Wednesday, 25 September 2019

What happened to Mavelikkara Ramachandran ?

മാവേലിക്കര രാമചന്ദ്രന്റെ തിരോധാനം - ചുരുളഴിയാത്ത ദുരൂഹത
  ന്യൂഡല്‍ഹി ആകാശവാണി മലയാളം വിഭാഗത്തില്‍ ന്യൂസ് റീഡറായിരുന്ന മാവേലിക്കര രാമചന്ദ്രനെ കാണാതായിട്ട് 2019 സെപ്തംബര്‍ 26ന് ഏഴ് വര്‍ഷം തികയുകയാണ്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന് ശേഷകാലം തിരുവനന്തപുരത്ത് കഴിയാന്‍ തീരുമാനിച്ചാണ് നൂറുകണക്കിന് അഭ്യുദയകാംക്ഷികള്‍ക്ക് പ്രിയങ്കരനായിരുന്ന മാവേലിക്കര ചേട്ടന്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും അനന്തപുരിയിലെത്തിയത്. ഏറെനാള്‍ ട്രിവാന്‍ഡ്രം ഹോട്ടലിലെ ഒരു മുറിയിലായിരുന്നു താമസം.ഹോട്ടല്‍ പുനഃരുദ്ധരിച്ചപ്പോള്‍ അവിടെനിന്നും പുളിമൂട്ടിലെ പിആര്‍എസ് കോര്‍ട്ടിലേക്ക് മാറി. അവിടെ നിന്നും ദീര്‍ഘകാലമായി സൗഹൃദമുണ്ടായിരുന്ന മധു നായരുടെ താത്പ്പര്യത്തില്‍ ശംഖുമുഖത്തെ എയര്‍കാര്‍ഗോ കോംപ്ലക്‌സിന് സമീപമുള്ള അദ്ദേഹത്തിന്റെ ആയുര്‍വ്വേദ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഹാളില്‍ താമസമാക്കി.

 വാടക വേണ്ട എന്നു പറഞ്ഞിരുന്നെങ്കിലും നിര്‍ബ്ബന്ധമായും വാടക നല്‍കിയായിരുന്നു താമസം തുടങ്ങിയത്. ഇതിനിടെ കഴുത്തിലെ പേശികള്‍ക്ക് ബലം കുറഞ്ഞ് പിടലിയ്ക്ക് സ്വാധീനം കുറഞ്ഞ അവസ്ഥയിലായി കഴിഞ്ഞിരുന്നു അദ്ദേഹം. ശാരീരികമായ അവശതകള്‍ ഉണ്ടായിരുന്നെങ്കിലും നിത്യവും സെക്രട്ടേറിയറ്റ് പരിസരത്ത് എത്തുകയും സാംസ്‌ക്കാരിക പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തുവന്നു. ചെവി കേള്‍ക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഒപ്പം മറ്റ് അസ്വസ്ഥതകള്‍ കൂടി വന്നതോടെ ആളുകളോട് കയര്‍ത്ത് സംസാരിക്കുക, വേഗം ദേഷ്യപ്പെടുക ഒക്കെ ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ശംഖുമുഖത്തെ താമസം ശരിയാകുന്നില്ല, മാറി താമസിക്കണം എന്ന് കാണുമ്പോഴൊക്കെ പറയുമായിരുന്നു.

      ആരോഗ്യം മോശമായതിനാല്‍ ഹരിപ്പാട്ടുള്ള ശേഷക്കാരിയുടെ വീട്ടിലേക്ക് പോകാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുമായിരുന്നു. ശേഷക്കാരും അത്തരത്തിലൊരു ശ്രമം നടത്തിയെങ്കിലും അദ്ദേഹം അതിനോട് അനുകൂലിച്ചില്ല. 2011 ല്‍ ശ്രീ.ശങ്കരനാരായണന്‍ മഹാരാഷ്ട്ര ഗവര്‍ണ്ണറായിരിക്കെ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. 2012 ലും കാണാനായി പോകണം എന്നു പറഞ്ഞിരുന്നു. മോശമായ ആരോഗ്യാവസ്ഥയില്‍ പോകാതിരിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നു. 2012 സെപ്തംബറിന് ശേഷം കുറേക്കാലം ചേട്ടനെകുറിച്ച് ഒരു വിവരമുണ്ടായിരുന്നില്ല. മുംബയ്ക്കു പോയി, അവിടെ നിന്നും ഡല്‍ഹിക്കു പോകുമെന്നു പറഞ്ഞു എന്ന് ചിലര്‍ പറഞ്ഞു. മാവേലിക്കരയില്‍ ഉണ്ടെന്ന് മറ്റു ചിലരും അതല്ല ഹരിപ്പാടുണ്ടെന്ന് വേറെ ചിലരും പറഞ്ഞു. മൊബൈലില്‍ ആളിനെ കിട്ടുന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് പത്ര വാര്‍ത്ത വരുകയും അന്വേഷിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമീപിക്കുകയും ചെയ്തു. ഇതിനൊക്കെ ശേഷമാണെന്നു തോന്നുന്നു, 2013 മാര്‍ച്ച് 6 ന് വലിയതുറ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.



അതില്‍ പറയുന്ന ആവലാതിക്കാരന്‍ ഇന്ത്യ ഹോസ്പിറ്റലിന്റെ ഉടമ മധുസൂദനന്‍ നായരുടെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മുരളീധരന്‍ നായരാണ്. താമസസ്ഥലത്തു നിന്നും ഒരു ചെറിയ ബാഗുമായി ടാക്‌സിയില്‍ കയറി പോയി എന്നാണ് അതില്‍ പറയുന്നത്. ചെറിയ ബാഗുമായി പോയ ആള്‍ ദീര്‍ഘയാത്ര പോയതല്ല എന്നുറപ്പായിട്ടും 5 മാസത്തിലേറെ ഒരാളെ കാണാതായിട്ടും പരാതി നല്‍കാതിരുന്നത് ഗുരുതരമായ അനാസ്ഥയാണ്. എന്നിട്ടും പോലീസ് ഉദാസീന സമീപനമാണ് കൈക്കൊണ്ടത്.
 രമേശ് ചെന്നിത്തല, എം.എ.ബേബി തുടങ്ങി പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍, അടൂര്‍ ഗോപാലകൃഷ്ണനെയും സഖറിയയെപോലെയുമുള്ള സുഹൃത്തുക്കള്‍ ഇവരൊക്കെയുണ്ടായിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല എന്നതും അതിനായി വേണ്ട സമ്മര്‍ദ്ദം ഒരു ഭാഗത്തുനിന്നും പോലീസിനുണ്ടായില്ല എന്നതും അന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു.

