Wednesday, 5 July 2017

malayalam film georgettan's pooram

ജോര്‍ജ്ജേട്ടന്‍സ്  പൂരം
കെ. ബിജു കഥയെഴുതി  സംവിധാനം ചെയ്ത ചിത്രമാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. വൈ.വി.രാജേഷാണ് തിരക്കഥയെഴുതിയിരിക്കുന്നത്. തികച്ചും ദുര്‍ബ്ബലമായ കഥയും തിരക്കഥയുമാണ് ചിത്രം നല്‍കുന്നത്. ആദ്യ പകുതി കടത്തിവിടാന്‍ സംവിധായകനും തിരക്കഥാകൃത്തും പെടാപ്പാട് പെടുന്നത് കാണാം. തൊഴിലില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുന്ന നാല് ചെറുപ്പക്കാരാണ് കേന്ദ്രകഥാപാത്രങ്ങള്‍. അതിലൊരാള്‍ പള്ളീലച്ഛന്‍റെ മകനും. ദിലീപാണ് ആ വേഷം കൈകാര്യ ചെയ്യുന്നത്. ഒരു രംഗത്ത്പോലും മികച്ച അഭിനയം കാഴ്ചവെയ്ക്കേണ്ടി വന്നില്ല എന്നത് ദിലീപിന്‍റെ ഭാഗ്യം. രണ്ടാം ഭാഗം കുറച്ചെങ്കിലും സിനിമ നല്‍കി എന്ന് സമാധാനിക്കാം.

മത്തായിപ്പറമ്പ് , കബഡി ചാമ്പ്യനായ മത്തായി, പള്ളിക്ക് നല്‍കിയതാണ്. ചെറുപ്പക്കാര്‍ കബഡി കളിച്ചു വളരാന്‍. എന്നാല്‍ പറമ്പ് അനാഥവും അനാശാസ്യകേന്ദ്രവുമായി മാറി. അതിന്‍റെ അധികാരികള്‍ ജോസഫേട്ടനും  ജോര്‍ജ്ജ് വടക്കനും കൂട്ടുകാരുമായി മാറി. നല്ല വിലകിട്ടുന്ന ഈ ഇടത്ത് അധികാരം സ്ഥാപിക്കാന്‍ മത്തായിയുടെ മകന്‍  പീറ്റര്‍ മത്തായി അവതരിക്കുമ്പോഴാണ് കഥ തുടങ്ങുന്നത്. അപ്പോഴേക്കും ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കബഡി കളിയുടെ കഥയായി ഇത് മാറുന്നു. കബഡിയില്‍ വിജയിക്കുന്നവര്‍ക്ക് ഭൂമി എന്ന നിലയില്‍ അവസാനം അല്പ്പം വാശിയും താത്പ്പര്യവും കാണികള്‍ക്ക് നല്‍കി കഥ അവസാനിക്കുന്നു. സംഗീതം നല്‍കിയ ഗോപി സുന്ദറിനും ക്യാമറ ചലിപ്പിച്ച വിനോദ് ഇല്ലംപള്ളിക്കും എഡിറ്റര്‍ ലിജോ പോളിനും സംഭാവനകള്‍ ഒന്നും നല്‍കാന്‍ കഴിഞ്ഞില്ല. നായിക മെര്‍ലിനായി വന്ന രജീഷ വിജയനൊക്കെ വെറുതെ ശമ്പളം പറ്റാനെ കഴിഞ്ഞുള്ളു. പഞ്ച് ഡയലോഗ്ജോസഫേട്ടന്‍റെ  ഉപജാതി  അറിയാത്തിനാല്‍ പള്ളിയില്‍ അടക്കുന്നതിനെ എതിര്‍ക്കുന്നവരോട്  ജോര്‍ജ്ജിന്‍റെ ചോദ്യംകര്‍ത്താവ് ഏതേ പള്ളിക്കാരനായിരുന്നെന്ന് പറയാമോ ? അതാണ് ഈ സിനിമയില്‍ നിന്നും വ്യത്യസ്തമായി  കിട്ടിയതും. 

