യാത്ര
----------
തിരുവണ്ണാമലയിലെ ഗിരിവലവും രമണാശ്രമവും
---------------------
വി.ആര്‍.അജിത് കുമാര്‍
--------------------------------
രമണ മഹര്‍ഷിയുടെ ആശ്രമം സ്ഥിതി ചെയ്യുന്ന തിരുവണ്ണാമല സന്ദര്‍ശിക്കണം
എന്നാഗ്രഹിക്കാന്‍ തുടങ്ങിയത് ദശാബ്ദങ്ങള്‍ക്കു മുന്നെയാണ്. അക്കാലത്ത്
ആശ്രമത്തെ കുറിച്ച് വാരാന്ത്യപ്പതിപ്പുകളിലൊക്കെ ധാരാളം ലേഖനങ്ങള്‍
വായിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടോ ആ യാത്ര നടന്നില്ല. ഈയിടെയാണ്
അണ്ണാമലൈ എന്നും അരുണാചല കുന്ന് എന്നും അറിയപ്പെടുന്ന മലയെ വലംവയ്ക്കുന്ന
ഒരു ചടങ്ങിനെ കുറിച്ച് അറിഞ്ഞത്. അപ്പോള്‍ അവിടം സന്ദര്‍ശിക്കണമെന്ന
ആഗ്രഹം വര്‍ദ്ധിച്ചു. ഗിരിവലത്തിന് ഏറ്റവുമധികം ആളുകള്‍ വരുന്നത്
കാര്‍ത്തിക മാസത്തിലെ പൌര്‍ണ്ണമിക്കാണ്. എല്ലാ മാസവും പൌര്‍ണ്ണമി നാളില്‍
ലക്ഷക്കണക്കിനാളുകള്‍ ഗിരിവലം വയ്ക്കാറുണ്ട്. ഞാനും 2024 മാര്‍ച്ച് മാസം
മുതല്‍ പൌര്‍ണ്ണമി നാളില്‍ തിരുവണ്ണാമലയില്‍ എത്താന്‍ ശ്രമം
തുടങ്ങിയെങ്കിലും അത് സാധിതമായത് ആടി മാസത്തിലെ പൌര്‍ണ്ണമിക്കാണ്.അതായത്
2024 ജൂലൈ 20ന്.
ശിവഗംഗയില്‍ നിന്നും പത്തൊന്‍പതാം തീയതി മധുരയിലെത്തി സുഹൃത്ത് ഹരിയുടെ
വീട്ടില്‍ തങ്ങി. ഇതുപതിന് രാവിലെ 6.40 നുള്ള വൈഗ എക്സ്പ്രസില്‍
ഹരിയുടെയും മകള്‍ വിജിതയുടെയും ഒപ്പം വിഴുപ്പുറത്തെത്തി. അവിടെ നിന്നും
ബസിലാണ് തിരുവണ്ണാമലയിലെത്തിയത്.തമിഴ്നാട്ടിലെ ഫാസ്റ്റ് പാസഞ്ചര്‍
ബസ്സില്‍ ആരെയും നിര്‍ത്തികൊണ്ടുപോകില്ല എന്നതിനാല്‍ തിരക്ക്
ഉണ്ടായില്ല.പച്ചപ്പിന്‍റെയും മലകളുടെയും സൌന്ദര്യം ആസ്വദിച്ച്
രണ്ടുമണിയോടെ തിരുവണ്ണാമലയിലെത്തി. അപ്പോഴേക്കും ജനത്തിരക്ക്
തുടങ്ങിയിരുന്നു. ബസ്സിലും ടെമ്പോയിലുമൊക്കെയായി ജനം വന്ന് നിറയുകയാണ്.