   ചേട്ടനെക്കൊണ്ട് ചെറുതും വലുതുമായ പ്രയോജനങ്ങളുണ്ടായിട്ടുളള നൂറുകണക്കിനാളുകളുള്ള ഒരു നഗരത്തിലാണ് ഇത് സംഭവിച്ചത്.

താമസസ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡായിരുന്നു ഏക സാക്ഷി. അയാളെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് താത്പ്പര്യം കാണിച്ചില്ല. ടാക്‌സിയിലാണ് പോയതെന്നു പറയുന്നു. ആ ടാക്‌സി കണ്ടെത്താന്‍ ശ്രമമുണ്ടായില്ല. മൊബൈലില്‍ ഒടുവില്‍ സംസാരിച്ചത് എവിടെ നിന്നാണ് എന്ന ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിച്ചിരുന്ന ചേട്ടന്റെ ബാങ്ക് അക്കൗണ്ടിലെ അവസാന ട്രാന്‍സാക്ഷന്‍ എന്നായിരുന്നു എന്ന് നോക്കാനോ പോലീസ് ശ്രമിച്ചില്ല.
 മുംബയ്ക്ക് പോയെങ്കില്‍ റയില്‍വെ സ്‌റ്റേഷനിലെ സിസിടിവിയിലൂടെ അത് ഉറപ്പാക്കാമായിരുന്നു. അതും സംഭവിച്ചില്ല.പത്രത്തില്‍ ഫോട്ടോ നല്‍കി കണ്ടെത്താന്‍ ശ്രമമുണ്ടായില്ല.താമസിച്ചിരുന്ന വീട്ടില്‍ എന്തെങ്കിലും തെളിവുകളുണ്ടോ എന്നു പരിശോധിച്ചില്ല. ഇത്രയും അനാസ്ഥയോടെ ഒരാളുടെ തിരോധാനം അന്വേഷിച്ച ചരിത്രം കേരള പോലീസിനുണ്ടാവുമോ എന്നറിയില്ല

 രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുമെന്നു കരുതി, അതും ഉണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് 2014 ജനുവരിയില്‍ നൂറനാട് രാമചന്ദ്രന്‍ വിവരാവകാശ നിയമ പ്രകാരം അന്വേഷണം സംബ്ബന്ധിച്ച കേസ് പുരോഗതി അന്വേഷിച്ചത്. അദ്ദേഹത്തെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നു എന്ന മറുപടിയാണ് ലഭിച്ചത്. ഊര്‍ജ്ജിതം എന്നതിന്റെ അര്‍ത്ഥം എന്താണെന്നു മനസിലാക്കാന്‍ പോലീസ് ഭാഷ്യം തന്നെ നമുക്ക് ഉപയോഗിക്കാം. കാണാതായ വ്യക്തിയുടെ വിവരം പറയുന്ന എഫ്‌ഐആറില്‍ ഇര എന്നാണ് സംബോധന. അനാസ്ഥയുടെ ഇര എന്നാവും ഉദ്ദേശിക്കുന്നത്. ഇരയുടെ നമ്പര്‍ നല്‍കുമ്പോള്‍ പീഡിതന്‍ ക്രമ നമ്പര്‍ എന്നും. ആരാകും അദ്ദേഹത്തെ പീഡിപ്പിച്ചത്?

   സ്വന്തമായി സ്വത്തോ തുടര്‍ച്ചയ്ക്കായി മക്കളോ ഇല്ലാത്ത ഒരാളുടെ അവസാനം ഇത്തരത്തിലാവും എന്നുറപ്പു പറയുന്ന ഒരു സംഭവമായി ചേട്ടന്റെ തിരോധാനം മാറി. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റ് വിറ്റപ്പോള്‍ സുഹൃത്തുക്കള്‍ ഉപദേശിച്ചതാണ് ഇതൊന്നു സ്‌നേഹം നടിച്ചുവരുന്നവര്‍ക്ക് കൊടുത്ത്  കൈവിട്ടുകളയരുതെന്ന്. ഇല്ല എന്നു പറഞ്ഞെങ്കിലും ഒരു ശേഷക്കാരന്‍ മാവേലിക്കരയില്‍ വീട് വച്ചപ്പോള്‍ ആ തുക അയാള്‍ക്ക് നല്‍കി. വീട് തീര്‍ന്നപ്പോള്‍ കുഞ്ഞമ്മാവന്‍ അന്യനായി. ഇത്തരത്തില്‍ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും എല്ലാം കൊടുത്ത് പാപ്പരായ മനുഷ്യനെ ആരന്വേഷിക്കാന്‍ ? സ്വത്തുണ്ടായിരുന്നെങ്കില്‍ അത് നേടിയെടുക്കാനായെങ്കിലും ഒരന്വേഷണം ആവര്‍ ആവശ്യപ്പെട്ടേനെ. ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്നറിയാനെങ്കിലും .ഇവിടെ അതുപോലുമുണ്ടായില്ല!!

   

    
      

   

 

 .



Monday, 23 September 2019

Story --- X-ray


കഥ

എക്‌സ്‌റേ

( 2015 ലെ ഡല്‍ഹി ശ്രീനാരായണ കേന്ദ്ര സുവനീറില്‍ വന്നത്) 
 

