Monday, 18 September 2023

Review of Pak or Partition of India - Part-12- Racial aggression

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – ഭാഗം - 12

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

 വര്‍ഗ്ഗീയമായ ആക്രമണാത്മകത

             ഇന്ത്യയിലെ മുസ്ലിമും ഹിന്ദുവും ഒരു വര്‍ഗ്ഗീയാത്മകത എന്നും നിലനിര്‍ത്തിയിരുന്നു. മുസല്‍മാന് മുന്നേറ്റ മനോഭാവം ജന്മനാ ഉള്ളതാണ്, എന്നാല്‍ ഹിന്ദുവില്‍ ഇതൊരു പുത്തന്‍ പ്രവണതയാണെന്ന് അംബദ്ക്കര്‍ വിലയിരുത്തുന്നു. മുസ്ലിം നേതാക്കള്‍ നടത്തിയ ശ്രദ്ധേയമായ മൂന്ന് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഇവയായിരുന്നു. 1892 ല്‍ കോണ്‍ഗ്രസിന്‍റെ നിവേദനത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ കൗണ്‍സില്‍ കൊണ്ടുവന്നു. ഇത് തെരഞ്ഞെടുപ്പായിരുന്നില്ല, നാമനിര്‍ദ്ദേശമായിരുന്നു. ഇതില്‍ എവിടെയും മുസ്ലിമിന് പ്രത്യേക പ്രാതിനിധ്യം പറയുന്നില്ലെങ്കിലും വൈസ്രോയി ഡഫ്രിന്‍ പ്രഭു അത് കൊണ്ടുവന്നു. കോണ്‍ഗ്രസില്‍ നിന്നും മുസ്ലിങ്ങളെ അകറ്റി നിര്‍ത്തുക എന്നതായിരുന്നു തന്ത്രം. ഇത് മുസ്ലിമിന് ഗുണകരമായി തോന്നി. 1909 ല്‍ വൈസ്രോയി മിന്‍റോ പ്രഭുവിന് മുസ്ലിം നേതാക്കള്‍ ഒരു നിവേദനം നല്‍കി. അംഗങ്ങളുടെ എണ്ണം, സാമൂഹികസ്ഥാനം,പ്രാദേശിക സ്വാധീനം എന്നിവ ആസ്പ്പദമാക്കി ജില്ല,മുനിസിപ്പല്‍ ബോര്‍ഡുകളില്‍ പ്രാതിനിധ്യം, സര്‍വ്വകലാശാലകളില്‍ ഭരണസമിതി അംഗത്വം,പ്രോവിന്‍ഷ്യല്‍ കൗണ്‍സിലില്‍ മതാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം, ഇംപീരിയല്‍ അസംബ്ലി കൗണ്‍സിലില്‍ തുല്യ പ്രാതിനിധ്യം എന്നിവയായിരുന്നു ആവശ്യങ്ങള്‍.അത് മുസ്ലിം സമുദായത്തിലെ ഉന്നതര്‍ പ്രതിനിധീകരിക്കുന്ന വോട്ടര്‍ പട്ടിക പ്രകാരമാകണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം വൈസ്രോയി അംഗീകരിച്ചു. 1916 ല്‍ ചെംസ്‌ഫോര്‍ഡ് ,വൈസ്രോയിക്ക് നല്‍കിയ ശുപാര്‍ശ പ്രകാരം പഞ്ചാബിലും മധ്യപ്രോവിന്‍സിലും പ്രത്യേക പ്രാതിനിധ്യവും ഇംപീരിയല്‍ അസംബ്ലി കൗണ്‍സിലില്‍ മുസ്ലിം പ്രാതിനിധ്യം നിശ്ചയിക്കലും മുസ്ലിമിനെ ബാധിക്കുന്ന നിയമങ്ങളില്‍ നിന്നുള്ള പരിരക്ഷയും ശുപാര്‍ശ ചെയ്യപ്പെട്ടു.

 

 മുസ്ലിം വേറൊരു രാജ്യത്തും പശുബലിക്ക് പ്രാധാന്യം നല്‍കുന്നില്ല.പള്ളിക്ക് മുന്നില്‍ പാടാന്‍ അഫ്ഗാനില്‍ പോലും അവകാശമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പള്ളിക്കുമുന്നില്‍ പാടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇത്തരം വിഷയങ്ങളിലെ കോണ്‍ഗ്രസ് സമീപനം തെറ്റായ നിലയിലാണ്  എന്ന് അംബദ്ക്കര്‍ കരുതുന്നു. പ്രീതിപ്പെടുത്തലും ഒത്തുതീര്‍പ്പാക്കലും തമ്മിലുള്ള വ്യത്യാസം തന്നെ കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. കോണ്‍ഗ്രസിന്‍റെയും ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെയും ഇളവ് നയങ്ങള്‍ മുസ്ലിം നേതാക്കളുടെ ആക്രമണോത്സുകത നാളില്‍ നാളില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഹിന്ദു സമൂഹത്തിന്‍റെ പരാജയമായും അവര്‍ കണ്ടു. അതുകൊണ്ടുതന്നെ പാക് എന്ന ഒത്തുതീര്‍പ്പുതന്നെയാകും രാജ്യത്തിനും സമുദായങ്ങള്‍ക്കും നല്ലതെന്ന് അംബദ്ക്കര്‍ സമര്‍ത്ഥിക്കുന്നു. 1912 ല്‍ മുസ്ലിംലീഗ് ഉത്തരവാദ ഭരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 1927 ഡിസംബറിലാണ് കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം  എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. 1932 വരെ ഹിന്ദുമഹാസഭയും ഉത്തരവാദ ഭരണത്തെയാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ 1937 ഓടെ ആ സമീപനം മാറ്റി പൂര്‍ണ്ണസ്വരാജിനായി നിലകൊണ്ടു. ലീഗും 1937 ലാണ് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചത്.

 

 1925 ല്‍ ഡോക്ടര്‍ കിച്ച്‌ലൂ പറഞ്ഞു, ഖിലാഫത്താണ് കോണ്‍ഗ്രസിന് ജീവന്‍ വയ്പ്പിച്ചത്. അതിനായി മുസ്ലിം സഹോദരന്മാര്‍ വന്‍തോതില്‍ പണമിറക്കി. എന്നിട്ടും മുസല്‍മാന്‍റെ ടാന്‍സിം പ്രസ്ഥാനത്തെ ഹിന്ദു എതിര്‍ക്കുന്നു. സ്വാതന്ത്ര്യം കിട്ടിയാല്‍തന്നെ അഫ്ഗാനോ മറ്റ് മുസ്ലിം രാഷ്ട്രങ്ങളോ ആക്രമിച്ചാല്‍ അവരെ എതിര്‍ത്ത് രാജ്യത്തെ സംരക്ഷിക്കേണ്ടത് ഞങ്ങളാണ്. ടാന്‍സിം പ്രസ്ഥാനത്തെ എതിര്‍ത്താല്‍ ഞങ്ങള്‍ കടന്നുകയറ്റക്കാര്‍ക്കൊപ്പം ചേരുകയേയുള്ളു എന്ന് ഹിന്ദു സഹോദരങ്ങള്‍ മനസിലാക്കണം. 1939 ല്‍ മൗലാന ആസാദ് ശോഭാനി പറഞ്ഞു, ഇംഗ്ലീഷുകാര്‍ ക്ഷീണിതരായിക്കൊണ്ടിരിക്കുകയാണ്. അവര്‍ ഉടനെ ഇന്ത്യ വിടും. നമ്മുടെ പ്രധാന ശത്രുക്കള്‍ 22 കോടി വരുന്ന ഹിന്ദുക്കളാണ്. നാലരകോടി വരുന്ന ഇംഗ്ലീഷുകാര്‍ക്ക് ലോകത്തെ കീഴടക്കാമെങ്കില്‍ വിവരവും വിദ്യാഭ്യാസവും വൈവിധ്യവും ശക്തിയുമുള്ള 22 കോടി ജനതയ്ക്ക് ഇന്ത്യ ഭരിക്കുക മാത്രമല്ല ഈജിപ്ത്, ടര്‍ക്കി,കാബൂള്‍,മെക്ക,മദീന എല്ലാം കീഴടക്കാനും കഴിയും. ഖുറാനില്‍ പറയുന്നപോലെ ലോകാവസാനകാലത്ത് എന്തിനേയും നശിപ്പിക്കാന്‍ ഭൂമിയിലെത്തുന്ന യജൂജ് മജൂജാണ് ഹിന്ദുക്കള്‍. അവര്‍ രാമരാജ്യം ഉണ്ടാക്കും. നമ്മള്‍ ഒന്‍പത് കോടി മുസ്ലിങ്ങള്‍ വേണം അവരെ തടയാന്‍. ഇംഗ്ലീഷുകാരെ ഓടിക്കാന്‍ ഹിന്ദുക്കളോടൊപ്പം ചേരുകയും തുടര്‍ന്ന് ഭരണം ഏറ്റെടുക്കുകയും ചെയ്യണം. 700 വര്‍ഷം നമ്മുടെ അടിമകളായിരുന്നവര്‍ നമ്മെ ഭരിക്കാന്‍ അനുവദിക്കരുത്. ആനിബസന്‍റ് ഈ വിഷയം വളരെ ഗൗരവത്തിലാണ് കണ്ടത്. അഫ്ഗാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ മുസ്ലിം സഹോദരന്മാര്‍ അവര്‍ക്കൊപ്പം ചേരും എന്നവര്‍ ഭയന്നു. മുസല്‍മാന് രാജ്യത്തേക്കാള്‍ വലുത് മതമാണ്, അവര്‍ എഴുതി. അവര്‍ അവരുടെ ദൈവരാജ്യമാണ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത്. മറിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും പിതാവായ ദൈവത്തെക്കുറിച്ചല്ല അവര്‍ പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലും മധ്യകാലത്തെ ചിന്തകളും ആശയങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ മുസ്ലിം നേതൃത്വം അതാണ് നടപ്പിലാക്കുന്നത്. മലബാറിലെ ഖിലാഫത്ത് രാജിന്‍റെ ഞെട്ടലില്‍ നിന്നും നമ്മള്‍ മോചനം നേടിയിട്ടില്ല. മുസ്ലിങ്ങള്‍ക്കുപോലും യാഥാസ്ഥിതിക മുസ്ലിം ഭരണത്തില്‍ സമാധാനം കിട്ടില്ല. ബ്രിട്ടീഷ് ഭരണത്തില്‍ ഷിയ,സുന്നി,സൂഫി,ബഹായി തുടങ്ങി എല്ലാ വിഭാഗങ്ങളും സംരക്ഷിക്കപ്പെടുന്നു. എന്നാല്‍ മുസ്ലിം ഭരണത്തില്‍ ഈ സംരക്ഷണം കിട്ടുമെന്ന് ഉറപ്പില്ല എന്ന് ആനിബസന്‍റ് പറയുന്നു.

 

 ലാലാ ലജ്പത് റായിക്കും മുസ്ലിം സമീപനത്തില്‍ സംശയങ്ങളുണ്ടായിരുന്നു. ഏഴുകോടി വരുന്ന ഇന്ത്യന്‍ മുസ്ലിം അഫ്ഗാന്‍, മധ്യ ഏഷ്യ മുസ്ലിമുമായി ചേര്‍ന്നാല്‍ എന്താകും സ്ഥിതി എന്നതായിരുന്നു ആശങ്ക. ഹിന്ദു-മുസ്ലിം ഐക്യം അനിവാര്യമാണ് ,എന്നാല്‍ ഖുറാന്‍ ഹല്‍ദിസിലെ നിര്‍ദ്ദേശങ്ങളെ അതിജീവിക്കാന്‍ മുസ്ലിം നേതാക്കള്‍ക്ക് കഴിയുമോ എന്നതായിരുന്നു ആശങ്ക. 1924 ല്‍ ടാഗോര്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി, പല മുസ്ലിം സുഹൃത്തുക്കളോടും ഞാന്‍ സംസാരിച്ചു. അവര്‍ പറയുന്നത് അവര്‍ക്ക് ദേശസ്‌നേഹം ഒരു രാജ്യത്തില്‍ ഒതുക്കാന്‍ കഴിയില്ല എന്നാണ്. ഒരു മുഹമ്മദന്‍ മറ്റൊരു മുഹമ്മദനെ എതിര്‍ക്കില്ല എന്നും പറയുന്നു. ഇത്തരത്തില്‍ നേതാക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. 1924 ല്‍ ഗാന്ധി ആഗ്രഹിച്ചതുപോലും ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലുള്ള സ്വരാജാണ് . 1925 ല്‍ സി.ആര്‍.ദാസും ഇതേ അഭിപ്രായക്കാരനായിരുന്നു. ബ്രിട്ടീഷുകാര്‍ സ്വരാജ് അംഗീകരിക്കണം, എങ്കില്‍ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന് കീഴില്‍ രാജ്യം പ്രവര്‍ത്തിക്കും എന്നതായിരുന്നു നിലപാട്. 1928 ല്‍ നെഹ്‌റു കമ്മറ്റി റിപ്പോര്‍ട്ടും ബ്രിട്ടന്‍റെ ആധിപത്യം അംഗീകരിക്കുകയും ഭരണഘടനയുടെ അടിസ്ഥാനമാക്കുകയും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന നിലപാടിനെ തള്ളുകയും ചെയ്തു. 1937 ലും ഗാന്ധി ഡൊമിനിയന്‍ സ്റ്റാറ്റസിനാണ് വാദിച്ചത്. ഇഷ്ടാനുസരണം വേര്‍പിരിയാം എന്ന നിലയിലുള്ള വെസ്റ്റ്മിനിസ്റ്റര്‍ മാതൃകയാണ് ഗാന്ധി മുന്നോട്ടുവച്ചത്. ലീഗ് നെഹ്‌റു റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയും അത് അടിമത്തത്തെ അംഗീകരിക്കുന്നതാണ് എന്നു നിരീക്ഷിക്കുകയും ചെയ്തു. ലീഗ് പൂര്‍ണ്ണ സ്വാതന്ത്ര്യം  ആവശ്യപ്പെട്ടു. ജനാധിപത്യ ഫെഡറല്‍ സംവിധാനമായിരുന്നു മുന്നോട്ടുവച്ചത്. ലാഹോര്‍ സെഷനോടെ കോണ്‍ഗ്രസും ഗാന്ധിയും നെഹ്‌റു റിപ്പോര്‍ട്ടിനെ തള്ളി പൂര്‍ണ്ണ സ്വരാജിലേക്ക് എത്തി. സത്യത്തില്‍ ബ്രിട്ടീഷ് ബന്ധം വിച്ഛേദിക്കുന്നതില്‍ ഗാന്ധിക്ക് താത്പ്പര്യം കുറവായിരുന്നു. ലോര്‍ഡ് ഇര്‍വിനുമായുണ്ടാക്കിയ ഉടമ്പടിയിലും ഡൊമിനിയന്‍ സ്റ്റാറ്റസ് ആയിരുന്നു താത്പ്പര്യപ്പെട്ടിരുന്നത്. സോവിയറ്റ് റഷ്യയും അമേരിക്കയും മാതൃകയായി കണ്ടായിരുന്നു കോണ്‍ഗ്രസും ഗാന്ധിയും ഭാവിയെ കണക്കാക്കിയിരുന്നത്. എന്നുമാത്രമല്ല മുസ്ലിം നിയമവും നാട്ടിലെ നിയമവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ മുസല്‍മാന്‍ മുസ്ലിം നിയമം അംഗീകരിച്ചാല്‍ മതി  എന്നും തീരുമാനിച്ചിരുന്നു.

 

 മുസ്ലിം കാനണ്‍ നിയമപ്രകാരം ലോകത്തെ രണ്ട് ക്യാമ്പുകളായി വിഭജിച്ചിരുന്നു. ദാര്‍-ഉല്‍-ഇസ്ലാം അഥവാ ഇസ്ലാമിന്‍റെ വാസസ്ഥലവും ദാര്‍-ഉല്‍-ഹാര്‍ബ് അഥവാ യുദ്ധഭൂമിയും. മുസ്ലിം ഭരിക്കുന്ന ഇടമാണ് ആദ്യം പരാമര്‍ശിക്കുന്നത്. രണ്ടാമത്തേത് മുസ്ലിം ജീവിക്കുന്നതും എന്നാല്‍ ഭരണം ഇല്ലാത്തതുമായ  ഇടങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഹിന്ദുവിന്‍റെയും മുസ്ലിമിന്‍റെയും പൊതുജന്മനാടല്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കിയപ്പോള്‍ ഇത് സംബ്ബന്ധിച്ച് ആരംഭിച്ച ചര്‍ച്ച അന്‍പത് വര്‍ഷം നീണ്ടു. സെയ്ദ് അഹമ്മദിനെപോലെയുള്ള നേതാക്കള്‍ മുസ്ലിം രാജ്യങ്ങളിലേക്ക് ഹിജ്‌റത്ത്(എമിഗ്രേഷന്‍) നടത്തി അവിടെനിന്നുകൊണ്ട് രാജ്യത്തിനായി യുദ്ധം ചെയ്യണം എന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അത് ക്രമേണ കെട്ടടങ്ങി. 1920-21 ല്‍ ഖിലാഫത്ത് കാലത്ത് ആ ആഗ്രഹം ശക്തമായി. കുറേപ്പേര്‍ അഫ്ഗാനിലേക്ക് കടക്കുകയും ചെയ്തു. ഹിജ്‌റത്തുപോലെ പ്രധാനമാണ് ജിഹാദും. 1857 ലെ ലഹള മുസ്ലിമിനെ സംബ്ബന്ധിച്ചിടത്തോളം ജിഹാദായിരുന്നു. 1919 ലെ അഫ്ഗാന്‍ കടന്നുകയറ്റവും ജിഹാദി പ്രവര്‍ത്തനം ആയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല എന്നത് മറ്റൊരുകാര്യം. ഇസ്ലാം പൊതുവെ അതിര്‍ത്തികളില്‍ വിശ്വസിക്കുന്നില്ല, മറിച്ച് സാമൂഹികവും മതപരവുമായ ബന്ധത്തിനാണ് പ്രാധാന്യം നല്‍കുന്നത്, അതായത് പാന്‍ ഇസ്ലാമിസം. ഹിന്ദുക്കള്‍ നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരിനെ മുസ്ലിം എത്രമാത്രം അംഗീകരിക്കും ? അവര്‍ക്കത് ദാര്‍-ഉല്‍-ഹാര്‍ബ് ആണ് എന്നത് വ്യക്തം.

