മാവേലി ഡോട്ട് കോം
ടെലിഫിലിം തിരക്കഥ - 2002 ആഗസ്റ്റ് -സെപ്തംബര്‍ കേരള മിത്രം മാസികയില്‍ പ്രസിദ്ധീകരിക്കുകയും 2012ല്‍ അജിതന്റെ സംവിധാനത്തില്‍ അബിയും സോനാ നായരും അഭിനയിച്ച് ടെലിഫിലിമാക്കി കൈരളിയില്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്ത സ്‌ക്രിപ്റ്റാണിത്.
മാവേലി ഡോട്ട് കോം
സീന്‍ -1
(ടിവിയില്‍ കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് ചാനലില്‍ ടോം ആന്റ് ജെറി പരിപാടി നടക്കുന്നു. അവരുടെ ഫാസ്റ്റ് മൂവ്‌മെന്റ്‌സ്. (ക്ലോസ് ഷോട്ട്‌സ്) ക്യാമറ അകലുമ്പോള്‍ വിശാലമായ ഒരു വീടിന്റെ ഡ്രായിംഗ് റൂം. കുട്ടികള്‍ സ്‌കൂളിലേക്ക് പോകാനുള്ള തിരക്കിലാണ്. ശേഖരന്‍( മധ്യവയസ്) ഷേവ് ചെയ്യുന്നു. ഭാര്യ ഡോക്ടര്‍ ഗായത്രി ( 35 വയസ്) ഹോസ്പിറ്റലിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. കുട്ടികള്‍ പത്തും എട്ടും വയസുകാര്‍. മൂത്തത് പെണ്‍കുട്ടി. ഇളയത് ആണ്‍കുട്ടി. ഒരു ഇംഗ്ലീഷ് ഗാനം ചെറിയ ശബ്ദത്തില്‍ വച്ചിട്ടുണ്ട്. നന്നായി ഫര്‍ണിഷ് ചെയ്ത മുറിയില്‍ കേരളീയമായ ഒന്നുമില്ലെന്ന് വ്യക്തം. )
നിരഞ്ജന്‍ - പപ്പാ, വാട്ട് ഈസ് ഓണം?
(ഷേവ് ചെയ്തുകൊണ്ടിരിക്കുന്ന ശേഖരന്റെ കൈയ്യ് ഒന്നു വിറച്ചു. കവിളില്‍ ലേശം ചോര വന്നു. അയാള്‍ ഏതോ ഓര്‍മ്മയിലേക്ക് മലക്കം മറിഞ്ഞു.
(ഫ്‌ളാഷ് ബാക്ക്)
(നാട്ടിന്‍പുറത്ത് കുളത്തിലേക്ക് എടുത്തുചാടുന്ന ഒരു കുട്ടി. ഊഞ്ഞാലാടുന്നതിന്റെ മറ്റൊരു ദൃശ്യം. ഓണസദ്യയുടെ, കരടികളി ,പുലികളി ഒക്കെ ചേര്‍ന്ന ഒരു ഫാസ്റ്റ് കൊളാഷ്. അതില്‍ നിന്നും കട്ട് ചെയ്ത് വീണ്ടും ശേഖരനിലേക്ക്. )
ശേഖരന്‍ - മോനെന്താ ചോദിച്ചേ ?
നിരഞ്ജന്‍- ഓ- ഈ പപ്പേടെ കാര്യം. വാട്ട് ഈസ് ഓണമെന്ന്. സ്‌കൂളില്‍ ഒരു പ്രോജക്ട് ചെയ്തു കൊടുക്കണം. മമ്മിക്ക് നോ ഐഡിയ. പപ്പയെങ്കിലും കൈയ്യൊഴിയരുത്.
ശേഖരന്‍ - ഉം, പപ്പ നോക്കട്ടെ. ലൈബ്രറി ബുക്ക് ഏതെങ്കിലും കിട്ടിയാല്‍ കൊണ്ടുവരാം. നമുക്ക് ഇന്റര്‍നെറ്റിലും നോക്കാം. ഏതായാലും വൈകിട്ടാവട്ടെ.
നീതു - നിരഞ്ജന്‍, വരൂ ടാ, മമ്മി റെഡിയായി.
ഗായത്രി- ശേഖരേട്ടാ, ഞങ്ങളിറങ്ങുന്നു. ഫ്രീയായിട്ട് ഞാന്‍ മൊബൈലില്‍ വിളിക്കാം.
ശേഖരന്‍ - ഓകെ, ബൈ- ഹാവ് എ നൈസ് ഡേ
നിരഞ്ജന്‍ - താങ്ക് യൂ
നീതു - താങ്ക് യൂ പപ്പാ-
ഗായത്രി -- താങ്ക്‌സ് . സെയിം ടു യൂ.
( മൂവരും തിരക്കിട്ട് ബാഗുമെടുത്ത് പോകുന്നു. ശേഖരന്‍ കുളിക്കാനായി കതകടയ്ക്കുന്നു. കതകില്‍ സ്റ്റില്‍ ആകുന്ന ക്യാമറ.