  പ്രാദേശിക നേതാവായ രാജപ്പന്റെ മുഖം അച്ചടിക്കാതെ ഒരു പത്രത്തിനും ആ പ്രദേശത്തെ എഡിഷന്‍ ഇറക്കാന്‍ കഴിയില്ലായിരുന്നു. ചിലപ്പോള്‍ മുഖപേജില്‍, അല്ലെങ്കില്‍ പേജ് രണ്ടിലോ മൂന്നിലോ. രാജപ്പന്റെ മുഖത്തിന്റെ തുടിപ്പ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിന്റെ രഹസ്യവും ഇതാണെന്ന് നാട്ടുകാര്‍ അയാളോട് പറയുമായിരുന്നു.അത് രാജപ്പനെ സന്തോഷിപ്പിച്ചു. പ്രദേശത്തെ എല്ലാ പത്രങ്ങളുടെയും വരിക്കാരനാണ് രാജപ്പന്‍.അതില്‍ തലേദിവസം നടന്ന ഏതെങ്കിലുമൊരു ചടങ്ങിന്റെ ഫോട്ടോയുണ്ടാവും. മന്ത്രിയോ മേയറൊ ആരെങ്കിലുമാകും ഉത്ഘാടകന്‍. വിളക്ക് കൊളുത്തിയാകുമല്ലൊ മിക്ക ചടങ്ങുകളും തുടങ്ങുക. ഏത് ആംഗിളില്‍ ഫോട്ടോഗ്രാഫര്‍ കാമറ പിടിച്ചാലും വിളക്കും രാജപ്പനുമുണ്ടാകും. അത്തരത്തില്‍ നില്‍ക്കേണ്ട ഇടം രാജപ്പന് കൃത്യം അറിയാം. അത് ജനിതകമായി കിട്ടിയതോ രാഷ്ട്രീയാഭ്യാസത്തിനിടയില്‍ ആര്‍ജ്ജിച്ചതോ എന്നറിയില്ല.

  പത്രത്തില്‍ തെളിയുന്ന ഫോട്ടോയില്‍ മറ്റൊരാളെയും രാജപ്പന്റെ കണ്ണുകള്‍ കാണില്ല. സ്വന്തം ചിത്രം തന്നെ പ്രൊജക്ട് ചെയ്തുവന്ന്  രാജപ്പന്റെ കണ്ണുകളെ വിഴുങ്ങും. പടം അച്ചടിക്കാത്ത പത്രങ്ങളെ അരിശത്തോടെ രാജപ്പന്‍ വലിച്ചെറിയും. മറ്റുള്ളവ ഏറ്റവും പ്രിയപ്പെട്ട ഒരു കളിപ്പാട്ടത്തെ കുട്ടി സ്‌നേഹിക്കുന്ന അതേ ഭാവത്തോടെ, സൂക്ഷിച്ചുമടക്കി സെല്ലാറില്‍ സൂക്ഷിക്കും. രാജപ്പന്റെ ചിത്രം വന്ന പത്രങ്ങളുടെ വലിയ ശേഖരമാണ് അയാളുടെ സെല്ലാര്‍.

  ദൃശ്യമാധ്യമത്തിലും രാജപ്പന്‍ തെളിയാറുണ്ടെങ്കിലും അതിന്റെ സിഡി സംഘടിപ്പിക്കാനും സൂക്ഷിക്കാനുമൊന്നും അയാള്‍ ശ്രമിക്കാറില്ല. അതിന്റെ സംവേദനം നേരിട്ടല്ല എന്നതുകൊണ്ടാവും രാജപ്പന്റെ ഈ താത്പര്യക്കുറവ്.

   രാജപ്പനോട് മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനിഷ്ടമുണ്ടെങ്കിലും നേതാക്കള്‍ക്ക് ഒരിഷ്ടക്കേടും ഉണ്ടായിരുന്നില്ല. അവര്‍ പ്രദേശത്ത് വന്നെത്തുന്നതു മുതല്‍ മടങ്ങും വരെ ഒരു നിഴല്‍പോലെ രാജപ്പനുണ്ടാവും. പല്ലുതേയ്ക്കാനുള്ള ബ്രഷും കുളിക്കാനുള്ള സോപ്പുപോലും എടുത്തു നല്‍കുന്നത് രാജപ്പനാകും. ഇത്ര ശ്രദ്ധയുള്ള ഒരു പ്രാദേശിക നേതാവിനോട് ആര്‍ക്കെങ്കിലും അനിഷ്ടം തോന്നുമോ?

   തൊഴില്‍ രാഷ്ട്രീയ സേവനമാകയാല്‍ , ചില ശുപാര്‍ശകളൊക്കെ ശരിയാക്കി കൊടുക്കാനും അവര്‍ തയ്യാറാകും. അതുകൊണ്ടുതന്നെ യാത്രാചിലവും സ്വന്തം ചിലവുകളും നടന്നുപോകും. ഭാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതിനാല്‍ വീട്ടില്‍ അല്ലലൊന്നുമില്ല. രാജപ്പന്റെ ഭാര്യ എന്നറിയപ്പെടുന്നതില്‍ കോമളവും ഒരാനന്ദം കണ്ടെത്തിയിരുന്നു.

   നിത്യവുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം എന്നതില്‍ ഒരു മാറ്റമുണ്ടാകുന്നത് കുട്ടികള്‍ക്ക് രോഗം വരുമ്പോള്‍ മാത്രമാണ്. മകന്‍ രാജേഷിന്റെ കൊയ്യൊടിഞ്ഞ ദിവസം ,മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ സംബ്ബന്ധിക്കാന്‍ അണിഞ്ഞൊരുങ്ങി സ്‌പ്രേയും തളിച്ച് നില്‍ക്കുമ്പോഴാണ് രാജപ്പന്റെ മൊബൈല്‍ ശബ്ദിച്ചത്. സ്‌കൂളിലേക്ക് പോകാന്‍ ഭാര്യയെ ആവതും നിര്‍ബ്ബന്ധിച്ചു. കളക്ടറേറ്റിലെ യോഗമാണ് ഇറങ്ങാന്‍ കഴിയില്ലെന്ന് കോമളം കട്ടായം പറഞ്ഞു. അവള്‍ മൊബൈല്‍ കട്ടുചെയ്യും മുന്നെ ഇങ്ങിനെകൂടി പറഞ്ഞതോടെ രാജപ്പന്‍ വിയര്‍ത്തുപോയി. ' അല്ല രാജപ്പേട്ടാ, ആ കുഞ്ഞ് നിങ്ങളുടേതല്ലെ, സ്വന്തം കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതാണോ നിങ്ങള്‍ക്കാ ചടങ്ങ്. എങ്കില്‍ പിന്നെ എനിക്കിങ്ങനൊരു ഭര്‍ത്താവും വേണ്ട , അവനങ്ങനൊരച്ഛനും വേണ്ട. '

    രാജപ്പന് വെളിപാടുണ്ടായത് അപ്പോഴാണ്. അയാള്‍ വണ്ടിയെടുത്ത് സ്‌കൂളിലേക്ക് പാഞ്ഞു, അവിടെനിന്നും മകനെ കയറ്റി ആസ്പത്രിയിലേക്കും.

