Friday, 20 September 2024

New idea- small packet bread

 

നൂതനാശയം

--------------------

ചെറുപാക്കറ്റിലെ ബ്രഡ്

===================


ചെറുതാണ് മനോഹരം എന്നതാണ് പുതിയ കാലത്തെ ട്രെന്‍ഡ്.പണ്ടൊക്കെ കൂട്ടുകുടുംബങ്ങളും അവിടത്തെ തിരക്കുകളും സ്നേഹവും ലഹളയുമൊക്കെ ചേര്‍ന്നതായിരുന്നു മനോഹരമായ ജീവിതം.ഇപ്പോഴത് മാറി.അണു കുടുംബമായി.അച്ഛനും അമ്മയും ഒരു കുട്ടിയും ചേര്‍ന്ന മൂന്നംഗ കുടുംബം അല്ലെങ്കില്‍ രണ്ട് കുട്ടികളുള്ള നാലംഗ കുടുംബം,കുട്ടികളേ വേണ്ട എന്നു തീരുമാനിച്ച രണ്ടംഗങ്ങളും വിവാഹമേ വേണ്ട എന്ന് നിശ്ചയിച്ച ഏകാംഗ കുടുംബവും ഇപ്പോള്‍ അധികമായി വന്നുകൊണ്ടിരിക്കുന്നു.ഏകാംഗ കുടുംബം എന്നു പറയാന്‍ കാരണം അവിടെ പട്ടിയും പൂച്ചയുമൊക്കെ മക്കളായുണ്ടാകും എന്നതിനാലാണ്.


ഈ മാറ്റത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് വ്യവസായികളും.പണ്ടൊക്കെ വീടുകളിലേക്ക് ഒരു ചാക്ക് അരി,ഒരു ചാക്ക് ഗോതമ്പ് എന്ന നിലയിലായിരുന്നു കൂട്ടുകുടുംബത്തിലേക്ക് സാധനങ്ങള്‍ വാങ്ങിയിരുന്നത്. പലവ്യഞ്ജനങ്ങള്‍ അഞ്ചു കിലോ മുതല്‍ അര കിലോ എന്ന മട്ടിലും.കാലം മാറിയപ്പോള്‍ കമ്പനികളും രീതി മാറ്റി.ഒരു കിലോ,രണ്ട് കിലോ,അഞ്ചു കിലോ എന്നിങ്ങനെ പാക്കറ്റുകളിലാണ് അരിയും ആട്ടയുമൊക്കെ ലഭിക്കുക.പയറുവര്‍ഗ്ഗങ്ങളും പഞ്ചസാരയുമൊക്കെ ഒരു കിലോ,അരകിലോ എന്നിങ്ങനെയായി.പൊടിച്ച പലവ്യഞ്ജനങ്ങള്‍ 250 ഗ്രാം,100 ഗ്രാം,50 ഗ്രാം എന്നിങ്ങനെയും സുഗന്ധവ്യഞ്ജനങ്ങള്‍ അതില്‍ കുറഞ്ഞ അളവിലും ലഭ്യമാക്കിത്തുടങ്ങി. ഒരു കിലോ ,500 ഗ്രാം പാക്കറ്റുകളില്‍ ലഭിച്ച അലക്കുപൊടികള്‍ ഇപ്പോള്‍ 5 ഗ്രാം, പത്ത് ഗ്രാം പാക്കറ്റുകളില്‍ ലഭിക്കുന്നു. ടൂത്ത്പേസ്റ്റും ഷേവിംഗ് ക്രീമും പൌഡറും കോസ്മെറ്റിക് വസ്തുക്കളുമെല്ലാം ചെറുതാണ് വില്പ്പനയ്ക്ക് ഉതകുന്നത് എന്ന മട്ടിലേക്ക് കളം മാറ്റി.പോക്കറ്റില്‍ ഒതുങ്ങുന്ന വിലയ്ക്ക് ഇവയെല്ലാം സാധാരണക്കാര്‍ക്ക് ലഭ്യമാക്കി.കാലാവധി കഴിയും മുന്നെ ഉപയോഗിച്ച് തീരും എന്നും ഉറപ്പായി.