സീന്‍ - 2
(തിരക്കേറിയ നഗരം. ബസുകളുടെയും കാറുകളുടെയും നീണ്ട നിര. സിഗ്‌നല്‍ കാത്തുകിടക്കുന്ന കാറില്‍ മൊബൈലില്‍ സംസാരിക്കുന്ന ശേഖരന്‍. സംസാരം കഴിഞ്ഞ് വണ്ടിയിലെ സ്റ്റീരിയൊ ശബ്ദം കൂട്ടുന്നു. പോപ്പ് സംഗീതം അന്തരീക്ഷത്തില്‍ നിറയുന്നു. തൊട്ടടുത്തു കിടക്കുന്ന മാരുതി വാനിനു പിന്നില്‍ 'അമ്മേ നാരായണ' എന്ന സ്റ്റിക്കര്‍. അതില്‍ നിന്നും ' ഉത്രാടപൂനിലാവെ വാ ' എന്ന ഗാനം. അതുകേട്ട് പെട്ടെന്ന് തന്റെ സ്റ്റീരിയൊ ഓഫ് ചെയ്യുന്ന ശേഖരന്‍. പാട്ടിനൊപ്പം താളമിടുന്ന കൈകള്‍.)
(ഫ്‌ളാഷ് ബാക്ക്)
(നാട്ടിന്‍പുറത്തെ ഓണം. തുമ്പിതുള്ളല്‍, കിളിത്തട്ടു കളി, പുലികളി എന്നിവയുടെ കൊളാഷ്)സിഗ്നല്‍ പച്ചയാകുന്നു.പിന്നിലെ വാഹനങ്ങളുടെ ശബ്ദം കേട്ട് ഉണരുന്ന ശേഖരന്‍, വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടു നീങ്ങുന്നു. ഓഫീസ് കോംപ്ലക്‌സിലേക്ക് കയറുന്ന വാഹനം. വാഹനത്തില്‍ നിന്നും ശേഖരന്‍ ഇറങ്ങുന്നു. ലിഫ്റ്റിലേക്ക് കയറുന്നു. ഓഫീസിലേക്ക് വരുന്ന ശേഖരന്‍. ജീവനക്കാര്‍ എഴുന്നേറ്റ് അഭിവാദ്യം ചെയ്യുന്നു.
' ഗുഡ് മോണിംഗ് സാര്‍ '
ശേഖരന്‍ - ഗുഡ് മോണിംഗ് ( പ്രത്യഭിവാദ്യം ചെയ്യുന്നു.ഡോര്‍ തുറന്ന് സ്വന്തം മുറിയില്‍ കയറുന്ന ശേഖരന്‍. ഫോണുകള്‍ തുരുതുരാ അടിക്കുന്നു.ഓഫീസാകെ ചുറ്റി വരുന്ന ക്യാമറ ശേഖരനിലേക്ക്)
ശേഖരന്‍ (ഫോണില്‍) യെസ്, ശേഖരന്‍ സ്പീക്കിംഗ്. യാ- വീ വില്‍- ഡെസ്പാച്ച് ഇറ്റ് ടുമോറോ - യെസ്- ഷുവര്‍- ഓകെ - താങ്ക് യൂ -
( റിംഗ് ചെയ്യുന്ന അടുത്ത ഫോണ്‍ എടുക്കുന്നു. )
ശേഖരന്‍ - അതെ - എത്ര കണ്ടയിനറുണ്ട് ? ഓകെ. ക്വാളിറ്റി ചെക്ക് വേണം. ഓകെ- ഓകെ- ദെന്‍ - വാട്ട് എബൗട്ട് ഫാമിലി - എന്റെ അന്വേഷണം പറയണം. - ങ്‌ഹേ- ഓണമൊ- ആഗ്രഹമുണ്ട് ദിവാകരാ- ബട്ട് - കഴിയുമെന്നു തോന്നുന്നില്ല- ങ്ഹാ - ഐ വില്‍ ട്രൈ - ഓകെ-- ബൈ
( ശേഖരന്‍ ബല്ലടിക്കുന്നു. സെക്രട്ടറി വരുന്നു. )
ശേഖരന്‍ - അര്‍ജന്റായി രണ്ട് ലറ്ററുകള്‍. ഒന്ന് ദുബായിലെ എബിസി കോര്‍പ്പറേഷന്. മറ്റൊന്ന് മദ്രാസിലെ ബികെ ഗ്രൂപ്പിന്. ഡിയര്‍ മിസ്റ്റര്‍ ലീബര്‍ ഹാന്‍സ്, താങ്ക്യൂ ഫോര്‍ യുവര്‍ ഓര്‍ഡര്‍ ഫോര്‍ കോട്ടണ്‍ ഗാര്‍മെന്റ്‌സ്. ദ പ്രിപ്പറേഷന്‍സ് ആര്‍ ഓണ്‍-- ( ക്യാമറ മൂവ് ചെയ്ത് ഫെയ്ഡ് ഔട്ടാകുന്നു.)
സീന്‍ - 3
(ശേഖരന്റെ വീട്. വീടിനുള്ളില്‍ ടിവി കണ്ടിരിക്കുന്ന കുട്ടികള്‍. വേലക്കാരി അവര്‍ക്ക് കാപ്പി കൊടുക്കുന്നു. കാളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം. വേലക്കാരി വാതില്‍ തുറക്കുന്നു. പുറത്തുനിന്നു വരുന്ന ഗായത്രി . അവര്‍ കുട്ടികളെ ശ്രദ്ധിക്കുന്നു.)
ഗായത്രി- എന്താ പഠിക്കാനൊന്നുമില്ലെ. രണ്ടും കൂടി ടിവി കണ്ടിരുന്നോ. ഇപ്പൊ തന്നെ റാങ്കില്‍ പിറകോട്ടാ. ഉം, ഗോ ടു യുവര്‍ സ്റ്റഡീസ്.