  ഈ സമയം ഉദ്ഘാടന ചടങ്ങിന് നേതാക്കള്‍ എത്തി. എല്ലാവരും അത്ഭുതം കൂറി പരസ്പരം ചോദിച്ചു, ' രാജപ്പനെവിടെ ? '

ആര്‍ക്കും അറിയില്ല എന്തുപറ്റിയെന്ന്. അയാളുടെ അസാന്നിധ്യം ഏതായാലും ശ്രദ്ധിക്കപ്പെട്ടു.

 രാജപ്പന്‍ മകനെയുംകൊണ്ട് അത്യാഹിത വിഭാഗത്തിലേക്കോടി. പരിശോധന കഴിഞ്ഞ് എക്‌സ്‌റേ വിഭാഗത്തിലേക്ക് പോയി. പരിചയമുള്ള ഡോക്ടറായിരുന്നതിനാല്‍ അദ്ദേഹവും കൂടെയുണ്ടായിരുന്നു. രാജപ്പനും ഡോക്ടര്‍ക്കൊപ്പം അകത്തുകടന്നു.

   ഈ സമയം ഉത്ഘാടന ചടങ്ങുകള്‍ നടക്കുകയായിരുന്നു. ക്യാമറാമാന്മാരുടെ കൈകള്‍ വിറയ്ക്കുന്നപോലെ. ഫോക്കസ് തെറ്റുന്നു. രാജപ്പനെ ശ്രദ്ധിച്ചാല്‍ പിന്നെ ഫോട്ടോ കൃത്യമായിരിക്കും. എന്നാല്‍ ഇന്ന് ചടങ്ങിന് രാജപ്പനില്ല. ഉത്ഘാടകനുപോലും ഒരു മന്ദത അനുഭവപ്പെട്ടു. എവിടെയോ ഒരു പിശക് സംഭവിച്ച പോലെ. എങ്കിലും ഉത്ഘാടകന്‍ തിരി കൊളുത്തുന്ന ദൃശ്യം ക്യാമറകളിലേക്ക് പകര്‍ന്ന് ഫ്‌ളാഷുകള്‍ മിന്നി.

    അതേ നിമിഷം എക്‌സ്‌റേയും രാജപ്പന്റെ മകന്റെ കൈകളിലൂടെ പാഞ്ഞുപോയി. അസ്ഥികളുടെ ഒടിവ് വ്യക്തമാക്കിയാണ് അത് കടന്നുപോയത്. തുടര്‍ന്ന് പുറത്തേക്കുവന്ന രാജപ്പനും മകനും ഡോക്ടറും എക്‌സ്‌റേ ഫിലിം ലഭിക്കാനായി പുറത്ത് കാത്തിരുന്നു.
 
   ചടങ്ങിനെക്കുറിച്ചുള്ള ആകുലത മാറാനായി പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടറോട് സംസാരിക്കുകയായിരുന്നു രാജപ്പന്‍.

     ഈ സമയം എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഭയന്ന മുഖത്തോടെ ഓടിവന്ന് എക്‌സ്‌റേ ഫിലിം ഡോക്ടര്‍ക്ക് നല്‍കി. എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംഷ രാജപ്പനുമുണ്ടായിരുന്നു.

       ഡോക്ടര്‍ അതുവാങ്ങി പരിശോധിച്ച് അത്ഭുതപ്പെട്ടു നിന്നു. രാജപ്പനും അതിലേക്ക് നോക്കി. താന്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം എക്‌സ്‌റേയില്‍ കണ്ട് രാജപ്പനും അത്ഭുതസ്തംബ്ദനായി.

Tuesday, 17 September 2019

Sreekuttan's birthday at Pattom Vrindavan Gardens

പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ 2019 സെപ്തംബര്‍ 14 ന് നടന്ന ശ്രീക്കുട്ടന്‍റെ ജന്മദിനാഘോഷം

Thursday, 5 September 2019

Traditional Medicinal eye liner

 ഔഷധ കണ്‍മഷി 

 കമ്പോളത്തില്‍ ലഭ്യമാകുന്ന കണ്‍മഷി വളരെ വിലകൂടിയതും പലപ്പോഴും കണ്ണിന് അലര്‍ജിയുണ്ടാക്കുന്നതുമാണെന്നിരിക്കെ ഔഷധ കണ്‍മഷി തീര്‍ച്ചയായും ഇതിനൊരു ബദലാകുന്നു. പഴയ കാലത്ത് വീടുകളില്‍ നിലവിളക്കിന്റെ തിരിയില്‍ നിന്നുണ്ടാകുന്ന പുക നല്ല മണ്‍ചട്ടിയിലൊ കണ്ണാടിയിലൊ ശേഖരിച്ച് ,ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ച് കണ്ണും പുരികവും എഴുതുക സാധാരണമായിരുന്നു. എന്നാല്‍ കൊല്ലം ജില്ലയിലെ ഹരിഹരപുരത്തുള്ള ജലജാ കുമാരി കണ്‍മഷിയുണ്ടാക്കുന്നത് മറ്റൊരു രീതിയിലാണ്.

 ആവണക്ക് ഔഷധമായി ഉപയോഗിക്കുറുണ്ട് എന്ന് മിക്കവര്‍ക്കുമറിയാം. ഇതിന്റെ ഇലയും വേരും പൂവും കായുമെല്ലാം പലവിധ ഔഷധക്കൂട്ടുകളില്‍ ഉപയോഗിക്കാറുണ്ട്. ആവണക്കിന്റെ കുരുവില്‍ നിന്നാണ് ജലജാകുമാരി കണ്‍മഷിയുണ്ടാക്കുന്നത്. അങ്ങാടിക്കടകളില്‍ നിന്നും ആവണക്കിന്‍ കുരു വാങ്ങാന്‍ കഴിയും.