 

 ഇന്‍സാഫ് എന്ന ഖിലാഫത്ത് പത്രത്തില്‍ ഒരാള്‍ എഴുതി, ഇസ്ലാമിന് എങ്ങിനെ ഒരാളെ സ്വാമി എന്നും മഹാത്മ എന്നുമൊക്കെ വിളിക്കാന്‍ കഴിയും. ഇത് സംബ്ബന്ധിച്ച് ഫത്വ ഇറക്കണം എന്നായിരുന്നു അഭിപ്രായം. 1924 ല്‍ ഗാന്ധിജിയെ ജയിലില്‍ നിന്നും മോചിപ്പിച്ച അവസരത്തില്‍ ഡല്‍ഹിയില്‍ ഹക്കിം അജ്മാന്‍ ഖാന്‍ നടത്തിവന്ന യുനാനി കോളേജില്‍ ഒരു ഹിന്ദു വിദ്യാര്‍ത്ഥി ഗാന്ധിജിയെ ഹസ്‌റത്ത് ഇസയുമായി(യേശു) താരതമ്യം ചെയ്തു. ഇതിനെതിരെ മുസ്ലിം കുട്ടികളും പ്രൊഫസറന്മാരും ഉള്‍പ്പെടെ രംഗത്തുവന്നു. 1923 ല്‍ മുഹമ്മദ് അലി ഗാന്ധിജിയെ യേശുക്രിസ്തുവിന്‍റെ പാതയില്‍ സഞ്ചരിക്കുന്ന ആള്‍ എന്നു വിശേഷിപ്പിച്ചു. സ്വയം ശുദ്ധീകരണത്തിനുള്ള നിരാഹാരവും മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് സ്വയം പീഢനം ഏറ്റെടുക്കുന്ന രീതിയുമൊക്കെ കാരണമായി പറയുകയും ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അലി നിലപാട് മാറ്റി. ഗാന്ധി എത്ര പരിശുദ്ധനായാലും അദ്ദേഹം ഏറ്റവും മോശപ്പെട്ട ഒരു മുസല്‍മാനേക്കാളും താഴെയായി മാത്രമെ കാണാന്‍ കഴിയൂ എന്ന് പ്രസ്താവന ഇറക്കി. മതത്തില്‍ നിന്നും അത്രയേറെ സമ്മര്‍ദ്ദം മുഹമ്മദലിക്കുണ്ടായി. 1928 ല്‍ ഖ്വാജ ഹസ്സന്‍ നിസ്സാനി പറഞ്ഞു, ഹിന്ദുവും മുസല്‍മാനും തമ്മില്‍ ഐക്യം സാധ്യമല്ല. വലിയ യുദ്ധങ്ങള്‍ ചെയ്താണ് മുസല്‍മാന്‍ ഇന്ത്യ കീഴടക്കിയത്. നമ്മില്‍ നിന്നാണ് ഇംഗ്ലീഷുകാര്‍ അധികാരം പിടിച്ചടക്കിയത്. അതിനാല്‍ ഇന്ത്യയുടെ അധികാരികള്‍ നമ്മളാണ്. ഹിന്ദു,ലോകത്തിലെ ഒരു ന്യൂനപക്ഷമാണ്. പരസ്പ്പരം പോരടിക്കുന്ന ഒരു സമൂഹം. അയിത്തവും മറ്റുംകൊണ്ട് മലീമസമായ സമൂഹം. ഗാന്ധിയില്‍ വിശ്വസിക്കുന്ന ,പശുവിനെ ആരാധിക്കുന്നവര്‍. അവര്‍ക്ക് കലഹിക്കാനല്ലാതെ ഭരിക്കാന്‍ സമയം കിട്ടില്ല. (തുടരും)

 

Sunday, 17 September 2023

Review of Ambedkar's book "Pak or Partition of India"- Part-11-Rights and powers exercisable by Musalman

 


അംബദ്ക്കറും
 ഇന്ത്യ വിഭജനവുംപരമ്പര – ഭാഗം - 11

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

 മുസല്‍മാന്  ഉന്നയിക്കാവുന്ന അവകാശങ്ങള്‍,അധികാരങ്ങള്‍

 ലോകം കണ്ട ഏറ്റവും ശക്തമായ സാഹോദര്യമാണ് ഇസ്ലാമിന്‍റേത്. ഒരു കൂട്ടുകെട്ടിനും അതിനെ തകര്‍ക്കാന്‍ കഴിയില്ല. തുര്‍ക്കികള്‍ ക്രിസ്ത്യാനികളെ തങ്ങളേക്കാള്‍ താണവരായി കണ്ടപ്പോള്‍ അറബികളെ തുല്യരായി കണ്ടു. അതാണ് ആ സാഹോദര്യത്തിന്‍റെ ശക്തി. ഇത് ഇന്ത്യയെ സംബ്ബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്. മുസ്ലിം ദേശീയത ഇന്ത്യയെ തകര്‍ക്കും എന്ന് ഹിന്ദു മനസിലാക്കണം എന്ന് അംബദ്ക്കര്‍ പറയുന്നു. മുസ്ലിം മേഖലകള്‍ ഹിന്ദുസ്ഥാനും ഹിന്ദു മേഖല മുസ്ലിം ഭൂരിപക്ഷത്തിനും അസഹനീയമായ മാലിന്യം പോലെ അനുഭവപ്പെടും എന്നതിനാല്‍ രണ്ടുകൂട്ടരേയും ഏച്ചുകെട്ടിയുണ്ടാക്കുന്ന ബഹുസ്വര സമൂഹം ആശയസംഘട്ടനത്തിന്‍റെ വേദിയായി തുടരും. വിഭജനം എന്നത് രാജ്യത്തിന്‍റെ വിശാലകാഴ്ചപ്പാടില്‍ അപാകമായി തോന്നാമെങ്കിലും അത് പകരം നല്‍കുന്നത് സമാധാനമായിരിക്കും.

 

 പാകിസ്ഥാന്‍ രൂപീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുസല്‍മാന്‍ മുന്നോട്ടുവയ്ക്കാവുന്ന ബദലുകളെ അംബദ്ക്കര്‍ ഇത്തരത്തില്‍ രേഖപ്പെടുത്തുന്നു. പ്രത്യേക വോട്ടര്‍ പട്ടികയിലൂടെ കേന്ദ്ര നിയമസഭയിലും പ്രോവിന്‍ഷ്യല്‍ നിയമസഭയിലും അന്‍പത് ശതമാനം പ്രാതിനിധ്യം, എക്‌സിക്യൂട്ടീവിലും സിവില്‍ സര്‍വ്വീസിലും സേനയിലെ എല്ലാ റാങ്കിലും ഉയര്‍ന്ന ഗ്രേഡിലും വിവിധ കൗണ്‍സിലുകളിലും, കമ്മീഷനുകളിലും  ഉള്‍പ്പെടെ എല്ലാ പൊതുസ്ഥാപനങ്ങളിലും അന്‍പത് ശതമാനം പ്രാതിനിധ്യം, അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ ഇന്ത്യന്‍ പ്രാതിനിധ്യത്തിലും പകുതി അവകാശം, പ്രധാനമന്ത്രി ഹിന്ദു ആണെങ്കില്‍ ഡപ്യൂട്ടി പ്രധാനമന്ത്രി പദം മുസ്ലിമിന്, സേനയില്‍ കമാണ്ടര്‍-ഇന്‍-ചീഫ് ഹിന്ദു ആണെങ്കില്‍ ഡപ്യൂട്ടി കമാണ്ടര്‍-ഇന്‍-ചീഫ് മുസ്ലിം ആകണം, സഭയിലെ 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അംഗീകാരമില്ലാതെ പ്രോവിന്‍സുകളുടെ അതിര്‍ത്തി മാറ്റരുത്, ഏതെങ്കിലും ഇസ്ലാമിക രാഷ്ട്രത്തിനെതിരെ നടപടിയോ ഉടമ്പടിയോ ഉണ്ടാക്കാന്‍ 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ  അംഗീകാരമുണ്ടാകണം, 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അനുമതി ഇല്ലാതെ ഇസ്ലാം സംസ്‌ക്കാരം,മതം എന്നിവ സംബ്ബന്ധിച്ച നിയമം ഉണ്ടാക്കാന്‍ പാടില്ല, ദേശീയ ഭാഷ ഉറുദു ആയിരിക്കണം, 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അംഗീകാരമില്ലാതെ ഗോവവധത്തിനും മതംമാറ്റത്തിനും എതിരെ നിയമം കൊണ്ടുവരരുത്, 66 ശതമാനം മുസ്ലിം പ്രതിനിധികളുടെ അംഗീകാരമില്ലാതെ ഭരണഘടനയില്‍ മാറ്റം പാടില്ല എന്നിവയാകും മുന്നോട്ടുവയ്ക്കുന്ന ഡിമാന്‍ഡുകള്‍. ഇതെല്ലാം  അംഗീകരിക്കാന്‍ ഭൂരിപക്ഷ ഹിന്ദു നേതാക്കള്‍ക്ക് കഴിയുമോ എന്ന ചോദ്യമാണ് അംബദ്ക്കര്‍ ഉയര്‍ത്തിയത്.

 

 മിസ് മായോയുടെ മദര്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ പറയുന്നത് ഹിന്ദു സാമൂഹിക തിന്മകളുടെ ചളിയില്‍ വീണുകിടക്കുന്ന യാഥാസ്ഥിതികര്‍ ആണെന്നാണ്. എന്നാല്‍ മുസ്ലിങ്ങള്‍ സ്വതന്ത്രരും പുരോഗമന ചിന്താഗതിക്കാരുമാണ് എന്നും മായോ വിലയിരുത്തുന്നു. മുസ്ലിം സമൂഹത്തെ വളരെ അടുത്തുനിന്ന് വീക്ഷിക്കുന്ന ഒരാളിന് ഈ വിശകലനം അതിശയകരമായി തോന്നാം എന്ന് അംബദ്ക്കര്‍ പറയുന്നു. അക്കാലത്ത് ശൈശവവിവാഹം എല്ലാ സമുദായത്തിലും ഉണ്ടായിരുന്നു എന്ന് അംബദ്ക്കര്‍ ഓര്‍മ്മിപ്പിക്കുന്നു. മുസ്ലിം സ്ത്രീകളെ സംബ്ബന്ധിച്ചിടത്തോളം നിയമപരമായുളള അവകാശം മികച്ചതാണ് എന്നവകാശപ്പെട്ടിരുന്നു. അതിന് പ്രധാന കാരണം മുസ്ലിം നിയമത്തില്‍ വിവാഹപ്രായം പറയുന്നില്ല എന്നതായിരുന്നു. അതായത് വിവാഹപ്രായം അവര്‍ക്ക് നിശ്ചയിക്കാം എന്നര്‍ത്ഥം. ശൈശവവിവാഹമാണെങ്കില്‍ അവള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആ വിവാഹത്തെ നിരസിക്കാനും കഴിയും. മുസ്ലിം വിവാഹം ഒരു കരാറാണ്, വിവാഹമോചനത്തില്‍ തുല്യ അവകാശമുണ്ട്. ഭര്‍ത്താവില്‍ നിന്നും അവള്‍ക്ക് പണവും സ്വത്തും സ്ത്രീധനമായി വാങ്ങാം. അത് രണ്ട് തരത്തിലുണ്ട്. ആവശ്യപ്പെട്ട് വാങ്ങാം അതല്ലെങ്കില്‍ ബന്ധം പിരിയുമ്പോള്‍ വാങ്ങാം. ഏതായാലും അതവള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നു. എന്നിട്ടും മുസ്ലിം സ്ത്രീയാണ് ഏറ്റവും നിസ്സഹായ എന്ന് മുസ്ലിം പുരോഗമനവാദികള്‍ പറയുന്നു. മതം സ്ത്രീയില്‍ അപകര്‍ഷതാബോധമുണ്ടാക്കുന്നുവെന്നും സ്വയം പ്രകടനത്തിനും വ്യക്തിത്വവികസനത്തിനുമുളള അവസരം നഷ്ടപ്പെടുത്തുന്നുവെന്നും അവര്‍ പറയുന്നു. ഇഷ്ടമില്ലാത്ത വിവാഹത്തെ തിരസ്‌ക്കരിക്കാനും അവള്‍ക്ക് ധൈര്യമില്ല. മുസ്ലിംഭാര്യ വിവാഹമോചന അവകാശം ആഗ്രഹിക്കുന്നില്ല, ശരിയത്തും അതില്‍ വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. ചുരുക്കത്തില്‍ ഒരിക്കല്‍ വിവാഹിതയായാല്‍ അത് എന്നത്തേക്കും എന്നതാണ് അവസ്ഥ. എന്നാല്‍ ഭര്‍ത്താവിന് കാരണം പറയാതെപോലും തലാഖ് പറയാം. മൂന്നാഴ്ച മാറിനില്‍ക്കണം എന്നേയുള്ളു, സ്ത്രീധനം നല്‍കണം എന്നുമാത്രം. ഇത് സ്ത്രീക്ക് സമ്പൂര്‍ണ്ണവും സുരക്ഷിതവും സന്തോഷപ്രദവുമായ ജീവിതം നഷ്ടമാക്കുന്നു. ബഹുഭാര്യാത്വവും വെപ്പാട്ടികളെ പോറ്റലും ഇതിനെ ബലപ്പെടുത്തുന്നു. മുസ്ലിമിന് അനുവദനീയ വിവാഹം നാലാണ്. ഇതിന് പുറമെ സ്ത്രീ അടിമകളേയും സൂക്ഷിക്കാന്‍ അവകാശമുണ്ട്.

 

 ചിലര്‍ ഈ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി ഭാര്യമാരെ മാറ്റിക്കൊണ്ടിരിക്കും. ഇപ്പോള്‍ അടിമത്തം നിന്നതിനാല്‍ അടിമകളെ പോറ്റുന്ന സമ്പ്രദായം ഒഴിവായി എന്നു മാത്രം. എന്നാല്‍ ഹിന്ദു സമുദായത്തില്‍ നിലനില്‍ക്കുന്ന അത്ര ഇല്ലെങ്കിലും ജാതി സമ്പ്രദായം ഇസ്ലാമിലും ഉണ്ട്. 1901 ലെ ബംഗാള്‍ സെന്‍സസില്‍ ഇപ്രകാരം പറയുന്നു. ഇവിടെ ഷെയ്ക്,സെയ്ദ്,മുഗള്‍,പത്താന്‍ എന്ന പരമ്പരാഗത ഡിവിഷന്‍ ഇല്ല. അഷ്‌റഫും അജ്‌ലഫുമാണ് പ്രധാനം. അഷ്‌റഫ് കുലീന മുസ്ലിം ആണ്. വിദേശികളുടെ പിന്‍ഗാമികളും മതംമാറിയ ഉയര്‍ന്ന ജാതിക്കാരും ഈ കൂട്ടത്തില്‍ വരും. അജ്‌ലഫ് തൊഴില്‍ ചെയ്ത് ജീവിക്കുന്ന സാധാരണ മുസ്ലിം ആണ്. ചിലയിടത്ത് അര്‍സലുകള്‍ ഉണ്ട്. അവര്‍ ഏറ്റവും താണവരാണ്. അവര്‍ക്ക് പള്ളിപ്പറമ്പില്‍ കബറടക്കാനും അവകാശമില്ല. അഷ്റഫിലെ പിരിവുകള്‍ സെയ്ദ്, ഷേയ്ക്ക്,പത്താന്‍,മുഗള്‍,മാലിക് മിര്‍സ എന്നിവയാണ്. അജ്‌ലഫില്‍ പിറാളി,തകരൈ,ദര്‍സി,ജൊലാഹ,ഫക്കീര്‍,റംഗ്‌റേസ്,ബര്‍ഹി,അബ്ദല്‍ എന്നിവ ഉള്‍പ്പെടുന്നു. അര്‍സലില്‍ പെടുന്നവരാണ് ഫനാര്‍,ഹലാല്‍ഖോര്‍,ഹിജ്‌റ,കസഭി തുടങ്ങിയവര്‍. എല്ലാ ജാതിക്കാര്‍ക്കും പ്രത്യേകം പഞ്ചായത്തുണ്ട്. ഒരു ജാതിക്ക് മറ്റൊരു ജാതിയില്‍ നിന്നും വിവാഹം പാടില്ല. ജാതിയും അയിത്തവും നിലനിര്‍ത്തുന്നു എന്നുതന്നെ ചുരുക്കം. ഇതിന് പുറമെയാണ് സ്ത്രീകള്‍ക്ക് പര്‍ദ. അവര്‍ക്ക് വീട്ടിലെ അടുക്കള പ്രദേശം മാത്രമാണ് അനുവദിച്ചിരുന്നത്. പുരുഷന്മാര്‍ ജോലി എടുക്കുന്നത് പോലും അവര്‍ കണ്ടുകൂട. മകന്‍,സഹോദരന്‍,അച്ഛന്‍,മാമന്‍,ഭര്‍ത്താവ്,അടുത്ത ബന്ധുക്കള്‍ എന്നിവരെ കാണാം. പ്രാര്‍ത്ഥനയ്ക്ക് പള്ളിയില്‍ പോയ്ക്കൂട. പുറത്തുപോകാന്‍ പര്‍ദ്ദ ധരിക്കണം. ഈ രീതികള്‍ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇവര്‍ക്ക് വിളര്‍ച്ച,ക്ഷയം,പയോറിയ എന്നീ രോഗങ്ങള്‍ വരുന്നു. നടു വളയുകയും അസ്ഥികള്‍ തള്ളുകയും കൈകാലുകള്‍ വളയുകയും ചെയ്യുമെന്നും വാരിയെല്ലുകളും സന്ധികളും വേദനിക്കുമെന്നും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുമെന്നും ഇടുപ്പിലുണ്ടാകുന്ന വൈകല്യം പ്രസവസമയത്തെ മരണത്തിന് കാരണമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പര്‍ദധാരികള്‍ അപകര്‍ഷതയുള്ളവരും ഒറ്റപ്പെട്ടവരുമാകുന്നു. ഈ ലിംഗപരമായ വേര്‍തിരിവ് സ്ത്രീയിലും പുരുഷനിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അവര്‍ മറ്റുള്ളവരെ കാണുകയോ സംസാരിക്കുകയോ ചെയ്യാന്‍ കഴിയാത്തവരായി മാറുന്നു. ഇത്തരത്തില്‍ ഒരു സാമൂഹിക ജീവിത സ്തംഭനാവസ്ഥ മുസ്ലിം സമൂഹത്തിലുണ്ടായി എന്ന് അംബദ്കര്‍ പറയുന്നു.  