( ടിവി ഓഫാക്കി മിണ്ടാതെ അകത്തേക്ക് പോകുന്ന കുട്ടികള്‍. ഗായത്രി തന്റെ സ്‌റ്റെതസ്‌കോപ്പും കണ്ണടയും മേശപ്പുറത്തു വയ്ക്കുന്നു. വാഷ് ബേസിനില്‍ മുഖം കഴുകി കണ്ണാടിയില്‍ നോക്കുന്നു. ടൗവ്വലെടുത്ത് മുഖം തുടയ്ക്കുന്നു. തിരികെ വരുമ്പോള്‍ നീതു ഫോണ്‍ ചെയ്യുന്നത് കാണുന്നു.)
ഗായത്രി- ആരെയാ നീ ഇപ്പോള്‍ വിളിക്കുന്നത്?
നീതു - പപ്പയെ
ഗായത്രി- എന്തേ?
നീതു- എനിക്ക് ഇന്ത്യയുടെ ഫിസിക്കല്‍ മാപ്പും പൊളിറ്റിക്കല്‍ മാപ്പും വേണം
ഗായത്രി- അതൊക്കെ രാവിലെ പോകുമ്പോള്‍ പറഞ്ഞുകൂടെ
നീതു - ഞാനങ്ങു മറന്നുപോയി മമ്മീ ( ലൈന്‍ കിട്ടുന്നു.) ക്യാന്‍ ഐ സ്പീക്ക് ടു മിസ്റ്റര്‍ ശേഖരന്‍ - ഐ ആം ഹിസ് ഡാട്ടര്‍. ( അല്‍പ്പം കഴിഞ്ഞ് ) പപ്പാ, എനിക്കിന്നുതന്നെ ഇന്ത്യയുടെ ഫിസിക്കല്‍ മാപ്പും പൊളിറ്റിക്കല്‍ മാപ്പും വേണം. മറക്കരുത് - ട്ടോ ( നിരഞ്ജന്‍ ഓടി വന്ന് ഫോണ്‍ വാങ്ങുന്നു )
നിരഞ്ജന്‍ - പപ്പാ- എന്റെ പ്രോജക്ട് മറക്കല്ലെ - ഓണം
(ഗായത്രി ഉദാസീനയായി സോഫയില്‍ വന്നിരിക്കുന്നു. ടിവി ഓണ്‍ ചെയ്യുന്നു. ചാനല്‍ മാറ്റുന്നു. കുട്ടികള്‍ ടിവിക്ക് മുന്നിലേക്ക് വരുമ്പോള്‍ അവരെ നോക്കുന്നു. അവര്‍ സ്റ്റഡി റൂമിലേക്ക് കയറി കതകടയ്ക്കുന്നു. ടിവിയില്‍ സ്റ്റില്‍ ആകുന്ന ക്യാമറ)
സീന്‍ - 4
(നഗരത്തിലെ സന്ധ്യ. തെരുവു വിളക്കുകള്‍ കത്തുന്നുണ്ട്. ശേഖരന്റെ കാര്‍ ഒരു ബാറിനു മുന്നില്‍ നില്‍ക്കുന്നു. അയാള്‍ ബാറിലേക്ക് കയറുന്നു. സുഹൃത്ത് മദന്‍ അവിടെയുണ്ട്. ശേഖരന്‍ മദനനെ കാണുന്നു.)
ശേഖരന്‍ - ഹായ്, മദന്‍
മദന്‍ - ഹലോ ശേഖര്‍, പ്ലീസ് കം, എന്തുണ്ട് വിശേഷം ?
ശേഖരന്‍- ആകെ ടയേര്‍ഡാണ് മദന്‍. ഒരു ലാര്‍ജില്‍ തുടങ്ങാം. അതാ മോഹന്‍ വരുന്നുണ്ടല്ലൊ . ഏയ് മോഹന്‍- കം യാര്‍ -
മോഹന്‍ - ങ്ഹാ - ഹലൊ - കുറേ നാളായല്ലോടൊ തന്നെ കണ്ടിട്ട്.
( മോഹന്‍ വന്നിരിക്കുന്നു. ഹോട്ടല്‍ ബോയ് വരുന്നു.)
ശേഖരന്‍ - റോയല്‍ ചലഞ്ച് ലാര്‍ജ്ജ്. സോഡ വിത്ത് ഐസ്- മോഹന്‍ , പിന്നെ എന്തൊക്കെ വിശേഷം?
മോഹന്‍ - എന്തു വിശേഷം, നാട്ടിലൊന്നു പോകണം. അമ്മയുടെ നിര്‍ബ്ബന്ധാ - ഇത്തവണ ഓണത്തിന് കൂടെ വേണമെന്ന്. അമേരിക്കയില്‍ നിന്നും ഏട്ടനും ജര്‍മ്മനീന്ന് ചേച്ചിയും വരുന്നുണ്ട്. എന്നാല്‍ പിന്നെ പോയേക്കാമെന്ന് ഞാനും വിചാരിച്ചു. ഇപ്പൊ ആകെ വിഷമത്തിലാ. ഒരു മേജര്‍ ഡീല്‍ വന്നതാ. ഞാനൊഴിഞ്ഞു - അഞ്ചുലക്ഷം സുഖമായി കിട്ടിയേനെ. അതിനേക്കാള്‍ വലുതല്ലെ അമ്മക്ക് നല്‍കിയ വാക്ക്- ല്ലെ മദന്‍.
മദന്‍ - നിനക്കങ്ങിനെ തോന്നിയാല്‍ അതാ ശരി. ഞാനായിരുന്നെങ്കില്‍ അമ്മയെ വിളിച്ച് ഒരു സോറി പറഞ്ഞേനെ. ഓണം പിന്നേം വരും മോനെ, പോയ ഡീല്‍ പോയതുതന്നെ.