Tuesday, 4 July 2017

Malayalam Film Great Father

ഗ്രേറ്റ് ഫാദര്‍
വളരെ ഗൌരവമേറിയ  ഒരു പ്രമേയം സൂപ്പര്‍ സ്റ്റാറിന് വേണ്ടി മനഃപൂര്‍വ്വം സൃഷ്ടിച്ച ചില രംഗങ്ങളിലൂടെയും സ്ലോ മോഷനിലൂടെയും ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിലൂടെയും  ഗൌരവം ചോര്‍ത്തി അവതരിപ്പിച്ചു എന്നതാണ് ഈ ചിത്രത്തില്‍ ഹനീഫ് അദേനി  ചെയ്ത പാപം. പുതിയ നിയമവും മുന്നറിയിപ്പും പോലെ തീവ്രതയോടെ ചിത്രം കാണാന്‍ കഴിഞ്ഞില്ല. ഏകദേശം അവസാന ഭാഗം വരെ വില്ലനെ ഒളിപ്പിക്കാന്‍ കാണിച്ച കൌശലം എടുത്തു പറയാവുന്നതാണ്. സസ്പെന്‍സ് നിലനിര്‍ത്താന്‍ ആദ്യഭാഗത്ത് നല്ല ശ്രമം നടത്തിയിട്ടുണ്ട്. ചില ഷോട്ടുകള്‍ പ്രത്യേകം എടുത്തു പറയേണ്ടവയാണ്. ഒരു കുട്ടിയെ കൊന്നിട്ടിരിക്കുന്ന ഇടത്തേക്ക് ആളുകള്‍ എത്തുന്നതിന്‍റെ മുകളില്‍ നിന്നുള്ള ഷോട്ട് ഇതിലൊന്നാണ്.

മമ്മൂട്ടിയെ സൂപ്പര്‍ ഹീറോയാക്കി അവതരിപ്പിക്കാന്‍ തയ്യാറാക്കിയ സന്ദര്‍ഭങ്ങള്‍ ദുര്‍ബ്ബലമായിപ്പോയി. ചെറിയ റോളാണെങ്കിലും വില്ലനായി വേഷമിട്ട സന്തോഷ് കീഴാറ്റൂരാണ് ശ്രദ്ധേയന്‍. ബേബി അനിഘ ഉള്‍പ്പെടെയുള്ള കുട്ടികളും നല്ല നിലവാരം പുലര്‍ത്തി. മമ്മൂട്ടി ഫാന്‍സിന് ആവശ്യമുള്ളതൊക്കെ സിനിമ നല്‍കുന്നുണ്ട്. അതിഭാവുകത്വങ്ങളെ വിമര്‍ശിക്കാനുള്ള മനസ്സ് മാറ്റി വച്ച് സിനിമ കാണാനിരുന്നാല്‍  മുഷിപ്പില്ലാതെ കാണാവുന്ന ചിത്രമാണ്  ഗ്രേറ്റ് ഫാദര്‍. അതിലെ സന്ദേശം ചിന്തോദ്ദീപകം തന്നെ എന്ന് ഉറപ്പായും പറയാം."പൊക്കിളിനും മുട്ടിനുമിടിയല്‍ സ്ത്രീക്ക് എന്തോ നഷ്ടപ്പെടാനുണ്ട് എന്ന സമൂഹത്തിന്‍റെ തോന്നലിനാണ് അവസാനമാകേണ്ടത് " എന്ന നിലയില്‍ സൈക്കോളജിസ്റ്റിന്‍റ ഒരു ഡയലോഗുണ്ട് ഇതില്‍. അത് ഏറ്റവും ശ്രദ്ധേയമാണ്.  

