Wednesday, 21 August 2024

Waste Management Authority is essential to free Kerala from waste

 





മാലിന്യമുക്ത കേരളത്തിന് വേസ്റ്റ് മാനേജ്മെന്‍റ് അതോറിറ്റി

-   വി.ആര്‍.അജിത് കുമാര്‍

       തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട്ടില്‍ നിറഞ്ഞുകിടന്ന  നഗരമാലിന്യം കോരിമാറ്റാനിറങ്ങി,നിലതെറ്റി മാലിന്യദ്രാവകത്തിലകപ്പെട്ട ജോണ്‍ ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്വാസമെടുക്കുമ്പോള്‍ അനുഭവിച്ച വേദന കേരളത്തിലെ സാധാരണക്കാരായ മനുഷ്യരെ വല്ലാതെ നോവിച്ച ഒന്നായിരുന്നു.അത് അധികാരികളുടെ മുതലക്കണ്ണീരിനും രാഷ്ട്രീയക്കാരുടെ പുലഭ്യം പറച്ചിലിനും അപ്പുറത്തേക്ക് നീളുന്നൊരു വേദനയാണ്. ജോണ്‍ അഴുക്കിന്‍റെ ആഴക്കയത്തിലേക്ക് ഇനി മടക്കമില്ലാത്തവണ്ണം ആഴ്ന്നുപോയപ്പോള്‍ ജോണിനെ പിടിച്ചുവലിച്ചുകൊണ്ടുപോയ അഴുക്ക് എന്ന നീരാളിയുടെ സൂക്ഷ്മാംശത്തിലെങ്കിലും നമ്മളെല്ലാമുണ്ട്. കാരണം നമ്മള്‍ തള്ളിയ അഴുക്കിലേക്കാണ് അതിനെ ചെറുതായെങ്കിലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സൂക്ഷ്മജീവികളെപോലെ ഒരാള്‍ ഇറങ്ങിപ്പോയത്. ഉണ്ടും ഉറങ്ങിയും സ്നേഹിച്ചും കലഹിച്ചും കഴിയുന്ന എല്ലാ ഇരുകാലികളെയുംപോലെയാണ് പ്രത്യക്ഷത്തില്‍ ജോണും. ക്രോമസോമുകളുടെ എണ്ണത്തില്‍ തെറ്റ് വന്നിട്ടില്ല, ചോരയുടെ നിറത്തിന് മാറ്റമില്ല, തലച്ചോറിന്‍റെ വികാസത്തിലും വ്യത്യാസമില്ല.കാപട്യങ്ങളില്ലാതെ,തനിക്ക് ജീവിക്കാനായി എന്തെങ്കിലും ഒരു തൊഴില്‍ ചെയ്യണം എന്നതിനാല്‍ ഓരോ ദിവസവും ഓരോരോ രൂപത്തില്‍ ജോണ്‍ പലയിടത്തും അവതരിച്ചിട്ടുണ്ടാകും. ജലാശയങ്ങളിലെ മാലിന്യം കെടുത്തിയ അനേകം ജീവിതങ്ങളുണ്ടാല്ലോ,അതില്‍ ഒരാളായി, രക്തസാക്ഷിയായി ജോണ്‍ മാറി.

മരണശേഷം അധികാരികള്‍ മുഖം രക്ഷിക്കാനായി ചെയ്യാറുള്ള പതിവ് സംഗതികളെല്ലാം ഇവിടെയും അരങ്ങേറി.ജോണിന്‍റെ വീട്ടുകാര്‍ക്ക് സാമ്പത്തിക സഹായം,വീട്ടിലെ ഒരാള്‍ക്ക് ജോലി വാഗ്ദാനം,ആമയിഴഞ്ചാന്‍ തോട് ശുചിയാക്കാനായി സബ്കളക്ടറുടെ നേതൃത്വത്തില്‍ റയില്‍വേയെ കൂടി ഉള്‍പ്പെടുത്തി സമിതി,ഇനി മാലിന്യനീക്കം അപകടരഹിതമാക്കാന്‍ സമിതി മേല്‍നോട്ടം,മുന്‍പ് പലവട്ടം നിരോധിച്ച ഒരിക്കല്‍ ഉപയോഗ പ്ലാസ്റ്റിക്കിന്‍റെ നിരോധനം വീണ്ടും കര്‍ശനമാക്കി ഉത്തരവ് എന്നിങ്ങനെ പോകുന്നു ആ പട്ടിക. പ്രതിപക്ഷവും അധികാരികളുടെ പുതിയ കുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ്.അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോണിന്‍റെ മരണം എങ്ങിനെ പ്രയോജനപ്പെടുത്താം എന്ന തന്ത്രപരമായ രാഷ്ട്രീയത്തിലേക്ക് ഇനി അവര്‍ മാറും. മലിനജലം ഉള്ളില്‍ കടന്ന് ജോണിനുണ്ടായ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് ആരെങ്കിലുമൊക്കെ ഇടയ്ക്ക് ഉറക്കം ഞെട്ടി ഉണര്‍ന്നേക്കാം. അതും അല്‍പ്പകാലമേ ഉണ്ടാകൂ.അപ്പോഴേക്കും മറ്റൊരു ദുരന്ത വാര്‍ത്ത നമ്മെ പിടികൂടും.അത് മണ്ണിനടിയില്‍പെട്ട അര്‍ജുനോ നിപ്പ ബാധിച്ച കുട്ടിയോ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച നാടും നൂറിലേറെ ജീവന്‍ നഷ്ടമായതിന്‍റെ മരവിപ്പും ആവും. അങ്ങിനെ വേദനകളിലൂടെയും മറവിയിലൂടെയുമാണല്ലോ മനുഷ്യകുലം മുന്നോട്ടു പോകുന്നത്.