ശേഖരന്‍ - ഓരോ ഓണക്കാലത്തും വിചാരിക്കും നാട്ടിലൊന്നു പോകണമെന്ന്. കഴിയാറില്ല. ഗായത്രിയാണെങ്കില്‍ ഇവിടെ ജനിച്ചു വളര്‍ന്നതല്ലെ, അവള്‍ക്ക് നാട്ടില്‍ പോകാന്‍ ഒരു താത്പ്പര്യവുമില്ല.കുട്ടികള്‍ക്ക് ഇഷ്ടമാകും - അസ് എ ടൂറിസ്റ്റ് സെന്റര്‍.
( ശേഖരന്റെ മൊബൈല്‍ ശബ്ദിക്കുന്നു.)
ശേഖരന്‍ - ഹലൊ - അതെ , സമാജം പ്രസിഡന്റോ- ഓണത്തിനൊ- എത്രയാകും . പതിനായിരം ഞാന്‍ തരാം അത്രയെ പറ്റൂ -- ഓകെ, ( മറ്റുള്ളവരോടായി ) - ഇപ്പൊ പറഞ്ഞതു തന്നെയാ വിഷയം. ഓണാഘോഷത്തിന് സംഭാവന വേണമെന്ന്. ഓണമെന്നു കേട്ടാല്‍ നാട്ടുകാരേക്കാള്‍ ആവേശം നമ്മുടെ മറുനാടന്‍ മലയാളികള്‍ക്കാ. ഗൃഹാതുരത്തം.
മദന്‍- ഭാഷയുടെ കാര്യത്തിലും അങ്ങിനെതന്നെയാ. നമ്മള്‍ വീട്ടില്‍ മലയാളം നിര്‍ബ്ബന്ധമാക്കുമ്പോള്‍ കേരളത്തില്‍ മലയാളം പറയുന്ന കുട്ടികളെ ശിക്ഷിക്കുന്ന രക്ഷകര്‍ത്താക്കളാണുള്ളത്. പിന്നെ, സംഘടനകള്‍. നമ്മുടെ സംഘടനകളെല്ലാം ഓണമാകുമ്പോള്‍ സജീവമാകും. അത് കഴിയുന്നതോടെ ആലസ്യത്തിലേക്ക് വീഴും.
ശേഖരന്‍ - നിങ്ങള്‍ സംസാരിച്ചിരിക്ക്. ഞാനിറങ്ങുന്നു. ഇനിയും വൈകിയാല്‍ രാവിലെയുള്ള നടത്തം മുടങ്ങും. ഗുഡ് നൈറ്റ്.
മോഹന്‍ - ഞങ്ങള്‍ ഓരോ ലാര്‍ജുകൂടി എടുത്തിട്ട് ഇറങ്ങാം. ഓകെ - ഗുഡ് നൈറ്റ്.
(ശേഖരന്‍ ഇറങ്ങുന്നു. മോഹനും മദനും ലാര്‍ജ് ഓര്‍ഡര്‍ ചെയ്യുന്നു.)
സീന്‍ - 5
( നീതു കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നു. ഗായത്രി ടിവി കാണുന്നു. നിരഞ്ജന്‍ ഉറക്കമാണ്. പുറത്ത് കാര്‍ വന്നു നില്‍ക്കുന്ന ശബ്ദം. ഡോര്‍ ബല്ലടിക്കുന്നു. ഗായത്രി വാതില്‍ തുറക്കുന്നു. നീതു കമ്പ്യൂട്ടറിനു മുന്നില്‍ നിന്നെഴുനേല്‍ക്കുന്നു.)
ശേഖരന്‍ - മോളൂ, ഉറങ്ങിയില്ലെ ഇതുവരെ.
നീതു - എങ്ങിന്യാ മോളുറങ്ങാ - ഇന്ത്യയുടെ മാപ്പെവിടെ ?
( ശേഖരന്‍ വല്ലാതെയാകുന്നു)
ശേഖരന്‍ - സോറി മോളൂ, ഞാനതങ്ങു മറന്നു. നാളെ തീര്‍ച്ചയായും വാങ്ങാം.
നീതു - വേണ്ട വേണ്ട, അച്ഛനോടു ഞാന്‍ പിണക്കാ. എന്നും ഇങ്ങനെ തന്ന്യാ- മോള്‍ടെ കാര്യമൊന്നും അച്ഛന്‍ ഓര്‍ക്കുകയേയില്ല.
( നീതു പിണക്കം നടിച്ച് ബെഡ്‌റൂമിലേക്ക് പോകുന്നു )
ഗായത്രി- തീര്‍ന്നില്ല, അടുത്തയാളിന്റേതുകൂടി കേട്ടോളൂ.
( ഗായത്രി ടേപ്പ് ഓണ്‍ ചെയ്യുന്നു. നിരഞ്ജന്റെ ശബ്ദം )
നിരഞ്ജന്‍ -- ഡിയര്‍ പപ്പാ, ഞാന്‍ ടെന്‍ വരെ വെയ്റ്റു ചെയ്തു. പപ്പ വന്നില്ല. എനിക്ക് ഓണം പ്രോജക്ട് ചെയ്യണം, പ്ലീസ് പപ്പ. നാളെയെങ്കിലും നേരത്തെ വരണെ. - ല്ലേല്‍ മോന് ടീച്ചറിന്റെ വഴക്ക് കിട്ടും. ഗുഡ്‌നൈറ്റ് പപ്പ.
