തെരഞ്ഞെടുപ്പ് ബോണ്ടും കോര്പ്പറേറ്റ് ഫണ്ടിംഗും –ഭാഗം -2
-------------------------------------------------------------------
-വി.ആര്.അജിത് കുമാര്
--------------------------------
പാര്ട്ടികളും അംഗീകൃത ഫണ്ടുകളും
-----------------------------------------------
2021 സെപ്തംബര് 23 ലെ നോട്ടിഫിക്കേഷന് പ്രകാരം രാജ്യത്ത് എട്ട് ദേശീയ പാര്ട്ടികളും 60 സംസ്ഥാന പാര്ട്ടികളും 3000 രജിസ്റ്റര് ചെയ്ത അപ്രധാന പാര്ട്ടികളുമുണ്ട്. ഇതില് ചിലര് മത്സരരംഗത്തുണ്ട്,മറ്റു ചിലര് രജിസ്റ്റര് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്.പാര്ട്ടികള്ക്ക് ലഭിക്കുന്ന ധനത്തിലെ അറിയപ്പെടുന്ന ഉറവിടങ്ങള് ബാങ്ക് പലിശ,മെമ്പര്ഷിപ്പ്,പാര്ട്ടി ലവി,ആസ്തി വില്പ്പന,പ്രസിദ്ധീകരണങ്ങളുടെ വില്പ്പന, രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള സ്വമേധയാ ഉള്ള സംഭാവനകള് എന്നിവയാണ്. സമ്മേളനങ്ങള്ക്കും സമരങ്ങള്ക്കും ലഭിക്കുന്ന സംഭാവനകള്,ഇലക്ടറല് ബോണ്ട്,പലവക വരുമാനങ്ങള്,ദുരിതാശ്വാസ നിധി,കൂപ്പണ് വില്പ്പന എന്നിവയാണ് അറിയപ്പെടാത്ത ഉറവിടങ്ങള്. 2021-22 ല് നാല് പ്രധാന രാഷ്ട്രീയ പാര്ട്ടികളുടെ അറിയപ്പെടുന്ന വരുമാനം ചുവടെ പറയും പ്രകാരമായിരുന്നു.ഭാരതീയ ജനതാപാര്ട്ടിയുടെ ആകെ വരുമാനം 1917 കോടി. ഇതില് 1161 കോടിയും അറിയപ്പെടാത്ത ഉറവിടങ്ങളില് നിന്നായിരുന്നു.തൃണമൂല് കോണ്ഗ്രസിന്റെ 546 കോടിയില് 528 കോടിയും ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ 541 കോടിയില് 389 കോടിയും സിപിഎമ്മിന്റെ 162 കോടിയില് 79 കോടിയും അറിയപ്പെടാത്ത ഉറവിടങ്ങളില് നിന്നും വന്ന തുകകളായിരുന്നു. അതായത് എട്ട് ദേശീയ പാര്ട്ടികള്ക്കായി ആകെ ലഭിച്ച 3289 കോടിയില് 781 കോടി തിരിച്ചറിയാന് കഴിയുന്ന ഉറവിടങ്ങളില് നിന്നും ലഭിച്ചതും 336 കോടി അറിയപ്പെടുന്ന ഉറവിടങ്ങളില് നിന്നുള്ളതും 2172 കോടി അറിയപ്പെടാത്ത ഉറവിടങ്ങളില് നിന്നും ലഭ്യമായതുമായിരുന്നു.