 

 മുസ്ലിമിന് രാഷ്ട്രീയത്തില്‍ വലിയ താത്പര്യമില്ല. താത്പ്പര്യം മതത്തിലാണ്. അവരുടെ സ്ഥാനാര്‍ത്ഥിയോടുപോലും അവര്‍ ആവശ്യപ്പെടുന്നത് പള്ളിയുടെ പുനരുദ്ധാരണവും വൃത്തിയാക്കലും പുതിയ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള സാധ്യതയും സമൂഹസദ്യയുമൊക്കെയാണ്. മതനിരപേക്ഷ ഇനങ്ങള്‍ ഒന്നുംതന്നെ ഇതില്‍ വരുന്നില്ല. ഉള്ളവരും ഇല്ലാത്തവരും മുതലാളിയും തൊഴിലാളിയും ഭൂഉടമയും കുടികിടപ്പുകാരനും പുരോഹിതനും സാധാരണക്കാരനും ഇക്കാര്യത്തില്‍ ഒരേ സമീപനമാണ്. ഇതിന് കാരണം മുസ്ലിം രാഷ്ട്രീയം വൈദികമായതാണ് എന്ന് അംബദ്ക്കര്‍ വിലയിരുത്തുന്നു. ഇത് ഏറെ വിഷമിപ്പിക്കുന്ന ഒരു സാഹചര്യവുമാണ്. ഇതൊഴിവാക്കാന്‍ മതനേതാക്കളില്‍ നിന്നും ഒരുനീക്കവും ഉണ്ടാകുന്നുമില്ല. ഹിന്ദു സമുദായത്തില്‍ ചിലരെങ്കിലും ഒരു മാറ്റത്തിന് ശ്രമിക്കുന്നു. എന്നാല്‍ ഇസ്ലാമില്‍ അതുണ്ടാകുന്നില്ല. അത്തരം ശ്രമങ്ങള്‍ തിന്മയാണ് എന്നു കരുതുകയും ചെയ്യുന്നു. നിലവിലെ രീതികളില്‍ ഒരു മാറ്റവും പാടില്ല എന്നതാണ് സമീപനം. 1930 ലെ ശൈശവ വിവാഹ ബില്ലിനെ മുസ്ലിം നേതാക്കള്‍ എതിര്‍ത്തു. ഇത് മുസ്ലിം കാനോന്‍ നിയമത്തിന് എതിരാണ് എന്നായിരുന്നു നിലപാട്. വിവാഹിതയാകാനുള്ള പെണ്‍കുട്ടിയുടെ പ്രായം പതിനാല് എന്നും ആണ്‍കുട്ടിയുടേത് പതിനെട്ട് എന്നും നിശ്ചയിക്കുന്നതിനെ ആണ് എതിര്‍ത്തത്. നിയമം നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ നിസ്സഹകരണം തുടങ്ങി. ഇത്തരം എതിര്‍പ്പുകള്‍ ലോകമൊട്ടാകെ കാണാന്‍ കഴിയും. എല്ലാ മനുഷ്യര്‍ക്കും എല്ലാ കാലങ്ങള്‍ക്കും എല്ലാ അവസ്ഥകള്‍ക്കും അനുയോജ്യമായ മതം എന്ന് പുരോഹിതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ലോകമൊട്ടാകെ മുസ്ലിം പുരോഗമനപരമല്ലാത്ത നയങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. എവിടെയും ഒരു മുസ്ലിം മുന്‍ഗണനയ്ക്കായുളള പോരാട്ടവും കാണാന്‍ കഴിയും. കശ്മീരില്‍ ഹിന്ദു രാജാവിന്‍റെ ഭരണവും മുസ്ലിം ഭൂരിപക്ഷവുമായതിനാല്‍ അവിടെ പ്രാതിനിധ്യ സര്‍ക്കാരിനായി മുന്നിട്ടു വന്ന മുസ്ലിം നേതാക്കള്‍ മുസ്ലിം ഭരണമുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് അതിനെ എതിര്‍ക്കുകയായിരുന്നു.

 

 ഇത്തരത്തില്‍ പലവിധത്തിലും അടുപ്പത്തിന് സാധ്യതയില്ലാത്ത രണ്ട് മതങ്ങളുടെ സാങ്കല്‍പ്പിക ഐക്യം ഉയര്‍ത്തിക്കാട്ടി എത്രകാലം മുന്നോട്ടുപോകാന്‍ കഴിയും? ഹിന്ദു ഭൂരിപക്ഷത്തെ ഭയക്കുന്ന മുസ്ലിമും ഇസ്ലാമിന്‍റെ കൂട്ടായ ആക്രമണം ഭയക്കുന്ന ഹിന്ദുവും യുദ്ധാവസ്ഥയിലാണ് സത്യത്തില്‍ കഴിയുന്നത്. എല്ലാറ്റിലും തുല്യത എന്ന നിലയിലാണ് പല കാര്യങ്ങളും നടക്കുന്നത്. ഹിന്ദുവിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാല എങ്കില്‍ മുസല്‍മാന് അലിഗഡ് മുസ്ലിം സര്‍വ്വകലാശാല, ഹിന്ദുവിന് ശുദ്ധി പ്രസ്ഥാനമെങ്കില്‍ മുസ്ലിമിന് തബ്ലീഗ്,ഹിന്ദുക്കള്‍ സംഗതന്‍ ആരംഭിച്ചപ്പോള്‍ മുസ്ലിം താന്‍ജിം തുടങ്ങി. ഹിന്ദു രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകരിച്ചപ്പോള്‍ മുസ്ലിം ഖാക്‌സര്‍ ഉണ്ടാക്കി. പരസ്പ്പരവിശ്വാസമില്ലായ്മയും മേല്‍ക്കോയ്മ ഭയവും ആണ് ഇവരെ നയിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ തിന്മകളാണ് വിപ്ലവത്തിന്‍റെയോ അപചയത്തിന്‍റെയോ മാതാവ് എന്നത് ഇവിടെയും പ്രസക്തമാവുകയാണ്.(തുടരും)🙏 

 

 


Saturday, 16 September 2023

Pakistan or Partition of India - review of Ambedkar's book- Part-10- Gandhiji and Hindu-Muslim alliance

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – ഭാഗം - 10

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

ഗാന്ധിജിയും  ഹിന്ദു-മുസ്ലിം ഐക്യവും

സ്വതന്ത്ര ഇന്ത്യയെ സംബ്ബന്ധിച്ച് ഗാന്ധിജിയുടെ സമീപനമാണ് പൊതുവെ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നത്. അത് ഹിന്ദു മുസ്ലിം ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അവര്‍ ഭാരതാംബയുടെ മക്കളായി പരസ്പ്പരം സഹകരിച്ച് ഒറ്റ രാഷ്ട്രമായി മുന്നോട്ടുപോകണം എന്നതാണ് ആ നയം. ഒരാളുടെ മതാചാരത്തില്‍ മറ്റൊരാള്‍ ഇടപെടരുത് എന്നതായിരുന്നു സമീപനം. ഗാന്ധി ഖിലാഫത്ത് സമരത്തെ പിന്‍തുണയ്ക്കുകയും അവരുടെ ഉപദേശകനും സുഹൃത്തുമാവുകയും ചെയ്തു. സത്യത്തില്‍ ഖിലാഫത്തില്‍  നിന്നാണ് നിസ്സഹകരണപ്രസ്ഥാനം ഉണ്ടായത്. അതിലേക്ക് ഹിന്ദുക്കളെ ആകര്‍ഷിക്കാനാണ് സ്വരാജ് എന്ന മുദ്രാവാക്യം കൊണ്ടുവന്നത്. 1919 ഒക്ടോബര്‍ 27 നാണ് ഖിലാഫത്ത് ദിനം പ്രഖ്യാപിച്ചത്. നവംബര്‍ 23ന് ഡല്‍ഹിയില്‍ ആദ്യ ഖിലാഫത്ത് കോണ്‍ഫറന്‍സ് നടന്നു. അതിലാണ് നിസ്സഹകരണ ആശയം രൂപപ്പെട്ടത്. 1920 മാര്‍ച്ച് 10 ന് കല്‍ക്കത്ത ഖിലാഫത്ത് കോണ്‍ഫറന്‍സാണ് നിസ്സഹകരണമാണ് മികച്ച ആയുധം എന്നു തീരുമാനിച്ചത്. ജൂണ്‍ 9 ന് അലഹബാദ് കോണ്‍ഫറന്‍സ് നിസ്സഹകരണപ്രസ്ഥാനത്തിന്‍റെ പദ്ധതി തയ്യാറാക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി ഉണ്ടാക്കി. ജൂണ്‍ 22 ന് ഇത് സംബ്ബന്ധിച്ച് വൈസ്രോയിക്ക് കത്തെഴുതി. തുര്‍ക്കിയിലെ പ്രശ്‌നങ്ങള്‍ ആഗസ്റ്റ് ഒന്നിനകം പരിഹരിച്ചില്ലെങ്കില്‍ നിസ്സഹകരണം തുടങ്ങും എന്നായിരുന്നു അറിയിപ്പ്. കല്‍ക്കട്ട സെഷനില്‍ കോണ്‍ഗ്രസ് ഇതിനെ സ്വീകരിക്കുകയായിരുന്നു. ഹിന്ദുക്കളെ ആകര്‍ഷിക്കാനായി പഞ്ചാബില്‍ ജനറല്‍ ഡയര്‍ നടത്തിയ ക്രൂരതകളും പരിഷ്‌ക്കരണ നിയമത്തിലെ കുറവുകളും കൂടി ഉയര്‍ത്തിക്കാട്ടി. ഖിലാഫത്തില്‍ ഈ നിര്‍ദ്ദേശം വച്ചത് ഗാന്ധി ആയിരുന്നു. അങ്ങിനെ തന്ത്രപരമായി ഒരു ഹിന്ദു-മുസ്ലിം  മൈത്രി വളര്‍ത്തിയെടുക്കാന്‍ ഒരു പരിധിവരെ ഗാന്ധിക്ക് കഴിഞ്ഞു.

      ഖിലാഫത്ത് വന്നതോടെ ഹിന്ദുക്കള്‍ മൂന്ന് വിഭാഗമായി. നിസ്സഹകരണപ്രസ്ഥാനത്തെ എതിര്‍ക്കുന്നവര്‍, ഗോവധം ഒഴിവാക്കിയാല്‍ മുസ്ലിമുമായി സഹകരിക്കാം എന്നഭിപ്രായമുള്ളവര്‍,ഇന്ത്യന്‍ മുസ്ലിം അഫ്ഗാനെ ഇന്ത്യ കീഴടക്കാന്‍ ക്ഷണിക്കും എന്നു ഭയക്കുന്നവര്‍. ഇതായിരുന്നു ഈ മൂന്നിനം ഹിന്ദുക്കള്‍. നിസഹകരണത്തിനും ഖിലാഫത്തിനും വ്യവസ്ഥകളില്ലാത്ത സഹകരണം തന്നെ നല്‍കണം എന്ന് ഗാന്ധി ആഹ്വാനം ചെയ്തു. അഫ്ഗാന്‍ വിഷയത്തിലും ഗാന്ധിയുടെ നിലപാട് തന്ത്രപരമായിരുന്നു.  ഇന്ത്യ ഒരു ഇസ്ലാം-ബ്രിട്ടീഷ് പോരാട്ടത്തിനുള്ള ഇടമാകാന്‍ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. ഹിന്ദു-മുസ്ലിം ഐക്യം ഊട്ടി ഉറപ്പിച്ച് ബ്രിട്ടനെതിരെ പോരാടാനുളള മികച്ച ആയുധമായി നിസഹകരണത്തെ ഗാന്ധി മാറ്റിയെടുത്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുസ്ലിം നേതാക്കള്‍ അസ്വസ്ഥരായി. സ്വരാജ് എന്നതല്ല ഖിലാഫത്താണ് പ്രധാനം എന്നും തുര്‍ക്കി നശിക്കുംവരെ നോക്കിയിരിക്കാന്‍ കഴിയില്ലെന്നും അവര്‍ ഗാന്ധിയോട് പറഞ്ഞു. സ്വരാജ് ലഭ്യമായാലെ ഖിലാഫത്ത് വിജയിക്കൂ എന്നും ശക്തിയുള്ള നാടിനെ അയല്‍ക്കാരനെ സഹായിക്കാന്‍ കഴിയൂ എന്നുമൊക്കെയുള്ള ഗാന്ധിയുടെ മറുവാദങ്ങളൊന്നും കേള്‍ക്കാന്‍ മുസ്ലിം നേതാക്കള്‍ തയ്യാറായില്ല. അവര്‍ അഫ്ഗാനിലെ അമീറുമായി ചര്‍ച്ച തുടങ്ങി. അതില്‍ ഗാന്ധിയുടെ പങ്ക് വ്യക്തമല്ല. എങ്കിലും ബ്രിട്ടനുമായി ഒരുടമ്പടിയും ഉണ്ടാക്കരുതെന്ന് ഗാന്ധി അമീറിനെ ഉപദേശിച്ചു. ബ്രിട്ടനെതിരെ അമീര്‍ യുദ്ധം ചെയ്താല്‍ ഇന്ത്യന്‍ ജനത അമീറിനെ സഹായിക്കണം എന്നും ആഹ്വാനം ചെയ്തു. ബ്രിട്ടനെ സഹായിക്കരുതെന്നും ഭരിക്കുന്ന നാട്ടിലെ ജനതയ്ക്ക് വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അവരെ സഹായിക്കുന്നത് വലിയ കുറ്റമാണെന്നും ഗാന്ധി പറഞ്ഞു. ബോധമുള്ള ആരെങ്കിലും ഹിന്ദു-മുസ്ലിം ഐക്യത്തിനായി ഇത്രവരെ പോകുമോ എന്ന് അംബദ്ക്കര്‍ ചോദിക്കുന്നു. ഖിലാഫത്ത്-സ്വരാജ് യാത്രയില്‍ വിളിക്കേണ്ട മുദ്രാവാക്യം സംബ്ബന്ധിച്ചും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഗാന്ധിയും മുഹമ്മദലിയും ഇടപെട്ട് ധാരണയുണ്ടാക്കി. ആദ്യം അള്ളാഹു അക്ബര്‍, തുടര്‍ന്ന് വന്ദേ ഭാരതം, ഹിന്ദു-മുസല്‍മാന്‍ കീജയ് എന്നതായി രീതി. ഹിന്ദു-മുസ്ലിം ഐക്യത്തിനായി ഗാന്ധിജി നടത്തിയ മറ്റൊരു വിട്ടുവീഴ്ച ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിം നടത്തുന്ന അക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കുക എന്നതായിരുന്നു. ഇസ്ലാം മതത്തെകുറിച്ച് ലേഖനമെഴുതിയ പല ഹിന്ദുനേതാക്കളെയും മുസ്ലിങ്ങള്‍ വധിച്ചിരുന്നു. പക്ഷെ ഗാന്ധി ഇതിനെയൊന്നും അപലപിച്ചിരുന്നില്ല. ഹിന്ദു-മുസ്ലിം ഐക്യം എന്ന തന്‍റെ സ്വപ്‌നം തകരരുത് എന്ന് അദ്ദേഹം ആശിച്ചു.

          1920 ലെ മലബാര്‍ കലാപം ഖുദം-ഇ-കബയുടെയും(മെക്കയുടെ സേവകര്‍) കേന്ദ്ര ഖിലാഫത്ത് കമ്മറ്റിയുടെയും നേതൃത്വത്തിലായിരുന്നു. സമരക്കാര്‍ പറഞ്ഞത് ബ്രിട്ടീഷ് ഇന്ത്യ ദാര്‍-ഉല്‍-ഹറാബ് (യുദ്ധഭൂമി) ആണെന്നും പകരം ഹിജ്‌റത്ത്(ഇസ്ലാമിക ഭൂമി) കൊണ്ടുവരണം എന്നുമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ആയിരുന്നു സമരം. ഇസ്ലാമിക ഭരണം കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. കത്തിയും വാളും കുന്തവും രഹസ്യമായുണ്ടാക്കി അക്രമി സംഘത്തെ സജ്ജമാക്കി. ആഗസ്റ്റ് 20 ന് തിരൂരങ്ങാടിയിലായിരുന്നു ഏറ്റുമുട്ടല്‍. റോഡ് തടസപ്പെടുത്തി, ടെലഗ്രാഫ് ലൈനുകള്‍ മുറിച്ചു,റയില്‍വേ തകരാറിലാക്കി.ഭരണം സ്തംഭിപ്പിച്ചു. മാപ്പിളമാര്‍ സ്വരാജ് പ്രഖ്യാപിച്ചു. അലി മുദലിയാരെ രാജാവായി പ്രഖ്യാപിച്ചു. ഖിലാഫത്ത് കൊടി ഉയര്‍ന്നു. ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യമായി പ്രഖ്യാപിച്ചു. ബ്രിട്ടനെതിരെ തുടങ്ങിയ സമരം അധികം വൈകാതെ ഹിന്ദുവിനെതിരെ ആയി. കൊലയും നിര്‍ബ്ബന്ധിത മതം മാറ്റവും ക്ഷേത്രങ്ങളെ മലിനപ്പെടുത്തലും സ്ത്രീകള്‍ക്കെതിരായ അതിക്രമവും തുടങ്ങി. തികഞ്ഞ കാടത്തമാണ് അരങ്ങേറിയത്. ബ്രിട്ടീഷ്‌സേന എത്തിയാണ് ഇതിന് അറുതി വരുത്തിയത്. ദക്ഷിണേന്ത്യയില്‍ ഈ കലാപം വലിയ പ്രതിഷേധത്തിന് കാരണമായി. ചില ഖിലാഫത്ത് നേതാക്കള്‍ മലബാര്‍ മുസ്ലിങ്ങള്‍ മതത്തിനായി നടത്തിയ ധീരപോരാട്ടം എന്ന നിലയില്‍ ഇതിനെ അഭിനന്ദിച്ചപ്പോഴും ഗാന്ധി ഈ വിഷയത്തെ വളരെ ലാഘവത്തോടെ കാണാനാണ് ശ്രമിച്ചത്. അദ്ദേഹം അവരെ ദൈവഭയമുള്ള വീരന്മാരായിട്ടാണ് കണ്ടത്. അവര്‍ അവരുടെ മതത്തിനായി പോരാടി, മതപരമായി പോരാടി എന്നാണദ്ദേഹം പറഞ്ഞത്. ലഹളയിലെ കുറ്റങ്ങള്‍ കണ്ടെത്താന്‍ നില്‍ക്കാതെ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കാനുള്ള ശക്തി ഹിന്ദുവിനുണ്ട് എന്നു വിശ്വസിക്കയാണ് വേണ്ടതെന്ന് ഗാന്ധി പറഞ്ഞു. മാപ്പിളമാരുടെ ഭ്രാന്ത് മുസ്ലിം സൗഹൃദം ഉപേക്ഷിക്കാന്‍ കാരണമാകരുത് എന്നദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. നിര്‍ബ്ബന്ധിത മതംമാറ്റവും കൊള്ളയും നടത്തിയതില്‍ നാണക്കേടും അപമാനവും മുസല്‍മാന് സ്വാഭാവികമായി വന്നുചേരും എന്നും അദ്ദേഹം വിലയിരുത്തി. ഏറ്റവും മതഭ്രാന്തനായ ഒരു മുസല്‍മാന്‍ പോലും ഇങ്ങിനെചെയ്യാന്‍ പാടില്ലെന്ന് ബോധ്യപ്പെടും  എന്ന് ഗാന്ധി വിശ്വസിച്ചു.മാപ്പിളമാരുടെ ഭ്രാന്തിനെ ഹിന്ദു ഒന്നാകെ സമചിത്തതയോടെ കാണണമെന്നും ഗാന്ധി ആഹ്വാനം ചെയ്തു. പ്രവാചകന്‍റെ വചനങ്ങളെ തെറ്റായി പ്രയോഗിച്ച മാപ്പിളമാരെകുറിച്ച് വിദ്യാഭ്യാസമുള്ള മുസ്ലിങ്ങള്‍ ക്ഷമ ചോദിക്കും എന്നു കരുതുന്നതായും ഗാന്ധി എഴുതി.

