തെരഞ്ഞെടുപ്പ് ബോണ്ടും കോര്പ്പറേറ്റ് ഫണ്ടിംഗും –ഭാഗം -1
-----------------------------------------------------
-വി.ആര്.അജിത് കുമാര്
---------------------------------
തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ മാമാങ്കമാണ്.അതിനായി ചിലവഴിക്കുന്ന തുക എത്രയെന്നതിന് ഒരു കണക്കുമില്ലതാനും.ലോകത്തെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പുകളില് ഒന്നാണ് ഇന്ത്യയിലേത്.സെന്റര് ഫോര് മീഡിയ സ്റ്റഡീസ് 2009 ല് നടത്തിയ പഠനത്തില് പറയുന്നത് 2009 ലെ പൊതുതെരഞ്ഞെടുപ്പിന് രണ്ട് ബില്യണ് ഡോളര് ചിലവ് വന്നിരുന്നു എന്നാണ്.ഇത് 2014 ല് 5 ബില്യണും 2019 ല് പത്ത് ബില്യണുമായി ഉയര്ന്നു.ഈ കണക്ക് വച്ച് പരിശോധിക്കുമ്പോള് സ്വാഭാവികമായും ഇപ്പോള് നടക്കാന് പോകുന്ന 2024 ലെ തെരഞ്ഞെടുപ്പിലെ ചിലവ് 20 ബില്യണ് ഡോളറെങ്കിലും വരും. 2015-16 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് ചിലവായത് 11.1 ബില്ല്യണ് ഡോളറാണ് എന്നത് ഇതുമായി ചേര്ത്ത് വായിക്കാവുന്നതാണ്.
ഇന്ത്യയില് തെരഞ്ഞെടുപ്പിന് പണം ഒഴുക്കുന്നതിലെ അതാര്യതയാണ് ശ്രദ്ധേയം. അമേരിക്കയില് പൂര്ണ്ണമായും സുതാര്യമല്ലെങ്കിലും ഒരു പരിധിവരെ നിയമം പണത്തിന്റെ ഒഴുക്കിനെ വോട്ടറന്മാര്ക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നുണ്ട്. എന്നാല് ഇന്ത്യയില് തെരഞ്ഞെടുപ്പിനും പാര്ട്ടി പ്രവര്ത്തനത്തിനുമായി എത്തുന്ന പണത്തില് സുതാര്യത തീരെ കുറവാണ്.പ്രത്യേകമായി തൊഴിലും വരുമാനവുമില്ലാത്ത ലക്ഷക്കണക്കായ പാര്ട്ടിപ്രവര്ത്തകരുടെ ചിലവും നേതാക്കളുടെ യാത്രയും താമസവും ഉള്പ്പെടെയുള്ള ചിലവുകള്ക്കും വേണ്ടിവരുന്ന തുക വളരെ വലുതാണ്.ഇതിനുള്ള തുക പാര്ട്ടികള്ക്ക് ലഭിക്കുന്നത് സാധാരണക്കാരില് നിന്നല്ല, മറിച്ച് സര്ക്കാരില് നിന്നും രാഷ്ട്രീയ പാര്ട്ടികളില് നിന്നും നേട്ടമുണ്ടാക്കുന്ന കരാറുകാര്,വ്യവസായികള് എന്നിവരില് നിന്നാണ് എന്നത് പകല്പോലെ സത്യമാണ്.പണം കൊടുക്കുന്ന പലരും അത് പറയാനും മടിക്കും.കാരണം ഭരണം മാറിവരുമ്പോള് ഫണ്ട് ലഭിക്കാതിരുന്ന പാര്ട്ടികളോ താരതമ്യേന കുറച്ചുമാത്രം പണം ലഭിക്കുകയോ ചെയ്ത പാര്ട്ടികള് വൈരാഗ്യബുദ്ധിയോടെ പെരുമാറുമോ എന്ന ഭയമാണ് കരാറുകാര്ക്കും വ്യവസായികള്ക്കും ഉണ്ടാവുക. രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിക്കുന്ന വരുമാനം ഇന്കംടാക്സില് നിന്നും ഒഴിവാക്കിയിരിക്കുന്നതിനാല് യാഥാര്ത്ഥ സൂക്ഷ്മപരിശോധനയും നടക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്ട്ടികള് നല്കുന്ന കണക്ക് വെറും പ്രഹസനമാണ് എന്നും കാണാം.
