തെരഞ്ഞെടുപ്പ് ബോണ്ടും കോര്പ്പറേറ്റ് ഫണ്ടിംഗും –ഭാഗം -3
----------------------------------------------------------------------
-വി.ആര്.അജിത് കുമാര്
-------------------------------
ഇലക്ടറല് ബോണ്ട് സ്ഫോടനം 2024
-------------------------------------------------
ഇലക്ടറല് ബോണ്ട് ആര്ട്ടിക്കിള് 19(1) എ പ്രകാരം പൌരന് അനുവദിച്ചിട്ടുള്ള അറിയുവാനുള്ള അവകാശമാണ് നിഷേധിച്ചിരുന്നത്.ഇത് മണിബില്ലായി അവതരിപ്പിച്ചതിനാല് രാജ്യസഭ പാസാക്കേണ്ടതായും വന്നില്ല.
ബോണ്ടിന് മുന്നെയുള്ള പരീക്ഷണമായിരുന്നു ഇലക്ടറല് ട്രസ്റ്റ് സ്കിം.2013 ലാണ് സര്ക്കാര് ഇലക്ടറല് ട്രസ്റ്റ് സ്കിം കൊണ്ടുവന്നത്.അതിനും മുന്നെതന്നെ ചില കോര്പ്പറേറ്റുകള് ഇത് ആരംഭിച്ചിരുന്നു. രാഷ്ട്രീയ പാര്ട്ടികള്ക്ക് ഫണ്ട് നല്കാന് വേണ്ടി മാത്രമുള്ളതാണ് ഇലക്ടറല് ട്രസ്റ്റുകള്.കമ്പനികള്ക്കാണ് ഇത് രൂപീകരിക്കാന് അനുമതി നല്കിയത്. മറ്റ് കമ്പനികളില് നിന്നും വ്യക്തികളില് നിന്നും ട്രസ്റ്റിന് പണം സ്വീകരിക്കാം. എന്നാല് വിദേശ കമ്പനികളില് നിന്നും വിദേശികളില് നിന്നും പാസ്പോര്ട്ട് നമ്പറില്ലാത്ത എന്ആര്ഐയില് നിന്നും മറ്റ് ഇലക്റ്ററല് ട്രസ്റ്റുകളില് നിന്നും പണം വാങ്ങാന് പാടില്ല എന്നായിരുന്നു വ്യവസ്ഥ.ആകെ ലഭിക്കുന്ന തുകയുടെ 5 ശതമാനം പ്രവര്ത്തന ചിലവിനായി മാറ്റിയ ശേഷം ബാക്കി തുക രാഷ്ട്രീയ പാര്ട്ടികള്ക്ക് നല്കാം.പണമിടപാടുകള് തീര്ത്തും സുതാര്യമായിരിക്കണം.എന്നാല് ട്രസ്റ്റ് സംവിധാനവും വേണ്ടത്ര വിജയിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ ഇടപെടല് നടത്തിയിട്ടും ട്രസ്റ്റിന്റെ ഇടപാടുകളും അതാര്യമായിത്തന്നെ നിന്നു.
