Thursday, 14 September 2023

Ambedkar's Pakistan or Partition of India - Review - Part-8 -Pakistan and Communal harmony

 


അംബദ്ക്കറും  ഇന്ത്യ വിഭജനവുംപരമ്പര – ഭാഗം - 8

-വി.ആര്‍.അജിത് കുമാര്‍

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം – അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

പാകിസ്ഥാനും സാമുദായിക സൗഹാര്‍ദ്ദവും

 

 ബ്രിട്ടന്‍റെ കമ്മ്യൂണല്‍ അവാര്‍ഡ് പ്രകാരം ഹിന്ദുവിനും മുസ്ലിമിനും പ്രത്യേക ഇലക്ടറല്‍ റോളുകളാണ് നിശ്ചയിച്ചിരുന്നത്. ഇത് ലീഗിന്‍റെ ആവശ്യമായിരുന്നു. ഇത് അംഗീകരിച്ചതോടെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ മുസ്ലിം ഭരണം ഉറപ്പാക്കാമെന്നും ന്യൂനപക്ഷ മേഖലയില്‍ കുറച്ചു സീറ്റുകള്‍ ലഭ്യമാകുമെന്നും അവര്‍ കണക്കുകൂട്ടി. ഹിന്ദുക്കളിലെ ജാതി ഭിന്നത ഈ അവസരത്തില്‍ ഗുണം ചെയ്യുമെന്നും കണക്കാക്കിയിരുന്നു. അതിരില്ലാത്ത രാഷ്ട്രീയ മേധാവിത്തം ഭരിക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യം നഷ്ടമാക്കുമെന്ന് അംബദ്ക്കര്‍ വിലയിരുത്തുന്നു. അത് വളരെ അപകടകരവുമാണ്. അവരുടെ ശരി മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. അത് സാമുദായിക നേതൃത്വം കൂടിയാകുമ്പോള്‍ അപകടത്തിന്‍റെ ആഴം കൂടും. ഹിന്ദു ഭൂരിപക്ഷ പ്രോവിന്‍സും മുസ്ലിം ഭൂരിപക്ഷ പ്രോവിന്‍സും വരുന്നതോടെ ഈ ഭൂരിപക്ഷ പ്രദേശത്തെ ന്യൂനപക്ഷങ്ങള്‍ തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്ക് ശിക്ഷ വാങ്ങേണ്ടിവരും. ഹിന്ദു ഭൂരിപക്ഷ പ്രദേശത്തെ മുസ്ലിം ന്യൂപക്ഷത്തിന് എന്തെങ്കിലും വിഷമത ഉണ്ടായാല്‍ അതിന് പ്രതികാരം ചെയ്യുന്നത് മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ഹിന്ദുക്കളോടാവും. ചുരുക്കത്തില്‍ മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രോവിന്‍സുകളും വോട്ടര്‍ പട്ടികയും വലിയ അപകടമാകും സമൂഹത്തില്‍ ഉണ്ടാക്കുക. ഏറ്റവും മികച്ച തീരുമാനം രണ്ടു സമുദായങ്ങളും മുഖാമുഖം കാണാത്ത ഒരു സംവിധാനമാകും. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് പാകിസ്ഥാന്‍ രൂപീകരിക്കുമ്പോള്‍ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മോചനം ലഭിക്കുകയാണ്. പക്ഷെ അവിടത്തെ ന്യൂനപക്ഷം കടുത്ത ദുരിതത്തിലാകും. തുര്‍ക്കിയിലെ അര്‍മീനിയക്കാരുടെയും സാറിസ്റ്റ് റഷ്യയിലെയും നാസി ജര്‍മ്മനിയിലേയും ജൂതന്മാരുടെയും അവസ്ഥയിലേക്ക് ഇവര്‍ മാറും. അതുകൊണ്ട് ഹിന്ദുക്കള്‍ ഇത് അംഗീകരിക്കില്ല. അതുകൊണ്ടുതന്നെ വംശീയ രാഷ്ട്രം രൂപപ്പെടേണ്ടത് അനിവാര്യമാണ്.