ഔഷധ കണ്‍മഷി ഉണ്ടാക്കുന്ന വിധം ചുവടെ ചേര്‍ക്കുന്നു:-

  ആവണക്കിന്‍ കുരു എടുത്ത് അതിന്റെ കട്ടികുറഞ്ഞ തോട് കളയുക. അങ്ങിനെ ചെയ്യുമ്പോള്‍ കുരു മുറിഞ്ഞുപോകാതെ ശ്രദ്ധിക്കണം.അല്ലെങ്കില്‍ അവ പച്ചീര്‍ക്കിലില്‍ കൊരുക്കാന്‍ പ്രയാസമാകും. ഇങ്ങിനെ ശുദ്ധമാക്കിയ കുരുക്കള്‍ പച്ചീര്‍ക്കിലില്‍ കോര്‍ത്തെടുക്കണം. ഇത്തരത്തില്‍ ആവശ്യമുള്ളത്ര കുരുക്കള്‍ കോര്‍ത്തെടുക്കാം. ഇവ നിലവിളക്കിന്റെ തിരിയില്‍ കത്തിച്ച്  അടപ്പുള്ള മണ്‍ചട്ടിയില്‍ കാണിക്കണം.മണ്ണടപ്പുകൊണ്ട് അടച്ചുവയ്ക്കുമ്പോള്‍, കത്തുന്ന ആവണക്കിന്‍ കുരുവില്‍ നിന്നുള്ള പുക അടപ്പില്‍ പറ്റിപ്പിടിക്കും. ഇത് തണുക്കുമ്പോള്‍ പ്ലാവിലകൊണ്ടോ ഓലക്കാല്‍ കൊണ്ടോ ചുരണ്ടിയെടുത്ത് വൃത്തിയുള്ള ,അടച്ചുറപ്പുളള പാത്രത്തില്‍  ശേഖരിച്ചു വയ്ക്കണം. കണ്ണെഴുതാനും പുരികം വരയ്ക്കാനും ആവശ്യമായ അളവില്‍ പൊടി എടുത്ത് ,ശുദ്ധമായ വെളിച്ചെണ്ണ ഒരുതുള്ളി ചേര്‍ത്ത് ചാലിച്ച് ഉപയോഗിക്കാവുന്നതാണ്. ഔഷധ വീര്യമുള്ളതും യാതൊരു പാര്‍ശ്വഫലവുമില്ലാത്തതുമായ ഈ കണ്‍മഷി കണ്ണിനും പുരികത്തിനും നല്ല തെളിച്ചം നല്‍കാനും നിറം നല്‍കാനും ഉപകരിക്കും. എത്രകാലം വേണമെങ്കിലും കേടാകാതെയിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഔഷധ കണ്‍മഷി വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതല്ല. ആവശ്യമുള്ളവര്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

ജലജാ കുമാരി -- 9526801379 

Wednesday, 4 September 2019

Love the mother toungue and accept all other languages


ലേഖനം

മലയാള ഭാഷ ബില്ലും കുറെ ഭാഷാ ചിന്തകളും

( 2016 ജനുവരി ജീവരാഗം മാസികയില്‍ പ്രസിദ്ധീകരിച്ചത് ) 

 ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് അവിടെ ആഴ്ചയിലൊരിക്കല്‍ കുട്ടികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാറുണ്ടായിരുന്നു.ഒരിക്കല്‍ അവരോട് മലയാളം പഠിക്കണം എന്നു പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു, ' എന്തിനാ അങ്കിളെ ഞങ്ങള്‍ മലയാളം പഠിക്കുന്നത് ? ഞങ്ങളാരും നാട്ടിലേക്ക് വരുന്നില്ല, അഥവാ വന്നാലും ജോലി തേടുന്നതിന് മലയാളം നിര്‍ബ്ബന്ധമല്ലല്ലൊ. അത്യാവശ്യം സംസാരിക്കാനൊക്കെയുള്ള മലയാളം ഞങ്ങളുടെ കൈയ്യിലുണ്ട്. ഇവിടെ ജീവിക്കാന്‍ ഹിന്ദിയും ഇംഗ്ലീഷും മതി. മലയാളം പഠിക്കുന്നതിനുപകരം ജര്‍മ്മനോ ഫ്രഞ്ചോ പഠിച്ചാല്‍ വിദേശത്ത് നല്ലൊരു ജോലിയെങ്കിലും സമ്പാദിക്കാം'. ഇങ്ങിനെയൊക്കെയായിരുന്നു അവരുടെ വാദങ്ങള്‍.

അവരുടെ വാദങ്ങള്‍ ശരിയാണെന്നിരിക്കെ അധികമൊന്നും തര്‍ക്കിക്കാന്‍ നില്‍ക്കാതെ ആ കുട്ടികളോട് ഞാന്‍ ചോദിച്ചു, ' നിങ്ങള്‍ സ്വപ്‌നം കാണുന്നത് ഏത് ഭാഷയിലാണ് ?

 അത് മലയാളത്തിലാണ് എന്നായിരുന്നു മറുപടി.

എന്തുകൊണ്ട് എന്ന ചോദ്യത്തിന് വീട്ടില്‍ കൂടുതലും സംസാരിക്കുന്ന ഭാഷ മലയാളമായതുകൊണ്ടാകാം എന്നായിരുന്നു അവരുടെ മറുപടി.

  നമ്മള്‍ സ്വപ്‌നം കാണുന്ന ഭാഷയാണ് നമ്മുടെ മാതൃഭാഷ, അതിനെ സ്‌നേഹിക്കണം എന്നും ആ ഭാഷ എഴുതാനും വായിക്കാനും പഠിക്കണമെന്നും പറഞ്ഞുകൊടുത്തപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായി. അവര്‍ മലയാളത്തെ പ്രണയിച്ചു തുടങ്ങി.
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലാണ്. പിഎസ് സി പരീക്ഷയെഴുതാന്‍ മലയാളം നിര്‍ബന്ധമാക്കിയില്ലെങ്കിലും മലയാളം പഠിക്കാതെ കേരളത്തില്‍ ജീവിക്കുക ബുദ്ധിമുട്ടാവും എന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങുകയാണ്. മാതൃഭാഷയ്ക്കുവേണ്ടി , വളരെ വൈകിയെങ്കിലും സര്‍ക്കാര്‍ കൈക്കൊണ്ട പുരോഗമന പരമായ നടപടി എന്ന് അതിനെ വിശേഷിപ്പിക്കാം. എന്നാല്‍ നമ്മുടെ അയല്‍ക്കാരായ തമിഴ്‌നാട്ടുകാരെപോലെ ഭാഷാഭ്രാന്ത് നമുക്കാവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. മലയാളി എന്നും വിവിധ ഭാഷകളെയും സംസ്‌ക്കാരങ്ങളെയും സ്വീകരിച്ച് വളര്‍ന്നവരാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി യൂറോപ്യന്‍ നിലവാരത്തിലേക്ക് നമ്മള്‍ ഉയര്‍ന്നിട്ടുള്ളതും.