സി.നാരായണ സ്വാമി-സി.കെ.ജാഫര് ഷരീഫ് കേസ്സില് സുപ്രിം കോടതി വ്യക്തമാക്കിയത് രാഷ്ട്രീയ ഫണ്ടിംഗും ചിലവും ജനങ്ങളില് നിന്നും മറച്ചുവയ്ക്കാന് പാടില്ല എന്നാണ്. കണ്ടെത്താന് കഴിയാത്ത ഫണ്ടിംഗും കള്ളപ്പണം വെളുപ്പിക്കലും തെരഞ്ഞെടുപ്പിനെ പണവും ഭയപ്പെടുത്തലും ചേര്ന്ന് കീഴടക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.വിദേശ കമ്പനികളും ശത്രുക്കളായ രാജ്യങ്ങളും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതും ഇത് എളുപ്പമാക്കുന്നു. ഇന്ത്യയില് മാത്രമല്ല ലോകമൊട്ടാകെ ഈ വിഷയം നിലനില്ക്കുന്നു. മുന് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്ക്കോസി ലിബിയന് ഏകാധിപതി മുഹമ്മദ് ഗദ്ദാഫിയെ പിന്തുണച്ചത് സര്ക്കോസിയുടെ തെരഞ്ഞെടുപ്പിന് വലിയ ഫണ്ട് വാങ്ങിയാണ് എന്ന ആരോപണം ഉയര്ന്നിരുന്നു. അമേരിക്കയില് ട്രമ്പ് അധികാരത്തില് വന്ന തെരഞ്ഞെടുപ്പില് റഷ്യയുടെ സ്വാധീനമുണ്ടായിരുന്നു എന്ന മട്ടിലും ആരോപണം വന്നിരുന്നു.ഏതായാലും ഇത്തരം സന്ദര്ഭങ്ങളില് ഒരു രാജ്യത്തിന്റെ വിദേശനയത്തില് തന്നെയുണ്ടാകാവുന്ന മാറ്റങ്ങള് ചില്ലറയല്ല.ഇത് രാജ്യതാത്പ്പര്യത്തെപോലും ബാധിക്കും എന്നത് ഉറപ്പ്.സുപ്രിം കോടതിയില് അസ്സോസിയേഷന് ഫോര് ഡമോക്രാറ്റിക് റിഫോംസ് നല്കിയ കേസ്സിലൂടെയാണ് സ്ഥാനാര്ത്ഥികളുടെ ക്രിമിനല് പശ്ഛാത്തലവും വിദ്യാഭ്യാസ യോഗ്യതയും ആസ്തിയും വെളിപ്പെടുന്ന സംവിധാനം കൊണ്ടുവന്നത്. തുടര്ന്ന് ലോക് പ്രഹാരി-കേന്ദ്ര സര്ക്കാര് കേസ്സിലൂടെ സ്ഥാനാര്ത്ഥിയുടെ അടുത്ത ബന്ധുക്കളുടെയും സ്വന്തക്കാരുടെയും സ്വത്തുവിവരങ്ങളും അറിയുവാനുള്ള അവകാശത്തില് ഉള്പ്പെടുത്തി. രാഷ്ട്രീയക്കാരുടെ പൊതുതാത്പ്പര്യം രഹസ്യസ്വഭാവം നിലനിര്ത്തുക എന്നതാണെന്നതിനാല് ജുഡീഷ്യല് ഇടപെടലുകളാണ് ഇതിനെ എല്ലായ്പ്പോഴും പൊളിക്കുന്നത്.
അസ്സോസിയേഷന് ഫോര് ഡമോക്രാറ്റിക് റിഫോംസ്,കോമണ് കാസ് എന്നീ സംഘടനകളും പ്രമുഖ രാഷ്ട്രീയ പാര്ട്ടിയായ സിപിഎമ്മുമാണ് ഇലക്ടറല് ബോണ്ട് സ്കീമിനെതിരെ സുപ്രിംകോടതിയെ സമീപിച്ചത്.പ്രശാന്ത് ഭൂഷണ്,കപില് സിബല്,ഷദന് ഫറസത്,നിസാം പാഷ,വിജയ് ഹന്സാരിയ എന്നീ അഡ്വക്കേറ്റുമാരാണ് ഇവര്ക്കായി ഹാജരായത്.കേന്ദ്ര സര്ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വേണ്ടി ഹാജരായത് അറ്റോര്ണി ജനറല് ആര്.വെങ്കട്ടരമണിയും സോളിസിറ്റര് ജനറല് തുഷാര് മെഹ്തയും അഡ്വ.അമിത് മിത്രയും കനു അഗര്വാളുമായിരുന്നു.ചീഫ് ജസ്റ്റീസ് വൈ.ബി.ചന്ദ്രചൂഡും ജഡ്ജിമാരായ സഞ്ജയ് ഖന്നയും ബി.ആര്.ഗവായിയും ജെ.ബി.പര്ദിവാലയും മനോജ് മിശ്രയും അടങ്ങിയ ഭരണഘടന ബഞ്ചാണ് വാദം കേട്ടത്.ഇലക്ടറല് ബോണ്ട് ഭരണഘടന അനുശാസിക്കുന്നതാണോ, വോട്ടറന്മാരുടെ അറിയുവാനുള്ള അവകാശം നിഷേധിക്കുന്നുണ്ടോ,ദാതാക്കളുടെ സ്വകാര്യത സംരക്ഷിക്കാനായി അജ്ഞാതത്വം അനുവദിക്കുന്നുണ്ടോ, ഇലക്ടറല് ബോണ്ട് ജനാധിപത്യ പ്രക്രിയയ്ക്കും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനും ഭീഷണിയാണോ എന്നീ വിഷയങ്ങളാണ് പരിശോധിച്ചത്.