മാലിന്യമുക്തം നവകേരളം

2024 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ അവസാനിക്കും വിധം കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജനകീയ കാമ്പയിനാണ് മാലിന്യ മുക്തം നവകേരളം. മാലിന്യ സംസ്ക്കരണത്തില്‍ സംസ്ഥാന-ജില്ലാ-പ്രാദേശിക തലങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഉത്ഘാടനം ചെയ്താണ് കാമ്പയിന്‍ ആരംഭിക്കുന്നത്.2025 മാര്‍ച്ച 30 ന് സംസ്ഥാനത്തെ ശുചിത്വ കേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.ഇതിന്‍റെ മുന്നോടിയായി അയല്‍ക്കൂട്ടങ്ങള്‍,ഗ്രാമങ്ങള്‍,നഗരങ്ങള്‍,സര്‍ക്കാര്‍,പൊതുമേഖല ഓഫീസുകള്‍,കലാലയങ്ങള്‍,വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഹരിതമാക്കി മാറ്റും. മാലിന്യത്തിന്‍റെ അളവ് കുറയ്ക്കല്‍,കൃത്യമായി തരംതിരിക്കല്‍,ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തില്‍ സംസ്ക്കരിക്കല്‍,അജൈവ പാഴ്വസ്തുക്കള്‍ ഹരിതകര്‍മസേനകള്‍ വഴി കൈമാറല്‍ മുതലായ പ്രവര്‍ത്തനങ്ങളാണ് ജനപങ്കാളിത്തത്തോടെ നടത്തുക.കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാന്‍റുകള്‍ സ്ഥാപിക്കുക,ജലസ്രോതസും നീര്‍ച്ചാലുകളും ശുദ്ധീകരിക്കല്‍,ശാസ്ത്രീയമായ രീതിയില്‍ ലാന്‍റ് ഫില്ലുകള്‍ ആരംഭിക്കുക,കൂട്ടായ ഇടപെടലിലൂടെ പൊതു ബോധമുണ്ടാക്കുക തുടങ്ങി ജനകീയ പങ്കാളിത്തത്തോടെയുള്ള ബോധവത്ക്കരണ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത്തരം പ്രവര്ത്തനങ്ങള്‍ താത്ക്കാലികമായി ഗുണം ചെയ്യുമെങ്കിലും നിരന്തരമായ ഒരു സംവിധാനത്തിലൂടെ മാത്രമെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ കഴിയൂ.

നമ്മുടെ ജലാശയങ്ങള്‍

കേരളം ജലസമൃദ്ധമാണ്. മഴ പെയ്യുമ്പോള്‍ വെള്ളപ്പൊക്കവും വേനലില്‍ വരള്‍ച്ചയും അനുഭവിക്കുന്ന,കുടിവെള്ള സ്രോതസുകള്‍ നശിച്ചുകൊണ്ടിരിക്കുന്ന,ഭൂഗര്‍ഭ ജലശേഷി തീരെ കുറഞ്ഞ ഒരു പ്രത്യേകതരം ജലസമ്പത്തിന്‍റെ കേന്ദ്രം. പെട്ടെന്ന് സമ്പന്നനാകുകയും അതിലുംവേഗം ദരിദ്രനാവുകയും ആത്മഹത്യ ചെയ്യുകയുമൊക്കെ ചെയ്യുന്ന മലയാളിയുടെ അതേ സ്വഭാവമാണ് കേരളത്തിലെത്തുന്ന ജലത്തിനും.സമൃദ്ധിയുടെ ആഹ്ലാദാരവം കഴിയുംമുന്നെ ദാരിദ്ര്യം വന്നുപിടികൂടും. ഇത് എല്ലാവര്‍ഷവും സംഭവിക്കുകയും ഓരോ വര്‍ഷവും കാഠിന്യം കൂടുകയും ചെയ്യുന്നു.ജനസാന്ദ്രതയും ഈഗോയും ഒരുപോലെ വളരുന്ന കേരളത്തില്‍ നമ്മള്‍ ഭൂമിയില്‍ ജലം താഴാന്‍ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്തപോലെയാണ് പെരുമാറുന്നത്. വീട് വയ്ക്കുമ്പോള്‍ പറമ്പിനെ ആകെ മൂടിയാകും അത് നിര്‍വ്വഹിക്കുക.അഥവാ അല്പ്പം ഇടം ബാക്കി വന്നാല്‍ അവിടെ ടൈല്‍സോ സിമന്‍റോ ഇടും.കാലില്‍ ചെളിപറ്റാതെയും മണ്ണ് പറ്റാതെയും ജീവിക്കുക എന്ന ഒറ്റ ലക്ഷ്യമെ ഇതിലുള്ളു. എന്നാല്‍ ചെടികളോട് വലിയ താത്പ്പര്യവുമാണ് മലയാളിക്ക്.എവിടെനിന്നെങ്കിലും എടുത്ത മണ്ണില്‍ കിളിര്‍പ്പിച്ച്, മനോഹരമായ ചട്ടികളില്‍ ലഭിക്കുന്ന ചെടികള്‍ എത്ര രൂപ കൊടുത്തായാലും വാങ്ങും. ഐശ്വര്യവും പണവുമൊക്കെകൊണ്ടുവരും എന്ന് വിശ്വസിക്കുന്ന ചെടികളെക്കൊണ്ട് വീടിനകവും നിറയ്ക്കും.റോഡും അവിടെ നിന്നും ജലം ഒഴുകാനുള്ള ഓടയും ജലം ഭൂമിയിലേക്ക് താഴാന്‍ അനുവദിക്കാത്തവിധമാകും നിര്‍മ്മിക്കുക.അതേ റോഡിലും ഓടയിലും തന്നെ നമ്മള്‍ ജൈവമാലിന്യവും അജൈവമാലിന്യവും തള്ളുകയും ചെയ്യും. തോടുകളും ചെറുചാലുകളും മണ്ണിട്ട് നിറച്ച് ഒന്നുകില്‍ റോഡാക്കും അല്ലെങ്കില്‍ സ്വന്തം പറമ്പിന്‍റെ ഭാഗമാക്കും. വ്യവസായ-വ്യാപാര സ്ഥാപനങ്ങാളെണെങ്കില്‍ തോട് അവരുടെ സ്ഥാപനത്തിന്‍റെ ഭാഗമായിതീരും. ഉദ്യോഗസ്ഥര്‍ അത് കണ്ടെത്തിയാല്‍ കണ്ടെത്തുന്നവര്‍ക്ക് ഒരു വരുമാനമായി. ഉദ്യോഗസ്ഥര്‍ സത്യസന്ധമായി കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങിയാല്‍ രാഷ്ട്രീയ ഇടപെടലായി.ഇതെല്ലാം കണ്ടും കേട്ടും പുതുമ നഷ്ടമായ സംഗതികളായി മാറിക്കഴിഞ്ഞു.