 

 പഞ്ചാബില്‍ മുസ്ലിം ഭൂരിപക്ഷ ജില്ലകളും ഹിന്ദു ഭൂരിപക്ഷ ജില്ലകളുമുണ്ട്. ഇവയെ വേര്‍തിരിച്ച് അതിര്‍ത്തിയുണ്ടാക്കണം. ബംഗാളിലും ആസാമിലും ഇത് വേണ്ടിവരും. സിന്ധിലും വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലും ഹിന്ദുക്കള്‍ വളരെ കുറവാണ്. ഇവിടെ നിന്നും ഹിന്ദുക്കളെ മാറ്റിപാര്‍പ്പിക്കണം. മാറ്റിപാര്‍പ്പിക്കലിനെ കളിയാക്കുന്നവരുണ്ട്. ഇവരെ മാറ്റിപാര്‍പ്പിച്ചില്ലെങ്കില്‍ അവര്‍ അനുഭവിക്കേണ്ടിവരാവുന്ന ദുരിതങ്ങളെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല എന്നത് സങ്കടകരമാണ്. ടര്‍ക്കിയും ഗ്രീസും ബള്‍ഗേറിയും ഇതിന് മികച്ച ഉദാഹരണങ്ങളാണ്. രണ്ടു കോടി ജനങ്ങളെയാണ് അവിടെ വിജയകരമായി മാറ്റിപാര്‍പ്പിച്ചത്. അതോടെ സമുദായിക സമാധാനം സാധിതമായി. അവര്‍ക്കത് സാധിച്ചുവെങ്കില്‍ ഇന്ത്യയ്ക്കും കഴിയണം. പാകിസ്ഥാന്‍ രൂപീകരിച്ചു കഴിഞ്ഞാല്‍ ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങളുടെ സ്ഥിതി എന്താകും?  പാകിസ്ഥാന്‍ രൂപീകരണത്തിന് മുന്നില്‍ നില്‍ക്കുന്ന റഹ്‌മത്ത് അലി ഇങ്ങിനെ പറയുന്നു, രണ്ടരകോടി മുസ്ലിങ്ങളാണ് ഹിന്ദുസ്ഥാനില്‍ ഉണ്ടാവുക. അവരുടെ സ്ഥിതിയില്‍ അതീവവേദനയുണ്ട്. അവര്‍ നമ്മുടെ മാംസവും ആത്മാവുമാണ്. അവരെ മറക്കാന്‍ കഴിയില്ല, അവര്‍ക്ക് നമ്മളെയും. അവരുടെ ഇപ്പോഴത്തെയും ഭാവിയിലെയും സുരക്ഷ വലിയ പ്രാധാന്യമുള്ള വിഷയമാണ്. ഇപ്പോഴത്തെ രീതിയില്‍ പാകിസ്ഥാന്‍ രൂപീകരണം അവരുടെ നിലയെ ബാധിക്കില്ല.രണ്ടരക്കോടി വരുന്ന വലിയൊരു ജനസഞ്ചയം എന്ന നിലയിലുള്ള ഇപ്പോഴത്തെ സ്ഥാനം അവര്‍ക്ക് ലഭ്യമാകുന്ന അധികാരവും സൗകര്യങ്ങളും തുടര്‍ന്നും ലഭിക്കാന്‍ ഉതകും. ഭാവിയില്‍ നമുക്ക് നല്‍കാന്‍ കഴിയുന്ന വാഗ്ദാനം തുല്യതയാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷത്തിന് ഹിന്ദുസ്ഥാനിലെ ന്യൂനപക്ഷത്തിന്‍റെ തുല്യതയാകും ലഭിക്കുക. ഹിന്ദുസ്ഥാനിലെ ന്യൂനപക്ഷ മുസ്ലിമിനെ സംരക്ഷിച്ചാല്‍ പാകിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുവിനെയും  സംരക്ഷിക്കും. പാകിസ്ഥാനെ വിശാലമായ കാഴ്ചപ്പാടോടെ ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങള്‍ കാണണം. ഇത് മതത്തിന്‍റെ വലിയൊരു താത്പ്പര്യ സംരക്ഷണമാണ്. നമുക്ക് പാകിസ്ഥാന്‍ എന്നത് ദേശീയ ആസ്ഥാനമാണ്. ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങള്‍ക്ക് പാകിസ്ഥാനെ ധാര്‍മ്മികതയുടെ നങ്കൂരമായി കണക്കാക്കാം. ഈ നങ്കൂരമുള്ളിടത്തോളം അവര്‍ സുരക്ഷിതരായിരിക്കും. അത് പോയാല്‍ എല്ലാം പോയി.      ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങള്‍ക്കും ശുഭപ്രതീക്ഷയാണ്. പാകിസ്ഥാന്‍ രൂപീകരിക്കുന്നത് അവരെ ക്ഷീണിപ്പിക്കുകയല്ല, മറിച്ച് കിഴക്കും പടിഞ്ഞാറും രണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ വരുന്നതോടെ തങ്ങള്‍ കൂടുതല്‍ സുരക്ഷിതരാവുകയാണ് എന്നു വേണം ധരിക്കാന്‍.

