Tuesday, 4 January 2022

Kesu ee veedintae nathan - a movie conceived on wrong notions

 


കേശു, ഈ വീടിന്റെ നാഥന്‍
 

കേശു, ഈ വീടിന്റെ നാഥന്‍ എന്ന സിനിമ Disney+Hotstar- ല്‍ കണ്ടു. അതിന്റെ ട്രെയിലറും പ്രൊമോഷണല്‍ വീഡിയോയുമൊക്കെ വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. സജീവ് പാഴൂരിന്റെ തിരക്കഥയും നാദിര്‍ഷായുടെ സംവിധാനവും ചേരുമ്പോള്‍ കോമഡിയും ഒപ്പം മികച്ച കണ്ടന്റുമുള്ള ഒരു ചിത്രമാകും എന്നായിരുന്നു പ്രതീക്ഷ. തുടക്കമേ പാളി. ദിലീപിനെ വഴിയില്‍ തടയുന്ന പോലീസും അവരുടെ സംഭാഷണവുമൊക്കെ ചിത്രത്തെകുറിച്ചുള്ള കോണ്‍ഫിഡന്‍സ് കുറവായി തോന്നി. ആദ്യത്തെ അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേ ട്രാക്കുതെറ്റി ഓടുന്ന വണ്ടിയാണ് കേശുവിന്റേതെന്ന് മനസിലായി. കോമഡിക്കു വേണ്ടിയുള്ള കോമഡികള്‍ പലപ്പോഴും ഒരു സ്‌റ്റേജ് ഷോയുടെ സുഖം പോലും നല്‍കിയില്ല.

 ഏഷ്യനെറ്റിലെ കോമഡി സ്‌ക്കിറ്റുകളില്‍ പലതും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചിരിയും നല്‍കുന്നില്ല ചിന്തയും നല്‍കുന്നില്ല എന്നതാണ് ദു:ഖകരം. തിരക്കഥ പാളിയതാണോ സംവിധാനം പാളിയതാണോ എന്നൊന്നും പറയാന്‍ കഴിയില്ല, ചിത്രം മൊത്തത്തില്‍ പാളിപ്പോയി. കേശുവായി വേഷപ്പകര്‍ച്ച ചെയ്യാന്‍ ദിലീപ് പ്രയാസപ്പെട്ടെങ്കിലും അത്തരം വേഷപ്പകര്‍ച്ച നടത്തിയ മുന്‍കാല ചിത്രങ്ങളെപോലെ കേശു വിജയിച്ചില്ല. ഉര്‍വ്വശി മികച്ച അഭിനയം കാഴ്ചവെച്ച കുറെ തമിഴ് സിനിമകള്‍ ഈയിടെ വന്നിരുന്നു.ആ നിലവാരത്തിലൊന്നും എത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല.കേശുവിന്റെ അളിയന്മാരോ സഹോദരിമാരോ മക്കളോ ആരും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം കാഴ്ചവച്ചില്ല. ഒടിടി പ്ലാറ്റ്‌ഫോം ആയതിനാല്‍ ക്ലീഷേ വരുന്ന കുറേ രംഗങ്ങളും പാട്ടുമൊക്കെ ഒഴിവാക്കി. എന്നിട്ടും ചിത്രം തീരുന്നില്ലല്ലോ എന്നായിരുന്നു വീട്ടിലെ എല്ലാ അംഗങ്ങളുടെയും വികാരം.

 നാദിര്‍ഷായും സജീവും അടുത്ത ചിത്രം ചെയ്യും മുന്നെ ഏറെ വിയര്‍ക്കേണ്ടതായുണ്ട്.

 

Monday, 3 January 2022

Bheemantae vazhi - beautiful script, good direction

 


 ഭീമന്റെ വഴി

 'തമാശ' നല്ലൊരു സിനിമയായിരുന്നു. അതിന്റെ സംവിധായകനാണ് അഷ്‌റഫ് ഹംസ.അഷ്‌റഫിന്റെ രണ്ടാമത്തെ സിനിമയാണ് ഭീന്റെ വഴി. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതി നിര്‍മ്മിച്ച ചിത്രം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ്. ഒരു പക്ഷെ കേരളത്തിലെ ഏത് പ്രദേശത്തെയും പോലെ, കാറ് വരുന്ന ഒരു റോഡ് നിര്‍മ്മിക്കാനായി പുറപ്പെടുന്ന കുറേ നന്മയുള്ള മനുഷ്യരും അതിന് തടയിടാന്‍ ശ്രമിക്കുന്ന മറ്റു ചിലരും തമ്മിലുളള ഒരു യുദ്ധമാണ് ചിത്രം പറയുന്നത്. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് റോഡുണ്ടാകുന്നിടത്താണ് കഥ ശുഭപര്യവസായി ആകുന്നത്.