ഇംഗ്ലീഷും ഹിന്ദിയും അറബിയുമുള്‍പ്പെടെ ഏത് ഭാഷയും സ്വന്തം ഭാഷപോലെ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നവരാണ് മലയാളികള്‍. ബ്രിട്ടീഷുകാരുടെ കാലത്തും തുടര്‍ന്നും മലയാളവും ഇംഗ്ലീഷും ഒരുപോലെ കരഗതമാക്കിയ തലമുറകളായിരുന്നു നമുക്കുണ്ടായിരുന്നത്. പിന്നീടതിന് ശോഷണം സംഭവിച്ചു. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൂല്യശോഷണമുണ്ടായി. മാറിമാറി വന്ന സര്‍ക്കാരുകള്‍ വിദ്യാഭ്യാസരംഗത്ത് നടത്തിയ പരിഷ്‌ക്കാരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം പിറകോട്ടടിച്ചു. ഇപ്പോള്‍ അക്ഷരങ്ങള്‍ പെറുക്കിവച്ചാല്‍ പോലും ഒരു കുട്ടി ജയിച്ചുകയറുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ആ വിഷയത്തിലേക്ക് കടന്നുകയറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും വ്യക്തിപരമായ ചില അനുഭവങ്ങള്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.

 കരുനാഗപ്പള്ളിയിലെ ബോയ്‌സ് ഹൈസ്‌കൂളില്‍ മലയാളം മീഡിയം ക്ലാസില്‍ പത്താംതരം വരെ പഠിച്ച ശേഷം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പ്രീഡിഗ്രിക്ക് വന്നു ചേര്‍ന്ന ഞാന്‍ അനുഭവിച്ച ഭാഷാപരമായ പ്രശ്‌നങ്ങള്‍ പുതിയ തലമുറയ്ക്ക് മനസിലാകുമൊ എന്നറിയില്ല. ക്ലാസിലുള്ള തൊണ്ണൂറു ശതമാനം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നുള്ളവര്‍. അവരുടെ നിലവാരത്തില്‍ മാത്രം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍. മലയാളത്തിനുവേണ്ടി വാദിക്കുന്ന നമ്മുടെ പ്രഗത്ഭരായ പല സാഹിത്യകാരന്മാരുടെയും മക്കള്‍ അന്നവിടെയുണ്ടായിരുന്നു. അവരെല്ലാം ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച് വന്നവരായിരുന്നു. അവരുടെ മക്കളും അത്തരത്തില്‍ തന്നെയാവും പഠിച്ചിട്ടുണ്ടാവുക. പലരും ജീവിക്കുന്നത് വിദേശരാജ്യങ്ങളിലാണ് എന്നതും ശ്രദ്ധേയമാണ്.

ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് മറ്റൊരു കാര്യമായതിനാല്‍ മലയാളിയുടെ മനഃശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാന്‍ കഴിയാതിരുന്നതിന്റെ വേദനയിലാണ് മാര്‍ ഇവാനിയോസില്‍ തുടര്‍ന്നുള്ള പഠനകാലം കഴിഞ്ഞുകൂടിയത്. ഇംഗ്ലീഷ് മീഡിയക്കാര്‍ക്കൊപ്പം എത്താന്‍ കഴിയാത്തതിനാല്‍ ഉഴപ്പന്‍മാരുടെ സംഘത്തില്‍ കൂടുകയും രണ്ടാം വര്‍ഷം ടിസി വാങ്ങി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലേക്ക് മാറുകയും ചെയ്തു. അപ്പോഴാണ് ഭാഷയുടെ ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷ് കുറേയൊക്കെ വഴങ്ങിയെങ്കിലും ഇപ്പോഴും ഭയത്തോടെ മാത്രമെ ആ ഭാഷയെ സമീപിക്കാന്‍ കഴിയുന്നുള്ളു എന്നത് യാഥാര്‍ത്ഥ്യമാണ്.

ഇതു പറയുമ്പോള്‍ രസകരമായ ഒരു സംഭവം കൂടി ഓര്‍മ്മവരുകയാണ്. മുന്‍ മന്ത്രി മാത്യു.ടി.തോമസ് പറഞ്ഞതാണ്.അദ്ദേഹത്തെ കാണാനായി ഒരു ദിവസം കുറെ അധ്യാപകര്‍ വന്നു.സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നവരാണ്. സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുന്നതുകൊണ്ട് ഡിവിഷന്‍ ഫാള്‍ ഉണ്ടാകുന്നുവെന്നും അവരെല്ലാം ജോലി നഷ്ടപ്പെടും എന്ന ഭീഷണിയിലാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നുമൊക്കെയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അദ്ദേഹം ചായയൊക്കെ കൊടുത്ത് പൊതുപ്രശ്‌നങ്ങളൊക്കെ പറഞ്ഞിരിക്കെ അവരുടെ കുട്ടികളെകുറിച്ച് ചോദിച്ചു. ' കുട്ടികള്‍ എവിടെ പഠിക്കുന്നു ? '. കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ഓരോരുത്തരായി പറഞ്ഞു. അതെല്ലാം അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളായിരുന്നു. അതുകേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളിലും എയ്ഡഡ് സ്‌കൂളിലുമാണ് പഠിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാതിരിക്കുകയും മറ്റുള്ളവര്‍ അവിടെ പഠിക്കണം എന്നാഗ്രഹിക്കുകയും ചെയ്യുന്നതിന്റെ ലോജിക് മനസിലാകുന്നില്ല. ആദ്യം നിങ്ങളുടെ സ്‌കൂളുകള്‍ പഠനത്തിന് കൊള്ളാം എന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിങ്ങള്‍ മാതൃക കാട്ടിയശേഷം മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയാണ് വേണ്ടത് എന്നുപദേശിച്ച് അവരെ പറഞ്ഞുവിട്ടു.