ട്രാഫിക്ക് കുരുക്കുകളും തുടങ്ങിയിരുന്നു. സര്‍ക്യൂട്ട് ഹൌസിലായിരുന്നു
താമസം. ലഗേജ് വച്ച ശേഷം ഹോട്ടല്‍ പൊന്‍ റായറില്‍ വന്ന് നല്ലൊരു സദ്യ
കഴിച്ചു.പിന്നീട് വിശ്രമമായിരുന്നു. വൈകിട്ട് അഞ്ചരയ്ക്ക് ഇറങ്ങി ഒരു
ഓട്ടോയില്‍ അരുണാചലേശ്വരാര്‍ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയായ
രാജഗോപുരത്തിലെത്തി. അപ്പോഴേക്കും റോഡുകളെല്ലാം ഭക്തരെക്കൊണ്ട്
നിറഞ്ഞിരുന്നു.മിക്കവരും നഗ്നപാദരായാണ് നടക്കുന്നത്. ഞങ്ങള്‍ കാന്‍വാസ്
ഷൂ ഒക്കെ ധരിച്ചാണ് നടന്നത്. മഴ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം
എന്നതിനാല്‍ കുടയും തൊപ്പിയുമൊക്കെ കരുതിയിരുന്നു. വൈകിട്ട് ആറേകാലിന് മല
ചുറ്റാന്‍ തുടങ്ങി. പതിനാല് കിലോമീറ്ററാണ് നടക്കേണ്ടത്. വലിയൊരു
മനുഷ്യക്കടലിന്‍റെ ഭാഗമായി നമ്മള്‍ അലിഞ്ഞു ചേരുകയാണ്. ആകാശത്ത്
അമ്പിളിമാമന്‍ ഉദിച്ചു നില്‍പ്പുണ്ട്. താഴെ ഇരുവശത്തും വൈദ്യുത
വിളക്കുകളും അനേകം ക്ഷേത്രങ്ങളും ആശ്രമങ്ങളും കുളങ്ങളും കടകളും .
നൂറിലധികം ചെറുതും വലുതുമായ ഭക്ഷണ ശാലകളുണ്ട് ഇവിടെ. ഇതില്‍ പലതും
പൊര്‍ണ്ണമി നാളില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. മൊബൈലിന്‍റെ
ടെമ്പര്‍ ഗ്ലാസ് മാറ്റുന്നവരും മെഹന്തി ഇടുന്നവരും മഴജാക്കറ്റ്
വില്‍ക്കുന്നവരും സ്ത്രീകള്‍ക്ക് മാലയും കമ്മലും വില്‍ക്കുന്നവരുമൊക്കെ
വഴിയിലുണ്ട്. ഭിക്ഷ യാചിക്കുന്നവരേയും കാണാം. വലംവയ്ക്കുന്ന പതിനാല്
കിലോമീറ്റര്‍ ദൂരത്തിലും ഉത്സവ പ്രതീതിയാണ്. മലയ്ക്ക് ചുറ്റിലും കാടോ
വിജന പ്രദേശമോ ഉണ്ടാകും എന്ന് ചിന്തിക്കുകയേ വേണ്ട. പകല്‍ ചൂടില്‍
നിന്നും രക്ഷപെടാനാകണം ആളുകള്‍ രാത്രിയില്‍ നടക്കുന്നത്. അത് പൌര്‍ണ്ണമി
നാളില്‍ എന്ന് നിശ്ചയിച്ചത് വൈദ്യുതി വരും മുന്നെയുള്ള പോയകാലത്തെ സുരക്ഷ
മുന്‍നിര്‍ത്തിയാകും. പ്രാചീനമായ പല രീതികളും അന്നത്തെ സാഹചര്യത്തിന്‍റെ
ഭാഗമായി ആരംഭിക്കുന്നതും പിന്നീട് ആചാരമായി മാറുന്നതുമാണല്ലോ.
തിരക്ക് ഇഷ്ടപ്പെടാത്ത പലരും ഇപ്പോള്‍ പൌര്‍ണ്ണമി നാള്‍ ഒഴിവാക്കി
മറ്റുദിനങ്ങളിലും ഗിരിവലം വയ്ക്കാറുണ്ട്. ഭക്തര്‍ക്ക്
ഇതൊരാത്മീയാന്വേഷണമാണ്. മറ്റുള്ളവര്‍ക്ക് അവരുടെ ശാരീരികാരോഗ്യത്തിന്‍റെ
ഒരു വിലയിരുത്തലും. വിദേശികളും സ്വദേശികളും നാനാഭാഷക്കാരും ഉള്‍പ്പെട്ട
ജനസഞ്ചയം ഇടയ്ക്ക് വിശ്രമിച്ചും ഭക്ഷണം കഴിച്ചും ഒഴുകി പോകുന്ന കാഴ്ച
ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.