( ശേഖരന്റെ മുഖത്ത് ദുഃഖവും സ്‌നേഹവും കലര്‍ന്ന ഭാവം)
ശേഖരന്‍ - എന്തു ചെയ്യാം ഗായത്രി, തിരക്കിനിടെ ഞാനിതെല്ലാം മറന്നു. കുട്ടികള്‍ വല്ലതും കഴിച്ചോ?
ഗായത്രി- അവര്‍ കയറിയിറങ്ങി പലതും കഴിച്ചു. ഇനി മോള്‍ പിണങ്ങിയെന്നും പറഞ്ഞ് ഒന്നും കഴിക്കാതിരിക്കണ്ട. വേഗം ഡ്രസ് മാറി വന്നോളൂ, ഞാന്‍ ഭക്ഷണം എടുത്തുവയ്ക്കാം.
(ശേഖരന്‍ ബഡ്‌റൂമിലേക്കും ഗായത്രി അടുക്കളയിലേക്കും പോകുന്നു. അയാള്‍ ഡ്രസ് മാറി കുട്ടികളുടെ കിടയ്ക്കക്കരുകില്‍ വരുന്നു. മോളുടെ മുടിയില്‍ തലോടുന്നു. അവള്‍ തലയുയര്‍ത്തുന്നില്ല.ശേഖരന്‍ നടന്ന് ഡൈനിംഗ് ഹാളില്‍ എത്തുന്നു. ശേഖരന്‍ ഭക്ഷണത്തിനിരിക്കുന്നു. ഒപ്പം ഗായത്രിയും.)
ശേഖരന്‍ -- ഗായത്രി, പണം സമ്പാദിക്കാനായി നാം തിരക്കു പിടിച്ചോടുന്നത് കുട്ടികള്‍ക്കുവേണ്ടിയാണ്. എങ്കിലും അവരുടെ പല ആവശ്യങ്ങളും സാധിച്ചുകൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല. ഒരു കണക്കിന് വളരെ കഷ്ടം തോന്നുന്നുണ്ട്.
ഗായത്രി - ഇത്ര നിസാര കാര്യങ്ങള്‍ ശേഖരേട്ടനെ വേദനിപ്പിക്കുന്നല്ലൊ എന്നതാണ് കഷ്ടം.
ശേഖരന്‍ - നമുക്ക് നിസാരമെന്നു തോന്നുന്ന പലതും കുട്ടികളെ സംബ്ബന്ധിച്ച് വലിയ കാര്യങ്ങളാണ് ഗായത്രി. നമ്മുടെ കുട്ടിക്കാലം കൂടി കണക്കിലെടുത്താലെ നാമതിന്റെ ഗൗരവം മനസിലാക്കൂ. സ്‌കൂള്‍ തുറന്നപ്പോള്‍ ഏട്ടന്റെ പഴയ പുസ്തകം പോരാ പുതിയത് വേണം എന്നു വാശി പിടിച്ച് ഒരാഴ്ച സ്‌കൂളില്‍ പോകാതിരുന്നവനാണ് ഞാന്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്. പണമില്ലാത്തതിനാലാണ് പുസ്തകം വാങ്ങിത്തരാത്തതെന്ന് മനസിലാക്കാന്‍ അന്ന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പണമുണ്ട്, പക്ഷെ സമയമില്ലാന്നു പറഞ്ഞാല്‍ നമ്മുടെ കുട്ട്യോള്‍ക്കത് മനസിലാകില്ല. മനസിലാകണേല്‍ അവര്‍ക്ക് നമ്മുടെ പ്രായാകണം. ഏതായാലും നാളത്തെ വൈകുന്നേരം ഞാന്‍ കുട്ട്യോള്‍ക്കായി മാറ്റുന്നു. അവരുടെ ആവശ്യങ്ങള്‍ നടക്കട്ടെ - എന്താ ?
(ഗായത്രി ചിരിക്കുന്നു)
ഗായത്രി - കുട്ട്യോള്‍ടെ ആവശ്യങ്ങള്‍ മാത്രം മതിയോ, ഭാര്യക്കുമുണ്ട് ചില ആവശ്യങ്ങള്‍.
ശേഖരന്‍ - അടിയന്‍ എല്ലാം നിവര്‍ത്തിത്തരാമെ.
( രണ്ടുപേരും ചിരിക്കുന്നു. ക്യാമറ ഫെയ്ഡ് ചെയ്യുന്നു.)
സീന്‍ - 6
(ശേഖരനും കുടുംബവും മാര്‍ക്കറ്റില്‍ കാറില്‍ വന്നിറങ്ങുന്നു. ഒരു മലയാളി കാസറ്റുകടയില്‍ നിന്നും കാസറ്റുകള്‍ വാങ്ങുന്നു )
ശേഖരന്‍ - ഓണപ്പാട്ടുകളുടെ കാസറ്റുകള്‍ വേണം.
കടക്കാരന്‍ - സാര്‍, ആരുടേതാണ്. ചിത്ര, യേശുദാസ്, ശ്രീകുമാര്‍
( ശേഖരന്‍ പരുങ്ങുന്നു. ക്യാമറ കടയിലെ കാസറ്റുകള്‍, തൂക്കിയിട്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങള്‍, അടുത്ത കടയിലെ തേങ്ങ, കപ്പ, ഏത്തന്‍ തുടങ്ങിയ വസ്തുക്കളും )
ശേഖരന്‍ - എല്ലാം വേണം, എല്ലാം. പിന്നെ പഴയ മലയാളം പാട്ടുകളും.