 വനിത കൗണ്‍സിലര്‍ക്ക് തന്റെ കാലത്ത് റോഡ് വരണം എന്നാണ് ആഗ്രഹം.എന്നാല്‍ മുന്‍ കൗണ്‍സിലര്‍ക്ക് വീണ്ടും വാര്‍ഡ് തന്റേതാകുമ്പോള്‍ പണി തീര്‍ന്നാല്‍ മതി. ആര് മുന്നിട്ടിറങ്ങും. പ്രത്യേകമായ രാഷ്ട്രീയ ബന്ധമില്ലാത്ത ഒരുവന്‍ മുന്നിട്ടിറങ്ങണം, അവന്‍ ജനസമ്മതനും ആകണം. അതാണ് ഭീമന്‍ എന്നറിയപ്പെടുന്ന സഞ്ജിവ് ശങ്കര്‍. അവന്‍ ഒന്നു വിചാരിച്ചാല്‍ അത് സാധിച്ചിരിക്കും.അതാണ് ഭീമന്റെ വഴി. ഒറ്റയടിപാതയുടെ ഇരുവശവും താമസിക്കുന്ന ജനം രസകരമായ സമൂഹത്തിന്റെ ഒരു പരിഛേദമാണ്. വികസനം ആഗ്രഹിക്കാത്തവര്‍, ഒരുവന് നന്മ വരുന്നത് ഇഷ്ടപ്പെടാത്തവര്‍, കുശുമ്പ് ,കുന്നായ്മ ഇങ്ങനെ പോകുന്നു ആളുകള്‍. ഇവരെ വിവധ അടവുകളിലൂടെ വരുതിയിലാക്കിയും കുരുട്ടുബുദ്ധി പ്രയോഗിച്ചും ഒപ്പം നിര്‍ത്തുകയാണ് ഭീമന്‍. ഒടുവില്‍ ഭീമന്‍ ജയിക്കുന്നു.

 കുഞ്ചാക്കോ ബോബനും ജിനു ജോസഫും ദിവ്യ.എം.നായരും നസീര്‍ സംക്രാന്തിയും നിര്‍മ്മല്‍ പാലാഴിയും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മേഘ തോമസും ചെമ്പന്‍ വിനോദും ചിന്നു ചാന്ദിനിയും മറ്റ് അഭിനേതാക്കളും നല്ല പിന്തുണ നല്‍കി. ഗിരീഷ് ഗംഗാധരന്റെ സിനിമറ്റോഗ്രഫിയും നിസാം കാദിരിയുടെ എഡിറ്റിംഗും വിഷ്ണു വിജയിന്റെ സംഗീതവും ചിത്രത്തിന് മിഴിവേകി👍

Sunday, 2 January 2022

Kolambi - a feel good movie on coffee -music-love & relations


 
 കോളാമ്പി

 സുഖമുള്ളൊരു ഗാനം കേട്ടപോലെ, നല്ല കുറേ മനുഷ്യരെ പരിചയപ്പെട്ടപോലെ,ഒരനുഭവമാണ് കോളാമ്പി സമ്മാനിച്ചത്. ടി.കെ.രാജീവ് കുമാര്‍ മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. കോളാമ്പിയുടെ കഥയ്ക്ക് ഒരു നിറവുണ്ട്. മനുഷ്യരുടെ മതവും ബന്ധങ്ങളുമല്ല, കാപ്പിയും പാട്ടും നല്‍കുന്ന ഒരു ഹൃദയ ഐക്യമുണ്ടല്ലൊ അതാണ് പ്രധാനം എന്നു ചിത്രം പറയുന്നു. അതിരുകളേയും മതങ്ങളേയും പിറകോട്ടു തള്ളുന്ന സ്‌നേഹം.

 രണ്‍ജി പണിക്കരുടെയും രോഹിണിയുടേയും മികച്ച ചിത്രമാകും കോളാമ്പി.സിനിമ നിര്‍മ്മാതാവ് എന്ന നിലയിലും മേനകയുടെ ഭര്‍ത്താവ് എന്ന നിലയിലും അറിയപ്പെട്ടിരുന്ന സുരേഷ് മികച്ച അഭിനേതാവാണ് എന്ന്് വീണ്ടും ഉറപ്പിക്കുകയാണ് ഈ ചിത്രം. നിത്യ മേനോന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു കോളാമ്പിയില്‍. അരിസ്റ്റോ സുരേഷും ദിലീഷ് പോത്തനും സിജോയ് വര്‍ഗ്ഗീസും സിദ്ധാര്‍ത്ഥ് മേനോനും ബൈജുവും വിജയ് യേശുദാസും മഞ്ജു പിള്ളയും പി.ബാലചന്ദ്രനും പൗളിയും ജയകൃഷ്ണനും ആശ അരവിന്ദുമൊക്കെ അഭിനയ ധര്‍മ്മം കൃത്യമായി നിര്‍വ്വഹിച്ചു. തിരക്കഥയില്‍ രാജീവിനെ സഹായിച്ചത് കെ.എം.വേണുഗോപാലാണ്. രവി വര്‍മ്മന്റെ സിനിമാറ്റോഗ്രഫി സൂപ്പര്‍ബ് എന്നു പറയാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. അജയ് കുളിയൂരിന്റെ എഡിറ്റിംഗ് മികച്ചതാണ്.

 പ്രഭാ വര്‍മ്മ എഴുതിയ 'ആരോടും പറയുക വയ്യ--    ', ' ഓരോ നോവില്‍--' എന്നീ മനോഹര ഗാനങ്ങള്‍, ' പറയാതരികെ വന്ന പ്രണയം --' എന്ന വിനായക് ശശികുമാറിന്റെ ഗാനം, ഈണമിട്ട രമേശ് നാരായണ്‍,പാടിയ മധുശ്രീ നാരായണ്‍, ബോംബെ ജയശ്രീ ,റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് റെക്കോര്‍ഡിംഗ് ഇവയെല്ലാം ചിത്രത്തെ വിരുന്നാക്കി മാറ്റുന്നു.

 രൂപേഷ് ഓമനയാണ് നിര്‍മ്മാതാവ്. MTALKIE  എന്ന OTT പ്ലാറ്റ്‌ഫോമില്‍ 99 രൂപ മുടക്കി ചിത്രം കാണാം. 3 ദവസമാണ് 99 രൂപയ്ക്ക് സനിമ കാണാനുളള ആയുസ്