ആരോഗ്യപാനീയങ്ങളുണ്ടാക്കുന്ന ഹോര് ലിക്സും ബുസ്റ്റും ബോണ്‍വിറ്റയും അഞ്ചു രൂപ,പത്ത് രൂപ പാക്കറ്റുകളില് എത്തി. ബ്രൂവും സണ്‍റൈസും കാപ്പിപ്പൊടി ചെറിയ പാക്കറ്റുകളില് ഇറക്കി.അഞ്ചു രൂപ,പത്ത് രൂപ വിലയുള്ള ചിപ്സ് പാക്കറ്റുകളും ബിസ്ക്കറ്റും ചെറിയ കുപ്പിയിലെ ശീതളപാനീയങ്ങളും കുപ്പിവെള്ളവുമൊക്കെ കടകളില് നിറഞ്ഞു.ഷെല്‍ഫിലായിരുന്ന പല ഉത്പ്പന്നങ്ങളും കടകളുടെ മുന്നില്‍ തോരണങ്ങളായി


എന്നിട്ടും ബാച്ചിലേഴ്സിന്‍റെയും ചെറിയ കുടുംബങ്ങളുടെയും സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ ബ്രെഡ് ഉണ്ടാക്കുന്ന കമ്പനികള്‍ ചെറുത് മനോഹരമാണ് എന്ന നിലപാടിലേക്ക് എത്തിയിട്ടില്ല. വലിയ പാക്കറ്റ് ബ്രഡ് വാങ്ങിയാല്‍,അതിന്‍റെ ആയുസ്സ് രണ്ടോ മൂന്നോ ദിവസമാണ് എന്നതിനാല്‍ ഉപയോഗിക്കാനുള്ള കാലാവധി കഴിഞ്ഞ് ബ്രഡ് കഷണങ്ങള്‍ നഷ്ടമാവുക എന്നത് സാധാരണമാണ്.വേഗത്തില്‍ ബാക്ടീരിയ പ്രവേശിക്കുന്ന ഒരു ഭക്ഷണമാണല്ലോ ബ്രഡ്. അതുകൊണ്ടുതന്നെ പലരും വലിയ പാക്കറ്റ് ബ്രഡ് വാങ്ങാന്‍ മടിക്കും.അത്തരത്തിലുള്ള ഒരാളാണ് ഞാനും.


അഞ്ച് കഷണം ബ്രഡ് ചേര്‍ന്ന ചെറിയ പാക്കറ്റ് വിപണിയില്‍ വന്നാല്‍ നിശ്ചയമായും ബ്രഡിന്‍റെ വില്‍പ്പന ഇപ്പോഴത്തേതിലും ഇരട്ടിയാകും എന്നുറപ്പ്. തനിച്ച് താമസിക്കുന്നവരും ചെറിയ കുടുംബങ്ങളും അവരുടെ ഒരു നേരത്തെ ഭക്ഷണം എന്നവിധം ഇതിനെ സ്വീകരിക്കാനുള്ള സാധ്യത വളരെ വലുതാണ്. ബ്രഡും ഓംലറ്റും ചേര്ന്ന ഒരു നേരത്തെ ഭക്ഷണം എന്ന രീതിക്ക് ഇത് ഗുണം ചെയ്യും. പലര്‍ക്കും സായാഹ്നത്തിലെ ലഘുഭക്ഷണമായും ഇത് മാറും.ഇത്തരത്തില്‍ ബ്രഡ് ഫാക്ടറികള്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമാകുംവിധം ചെറുതും മനോഹരവുമായ ബ്രഡ് പാക്കറ്റുകള്‍ തയ്യാറാക്കാന്‍ ബ്രഡ് നിര്‍മ്മാണ കമ്പനികള്‍ തയ്യാറാകും എന്ന പ്രതീക്ഷയോടെ,രണ്ട് കഷണം ബ്രഡ് ടോസ്റ്റ് ചെയ്യാം എന്ന് കരുതുന്നു.


ഹാപ്പി ബ്രഡ് ഡേ !!💞

No comments:

Post a Comment