മലയാള ഭാഷയുടെ കാര്യത്തിലും ഇത് ശരിയാണെന്ന് നമുക്ക് മനസിലാക്കാം. നിങ്ങളുടെ മക്കളെയും കൊച്ചുമക്കളെയും മലയാളം മീഡിയം സ്‌കൂളില്‍ ചേര്‍ത്തശേഷം മതി അത്തരം ആഹ്വാനങ്ങള്‍ എന്നു നമ്മള്‍ സാധാരണക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒരുപക്ഷെ ഭാഷ പ്രേമികളില്‍ തൊണ്ണൂറ് ശതമാനവും അപ്രത്യക്ഷരാകാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്.
മാതൃഭാഷയോട് പ്രണയം വേണ്ട എന്നല്ല ഞാന്‍ പറയുന്നത്, ഭാഷാഭ്രാന്ത് വേണ്ട എന്നാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കെല്ലാം മലയാളം നിര്‍ബ്ബന്ധമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന മലയാളഭാഷാ (വ്യാപനവും പരിപോഷണവും) ബില്‍ ഈ ഒരു മര്യാദ നിലനിര്‍ത്തിയിരിക്കുന്നു. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി മാറുമെന്നത് ഭാഷയ്ക്ക് ഗുണം ചെയ്യും. ഇത് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും നിയമപരമായി ബാധകമാക്കാന്‍ നടപടി കൈക്കൊള്ളേണ്ടതുണ്ട്. കേരളം ഒരു ബഹുഭാഷ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ അന്യഭാഷക്കാര്‍ക്കും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭാഷ പഠിക്കാനുള്ള അവസരം നല്‍കാനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും മലയാളത്തിലാവുകയാണ് എന്നത് സവിശേഷമായ വസ്തുതയാണ്. പ്രധാന കേന്ദ്രനിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും. കീഴ്‌ക്കോടതിയിലെ കേസുകളും വിധിന്യായങ്ങളും പെറ്റികേസുകളിലെ വിധിന്യായവും അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാവും. സര്‍ക്കാര്‍ ,അര്‍ദ്ധ സര്‍ക്കാര്‍ , സഹകരണം,പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയുടെ പേര്, ഉദ്യോഗപേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ വാഹന ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലും കൂടി രേഖപ്പെടുത്തേണ്ടി വരും. വാണിജ്യ, വ്യവസായ, വ്യാപാര സ്ഥാപനങ്ങള്‍,ട്രസ്റ്റുകള്‍, കൗണ്‍സിലിംഗ് സെന്ററുകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍,ഹോട്ടലുകള്‍ എന്നിവയുടെ ബോര്‍ഡുകളുടെ ആദ്യ പകുതി മലയാളത്തിലാകും. സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ സഹായം വാങ്ങി നടത്തുന്ന പരിപാടികളുടെ ബോര്‍ഡുകള്‍, പരസ്യങ്ങള്‍,രസീതുകള്‍, ബില്ലുകള്‍, അറിയിപ്പുകള്‍ എന്നിവയും മലയാളത്തിലാവും.സംസ്ഥാനത്ത് നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉത്പ്പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്ത് സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തിലാകും. പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ പരസ്യങ്ങളിലും ഒരു നിശ്ചിത ശതമാനം മലയാളത്തിലായിരിക്കണം.

സ്വതന്ത്ര സോഫ്റ്റ് വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദേശ രാജ്യങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രിംകോടതി എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷായിരിക്കും ഉപയോഗിക്കുക. സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങളുമായുള്ള ഔദ്യോഗിക കത്തിടപാടുകളും മറ്റും ഇംഗ്ലീഷിലൊ അവരുടെ ഭാഷയിലോ ആവശ്യപ്പെട്ടാല്‍ അതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാതൃഭാഷ മലയാളമല്ലാത്ത കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയ്ക്കു പുറമെ മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു പഠിക്കുന്ന  മലയാളികളല്ലാത്ത വിദ്യാര്‍ത്ഥികളെ ഒന്‍പത്,പത്ത് ക്ലാസുകളിലും ഹയര്‍ സെക്കണ്ടറി തലത്തിലും മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ ഗുണപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബില്ല് പാസാക്കിയിരിക്കുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിയമത്തില്‍ കാലാകാലങ്ങളില്‍ മാറ്റം വരുത്തുമെന്നും ബില്ല് അവതരിപ്പിച്ച മന്ത്രി കെ.സി.ജോസഫ് പറയുകയുണ്ടായി. അത് അനിവാര്യമാണുതാനും.

മലയാളം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ ഈ സമയം ഓര്‍മ്മ വരുന്ന ചില അനുഭവങ്ങള്‍ കൂടി പങ്കുവയ്ക്കാമെന്നു കരുതുന്നു. ഒരിക്കല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ഒരു കത്ത് അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്ക് ലഭിച്ചു. കത്ത് ഹിന്ദിയിലാണ്. ഹിന്ദി അറിയുന്നവരെ കണ്ടെത്തി ഉള്ളടക്കം മനസിലാക്കി മറുപടി അയച്ചു, മലയാളത്തില്‍. ഓനും ഇത്തിരി കഷ്ടപ്പെടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് ചില ഓഫീസുകളില്‍ നിന്നും അപേക്ഷാഫോറവും മറ്റും ഹിന്ദിയിലാണ് കിട്ടിയിരുന്നത്. അന്ന് ആ സംവിധാനത്തെ കുറ്റപ്പെടുത്താതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ ഒരു ഭാഷാ ഭ്രാന്ത് എന്നും പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് അന്യ ഭാഷക്കാരുള്ള കേരളത്തിലും ഇത്തരമൊരു കുറ്റപ്പെടുത്തല്‍ ഭാഷാ ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാം.