 

  യഥാര്‍ത്ഥത്തില്‍ എല്ലാ അര്‍ത്ഥത്തിലും ഹിന്ദുവാണ് ബുദ്ധിമുട്ടിലാകുന്നത്. പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ ഹിന്ദുസ്ഥാനിലെ മതപരമായ അഭിപ്രായ വ്യത്യാസം അവസാനിക്കുന്നില്ല. പാകിസ്ഥാന്‍ ഏകമതസ്ഥരുടെ നാടായി മാറുമ്പോള്‍ ഹിന്ദുസ്ഥാന്‍ ബഹുമതരാഷ്ട്രമായിത്തന്നെ തുടരും. ഇവിടെ മുസ്ലിങ്ങള്‍ ചിതറികിടക്കുകയാണ്, പ്രത്യേകിച്ചും നഗരകേന്ദ്രീകൃതമായി. ഇവിടെ അതിര്‍ത്തികള്‍ വരച്ച് ഏകമത രാഷ്ട്രം നിര്‍മ്മിക്കാന്‍ കഴിയില്ല. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ച് പരസ്പ്പരം കൈമാറുക എന്നതേ അഭിലഷണീയമാകൂ. അത് നടക്കുംവരെ ഹിന്ദുസ്ഥാനില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സംഘട്ടനം തുടരും. ഹിന്ദുസ്ഥാന്‍റെ രാഷ്ട്രീയം എന്നും പൊരുത്തക്കേടിന്‍റേതായിരിക്കുകയും ചെയ്യും. ഇതുകൊണ്ട് പാകിസ്ഥാന്‍ എന്ന രാഷ്ട്രത്തെ തള്ളിക്കളയാന്‍ കഴിയുമോ? പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ 4,78,97,301 മുസ്ലിങ്ങള്‍ പ്രത്യേക രാജ്യത്തിലാകും. ബാക്കിയുണ്ടാവുക 1,85,45,465 പേര്‍ മാത്രം. അപ്പോള്‍ പാകിസ്ഥാന്‍ രൂപീകരിച്ചില്ലെങ്കില്‍ ആറര കോടി മുസ്ലിങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകും നേരിടേണ്ടി വരുക. അതിപ്പോള്‍ രണ്ട് കോടിയായി ചുരുങ്ങും.പാകിസ്ഥാന്‍ രൂപീകരണം ഹിന്ദുസ്ഥാനിലെ മതപ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ പോലും പ്രശ്നങ്ങളെ കുറച്ചുകൊണ്ടുവരാനും സമാധാനാന്തരീക്ഷം വളര്‍ത്താനും ഉപകരിക്കും എന്നതായിരുന്നു അംബദ്ക്കറുടെ കാഴ്ചപ്പാട്.