   പിന്നുള്ളത് പെയ്തിറങ്ങുന്ന മഴവെള്ളം ശേഖരിക്കാനുള്ള വയലുകളും തണ്ണീര്‍തടങ്ങളുമാണ്.കേരളത്തിലെ വയലുകള്‍ അതിവേഗമാണ് പറമ്പുകളായി മാറിയത്. അതോടെ ആരും തിരിഞ്ഞുനോക്കാതെ കിടന്ന ഇടങ്ങള്‍ക്ക് പൊന്നിന്‍റെ വിലയായി. അവിടേക്ക് റോഡുകള്‍ വരുകയും മനുഷ്യവാസം ആരംഭിക്കുകയും ചെയ്തു. ഇത്തരം പരിസ്ഥിതി നാശം നടത്തുന്നതിന് പല കൈമറിഞ്ഞ് അനേകര്‍ക്ക് അനര്‍ഹമായി പണം സമ്പാദിക്കാനും അവസരം ലഭിക്കുന്നു. തണ്ണീര്‍തടങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ പറയും,വെറുതെ കിടക്കുന്ന ഇടങ്ങള്‍,ഇവിടമൊക്കെ ഉപയോഗപ്പെടുത്തിക്കൂടെ. അങ്ങിനെ തണ്ണീര്‍തടങ്ങളെ ഉപയോഗിച്ചാല്‍ പെയ്തിറങ്ങുന്ന മഴവെള്ളം എവിടെപ്പോകും എന്ന ചോദ്യത്തിനും നമുക്കുത്തരമുണ്ട്. അതിനല്ലെ കായലും കടലും,ജലം അവിടേക്ക് പൊയ്ക്കോട്ടെ എന്നതാണ് നിലപാട്. അപ്പോള്‍ കുടിവെള്ളമോ? അതിപ്പോള്‍ ലഭിക്കുന്നുണ്ടല്ലോ, ഇല്ലാതാകുമ്പോള്‍ അതിനെകുറിച്ച് അന്വേഷിച്ചാല്‍ പോരെ എന്നും പറയും. ഇതൊക്കെയാണ് നിലപാടെങ്കിലും പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോള്‍ പരസ്പ്പരം കുറ്റപ്പെടുത്തലുകള്‍ക്ക് ഒരു കുറവുമുണ്ടാകില്ല.

ജലാശയ സംരക്ഷണം    

ജലാശയ സംരക്ഷണം അങ്ങേയറ്റം ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്. ഇടയ്ക്ക് എപ്പോഴെങ്കിലും കുറച്ചു പായല്‍ നീക്കുകയോ പ്ലാസ്റ്റിക് വസ്തുക്കളും പാഴ്വസ്തുക്കളും കരയ്ക്ക് കയറ്റി ഇടുകയോ ചെയ്യുന്നതല്ല ജലാശയ സംരക്ഷണം.ദൈനംദിന ഇടപെടലിലൂടെയുള്ള സംരക്ഷണത്തിനെ പ്രസക്തിയുള്ളു. ഇത് ജനകീയമാവുകയും വേണം. 2008 ല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകളും മലിനീകരണ നിയന്ത്രണ സമിതികളുമായി ചേര്‍ന്ന് 2500 ജലാശയങ്ങളില്‍ ദേശീയ ജലഗുണമേന്മ നിരീക്ഷണ പരിപാടി സംഘടിപ്പിച്ചിരുന്നു. ജൈവമാലിന്യമാണ് ഗുണമേന്മയ്ക്ക് ഏറ്റവും ദോഷം എന്നാണ് അവര്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ മോശം നിലയിലുള്ള നദികളുടെ എണ്ണം 2008 ല്‍ 150 ആയിരുന്നത് 2015 ല്‍ 302 ആയി മാറി. ഇപ്പോള്‍ അവയുടെ എണ്ണം കൂടുകയല്ലാതെ കുറയാനുള്ള സാധ്യത ഇല്ല എന്നുതന്നെ പറയാം.2017 ല്‍ കേരള സാക്ഷരതാ മിഷന്‍ കേരളത്തിലെ 58,463 കുടുംബങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് 73 ശതമാനം ജലസ്രോതസ്സുകളും മലിനമാണെന്നാണ്.നദികള്‍,അരുവികള്‍,കുളങ്ങള്‍,കായലുകള്‍,കിണറുകള്‍ എന്നിവ ഉള്‍പ്പെടെ 3606 ജലസ്രോതസ്സുകള്‍ പരിശോധിച്ചതില്‍ 26.9 ശതമാനവും പൂര്‍ണ്ണമായും മലിനമായിരുന്നു.ജലമാലിന്യത്തില്‍ 55.2 ശതമാനവും വീടുകളും ഹോട്ടലുകളും പുറംതള്ളിയ അഴുക്കായിരുന്നു.വാഹനം കഴുകുന്നതിലൂടെ 20 ശതമാനവും വ്യവസായ ശാലകളില്‍ നിന്നും 11 ശതമാനവും അഴുക്ക് ജലാശയങ്ങളില്‍ എത്തുന്നു. ഇത് തടയിടുന്നതിനുള്ള നിയമങ്ങള്‍ ധാരാളമാണ്.പക്ഷെ കൃത്യമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ഭരണസംവിധാനത്തിനില്ല.സ്രോതസ്സില്‍ നിന്നുവരുന്ന മാലിന്യം കൃത്യമായി ശേഖരിക്കാനും അതിനെ ശുദ്ധീകരിക്കാനും പാഴ്വസ്തുക്കളെ ഉപയോഗപ്പെടുത്താനുമൊന്നുമുള്ള ഒരു മാസ്റ്റര്‍ പ്ലാനും സംസ്ഥാനത്തിനില്ല എന്നതാണ് ദുരന്തം. ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്.അത് ഒരു പ്രാദേശിക ഭരണാധികാരിയുടെ കാഴ്ചപ്പാടോ താത്ക്കാലികമായി ലഭിക്കുന്ന ഫണ്ടിന്‍റെ വിനിയോഗമോ ആയി മാറുന്നു. അധികാരി മാറുമ്പോഴോ ഫണ്ട് തീരുമ്പോഴോ അത് അവസാനിക്കുന്നു.