10 പ്രാദേശിക പാര്ട്ടികളുടെ 2021-22 ലെ അംഗീകൃത വരുമാനം താഴെ പറയും പ്രകാരമായിരുന്നു.ദ്രാവിഡ മുന്നേറ്റ കഴകത്തിന് ആകെ ലഭിച്ച വരുമാനമായ 318.75 കോടിയില് തിരിച്ചറിയാത്ത ഉറവിടങ്ങളില് നിന്നും ലഭിച്ചത് 306.03 കോടിയായിരുന്നു.ബിജു ജനതാദളിന് ഇത് യഥാക്രമം 307.29 കോടിയും 291.1 കോടിയുമായിരുന്നു. ഭാരത് രാഷ്ട്ര സമിതിക്ക് 218.1 കോടി ലഭിച്ചതില് തിരിച്ചറിയാന് കഴിയാത്ത ഉറവിടമുള്ള തുക 153.04 കോടിയും വൈഎസ്ആര് കോണ്ഗ്രസിന് 93.72 കോടിയില് 60.02 കോടിയും ജനതാദള് യുണൈറ്റഡിന് 86.56 കോടിയില് 48.37 കോടിയും സമാജ് വാദി പാര്ട്ടിക്ക് 61.01 കോടിയില് 3.66 കോടിയും ശിരോമണി അകാലിദളിന് 25.41 കോടിയില് 12.2 കോടിയും മഹാരാഷ്ട്ര നവനിര്മ്മാണ് സേനയ്ക്ക് 6.77 കോടിയും തെലുഗുദേശം പാര്ട്ടിക്ക് 6.03 കോടിയില് 3.67 കോടിയുമായിരുന്നു തിരിച്ചറിയാന് കഴിയാത്ത ഉറവിടങ്ങളില് നിന്നും ലഭിച്ച തുക. ആള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് 25.3 കോടിയും (പൂര്ണ്ണമായും അറിയപ്പെടുന്നവ മാത്രം) ലഭിച്ചിരുന്നു.
രാഷ്ട്രീയ പാര്ട്ടികള്ക്ക് നല്കുന്ന സംഭാവനകള് നികുതിയില് നിന്നും ഒഴിവാക്കിയ നിയമത്തെ പരമാവധി ചൂഷണം ചെയ്യുകയാണ് പ്രവര്ത്തന രംഗത്ത് സജീവമല്ലാത്ത മൂവായിരം പാര്ട്ടികള് ചെയ്യുന്നത്. ഇവര്ക്ക് ലഭിക്കുന്ന സംഭാവനകള് മിക്കതും നികുതിവെട്ടിപ്പിനുള്ള സംവിധാനം മാത്രമായി മാറി.ഇത്തരത്തില് മറിയുന്നത് കോടിക്കണക്കിന് രൂപയാണ്. 2001 ന് ശേഷമാണ് ഇത്തരം പാര്ട്ടികളുടെ എണ്ണം 300 ശതമാനം വര്ദ്ധിച്ചത്. ഇവര് പ്രധാനമായും ചെയ്യുന്നത് കള്ളപ്പണം വെളുപ്പിക്കലാണ്.ഇത്തരത്തില് ലഭ്യമാകുന്ന തുക വിധ്വംസക പ്രവര്ത്തനങ്ങള്ക്കായി വിനിയോഗിക്കുന്ന പ്രസ്ഥാനങ്ങളുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് നിര്ബ്ബന്ധിത വാര്ഷിക കണക്കെടുപ്പ് റിപ്പോര്ട്ട് നല്കാത്ത 2174 പാര്ട്ടികളെ സംബ്ബന്ധിച്ച് ഇന്കംടാക്സ് വകുപ്പിന് കമ്മീഷന് റിപ്പോര്ട്ട് നല്കിയിരുന്നു.2022 സെപ്തംബറില് 23 പാര്ട്ടികളുടെ 110 കേന്ദ്രങ്ങളില് അവര് റെയ്ഡും നടത്തിയിരുന്നു.