( പൈസ കൊടുത്ത് തിരികെ കാറില്‍ കയറി അയാള്‍ ഒരോണപ്പാട്ടിന്റെ കാസറ്റ് ഇടുന്നു. ഗായത്രിക്ക് ഇഷ്ടമാകുന്നില്ല. എന്നാല്‍ കുട്ടികള്‍ പാട്ടിനെ കുറിച്ച് ചോദിക്കുന്നു. ഗായത്രി വാക്ക്മാന്‍ ഉപയോഗിക്കുന്നു. വണ്ടി നീങ്ങുന്നു. ഒരു ബുക്ക്‌സ്റ്റാളിനു മുന്നില്‍ നിര്‍ത്തുന്നു. ശേഖരനും കുടുംബവും കടയില്‍ കയറുന്നു.
ശേഖരന്‍ - ഫിസിക്കല്‍ ആന്റ് പൊളിറ്റിക്കല്‍ മാപ്പ്‌സ് ഓഫ് ഇന്ത്യ. ഡു യു ഹാവ് എനി ബുക്ക് ഓണ്‍ ഓണം - ദ നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് കേരള.
കടക്കാരന്‍ - നോ - സര്‍, വീ ഡോണ്ട് ഹാവ്
ശേഖരന്‍ - എനി ബുക്ക് ഓണ്‍ കേരള
കടക്കാരന്‍ - പ്ലീസ് ലുക്ക് ഓണ്‍ ദേര്‍ സാര്‍ - ദ ബുക്കസ് ഓണ്‍ വേരിയസ് സ്‌റ്റേറ്റ്‌സ് ആര്‍ ദേര്‍
( ശേഖരനും കുട്ടികളും ബുക്കുകള്‍ നോക്കുന്നു. ഒരെണ്ണം എടുക്കുന്നു. പണം കൊടുക്കുന്നു. വാഹനം നീങ്ങുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തുന്നു.)
ശേഖരന്‍ - ഹലോ, ഞാന്‍ ശേഖരന്‍. ഇവിടെ ഒരു എക്‌സപോര്‍ട്ട് ബിസിനസ് ചെയ്യുന്നു. നാട് മാവേലിക്കരയിലാണ്. ഇവിടെ വസന്ത്കുഞ്ചില്‍ താമസം. ഇത് ഭാര്യ ഗായത്രി, ഡോക്ടറാണ്. കുട്ടികള്‍ നീതുവും നിരഞ്ജനും.
ഓഫീസര്‍-- ബിസിനസൊക്കെ എങ്ങിനെ?
ശേഖരന്‍ - കുഴപ്പമില്ല. എങ്കിലും ഇപ്പോള്‍ പഴയതുപോലെയല്ല. വെരി ടഫ് കോംപറ്റീഷനാണ്.
ഓഫീസര്‍ - ഈ വഴിക്കൊന്നും വരാറില്ലെ?
ശേഖരന്‍ - ഞങ്ങള്‍ക്കൊക്കെ എവിടെ നേരം. എപ്പോഴും ബിസിനസ് ഡിസ്‌കഷനും യാത്രയും തന്നെ. ചിലപ്പോഴൊക്കെ ഇവിടെ വന്ന് ഭക്ഷണം കഴിക്കാറുണ്ട്. പിന്നെ ചില പരിചയക്കാരൊക്കെ വന്നു താമസിക്കുമ്പോള്‍ കാണാന്‍ വരും, അത്ര തന്നെ.
ഓഫീസര്‍ - ഇപ്പൊ വന്നതും അതുപോലെ എന്തിനെങ്കിലുമാണോ ?
ശേഖരന്‍ -- അല്ല, വളരെ അത്യാവശ്യം ഒരു കാര്യമാണ്. മോന് ഓണത്തിനെകുറിച്ച് സ്‌കൂളില്‍ ഒരു പ്രോജക്ട് ചെയ്യണം. അതിനുള്ള എന്തെങ്കിലും ലിറ്ററേച്ചര്‍ കിട്ടിയാല്‍ ഉപകാരമായി. എനിക്ക് കൃത്യമായൊന്നും പറഞ്ഞുകൊടുക്കാന്‍ കഴിയുന്നില്ല. കുട്ടികള്‍ ഓണം കണ്ടിട്ടുമില്ല.
ഓഫീസര്‍ -- ഒരോണമെങ്കിലും അവരെ കൊണ്ടുപോയി കാണിക്കണം. ഒരു രസമല്ലെ. ഇവിടെ ഫെയേഴ്‌സ് ആന്റ് ഫെസ്റ്റിവല്‍സ് എന്നൊരു പുസ്തകമുണ്ട്. അതില്‍ നിന്നും കുറച്ച് വിവരങ്ങള്‍ കിട്ടും. അത് ഞാന്‍ തരാം.
(ഓഫീസര്‍ ബുക്ക് നല്‍കുന്നു. സന്തോഷപൂര്‍വ്വം അവര്‍ എഴുന്നേല്‍ക്കുന്നു. )
ശേഖരന്‍ - ആട്ടെ, വലിയ ഉപകാരം. ഇനിയും കാണാം.
( ശേഖരനും കുടുംബവും ഇറങ്ങുന്നു. ക്യാമറ ഫെയ്ഡ് ഔട്ടാകുന്നു. അവര്‍ ഡല്‍ഹിയിലൂടെ ചുറ്റുന്നു. റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നു )
സീന്‍ -- 7
(ശേഖരനും കുട്ടികളും കട്ടിലില്‍ ഇരിക്കുന്നു.)
ശേഖരന്‍ -- മലയാളികളുടെ നാഷണല്‍ ഫെസ്റ്റിവലാണ് ഓണം.
