Wednesday 25 September 2024

Financial history of gold

 




സ്വര്‍ണ്ണത്തിന്‍റെ സാമ്പത്തിക ചരിത്രം

(2024 സെപ്തംബര് 25 ലെ തനിനിറം പ്രസിദ്ധീകരിച്ചത്)

കണ്ണിന് സന്തോഷം പകരുന്ന നിറവും തിളക്കവും കണ്ടാവും ആദിമമനുഷ്യര്‍ അരുവികളില്‍ നിന്നും സ്വര്‍ണ്ണത്തരികള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇന്നത്തെ കിഴക്കന്‍ യൂറോപ്പില്‍ ബിസിഇ നാലായിരത്തില്‍ മനുഷ്യര്‍ സ്വര്‍ണ്ണം ഉപയോഗിച്ചുതുടങ്ങി എന്നാണ് ദേശീയ മൈനിംഗ് അസോസിയേഷന്‍ രേഖകളില്‍ പറയുന്നത്. ദൈവപൂജയ്ക്കും ആഭരണ നിര്‍മ്മാണത്തിനും ഇത് ഉപയോഗിച്ചുവന്നു.ബിസിഇ 1500 ല്‍ പുരാതന ഈജിപ്തിലെ രാജാവാണ് സ്വര്‍ണ്ണത്തെ ആദ്യമായി വിദേശ വ്യാപാരത്തിനുള്ള വിനിമയ വസ്തുവാക്കി മാറ്റിയത്. ഈജിപ്തിലെ നുബിയയിലുണ്ടായിരുന്ന സ്വര്‍ണ്ണസമ്പത്താണ് അദ്ദേഹത്തെ ഇതിന് പ്രരിപ്പിച്ചത്.അക്കാലത്ത് ഈജിപ്ത് തയ്യാറാക്കിയ ഷെക്കല്‍ എന്ന നാണയം വിനിമയത്തിനുള്ള സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റായി മാറി. 11.3 ഗ്രാമായിരുന്നു ഒരു ഷെക്കല്‍.ഇത് ശരിക്കും പ്രകൃതിയില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണം അടങ്ങിയ ലോഹക്കൂട്ടായിരുന്നു.ഇലക്ട്രം എന്ന് വിളിച്ചുവന്ന ഇതില്‍ മൂന്നില്‍ രണ്ട് ഭാഗം സ്വര്‍ണ്ണവും മൂന്നിലൊന്ന് വെള്ളിയുമായിരുന്നു.ഈ കാലത്താണ് സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കുന്ന അഗ്നി പരിശോധന ബാബിലോണിയക്കാര്‍ കണ്ടെത്തിയത്.സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിക്കാന്‍ ഇന്നും ഈ രീതിയാണ് പിന്‍തുടരുന്നത്.