കോര്പ്പറേറ്റ് ഫണ്ടിംഗ് ചരിത്രം
----------------------------------------
രാഷ്ട്രീയ പ്രസ്ഥാനങ്ങള്ക്കുള്ള കോര്പ്പറേറ്റ് ഫണ്ടിംഗ് ഇന്ത്യയില് തുടങ്ങിവച്ചത് ബിര്ലയാണ്. സ്വാതന്ത്യസമരത്തിന് നേതൃത്വം കൊടുത്ത ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ പ്രധാന ഫണ്ടിംഗ് നടത്തിയിരുന്നത് ബിര്ലയാണ്.പുറമെ അനേകം കമ്പനികളും വ്യവസായികളും കോണ്ഗ്രസിന് ഫണ്ട് ചെയ്തിരുന്നു.അതുകൊണ്ടുതന്നെ സ്വതന്ത്ര ഇന്ത്യയില് കോണ്ഗ്രസിന്റെ സാമ്പത്തിക നയങ്ങള് രൂപീകരിക്കുന്നതില് അവര്ക്ക് നിര്ണ്ണായക സ്വാധീനവും ഉണ്ടായിരുന്നു. വ്യക്തികളുടെ സംഭാവനകള്ക്കും മെമ്പര്ഷിപ്പിനും പുറമെയായിരുന്നു ഈ സഹായങ്ങള്.1951 ലെ ജനപ്രാതിനിധ്യ നിയമം തെരഞ്ഞെടുപ്പ് പ്രചണചിലവില് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ആധുനിക ജനാധിപത്യ സ്ഥാപനങ്ങള് രൂപപ്പെട്ടുവരുന്ന 1960 കളില് തന്നെ കള്ളപ്പണം രാഷ്ട്രീയ സംവിധാനത്തിലേക്ക് കടന്നതായി 1962 ല് പാര്ലമെന്റംഗം കെ.സന്താനം നേതൃത്വം കൊടുത്ത ആറംഗസമിതി 1964 ല് സമര്പ്പിച്ച റിപ്പോട്ടില് പറഞ്ഞിരുന്നു.1971 ല് സുപ്രിംകോടതി ചീഫ് ജസ്റ്റീസായി വിരമിച്ച കെ.എന്.വാഞ്ചു അധ്യക്ഷനായ ഡയറക്ട് ടാക്സസ് എന്ക്വയറി സമിതിയും കള്ളപ്പണവും രാഷ്ട്രീയ പാര്ട്ടികളും തമ്മിലുള്ള അവിഹിത ബന്ധം സൂചിപ്പിച്ചിരുന്നു.1968 ല് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയ പാര്ട്ടികള്ക്കുള്ള കോര്പ്പറേറ്റ് ഫണ്ടിംഗ് നിരോധിച്ചത്.സ്വതന്ത്ര കമ്പോള ഇക്കോണമിക്കായി വാദിക്കുന്ന സ്വതന്ത്രാ പാര്ട്ടിക്ക് കോര്പ്പറേറ്റുകളില് നിന്നും വലിയ സഹായം ലഭിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. 1974 ല് സുപ്രിംകോടതി ഒരു വിധിയിലൂടെ സ്ഥാനാര്ത്ഥിക്കുള്ള പാര്ട്ട് സ്പെന്ഡിംഗും സ്ഥാനാര്ത്ഥിയുടെ ചിലവിന്റെ ഭാഗമാക്കി മാറ്റി.ഇതിനെതുടര്ന്ന് 1975 ല് ജനപ്രാതിനിധ്യ നിയമം പാര്ലമെന്റ് ഭേദഗതി ചെയ്തു.സ്ഥാനാര്ത്ഥിയുടെ അംഗീകാരമില്ലാതെ പാര്ട്ടിയും അനുഭാവികളും ചിലവഴിക്കുന്ന തുക സ്ഥാനാര്ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവില് ഉള്പ്പെടുത്തില്ല എന്നായിരുന്നു ഭേദഗതി.1985 ല് കമ്പനി നിയമം ഭേദഗതി ചെയ്ത് 1968 ല് നിര്ത്തലാക്കിയ കോര്പ്പറേറ്റ് സംഭാവന വീണ്ടും കൊണ്ടുവന്നു.