Monday, 26 June 2017

success story

വിജയരഹസ്യം
ഒരാള്‍ ഒരു തൊഴിലില്‍ വിജയിക്കുന്നതിന്  അത്യാവശ്യം വേണ്ടത്  താത്പര്യവും കൃത്യനിഷ്ഠയുമാണ്. താത്പര്യമില്ലാത്ത ഒരു കുട്ടിയെ വലിയ പണം നല്‍കി മെഡിക്കല്‍ കോളേജില്‍ ചേര്‍ത്താല്‍ അവന്‍ എങ്ങിനെയെങ്കിലും പാസ്സായി വരുമായിരിക്കും, പക്ഷെ ഒരിക്കലും മിടുക്കനായ ഒരു ഡോക്ടറാവില്ല. മറ്റെല്ലാ പ്രൊഫഷനിലും ഇത് ബാധകമാണ്. നല്ല പ്ലംബര്‍,മെക്കാനിക് എന്നൊക്കെ പറയുന്നതും ഇത്തരത്തിലാണ്. എന്‍റെ സുഹൃത്തായ ഒരു ഡോക്ടര്‍ പറഞ്ഞ സ്വാനുഭവം ഇവിടെ കുറിക്കാം.
അദ്ദേഹം പരീക്ഷ അത്യാവശ്യം നല്ല നിലയില്‍ പാസ്സായി  നാട്ടിലെത്തി. വീട്ടിന് മുന്നില്‍ ഒരു ബോര്‍ഡും വച്ചു. വൈകിട്ട് 5 മുതല്‍ എട്ടുവരെ  രോഗികളെ പരിശോധിക്കും എന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ ആരും വന്നില്ല. നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരുദിനം വൈകിട്ട് സുഹൃത്തുക്കള്‍ വന്നു. ഞാനിപ്പോള്‍ വരാം എന്നു പറഞ്ഞ്  അഞ്ചുമണിക്ക് അവര്‍ക്കൊപ്പം  പുറത്ത് പോയി. തിരികെ വന്നപ്പോള്‍  ഒന്‍പത്  മണിയായി. അപ്പോള്‍ വീട്ടിലെ എല്ലാ ലൈറ്റും അണച്ചിരിക്കുന്നു. അച്ഛനും അമ്മയും എവിടെപ്പോയി എന്നാശങ്കപ്പെട്ടപ്പോള്‍ അച്ഛന്‍റെ ശബ്ദം വീട്ടിനുള്ളില്‍ കേട്ടു. വളരെ സ്ട്രിക്ടായ ആളാണ് അച്ഛന്‍. വീട്ടിലേക്ക് കയറാന്‍ നോക്കുമ്പോള്‍  വരാന്തയിലെ ഗ്രില്ല് പൂട്ടിയിരിക്കുന്നു. ബെല്ലടിച്ചിട്ടും തുറക്കുന്നുമില്ല.ആകെ നാണക്കേടായി. രാത്രിയായതിനാല്‍ മറ്റാരും  അറിയുന്നില്ല എന്ന ആശ്വാസം മാത്രം. പടിയില്‍ തന്നെ ഇരുന്നു. എന്താകും ഇങ്ങനെ അച്ഛന്‍ പെരുമാറാന്‍ കാരണം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. കുറേ കഴിഞ്ഞപ്പോള്‍  ഗ്രില്ല് തുറക്കുന്ന ശബ്ദം കേട്ടു. ഇപ്പോള്‍ വീട്ടിലേക്ക് കയറാം എന്ന് കരുതുമ്പോള്‍ അച്ഛന്‍റെ ശബ്ദം കേട്ടു, ഞാന്‍ ഗേറ്റടയ്ക്കാന്‍ വന്നതാണ്. നിനക്ക് പ്രവേശനമില്ല. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു, രാവിലെ ഗോവിന്ദനോട് വരാന്‍ പറഞ്ഞിട്ടുണ്ട്. ഈ ബോര്‍ഡ് ഇളക്കാന്‍. ഒരു സമയം നിശ്ചിച്ചാല്‍ ആ സമയം സ്ഥലത്തുണ്ടാവണം. പറ്റാത്തവര്‍ അതിന് പോകരുത്. അദ്ദേഹം ഗേറ്റടച്ച് തിരികെ പോയി. ഇപ്പോഴാണ്  സാഹചര്യം കൃത്യമായി മനസ്സിലായത്. ഏതോ രോഗി വന്നിട്ടുണ്ടാവണം  എന്നുറപ്പ്. എത്രമണിവരെ പടിയില്‍ ഇരുന്നു എന്നോര്‍ക്കുന്നില്ല. ഒടുവില്‍ അമ്മ വന്ന് അകത്ത് കയറ്റി. നാല് രോഗികള്‍ വന്നിരുന്നു എന്ന് അമ്മ പറഞ്ഞു.