 

 1935 ലെ ഗവണ്മെന്‍റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള സെന്‍ട്രല്‍ ലെജിസ്ലേച്ചറില്‍ വരുന്ന മാറ്റവും ശ്രദ്ധേയമാണ്. 33 ശതമാനം മുസ്ലിം സീറ്റാണ് രണ്ട് ചേംബറിലും പറയുന്നത്. ഇത് ഹിന്ദുസീറ്റുമായുള്ള റേഷ്യോയില്‍ കൗണ്‍സിലില്‍ 66 ശതമാനവും അസംബ്ലിയില്‍ 80 ശതമാനവും ആകും. അതായത് ഒരു തുല്യത നിലനില്‍ക്കും. എന്നാല്‍ പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ മൊത്തം സീറ്റിന്‍റെ റേഷ്യോ കൗണ്‍സിലില്‍  25 ശതമാനവും അസംബ്ലിയില്‍ 21 ശതമാനവുമാകും. ഇത് ഹിന്ദു സീറ്റുമായുള്ള കൗണ്‍സിലിലെ റേഷ്യോ 66 ശതമാനത്തില്‍ നിന്നും 33 ആയും അസംബ്ലിയിലേത് 80 ശതമാനത്തില്‍ നിന്നും 40 ശതമാനമായും കുറയ്ക്കും. അതായത് മുസ്ലിം വെയ്‌റ്റേജ് മാറ്റമില്ലാതെ തുടരും. ഈ വെയ്‌റ്റേജ് വേണ്ടെന്നു വയ്ക്കുകയോ കുറയ്ക്കുകയോ ചെയ്താല്‍ ഹിന്ദു പ്രാതിനിധ്യം വര്‍ദ്ധിക്കും. പാകിസ്ഥാന്‍ രൂപീകരിക്കുന്നതോടെ ഹിന്ദുസ്ഥാനിലെ ഹിന്ദു വോട്ടറന്മാരിലുണ്ടാകുന്ന വര്‍ദ്ധന ഹിന്ദുക്കള്‍ക്ക് ഗുണം ചെയ്യും.

 