ബിസിഇ 1200 ല്‍ ഈജിപ്തുകാര്‍ സ്വര്‍ണ്ണം പല ലോഹങ്ങളുമായി ചേര്‍ത്ത് ലോഹസങ്കരങ്ങളുണ്ടാക്കാന്‍ തുടങ്ങി.അവ ഉറപ്പു കൂടിയതും പല നിറത്തിലുള്ളവയുമായി തീര്‍ന്നു.ഏഷ്യാമൈനറിലെ ലിഡിയയില്‍ ബിസിഇ 560 ലാണ് സ്വര്‍ണ്ണ നാണയ നിര്‍മ്മാണം തുടങ്ങിയത്. സ്വര്‍ണ്ണത്തിന്‍റെ രാസനാമമായ ഔറം എന്ന ലാറ്റിന്‍ പദത്തെ അടിസ്ഥാനമാക്കി ബിസിഇ 50 ല്‍ റോമക്കാര്‍ ഓറിയസ് എന്ന നാണയമിറക്കി.സിഇ 1066 ലാണ് ഇംഗ്ലണ്ടിലെ രാജാവായിരുന്ന വില്യം ലോഹനാണയത്തെ കറന്‍സിയാക്കി വ്യാപാരം തുടങ്ങിയത്. അങ്ങിനെയാണ് പൌണ്ടും ഷില്ലിംഗും പെന്‍സും വിനിമയ നാണയങ്ങളായി മാറിയത്. ഒരു പൌണ്ട് എന്നത് ശുദ്ധമായ ഒരു പൌണ്ട് വെള്ളിയായിരുന്നു. 1284 ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ ആദ്യ സ്വര്‍ണ്ണ നാണയം ഇറക്കി. എന്നാല്‍ റിപ്പബ്ലിക് ഓഫ് ഫ്ലോറന്‍സ് കൊണ്ടുവന്ന ഡക്കറ്റ് ആണ് പ്രസിദ്ധി നേടിയത്. ഈ നാണയം 500 വര്‍ഷം ശക്തമായി മാര്‍ക്കറ്റിലുണ്ടായിരുന്നു.1787 ല്‍ അമേരിക്ക സ്വര്‍ണ്ണ നാണയമിറക്കുകയും 1792 ല്‍ നാണയ നിയമം കൊണ്ടുവരുകയും ചെയ്തു. വെള്ളിയും സ്വര്‍ണ്ണവും വിനിമയത്തിന് ഉപയോഗിക്കുന്ന ഇരട്ടലോഹ രീതിയായിരുന്നു അവരുടേത്. 1848 ല്‍ കാലിഫോര്‍ണിയയിലെ അരുവിയില്‍ സ്വര്‍ണ്ണ അടരുകള്‍ കണ്ടതോടെ അവിടേക്ക് ആളുകള്‍ കൂട്ടമായെത്തി.ഭാഗ്യാന്വേഷികളുടെ പറുദീസയായി അവിടം മാറി.കാലിഫോര്‍ണിയയുടെ വികസനത്തിന് നിമിത്തമായതും ഈ സ്വര്‍ണ്ണാന്വേഷണമാണ്.1868 ല്‍ ദക്ഷിണാഫ്രിക്കയില്‍ സ്വര്‍ണ്ണം കണ്ടെത്തിയതോടെ ആളുകളുടെ ശ്രദ്ധ അവിടേക്കായി.ഇപ്പോഴും ലോകത്തിലെ ആകെ സ്വര്‍ണ്ണത്തിന്‍റെ 40 ശതമാനവും ലഭിക്കുന്നത് ആഫ്രിക്കയില്‍ നിന്നാണ്.1976 വരെ അമേരിക്കയില്‍ നാണയ നിയമം ചെറിയ മാറ്റങ്ങളോടെ തുടര്‍ന്നുവന്നു. 1976 ല്‍ ലോഹത്തില്‍ നിന്നും ഫിയറ്റ് മണി അഥവാ പേപ്പര്‍ മണിയിലേക്ക് അമേരിക്ക മാറി.

