെ ഏറ്റവും പുതിയ രണ്ട് നോവലുകളുടെ പ്രകാശനം ഇന്ന് വൈകിട്ട് 6.30 ന് കേരള ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ഓര്‍മ്മനൂലുകള്‍ എന്ന നോവല്‍ കവി സച്ചിദാനന്ദന്‍ ഇടമറുകിന് നല്കി പ്രകാശനം ചെയ്യും.കെടാത്ത ചിത എന്ന നോവല്‍ പ്രകാശനം ചെയ്യുന്നത് പ്രമുഖ സാഹിത്യകാരന്‍ ആനന്ദാണ്.പുസ്തകത്തിന്‍റെ പ്രതി ഓംചേരി എന്‍.എന്‍.പിള്ള ഏറ്റുവാങ്ങും.പകോതി പടേണി എന്ന നോവലിന് ശേഷം അജിത് കുമാര്‍ എഴുതുന്ന നോവലുകളാണ് ഇവ.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തലസ്ഥാന നഗരിയിലെ ഗ്രീന്‍പാര്‍ക്കിനടുത്തുള്ള ഉപഹാര് എന്ന സിനിമശാലയില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ തീപിടുത്തമുണ്ടാവുകയും അനേകം പേര് വെന്തുമരിക്കുകയും ചെയ്ത സംഭവത്തെ പിന്തുടര്ന്നുണ്ടായ നോവലാണ് കെടാത്തചിത.കമ്മ്യൂണിസം നല്കിയ സ്വപ്നങ്ങളില് ആകൃഷ്ടനാവുകയും എന്നാല്‍ അതില്‍നിന്നും സന്ന്യാസിയുടേതായ അകലം സ്വീകരിക്കുകയും ചെയ്ത കൊച്ചനിയന് എന്ന കഥാപാത്രത്തിന്‍റെ വിവിധ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ഒരു ദേശത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും കഥ പറയുകയാണ് ഓര്‍മ്മനൂലുകളില്‍.

ദേശത്തിന്‍റെ കഥയെഴുതുക എന്നത് വ്യക്തിയുടെ കഥയെഴുതുന്നതിലൂടെയും വ്യക്തിയുടെ കഥ എന്നത് ദേശത്തിന്‍റെ കഥ എഴുതുന്നതിലൂടെയും തുടരുന്ന പ്രക്രിയയാണെന്ന് നോവലിസ്റ്റ് അജിത് കുമാര് പറഞ്ഞു.വ്യക്തി,സംഭവം,സമൂഹം –ഈ ത്രിത്വത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഇടപാടുകളും ഇടപെടലുകളും അവയെകുറിച്ച് നോവലിസ്റ്റിനുള്ള ധാരണകളുമാണ് നോവലിന്‍റെ ശില്പമായി പരിണമിക്കുന്നത്.ബാല്യം മുതല്‍ക്കേ വ്യക്തികളെ പിന്തുടരുകയും അവരെ ചുറ്റിപ്പറ്റിനില്ക്കുന്ന നിഗൂഢതകളെ കണ്ടുപിടിക്കുകയും ചെയ്യുന്ന സ്വഭാവം പില്‍ക്കാലത്തു നോവലുകളിലെ പാത്രസൃഷ്ടിയില്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അജിത് പറഞ്ഞു. പകോതി പടേണിയിലെ മായമ്മയും ഓര്‍മ്മനൂലുകളിലെ കൊച്ചനിയനും മന്ദാകിനിയും ഈ രീതിയില്‍ ഉരുത്തിരിഞ്ഞ കഥാപാത്രങ്ങളാണ്.

ആത്മാംശത്തെ മാറ്റിനിര്ത്തി നോവല്‍ രചന അസാധ്യമാണെങ്കിലും കഥാപാത്രങ്ങളില്‍ നിന്നും സംഭവങ്ങളില് നിന്നും അന്തസുള്ള അകലം പാലിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് അജിത് കുമാര് വെളിപ്പെടുത്തി.അജിത് കുമാറിന്‍റെ നോവലുകളില്‍ കാലത്തിന്‍റെ തകര്‍ച്ചയുണ്ടെങ്കിലും അവയെ അതിജീവിക്കുന്ന ഏതാനും കഥാപാത്രങ്ങളിലൂടെ കാലത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെ പുന:സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ട്.

വി.രാഘവന് പിള്ള-പി.ശാന്തമ്മ ദമ്പതികളുടെ മകനായി 1960 ല്‍ ജനിച്ച അജിത് കുമാര്‍ സ്കൂള്‍ പഠനകാലത്ത് ചെറുകഥകള് എഴുതിത്തുടങ്ങി.കോളേജിലെത്തിയപ്പോള്‍ കമ്പം കവിതയിലായെങ്കിലും പിന്നീട് ഗദ്യത്തിന്‍റെ വഴിയില്‍ ഉറച്ചു.അച്ഛന്‍ നല്‍കിയ സമ്മാനപ്പെട്ടികളുടെ ഓര്മ്മയില്‍ ബാലസാഹിത്യമായിരുന്നു എഴുതാനെടുത്ത വഴി.

സസ്നേഹം നിതാവോ,ജാനുവിന്‍റെ കഥ,ശ്രീക്കുട്ടന്‍റെ ഡല്‍ഹി എന്നിവയാണ് പ്രസിദ്ധീകൃതമായ ബാലസാഹിത്യ കൃതികള്‍.മറ്റു കൃതികളേക്കാള്‍ ബാലസാഹിത്യം വായിക്കാനാണ് താല്പ്പര്യമെന്ന് അജിത് കുമാര് പറയുന്നു.മധ്യപ്രദേശിലെ വിദിശയില് നിന്നും ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ശേഷം കാര്യവട്ടം കാമ്പസില്‍ ഗവേഷകനായി ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല.1987 ല്‍ കേരള സര്ക്കാരില്‍ ഉദ്യോഗസ്ഥനായി.1993 ല്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍.1994 മുതല്‍ ഡല്‍ഹിയില്‍.

ജയശ്രീയാണ് ഭാര്യ.ആശാ അജിത്തും ശ്രീക്കുട്ടനും മക്കള്‍.ബാലസാഹിത്യത്തിന്‍റെ വഴിയില്‍ പ്രതിഭ തെളിയിച്ച കുട്ടിയാണ് ആശ അജിത്.

No comments:

Post a Comment