മന:ശാസ്ത്രപരമായി പരിശോധിച്ചാല്‍ പാകിസ്ഥാന്‍ രൂപീകരണത്തോടെ ഹിന്ദുസ്ഥാന്‍റെ വടക്കും കിഴക്കും പ്രദേശങ്ങളില്‍ സമാധാനം പുലരും. ദക്ഷിണ -മധ്യ പ്രദേശങ്ങളിലെ മുസ്ലിങ്ങള്‍ക്കും ഈ മാറ്റം പ്രചോദനകരമാകും. മുസ്ലിം ഭൂരിപക്ഷവുമായുള്ള ബന്ധം വേര്‍പെട്ട ന്യൂനപക്ഷ മുസ്ലിമിന്‍റെ വിലപേശല്‍ ശക്തി കുറയും. അതോടെ ഹിന്ദുസ്ഥാനിലെ മതപ്രശ്‌നം അവസാനിച്ചില്ലെങ്കിലും തുല്യശക്തിയായി നിന്നുള്ള പോരാട്ടത്തില്‍ നിന്നും നാടിന് രക്ഷപെടാന്‍ കഴിയും. ചുരുക്കത്തില്‍ പൂര്‍ണ്ണ സമാധാനം ഉണ്ടായില്ലെങ്കിലും ഇന്നത്തേതിനേക്കാള്‍ മെച്ചപ്പെട്ട ഒരു നില വന്നുചേരും. അതിര്‍ത്തി പുന:ക്രമീകരണത്തിന് മുസ്ലിം നേതാക്കള്‍ തയ്യാറാകും എന്നുതന്നെയാണ് അംബദ്ക്കര്‍ വിശ്വസിച്ചത്. കാരണം മുസ്ലിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം ഒരു നാഷണല്‍ ഹോം അല്ല നാഷണല്‍ സ്‌റ്റേറ്റ് ആണ്. ഇപ്പോള്‍ സ്വതന്ത്രമായ പ്രോവിന്‍സുകളില്‍ കേന്ദ്ര ഇടപെടലില്ലാതെ ഭരണം നടക്കുന്നുണ്ട്. അതാണല്ലൊ നാഷണല്‍ ഹോം എന്നത്. പാകിസ്ഥാന്‍ രൂപീകരിച്ചാലെ അത് നാഷണല്‍ സ്റ്റേറ്റായി മാറുകയുള്ളു. അതിനുള്ള വിട്ടുവീഴ്ചകള്‍ അവര്‍ ചെയ്യും. അപ്പോള്‍ രാഷ്ട്രീയ പരമാധികാരം ലഭിക്കും.അതോടെ അവിടെ താമസിക്കുന്ന ന്യൂനപക്ഷഹിന്ദുക്കളിലും മറ്റു മതസ്ഥരിലും ദേശീയത അടിച്ചേല്‍പ്പിക്കാന്‍ കഴിയും. അംഗീകൃതമായതും നിയമപരവുമായ ഒരിടമാണ് അതോടെ ലഭ്യമാകുന്നത്. അവിടെ ജീവിക്കുന്ന പൗരന്മാര്‍ക്കായി ഒരു പൊതു സംസ്‌ക്കാരം കൊണ്ടുവരാന്‍ കഴിയും. തുര്‍ക്കിയിലും ബള്‍ഗേറിയയിലും ഗ്രീക്കിലും ചെക്കിലും ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ അനുഭവം വച്ചുനോക്കുമ്പോള്‍ പാകിസ്ഥാന്‍ ഒരു ഏകരൂപമായ രാജ്യം ആകുന്നതാകും ഉചിതം. അവിടത്തെ ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണമായും ഹിന്ദുസ്ഥാനിലേക്ക് ഒഴിപ്പിക്കാന്‍ കഴിയണം എന്നു മാത്രം.

 