ലോകത്തെ എല്ലാ ജനതയേയും ആകര്‍ഷിച്ച ലോഹം എന്ന നിലയിലാണ് സ്വര്‍ണ്ണം വിനിമയ ഉപാധിയായി മാറിയത്. പണവ്യവസ്ഥയുടെ അടിസ്ഥാന സാമ്പത്തിക യൂണിറ്റ് സ്വര്‍ണ്ണമാണ്. യുഎസ് ഡോളറിന് ഒരു നിശ്ചിത അളവ് സ്വര്‍ണ്ണമാണ് അടിസ്ഥാനം. പേപ്പര് മണി ഉള്ളവര്‍ക്ക് ബാങ്കില്‍ അത് നല്‍കി സ്വര്‍ണ്ണം വാങ്ങാമായിരുന്നു.എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഈ രീതി ഒഴിവാക്കി. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ന്ന ബൈമെറ്റാലിക് രീതി രാജ്യങ്ങള്‍ക്ക് പ്രശ്നമായതോടെയാണ് സ്വര്‍ണ്ണത്തിലേക്ക് വിനിമയ രീതി ചുരുക്കിക്കൊണ്ടുവന്നത്. കോളനി വത്ക്കരണവും ഖനനവും സജീവമായതോടെ സ്വര്‍ണ്ണത്തിന്‍റെ വരവ് കൂടുകയും സ്വര്‍ണ്ണ നിലവാരം ശക്തമാവുകയും ചെയ്തു. 1871 ല്‍ ഇംഗ്ലണ്ടും ജര്‍മ്മനിയും സ്വര്‍ണ്ണ നിലവാരം(ഗോള്ഡ് സ്റ്റാന്ഡാര്‍ഡ്) ഔദ്യോഗികമാക്കിയതോടെ ഒരു അന്താരാഷ്ട്ര സ്വര്‍ണ്ണ നിലവാരം നിലവില്‍ വന്നു. 1900 ആയപ്പോഴേക്കും വികസിത രാജ്യങ്ങളെല്ലാം ഇത് അംഗീകരിച്ചു. 1914 ല്‍ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതോടെയാണ് ഈ നില മാറി. പേപ്പര്‍ മണിക്ക് സ്വര്‍ണ്ണ നിലവാരം നിശ്ചയിച്ചിരുന്നതിനാല്‍ യുദ്ധാവശ്യങ്ങള്‍ക്ക് പണം അച്ചടിക്കാന്‍ കഴിയാതെ വന്നതിനാല്‍ പല രാജ്യങ്ങളും സ്വര്‍ണ്ണ നിലവാരം സസ്പെന്‍ഡ് ചെയ്യുകയും പണം കൂടുതലായി അച്ചടിക്കുകയും ചെയ്തു. ഇത് ഒടുവില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിന് കാരണമായി. എന്നാല്‍ യുദ്ധം കഴിഞ്ഞതോടെ കറന്‍സി നിര്‍മ്മാണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും സ്വര്‍ണ്ണ നിലവാരം തിരിച്ചുവന്നു. എന്നിരുന്നാലും രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാറിമറിഞ്ഞതോടെ അന്തര്‍ദേശീയ കടബാധ്യത കുതിച്ചുയര്‍ന്നു. ഭരണം ബുദ്ധിമുട്ടിലായി. പലപ്പോഴും പല രാജ്യങ്ങളും സ്വര്‍ണ്ണ നിലവാരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വിഷമിച്ചു. എങ്കിലും ലോകം പൊതുവെ സ്വര്‍ണ്ണ നിലവാരത്തില്‍ വിശ്വസിക്കുന്നു.അതിപ്പോഴും സ്ഥിരത കൈവരിച്ചിട്ടില്ല എന്നത് സത്യമാണ്. യുദ്ധശേഷമുണ്ടായ ഗ്രേറ്റ് ഡിപ്രഷന്‍ ലോകജനതയെ വല്ലാതെ ബാധിച്ചു. 1929 ലെ ഓഹരി വിപണിയുടെ തകര്‍ച്ചയോടെ യൂറോപ്യന്‍ കറന്‍സികള്‍ ആകെ തകര്‍ന്നു.ജര്‍മ്മനി യുദ്ധക്കെടുതിയില്‍ നിന്നും ഒട്ടും മോചിതമായിരുന്നില്ല. ബാങ്കിലും കറന്‍സിയിലും വിശ്വാസം നഷ്ടപ്പെട്ടവര്‍ സ്വര്‍ണ്ണം പൂഴ്ത്തിവയ്ക്കാന്‍ തുടങ്ങി. അതോടെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. പലിശ വര്‍ദ്ധിപ്പിച്ച് നിക്ഷേപത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള നീക്കവും പാളി.ചുരുക്കത്തില്‍ 1930 ല്‍ ബ്രിട്ടനുള്‍പ്പെടെ എല്ലാ രാജ്യങ്ങളും സ്വര്‍ണ്ണ നിലവാരം സസ്പെന്‍ഡ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തു. നേരത്തെ സ്വര്‍ണ്ണ നിലവാരം ഉപേക്ഷിച്ച രാജ്യങ്ങളാണ് ശരിക്കും ഗ്രേറ്റ് ഡിപ്രഷനില്‍ നിന്നും ആദ്യം കരകയറിയത് എന്നതും ശ്രദ്ധേയമാണ്.