ഞങ്ങള്‍ അഞ്ചു മണിക്കൂറെടുത്ത് സാവകാശമാണ് വലംവച്ചത്. രാത്രി
പതിനൊന്നേകാലിന് നടത്ത പൂര്‍ത്തിയാക്കി. രാജഗോപുരത്തിന് മുന്നില്‍ വലിയ
തിരക്കാണ്. ട്രാഫിക് നിയന്ത്രണമോ വഴിയടയാളങ്ങളോ ഒന്നുമില്ലാത്തതിനാല്‍
തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇക്കാര്യത്തില്‍ അധികാരികളുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. ഗിരിവലം
പൂര്‍ത്തിയാക്കി ഒരു ഓട്ടോ റിക്ഷ സംഘടിപ്പിച്ച് അതില്‍ കയറി. പിന്നീട്
ഇടറോഡുകളിലെല്ലാം ഈ ചെറുവണ്ടികളുടെ അഭ്യാസങ്ങളായിരുന്നു. എല്ലാ റോഡിലും
ബ്ലോക്കാണ്.ഭക്തരുമായി വരുന്ന വണ്ടികളും വലംവച്ച് തിരികെ പോകുന്നവരുടെ
വണ്ടികളും ചേര്‍ന്നുള്ള കോലാഹലവും ഹോറണും. അവിടെ നിന്നും
പുറത്തുകടക്കാന്‍ ഒരു മണിക്കൂറെടുത്തു.
രാവിലെ ക്ഷേത്രദര്‍ശനം നടത്തി. ക്യൂവിലായിരുന്നെങ്കില്‍ ദര്‍ശനത്തിന്
എട്ട് മണിക്കൂറെങ്കിലും എടുക്കുമായിരുന്നു. പ്രത്യേകമായി
പറഞ്ഞുവച്ചിരുന്നതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ദര്‍ശനം കഴിഞ്ഞു.
അരുണാചലേശ്വരാര്‍ ക്ഷേത്രം ഒന്‍പത് ഗോപുരങ്ങളും അനേകം മണ്ഡപങ്ങളും കൊണ്ട്
ഗാംഭീര്യം നിലനിര്‍ത്തുന്ന ക്ഷേത്രമാണ്.പത്ത് ഹെക്ടറിലായി പരന്നു
കിടക്കുന്ന ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരത്തിന് 217 അടി ഉയരമുണ്ട്.
പല്ലവ രാജാക്കന്മാര്‍ തുടങ്ങിവച്ച ക്ഷേത്രം വിപുലീകരിച്ചത് സിഇ ഒന്‍പതാം
നൂറ്റാണ്ടിലെ ചോള രാജാക്കന്മാരാണ്.തുടര്‍ന്ന് ഹൊയ്ശാല രാജാക്കന്മാരും
വിജയനഗരാര്‍ നായകരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
അപ്പര്‍,സംബ്ബന്ധര്‍,സുന്ദരാര്‍,മാണിക്കവാസഗാര്‍,അരുണഗിരിനാഥര്‍ തുടങ്ങിയ
സന്ന്യാസിമാരും കവികളും ഇവിടെ സ്ഥിരസന്ദര്‍ശകരായിരുന്നു.
ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് രമണാശ്രമത്തിലേക്കാണ് പോയത്.അരുണാചല മലയുടെ
താഴ്വാരത്താണ് ശ്രീ രമണാശ്രമം. ലോകത്തിന്‍റെ നാനനാഭാഗത്തുനിന്നും
നൂറികണക്കിനാളുകള്‍ നിത്യവും ആശ്രമം സന്ദര്‍ശിക്കുന്നു.അതിനിശബ്ദമായ
ഒരന്തരീക്ഷമാണ് ആശ്രമത്തിനുള്ളത്.അവിടവിടെ ധ്യാനമുറികളുണ്ട്. ഇവിടെ
നിത്യവും അതിഥികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു.ഒരു ഗോശാലയും
ലൈബ്രറിയും ആശ്രമത്തിന്‍റെ ഭാഗമാണ്. രമണ മഹര്‍ഷി 1896 മുതല്‍ അരുണാചല
മലയില്‍ ധ്യാനത്തിലിരിക്കുകയായിരുന്നു. 1922 ല്‍ മഹര്‍ഷിയുടെ അമ്മ
മരണപ്പെട്ടതോടെ അതിനടുത്ത് ഒരു കുടിലിലായി താമസം. ഇപ്പോള്‍ ആശ്രമം
നില്ക്കുന്നിടത്തു നിന്നും ഒന്നര കിലോമീറ്റര്‍ മല കയറിയാല്‍
അവിടെയെത്താം.വഴിയില്‍ കുരങ്ങന്മാര്‍ ധാരാളമുണ്ട്.യാത്രയ്ക്കിടയില്‍
വിശ്രമിക്കാനുള്ള ഇടങ്ങളും ജ്യൂസ്,കരിക്ക് എന്നിവ
വില്‍ക്കുന്നവരുമുണ്ട്.ചിലര്‍ ശില്‍പ്പ നിര്‍മ്മാണത്തില്‍
ഏര്‍പ്പെട്ടിരിക്കുന്നതും കാണാം. മഹര്‍ഷി മരണമടഞ്ഞ 1950 വരെയും ഇവിടെയാണ്
താമസിച്ചിരുന്നത്. ഇവിടെയും ധ്യാനമുറികളുണ്ട്. ഇവിടെനിന്നുള്ള
അരുണാചലക്ഷേത്രത്തിന്‍റെ കാഴ്ച അതിമനോഹരമാണ്.
രമണ മഹര്‍ഷിയെ ലോകമറിഞ്ഞത് 1931 ല്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ പോള്‍
ബ്രണ്ടന്‍ എ സെര്‍ച്ച് ഇന്‍ സീക്രട്ട് ഓഫ് ഇന്ത്യ എന്ന പുസ്തകം
രചിച്ചതിലൂടെയാണ്.പിന്നീട് സീക്രട്ട് പാത്ത് എന്ന പുസ്തകം വന്നു.1938 ല്‍
പ്രമുഖ എഴുത്തുകാരന്‍ സോമര്‍സെറ്റ് മോം അദ്ദേഹത്തെ സന്ദര്‍ശിക്കുകയും
1944 ല്‍ എഴുതിയ ദ റേസേഴ്സ് എഡ്ജ് എന്ന നോവലില്‍ ശ്രീ ഗണേശ എന്ന പേരില്‍
രമണ മഹര്‍ഷിയെ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് സ്വാമി ശിവാനന്ദയും
പരമഹംസ യോഗാനന്ദയും ആല്‍ഫ്രഡ് സോറന്‍സണും വീ വു വീ തുടങ്ങി പല പ്രമുഖരും
ഇവിടെ എത്തുകയും ചെയ്തു. ആല്‍ഫ്രഡ് അണ്ണാമലയില്‍ താമസിച്ച് മൌണ്ടന്‍
പാത്ത് എന്ന ജേര്‍ണലിന്‍റെ പത്രാധിപരായി.1949 ല്‍ മൌനി സാധു വന്ന്
മാസങ്ങളോളം താമസിച്ചു. 1976 മുതല്‍ ഡേവിഡ് ഗോഡ്മാന്‍ ഇവിടെ താമസിക്കുകയും
ആശ്രമത്തിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യുന്നു. മഹര്‍ഷിയുടെ
ഇളയ സഹോദരന്‍ നിരഞ്ജന സ്വാമി 1916 മുതല്‍ ആശ്രമത്തിലുണ്ടായിരുന്നു.
ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മകനും ചെറുമകനുമാണ് ആശ്രമത്തിന്‍റെ പ്രധാന
ചുമതലക്കാര്‍. “ഞാന്‍ ആര്?” എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്ന
മഹത്തായസന്ദേശമാണ് രമണ മഹര്‍ഷി ശിഷ്യര്‍ക്ക് നല്‍കിയിരുന്നത്.
അദ്ദേഹത്തിന്‍റെ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ ഇപ്പോഴും
അതുതന്നെയാണ് ചെയ്യുന്നതും.
ആശ്രമത്തില് നിന്നുമിറങ്ങിയ ഞങ്ങള്‍ അടുത്തുള്ള ഒരു സേവാശ്രമത്തിലെ
കാന്‍റീനില്‍ നിന്നും ഭക്ഷണം കഴിച്ച് സര്‍ക്യൂട്ട് ഹൌസില്‍ വിശ്രമിച്ചു.
വൈകിട്ട് തിരക്ക് കുറഞ്ഞ വഴികളിലൂടെ കുറേ സമയം സഞ്ചരിച്ചു. റയില്‍വേ
സ്റ്റേഷനിലെത്തി,അടുത്ത ദിവസത്തെ ട്രെയിനുകളുടെ സമയമൊക്കെ മനസിലാക്കി.
രാവിലെ 7.15 നും 8.50 നും ഓരോ പാസഞ്ചറുണ്ട്. 8.50 ന്‍റെ പാസഞ്ചറില്
മടങ്ങാം എന്നു തീരുമാനിച്ച് രാവിലെ 7.30 ന് ഓട്ടോ വരാന്‍
ഏര്‍പ്പാടുമാക്കി. രാവിലെ 7.30 ന് തന്നെ ഇറങ്ങി സ്റ്റേഷനില്‍
എത്തിയപ്പോള്‍ 7.15 ന്‍റെ ട്രെയില്‍ അവിടെ ക്രോസിംഗിനായി
കിടക്കുന്നുണ്ടായിരുന്നു. അതില്‍ കയറി. ഒന്‍പതിന് മുന്നെ
വിഴുപ്പുറത്തെത്തി.
അവിടത്തെ സ്റ്റേഷനില്‍ ഡിജിറ്റല്‍ ലഗേജ് ലോക്കറുണ്ടായിരുന്നു.ഇത്
ആദ്യമായി കാണുകയായിരുന്നു.അതുകൊണ്ടുതന്നെ ഉപയോഗിക്കാന്‍ മടി തോന്നി.ഒന്ന്
സംശയിച്ചുനിന്നെങ്കിലും ഉദ്യോഗസ്ഥരോട് ചോദിച്ച് ലോക്കര്‍
പ്രവര്‍ത്തനനിരതമാണ് എന്നുറപ്പിച്ച ശേഷം വിജിത ഫോണ്‍ നമ്പര്‍ കൊടുത്ത്
പണമടച്ച് ലോക്കറില്‍ ലഗേജ് വച്ചു. മീഡിയം ലോക്കറിന് ആറു മണിക്കൂറിന് 40
രൂപയും വലുതിന് 60 രൂപയും ഏറ്റവും വലുതിന് 120 രൂപയുമാണ് നിരക്ക്. ഈ
ആട്ടോമാറ്റിക് സംവിധാനം ഇനി എല്ലാ സ്റ്റേഷനുകളിലും വരുമായിരിക്കും.
പ്രഭാത ഭക്ഷണം കഴിച്ചശേഷം വെറുതെ ടൌണില്‍ ഒന്നു കറങ്ങി. തീരെ ചെറിയൊരു
ടൌണാണ് വിഴുപ്പുറം. പന്ത്രണ്ടരയ്ക്കുള്ള ഗുരുവായൂര്‍ എക്സപ്രസില്‍ കയറി.
വൈകുന്നേരം മധുരയിലെത്തി. നടത്തയുടെ തുടര്‍ച്ച എന്ന നിലയില്‍ കാലിന് നല്ല
വേദനയുണ്ടായിരുന്നു. മരുന്ന് കഴിക്കാതെതന്നെ രണ്ട് ദിവസം കൊണ്ട് അത്
മാറുകയും ചെയ്തു.
No comments:
Post a Comment