കേരളം മുംബെയും ഡല്‍ഹിയും ചെന്നൈയും പോലെ ഒരൊറ്റ നഗരം പോലെ കണക്കാക്കേണ്ട ഒരു സംസ്ഥാനമാണ്. നമ്മുടെ നാടിന്‍റെ എല്ലാ അരുകുകളും വികസിതമാണ്. സാമ്പത്തിക-സാമൂഹിക അസന്തുലിതാവസ്ഥ നിലനില്‍ക്കുമ്പോഴും നഗരവത്ക്കരണം വലിയതോതില്‍ സംഭവിച്ച മറ്റൊരിടവും ഇന്ത്യയിലുണ്ടാവില്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ജില്ല,കോര്‍പ്പറേഷന്‍,മുനിസിപ്പാലിറ്റി,പഞ്ചായത്ത് എന്നൊക്കെ തിരിച്ച് കേരളത്തിലെ മാലിന്യ പ്രശ്നത്തെ സമീപിക്കാന്‍ കഴിയില്ല. അതിനൊരു ഏകരൂപമുണ്ട്. മൂവായിരം മില്ലിമീറ്റര്‍ മഴ കിട്ടുന്ന കേരളത്തിന്‍റെ വളഞ്ഞു പുളഞ്ഞുള്ള കിടപ്പും കുന്നും താഴ്വരയും തീരപ്രദേശവും നദികളും ചേര്‍ന്ന പ്രത്യേക ഭൂപ്രകൃതിയും ഉയര്‍ന്ന ജനസാന്ദ്രതയും ചേര്‍ന്ന് സങ്കീര്‍ണ്ണമായ ഗ്രാമ-നഗരങ്ങളാണ് നമുക്കുള്ളത്.മലയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ അവിടെ അവസാനിക്കുന്നില്ല.അത് താഴ്വാരത്തിലേക്കും തീരപ്രദേശത്തേക്കും പരന്നെത്താന്‍ മണിക്കൂറുകള്‍ മതിയാകും.അതുകൊണ്ടുതന്നെ ഒരു നദിയുടെ സംരക്ഷണം എന്നത് ആ നദി ഉത്ഭവിക്കുന്നിടത്തുനിന്നും അവസാനിക്കുന്നിടത്തുവരെ നീളുന്ന പ്രക്രിയയായി മാറുന്നു. മികച്ച  തയ്യാറെടുപ്പോടെയും സന്നാഹങ്ങളോടെയും മാത്രമെ ജലാശയസംരക്ഷണവും നിര്‍മ്മലിനീകരണവും നമുക്ക് നോക്കി കാണാന്‍ കഴിയൂ. ഇതിന് വലിയ ജനകീയ പങ്കാളിത്തത്തവും നിരന്തരമായ ഇടപെടലും ആവശ്യമാണ്.

മലിന ജല നയം

വികസ്വര-വികസിത രാഷ്ട്രങ്ങളിലെല്ലാംതന്നെ പ്രത്യേകമായ ജലനയമുണ്ട്. അമേരിക്കയിലെ ക്ലീന്‍ വാട്ടര്‍ ആക്ട് ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നതിനെ പ്രതിരോധിക്കുന്ന നിയമമാണ്.യൂറോപ്പില്‍ ഇത് വാട്ടര്‍ ഫ്രെയിംവര്‍ക്ക് ഡയറക്ടീവാണ്.ഈ നിയമങ്ങള്‍ ജലാശയങ്ങളുടെ ഗുണമേന്മയും അതിന്‍റെ അളവും പരിശോധിക്കുന്നു. മലിനജലം ശുദ്ധീകരിച്ച് മാത്രമെ ജലാശയങ്ങളിലേക്ക് ഒഴുക്കുകയുള്ളു.ഇതിനായുള്ള ജലശുദ്ധീകരണ ശാലകളുമുണ്ട്. വ്യവസായങ്ങളും ജലം ശുദ്ധീകരിച്ച് മാത്രമെ ജലാശയങ്ങളിലേക്ക് തള്ളുകയുള്ളു.കാര്‍ഷിക പ്രദേശത്തു നിന്നും രാസവസ്തുക്കള്‍ ജലാശയത്തിലെത്താതിരിക്കാന്‍ പ്രിസിഷന്‍ ഫാമിംഗും ജൈവവളങ്ങളും സംയോജിത കീട പരിപാലനവും പ്രയോജനപ്പെടുത്തുന്നു.സ്കൂളുകളിലൂടെയും മാധ്യമങ്ങള്‍ വഴിയും കമ്മ്യൂണിറ്റി പ്രോഗ്രാമിലൂടെയും ജലാശയ സംരക്ഷണ ബോധവത്ക്കരണവും നടത്തുന്നു.ജനപങ്കാളിത്തത്തോടെയുള്ള ജലഗുണമേന്മ മോണിറ്ററിംഗും ജലാശയങ്ങളുടെ വൃത്തിയാക്കലും ഇതിന്‍റെ ഭാഗമാണ്. സസ്യങ്ങളേയും സൂക്ഷ്മജീവികളേയും ഉപയോഗിച്ചുള്ള പ്രകൃതിദത്ത ജലാശയശുചിയാക്കലും നിയമത്തിന്‍റെ ഭാഗമാണ്. അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനുള്ള നാനോമെറ്റീരിയലുകളുടെ ഉപയോഗവും ഇപ്പോള്‍ വ്യാപകമാണ്.