 

 കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും വിഷയത്തെ പരമാവധി ലഘൂകരിച്ചു. മാപ്പിളമാരുടെ ആക്രമണത്തിലുള്ള അഗാധദു:ഖം രേഖപ്പെടുത്തി പ്രമേയം പാസ്സാക്കി. മാപ്പിളമാര്‍ കോണ്‍ഗ്രസിന്‍റെയും കേന്ദ്ര ഖിലാഫത്ത് സമിതിയുടെയും സന്ദേശം ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. എത്രമോശമായ സാഹചര്യത്തിലും അക്രമരാഹിത്യമാകണം നമ്മുടെ ലക്ഷ്യം. മാപ്പിളമാരുടെ ആക്രമണത്തെ അപലപിക്കുന്നതോടൊപ്പം ഈ പേരില്‍ സര്‍ക്കാര്‍ നടത്തിയ അതിക്രമങ്ങളേയും പാര്‍ട്ടി എതിര്‍ക്കുന്നു എന്നും പ്രമേയം രേഖപ്പെടുത്തി. ആയിരക്കണക്കായി നടന്ന മതപരിവര്‍ത്തനത്തെയാണ് ഇതിലൂടെ കോണ്‍ഗ്രസ് ലാഘവമാക്കിയതെന്ന് അംബദ്ക്കര്‍ പറയുന്നു. മഞ്ചേരി ഭാഗത്ത് ഖിലാഫത്തിലും നിസഹകരണപ്രസ്ഥാനത്തിലും പെടാത്ത ഒരു ഗ്രൂപ്പ് മൂന്ന് കുടുംബങ്ങളെ മതംമാറ്റി എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.

 

    തൊട്ടുകൂടായ്മ ഹിന്ദു സമൂഹത്തിന്‍റെ മാത്രം വിഷയമാണെന്നും അതില്‍ അഹിന്ദുക്കള്‍ ഇടപെടേണ്ടതില്ല എന്നും ഗാന്ധി പറഞ്ഞിരുന്നു. വൈക്കം സത്യാഗ്രഹത്തിലും ഗാന്ധി ഈ നിലപാട് ആവര്‍ത്തിച്ചിരുന്നു. 1926 സെപ്തംബര്‍ 30 ലെ ലിബറേറ്റര്‍ മാസികയില്‍ സ്വാമി ശ്രദ്ധാനന്ദ് എഴുതി, ഗാന്ധിജിയുടെ ഈ സമീപനത്തെ കോണ്‍ഗ്രസിലെ മുസ്ലിം-ക്രിസ്ത്യന്‍ നേതാക്കള്‍ എതിര്‍ത്തു. യാക്കൂബ് ഹസ്സന്‍ എന്ന നേതാവ് സ്വാമിയുടെ സാന്നിധ്യത്തില്‍ ഒരു യോഗത്തില്‍, ഇന്ത്യയിലെ മുഴുവന്‍ തൊട്ടുകൂടാത്തവരെയും മതപരിവര്‍ത്തനം ചെയ്യാന്‍ മുസ്ലിങ്ങളെ ആഹ്വാനം ചെയ്തതായും ലേഖനം പറയുന്നു. ഗാന്ധിജി അത്തരം പ്രസംഗങ്ങളില്‍ പ്രതിഷേധിച്ചില്ല. 1926 ജൂലൈയില്‍ സ്വാമി എഴുതി, ഞാനും ഗാന്ധിയും ഒരിക്കല്‍ നാഗപ്പൂരിലെ ഖിലാഫത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അവിടെ മൗലാനകള്‍ ഖുറാന്‍ വാക്യങ്ങള്‍ ചൊല്ലി. അതില്‍ ജിഹാദിനെ കുറിച്ചും കാഫിറുകളെ കൊല്ലുന്നതിനെകുറിച്ചും ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. ഞാന്‍ ഇത് ഗാന്ധിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു, അവര്‍ സൂചിപ്പിക്കുന്നത് ബ്രിട്ടീഷ് ഉദ്യോഗസ്ഥമേധാവിത്തത്തെയാണ്. ഞാന്‍ പറഞ്ഞു,ഇത് അക്രമരാഹിത്യത്തിന് എതിരാണ്. ഈ ചിന്ത ഹിന്ദുക്കള്‍ക്കെതിരെയും വന്നുകൂടെ. അതിന് ഗാന്ധി മറുപടി നല്‍കിയില്ല. 1926 ആഗസ്റ്റ് 26 ലെ ലേഖനത്തില്‍ സ്വാമി തുടരുന്നു, ഖിലാഫത്ത് സമിതി സബ്ജക്ട് കമ്മറ്റിയില്‍ മലബാര്‍ മാപ്പിളമാരുടെ അതിക്രമം ചര്‍ച്ച ചെയ്തപ്പോള്‍ മാപ്പിളമാരെ മൊത്തമായി കുറ്റപ്പെടുത്തുന്നതായിരുന്നു യഥാര്‍ത്ഥ പ്രമേയം. മൗലാനാ ഫക്കീറും മറ്റും അതിനെ എതിര്‍ത്തു. ദേശീയ നേതാക്കളായ മൗലാനാ നസ്രത്ത് മെഹാനിയും മറ്റും എതിര്‍ത്തത് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി. മാപ്പിളമാര്‍ മതഗ്രന്ഥമായ ഖുറാനോ, മറ്റു ചിലപ്പോള്‍ ആയുധമോ കാട്ടിയപ്പോള്‍ ഹിന്ദുക്കള്‍ മതംമാറിയത് സ്വന്തം ഇഷ്ടപ്രകാരമാണ് എന്നവര്‍ പറഞ്ഞു. തുടര്‍ന്ന് ഭൂരിപക്ഷ തീരുമാനപ്രകാരമാണ് പ്രമേയം അംഗീകരിച്ചത്. വിദേശവസ്ത്ര ബഹിഷ്‌ക്കരണത്തിലും മുസ്ലിംമൃദു സമീപനം ഗാന്ധിയില്‍ കാണാം എന്ന് സ്വാമി പറയുന്നു. ദാസും നെഹ്‌റുവും നേതൃത്വം നല്‍കി ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശവസ്ത്രങ്ങള്‍ കത്തിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് അവ തുര്‍ക്കിയിലെ സഹോദരന്മാര്‍ക്കയച്ചുകൊടുക്കാന്‍ ഗാന്ധി അനുമതി നല്‍കി.

 

      1921 ല്‍ ഹിന്ദു-മുസ്ലിം സഹകരണം ശക്തിപ്പെടുത്താനും ലഹളകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഗാന്ധി 21 ദിവസം നിരാഹാരം നടത്തി. എന്നാല്‍ അതൊന്നും കാര്യമായ ഗുണം ചെയ്തില്ല. 1921 ലും 1922 ലും  മുഹറം ആഘോഷം ബംഗാളിലും പഞ്ചാബിലും ലഹളയായി. മുള്‍ട്ടാനില്‍ വളരെ വലിയ പ്രശ്‌നമായി.ഒരുപാട് വസ്തുവകകള്‍ നശിപ്പിച്ചു. 1923-24 ല്‍ ഒരു ഇസ്ലാം വിരുദ്ധ കവിത പ്രസിദ്ധീകരിച്ചു എന്നതിന്‍റെ പേരില്‍ കൊഹട്ടില്‍ വലിയ കലാപം നടന്നു. 155 പേര്‍ മരിച്ചു, അനേകം പേര്‍ക്ക് പരുക്കുണ്ടായി. ഒന്‍പത് ലക്ഷത്തിന്‍റെ സ്വത്ത് നശിച്ചു, കൊള്ള നടന്നു. ഹിന്ദുക്കള്‍ അവിടെനിന്നും സ്ഥലം വിട്ടു. 1924-25 ല്‍ ഡല്‍ഹിയിലും നാഗപ്പൂരിലും ലാഹോറിലും ലഖ്‌നൗവിലും മൊറാദാബാദിലും ഭഗത്പൂരിലും ഗുല്‍ബര്‍ഗയിലും അലഹബാദിലും  ലഹള നടന്നു. 1925-26 ല്‍ കല്‍ക്കട്ട,സംയുക്ത പ്രോവിന്‍സ്,മധ്യ പ്രോവിന്‍സ് ,ബോംബെ എന്നിവിടങ്ങളിലും ലഹള നടന്നു. ചുരുക്കത്തില്‍ 1920-40  നിരന്തര ലഹളകളുടെ കാലമായിരുന്നു. ഭീകരമായ കൊലകളും കൊള്ളിവയ്പ്പും നടന്നു. ഗാന്ധി പരാജയപ്പെടുകയായിരുന്നു. യോഗങ്ങളിലും എഴുത്തിലും ഐക്യആഹ്വാനങ്ങള്‍ ഉണ്ടായെങ്കിലും ലക്ഷക്കണക്കായ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും നാവിലും ഹൃദയത്തിലും ഈ ഐക്യസന്ദേശം എത്തുന്നില്ലെന്ന്  ഹിന്ദുസ്ഥാന്‍ മുഖപ്രസംഗം എഴുതി. ഐക്യസങ്കല്‍പ്പം ഒരു മരീചികയായി മാറുകയായിരുന്നു. കാഴ്ചയില്‍ എന്നല്ല മനസില്‍ പോലും അതില്ലാത്ത അവസ്ഥ. ഗാന്ധിക്കുപോലും ഐക്യം അസാധ്യമാണെന്നു ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു. ബ്രിട്ടന്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം ആവശ്യങ്ങള്‍ക്ക് നല്‍കുന്ന പരിഗണന ഐക്യം കൊണ്ടുവരാന്‍ സഹായിക്കും എന്നു കരുതുന്നവരുണ്ട്. എന്നാല്‍ അതും ഒരു മരീചിക മാത്രമാണ് എന്ന് അംബദ്ക്കര്‍ വിലയിരുത്തുന്നു.

 

 ഫ്രാന്‍സും ഇംഗ്ലണ്ടും ഇറ്റലിയും ജര്‍മ്മനിയും കൂട്ടിച്ചേര്‍ക്കാം, കാരണം അവിടെ വര്‍ഗ്ഗം,ഭാഷ,മതം എന്നിവ തടസ്സമാകുന്നില്ല. എന്നാല്‍ ഹംഗറി,ആസ്ട്രിയ,ചെക്ക്,തുര്‍ക്കി എന്നിവയെ ഒത്തുചേര്‍ക്കുക അസാധ്യമാണ്. വര്‍ഗ്ഗവും ഭാഷയും മതവും അത്ര ശക്തമായി നിന്ന് അതിനെ വിഘടിപ്പിക്കും. ഇന്ത്യയുടെ സ്ഥിതിയും അതാണ്. അനുസരണയില്ലാത്ത പശുക്കളെ ഒറ്റക്കയറില്‍ കെട്ടി ഒരു തൊഴുത്തില്‍ ഇടുംപോലെയാകും ഇത്. പ്രാദേശിക വികാരം കൊണ്ടുനടക്കുന്ന ഹിന്ദുവും ഞാന്‍ മുസല്‍മാനാണ്, അതുകഴിഞ്ഞാല്‍ ഇന്ത്യനും എന്ന അന്തര്‍ദേശീയ വികാരം കൊണ്ടുനടക്കുന്ന മുസ്ലിമും മനസും ഹൃദയവും ചേര്‍ന്ന് ഐക്യപ്പെടുക അസാധ്യം. അതുകൊണ്ടുതന്നെ ഒരൊറ്റ ഇന്ത്യ എന്ന മരുപ്പച്ച നേതാക്കള്‍ ഉപേക്ഷിക്കുകയാണ് കരണീയം.(തുടരും) 🙏

 

 

 

Friday, 15 September 2023

Pakistan or partition of India -review -Part-9 - Hindu Mahasabha

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – ഭാഗം - 9

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

ഹിന്ദുമഹാസഭ

  1925 ല്‍ ലാല ഹര്‍ദയാല്‍ ലാഹോറില്‍ നിന്നിറങ്ങുന്ന പ്രതാപ് മാസികയില്‍ എഴുതി, “അഫ്ഗാനിസ്ഥാന്‍ കീഴടക്കി ഹിന്ദുരാഷ്ട്രത്തിന്‍റെ ഭാഗമാക്കുകയും പേര്‍ഷ്യന്‍,അറബ്,യൂറോപ്യന്‍ സംസ്‌ക്കാരങ്ങളുടെ ഭാഗമായ മുസ്ലിം, ക്രിസ്ത്യന്‍ സമൂഹത്തെ തുടച്ചുനീക്കുകയും ചെയ്താലെ ഹിന്ദുവിന് അവരുടെ തനിമയോടെ ജീവിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അഫ്ഗാന്‍ എന്നും നാദിര്‍ഷാമാരെയും ഷമന്‍ഷാമാരെയും സൃഷ്ടിച്ചുകൊണ്ടിരിക്കും. ഹിന്ദുമതത്തിലെ അനാചാരം വച്ചാണ് മൗലാന മുഹമ്മദലി ഇതിന് മറുപടി പറഞ്ഞത്. മുസ്ലിമിനെക്കുറിച്ച് ഏറ്റവും മോശമായി പറയാവുന്നത് ഇതാണ്. അവന്‍റെ അടുപ്പില്‍ രുചിയില്ലാത്ത ഭക്ഷണമാണ് ഉണ്ടാക്കുന്നത്. അത് രാജാവിന് കഴിക്കാന്‍ കഴിയുന്നതാണ് എന്നവകാശപ്പെടുകയും എല്ലാവരും ഒപ്പം കഴിക്കാന്‍ പറയുകയും ചെയ്യുന്നു. എന്നാല്‍ ഹിന്ദു അവന്‍റെ പാചകത്തെ പുകഴ്ത്തുകയും അവന്‍റെ അടുക്കളയുടെ സ്വകാര്യതയില്‍ പോയി മറ്റൊരു സഹോദരന്‍റെ നിഴല്‍ പോലും പറ്റാതെ അതെല്ലാം കഴിക്കുകയും ഒരു നുറുക്കുപോലും അവന് കൊടുക്കാതിരിക്കുകയും ചെയ്യുന്നു. ഇസ്ലാം മതത്തിലെ സമത്വവും ഹിന്ദുമതത്തിലെ ചാതുര്‍വര്‍ണ്ണ്യവുമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഹിന്ദു എന്ന ഏകവികാരം വെറും മിത്താണ് എന്നതാണ് വിവക്ഷ.