2017 ലാണ് നരേന്ദ്രമോദി സര്ക്കാര് തെരഞ്ഞെടുപ്പ് ധനകാര്യത്തില് വന്പരിഷ്ക്കാരം എന്ന നിലയില് തെരഞ്ഞടുപ്പ് ബോണ്ട് കൊണ്ടുവന്നത്.2018 ലെ ബജറ്റിലാണ് ധനമന്ത്രി അരുണ് ജയ്റ്റ്ലി ഇത് സംബ്ബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അസ്സോസിയേഷനുകള്,കോര്പ്പറേഷനുകള്,വ്യക്തികള് എന്നിവര്ക്ക് സുതാര്യമായി സംഭാവന നല്കാനാണ് പുതിയ സംവിധാനം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല് നിയമം മൂലം അജ്ഞാതത്വം അംഗീകരിക്കുകയും അതാര്യത ഉറപ്പാക്കുകയും അവ്യക്തത സൂക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്തത്. ഡിജിറ്റൈസേഷന് വഴി നേരിട്ടുള്ള പണം കൈമാറ്റത്തില് വലിയ മാറ്റം കൊണ്ടുവന്ന എന്ഡിഎ സര്ക്കാര് ഡയറിയില് കുറിച്ചിട്ടും സൂട്ട്കേസിലും ബാഗിലും നിറച്ചും ഹവാല വഴിയുമൊക്കെ പണം കൈമാറുന്ന രീതിക്ക് മാറ്റം വരുത്താനാകണം മറ്റൊരു ആതാര്യ പണമിടപാട് സംവിധാനം കൊണ്ടുവന്നത്. നികുതി അടയ്ക്കാന് ബാധ്യസ്ഥനായ പൌരനെ പരമാവധി സൂക്ഷ്മപരിശോധന നടത്തുന്ന ഇന്കംടാക്സ് വകുപ്പിന് രാഷ്ട്രീയ പാര്ട്ടികളുടെ സ്വത്തിലേക്ക് നോക്കുകയേ വേണ്ട എന്നതാണ് നിലവിലെ സംവിധാനം അനുശാസിക്കുന്നത്. ഇന്കംടാക്സ് ആക്ടിലെ സെക്ഷന് 13 എ പ്രകാരം രാഷ്ട്രീയ പാര്ട്ടികളുടെ സ്വത്ത്, നികുതി പരിധിക്ക് പുറത്താണ്. ഇന്ത്യ സ്വതന്ത്രയാകും മുന്നെ നാട്ടധികാരികള്ക്കും ദേവാലയം നടത്തിപ്പുകാര്ക്കും നികുതി ഒഴിവാക്കികൊടുത്തിരുന്നപോലെ ഒരു സമ്പ്രദായം. തെരഞ്ഞെടുപ്പ് ബോണ്ട് വന്നതോടെ രാഷ്ട്രീയ പാര്ട്ടികള്ക്ക് പണമായി നല്കാവുന്ന തുക ഇരുപതിനായിരത്തില് നിന്നും രണ്ടായിരമായി കുറച്ചു.കള്ളപ്പണം കുറയ്ക്കുക എന്നതാണ് ലക്ഷ്യമായി പറഞ്ഞത്. സ്വന്തം അക്കൌണ്ടില് നിന്നും രാഷ്ട്രീയ പാര്ട്ടിയുടെ അക്കൌണ്ടിലേക്ക് തുക കൈമാറുന്ന രീതിയാണ് കൊണ്ടുവന്നത്. അതുവഴി കൊടുക്കുന്ന പണത്തിനും വാങ്ങുന്ന പണത്തിനും കൃത്യമായ കണക്കുണ്ടായി.എന്നാല് അത് പൊതുജനത്തെ അറിയിക്കില്ല എന്ന നിശ്ചയത്തിലൂടെ ഭരിക്കുന്ന പാര്ട്ടിയോ പ്രതിപക്ഷമോ നല്കുന്ന സഹായത്തിനുള്ള അംഗീകൃത കൈമടക്കായി ഇത് മാറി.സൂട്ട്കേയ്സ് പണ വിനിമയവും ഇടനിലക്കാര് വഴിയുള്ള ഇടപാടും നേതാക്കള് നേരിട്ട് വന്ന് പിരിക്കുന്നതും മറ്റൊരു വഴിക്ക് തുടരുകയും ചെയ്തു.തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ പണം കൈമാറുന്നിടത്ത് പാര്ട്ടിയുടെ പ്രതിനിധിയും കോര്പ്പറേറ്റുകളും നേര്ക്കുനേര് കാണുന്നില്ല എന്നത് മാത്രമാണ് വ്യത്യാസം. ഇത് ബാങ്ക് ഇടപാട് ആയതിനാല് വൈറ്റ്മണിയാണ് എന്നതും വ്യക്തം.പാര്ട്ടി ഫണ്ടിലേക്ക് വരുന്ന തുകയില് ഇടനിലക്കാര് വഴിയുള്ള ചോര്ച്ചയും ഉണ്ടാകുന്നില്ല. കേഡര് പാര്ട്ടികളില് പോലും പല കൈമറിയുമ്പോള് പണത്തിന്റെ തൂക്കം കുറയുക സ്വാഭാവികം. കോണ്ഗ്രസ് പോലുള്ള പ്രസ്ഥാനങ്ങളില് ഇത് അധികമാണ് താനും.