പ്രകൃതിദത്ത ആവാസവ്യവസ്ഥ പുനസ്ഥാപനവും പ്രാദേശിക സസ്യങ്ങളുടെ വച്ചുപിടിപ്പിക്കലും ജലാശയ ഇക്കോസിസ്റ്റ പുനര്‍നിര്‍മ്മാണവും നടക്കുന്നുണ്ട്. ജലാശയത്തിന്‍റെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകള്‍ നീക്കം ചെയ്യുന്നതും മറ്റൊരു രീതിയാണ്. ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിന്‍റെ നിരോധനവും പ്ലാസ്റ്റിക് ജലാശയത്തില്‍ എത്താതിരിക്കാനുള്ള നടപടികളും ശക്തമാണ്.പ്ലാസ്റ്റിക് വലിച്ചെറിയുന്നതും ജലാശയങ്ങളില്‍ നിക്ഷേപിക്കുന്നതും തടയാനുള്ള വ്യാപകമായ സമാഹരണ കേന്ദ്രങ്ങളും റീസൈക്ക്ളിംഗുമാണ് മറ്റൊരു പ്രത്യേകത. ജലാശയങ്ങളുടെ ചുറ്റിലുമായി താമസിക്കുന്നവരെ പങ്കാളികളാക്കിയുള്ള സംയോജിത ജലവിഭവ മാനേജ്മെന്‍റും വിജയകരമാണ്.ഇതിനൊപ്പം നടത്തുന്ന നിരന്തര പരിശോധനയിലൂടെ ജലത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്നു. നിയമലംഘനത്തിനുള്ള കടുത്ത ശിക്ഷയാണ് ഇവയുടെ വിജയത്തിന് പ്രധാന കാരണവും.അമേരിക്കയിലും കാനഡയിലും വലിയ തടാകങ്ങളുടെ പുനരുദ്ധാരണ സംരംഭങ്ങളുണ്ട്. അത്തരമൊന്നാണ് ഇന്ത്യയില്‍ നടപ്പിലാക്കിയ ഗംഗാ ആക്ഷന്‍ പ്ലാനും. വലിയ തുക മുടക്കി നടത്തിയ പദ്ധതിയാണ്. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.എന്നാല്‍ പദ്ധതി തുടര്‍ന്നില്ലെങ്കില്‍ വീണ്ടും ഗംഗ പഴയ സ്ഥിതിയിലേക്ക് പോകും എന്നതും ശ്രദ്ധേയമാണ്.

കക്കൂസ് മാലിന്യം

കക്കൂസ് മാലിന്യം നേരിട്ട് നദികളിലേക്കും കനാലുകളിലേക്കും പമ്പ് ചെയ്യുന്നത് രൂക്ഷവും വ്യാപകവുമായ പ്രശ്നമാണ്.പൊതുജനാരോഗ്യത്തിനും ജല ആവാസവ്യവസ്ഥയ്ക്കും മൊത്തത്തിലുള്ള പാരിസ്ഥിതിക ഗുണനിലവാരത്തിനും കാര്യമായ ഭീക്ഷണി ഉയര്‍ത്തുന്ന ജലമലിനീകരണത്തിന് ഇത് കാരണമാകുന്നു.ഈ സമ്പ്രദായം ജലാശയങ്ങളിലേക്ക് ദോഷകരമായ രോഗകാരികള്‍,ജൈവപദാര്‍ത്ഥങ്ങള്‍ എന്നിവ വന്നു ചേരാന്‍ ഇടവരുത്തുന്നു. ഇത് ജലത്തിന്‍റെ അമിതപോഷണത്തിലേക്കും തുടര്‍ന്ന് ഓക്സിജന്‍റെ കുറവിലേക്കും ജലജീവികള്‍ക്ക് അനാരോഗ്യകരമായ സാഹചര്യത്തിലേക്കും നയിക്കുന്നു.ആദ്യം ജലസസ്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും പിന്നീട് സസ്യങ്ങള്‍ ചീയുകയും ജലത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുകയുമാണ് ചെയ്യുന്നത്.അതോടെ ആവാസവ്യവസ്ഥക്ക് മരണം സംഭവിക്കുന്നു. മനുഷ്യന്‍റെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്ന പല രോഗങ്ങള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്. ജലമലിനീകരണം ടൂറിസം, മത്സ്യബന്ധനം,കൃഷി തുടങ്ങിയ ശുദ്ധജലത്തെ ആശ്രയിക്കുന്ന വ്യവസായങ്ങളെ ബാധിക്കുകയും കുടിവെള്ള നിര്‍മ്മാണം ദുഷ്ക്കരമാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സൌഹൃദ മലിനജല സംസ്ക്കരണ സാങ്കേതിക വിദ്യകളാണ് ഇതിന് പരിഹാരം. റയില്‍വേ ഉപയോഗിക്കുന്ന ബയോടോയ്ലറ്റുകള്‍ ഇതിന് ഉദാഹരണമാണ്.ലിക്വിഡ് അനെയ്റോബിക് ബാക്ടീരിയയെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ബാക്ടീരിയ നടത്തുന്ന ബയോഡൈജഷനാണ് ഇതില്‍ പ്രധാനം. ഇതില്‍ നിന്നും പുറത്തേക്ക് വരുന്ന ജലം ജീവികള്‍ക്കും സസ്യങ്ങള്‍ക്കും മനുഷ്യനും ദോഷകരമല്ല എന്നതും എടുത്തുപറയേണ്ടകാര്യമാണ്. ഇതിന് ഓക്സിജനും ആവശ്യമില്ല. ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്പ്മെന്‍റ് ഏജന്‍സിയാണ് ഇത് വികസിപ്പിച്ചത്. ഇത്തരത്തിലുള്ള ബയോടോയ്ലറ്റുകളുടെ വ്യപകമായ ഉപയോഗത്തിന് കേരളം മുന്‍ഗണന നല്‍കേണ്ടതുണ്ട്.