1990 ല് തെരഞ്ഞെടുപ്പ് പരിഷ്ക്കരണം സംബ്ബന്ധിച്ച് അന്നത്തെ നിയമ-നീതികാര്യ വകുപ്പു മന്ത്രി ദിനേശ് ഗോസ്വാമിയുടെ നേതൃത്വത്തില് രൂപീകരിച്ച സമിതി തെരഞ്ഞെടുപ്പില് ഭാഗികമായി സര്ക്കാര് ഫണ്ടിംഗ് ശുപാര്ശ ചെയ്തു.പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധനം,മൈക്രോഫോണിന്റെ വാടക,അധികമായി എടുക്കേണ്ടി വരുന്ന വോട്ടര് പട്ടികയുടെ ചിലവ് തുടങ്ങിയവയാണ് ഫണ്ടിംഗിനായി സമിതി നിര്ദ്ദേശിച്ചത്.എന്നാല് ഇതിനൊക്കെ അപ്പുറം വരുന്ന മറ്റു ചിലവുകള് സംബ്ബന്ധിച്ച് സമിതി ഒന്നു പറഞ്ഞില്ല.എന്നാല് ചിലവ് കുറയ്ക്കാന് ഗുണകരമായ ഒരു നിര്ദ്ദേശം സമിതി മുന്നോട്ടുവച്ചിരുന്നു.അത് പ്രചരണ കാലാവധി കുറയ്ക്കുക എന്നതായിരുന്നു.ഇത് സര്ക്കാര് അംഗീകരിക്കുകയും 1996 ല് ജനപ്രാതിനിധ്യ നിയമത്തില് ഭേദഗതി വരുത്തി കാമ്പയിന് കാലാവധി 21 ദിവസം എന്നത് 14 ദിവസമായി ചുരുക്കുകയും ചെയ്തു.1998 ല് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന ഇന്ദ്രജിത്ത് ഗുപ്ത കമ്മറ്റി ഓണ് സ്റ്റേറ്റ് ഫണ്ടിംഗ് ഓഫ് ഇലക്ഷന്സ് സര്ക്കാരിന്റെ ഭാഗിക ഫണ്ടിംഗും സര്ക്കാര് അധീനതയിലുള്ള ദൂരദര്ശനിലും ആകാശവാണിയിലും സൌജന്യ ബ്രോഡ്കാസ്റ്റിംഗും ശുപാര്ശ ചെയ്തു. ഓഡിറ്റ് ചെയ്ത കൃത്യമായ കണക്കുകള് സൂക്ഷിക്കുന്ന, ആദായനികുതി റിട്ടേണ്സ് സമര്പ്പിക്കുന്ന പാര്ട്ടികള്ക്ക് സ്റ്റേറ്റ് ഫണ്ടിംഗ് നല്കാം എന്നായിരുന്നു ശുപാര്ശ.സ്റ്റേറ്റ് ഫണ്ടിംഗ് ലഭിക്കുന്ന പാര്ട്ടികള് തെരഞ്ഞെടുപ്പ് കമ്മീഷന് അവര് നിശ്ചയിക്കുന്ന ഫോര്മാറ്റില് കണക്കുകള് ബോധിപ്പിക്കുകയും വേണം എന്നും നിര്ദ്ദേശിച്ചിരുന്നു.
2013 ലെ പുതിയ കമ്പനി നിയമപ്രകാരം രാഷ്ട്രീയ പാര്ട്ടികള്ക്കുള്ള ഫണ്ടിംഗ് കമ്പനിയുടെ മൂന്ന് വര്ഷത്തെ ലാഭത്തിന്റെ 7.5 ശതമാനത്തിലധികമാകരുത് എന്നും ഇതിനായി ബോര്ഡ് ഓഫ് ഡയറക്ടേഴ്സ് ഒരു റസലൂഷന് പാസ്സാക്കണമെന്നും നിര്ദ്ദേശിച്ചിരുന്നു. എന്നാല് മിക്ക ഡയറക്ടര് ബോര്ഡുകളും ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നില്ല.സ്റ്റാന്ഡാര്ഡ് ആന്റ് പുവേഴ്സ് 100 കമ്പനികളുടെ ഫണ്ടിംഗ് സംബ്ബന്ധിച്ച് നടത്തിയ റിവ്യൂവില് മനസിലാക്കിയത് മൂന്നില് ഒന്ന് സ്ഥാപനങ്ങളില് മാത്രമെ രാഷ്ട്രീയ ചിലവുകളില് ബോര്ഡ് മേല്നോട്ടം ഉണ്ടായിരുന്നുള്ളു എന്നാണ്.ഇംഗ്ലണ്ടില് രാഷ്ട്രീയ പാര്ട്ടികള്ക്ക് ഫണ്ട് നല്കുന്നതില് കമ്പനിയുടെ ഷെയര്ഹോള്ഡേഴ്സിന് കൃത്യമായി അഭിപ്രായം പറയാന് അവസരം നല്കുന്നുണ്ട്. ഷെയര്ഹോള്ഡേഴ്സ് അപ്രോച്ച് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്.രാഷ്ട്രീയ ഫണ്ടിംഗിന് എത്ര തുക മാറ്റിവയ്ക്കാം എന്ന് ഇതില് പറയുന്നുണ്ട്.