2017 സെപ്തംബറിലും 2018 ജാനുവരിയിലുമാണ് കേസ്സ് കൊടുത്തത്.ബോണ്ട് വില്പ്പന നടന്നത് എല്ലാ വര്ഷവും ജാനുവരി,ഏപ്രില്,ജൂലൈ,ഒക്ടോബര് എന്നീ മാസങ്ങളില് പത്ത് ദിവസം വീതമായിരുന്നു.തുക 15 ദിവസത്തിനകം എന്കാഷ് ചെയ്തില്ലെങ്കില് അത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകും എന്നതായിരുന്നു രീതി. ബോണ്ട് സംബ്ബന്ധിച്ച ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷന് 2017 ല് തന്നെ സര്ക്കാരിനെ അറിയിച്ചിരുന്നു.2019 ല് കമ്മീഷന് സുപ്രിംകോടതിയേയും ആശങ്ക അറിയിച്ചു. 2019 ല് ചീഫ് ജസ്റ്റീസ് രഞ്ജന് ഗൊഗോയ്,ജസ്റ്റീസുമാരായ ദീപക് ഗുപ്ത,സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബഞ്ച് എല്ലാ പാര്ട്ടികളോടും ലഭ്യമായ ഫണ്ട് സംബ്ബന്ധിച്ച വിശദവിവരങ്ങള് അറിയിക്കാന് ആവശ്യപ്പെട്ടു.ബോണ്ട് സ്കീം സ്റ്റേ ചെയ്യാന് ബഞ്ച് വിസമ്മതിച്ചു.2019 നവംബറിലും 2020 ഒക്ടോബറിലും അടിയന്തിര ഹിയറിംഗിന് ശ്രമിച്ചെങ്കിലും കോടതി വഴങ്ങിയില്ല.2021 ല് അസ്സോസിയേഷന് ഫോര് ഡമോക്രാറ്റിക് റിഫോംസ് ഇലക്ടറല് ബോണ്ട് സ്കിം സ്റ്റേ ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.ചീഫ് ജസ്റ്റീസ് സി.എസ്.ബോബ്ഡെ,ജസ്റ്റീസുമാരായ എ.എസ്.ബൊപ്പണ്ണ,വി.രാമസുബ്രമണ്യം എന്നിവരുടെ ബഞ്ച് ബോണ്ട് സ്റ്റേ ചെയ്യില്ല എന്ന് പ്രസ്താവിച്ചു.പരാതിക്കാര് ഒടുവില് കോടതിയെ സമീപിച്ചത് 2023 ഒക്ടോബര് പതിനാറിനാണ്.2024 പൊതുതെരഞ്ഞെടുപ്പിന് മുന്നെ കേസ് പരിഗണിക്കാം എന്ന് കോടതി സമ്മതിച്ചു.അതിനായി അഞ്ചംഗ ഭരണഘടന ബഞ്ചും രൂപീകരിച്ചു.2023 ഒക്ടോബര് 31, നവംബര് ഒന്ന്,രണ്ട് എന്നീ ദിവസങ്ങളില് വാദം കേട്ടു.തുടര്ന്ന് വിധി റിസര്‌വ്വില് വച്ചു. 2024 ഫെബ്രുവരി 15 ന് വിധി പ്രസ്താവവും നടത്തി.2019 ഏപ്രില് 12 മുതലുള്ള കണക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ചോദിച്ചത്.