യൂറോപ്പിലും ആസ്ട്രേലിയയിലും മറ്റും ബയോടോയ്ലറ്റുകള്‍ വ്യാപകമായി വീടുകളില്‍ ഉപയോഗിക്കുന്നുണ്ട്. 1930 കാലത്ത് സ്വീഡനില്‍ വികസിപ്പിച്ച Clivus Multrum പിന്നീട് പല കാലഘട്ടത്തിലായി രൂപപ്പെട്ട Ecolet,Sun-Mar,Eco flo,Nature loo  തുടങ്ങിയ ഗുണമേന്മയുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാവണം ഇത് നടപ്പിലാക്കേണ്ടത്. ആസ്ട്രേലിയ നാല്‍പ്പത് വര്‍ഷത്തിലേറെയായി ഇത് ഉപയോഗിക്കുന്നു.ഇത് വഴി ഒരു ടോയ്ലറ്റ് ഒരു വര്‍ഷം 60,000 ലിറ്റര്‍ ജലം ലാഭിക്കുന്നു എന്നാണ് കണക്കാക്കുന്നത്. വീടുകളിലും ബോട്ടിലും മോട്ടോര്‍ വീടുകളിലും ഇവ ഉപയോഗിക്കുന്നുണ്ട്. ജലോപയോഗം കുറയ്ക്കുകയും റീസൈക്കിള്‍ ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം.ബയോടോയ്ലറ്റ് മലിന വസ്തുക്കളെ അതിനുള്ളില്‍തന്നെ കമ്പോസ്റ്റ് ചെയ്യുന്നു.ദ്രവ മാലിന്യം ബാഷ്പമാവുകയും ഖരമാലിന്യം ബാകടീരിയയും ഫംഗസും പ്രോട്ടോസോവയും ചേര്‍ന്ന് മികച്ച വളമാക്കി മാറ്റുകയും ചെയ്യുന്നു.ജലം,വൈദ്യുതി, കെമിക്കലുകള്‍ എന്നിവയുടെ ഉപയോഗമില്ലാത്ത ഇത്തരം ടോയ്ലറ്റുകളിലേക്ക് കേരളം മാറേണ്ടത് അനിവാര്യമാണ്.ഇവ മീഥേയ്ന്‍ ഉത്പ്പാദിപ്പിക്കാത്തതിനാല്‍ സാധാരണ ടോയ്ലറ്റുകളുടെ കെട്ടനാറ്റവും ഉണ്ടാകില്ല.

കേരളത്തെ സംബ്ബന്ധിച്ചിടത്തോളം മാലിന്യ സംസ്ക്കരണം തട്ടിപ്പുകള്‍ക്കുള്ള ഇടമാണ്. നമ്മുടെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും മറ്റ് ഇടങ്ങളിലുമായി മാലിന്യ സംസ്ക്കരണത്തിനായി വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മെഷീനുകള്‍ തുരുമ്പ് പിടിച്ച് ഉപയോഗശൂന്യമായി ഇരിക്കുന്നത് കാണാം. ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന കമ്പനികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ അധികാരികളും വര്‍ദ്ധിച്ചു വരുകയാണ്. കമ്മീഷന്‍ നിശ്ചയിച്ച് ഉപകരണം വാങ്ങി സ്ഥാപിക്കുകയും ഉത്ഘാടനം നടത്തുകയും ചെയ്യുന്നതോടെ മിക്കതിന്‍റെയും പ്രവര്‍ത്തനം അവസാനിക്കും. ചിലതൊക്കെ ഒന്നോ രണ്ടോ മാസം പ്രവര്‍ത്തിക്കും.പിന്നീട് കേടാവുകയോ കേടാക്കുകയോ ചെയ്യുന്നു. ഉപകരണം സ്ഥാപിച്ച കമ്പനിയോ പണം മുടക്കിയ സ്ഥാപനമോ പൊതുജനമോ അതിനെക്കുറിച്ച് പിന്നീട് ചിന്തിക്കുകയില്ല.കാട്ടിലെ തടി ,തേവരുടെ ആന എന്ന മട്ട് ഇപ്പോഴും തുടരുന്നു. ഇതിന് മാറ്റം വരണമെങ്കില്‍ ബില്‍ഡ്-ഓപ്പറേറ്റ്-മെയിന്‍‌റനന്‍സ് സംവിധാനത്തില്‍ മാത്രം ഉപകരണങ്ങള്‍ സ്ഥാപിക്കുക എന്ന രീതി വരണം. കമ്പനി ഉപകരണം സ്ഥാപിക്കുന്നു, അവര്‍ തന്നെ മാസശമ്പളത്തിന് സാങ്കേതികതികവുള്ളവരെ ജോലിക്കുവയ്ക്കുന്നു,തകരാറ് വന്നാല്‍ ശരിയാക്കുന്നു.ഇതാവണം രീതി. പകരം ഉപകരണത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരുവനെ ഓപ്പറേറ്ററാക്കി ശമ്പളവും നല്‍കി കുറേക്കാലം പ്രവര്‍ത്തനമില്ലാത്തതും കേടായതുമായ ഒരു നോക്കുകുത്തിയെ സംരക്ഷിക്കുക എന്നത് ജനാധിപത്യ സംവിധാനത്തിലെ മറ്റൊരു തമാശയായി മാത്രമെ കാണാന്‍ കഴിയൂ.