അടുത്ത ദിവസവും പതിവുപോലെ സുഹൃത്തുക്കള്‍ വന്നു. വൈകിട്ട് അഞ്ചിനും എട്ടിനുമിടയില്‍ ഈ പരിസരത്തൊന്നും വന്നുപോകരുതെന്നു പറഞ്ഞ് അവരെ യാത്രയാക്കി. അച്ഛന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു. ആഞ്ച് മണി അല്ലെങ്കില്‍ ആറ് അഥവാ ഏഴ്  എന്ന് സമയം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. നിശ്ചയിച്ചാല്‍  ആ സമയം  മറ്റുള്ളവര്‍ക്കുള്ളതാണ്. അതില്‍ കൃത്യനിഷ്ഠ വേണം. പിന്നെ ചെയ്യുന്ന തൊഴിലിനോട് താത്പ്പര്യവും ആത്മാര്‍ത്ഥതയും വേണം. ഇല്ലെങ്കില്‍ ആ പണിക്ക് പോകരുത്.  ഈ വാക്കുകള്‍ ജീവിതത്തെ കാണുന്ന രീതി തന്നെ മാറ്റിയതായി ഡോക്ടര്‍ പറഞ്ഞു. അതിനുശേഷം ഔദ്യോഗികമായ തിരക്കുകളോ തീരെ ഒഴിവാക്കാനാവാത്ത പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെങ്കില്‍  കൃത്യമായും അഞ്ചിന് മുന്‍പ്  ക്ലിനിക്കില്‍ എത്തിയിരിക്കും. നൂറുകണക്കിന് രോഗികളുടെ  ആശ്രയമായി മാറിയിട്ടുള്ള  ഡോക്ടര്‍ ജീവിതത്തിലെ പല സുഖങ്ങളും ഒഴിവാക്കിയാണ് ഈ പ്രൊഫഷണല്‍ വിജയം നേടിയത്. വൈകുന്നേരത്തെ  സ്റ്റാച്യൂ ജംഗ്ഷനിലെ തിരക്ക് കണ്ട കാലം പോലും മറന്നു എന്ന് ഡോക്ടര്‍ പറയുമ്പോള്‍  നഷ്ടബോധമല്ല, ജോലിയോടുള്ള ആത്മാര്‍ത്ഥതയും  കൃത്യനിഷ്ഠയുമാണ് ആ മുഖത്ത് ദൃശ്യമായത്. 

