Monday, 23 September 2019

Story --- X-ray


കഥ

എക്‌സ്‌റേ

( 2015 ലെ ഡല്‍ഹി ശ്രീനാരായണ കേന്ദ്ര സുവനീറില്‍ വന്നത്) 
 

  പ്രാദേശിക നേതാവായ രാജപ്പന്റെ മുഖം അച്ചടിക്കാതെ ഒരു പത്രത്തിനും ആ പ്രദേശത്തെ എഡിഷന്‍ ഇറക്കാന്‍ കഴിയില്ലായിരുന്നു. ചിലപ്പോള്‍ മുഖപേജില്‍, അല്ലെങ്കില്‍ പേജ് രണ്ടിലോ മൂന്നിലോ. രാജപ്പന്റെ മുഖത്തിന്റെ തുടിപ്പ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിന്റെ രഹസ്യവും ഇതാണെന്ന് നാട്ടുകാര്‍ അയാളോട് പറയുമായിരുന്നു.അത് രാജപ്പനെ സന്തോഷിപ്പിച്ചു. പ്രദേശത്തെ എല്ലാ പത്രങ്ങളുടെയും വരിക്കാരനാണ് രാജപ്പന്‍.അതില്‍ തലേദിവസം നടന്ന ഏതെങ്കിലുമൊരു ചടങ്ങിന്റെ ഫോട്ടോയുണ്ടാവും. മന്ത്രിയോ മേയറൊ ആരെങ്കിലുമാകും ഉത്ഘാടകന്‍. വിളക്ക് കൊളുത്തിയാകുമല്ലൊ മിക്ക ചടങ്ങുകളും തുടങ്ങുക. ഏത് ആംഗിളില്‍ ഫോട്ടോഗ്രാഫര്‍ കാമറ പിടിച്ചാലും വിളക്കും രാജപ്പനുമുണ്ടാകും. അത്തരത്തില്‍ നില്‍ക്കേണ്ട ഇടം രാജപ്പന് കൃത്യം അറിയാം. അത് ജനിതകമായി കിട്ടിയതോ രാഷ്ട്രീയാഭ്യാസത്തിനിടയില്‍ ആര്‍ജ്ജിച്ചതോ എന്നറിയില്ല.

  പത്രത്തില്‍ തെളിയുന്ന ഫോട്ടോയില്‍ മറ്റൊരാളെയും രാജപ്പന്റെ കണ്ണുകള്‍ കാണില്ല. സ്വന്തം ചിത്രം തന്നെ പ്രൊജക്ട് ചെയ്തുവന്ന്  രാജപ്പന്റെ കണ്ണുകളെ വിഴുങ്ങും. പടം അച്ചടിക്കാത്ത പത്രങ്ങളെ അരിശത്തോടെ രാജപ്പന്‍ വലിച്ചെറിയും. മറ്റുള്ളവ ഏറ്റവും പ്രിയപ്പെട്ട ഒരു കളിപ്പാട്ടത്തെ കുട്ടി സ്‌നേഹിക്കുന്ന അതേ ഭാവത്തോടെ, സൂക്ഷിച്ചുമടക്കി സെല്ലാറില്‍ സൂക്ഷിക്കും. രാജപ്പന്റെ ചിത്രം വന്ന പത്രങ്ങളുടെ വലിയ ശേഖരമാണ് അയാളുടെ സെല്ലാര്‍.

  ദൃശ്യമാധ്യമത്തിലും രാജപ്പന്‍ തെളിയാറുണ്ടെങ്കിലും അതിന്റെ സിഡി സംഘടിപ്പിക്കാനും സൂക്ഷിക്കാനുമൊന്നും അയാള്‍ ശ്രമിക്കാറില്ല. അതിന്റെ സംവേദനം നേരിട്ടല്ല എന്നതുകൊണ്ടാവും രാജപ്പന്റെ ഈ താത്പര്യക്കുറവ്.

   രാജപ്പനോട് മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനിഷ്ടമുണ്ടെങ്കിലും നേതാക്കള്‍ക്ക് ഒരിഷ്ടക്കേടും ഉണ്ടായിരുന്നില്ല. അവര്‍ പ്രദേശത്ത് വന്നെത്തുന്നതു മുതല്‍ മടങ്ങും വരെ ഒരു നിഴല്‍പോലെ രാജപ്പനുണ്ടാവും. പല്ലുതേയ്ക്കാനുള്ള ബ്രഷും കുളിക്കാനുള്ള സോപ്പുപോലും എടുത്തു നല്‍കുന്നത് രാജപ്പനാകും. ഇത്ര ശ്രദ്ധയുള്ള ഒരു പ്രാദേശിക നേതാവിനോട് ആര്‍ക്കെങ്കിലും അനിഷ്ടം തോന്നുമോ?

   തൊഴില്‍ രാഷ്ട്രീയ സേവനമാകയാല്‍ , ചില ശുപാര്‍ശകളൊക്കെ ശരിയാക്കി കൊടുക്കാനും അവര്‍ തയ്യാറാകും. അതുകൊണ്ടുതന്നെ യാത്രാചിലവും സ്വന്തം ചിലവുകളും നടന്നുപോകും. ഭാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതിനാല്‍ വീട്ടില്‍ അല്ലലൊന്നുമില്ല. രാജപ്പന്റെ ഭാര്യ എന്നറിയപ്പെടുന്നതില്‍ കോമളവും ഒരാനന്ദം കണ്ടെത്തിയിരുന്നു.