കേരള ജല അതോറിറ്റി

കേരളത്തില്‍ മാലിന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനേകം സ്ഥാപനങ്ങളുണ്ട്. കേരള ജല അതോറിറ്റിയാണ് ഇതില്‍ പ്രധാനം.1984 ഏപ്രില് ഒന്നിന് കേരള ജലവും മലിന ജലവും ഓര്‍ഡിനന്‍സിലൂടെയാണ് പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പിനെ ജല അതോറിറ്റിയാക്കി മാറ്റിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കേരള സംസ്ഥാന ഗ്രാമീണ വികസന ബോര്‍ഡിന്‍റെയും ജലസംബ്ബന്ധിയായ ആസ്തി ബാധ്യതകളും അധികാരങ്ങളും ഉള്‍ച്ചേര്‍ത്തായിരുന്നു അതോറിറ്റി രൂപീകരിച്ചത്. ശുദ്ധജലം എല്ലാവര്‍ക്കും,നൂറ് ശതമാനം മലിനജല സംസ്ക്കരണവും എന്നതാണ് അതോറിറ്റി ലക്ഷ്യമിട്ടത്. എന്നാല്‍ 2021 വരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ 40 ശതമാനവും കൊച്ചി കോര്‍പ്പറേഷന്‍റെ 5 ശതമാനവും മലിനജലം മാത്രമെ സംസ്ക്കരിക്കാന്‍ ജല അതോറിറ്റിക്ക് കഴിഞ്ഞിട്ടുള്ളു.13,735 ജീവനക്കാരാണ് ജല അതോറിറ്റിക്കുള്ളത്. ഇതില്‍ 7000 പേര്‍ കരാറ് തൊഴിലാളികളും 4845 സാങ്കേതിക ജീവനക്കാരും 1890 മിനിസ്റ്റീരിയല്‍ ജീവനക്കാരുമാണ്.കുടിവെള്ളവുമായി ബന്ധപ്പെട്ട ജോലികള്‍ക്കപ്പുറം മലിനജലം അവരുടെ അജണ്ടയില്‍ ഇല്ല എന്നുവേണം കരുതാന്‍. മലിനജല സംസ്ക്കരണം സംബ്ബന്ധിച്ച ആധുനിക കാഴ്ചപ്പാടും യോഗ്യതകളുമുള്ള ജീവനക്കാരും ഉണ്ടാകുമോ എന്നതും സംശയമാണ്. ആകെ ജീവനക്കാരില്‍ എത്രപേര്‍ മലിന ജല സംസ്ക്കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു എന്നും അറിയില്ല. 2030 ഓടെ 100 ശതമാനം നഗര കുടുംബങ്ങളുടെയും മലിനജല സംസ്ക്കരണമാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നതെങ്കിലും അതിലെ 25 ശതമാനമെങ്കിലും സാധിതമാകും എന്നുപോലും കരുതാന്‍ പ്രയാസമാണ്. 2021 ലെ കണക്ക് പ്രകാരം അത് 15 ശതമാനമാണ്. ഐഎസ് 10500 (2012) സ്റ്റാന്‍ഡാര്‍ഡ് പ്രകാരമുള്ള ശുദ്ധീകരിച്ച ജലം 2030 ല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ജല അതോറിറ്റി എത്തിച്ചേരും എന്ന അവകാശവാദവും ജലരേഖയായി മാറുകയേയുള്ളു. 

പരിഹാരം

കേരളത്തിന്‍റെ സ്വഭാവത്തിന് ഒരു കേന്ദ്രീകൃത ഏജന്‍സിക്ക് മാത്രമെ മാലിന്യത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാനും നടപ്പിലാക്കാനും കഴിയൂ. കേരള ജല അതോറിറ്റിയില്‍ കുടിവെള്ള ഉത്പ്പാദനവും വിതരണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായുള്ള ജീവനക്കാരെ നിലനിര്‍ത്തി,ബാക്കിയുള്ളവരെ ഉള്‍പ്പെടുത്തി കേരള വേസ്റ്റ് മാനേജ്മെന്‍റ് അതോറിറ്റി രൂപീകരിക്കുകയാണ് അനിവാര്യം.ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകളെകുറിച്ച് ധാരണയുള്ള,യോഗ്യരായ ആളുകളെ മാത്രം ഇതിനായി പരിഗണിക്കേണ്ടതുണ്ട്.ഹരിത കേരളം മിഷന്‍,ശുചിത്വ മിഷന്‍,സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്പ്മെന്‍റ് ആന്‍റ് മാനേജ്മെന്‍റ്,കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍റ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി) തുടങ്ങിയ സ്ഥാപനങ്ങളെ അതോറിറ്റിയില്‍ ലയിപ്പിക്കേണ്ടതുണ്ട്. നിലവില്‍ കേരള ജല അതോറിറ്റിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് ഏജന്‍സികളുടെയും അധീനതയിലുള്ള മാലിന്യവുമായി ബന്ധപ്പെട്ട ആസ്തികളെല്ലാം ഈ അതോറിറ്റിക്ക് കീഴില്‍ കൊണ്ടുവരണം. മാലിന്യവുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വ്വഹിക്കുന്ന ജീവനക്കാര്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നല്‍കിവരുന്ന ശമ്പളവും ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ അവരുടെ ജോലിയുടെ ക്രമീകരണവും മേല്‍നോട്ടവും അതോറിറ്റിയുടെ കീഴിലാകണം.ജീവനക്കാരുടെ എണ്ണം പരമാവധി ചുരുക്കി സ്വകാര്യ പങ്കാളിത്തത്തോടെ വേണം അതോറിറ്റി പ്രവര്‍ത്തിക്കാന്‍. അങ്ങിനെയായാല്‍ ആഗോള ഏജന്‍സികളെ പോലും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ കഴിയും. ഇത്തരമൊരു സംവിധാനം വരുന്നതോടെ മാലിന്യം പൂര്‍ണ്ണമായും ഉപയോഗപ്രദമായ വസ്തുക്കളായി മാറ്റാന്‍ കഴിയും. മാലിന്യനീക്കത്തിനും മേല്‍നോട്ടത്തിനും സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താനും ജീവന് ഭീഷണിയുണ്ടാവുന്ന ജോലികള്‍ ചെയ്യാന്‍ റോബോട്ടുകള്‍ പോലെയുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനും കഴിയും.