സ്വര്‍ണ്ണം കരുതലായി വച്ച് വിനിമയം ഒരുക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍ അമേരിക്കയും ഫ്രാന്‍സുമാണ്. അമേരിക്കന്‍ പ്രസിഡന്‍റ് റൂസ്വെല്‍റ്റ് സ്വര്‍ണ്ണം പൂഴ്ത്തിവയ്ക്കുന്നത് ഒഴിവാക്കാന്‍ പലവിധ നടപടികള്‍ കൊണ്ടുവന്നു. ബാങ്കിലെ സ്വര്‍ണ്ണമെല്ലാം ഫെഡറല്‍ റിസര്‍വ്വിലാക്കി. സ്വര്‍ണ്ണത്തിനായി ഡോളര്‍ റിഡിം ചെയ്യാന്‍ ബാങ്കുകളെ അനുവദിച്ചില്ല.സ്വര്‍ണ്ണ കയറ്റുമതിയും നിര്‍ത്തലാക്കി.1934 ല്‍ ആണ് സ്വര്‍ണ്ണ കരുതല്‍ നിയമം കൊണ്ടുവന്നത്. സ്വര്‍ണ്ണത്തിന്‍റെ സ്വകാര്യ ഉടമസ്ഥാവകാശം നിര്‍ത്തലാക്കി. സ്വര്‍ണ്ണമെല്ലാം സര്‍ക്കാരില്‍ നിക്ഷിപ്തമായി. അതോടെ അമേരിക്കയ്ക്ക് കടങ്ങള്‍ സ്വര്‍ണ്ണത്തില്‍ മടക്കി നല്‍കുന്നതിന് പകരം ഡോളറില്‍ നല്‍കാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ സ്വര്‍ണ്ണത്തിന്‍റെ ആഗോള കമ്പോളം അമേരിക്കയുടെ കൈയ്യിലായി.

രണ്ടാം ലോകമഹായുദ്ധം വന്നതോടെ ഡിപ്രഷന്‍ അവസാനിച്ചു. മിക്ക രാജ്യങ്ങളും സ്വര്‍ണ്ണ നിലവാരത്തിലേക്ക് തിരിച്ചെത്തി. എല്ലാ അന്താരാഷ്ട്ര കറന്‍സികള്‍ക്കും സ്വര്‍ണ്ണം അടിസ്ഥാനമാക്കി ഒരു വിനിമയ ഫ്രെയിംവര്‍ക്ക് ഉണ്ടാക്കാന്‍ 1944 ല്‍ അമേരിക്കയിലെ ബ്രെട്ടണ് വുഡ്സില്‍ പ്രധാന ലോകരാജ്യങ്ങളുടെ സമ്മേളനം ചേര്‍ന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ ശേഖരമുള്ള അമേരിക്കയുടെ കറന്‍സിയായ ഡോളറിനെ ഡീഫാക്ടര്‍ കറന്‍സിയായി പ്രഖ്യാപിച്ചു. മിക്ക രാജ്യങ്ങളിലേയും കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ കറന്‍സി സ്വര്‍ണ്ണത്തിന് പകരം ഡോളറുമായി ബന്ധിപ്പിക്കാന്‍ തുടങ്ങി. വിനിമയ നിരക്ക് സ്ഥിരത നിലനിര്‍ത്താന്‍ വിദേശവിനിമയ വിപണിയില്‍ സ്വന്തം കറന്‍സികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തു. 1960 ല്‍ പണപ്പെരുപ്പം വര്‍ദ്ധിച്ചു.അമേരിക്ക സ്വര്‍ണ്ണശേഖരം വന്‍തോതില്‍ കുറച്ച് യൂറോപ്പിലേയും മറ്റിടങ്ങളിലേയും യുദ്ധം കഴിഞ്ഞുള്ള പുനര്‍നിര്‍മ്മാണത്തിന് സഹായമെത്തിച്ചു.1968 ല്‍ സ്വര്‍ണ്ണത്തിന്‍റെ ആഗോള വിതരണം നടത്തിവന്ന മിക്ക രാഷ്ട്രങ്ങളും ലണ്ടന്‍ കമ്പോളത്തില്‍ സ്വര്‍ണ്ണം വില്‍ക്കുന്നത് നിര്‍ത്തി. അതോടെ രാഷ്ട്രങ്ങള്‍ സ്വര്‍ണ്ണ വില നിശ്ചയിക്കുന്ന രീതി മാറി,പൊതുകമ്പോളം വില നിശ്ചയിക്കാന്‍ തുടങ്ങി.1971 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് നിക്സണ്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്‍റെ വില 38 ഡോളറായി നിശ്ചയിച്ചു. ഡോളറിന് പകരം സ്വര്‍ണ്ണം നല്‍കാന്‍ ഫെഡറല്‍ റിസര്‍വ്വിനെ അനുവദിച്ചുമില്ല.അതോടെ ഗോള്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അഥവാ സ്വര്‍ണ്ണ  നിലവാരം അവസാനിച്ചു.1976 ഓടെ സ്വര്‍ണ്ണം സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമായി.സ്വര്‍ണ്ണ ഖനനവും വിലയും ആവശ്യവും വര്‍ദ്ധിച്ചു.