നിരഞ്ജന്‍ - ആര്‍ വി മലയാളീസ്
ശേഖരന്‍ ( ഞെട്ടുന്നു ) - ങ്ഹാ-നമ്മളും മലയാളികളാ
നീതു - ഒന്നു നന്നായിട്ട് എ്ക്‌സ്പ്ലയിന്‍ ചെയ്യൂ പപ്പാ
ശേഖരന്‍ - കേരളം ഭരിച്ചിരുന്ന പ്രജാക്ഷേമതത്പ്പരനായ രാജാവായിരുന്നു മഹാബലി.
നീതു - പ്രജാക്ഷേമതത്പ്പരന്‍ എന്നുവച്ചാ ?
ശേഖരന്‍ - വണ്‍ ഹൂ ടേക്കണ്‍ കെയര്‍ ഓഫ് ദ സിറ്റിസണ്‍സ്
നിരഞ്ജന്‍ - എന്നിട്ട് മഹാബലിക്ക് എന്തു സംഭവിച്ചു.
ശേഖരന്‍ - അസുര രാജാവായ മഹാബലിക്ക് ദേവപദവി കിട്ടിയാലോ എന്ന് അസൂയ പൂണ്ട ദേവേന്ദ്രന്റെ വാക്കുകള്‍ കേട്ട് മഹാവിഷ്ണു വാമനരൂപം പൂണ്ടുവന്ന് അദ്ദേഹത്തോട് ആറടി മണ്ണ് ചോദിച്ചു. ഇത് വിഷ്ണുവാണെന്നറിഞ്ഞിട്ടും മഹാബലി സമ്മതിച്ചു. വാമനന്‍ പെട്ടെന്ന് വളര്‍ന്നു വലുതായി രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന് ഇനി എവിടെ സ്ഥലം എന്നു ചോദിച്ചു. മഹാബലി സന്തോഷത്തോടെ തന്റെ ശിരസ് കാട്ടിക്കൊടുത്തു. വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തി. അദ്ദേഹത്തിന് വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ അനുവാദവും കൊടുത്തു. അങ്ങിനെ മഹാബലി വരുന്ന ദിവസമാണ് ഓണമായിട്ടാഘോഷിക്കുന്നത്.
നീതു - പാവം മഹാബലി. എത്ര നല്ല രാജാവായിരുന്നിട്ടും ദൈവമെന്തെ ഇങ്ങനെ ചെയ്‌തെ. എനിക്ക് മഹാബലിയെ കാണണോന്നു തോന്നുന്നു.
നിരഞ്ജന്‍ - മഹാബലി സുന്ദരനാണോ അച്ഛാ ?
ശേഖരന്‍ - പിന്നെ - നല്ല സുന്ദരനാ
നീതു - റ്വിത്തിക് റോഷന്റത്രേം.
( ശേഖരന് ചിരി വന്നു)
ശേഖരന്‍ - അത് പൂച്ചക്കണ്ണനല്ലെ?
നീതു - ഉം - സണ്ണി ഡിയോള്‍ ?
ശേഖരന്‍ - ഉംഹും - നല്ല മീശയൊക്കെ വച്ച്
നീതു -- മമ്മൂട്ടി !
ശേഖരന്‍ - അതൊന്നുമല്ല, കിരീടമൊക്കെ വച്ച് . മീശയുള്ള, നല്ല ആരോഗ്യവാനായ രാജാവാണ് മഹാബലി.
നീതു - നാട്ടില്‍ പോയാല്‍ ഓണം കാണാന്‍ പറ്റുമോ ?
ശേഖരന്‍ - ഇതൊരു മിത്താണ് മോളെ. നാട്ടില്‍ മഹാബലിയുടെ വേഷം കെട്ടിയ ആളുകളെ കാണാന്‍ കഴിയും.
നിരഞ്ജന്‍ - ഓണത്തിന് പിന്നെ എന്തൊക്കെയുണ്ടാകും പപ്പാ ?
ശേഖരന്‍ - രാവിലെ എണ്ണ തേച്ചു കുളിക്കും. പൂക്കള്‍ പറിച്ച് പൂക്കളമിടും. പിന്നെ ഊഞ്ഞാലാടും. ഓണസദ്യ കഴിക്കും. ഓണക്കോടിയുടുക്കും. തുമ്പിതുള്ളും, കുടമൂതും. പെണ്ണുങ്ങള്‍ തിരുവാതിര കളിക്കും. പിന്നെ കരടി കളി, പുലികളി എന്നുവേണ്ട ആകെ മേളമാണ്.
( വിവിധ ഓണപ്പരിപാടികളുടെ ഫാസ്റ്റ് വിഷ്വലുകള്‍)
നീതു- പപ്പാ, ഈ വര്‍ഷം ഓണത്തിന് നമുക്ക് നാട്ടില്‍ പോകണം.
ശേഖരന്‍ - നോക്കട്ടെ മോളെ, അച്ഛന്റെ അമേരിക്കന്‍ കോണ്‍ഫറന്‍സിനുള്ള ക്ഷണം കിട്ടിയില്ലെങ്കില്‍ നമുക്ക് പോകാം.
നീതു - ഉറപ്പ്?
ശേഖരന്‍ - ഉറപ്പ്
( ഗായത്രി ഇതുകേട്ട് കടന്നു വരുന്നു )
ഗായത്രി- എന്തിനാ കുട്ട്യോളെ വെറുതെ മോഹിപ്പിക്കുന്നത്. ടെര്‍മിനല്‍ എക്‌സാം അടുത്തു. ഈ സമയം മാറി നില്‍ക്കാന്‍ കഴിയുമൊ? ട്യൂഷനും ഉള്ളതാ.