നദികളെ ഓരോ ഡിവിഷനുകളായി കണ്ട് പ്രവര്‍ത്തനം ഏകീകരിക്കേണ്ടി വരും. 44 നദികള്‍ക്കും ഓരോ ഡിവിഷനുകളുണ്ടാവണം. പെരിയാര്‍ ഡിവിഷന്‍,ഭാരതപ്പുഴ ഡിവിഷന്‍ എന്നിങ്ങനെയുള്ള അതോറിറ്റിയുടെ ഡിവിഷനുകള്‍ നദിയുടെ ഉത്ഭവ സ്ഥലം മുതല്‍ കടലിലേക്ക് പതിക്കുന്ന ഇടം വരെ ജലം മലിനമാകാതെ നോക്കുന്നതിനുള്ള ഉത്തരവാദിത്തമാകും ഏറ്റെടുക്കുക. കിഴക്കോട്ടൊഴുകുന്ന കബനിയും ഭവാനിയും പാമ്പാറും അതിര്‍ത്തി കടക്കും വരെയുള്ള ഇടം ശുദ്ധമാക്കി നിലനിര്‍ത്താനും അതോറിറ്റിക്ക് കഴിയും. നദികളിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ജുഡീഷ്യല്‍ അധികാരവും അതോറിറ്റിക്ക് ഉണ്ടാകണം.തികഞ്ഞ ജനകീയ പങ്കാളിത്തത്തോടെ മാത്രമെ ഇത് നിര്‍വ്വഹിക്കാന്‍ കഴിയൂ. നദി ഒഴുകുന്ന ഇടങ്ങളിലെല്ലാം പ്രാദേശികമായി നദീസംരക്ഷണ സമിതികളുണ്ടാവണം.അവ സന്നദ്ധ സേവനം ചെയ്യുന്ന സമിതികളാവണം.മാലിന്യം നദിയിലേക്കൊഴുകുന്നതും മാലിന്യം കൊണ്ടിടുന്നതും തടയാന്‍ ഇതുവഴി കഴിയും. മാലിന്യം തള്ളുന്നവരെ കണ്ടെത്താനുള്ള സിസിടിവി സംവിധാനവും പ്രാദേശിക സമിതികളുടെ ഇടപെടലും ഗുണകരമായ ഫലമാകും നല്‍കുക. ഇതോടൊപ്പം ഡ്രയിനേജ് സംവിധാനം ശക്തമാക്കണം. നദിക്ക് സമാന്തരമായി പഞ്ചായത്ത്,മുനിസിപ്പാലിറ്റി.കോര്‍പ്പറേഷന്‍ തലത്തില്‍ ചേറിയ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ച ജലം നദിയിലേക്ക് ഒഴുക്കാവുന്നതാണ്.

നഗരങ്ങളില്‍ ചെറുകനാലുകളിലും ഇത്തരത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ അതോറിറ്റിക്ക് കഴിയണം. നഗരങ്ങളിലെ കനാലുകള്‍ വൃത്തിയുള്ളതും സൌന്ദര്യമുള്ളതുമായി മാറണം.കഴിയുന്നിടങ്ങളില്‍ അതിന്‍റെ തീരത്ത് ചെറിയ പാര്‍ക്കുകളും നടപ്പാതകളും നിര്‍മ്മിച്ച് നഗരത്തിന്‍റെ സൌന്ദര്യ ഇടങ്ങളായി ഈ കനാലുകളെ മാറ്റിയെടുക്കാന്‍ കഴിയും.മൂക്കുപൊത്തിയും കാഴ്ചയെ മറച്ചും നമ്മള്‍ ഒഴിവാക്കുന്ന നഗരത്തിന്‍റെ അശ്ലീലങ്ങളായ തോടുകളെ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കേരളത്തിന് കഴിയും. അധികാരികളുടെ ഇച്ഛാശക്തിയാണ് ഇതിനാവശ്യം.

കായലുകള്‍ക്കും അതോറിറ്റിയുടെ സബ് ഡിവിഷന്‍ ആവശ്യമാണ്. അവിടെയും പ്രാദേശിക സമിതികളും ഉണ്ടാകണം. അനാവശ്യമായതും പരിസ്ഥിതി വിരുദ്ധവുമായ നീര്‍ത്തട പ്രവര്‍ത്തനങ്ങള്‍ക്ക് അവധികൊടുത്തുകൊണ്ടുവേണം ഇവ നടപ്പിലാക്കാന്‍.നദികളുടെ വശങ്ങളില്‍ കോണ്‍ക്രീറ്റ് മതിലുകള്‍ തീര്‍ക്കുക തുടങ്ങി ലാഭക്കണ്ണോടെ എന്തിനേയും കാണുന്നവരെ മുളയിലേ നുള്ളണം. രാമച്ചം പോലെയുള്ള സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചും പുല്ലും മരങ്ങളും നട്ടുമൊക്കെയാവണം നദീതീരങ്ങളുടെയും കായലിന്‍റെയും സംരക്ഷണം.വല്ലപ്പോഴും ചെയ്യുന്ന പായല്‍ നീക്കവും അഴുക്ക് നീക്കവുമൊക്കെ നിത്യേന എന്നവണ്ണം നടക്കണം.മാലിന്യം പൌരന്മാരുടെ സൃഷ്ടിയാണെങ്കില്‍ അതിന്‍റെ പരിഹാരവും അവനിലൂടെ തന്നെയാവണം.ഇത്തരത്തില്‍ ക്രിയാത്മകമായ ഒരു നീക്കത്തിലൂടെ കേരളത്തെ മാലിന്യ സംസ്ക്കരണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും എന്നതില്‍ സംശയമില്ല. ലോകത്തെവിടെയുമുള്ള സഞ്ചാരികള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഇടമായി കേരളത്തെ മാറ്റാന്‍ ഇതിലൂടെ നമുക്ക് കഴിയും.

----

-   വി.ആര്‍.അജിത് കുമാര്‍ -9567011942

( 2024 ആഗസ്റ്റ് 11-18 കലാകൌമുദിയില് പ്രസിദ്ധീകരിച്ച ലേഖനം - മാലിന്യമുക്തമാകാന് വേണം വേസ്റ്റ് മാനേജ്മെന്റ് അതോറിറ്റി )

 

 

 

 



No comments:

Post a Comment