 പഞ്ചാബും ബംഗാളും പൂര്‍ണ്ണമായി പാകിസ്ഥാനില്‍ വേണമെന്നവകാശപ്പെട്ടാല്‍ ഈ പദ്ധതി തകിടം മറിയും. ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കുമ്പോള്‍ അതില്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങള്‍ വന്നാല്‍ അത് വീണ്ടും സാമുദായിക അനൈക്യത്തിന് കാരണമാകും. എന്നുമാത്രമല്ല, ഈ നീക്കം ഹിന്ദുക്കളെ ബന്ധികളാക്കി വയ്ക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണോ എന്നും സംശയിക്കും. ഇവിടെ ഉന്നത ജാതിക്കാരായ ഹിന്ദു നേതാക്കളുടെ സമീപനം മനസിലാക്കുന്നത് ഉപകാരമാകും. അവര്‍ നേതാക്കള്‍ എന്ന നിലയില്‍ പരാജയമാണെങ്കിലും അവരുടെ താത്പ്പര്യ സംരക്ഷണത്തില്‍ ശ്രദ്ധാലുക്കളാണ്. സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഒന്നും നല്‍കാതിരിക്കാനുള്ള പരമ്പരാഗതമായ ഒരു മനസ് ഇവര്‍ക്കുണ്ട്. വിദ്യാഭ്യാസത്തിന്‍റെയും സ്വത്തിന്‍റെയും കുത്തക ഇപ്പോഴും അവര്‍ക്കാണ്. അതുവച്ച് അവര്‍ രാജ്യത്തെ പിടിച്ചടക്കി. ആ അധികാരം സംരക്ഷിക്കുക എന്നതുമാത്രമാണ് അവരുടെ ജീവിത ലക്ഷ്യം. അതിന് കഴിയുംവിധം നിയമങ്ങളും വേദങ്ങളും എഴുതിവച്ച് താണജാതിയില്‍പെട്ടവരെ തെറ്റായ നിലയില്‍ ബോധവത്ക്കരിച്ച് നിര്‍ത്തുകയാണ് അവരുടെ രീതി. ഉയര്‍ന്ന ജാതിയില്‍പെട്ടവരെ സേവിക്കുക എന്നതാണ് മറ്റുള്ളവരുടെ ജീവിത ലക്ഷ്യം എന്നാണ് അവരെ പഠിപ്പിക്കുന്നത്. ഈ അടുത്തകാലത്താണ് അവര്‍ ചെറിയ തോതിലെങ്കിലും പ്രതിഷേധിക്കാനും പ്രതികരിക്കാനും തുടങ്ങിയത്. മദ്രാസിലും ബോംബെ പ്രോവിന്‍സിലും മധ്യപ്രോവിന്‍സിലുമൊക്കെ അബ്രാഹ്‌മണരുടെ പാര്‍ട്ടികള്‍ വന്നു തുടങ്ങി. എങ്കിലും മേല്‍ജാതി മേല്‍ക്കോയ്മ തുടരുന്നു. അധികാരവും പണവും പദവിയും താണജാതിക്കാര്‍ക്ക് നിഷേധിച്ച അതേരീതിയില്‍ മുസ്ലിങ്ങള്‍ക്കും പരമാവധി നിഷേധിച്ചുവന്നിരുന്നു.