Monday, 17 April 2017

Birender's fight against exorbitant rate of stent

സ്റ്റെന്‍റിന്‍റെ  വില കുറച്ചു, ബിരേന്ദറിന്‍റെ  വിജയം
രക്തക്കുഴലിലെ തടസ്സം നീക്കുന്ന ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ സ്റ്റെന്‍റിന്‍റെ  വില കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും വളരെ അഭിമാനിക്കുകയും എടുത്ത കടുത്ത നിലപാടിനെ സ്വയം പുകഴ്ത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ അതിന്‍റെ യാഥാര്‍തഥ്യം മറ്റൊന്നാണ്. ഒരു ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥ. ലോകത്ത് പല വലിയ മാറ്റങ്ങളും വരുത്തിയിട്ടുള്ളത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ഭരണാധികാരകളോ അല്ല മറിച്ച് വളരെ സാധാരണക്കാരായ വ്യക്തികളാണ് എന്ന വസ്തുത നമ്മെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു ഈ സംഭവം.
ഇതിന്‍റെ തുടക്കം 2014ലാണ്. അഡ്വ.ബിരേന്ദര്‍ സംഗ്വാന്‍ തന്‍റെ സുഹൃത്തിന്‍റെ അച്ഛനെ കാണാന്‍ ഫരീദാബാദിലെ ഒരാസ്പ്പത്രിയിലെത്തി. അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞു. 1,26,000 രൂപയാണ് സ്റ്റെന്‍റിന്‍റെ വില. ബില്ലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതൊന്നുമില്ല എന്നറിഞ്ഞു.ഹൃദയ സംബ്ബന്ധിയായ രോഗത്തിന് ഉപയോഗിക്കുന്ന സ്റ്റെന്‍റിന്‍റെ വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലില്ല എന്ന് ബോദ്ധ്യപ്പെട്ട ബിരേന്ദര്‍ 2014 ഡിസംബര്‍ 9ന് വിവരാവകാശ നിയമ പ്രകാരം ഇതിന് മറുപടി കിട്ടാനായി കത്ത് നല്‍കി. സ്റ്റെന്‍റ് മരുന്നാണോ അതോ ലോഹമായാണോ കണക്കാക്കുന്നത് എന്നറിയാനായിരുന്നു ആര്‍ടിഐ. മരുന്നാണെന്നും എന്നാല്‍ ഡ്രഗ്സ് ആന്‍റ് കോസ്മറ്റിക്സ് നിയമപ്രകാരം നാഷണല്‍ ലിസ്റ്റ് ഓഫ് എസന്‍ഷ്യല്‍ മെഡിസിനില്‍(NLEM) ഉള്‍പ്പെട്ടിട്ടില്ല എന്നും മനസ്സിലാക്കി. എന്‍എല്‍ഇഎംല്ലില്‍ ഉള്‍പ്പെട്ടാല്‍ മാത്രമെ മരുന്നു വില നിയന്ത്രണ ഓര്‍ഡറില്‍ സ്റ്റെന്‍റ് വരുകയുള്ളു. അങ്ങിനെയല്ലാത്തതിനാല്‍ വില നിയന്ത്രണവുമില്ല എന്ന് മനസ്സിലാക്കി.