എസ്ബിഐ കണക്ക് നല്കാന് ജൂണ് വരെ സമയം ചോദിച്ച് കോടതിയില് നാണം കെട്ടു.കേന്ദ്ര സര്ക്കാരിനും എന്ഡിഎയ്ക്കും സംഗതി ക്ഷീണമായി. ഇപ്പോള് 1989 ലെ പൊതുതെരഞ്ഞെടുപ്പില് ബോഫോഴ്സും 1996 ല് ജയിന് ഡയറിയും ചര്ച്ചയായതുപോലെ 2024 ല് ഇലക്ടറല് ബോണ്ടും തെരഞ്ഞെടുപ്പില് ചര്ച്ചാവിഷയമാവുകയാണ്. ഭരണ-പ്രതിപക്ഷ കക്ഷികളില് പലരും പണം കൈപ്പറ്റി എന്നതിനാല് രണ്ടുകൂട്ടരുടെയും കൈകളില് കറ പുരണ്ടിരിക്കുന്നതിനാല് കൂടുതല് കറ ആരുടെ കൈകളിലാണ് എന്നതേ ചര്ച്ചയാകുന്നുള്ളു എന്നുമാത്രം.
പുറത്തുവന്ന വിവരങ്ങള് ഞെട്ടിക്കുന്നതൊന്നുമല്ല.ഇലക്ടറല് ബോണ്ടില് ഏറ്റവും വലിയ പങ്ക് ലഭിച്ചത് കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ഭരണകക്ഷികള്ക്കാണ്.കോണ്ഗ്രസ് പ്രധാന പ്രതിപക്ഷമായതിനാലും ചില സംസ്ഥാനങ്ങളില് ഭരണകക്ഷി ആയതിനാലും അവര്ക്കും മോശമല്ലാത്ത ഒരു തുക കിട്ടി. കേരളത്തില് ഭരണത്തിലുള്ള സിപിഎം കേസിലെ പങ്കാളിയായിരുന്നതിനാല് ബോണ്ടിന്റെ ഭാഗമായില്ല. സിപിഐ,ആം ആദ്മി പാര്‌ട്ടി,ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് തുടങ്ങി പല പാര്ട്ടികളും ബോണ്ട് സ്വീകരിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് ഫണ്ടിനായി അവരെല്ലാം പഴയകാല മാര്ഗ്ഗങ്ങള് തന്നെയാണ് തേടിയത് എന്നു കാണാം. സര്ക്കാരില് നിന്നും ഗുണമുണ്ടാകുന്ന വ്യവസായികളും കരാറുകാരും നല്കുന്ന പണം കൊണ്ടുതന്നെയാണ് എല്ലാ പാര്ട്ടി മെഷിനറികളും ചലിക്കുന്നതെന്നതില് ആര്ക്കും സംശയമില്ല.അതില് നല്ല പണവും കെട്ട പണവുമുണ്ടാകും. മനുഷ്യരെ കൊള്ളയടിക്കുന്ന മരുന്നു കമ്പനികളും മയക്കുമരുന്നു കടത്തുകാരും സ്വര്ണ്ണക്കടത്തുകാരുമുണ്ടാകും.ഇത് തുടരുകയും ചെയ്യും.