 

 1915 ല്‍ സിന്ധിനെ ബോംബെയില്‍ നിന്നും വേര്‍തിരിക്കാന്‍ ആവശ്യപ്പെട്ട ഇക്കൂട്ടര്‍ 1929 ലെ ഇത്തരമൊരു നീക്കത്തെ എതിര്‍ത്തു. 1915 ല്‍ സിന്ധ് മുസ്ലിം പ്രോവിന്‍സ് ആയിരുന്നില്ല, എന്നാല്‍ 1929 ല്‍ മുസ്ലിം പ്രോവിന്‍സ് ആയി എന്നതാണ് എതിര്‍പ്പിന് കാരണം. മുസ്ലിം പ്രോവിന്‍സ് ആകുംമുന്നെ ഹിന്ദുവിന് ജോലിയില്‍ ലഭിച്ചുവന്ന മുന്‍ഗണന തുടര്‍ന്ന് ലഭിക്കില്ല എന്ന ബോദ്ധ്യം കൊണ്ടായിരുന്നു ഈ എതിര്‍പ്പ്. ബംഗാളിലെ ഉയര്‍ന്ന ജാതിക്കാരുടെ വിഹാരകേന്ദ്രങ്ങളായിരുന്നു ബംഗാള്‍, ബീഹാര്‍, ഒറീസ്സ,ആസ്സാം എന്നിവ. അതിനാല്‍ ബംഗാള്‍ വിഭജനത്തെയും അവര്‍ എതിര്‍ത്തു. അവരുടെ കൈപ്പിടിയിലുള്ള സിവില്‍ സര്‍വ്വീസ് നഷ്ടമാകും എന്ന ഭീതിയായിരുന്നു അതിന് കാരണം. കിഴക്കന്‍ ബംഗാള്‍ വന്നാല്‍ അവിടത്തെ നിയമനങ്ങള്‍ മുസല്‍മാന് വിട്ടുകൊടുക്കേണ്ടിവരും എന്നവര്‍ മനസിലാക്കിയതിനാലാണ് ഈ എതിര്‍പ്പ്. എന്നാല്‍ സ്വരാജ് ആവശ്യപ്പെടുകയും വിഭജനത്തെ എതിര്‍ക്കുകയും ചെയ്യുക വഴി ബംഗാളിലുള്ള മുഴുവന്‍ അധികാരവുമാണ് നഷ്ടപ്പെടുക എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകുന്നില്ല. പാകിസ്ഥാന്‍ രൂപീകരണത്തെ എതിര്‍ക്കുന്ന ഉന്നതജാതിയില്‍ പെട്ട ഹിന്ദുക്കള്‍ അവരുടെ നിലവിലുള്ള അധികാരങ്ങള്‍ നഷ്ടപ്പെടുന്നതിനെയാണ് ഭയക്കുന്നത്. അതവരുടെ സ്വാര്‍ത്ഥതയുമാണ്. പഞ്ചാബിലെയും ബംഗാളിലെയും ഹിന്ദുക്കള്‍ക്ക് രണ്ട് ബദലുകളാണ് മുന്നിലുള്ളത്. പഞ്ചാബില്‍ 1,33,32,460 മുസ്ലിങ്ങളും 1,13,92,732 ഹിന്ദുക്കളുമാണുള്ളത്. ഇവര്‍ തമ്മിലുള്ള വ്യത്യാസം 19,39,728 മാത്രം. അതായത് എട്ടു ശതമാനം കൂടുതല്‍ മുസ്ലിങ്ങളാണ് ഉള്ളത്. ഒന്നുകില്‍ 54 ശതമാനം വരുന്ന മുസ്ലിം 46 ശതമാനം വരുന്ന ഹിന്ദുക്കളെ ഭരിക്കുന്നത് അനുവദിക്കുക, അല്ലെങ്കില്‍ പഞ്ചാബിനെ രണ്ടാക്കുക. അങ്ങിനെ ഹിന്ദുക്കളെ മുസ്ലിം ഭരണ ഭീകരതയില്‍ നിന്നും രക്ഷപെടുത്താം. ബംഗാളിലും ഇതുതന്നെയാണ് സ്ഥിതി. 2,74,97,624 ആണ് ബംഗാള്‍ മുസ്ലിങ്ങള്‍. ഹിന്ദുക്കള്‍ 2,15,70,407 പേരും. 12 ശതമാനം മുസ്ലിങ്ങള്‍ കൂടുതലാണ് അവിടെ. കിഴക്കന്‍ ബംഗാളും സില്‍ഹെറ്റും ചേര്‍ത്ത് മുസ്ലിം രാഷ്ട്രം നിര്‍മ്മിക്കാന്‍ അനുവദിക്കുകയോ 12 ശതമാനത്തിന്‍റെ ഭൂരിപക്ഷത്തില്‍ മുസ്ലിം ഭരണം അംഗീകരിക്കുകയോ ചെയ്യാനെ ഇവിടെയും കഴിയുകയുള്ളു.

 

 ബംഗാളിലും പഞ്ചാബിലും ജീവിക്കുന്ന ഹിന്ദുക്കള്‍ അവിടെ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന മേല്‍ജാതിക്കാരോട് പറയേണ്ടത് നിങ്ങളുടെ അധികാരം സംരക്ഷിക്കാനായി മണ്ടത്തരം കാട്ടരുത് എന്നാണ്. സമയം കടന്നുപോവുകയാണ്. ഹിന്ദു സമൂഹത്തിലെ താണജാതിക്കാരെ ഇനിയും പറ്റിക്കാം, പക്ഷെ മുസ്ലിം ഭൂരിപക്ഷത്തെ ഇനി പറ്റിക്കാന്‍ കഴിയില്ല. എല്ലാ മനുഷ്യരെയും എല്ലാകാലത്തും പറ്റിക്കാന്‍ കഴിയില്ലെന്നവര്‍ മനസിലാക്കണം. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ജീവിക്കുന്ന ഹിന്ദുവിന് അവന്‍റെ എല്ലാം നഷ്ടമാകും. എന്നാല്‍ വിഭജനം സമ്മതിച്ചാല്‍ എല്ലാം കിട്ടിയില്ലെങ്കിലും എല്ലാം നഷ്ടമാകില്ല എന്നുറപ്പിക്കാം. (തുടരും)

 🙏

No comments:

Post a Comment