      ഇതൊരു സത്യമാണ് എന്ന് അംബദ്ക്കര്‍ പറയുന്നു. ഹിന്ദു ഒരു മിഷണറി മതമല്ല. എന്നാല്‍ ഒരിക്കല്‍ അത്തരത്തില്‍ ആയിരുന്നിരിക്കാം. അല്ലെങ്കില്‍ ഈ മതം ഇന്ത്യ ഭൂഖണ്ഡം മുഴുവനും വിദേശത്തേക്കും വ്യാപിക്കുകയില്ലായിരുന്നല്ലൊ. എന്നാല്‍ മതം ജാതി അടിസ്ഥാനത്തിലേക്ക് മാറിയതോടെ ഹിന്ദു സമൂഹം സ്വയംഭരണമുള്ള, സ്വയം നിര്‍മ്മിതമായ ജാതികളായി മാറുകയും അതിന്‍റെ മിഷനറി സ്വഭാവം നഷ്ടമാവുകയും ചെയ്തു. അതോടെ മതംമാറ്റം തന്നെ പൊരുത്തപ്പെടാത്ത ഒന്നായി മാറി. കാരണം ഒരുവനെ ഹിന്ദുമതത്തിലേക്ക് മതം മാറ്റിയാല്‍തന്നെ അവനെ ഏത് ജാതിയിലേക്ക് മാറ്റും എന്നതാണ് പ്രശ്‌നം. ജാതി ജന്മനാ ഉള്ളതായി മാറിയതോടെ മതം മാറ്റം ഒരിക്കലും നടക്കാത്തതായി. ജാതിക്കും രാഷ്ട്രീയത്തിനും ഉപരിയായി മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. അവന് മതം ആവശ്യമില്ല, പാര്‍ട്ടി ആവശ്യമില്ല, എന്നാല്‍ സമൂഹം വേണം. ഹിന്ദുവിനെ സംബ്ബന്ധിച്ചിടത്തോളം ജാതി ഇല്ലെങ്കില്‍ സമൂഹവുമില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ മതം മാറ്റപ്പെടുന്നവന് സമൂഹവും ഇല്ലാതാകും. എങ്ങിനെ മതം മാറ്റും എന്നത് വലിയ വിഷയമാണ്. അഫ്ഗാനില്‍ പോയിട്ട് ഖുറാന്‍ തെറ്റാണെന്ന് പറയാന്‍ കഴിയുമോ? അഫ്ഗാനില്‍ പ്രവാചകന്‍ എന്നു പേരുകേട്ട ക്വാദിയാനിലെ മിര്‍സ ഗുലാം അഹമ്മദിന്‍റെ ശിഷ്യന്‍ നിയമത്തുള്ളയെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. ഇസ്ലാമിനും ശരിയത്തിനും നിരക്കാത്ത ആശയങ്ങളും വിശ്വാസങ്ങളും പ്രചരിപ്പിച്ചു എന്നതായിരുന്നു തെറ്റ്. അതിനാല്‍തന്നെ മതപരിവര്‍ത്തനം അഫ്ഗാനില്‍ സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ കഴിയില്ല.

 ചാതുര്‍വര്‍ണ്ണ്യത്തില്‍ അധിസ്ഥിതമായ സമൂഹത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുക എളുപ്പമല്ല. അതിന് വലിയ പണച്ചിലവുമുണ്ട്. സമ്പത്ത് മുഴുവന്‍ ബനിയകളുടെ കൈയ്യിലാണ്. ജന്മികള്‍ പോലും കച്ചവടക്കാരായ ബനിയകളുടെ അത്ര സമ്പന്നരല്ല. ബനിയകള്‍ പണസമ്പാദനം മാത്രം ലക്ഷ്യമിട്ടു ജീവിക്കുന്ന സമൂഹമാണ്. സമ്പാദിക്കുക, അത് അടുത്ത തലമുറയ്ക്ക് കൈമാറുക , ഇത് മാത്രമെ അവര്‍ക്കറിയൂ. മതം, ഭൂമി, സംസ്‌ക്കാരം ഒന്നും അവരെ ബാധിക്കില്ല. നല്ല ജീവിതം പോലും അവര്‍ ആഗ്രഹിക്കുന്നില്ല. പണത്തിന് വേണ്ടി എന്ത് ക്രൂരകൃത്യവും അവര്‍ ചെയ്യും. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായി ഇപ്പോള്‍ അവര്‍ പണം ചിലവിടുന്നത് രാഷ്ട്രീയത്തിന് മാത്രമാണ്. അതും ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുണ്ടായ ഒരു ചിന്താപദ്ധതിയാണ്. ശരിക്കും രാഷ്ട്രീയ താത്പ്പര്യം കൊണ്ടല്ല അവര്‍ ഈ രംഗത്തേക്കിറങ്ങിയത് എന്നു വ്യക്തം. പൊതുതാത്പ്പര്യത്തിലൂടെ സ്വകാര്യനേട്ടമാണ് അവര്‍ ലക്ഷ്യമിടുന്നത്.

 

സവര്‍ക്കര്‍ നേതൃത്വം നല്‍കുന്ന ഹിന്ദുമഹാസഭ എന്തുവില കൊടുത്തും പാകിസ്ഥാന്‍ രൂപീകരണം എതിര്‍ക്കണം എന്ന നിലപാടിലാണ്. എന്നാല്‍ അതെങ്ങിനെ എന്നതിന് വ്യക്തതയില്ല. ശക്തി പ്രയോഗിച്ച് ഇത് നടപ്പാക്കാന്‍ കഴിയില്ല. നിര്‍ബ്ബന്ധിച്ചോ പ്രതിരോധിച്ചോ വഴിപ്പെടുത്തുക എന്നതും നിഷേധാത്മക മനോഭാവമാണ്. സവര്‍ക്കറുടെ ഹിന്ദുയിസം, ഹിന്ദുത്വം, ഹിന്ദുഡോം എന്നിവ നമ്മള്‍ വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. ഹിന്ദു എന്ന വാക്കില്‍ നിന്നാണ് മതത്തെ അനുഗമിക്കുന്നവര്‍ക്കുള്ള സംവിധാനത്തിന് ഹിന്ദുയിസം എന്നു വിളിപ്പേര്‍ വന്നത്. ഹിന്ദുത്വ എന്നതില്‍ ഹിന്ദുവിന്‍റെ സംസ്‌ക്കാരം,ഭാഷ, സാമൂഹിക-രാഷ്ട്രീയ ജീവിതം എന്നിവ ഉള്‍പ്പെടുന്നു. ഹിന്ദുഡോം എന്നാല്‍ ഹിന്ദുക്കളുടെ പൊതുധാര എന്നാണ് വിവക്ഷ. ഇസ്ലാം ലോകം എന്നപോലെ ഒരു ഹിന്ദുലോകമാണ് ഇതില്‍ ഭാവന ചെയ്യുന്നത്. ഹിന്ദുമഹാസഭ ക്രിസ്ത്യന്‍ മിഷനറി പോലെ അല്ല. ഇത് ദൈവീകത,ഏക ദൈവവിശ്വാസം,പ്രപഞ്ചത്തെ ദൈവമായി വിശ്വസിക്കുന്ന പാന്തീസം, നിരീശ്വരവാദം തുടങ്ങി എല്ലാ വിശ്വാസങ്ങളെയും ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ ഹിന്ദുധര്‍മ്മ മഹാസഭ ശരിക്കും ഹിന്ദു ദേശീയ മഹാസഭയാണ്. ഏതെങ്കിലും ഒരു മതത്തിനോടോ മതവിഭാഗത്തിനോടോ ചേര്‍ന്നല്ല സഭ നില്‍ക്കുന്നത്. ഹിന്ദുസ്ഥാനില്‍ രൂപീകൃതമായ മതങ്ങളെ സംരക്ഷിക്കുക, അഹിന്ദുക്കളുടെ ആക്രമണത്തെയും കടന്നുകയറ്റത്തെയും ചെറുക്കുക, ഹിന്ദു ദേശത്തിന്‍റെ സ്വാതന്ത്ര്യം,ശക്തി,കീര്‍ത്തി എന്നിവ സംരക്ഷിക്കുക, ഹിന്ദുഡോമിന്‍റെ സാമൂഹിക-സാമ്പത്തിക-സാംസ്‌ക്കാരിക രാഷ്ട്രീയമാനം നിലനിര്‍ത്തുക എന്നിവയാണ് സഭ ലക്ഷ്യമിടുന്നത്. എല്ലാത്തരത്തിലുമുള്ള സമ്പൂര്‍ണ്ണ രാഷ്ട്രീയ സ്വാതന്ത്ര്യമാണ് മഹാസഭ ലക്ഷ്യമിടുന്നത്. ബ്രിട്ടന്‍റെ കമ്മ്യൂണല്‍ അവാര്‍ഡ് ഹിന്ദുവിനും മുസ്ലിമിനും സ്വീകാര്യമായാല്‍ ഹിന്ദുസഭയുടെ പ്രസക്തി നഷ്ടമാകും. മുസ്ലിംലീഗിനോട് ഏറ്റുമുട്ടാനോ കോണ്‍ഗ്രസിന്‍റെ ഹിന്ദുവിരുദ്ധ നയങ്ങളെ എതിര്‍ക്കാനോ ഉണ്ടായതല്ല സഭ എന്നതും എടുത്തുപറയേണ്ടതാണ്. മഹാസഭ തനിയെ ഇല്ലാതാകും എന്നു കരുതുന്നതും തെറ്റാണ്. മാറിയ സാഹചര്യത്തില്‍ കപടദേശീയതയുമായി നടക്കുന്ന കോണ്‍ഗ്രസില്‍ നിന്നും നാടിനെ രക്ഷിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം.മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, വരുംകാലത്തും മതപരമായ കലാപങ്ങളും സേവനപരമായ തര്‍ക്കങ്ങളും നിയമനിര്‍മ്മാണ സഭയിലെ സീറ്റുകള്‍ സംബ്ബന്ധിച്ച തര്‍ക്കങ്ങളും ജനസംഖ്യയുടെ ആനുപാതിക വെയ്‌റ്റേജ് തര്‍ക്കങ്ങളും ആഭ്യന്തരപ്രശ്‌നങ്ങളും ഉണ്ടായേക്കാം. അത് ഇനിയും ഒരുനൂറ്റാണ്ടോളം നീണ്ടേക്കാം. ഇതിനെ അതിജീവിക്കാന്‍ ജോയിന്‍റ് പാര്‍ലമെന്‍റിനേക്കാളും ഹിന്ദു ആശ്രയിക്കേണ്ടിവരുക ഹിന്ദുമഹാസഭയെ ആകാം.

    ഹിന്ദുമഹാസഭയെ സംബ്ബന്ധിച്ചിടത്തോളം സ്വരാജ് എന്നാല്‍ ഹിന്ദുവിന്‍റെ മേല്‍ക്കോയ്മ എന്നാണ് അര്‍ത്ഥമാകുന്നത്. ടിപ്പുവും ഔറംഗസേബും ജന്മംകൊണ്ട് ഇന്ത്യക്കാര്‍ ആണെങ്കിലും മതംമാറ്റപ്പെട്ട ഹിന്ദു അമ്മമാരുടെ മക്കളാണെങ്കിലും ഹിന്ദുക്കളെ ഏറെ ഉപദ്രവിച്ചവരാണ് എന്ന് സഭ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ ഹിന്ദുഡോമിന്‍റെ ശത്രുക്കളുമാണ്. മുസ്ലിം മേല്‍ക്കോയ്മയോട് പോരാടി യഥാര്‍ത്ഥ ഹിന്ദുസ്വരാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ച ശിവജിയും ഗോബിന്ദ് സിംഗും പേഷ്വമാരുമാണ് ഹിന്ദുഡോമിന്‍റെ വക്താക്കള്‍.നാടിന് ഹിന്ദുസ്ഥാന്‍ എന്ന പേര് നല്‍കണം എന്നാണ് സവര്‍ക്കര്‍ ആഗ്രഹിക്കുന്നത്. ഇന്ത്യ,ഹിദ് എന്നീ വാക്കുകള്‍ സിന്ധുവില്‍ നിന്നും ഉരുവം കൊണ്ടതിനാല്‍ അതിനോട് എതിര്‍പ്പില്ലെങ്കിലും അതും ഹിന്ദുവിന്‍റെ നാട് എന്ന നിലയിലാകണം സ്വീകരിക്കപ്പെടേണ്ടത്. ആര്യാവര്‍ത്ത, ഭാരതഭൂമി എന്നതൊക്കെ പുരാതനവും മികച്ചതുമായ വിശേഷണങ്ങളാണ്. സാംസ്‌ക്കാരികമായി മികച്ച സമൂഹമാണ് എന്നതിലും ഹിന്ദു അഭിമാനിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഹിന്ദുസഭ ഹിന്ദുസ്ഥാന്‍ എന്ന് രാജ്യത്തെ നാമകരണം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. പാര്‍സികളും ക്രിസ്ത്യാനികളും ഹിന്ദുക്കള്‍ക്കൊപ്പമാണ്. എന്നാല്‍ ഇന്ത്യന്‍ മുസ്ലിം എലിപ്പുനത്തെ മഹാമേരുവായി കാണുകയാണ്. അതാണ് അവരുടെ പ്രശ്‌നം. സത്യത്തില്‍ ചൈനയിലെ മുസ്ലിം ചൈനീസ് മുസല്‍മാനാണ്. ഗ്രീസിലേത് ഗ്രീസ് മുസ്ലിമും. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഇവിടെ ജീവിക്കുന്ന മുസ്ലിമിനെ ഹിന്ദുസ്ഥാന്‍ മുസല്‍മാന്‍ എന്നു വിളിക്കാം. അവര്‍ക്ക് ഈ നാട്ടില്‍ ജീവിക്കാം. ജര്‍മ്മന്‍കാരുടെ ജര്‍മ്മനി,തുര്‍ക്കികളുടെ തുര്‍ക്കിസ്ഥാന്‍,ഇംഗ്ലീഷുകാരുടെ ഇംഗ്ലണ്ട് എന്നപോലെ ഇപ്പോള്‍ നമ്മള്‍ കാണുന്ന ബ്രിട്ടീഷ് ഇന്ത്യ ഹിന്ദുക്കളുടെ ഹിന്ദുസ്ഥാനായി മാറും. അവിടെ പാര്‍സികളെയും ക്രൃസ്ത്യാനികളെയും പോലെ മുസല്‍മാനും ജീവിക്കാം. ഇതാണ് ഹിന്ദുമഹാസഭയുടെ നിലപാട്.

 

 ഭാഷ സംബ്ബന്ധിച്ചും മഹാസഭ ചില ധാരണകള്‍ വച്ചു പുലര്‍ത്തിയിരുന്നു. സംസ്‌കൃതം ഹിന്ദുസ്ഥാന്‍റെ ദേവഭാഷയും ഹിന്ദി രാഷ്ട്രഭാഷയുമാകണം എന്നതായിരുന്നു നിലപാട്. വേദങ്ങളും ചരിത്രവും തത്വശാസ്ത്രവും സംസ്‌ക്കാരവും ദേവഭാഷയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ഹിന്ദുവംശത്തിന്‍റെ തലച്ചോറാണ്. ഹിന്ദു യുവാക്കള്‍ അത് പഠിക്കണം. പൊതുഭാഷ ഹിന്ദിയാകണം. ഒപ്പം മറ്റു പ്രാദേശിക ഭാഷകളും അതാതിടങ്ങളില്‍ വളരണം. പല പ്രാദേശിക ഭാഷകളും വളരെ പുരോഗമിക്കുകയും സാഹിത്യപരമായി സമ്പന്നമാകുകയും ചെയ്തിട്ടുണ്ടെങ്കിലും ഹിന്ദിക്ക് ദേശീയതലത്തില്‍ പാന്‍-ഹിന്ദു ഭാഷയാകാന്‍ കഴിയും. മുസ്ലിം- യൂറോപ്യന്‍ അധിനിവേശത്തിന് മുന്‍പുതന്നെ ഹിന്ദി ഹിന്ദുസ്ഥാനില്‍ വേരോടിയിരുന്നു. ഹിന്ദു തീര്‍ത്ഥാടകരും കച്ചവടക്കാരും വിനോദസഞ്ചാരികളും പട്ടാളക്കാരും പണ്ഡിറ്റുകളും ബംഗാളില്‍ നിന്നും സിന്ധിലേക്കും കാശ്മീരില്‍ നിന്നും രാമേശ്വരത്തേക്കും ഈ ഭാഷയുടെ ബലത്തില്‍ യാത്ര ചെയ്തിരുന്നു എന്നതും സ്മരണീയമാണ്. മഹര്‍ഷി ദയാനന്ദ് സരസ്വതി എഴുതിയ സത്യാര്‍ത്ഥ പ്രകാശില്‍ കാണുംവിധമുള്ള സംസ്‌കൃതത്തില്‍ ഉറച്ച ഹിന്ദിതന്നെ ഉപയോഗിക്കണം. ഒറ്റ വിദേശവാക്കും അതില്‍ കടന്നുകൂടാന്‍ പാടില്ല. ഇപ്പോഴുള്ള ഹൈബ്രിഡ് ഹിന്ദി വാര്‍ധാ പദ്ധതിയാണ് .അത് അടിച്ചമര്‍ത്തപ്പെടേണ്ട ഭാഷാപരമായ രാക്ഷസത്വമാണ്. ഹിന്ദിയില്‍ നിന്നും മാത്രമല്ല, എല്ലാ ഇന്ത്യന്‍ ഭാഷകളില്‍ നിന്നും അറബി-ഇംഗ്ലീഷ് വാക്കുകള്‍ നീക്കം ചെയ്യണം. സംസ്‌കൃത അക്ഷരങ്ങളാണ് ലോകത്തിലെ ഏറ്റവും കൃത്യതയുള്ള സ്വരസൂചകം എന്നും ഹിന്ദുസഭ അവകാശപ്പെടുന്നു. നമ്മുടെ മിക്കവാറും എല്ലാ ഭാഷകളും ആ രീതിയാണ് പിന്‍തുടരുന്നത്. ശാസ്ത്രലിപി എന്ന നിലയില്‍ 2000 വര്‍ഷം പഴക്കമുണ്ട് സംസ്‌കൃതത്തിന്. നാഗരി ലിപിക്കും ഇതേ പഴക്കമുണ്ട്. ബംഗാളിയോ ഗുജറാത്തിയോ നാഗരിലിപിയില്‍ എഴുതിയാല്‍ മറ്റുള്ളവര്‍ക്കും ആ ഭാഷ മനസിലാക്കാനും പഠിക്കാനും കഴിയും. ഒറ്റയടിക്ക് ഹിന്ദുസ്ഥാന്‍ മുഴുവന്‍ ഹിന്ദി കൊണ്ടുവരുക എന്നത് പ്രായോഗികവും ബുദ്ധിപരവുമല്ല. എന്നാല്‍ നാഗരി ലിപി കൊണ്ടുവരുക പ്രായോഗികമാണ് താനും. നാഗരിക്കൊപ്പം പ്രാദേശിക ഭാഷകളും വികസിക്കണം. എല്ലാ സ്‌കൂളുകളിലും ഹിന്ദിക്കൊപ്പം നാഗരിയും പഠിപ്പിക്കണം എന്ന് ഹിന്ദുമഹാസഭ ആഗ്രഹിച്ചിരുന്നു.