സിക്കിം സര്ക്കാരിനെയും ഇന്കംടാക്സ് വകുപ്പിനെയും കോടിക്കണക്കിന് പൊതുജനങ്ങളേയും പറ്റിച്ച് ലോട്ടറി മാഫിയ സാന്റിയാഗോ മാര്ട്ടിനും വലിയ ഇന്ഫ്രാസ്ട്രക്ചര് വികസന പദ്ധതികള് ഏറ്റെടുത്ത് നടപ്പിലാക്കുന്ന മേഘ എന്ജിനീയറിംഗും റിലയന്സിന് ബന്ധമുള്ള ക്യുക് സപ്ലൈ ചെയിനും ഹല്ദിയ എനര്ജിയും വേദാന്തയും എസ്സന് മൈനിംഗും ഭാരതി എയര്ടെല്ലും കെവന്റര് ഫുഡ് പാര്ക്കുമാണ് ബോണ്ട് വാങ്ങിയ പ്രധാന പത്ത് സ്ഥാപനങ്ങള് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ വാങ്ങിയ ബോണ്ടുകള് 12,145.87 കോടിയുടേതാണ്. ഇതില് പകുതിയും ഭരണകക്ഷിയായ ബിജെപി നേടി.ബാക്കി മറ്റു പാര്ട്ടികള് പങ്കിട്ടെടുത്തു. ഇത്രയും വിവരം സാധാരണക്കാരായ മനുഷ്യര് അറിയാന് വലിയ നിയമയുദ്ധം വേണ്ടിവന്നു.
ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.ഇലക്ടറല് ബോണ്ട് പൂര്ണ്ണമായും സുതാര്യമായിരുന്നെങ്കില് ഇത് ഭേദപ്പെട്ട പദ്ധതിയായിരുന്നേനെ. എന്നാല് കളങ്കമറ്റ ജനാധിപത്യത്തിനുവേണ്ടിയോ സാധാരണക്കാരായ വോട്ടറന്മാര്ക്കുവേണ്ടിയോ ആയിരുന്നില്ല ബോണ്ട് കൊണ്ടുവന്നത് എന്നത് വ്യക്തം. രാഷ്ട്രീയക്കാര്ക്കു നല്കുന്ന തുക വിവിധ പാര്ട്ടികളെ നയിക്കുന്നവര് പരസ്പ്പരം അറിയരുത് എന്ന കോര്പ്പറേറ്റുകളുടെ ആവശ്യം സാധിച്ചുകൊടുക്കുന്നതിനായി കോട്ടകെട്ടി സംരക്ഷിക്കപ്പെട്ട നിയമമായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് നിയമം ഉണ്ടാക്കിയവര് കോടതിക്കു മുന്നില് നാണം കെട്ടതും. പുതുതായി വരുന്ന സര്ക്കാര് കോടതി വിധിയെ അതിജീവിക്കാന് മറ്റൊരു നിയമവുമായി എത്തും എന്നത് ഉറപ്പ്. ജനാധിപത്യം ഉള്ളിടത്തോളം ഇതിങ്ങനെ തുടരും.വോട്ടറന്മാരെ കാഴ്ചക്കാരായി നിര്ത്തി ഒരു കൂട്ടമാളുകള്നടത്തുന്ന ഉത്സവമാണ് തെരഞ്ഞെടുപ്പ്. അത് കണ്ടുനിന്നു രസിക്കുക മാത്രമാണ് ഒരു സാധാരണ പൌരന് ചെയ്യാന് കഴിയുക. മറകളില്ലാത്ത, കളങ്കമറ്റ ഒരു ജനാധിപത്യം എന്നെങ്കിലും വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അന്നാകും ഈ സംവിധാനം ജനങ്ങളുടെ അധികാരമായി മാറുക, അതുവരെ ഒരുപിടി ജനങ്ങളുടെ മാത്രം അധികാരമായി തുടരും. (അവസാനിച്ചു)