ഭൂമിയുടെ പ്രതലത്തില്‍ ഒരു ടണ്ണില്‍ 0.004 ഗ്രാം സ്വര്‍ണ്ണമേയുള്ളു. വയ്ക്കോല്‍ കൂനയില് സൂചി തേടുംപോലെ പ്രയാസമാണ് ഇത് കണ്ടെത്താന്‍..ജിയോളജിസ്റ്റുകളാണ് ഇത് കണ്ടെത്തുക. ഒരു നിക്ഷേപം എന്ന നിലയിലും അലങ്കാരം എന്ന നിലയിലും മാത്രമല്ല പ്രധാനപ്പെട്ട പല ആവശ്യങ്ങള്‍ക്കും സ്വര്‍ണ്ണം അനിവാര്യമാണ്.ഓരോ സെല്‍ഫോണിലും 50 മില്ലിഗ്രാം സ്വര്‍ണ്ണമുണ്ട്. തുരുമ്പ് എടുക്കാത്തതിനാല്‍ പല്ലിലെ പോട് അടയ്ക്കാനും കവറിടാനും സ്വര്‍ണ്ണ അലോയ് ഉപയോഗിക്കുന്നു. സിദ്ധ മരുന്നുകളില്‍ പ്രധാനമായതാണ് തങ്കഭസ്മം.വാതം,വേദന തുടങ്ങിയ ചികിത്സകള്‍ക്കും സ്വര്‍ണ്ണം ഉപയോഗിക്കാറുണ്ട്. ബഹിരാകാശ കപ്പലിലും സ്വര്‍ണ്ണം ഉപയോഗിക്കുന്നു. വേഗം ഉരുകാത്ത ലോഹമെന്ന നിലയില്‍ ബഹിരാകാശ കപ്പലിലെ ഗ്ലാസ് ഇന്സുലേററ്ററായാണ് ഇത് ഉപയോഗിക്കുന്നത്.5000 വര്‍ഷമായി മനുഷ്യനില് നിലനില്‍ക്കുന്ന സ്വര്‍ണ്ണാസക്തിയും ആധുനിക മേഖലകളില്‍ അതിന് പുതുതായി വന്നുചേരുന്ന  പ്രാധാന്യവും ഉടനൊന്നും അവസാനിക്കില്ല എന്നുറപ്പ്.അതുകൊണ്ടുതന്നെയാണ് സ്വര്‍ണ്ണവില നാള്‍ക്കുനാള്‍ കുതിച്ചുയരുന്നതും👌

 

No comments:

Post a Comment