 

 ഹിന്ദുസ്ഥാനിലെ മുസ്ലിം എങ്ങിനെയാകണം എന്നതിനും ഹിന്ദുമഹാസഭ തീരുമാനങ്ങള്‍ എടുത്തിരുന്നു. ഒരാള്‍ക്ക് ഒരു വോട്ട്, ഒരേ മൗലികാവകാശം എന്നതായിരുന്നു അത്. അവിടെ ന്യൂനപക്ഷത്തിന് പ്രത്യേക അവകാശം എന്നത് അപക്വമാണ്. ന്യൂനപക്ഷത്തിന്‍റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കും. ഇതില്‍ മതപരവും സാംസ്‌ക്കാരികവും ഭാഷാപരവുമായ അവകാശങ്ങള്‍ ഉള്‍പ്പെടും. അവര്‍ക്ക് പ്രത്യേക സ്‌കൂളുകള്‍ ആവാം, അവരുടെ ഭാഷയില്‍ പഠിപ്പിക്കാം,മത-സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ നിലനിര്‍ത്താം,ഇതിനെല്ലാം സര്‍ക്കാര്‍ സഹായവും ലഭിക്കും. പക്ഷെ ന്യൂനപക്ഷം സര്‍ക്കാരിലെത്തിക്കുന്ന ധനത്തെ അടിസ്ഥാനമാക്കിയാവും ഈ സഹായമെന്നു മാത്രം. ഈ നയം ഭൂരിപക്ഷ സമുദായത്തിനും ബാധകമായിരിക്കും. പ്രത്യേക വോട്ടര്‍പട്ടിക വേണമെന്നുണ്ടെങ്കില്‍  ഭരണപരമായ പ്രാതിനിധ്യം ജനസംഖ്യാനുപാതികമാകും. ഇത് ഭൂരിപക്ഷത്തിന് ദോഷകരമാകാത്തവിധമാകും നടപ്പിലാക്കുക. ജനസംഖ്യാനുപാതികമായി മുസ്ലിമിന് തുല്യ സംരക്ഷണവും പൗരാവകാശവും ഉറപ്പാക്കും. അവരുടെ നീതിപൂര്‍ണ്ണമായ അവകാശങ്ങളില്‍ ഇടപെടില്ല. എന്നാല്‍ ഭൂരിപക്ഷത്തിന് ജനാധിപത്യപരമായ ഒരവകാശവും നഷ്ടപ്പെടാതെയും  ശ്രദ്ധിക്കും. സ്വതന്ത്ര ഹിന്ദുസ്ഥാന്‍ എന്നാല്‍ എഡ്വേഡിനെ മാറ്റി ഔറംഗസേബിനെ കൊണ്ടുവരുകയല്ല എന്ന് ഹിന്ദുസഭ എടുത്തുപറയുന്നു. ഇന്ത്യന്‍ മുസ്ലിം ഈ മണ്ണില്‍ ജനിച്ചു എന്നതുകൊണ്ടുമാത്രം അധികാരി ആകുന്നില്ല. ഹിന്ദുവിന് സ്വന്തം നാട്ടില്‍ നാടിന്‍റെ അധികാരിയാകാന്‍ കഴിയണം. അതിര്‍ത്തികളുടെ ഏകത്വത്തിനൊപ്പം  സാംസ്‌ക്കാരികവും ഭാഷാപരവും ചരിത്രപരവുമായ ഏകത്വവും വേണം. ഹിന്ദു എന്നത് ഒരുടമ്പടി ദേശമല്ല,മറിച്ച് ജൈവീകമായ ഒരവസ്ഥയാണ് എന്ന് ഹിന്ദുസഭ പറയുന്നു. ഇന്ത്യ ഹിന്ദുവിന്‍റെ പിതൃദേശവും പുണ്യഭൂമിയുമാണ്.

     ജിന്നയും സവര്‍ക്കറും ഒരു കാര്യത്തില്‍ സമാനചിന്താഗതിക്കാര്‍ ആയിരുന്നു. ഇന്ത്യ എന്നത് രണ്ട് രാഷ്ട്രമാണെന്നും മുസ്ലിം രാഷ്ട്രവും ഹിന്ദുരാഷ്ട്രവുമാണതെന്നും ജിന്ന വാദിച്ചു. സവര്‍ക്കര്‍ ഹിന്ദുമേല്‍ക്കോയ്മയും ഭരണഘടനയുമുള്ള ഒറ്റ രാഷ്ട്രമായി ഇന്ത്യയെ കണ്ടു. എന്നാല്‍ ആ ഇന്ത്യയില്‍ കീഴാളരായി സഹകരിച്ചുപോകാന്‍ മുസ്ലിം തയ്യാറാകണം എന്നതായിരുന്നു സമീപനം. അവിടെയും രണ്ട് ഇന്ത്യ ഉണ്ട്. ഒരാള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു സവര്‍ക്കറുടെ നയം. അവിടെ മുസ്ലിമിന് പ്രത്യേക പരിഗണന ഉണ്ടാവുകയില്ല. ഇവിടെ ഹിന്ദുമഹാസഭ പറയുന്നതിലും ലീഗ്  പറയുന്നതിലും കൃത്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നയം അവ്യക്തവും തന്ത്രപരവുമായിരുന്നു. ഇവിടെ പ്രസക്തമാകുന്ന ചോദ്യം ഇതാണ്. സവര്‍ക്കര്‍ ഹിന്ദുവിന് ദേശീയ ഭവനമെന്ന നിലയില്‍ ഇന്ത്യയെ കാണുമ്പോള്‍ എന്തുകൊണ്ട് അത്തരമൊരു പരിഗണന മുസ്ലിമിന് നല്‍കുന്നില്ല. പ്രധാന രാഷ്ട്രവും ചെറിയ രാഷ്ട്രവും തമ്മില്‍ ചേരുന്നത് രണ്ട് തരത്തിലാണ്. ചെറിയ രാഷ്ട്രത്തിന്‍റെ സംസ്‌ക്കാരവും ഭാഷയും മതവും നിഷേധിച്ച് അവരെ പ്രധാന രാഷ്ട്രത്തിന്‍റെ ഭാഗമാക്കുക എന്നതാണ് ഒരു രീതി. അതല്ലെങ്കില്‍ ചെറുരാഷ്ട്രത്തിനെ പൂര്‍ണ്ണ സ്വാതന്ത്യമുള്ള ഒരു ദേശമായി നിലനില്‍ക്കാന്‍ അനുവദിക്കുക എന്നതാണ്. സവര്‍ക്കറുടെ സമീപനം മയമില്ലാത്താണ്. ഇത് സ്വീകരിക്കൂ അല്ലെങ്കില്‍ പുറത്തുപോകൂ എന്നതാണ് ആ സമീപനം. ഹിന്ദുവിന് തനിച്ച് സ്വരാജ് നേടാം എന്നും അദ്ദേഹം കരുതുന്നു🙏

Thursday, 14 September 2023

Ambedkar's Pakistan or Partition of India - Review - Part-8 -Pakistan and Communal harmony

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – ഭാഗം - 8

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

പാകിസ്ഥാനും സാമുദായിക സൗഹാര്‍ദ്ദവും

 

 ബ്രിട്ടന്‍റെ കമ്മ്യൂണല്‍ അവാര്‍ഡ് പ്രകാരം ഹിന്ദുവിനും മുസ്ലിമിനും പ്രത്യേക ഇലക്ടറല്‍ റോളുകളാണ് നിശ്ചയിച്ചിരുന്നത്. ഇത് ലീഗിന്‍റെ ആവശ്യമായിരുന്നു. ഇത് അംഗീകരിച്ചതോടെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മുസ്ലിം ഭരണം ഉറപ്പാക്കാമെന്നും ന്യൂനപക്ഷ മേഖലയില്‍ കുറച്ചു സീറ്റുകള്‍ ലഭ്യമാകുമെന്നും അവര്‍ കണക്കുകൂട്ടി. ഹിന്ദുക്കളിലെ ജാതി ഭിന്നത ഈ അവസരത്തില്‍ ഗുണം ചെയ്യുമെന്നും കണക്കാക്കിയിരുന്നു. അതിരില്ലാത്ത രാഷ്ട്രീയ മേധാവിത്തം ഭരിക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യം നഷ്ടമാക്കുമെന്ന് അംബദ്ക്കര്‍ വിലയിരുത്തുന്നു. അത് വളരെ അപകടകരവുമാണ്. അവരുടെ ശരി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. അത് സാമുദായിക നേതൃത്വം കൂടിയാകുമ്പോള്‍ അപകടത്തിന്‍റെ ആഴം കൂടും. ഹിന്ദു ഭൂരിപക്ഷ പ്രോവിന്‍സും മുസ്ലിം ഭൂരിപക്ഷ പ്രോവിന്‍സും വരുന്നതോടെ ഈ ഭൂരിപക്ഷ പ്രദേശത്തെ ന്യൂനപക്ഷങ്ങള്‍ തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ വാങ്ങേണ്ടിവരും. ഹിന്ദു ഭൂരിപക്ഷ പ്രദേശത്തെ മുസ്ലിം ന്യൂപക്ഷത്തിന് എന്തെങ്കിലും വിഷമത ഉണ്ടായാല്‍ അതിന് പ്രതികാരം ചെയ്യുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ഹിന്ദുക്കളോടാവും. ചുരുക്കത്തില്‍ മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രോവിന്‍സുകളും വോട്ടര്‍ പട്ടികയും വലിയ അപകടമാകും സമൂഹത്തില്‍ ഉണ്ടാക്കുക. ഏറ്റവും മികച്ച തീരുമാനം രണ്ടു സമുദായങ്ങളും മുഖാമുഖം കാണാത്ത ഒരു സംവിധാനമാകും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് പാകിസ്ഥാന്‍ രൂപീകരിക്കുമ്പോള്‍ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മോചനം ലഭിക്കുകയാണ്. പക്ഷെ അവിടത്തെ ന്യൂനപക്ഷം കടുത്ത ദുരിതത്തിലാകും. തുര്‍ക്കിയിലെ അര്‍മീനിയക്കാരുടെയും സാറിസ്റ്റ് റഷ്യയിലെയും നാസി ജര്‍മ്മനിയിലേയും ജൂതന്മാരുടെയും അവസ്ഥയിലേക്ക് ഇവര്‍ മാറും. അതുകൊണ്ട് ഹിന്ദുക്കള്‍ ഇത് അംഗീകരിക്കില്ല. അതുകൊണ്ടുതന്നെ വംശീയ രാഷ്ട്രം രൂപപ്പെടേണ്ടത് അനിവാര്യമാണ്.

 

 പഞ്ചാബില്‍ മുസ്ലിം ഭൂരിപക്ഷ ജില്ലകളും ഹിന്ദു ഭൂരിപക്ഷ ജില്ലകളുമുണ്ട്. ഇവയെ വേര്‍തിരിച്ച് അതിര്‍ത്തിയുണ്ടാക്കണം. ബംഗാളിലും ആസാമിലും ഇത് വേണ്ടിവരും. സിന്ധിലും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും ഹിന്ദുക്കള്‍ വളരെ കുറവാണ്. ഇവിടെ നിന്നും ഹിന്ദുക്കളെ മാറ്റിപാര്‍പ്പിക്കണം. മാറ്റിപാര്‍പ്പിക്കലിനെ കളിയാക്കുന്നവരുണ്ട്. ഇവരെ മാറ്റിപാര്‍പ്പിച്ചില്ലെങ്കില്‍ അവര്‍ അനുഭവിക്കേണ്ടിവരാവുന്ന ദുരിതങ്ങളെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല എന്നത് സങ്കടകരമാണ്. ടര്‍ക്കിയും ഗ്രീസും ബള്‍ഗേറിയും ഇതിന് മികച്ച ഉദാഹരണങ്ങളാണ്. രണ്ടു കോടി ജനങ്ങളെയാണ് അവിടെ വിജയകരമായി മാറ്റിപാര്‍പ്പിച്ചത്. അതോടെ സമുദായിക സമാധാനം സാധിതമായി. അവര്‍ക്കത് സാധിച്ചുവെങ്കില്‍ ഇന്ത്യയ്ക്കും കഴിയണം. പാകിസ്ഥാന്‍ രൂപീകരിച്ചു കഴിഞ്ഞാല്‍ ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങളുടെ സ്ഥിതി എന്താകും?  പാകിസ്ഥാന്‍ രൂപീകരണത്തിന് മുന്നില്‍ നില്‍ക്കുന്ന റഹ്‌മത്ത് അലി ഇങ്ങിനെ പറയുന്നു, രണ്ടരകോടി മുസ്ലിങ്ങളാണ് ഹിന്ദുസ്ഥാനില്‍ ഉണ്ടാവുക. അവരുടെ സ്ഥിതിയില്‍ അതീവവേദനയുണ്ട്. അവര്‍ നമ്മുടെ മാംസവും ആത്മാവുമാണ്. അവരെ മറക്കാന്‍ കഴിയില്ല, അവര്‍ക്ക് നമ്മളെയും. അവരുടെ ഇപ്പോഴത്തെയും ഭാവിയിലെയും സുരക്ഷ വലിയ പ്രാധാന്യമുള്ള വിഷയമാണ്. ഇപ്പോഴത്തെ രീതിയില്‍ പാകിസ്ഥാന്‍ രൂപീകരണം അവരുടെ നിലയെ ബാധിക്കില്ല.രണ്ടരക്കോടി വരുന്ന വലിയൊരു ജനസഞ്ചയം എന്ന നിലയിലുള്ള ഇപ്പോഴത്തെ സ്ഥാനം അവര്‍ക്ക് ലഭ്യമാകുന്ന അധികാരവും സൗകര്യങ്ങളും തുടര്‍ന്നും ലഭിക്കാന്‍ ഉതകും. ഭാവിയില്‍ നമുക്ക് നല്‍കാന്‍ കഴിയുന്ന വാഗ്ദാനം തുല്യതയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷത്തിന് ഹിന്ദുസ്ഥാനിലെ ന്യൂനപക്ഷത്തിന്‍റെ തുല്യതയാകും ലഭിക്കുക. ഹിന്ദുസ്ഥാനിലെ ന്യൂനപക്ഷ മുസ്ലിമിനെ സംരക്ഷിച്ചാല്‍ പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുവിനെയും  സംരക്ഷിക്കും. പാകിസ്ഥാനെ വിശാലമായ കാഴ്ചപ്പാടോടെ ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങള്‍ കാണണം. ഇത് മതത്തിന്‍റെ വലിയൊരു താത്പ്പര്യ സംരക്ഷണമാണ്. നമുക്ക് പാകിസ്ഥാന്‍ എന്നത് ദേശീയ ആസ്ഥാനമാണ്. ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാനെ ധാര്‍മ്മികതയുടെ നങ്കൂരമായി കണക്കാക്കാം. ഈ നങ്കൂരമുള്ളിടത്തോളം അവര്‍ സുരക്ഷിതരായിരിക്കും. അത് പോയാല്‍ എല്ലാം പോയി.      ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങള്‍ക്കും ശുഭപ്രതീക്ഷയാണ്. പാകിസ്ഥാന്‍ രൂപീകരിക്കുന്നത് അവരെ ക്ഷീണിപ്പിക്കുകയല്ല, മറിച്ച് കിഴക്കും പടിഞ്ഞാറും രണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ വരുന്നതോടെ തങ്ങള്‍ കൂടുതല്‍ സുരക്ഷിതരാവുകയാണ് എന്നു വേണം ധരിക്കാന്‍.

 

  യഥാര്‍ത്ഥത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഹിന്ദുവാണ് ബുദ്ധിമുട്ടിലാകുന്നത്. പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ ഹിന്ദുസ്ഥാനിലെ മതപരമായ അഭിപ്രായ വ്യത്യാസം അവസാനിക്കുന്നില്ല. പാകിസ്ഥാന്‍ ഏകമതസ്ഥരുടെ നാടായി മാറുമ്പോള്‍ ഹിന്ദുസ്ഥാന്‍ ബഹുമതരാഷ്ട്രമായിത്തന്നെ തുടരും. ഇവിടെ മുസ്ലിങ്ങള്‍ ചിതറികിടക്കുകയാണ്, പ്രത്യേകിച്ചും നഗരകേന്ദ്രീകൃതമായി. ഇവിടെ അതിര്‍ത്തികള്‍ വരച്ച് ഏകമത രാഷ്ട്രം നിര്‍മ്മിക്കാന്‍ കഴിയില്ല. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പരസ്പ്പരം കൈമാറുക എന്നതേ അഭിലഷണീയമാകൂ. അത് നടക്കുംവരെ ഹിന്ദുസ്ഥാനില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സംഘട്ടനം തുടരും. ഹിന്ദുസ്ഥാന്‍റെ രാഷ്ട്രീയം എന്നും പൊരുത്തക്കേടിന്‍റേതായിരിക്കുകയും ചെയ്യും. ഇതുകൊണ്ട് പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തെ തള്ളിക്കളയാന്‍ കഴിയുമോ? പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ 4,78,97,301 മുസ്ലിങ്ങള്‍ പ്രത്യേക രാജ്യത്തിലാകും. ബാക്കിയുണ്ടാവുക 1,85,45,465 പേര്‍ മാത്രം. അപ്പോള്‍ പാകിസ്ഥാന്‍ രൂപീകരിച്ചില്ലെങ്കില്‍ ആറര കോടി മുസ്ലിങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകും നേരിടേണ്ടി വരുക. അതിപ്പോള്‍ രണ്ട് കോടിയായി ചുരുങ്ങും.പാകിസ്ഥാന്‍ രൂപീകരണം ഹിന്ദുസ്ഥാനിലെ മതപ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ പോലും പ്രശ്നങ്ങളെ കുറച്ചുകൊണ്ടുവരാനും സമാധാനാന്തരീക്ഷം വളര്‍ത്താനും ഉപകരിക്കും എന്നതായിരുന്നു അംബദ്ക്കറുടെ കാഴ്ചപ്പാട്.