   നിത്യവുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം എന്നതില്‍ ഒരു മാറ്റമുണ്ടാകുന്നത് കുട്ടികള്‍ക്ക് രോഗം വരുമ്പോള്‍ മാത്രമാണ്. മകന്‍ രാജേഷിന്റെ കൊയ്യൊടിഞ്ഞ ദിവസം ,മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ സംബ്ബന്ധിക്കാന്‍ അണിഞ്ഞൊരുങ്ങി സ്‌പ്രേയും തളിച്ച് നില്‍ക്കുമ്പോഴാണ് രാജപ്പന്റെ മൊബൈല്‍ ശബ്ദിച്ചത്. സ്‌കൂളിലേക്ക് പോകാന്‍ ഭാര്യയെ ആവതും നിര്‍ബ്ബന്ധിച്ചു. കളക്ടറേറ്റിലെ യോഗമാണ് ഇറങ്ങാന്‍ കഴിയില്ലെന്ന് കോമളം കട്ടായം പറഞ്ഞു. അവള്‍ മൊബൈല്‍ കട്ടുചെയ്യും മുന്നെ ഇങ്ങിനെകൂടി പറഞ്ഞതോടെ രാജപ്പന്‍ വിയര്‍ത്തുപോയി. ' അല്ല രാജപ്പേട്ടാ, ആ കുഞ്ഞ് നിങ്ങളുടേതല്ലെ, സ്വന്തം കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതാണോ നിങ്ങള്‍ക്കാ ചടങ്ങ്. എങ്കില്‍ പിന്നെ എനിക്കിങ്ങനൊരു ഭര്‍ത്താവും വേണ്ട , അവനങ്ങനൊരച്ഛനും വേണ്ട. '

    രാജപ്പന് വെളിപാടുണ്ടായത് അപ്പോഴാണ്. അയാള്‍ വണ്ടിയെടുത്ത് സ്‌കൂളിലേക്ക് പാഞ്ഞു, അവിടെനിന്നും മകനെ കയറ്റി ആസ്പത്രിയിലേക്കും.

  ഈ സമയം ഉദ്ഘാടന ചടങ്ങിന് നേതാക്കള്‍ എത്തി. എല്ലാവരും അത്ഭുതം കൂറി പരസ്പരം ചോദിച്ചു, ' രാജപ്പനെവിടെ ? '

ആര്‍ക്കും അറിയില്ല എന്തുപറ്റിയെന്ന്. അയാളുടെ അസാന്നിധ്യം ഏതായാലും ശ്രദ്ധിക്കപ്പെട്ടു.

 രാജപ്പന്‍ മകനെയുംകൊണ്ട് അത്യാഹിത വിഭാഗത്തിലേക്കോടി. പരിശോധന കഴിഞ്ഞ് എക്‌സ്‌റേ വിഭാഗത്തിലേക്ക് പോയി. പരിചയമുള്ള ഡോക്ടറായിരുന്നതിനാല്‍ അദ്ദേഹവും കൂടെയുണ്ടായിരുന്നു. രാജപ്പനും ഡോക്ടര്‍ക്കൊപ്പം അകത്തുകടന്നു.

   ഈ സമയം ഉത്ഘാടന ചടങ്ങുകള്‍ നടക്കുകയായിരുന്നു. ക്യാമറാമാന്മാരുടെ കൈകള്‍ വിറയ്ക്കുന്നപോലെ. ഫോക്കസ് തെറ്റുന്നു. രാജപ്പനെ ശ്രദ്ധിച്ചാല്‍ പിന്നെ ഫോട്ടോ കൃത്യമായിരിക്കും. എന്നാല്‍ ഇന്ന് ചടങ്ങിന് രാജപ്പനില്ല. ഉത്ഘാടകനുപോലും ഒരു മന്ദത അനുഭവപ്പെട്ടു. എവിടെയോ ഒരു പിശക് സംഭവിച്ച പോലെ. എങ്കിലും ഉത്ഘാടകന്‍ തിരി കൊളുത്തുന്ന ദൃശ്യം ക്യാമറകളിലേക്ക് പകര്‍ന്ന് ഫ്‌ളാഷുകള്‍ മിന്നി.

    അതേ നിമിഷം എക്‌സ്‌റേയും രാജപ്പന്റെ മകന്റെ കൈകളിലൂടെ പാഞ്ഞുപോയി. അസ്ഥികളുടെ ഒടിവ് വ്യക്തമാക്കിയാണ് അത് കടന്നുപോയത്. തുടര്‍ന്ന് പുറത്തേക്കുവന്ന രാജപ്പനും മകനും ഡോക്ടറും എക്‌സ്‌റേ ഫിലിം ലഭിക്കാനായി പുറത്ത് കാത്തിരുന്നു.
 
   ചടങ്ങിനെക്കുറിച്ചുള്ള ആകുലത മാറാനായി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടറോട് സംസാരിക്കുകയായിരുന്നു രാജപ്പന്‍.

     ഈ സമയം എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഭയന്ന മുഖത്തോടെ ഓടിവന്ന് എക്‌സ്‌റേ ഫിലിം ഡോക്ടര്‍ക്ക് നല്‍കി. എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ രാജപ്പനുമുണ്ടായിരുന്നു.

       ഡോക്ടര്‍ അതുവാങ്ങി പരിശോധിച്ച് അത്ഭുതപ്പെട്ടു നിന്നു. രാജപ്പനും അതിലേക്ക് നോക്കി. താന്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം എക്‌സ്‌റേയില്‍ കണ്ട് രാജപ്പനും അത്ഭുതസ്തംബ്ദനായി.

No comments:

Post a Comment