ധനകാര്യ ബില്ലില് രണ്ട് മാറ്റങ്ങള് വരുത്തിയാണ് തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. കഴിഞ്ഞ മൂന്ന് വര്ഷത്തെ ലാഭത്തിന്റെ ശരാശരിയുടെ 7.5 ശതമാനത്തില് കൂടുതല് രാഷ്ട്രീയ പാര്ട്ടികള്ക്ക് ദാനം നല്കാന് പാടില്ല എന്ന വ്യവസ്ഥ ഒഴിവാക്കി. ലാഭനഷ്ടക്കണക്കില് രാഷ്ട്രീയപാര്ട്ടിക്ക് നല്കിയ ദാനം സൂചിപ്പിക്കേണ്ടതില്ല എന്നതായിരുന്നു മറ്റൊരു സൌകര്യം. 2018 ല് തന്നെ ഇലക്ടറല് ബോണ്ട് നിലവില് വന്നിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശരഹിത പ്രോമിസറി നോട്ടുകളായാണ് ബോണ്ട് ഇറക്കിയത്. ആയിരം,പതിനായിരം,ലക്ഷം,പത്ത് ലക്ഷം,ഒരു കോടി എന്നീ നിരക്കുകളിലായിരുന്നു ബോണ്ടുകള്.പൊതുതെരഞ്ഞെടുപ്പിലോ സംസ്ഥാന തെരഞ്ഞെടുപ്പിലോ ഒരു ശതമാനം വോട്ടെങ്കിലും നേടിയ പാര്ട്ടികള്ക്കായിരുന്നു ബോണ്ട് ലഭിക്കാന് അര്ഹത. ഇതിന്റെ വാലിഡിറ്റി 15 നാളത്തേക്കായിരുന്നു. തുക പാര്ട്ടി അക്കൌണ്ടില് നിക്ഷേപിക്കുന്നതോടെ അത് സംഭാവനയായിതീരും. കള്ളപ്പണം എന്നതിന് പകരം തുക ഡിജിറ്റല് മണിയായി എന്നത് സത്യം. പക്ഷെ ആര് ആര്ക്ക് കൊടുത്തു എന്നത് ഭരണകക്ഷിക്ക് മാത്രമെ അറിയൂ എന്ന നിലവന്നു. അതുകൊണ്ടുതന്നെ,കള്ളപ്പണം വെളുപ്പിക്കലിനുള്ള സാധ്യത കുറഞ്ഞു. എന്നാല് വോട്ടറന്മാരില് നിന്നും ഇത് മറച്ചുവയ്ക്കുന്നതുവഴി നേരത്തേ തുടര്ന്നുവന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും തത്പ്പരകക്ഷികളും തമ്മിലുള്ള അവിഹിത ബന്ധം തുടരുക തന്നെ ചെയ്യുന്നു.ആദ്യ നാല് ബോണ്ട് വില്പ്പനയിലൂടെ 2018 ഒക്ടോബര് വരെ ആയിരം ബോണ്ടുകളായിരുന്നു വിറ്റത്. അതിന്റെ മൂല്യം 500 കോടിക്ക് താഴെയായിരുന്നു. അതില് 99.9 ശതമാനവും 10 ലക്ഷത്തിന്റെയോ ഒരു കോടിയുടെയോ ബോണ്ടുകളായിരുന്നു. അതായത് അതിസമ്പന്നരാണ് ബോണ്ടുകള് വാങ്ങിയത് എന്ന് വ്യക്തം. തെരഞ്ഞെടുപ്പില് വിദേശ സ്വാധീനം വരാതിരിക്കണമെങ്കില് വിദേശ ഫണ്ടിംഗ് സ്വീകരിക്കാന് പാടില്ല. എന്നാല് ഇവിടെ അതും നടന്നു. 2014 ല് ഡല്ഹി ഹൈക്കോടതി ഇറക്കിയ ഉത്തരവില് പറയുന്നത് ബിജെപിയും കോണ്ഗ്രസും വിദേശഫണ്ടുകള് സ്വീകരിച്ചു എന്നാണ്. രാഷ്ട്രീയ പാര്ട്ടികളെ പബ്ളിക് അതോറിറ്റിയായി കണക്കാക്കാന് കഴിയില്ല എന്ന് കേന്ദ്ര ഇന്ഫര്മേഷന് കമ്മീഷന് വിധിച്ചത് 2020 ഡിസംബര് ഇരുപത്തിയൊന്നിനാണ്. രാഷ്ട്രീയ പാര്ട്ടികള്ക്ക് ലഭിക്കുന്ന പണം സംബ്ബന്ധിച്ച് വോട്ടറന്മാരെയും പൊതുജനങ്ങളേയും അറിയിക്കേണ്ട കാര്യമില്ലെന്നും ഇന്ഫര്മേഷന് കമ്മീഷന്റെ വിധിയില് പറഞ്ഞിരുന്നു(തുടരും)
No comments:
Post a Comment