 

 1935 ലെ ഗവണ്മെന്‍റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള സെന്‍ട്രല്‍ ലെജിസ്ലേച്ചറില്‍ വരുന്ന മാറ്റവും ശ്രദ്ധേയമാണ്. 33 ശതമാനം മുസ്ലിം സീറ്റാണ് രണ്ട് ചേംബറിലും പറയുന്നത്. ഇത് ഹിന്ദുസീറ്റുമായുള്ള റേഷ്യോയില്‍ കൗണ്‍സിലില്‍ 66 ശതമാനവും അസംബ്ലിയില്‍ 80 ശതമാനവും ആകും. അതായത് ഒരു തുല്യത നിലനില്‍ക്കും. എന്നാല്‍ പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ മൊത്തം സീറ്റിന്‍റെ റേഷ്യോ കൗണ്‍സിലില്‍  25 ശതമാനവും അസംബ്ലിയില്‍ 21 ശതമാനവുമാകും. ഇത് ഹിന്ദു സീറ്റുമായുള്ള കൗണ്‍സിലിലെ റേഷ്യോ 66 ശതമാനത്തില്‍ നിന്നും 33 ആയും അസംബ്ലിയിലേത് 80 ശതമാനത്തില്‍ നിന്നും 40 ശതമാനമായും കുറയ്ക്കും. അതായത് മുസ്ലിം വെയ്‌റ്റേജ് മാറ്റമില്ലാതെ തുടരും. ഈ വെയ്‌റ്റേജ് വേണ്ടെന്നു വയ്ക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ ഹിന്ദു പ്രാതിനിധ്യം വര്‍ദ്ധിക്കും. പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ ഹിന്ദുസ്ഥാനിലെ ഹിന്ദു വോട്ടറന്മാരിലുണ്ടാകുന്ന വര്‍ദ്ധന ഹിന്ദുക്കള്‍ക്ക് ഗുണം ചെയ്യും.

 

മന:ശാസ്ത്രപരമായി പരിശോധിച്ചാല്‍ പാകിസ്ഥാന്‍ രൂപീകരണത്തോടെ ഹിന്ദുസ്ഥാന്‍റെ വടക്കും കിഴക്കും പ്രദേശങ്ങളില്‍ സമാധാനം പുലരും. ദക്ഷിണ -മധ്യ പ്രദേശങ്ങളിലെ മുസ്ലിങ്ങള്‍ക്കും ഈ മാറ്റം പ്രചോദനകരമാകും. മുസ്ലിം ഭൂരിപക്ഷവുമായുള്ള ബന്ധം വേര്‍പെട്ട ന്യൂനപക്ഷ മുസ്ലിമിന്‍റെ വിലപേശല്‍ ശക്തി കുറയും. അതോടെ ഹിന്ദുസ്ഥാനിലെ മതപ്രശ്‌നം അവസാനിച്ചില്ലെങ്കിലും തുല്യശക്തിയായി നിന്നുള്ള പോരാട്ടത്തില്‍ നിന്നും നാടിന് രക്ഷപെടാന്‍ കഴിയും. ചുരുക്കത്തില്‍ പൂര്‍ണ്ണ സമാധാനം ഉണ്ടായില്ലെങ്കിലും ഇന്നത്തേതിനേക്കാള്‍ മെച്ചപ്പെട്ട ഒരു നില വന്നുചേരും. അതിര്‍ത്തി പുന:ക്രമീകരണത്തിന് മുസ്ലിം നേതാക്കള്‍ തയ്യാറാകും എന്നുതന്നെയാണ് അംബദ്ക്കര്‍ വിശ്വസിച്ചത്. കാരണം മുസ്ലിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം ഒരു നാഷണല്‍ ഹോം അല്ല നാഷണല്‍ സ്‌റ്റേറ്റ് ആണ്. ഇപ്പോള്‍ സ്വതന്ത്രമായ പ്രോവിന്‍സുകളില്‍ കേന്ദ്ര ഇടപെടലില്ലാതെ ഭരണം നടക്കുന്നുണ്ട്. അതാണല്ലൊ നാഷണല്‍ ഹോം എന്നത്. പാകിസ്ഥാന്‍ രൂപീകരിച്ചാലെ അത് നാഷണല്‍ സ്റ്റേറ്റായി മാറുകയുള്ളു. അതിനുള്ള വിട്ടുവീഴ്ചകള്‍ അവര്‍ ചെയ്യും. അപ്പോള്‍ രാഷ്ട്രീയ പരമാധികാരം ലഭിക്കും.അതോടെ അവിടെ താമസിക്കുന്ന ന്യൂനപക്ഷഹിന്ദുക്കളിലും മറ്റു മതസ്ഥരിലും ദേശീയത അടിച്ചേല്‍പ്പിക്കാന്‍ കഴിയും. അംഗീകൃതമായതും നിയമപരവുമായ ഒരിടമാണ് അതോടെ ലഭ്യമാകുന്നത്. അവിടെ ജീവിക്കുന്ന പൗരന്മാര്‍ക്കായി ഒരു പൊതു സംസ്‌ക്കാരം കൊണ്ടുവരാന്‍ കഴിയും. തുര്‍ക്കിയിലും ബള്‍ഗേറിയയിലും ഗ്രീക്കിലും ചെക്കിലും ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ അനുഭവം വച്ചുനോക്കുമ്പോള്‍ പാകിസ്ഥാന്‍ ഒരു ഏകരൂപമായ രാജ്യം ആകുന്നതാകും ഉചിതം. അവിടത്തെ ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും ഹിന്ദുസ്ഥാനിലേക്ക് ഒഴിപ്പിക്കാന്‍ കഴിയണം എന്നു മാത്രം.

 

 പഞ്ചാബും ബംഗാളും പൂര്‍ണ്ണമായി പാകിസ്ഥാനില്‍ വേണമെന്നവകാശപ്പെട്ടാല്‍ ഈ പദ്ധതി തകിടം മറിയും. ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കുമ്പോള്‍ അതില്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ വന്നാല്‍ അത് വീണ്ടും സാമുദായിക അനൈക്യത്തിന് കാരണമാകും. എന്നുമാത്രമല്ല, ഈ നീക്കം ഹിന്ദുക്കളെ ബന്ധികളാക്കി വയ്ക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണോ എന്നും സംശയിക്കും. ഇവിടെ ഉന്നത ജാതിക്കാരായ ഹിന്ദു നേതാക്കളുടെ സമീപനം മനസിലാക്കുന്നത് ഉപകാരമാകും. അവര്‍ നേതാക്കള്‍ എന്ന നിലയില്‍ പരാജയമാണെങ്കിലും അവരുടെ താത്പ്പര്യ സംരക്ഷണത്തില്‍ ശ്രദ്ധാലുക്കളാണ്. സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഒന്നും നല്‍കാതിരിക്കാനുള്ള പരമ്പരാഗതമായ ഒരു മനസ് ഇവര്‍ക്കുണ്ട്. വിദ്യാഭ്യാസത്തിന്‍റെയും സ്വത്തിന്‍റെയും കുത്തക ഇപ്പോഴും അവര്‍ക്കാണ്. അതുവച്ച് അവര്‍ രാജ്യത്തെ പിടിച്ചടക്കി. ആ അധികാരം സംരക്ഷിക്കുക എന്നതുമാത്രമാണ് അവരുടെ ജീവിത ലക്ഷ്യം. അതിന് കഴിയുംവിധം നിയമങ്ങളും വേദങ്ങളും എഴുതിവച്ച് താണജാതിയില്‍പെട്ടവരെ തെറ്റായ നിലയില്‍ ബോധവത്ക്കരിച്ച് നിര്‍ത്തുകയാണ് അവരുടെ രീതി. ഉയര്‍ന്ന ജാതിയില്‍പെട്ടവരെ സേവിക്കുക എന്നതാണ് മറ്റുള്ളവരുടെ ജീവിത ലക്ഷ്യം എന്നാണ് അവരെ പഠിപ്പിക്കുന്നത്. ഈ അടുത്തകാലത്താണ് അവര്‍ ചെറിയ തോതിലെങ്കിലും പ്രതിഷേധിക്കാനും പ്രതികരിക്കാനും തുടങ്ങിയത്. മദ്രാസിലും ബോംബെ പ്രോവിന്‍സിലും മധ്യപ്രോവിന്‍സിലുമൊക്കെ അബ്രാഹ്‌മണരുടെ പാര്‍ട്ടികള്‍ വന്നു തുടങ്ങി. എങ്കിലും മേല്‍ജാതി മേല്‍ക്കോയ്മ തുടരുന്നു. അധികാരവും പണവും പദവിയും താണജാതിക്കാര്‍ക്ക് നിഷേധിച്ച അതേരീതിയില്‍ മുസ്ലിങ്ങള്‍ക്കും പരമാവധി നിഷേധിച്ചുവന്നിരുന്നു.

 

 1915 ല്‍ സിന്ധിനെ ബോംബെയില്‍ നിന്നും വേര്‍തിരിക്കാന്‍ ആവശ്യപ്പെട്ട ഇക്കൂട്ടര്‍ 1929 ലെ ഇത്തരമൊരു നീക്കത്തെ എതിര്‍ത്തു. 1915 ല്‍ സിന്ധ് മുസ്ലിം പ്രോവിന്‍സ് ആയിരുന്നില്ല, എന്നാല്‍ 1929 ല്‍ മുസ്ലിം പ്രോവിന്‍സ് ആയി എന്നതാണ് എതിര്‍പ്പിന് കാരണം. മുസ്ലിം പ്രോവിന്‍സ് ആകുംമുന്നെ ഹിന്ദുവിന് ജോലിയില്‍ ലഭിച്ചുവന്ന മുന്‍ഗണന തുടര്‍ന്ന് ലഭിക്കില്ല എന്ന ബോദ്ധ്യം കൊണ്ടായിരുന്നു ഈ എതിര്‍പ്പ്. ബംഗാളിലെ ഉയര്‍ന്ന ജാതിക്കാരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു ബംഗാള്‍, ബീഹാര്‍, ഒറീസ്സ,ആസ്സാം എന്നിവ. അതിനാല്‍ ബംഗാള്‍ വിഭജനത്തെയും അവര്‍ എതിര്‍ത്തു. അവരുടെ കൈപ്പിടിയിലുള്ള സിവില്‍ സര്‍വ്വീസ് നഷ്ടമാകും എന്ന ഭീതിയായിരുന്നു അതിന് കാരണം. കിഴക്കന്‍ ബംഗാള്‍ വന്നാല്‍ അവിടത്തെ നിയമനങ്ങള്‍ മുസല്‍മാന് വിട്ടുകൊടുക്കേണ്ടിവരും എന്നവര്‍ മനസിലാക്കിയതിനാലാണ് ഈ എതിര്‍പ്പ്. എന്നാല്‍ സ്വരാജ് ആവശ്യപ്പെടുകയും വിഭജനത്തെ എതിര്‍ക്കുകയും ചെയ്യുക വഴി ബംഗാളിലുള്ള മുഴുവന്‍ അധികാരവുമാണ് നഷ്ടപ്പെടുക എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകുന്നില്ല. പാകിസ്ഥാന്‍ രൂപീകരണത്തെ എതിര്‍ക്കുന്ന ഉന്നതജാതിയില്‍ പെട്ട ഹിന്ദുക്കള്‍ അവരുടെ നിലവിലുള്ള അധികാരങ്ങള്‍ നഷ്ടപ്പെടുന്നതിനെയാണ് ഭയക്കുന്നത്. അതവരുടെ സ്വാര്‍ത്ഥതയുമാണ്. പഞ്ചാബിലെയും ബംഗാളിലെയും ഹിന്ദുക്കള്‍ക്ക് രണ്ട് ബദലുകളാണ് മുന്നിലുള്ളത്. പഞ്ചാബില്‍ 1,33,32,460 മുസ്ലിങ്ങളും 1,13,92,732 ഹിന്ദുക്കളുമാണുള്ളത്. ഇവര്‍ തമ്മിലുള്ള വ്യത്യാസം 19,39,728 മാത്രം. അതായത് എട്ടു ശതമാനം കൂടുതല്‍ മുസ്ലിങ്ങളാണ് ഉള്ളത്. ഒന്നുകില്‍ 54 ശതമാനം വരുന്ന മുസ്ലിം 46 ശതമാനം വരുന്ന ഹിന്ദുക്കളെ ഭരിക്കുന്നത് അനുവദിക്കുക, അല്ലെങ്കില്‍ പഞ്ചാബിനെ രണ്ടാക്കുക. അങ്ങിനെ ഹിന്ദുക്കളെ മുസ്ലിം ഭരണ ഭീകരതയില്‍ നിന്നും രക്ഷപെടുത്താം. ബംഗാളിലും ഇതുതന്നെയാണ് സ്ഥിതി. 2,74,97,624 ആണ് ബംഗാള്‍ മുസ്ലിങ്ങള്‍. ഹിന്ദുക്കള്‍ 2,15,70,407 പേരും. 12 ശതമാനം മുസ്ലിങ്ങള്‍ കൂടുതലാണ് അവിടെ. കിഴക്കന്‍ ബംഗാളും സില്‍ഹെറ്റും ചേര്‍ത്ത് മുസ്ലിം രാഷ്ട്രം നിര്‍മ്മിക്കാന്‍ അനുവദിക്കുകയോ 12 ശതമാനത്തിന്‍റെ ഭൂരിപക്ഷത്തില്‍ മുസ്ലിം ഭരണം അംഗീകരിക്കുകയോ ചെയ്യാനെ ഇവിടെയും കഴിയുകയുള്ളു.

 

 ബംഗാളിലും പഞ്ചാബിലും ജീവിക്കുന്ന ഹിന്ദുക്കള്‍ അവിടെ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന മേല്‍ജാതിക്കാരോട് പറയേണ്ടത് നിങ്ങളുടെ അധികാരം സംരക്ഷിക്കാനായി മണ്ടത്തരം കാട്ടരുത് എന്നാണ്. സമയം കടന്നുപോവുകയാണ്. ഹിന്ദു സമൂഹത്തിലെ താണജാതിക്കാരെ ഇനിയും പറ്റിക്കാം, പക്ഷെ മുസ്ലിം ഭൂരിപക്ഷത്തെ ഇനി പറ്റിക്കാന്‍ കഴിയില്ല. എല്ലാ മനുഷ്യരെയും എല്ലാകാലത്തും പറ്റിക്കാന്‍ കഴിയില്ലെന്നവര്‍ മനസിലാക്കണം. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ജീവിക്കുന്ന ഹിന്ദുവിന് അവന്‍റെ എല്ലാം നഷ്ടമാകും. എന്നാല്‍ വിഭജനം സമ്മതിച്ചാല്‍ എല്ലാം കിട്ടിയില്ലെങ്കിലും എല്ലാം നഷ്ടമാകില്ല എന്നുറപ്പിക്കാം. (തുടരും)

 🙏

Wednesday, 13 September 2023

Pakistan and Hindustan - review of Ambedkar's book -Part-7

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – ഭാഗം -7

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

പാകിസ്ഥാനും ഹിന്ദുസ്ഥാനും

     പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടാലുടന്‍ ഹിന്ദുസ്ഥാനെ അവര്‍ ആക്രമിക്കും എന്ന ഭയം പല ഹിന്ദുനേതാക്കള്‍ക്കുമുണ്ട്. അങ്ങിനെ വന്നാല്‍ അഫ്ഗാന്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കുക കൂടി ചെയ്താല്‍ ഹിന്ദുസ്ഥാന്‍ വീണ്ടും ഇസ്ലാമിക ഭരണത്തിന് അടിപ്പെടും എന്നും അവര്‍ ഭയപ്പെടുന്നു. എന്നാല്‍ ഉടനെ അത്തരമൊരാക്രമണത്തിന് സാധ്യത കുറവാണ് എന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഭാവിയില്‍ അതുണ്ടായേക്കാം എന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട് താനും. വിഭജനം നടക്കുമ്പോള്‍ അതിര്‍ത്തി സംബ്ബന്ധിച്ച കൃത്യത അനിവാര്യമാണ്. തീര്‍ച്ചയായും മുസല്‍മാന് പാകിസ്ഥാന്‍ എന്ന അവകാശം ഉപേക്ഷിക്കാന്‍ കഴിയില്ല. അതോടൊപ്പം തന്നെ പ്രധാനമാണ് ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ട ഒരതിര്‍ത്തിയും. കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാതെ മുസല്‍മാന് ബ്രിട്ടീഷ് ഇന്ത്യ വിട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ കൃത്യമായി അതിരുകള്‍ രേഖപ്പെടുത്തുക എളുപ്പമല്ല താനും. മിക്ക രാജ്യങ്ങള്‍ക്കും ഇപ്പോഴും ശാസ്ത്രീയമായി കൃത്യത പറയാവുന്ന അതിരുകളില്ല എന്നതാണ് സത്യം. വംശപരമായോ രാഷ്ട്രീയമായോ മിലിട്ടറി പരമായോ സംതൃപ്തി നല്‍കുന്ന അടയാളപ്പെടുത്തല്‍ എളുപ്പമല്ല തന്നെ. ഇന്ത്യയുടെ അതിരായി പലരും പല അടയാളപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്. സിന്ധു നദി, വടക്കു പടിഞ്ഞാറന്‍ പ്രോവിന്‍സിന്‍റെ അതിര്‍ത്തി, ഡുറാന്‍റ് നിശ്ചയിച്ച അതിര്‍ത്തി അങ്ങിനെ യോജിപ്പും വിയോജിപ്പുമുള്ള അതിരുകള്‍. പാകിസ്ഥാന്‍ സിന്ധു നദി വരെയുള്ള ഭാഗം വിടുക എന്നത് എളുപ്പമല്ല. അങ്ങിനെ പിന്‍മാറുന്നത് അഭിമാനക്ഷതമായിരിക്കും. പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ വലിയ അതിരുകള്‍ തിട്ടപ്പെടുത്തുക പ്രയാസമുള്ള കാര്യമല്ല. പര്‍വ്വതങ്ങളും മരുഭൂമിയും കായലും നദിയുമൊക്കെ രാജ്യങ്ങള്‍ തമ്മില്‍ പങ്കിടുക പ്രയാസമല്ലാതായിട്ടുണ്ട്.