മലയാള ഭാഷയെ ഔദ്യോഗികമായി നിലനിര്‍ത്താന്‍ ബില്ല് ഉപകരിക്കുമെങ്കിലും ഭാഷയെ സ്‌നേഹിക്കാന്‍ ഇതൊന്നും ഉപകരിക്കില്ല എന്നതാണ് സത്യം. പ്രണയം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലല്ലൊ. അത് ഉള്ളില്‍ നിന്നും വരേണ്ടതാണ്. മലയാള സാഹിത്യം വായിക്കാനും പത്ര മാസികകള്‍ വായിക്കാനുമുള്ള താത്പ്പര്യം ഒരാളില്‍ ജനിപ്പിക്കാന്‍ നിയമത്തിന് കഴിയില്ല. അതിനുള്ള ശ്രമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്താനുള്ള ഉത്തരവാദിത്തം ഭാഷാപ്രേമികള്‍ക്കുള്ളതാണ്. മലയാളത്തിന് മാര്‍ക്കു നല്‍കുന്നതില്‍ വലിയ പിശുക്കുകാട്ടുന്ന അധ്യാപകരായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് രണ്ടാം ഭാഷയായി ഹിന്ദി എടുത്തവരുടെ കൂട്ടത്തിലുള്ള ഒരാളാണ് ഞാന്‍. ലാറ്റിനും ഫ്രഞ്ചുമൊക്കെയെടുത്ത് നൂറു ശതമാനം മാര്‍ക്ക് നേടിയ വിരുതന്മാരുമുണ്ടായിരുന്നു ആ കാലത്ത്. ഇപ്പോള്‍ മലയാളത്തിന് മാര്‍ക്ക് നല്‍കുന്നതിലെ പിശുക്ക് മാറിയിട്ടുണ്ട്. അതുപോലെ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളം ഓപ്ഷണല്‍ വിഷയമായെടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ഇതെല്ലാം നല്‍കുന്നത് ചില നല്ല സൂചനകളാണ്.

ഭാഷയുടെ വളര്‍ച്ചയ്ക്ക് ശാസ്ത്രപദങ്ങളുടെ കൃത്യമായ വിവര്‍ത്തനമുണ്ടാകണം എന്ന് പ്രൊഫസര്‍ സച്ചിദാനന്ദന്‍ ഉള്‍പ്പെടെ പലരും പറയുന്നത്‌കേട്ടിട്ടുണ്ട്. ഇതുകേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നാറുമുണ്ട്. പ്രകാശവിശ്ലേഷണം എന്നൊക്കെ പത്താംതരം വരെ പഠിച്ചിട്ട് പ്രീഡിഗ്രിക്ക് പോയി ഇതുതന്നെയാണ് ഫോട്ടോസിന്തസിസ് എന്നു മനസിലാക്കാനും ഉള്‍ക്കൊള്ളാനും വേണ്ടിവന്ന ശ്രമം ചെറുതല്ല. സയന്‍സ് വിഷയങ്ങള്‍ മലയാളത്തില്‍ പഠിച്ചാല്‍ ഗവേഷണം വരെ മലയാളത്തില്‍ മതിയാകും എങ്കില്‍ കുഴപ്പമില്ല. എന്നാല്‍ കൂടുതല്‍ പഠനത്തിനും റഫറന്‍സിനും ഇംഗ്ലീഷ് ഉപയോഗിക്കാതെ നിവര്‍ത്തിയില്ല എന്നിരിക്കെ ശാസ്ത്ര വാക്കുകള്‍ മലയാളീകരിച്ച് ( അത് പലപ്പോഴും മണിപ്രവാളമാണെന്നത് മറ്റൊരു കാര്യം) കുട്ടികളെ പീഡിപ്പിക്കരുത് എന്നാണ് എന്റെ അഭ്യര്‍ത്ഥന.

തമിഴ് ഭാഷയിലെ വാക്കുകള്‍ കുറേക്കൂടി വേഗം മനസിലാക്കാന്‍ കഴിയുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  ബോയിലിംഗ് പോയിന്റിന് ക്വദനാങ്കം എന്നു പറയുന്നതിനേക്കാള്‍ നല്ലത് തിളനില എന്ന പദമാണ്. ബോയിലിംഗ് പോയിന്റ് എന്നു പഠിക്കുന്നതാണ് ഉത്തമം.

തമിഴ്‌നാടുകാരുടെ ഭാഷാപ്രേമത്തെ പുകഴ്ത്തുന്നവരോട് എനിക്ക് ഒട്ടും യോജിപ്പില്ല. അത് ഭാഷാ പ്രേമമല്ല, ഭാഷാഭ്രാന്താണ്. ഭാഷാ പ്രേമമാണെങ്കില്‍ എല്ലാ ഭാഷകളെയും പ്രണയിക്കണം, ഹിന്ദി കേള്‍ക്കുമ്പോള്‍ ഭ്രാന്ത് പിടിക്കേണ്ടതില്ല. തമിഴ്‌നാട്ടില്‍ പോയാല്‍ സ്ഥലം മനസിലാക്കാന്‍ കഴിയാതെ നമ്മള്‍ വിഷമിക്കും. തമിഴില്‍ മാത്രമാണ് ബോര്‍ഡുകള്‍. അത് ഇവിടെയും വേണമെന്നു പറയുന്നവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട് എന്നു ചിന്തിക്കേണ്ടി വരും. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി പ്രദര്‍ശിപ്പിക്കണം എന്ന ബില്ലിലെ നിഷ്‌കര്‍ഷ അഭിനന്ദനാര്‍ഹമാണ്.

ഭാഷ വളരണമെന്നു പറയുകയും തികച്ചും യാഥാസ്ഥിതികനായിരിക്കുകയും ചെയ്യുന്ന ഭാഷാ പ്രേമികളെയല്ല നമുക്ക് വേണ്ടത്. മറ്റു ഭാഷകളില്‍ നിന്നും പദങ്ങള്‍ സ്വീകരിച്ചാണ് ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ വളരുന്നത്. നമുക്കും ആ നിലപാടാണ് കരണീയം. ഈ കാര്യത്തില്‍ ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് ഒരു വലിയ പങ്ക് വഹിക്കാന്‍ കഴിയും. ഇംഗ്ലീഷ് ഭാഷ പുതിയ വാക്കുകള്‍ സ്വീകരിക്കുന്ന ഒരു ശാസ്ത്രീയ സമീപനമുണ്ട്. ആ പാത നമുക്കും സ്വീകരിക്കാവുന്നതാണ്. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും പുതുതായി ഭാഷയിലേക്ക് കൊണ്ടുവരേണ്ട വാക്കുകള്‍ കൂട്ടിച്ചേര്‍ത്തും തീരെ ഉപയോഗിക്കാത്ത വാക്കുകള്‍ ഒഴിവാക്കിയും ശബ്ദതാരാവലി പുതുക്കേണ്ടതുണ്ട്. ഈ പുതുക്കലിലൂടെ ഭാഷയെ ശക്തിപ്പെടുത്താനുള്ള സമീപനം ആവശ്യമാണ്.