ഏതായാലും തെരഞ്ഞെടുപ്പ് ഫണ്ടിംഗ് സുതാര്യമാകേണ്ടതുണ്ട് എന്നതില് സംശയമില്ല.കോര്പ്പറേറ്റുകളും കരാറുകാരും ഏതെല്ലാം പാര്ട്ടികള്ക്ക് എത്ര രൂപവീതം എപ്പോഴെല്ലാം കൊടുത്തു എന്നത് വോട്ടറന്മാരെ അറിയിക്കേണ്ട ബാധ്യത ജനാധിപത്യ സംവിധാനത്തിനുണ്ട്. ഇതില് പാര്ട്ടി,സ്ഥാനാര്ത്ഥി,തേര്ഡ് പാര്ട്ടി എന്നിവരും ഉള്പ്പെടണം.എല്ലാ രാഷ്ട്രീയ പാര്ട്ടികളും അവരുടെ ഓഡിറ്റ് റിപ്പോര്ട്ട് പരസ്യപ്പെടുത്തേണ്ടതുണ്ട്. ഇത് ചെയ്യുന്നത് സ്വതന്ത്ര ഓഡിറ്റര്മാരാകണം.എന്നുമാത്രമല്ല,ഇത് വിവരാവകാശത്തിന്റെ പരിധിയില് വരുകയും വേണം.ഇപ്പോള് ഒരു വഴിപാട് പോലെ ഒരു റിപ്പോര്ട്ട് പാര്ട്ടികള് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കി അവിടെനിന്നും ഒരു സര്ട്ടിഫിക്കറ്റ് വാങ്ങുകയാണ് ചെയ്യുന്നത്.ഈ രംഗത്ത് സജീവമാറ്റത്തിന് ചാലകമാകേണ്ട മാധ്യമങ്ങളും ഇക്കാര്യത്തില് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല.കാരണം പരസ്യങ്ങളാണ് പ്രചാരണത്തിലെ പ്രധാന ഇനം. ആ വരുമാനം ലഭിക്കുന്നത് മാധ്യമങ്ങള്ക്കാണ് താനും. താത്പര്യമുള്ള പാര്ട്ടികള്ക്കും സ്ഥാനാര്ത്ഥികള്ക്കും കൂടുതല് ഇടവും സമയവും നല്കാന് പോലും സ്വകാര്യ മാധ്യമങ്ങള് തയ്യാറാകുന്നു.സര്ക്കാര് മാധ്യമങ്ങള് ഭരണകക്ഷിക്കായി തുറന്ന് പ്രവര്ത്തിക്കുന്നു.ഏതായാലും തെരഞ്ഞെടുപ്പ് ഫണ്ടിംഗും അഴിമതിയും അതുകഴിഞ്ഞ് ഭരണത്തിലേറുന്ന സര്ക്കാരിന്റെ ഗുണമേന്മയെ ശരിക്കും ബാധിക്കും എന്നതില് സംശയമില്ല.വോട്ടറന്മാരെക്കാളും ഭരണത്തില് സ്വാധീനമുണ്ടാവുക പണം നല്കി സഹായിച്ച വ്യക്തികള്ക്കും സ്ഥാപനങ്ങള്ക്കും ആകുമല്ലോ.
No comments:
Post a Comment