 

 മറ്റൊരു വിഷയം സ്വത്തു പങ്കുവയ്ക്കലാണ്. ഇപ്പോള്‍ കേന്ദ്രവരുമാനമായി കണക്കാക്കുന്നത് റയില്‍വേയും കറന്‍സിയും പോസ്റ്റ് ആന്‍റ് ടെലിഗ്രാഫും ആണ്. മറ്റു വരുമാനങ്ങള്‍ പ്രോവിന്‍സുകളുടേതാണ്. പാകിസ്ഥാനിലേക്ക് എത്തിപ്പെടാവുന്ന വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സ്, പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍,ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വരുമാനമാണ് ഹിന്ദുസ്ഥാന്‍റെ ഭാഗമാകാവുന്ന അജ്മീര്‍-മെര്‍വാറ,ആസ്സാം,ബിഹാര്‍,ബോംബെ,സെന്‍ട്രല്‍ പ്രോവിന്‍സ്,ബെറാര്‍, കൂര്‍ഗ്,ഡല്‍ഹി,മദ്രാസ്,ഒറീസ്സ,ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നത്. പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നും പഞ്ചാബിന്‍റെ 13 ജില്ലകളും കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നും ബംഗാളിന്‍റെ 15 ജില്ലകളും ഒഴിവാക്കുകയും ആസ്സാമിലെ ഒരു ജില്ല കൂട്ടിച്ചേര്‍ക്കുകയും ചെയ്താല്‍ പാകിസ്ഥാന്‍റെ വരുമാനം വീണ്ടും കുറയും. അവരുടെ വരുമാനം അറുപത് കോടിയില്‍ നിന്നും 36 കോടിയാവുകയും  ഹിന്ദുസ്ഥാന്‍റെ വരുമാനം 96 കോടിയില്‍ നിന്നും 120 കോടിയാവുകയും ചെയ്യും. ചുരുക്കത്തില്‍ പാകിസ്ഥാന്‍ രൂപീകരണത്തെ ഹിന്ദുക്കള്‍ ഭയക്കേണ്ടതില്ല എന്നര്‍ത്ഥം.

 

 സേന സംബ്ബന്ധിച്ച വിഷയമാണ് മറ്റൊന്ന്. സൈമണ്‍ കമ്മീഷന്‍ പറയുന്ന ഒരു വിഷയം ശ്രദ്ധേയമാണ്. സേനയിലേക്ക് ചിലയിടങ്ങളില്‍ നിന്നും കൂടുതല്‍ പേരെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റ് ചിലയിടങ്ങളില്‍ നിന്നും പ്രാതിനിധ്യം തീരെയില്ല എന്നതാണ് സത്യം. സേനയെ പരിശോധിക്കുമ്പോള്‍ പാകിസ്ഥാന്‍ പ്രദേശത്തുനിന്നാണ് കൂടുതല്‍ പട്ടാളക്കാരും എന്നു കാണാന്‍ കഴിയും. അങ്ങിനെ നോക്കുമ്പോള്‍ ഹിന്ദുസ്ഥാന് പ്രതിരോധം തീര്‍ക്കാന്‍ തനിച്ച് കഴിയില്ല എന്നൊരു വാദമുണ്ട്. ആയോധനകല പഠിച്ച സമൂഹത്തില്‍ നിന്നായിരുന്നു കൂടുതല്‍ പേരെയും തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ചരിത്രകാരനായ ചൗധരി പറയുന്നത് 1857 ലെ ലഹള അടിച്ചമര്‍ത്താന്‍ സഹായിച്ചവരെ കൂടുതലായി സേനയില്‍ എടുത്തു എന്നാണ്. തമിഴ്- തെലുഗു നാട്ടില്‍ നിന്നുള്ളവരുടെ മദ്രാസ് ആര്‍മി, പടിഞ്ഞാറന്‍ ഇന്ത്യക്കാരുടെ ബോംബെ ആര്‍മി, ബിഹാര്‍,യുപി,ബംഗാളുകാരുടെ ബംഗാള്‍ ആര്‍മി എന്നിങ്ങനെയായിരുന്നു സംവിധാനം. പഞ്ചാബി റജിമെന്‍റില്‍ 200 പേരില്‍ കൂടാന്‍ പാടില്ലെന്നും അതില്‍ 100 പേര്‍ മാത്രമെ സിക്കുകാരുണ്ടാകാവൂ എന്നും നിഷ്‌ക്കര്‍ഷിച്ചിരുന്നു. എന്നാല്‍ 1857 ലെ ബംഗാള്‍ ആര്‍മിയുടെ ലഹളയോടെ സിക്കുസേനയ്ക്ക് പ്രാധാന്യം കൂടി. ശരിക്കും ലഹളക്കാലത്ത് സിക്കുകാര്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ നന്നായി സഹായിച്ചു. ഹിന്ദുസ്ഥാന്‍കാരോടും ബംഗാള്‍ ആര്‍മിയോടുമുള്ള  ഈര്‍ഷ്യയാണ് അന്നവര്‍ പ്രകടിപ്പിച്ചത്.ഇവര്‍ക്കു പുറമെ  ഔദിലെ പട്ടാളവും ഗൂര്‍ഖകളും ബ്രിട്ടനെ നന്നായി സഹായിച്ചിരുന്നു. 1856 വരെ ബ്രിട്ടീഷ് പട്ടാളത്തില്‍ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സുകാര്‍ കുറവായിരുന്നു. എന്നാല്‍ ലഹളയോടെ ചിത്രം മാറി. 1858 ല്‍ അവര്‍ മേല്‍ക്കോയ്മ നേടി. 1879 ഓടെ കായികക്ഷമത കൂടിയവരും കുറഞ്ഞവരും എന്ന വേര്‍തിരിവ് സേനയില്‍ വന്നു. ലോര്‍ഡ് റോബര്‍ട്ട്‌സ് ആണ് അത് ഉറപ്പിച്ചത്. അതോടെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രോവിന്‍സുകാര്‍ക്ക് സേനയില്‍ മുന്‍ഗണന വന്നു. ഹിന്ദുമതത്തിലെ ജാതി സംവിധാനം പോലെ തികഞ്ഞ മണ്ടത്തരമായിരുന്നു ഇതെന്ന് അംബദ്ക്കര്‍ പറയുന്നു. ഒരാളിന്‍റെ കാര്യക്ഷമതയേക്കാള്‍ പിറന്നഇടത്തിനും കുലത്തിനുമൊക്കെ പ്രാധാന്യം വരുന്ന രീതി. കടുത്ത ചൂടും തണുപ്പും ദക്ഷിണേന്ത്യക്കാര്‍ക്ക് കുറച്ചു പ്രയാസമാണെങ്കിലും നല്ല പരിശീലനമാണ് മികച്ച പട്ടാളക്കാരനെ സൃഷ്ടിക്കുന്നത്. കായികക്ഷമത എല്ലാ വംശങ്ങള്‍ക്കുമുണ്ട് എന്നാണ് അംബദ്ക്കറുടെ നിരീക്ഷണം. സിക്കും മറാഠികളും രജ്പുത്തുകളും യോദ്ധാക്കളായിരുന്നെങ്കിലും പട്ടാള റിക്രൂട്ട്മെന്‍റില്‍ അവരെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. പരിശീലനത്തിലും ചിട്ടയിലും ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന മദ്രാസികള്‍ക്കും പരിഗണന ലഭിച്ചില്ല എന്നും അംബദ്ക്കര്‍ നിരീക്ഷിക്കുന്നു.

    ഇതെല്ലാം പരിഗണിക്കുമ്പോള്‍ പാകിസ്ഥാന്‍ രൂപീകരിക്കപ്പെടുന്നതോടെ ഹിന്ദുസ്ഥാനില്‍ യോദ്ധാക്കള്‍ കുറവാകും എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അംബദ്ക്കര്‍ പറയുന്നു. പട്ടാളക്കാരുടെ നിലവിലെ ഉത്തരവാദിത്തം രണ്ടാണ്. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള സ്വതന്ത്ര വര്‍ഗ്ഗക്കാര്‍ സമതലത്തിലെ സമാധാന ജീവിതം തകര്‍ക്കാതെ നോക്കണം. കൃത്യമല്ലാത്ത അതിരുകള്‍ക്കപ്പുറത്തുനിന്നും വരുന്ന അക്രമികളെ ചെറുക്കണം. ഇന്ത്യയില്‍ അതിര്‍ത്തി കാക്കുന്നതിന് പുറമെ ആഭ്യന്തരകലാപം അടിച്ചമര്‍ത്താനും സൈന്യത്തെ ഉപയോഗിച്ചുവന്നു. പലപ്പോഴും കലാപം മതപരമായതിനാല്‍ കൂടുതലും ബ്രിട്ടീഷുകാരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. അല്ലെങ്കില്‍ പട്ടാളത്തില്‍ മതപരമായ സ്വാധീനം ഉണ്ടാകും എന്ന് അധികൃതര്‍ ഭയന്നിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ പിന്‍വാങ്ങുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ഇന്ത്യന്‍ പട്ടാളമാണ്. അവര്‍ മതപരമായ ആഭ്യന്തര കലാപങ്ങളുണ്ടാകുമ്പോള്‍ എന്തുനിലപാടെടുക്കും എന്നത് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്.

   മറ്റൊരു വിഷയം ഇന്ത്യന്‍ ആര്‍മിയുടെ സാമുദായിക സംഗ്രഥനമാണ്. 1919 ന് ശേഷം പഞ്ചാബി മുസല്‍മാനും പത്താനും സേനയില്‍ വര്‍ദ്ധിച്ചു. സിക്കുകാര്‍ വളരെ കുറഞ്ഞു. ഒന്നാം സ്ഥാനത്തുനിന്നും അവര്‍ മൂന്നാം സ്ഥാനത്തെത്തി. രജ്പുത്തുകള്‍ നാലാമതായി. യുപി ബ്രാഹ്‌മണന്‍, മദ്രാസി മുസല്‍മാന്‍,തമിഴ് ഹിന്ദുക്കള്‍ എന്നിവര്‍ പുറത്തായി. 1930 ല്‍ ഇന്ത്യന്‍ ഇന്‍ഫന്‍ററിയുടെ മുപ്പത്തിയാറ് ശതമാനവും ഇന്ത്യന്‍ കാവല്‍റിയുടെ മുപ്പത് ശതമാനവും മുസല്‍മാനായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള കണക്കുകള്‍ ലഭ്യമല്ല. 1943 ല്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്ത്യയുടെ കണക്ക് ഇങ്ങിനെയാണ്. സേനയില്‍ 34 ശതമാനം മുസ്ലിങ്ങളാണ്. ഹിന്ദുവും ഗൂര്‍ഖയും ചേര്‍ന്ന് 50 ശതമാനവും സിക്കുകാര്‍ 10 ശതമാനവും ക്രിസ്ത്യനികളും മറ്റുള്ളവരും ചേര്‍ന്ന് 6 ശതമാനവുമാണ് സേനയിലെ അംഗബലം. ഇത് ലോകമഹായുദ്ധകാലത്തെ കണക്കാണ്. സമാധാനകാലത്തെ കണക്ക് ലഭ്യമല്ല. യുദ്ധത്തിന് മുന്‍പുള്ള നില 60-70 ശതമാനം മുസ്ലിങ്ങള്‍ എന്നും അതല്ല 50% മുസ്ലിങ്ങള്‍ എന്നും വ്യത്യസ്ത വാദങ്ങളാണുള്ളത്.

 

  1857 ലെ പീല്‍ കമ്മീഷന്‍, കലാപം നടത്തിയ ബംഗാള്‍ സേനയുടെ ബലഹീനത നന്നായി പഠിച്ചിരുന്നു. ഹിന്ദു,മുസ്ലിം,സിക്കുകാര്‍ ഒന്നിച്ചുനിന്നപ്പോള്‍ അവര്‍ക്ക് പൊതുവികാരമായിരുന്നു.അത് ബ്രിട്ടനെതിരായ വികാരമായിരുന്നു താനും.അതുകൊണ്ടാണ് സര്‍ ജോണ്‍ ലാറന്‍സ് സേനയെ പ്രോവിന്‍സുകളായി നിലനിര്‍ത്തണം എന്ന നിര്‍ദ്ദേശം കൊണ്ടുവന്നത്. ഭൂശാസ്ത്രപരമായ പരിധിയിലാകുമ്പോള്‍ സേനയിലെ അംഗങ്ങളിലെ  മതപരമായ ശത്രുത ഉറപ്പിച്ചുനിര്‍ത്താം എന്നതായിരുന്നു അതിലെ മന:ശാസ്ത്രം. വിവിധ ഇടങ്ങളിലെ ഹിന്ദുവിനോ മുസ്ലിമിനോ കൂടിച്ചേരാന്‍ അവസരം ലഭിക്കാത്തതിനാല്‍ മതപരമായ ഐക്യം ഉണ്ടാകില്ല.പ്രോവിന്‍സ് അടിസ്ഥാനമാക്കിയുള്ള സേനയ്ക്ക് ഇന്ത്യന്‍ എന്ന പൊതുവികാരവും വരില്ല. ഇതാണ് പ്രിന്‍സിപ്പല്‍ ഓഫ് ക്ലാസ് കോമ്പസിഷന്‍. 1879 ലെ പ്രത്യേക ആര്‍മി കമ്മറ്റിയാണ് ഒരു സമുദായത്തിനോ ഒരു ദേശീയതയ്‌ക്കോ മുന്‍ഗണന വരുന്ന സേന വേണ്ട എന്നു തീരുമാനിച്ചത്.

സേനയില്‍ മുസ്ലിം മുന്‍ഗണന വരാന്‍ നിമിത്തമായത് ലോകമഹായുദ്ധത്തിലെ അവരുടെ യുദ്ധമികവാണ്. ഭൂരിപക്ഷ ഹിന്ദു ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കും എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു. ഇവിടെയും രണ്ട് ചോദ്യങ്ങള്‍ അവശേഷിക്കുന്നു.ഇപ്പോള്‍ വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ കാവല്‍ക്കാര്‍ ആ പ്രദേശത്തെ മുസ്ലിം ഭൂരിപക്ഷമാണ്. ആ ഭാഗത്തുനിന്നും അതിക്രമിച്ചു വരാന്‍ സാധ്യതയുള്ളത് അഫ്ഗാനികളോ മുസ്ലിം രാഷ്ട്രങ്ങളോ അതല്ലെങ്കില്‍ റഷ്യയോ ആണ്. റഷ്യ വന്നാല്‍ മുസ്ലിംസേന പ്രതിരോധിക്കും എന്നുറപ്പാണ് , മറിച്ച് അഫ്ഗാനാണ് വരുന്നതെങ്കില്‍ അവര്‍ വാതില്‍ തുറന്നിടില്ലെ എന്നതാണ് ആദ്യ ചോദ്യവും ആശങ്കയും. ബ്രിട്ടന്‍റെ അധീനതയിലുള്ള ഇന്ത്യ ഒരുവിധം സുരക്ഷിതമാണ്. കാരണം ഇവിടെ പട്ടാളം പ്രവര്‍ത്തിക്കുന്നത് യാന്ത്രികമായാണ്. എന്നാല്‍ അവര്‍ മാറി പകരം  ഇന്ത്യക്കാരുടെ പട്ടാളം വരുമ്പോള്‍ അവര്‍ പ്രതികരിക്കുന്നത് സ്വാഭാവികമായിട്ടാവും. ഇന്ത്യന്‍ പട്ടാളത്തിന്‍റെ ഘടന ഇപ്പോഴുള്ളത്‌പോലെ ആണെങ്കില്‍ അഫ്ഗാന്‍കാര്‍ വന്നാല്‍ കാഫറുകളായി കരുതുന്ന ഹിന്ദുക്കളെ വകവരുത്തുന്നതിനല്ലെ മുസ്ലിം പട്ടാളക്കാര്‍ കൂട്ടുനില്‍ക്കുക. ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിക്കുന്ന മുസ്ലിം നേതാക്കള്‍  ഹിന്ദുക്കളെ കാണുന്നത് അവര്‍ക്കും കീഴെയുള്ള ഒരു സമൂഹമായിട്ടാണ്. എന്നുമാത്രമല്ല, 1919 ലെ ഖിലാഫത്ത് പ്രസ്ഥാനക്കാലത്ത് അവര്‍ അഫ്ഗാനിലെ ആമീറിനെ ഇന്ത്യ കീഴടക്കാനായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും മുസ്ലിം രാഷ്ട്രങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ ആര്‍മിയെ ഉപയോഗിക്കാന്‍ പാടില്ല എന്നുതന്നെയാണ് ലീഗ് വാദിക്കുന്നതും.

 ഒറ്റ ഇന്ത്യ എന്ന നയം തുടരുകയും രണ്ട് രാജ്യം എന്ന പാകിസ്ഥാന്‍ സമീപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ അത് പിശാചിനും ആഴക്കടലിനും ഇടയില്‍പെട്ട അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കും. പ്രതിരോധകാര്യത്തില്‍ വിശ്വസ്തരായ ഒരു സൈന്യം ഉണ്ടാകുക പ്രയാസമാകും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ബ്രിട്ടന് കീഴില്‍ നാട്ടുരാജ്യങ്ങള്‍ നിന്നപോലെ ഇന്ത്യക്ക് അതിര്‍ത്തിയിലുള്ള മുസ്ലിം രാഷ്ട്രങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടിവരും. മുസ്ലിം സമൂഹം ഇന്ത്യയുടെ ഭാഗമായി നിന്നാല്‍ സുരക്ഷിത അതിര്‍ത്തി കിട്ടിയേക്കാം എന്നാല്‍ സുരക്ഷിത സേന ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മുസ്ലിം പ്രാധാന്യമുള്ള സേന മാറി ഹിന്ദു പ്രാധാന്യമുള്ള സേന വരണം. അതിനുള്ള വഴി പാകിസ്ഥാനെ അംഗീകരിക്കുക എന്നത് മാത്രമാണ്. അപ്പോള്‍ ഹിന്ദുസ്ഥാന് സ്വന്തമായ സേനയുണ്ടാകും. അവര്‍ക്ക് ആരുടെയും താത്പ്പര്യത്തിന് വഴങ്ങാതെ ശത്രുക്കളെ നേരിടാനും കഴിയും. മറ്റൊരു വിഷയം റവന്യൂ സംബ്ബന്ധിച്ചാണ്. റവന്യൂ ഏറ്റവുമധികം വരുന്നത് ഹിന്ദു മേഖലയില്‍ നിന്നാണ്. എന്നാല്‍ ഏറ്റവുമധികം ചിലവാകുന്നത് മുസ്ലിം മേഖലയിലുമാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന 120 കോടി വാര്‍ഷിക വരുമാനത്തില്‍ 52 കോടി പട്ടാളത്തിനായാണ് വിനിയോഗിക്കുന്നത്. ഈ സേനയെ നിലനിര്‍ത്തുന്നത് സ്വയം നാശത്തിനേ വഴിവയ്ക്കൂ.(തുടരും)🙏