നീതു - ഓ - ഈ മമ്മീടെ ഒരു ട്യൂഷന്‍. തല പെരുക്കുന്നു.
ശേഖരന്‍ - അവര്‍ക്കും മുത്തശിക്കൊപ്പം കുറെ സമയം ചിലവാക്കാന്‍ കൊതികാണില്ലെ ഗായത്രി, ഏതായാലും നോക്കാം.
ഗായത്രി- ങ്ഹാ- ഇനിയും നാലഞ്ച് ദിവസമുണ്ടല്ലൊ. പതിനൊന്നു മണിയായി. ഇനി ഉറങ്ങാന്‍ നോക്ക്. രാവിലെ പോകേണ്ടതല്ലെ.
ശേഖരന്‍ - അയ്യോ, നേരമിത്രയ്ക്കായോ ? എണീക്ക് മോനെ, മോളെ- എണീക്ക്
( ക്യമറയ്ക്ക് മുന്നില്‍ രാവ് ഇരുളുന്നു)
സീന്‍ -- 8
(പ്രഭാതം. ശേഖരന്റെ വീട്ടില്‍ പതിവ് തിരക്ക് )
ശേഖരന്‍ - മോളെ , അച്ഛന് വല്ല മെസ്സേജുമുണ്ടോന്ന് നോക്ക്. ( അവള്‍ കമ്പ്യൂട്ടറില്‍ നോക്കുന്നു)
നീതു- അമേരിക്കയില്‍ നിന്നുള്ള ഇന്‍വിറ്റേഷന്‍ ഇല്ലാതിരുന്നാല്‍ മതിയായിരുന്നു. വണ്‍ ഫ്രം ദുബായ് . ഉം- ഫ്രം ചെന്നൈ ആന്റ് വണ്‍ ഫ്രം മഹാബലി
ശേഖരന്‍ - ഉം. പെണ്ണിന്റെ ഒരു തമാശ. എന്തേ മഹാബലിക്ക് മെസ്സേജ് അയച്ചുകൂടെ ?
നീതു -- ഉം, അയയ്ക്കും, അയയ്ക്കും. പാതാളത്തില്‍ ഒരു കോണ്‍ഫറന്‍സ് ഉണ്ടെന്ന്.
( അകത്തുനിന്നും ഗായത്രി നീതുവിനെ വിളിക്കുന്നു)
ശേഖരന്‍ - മമ്മി വിളിക്കുന്നു. എന്തേന്നു ചോദിക്ക്. എന്നിട്ട് ആ മെസ്സേജുകളുടെ കോപ്പി എടുത്തുവയ്ക്ക്.
(ടിവിയില്‍ ടോം ആന്റ് ജറിയുടെ വേഗതയേറിയ ദൃശ്യം ഫെയ്ഡ് ഔട്ടാകുന്നു.)
സീന്‍ -- 9
( രാത്രി. ഫോണ്‍ വരുന്നു.നീതു എടുക്കുന്നു.മുഖത്ത് വിഷാദം. ഫോണിലൂടെ ശേഖരന്റെ ശബ്ദം.)
ശേഖരന്‍ - മോളൂ, സോറി, അച്ഛന് ഇപ്പോള്‍ മെസ്സേജ് കിട്ടി. മറ്റന്നാള്‍ യുഎസ്എയ്ക്ക് പോകണം. അച്ഛന്‍ ലേറ്റാകും. കുറെ കാര്യങ്ങല്‍ ചെയ്തു തീര്‍ക്കാനുണ്ട്. മോളൂ, മോളൂ---
( നീതു കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നു. കമ്പ്യൂട്ടറില്‍ അവള്‍ ചിത്രം വരയ്ക്കുന്നു. അത് ഓലക്കുടയേന്തിയ മാവേലിയായി തീരുന്നു. അവള്‍ ഇന്റര്‍നെറ്റിലേക്ക് കടക്കുന്നു. കമ്പ്യൂട്ടറില്‍ നീതുവിന്റെ ഇമെയില്‍ അഡ്രസ് അടിക്കുന്നു.)
neetu@hotmail.com
എന്നിട്ട് സന്ദേശം അടിക്കുന്നു.
Dear Maveli,
oThis year we planned to visit Kerala during Onam and wished to see youn there. Unfortunately, pappa has an urgent metting at USA and so, we can't come over there. I feel so bad. I request you to kindly make a visit to Delhi please.
Lovingly,
Neethu
To maveli@hotmail.com
അവള്‍ 'sent' അടിച്ച് സന്ദേശമയച്ച് കസേരയില്‍ ചാരി കണ്ണടച്ചിരിക്കുന്നു. രാത്രി ഏറെ വൈകിയിട്ടുണ്ട്. ഗായത്രിയും മോനും ഉറക്കമായി. മുറിയില്‍ വ്യത്യസ്തമായ നിറങ്ങള്‍ മിന്നി മറയുന്നു. കമ്പ്യൂട്ടറിന്റെ കോണില്‍ നിന്നും മാവേലി നടന്നിറങ്ങി വരുന്നു. നീതു പുഞ്ചിരിക്കുന്നു. കൈ നീട്ടുന്ന മാവേലി അവളെ എടുത്തുയര്‍ത്തി ഉമ്മ കൊടുക്കുന്നു. അവര്‍ കൊകോര്‍ത്ത് നൃത്തം വയ്ക്കുന്നു. സാവധാനം എല്ലാം അലിഞ്ഞലിഞ്ഞ് നിശബ്ദമാകുന്നു.
No comments:
Post a Comment