ഇതിനെത്തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ സ്റ്റെന്‍റ് NMEL ല്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍  പൊതുതാത്പ്പര്യ ഹര്‍ജി നല്‍കി.ഫെബ്രുവരി 25ന് കോടതി സ്റ്റെന്‍റ് എന്‍എല്‍ഇഎംലില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഒരു നടപടിയുമുണ്ടായില്ല. 2015 ജൂലൈയില്‍ കണ്ടപ്റ്റ് പെറ്റീഷന്‍ നല്‍കി. 2016 ഒക്ടോബറിലാണ് കേസ്സ് കോടതി പരിഗണിച്ചത്. 2016 ജൂലൈ 19 ന് NLEM ല്‍ സ്റ്റെന്‍റ് ഉള്‍പ്പെടുത്തി ഉത്തരവിറക്കി എന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടിയും നല്‍കി. എന്നാല്‍ അതുകൊണ്ടും സ്റ്റെന്‍റിന്‍റെ വില നിയന്ത്രണത്തിനുള്ള സാധ്യത തെളിഞ്ഞില്ല. കെമിക്കല്‍സ്&ഫെര്‍ട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ഡ്രഗ്സിന്‍റെ ഷെഡ്യൂള്‍ -1 ല്‍ സ്റ്റെന്‍റ് ഉള്‍പ്പെടുത്തിയാലെ വില നിയന്ത്രിക്കാന്‍ കഴിയൂ എന്ന് ബോധ്യമായ ബിരേന്ദര്‍ നവംബര്‍ 2016ല്‍ മൂന്നാം പരാതി കോടതിയില്‍ നല്‍കി. 2016 ഡിസംബര്‍ 7ന് കോടതി കേന്ദ്രസര്‍ക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞു. തുടര്‍ന്ന് 2016 ഡിസം.22ന് കോടതി കേന്ദ്രത്തിന് ഇതിനായി സമയം നിശ്ചയിച്ച് നല്‍കി. 2017 മാര്‍ച്ച് 1 ന് മുന്‍പായി വില നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും രോഗിയെ മുഴുവന്‍ വിവരങ്ങളും അറിയിക്കമമെന്നുമായിരുന്നു ഉത്തരവ്. ബ്രാന്‍ഡ് നെയിം, ബാച്ച് നമ്പര്‍ എല്ലാം ഉള്‍പ്പെടുത്തി ബില്ല് നല്കണമെന്നും നിര്‍ദ്ദശിച്ചു. അതിന്‍ പ്രകാരം ഫെബ്രുവരി 14ന് സര്‍ക്കാര് ഉത്തരവിറക്കി.ലോഹ സ്റ്റെന്‍റിന്‍റെ വില 45000ല്‍ നിന്നും 7260 രൂപയും ഡ്രഗ് എല്യൂട്ടിംഗ് സ്റ്റെന്‍റിന്‍റെ വില 1.2 ലക്ഷത്തില്‍ നിന്നും 29600 രൂപയാകുന്ന മാജിക്കാണ് തുടര്‍ന്ന് നമ്മള്‍ കണ്ടത്. പ്രണയത്തിന്‍റെ ചിഹ്നം ഹൃദയമായതും ബിജെപി ഇഷ്ടപ്പെടാത്ത പ്രണയ ദിനമായ വാലന്‍റൈന്‍സ് ദിനത്തില്‍ ഉത്തരവിറങ്ങയതും യാദൃശ്ഛികമാകാം. ഏതായാലും ഹൃദ്രോഗികള്‍ എന്നെന്നും കടപ്പെട്ടിരിക്കുന്ന ഒരു പേരാണ് ബിരേന്ദര്‍ സംഗ്വാന്‍. നമുക്ക് ഹൃദയത്തില്‍ തൊട്ട് ഈ ചങ്ങാതിയെ അഭിനന്ദിക്കാം. ഒപ്പം ഒരു ചോദ്യവുമാകാംനിസ്സാരങ്ങളായ വിഷയങ്ങള്‍ക്ക് പിന്നാലെ ഓടി നടക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എന്തുകൊണ്ട് ഇത്തരം സുപ്രധാനമായ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്നില്ല, അതിന് കഴിയുമ്പോള്‍ മാത്രമെ നമ്മുടെ ജനാധിപത്യത്തിന് പക്വത വരുകയുള്ളു എന്ന് നമുക്ക് കരുതാം. 

Tuesday, 28 February 2017

On Athirappilli Project


ആതിരപ്പള്ളി  വൈദ്യുതി പദ്ധതി  ഇനി വൈകിക്കൂട
അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കേണ്ടിയിരുന്ന  ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എന്താണ് സംഭവിച്ചത് ? പദ്ധതിയുടെ പാരിസ്ഥിതിക പഠനം നടത്തിയ  പരിസ്ഥിതി- സുസ്ഥിര വികസന വിദഗ്ധന്‍‍ ഡോക്ടര്‍ കെ.രവിയുമായി വി.ആര്‍.അജിത് കുമാര്‍ നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.ഡോക്ടര്‍ കെ.രവി ലണ്ടനിലെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റിലെ പരിസ്ഥിതി -സുസ്ഥിര വികസന പോളിസി കണ്‍സള്‍ട്ടന്‍റും  സംസ്ഥാന സര്‍ക്കാരിന്‍റെ  സുസ്ഥിര വികസന  ഉപദേശകനുമായിരുന്നു.
അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതി ബോര്‍ഡ് സര്‍വ്വെ നടത്തിയ ജലവൈദ്യുതി പദ്ധതിയാണ് ആതിരപ്പള്ളി. സര്‍വ്വെ നടത്തിയെങ്കിലും പദ്ധതി വെള്ളച്ചാട്ടത്തെ ബാധിക്കും എന്ന കണക്ക് കൂട്ടലില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് ഇത് സംബ്ബന്ധിച്ച് പുനര്‍ചിന്തനം നടന്നത് തികച്ചും യാദൃശ്ഛികമായായിരുന്നു. 1996 ജനുവരിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി കേരള ഹൌസില്‍ എത്തിയ എന്‍റെ മുറിയില്‍, മറ്റ് മുറികളില്‍ ഒഴിവില്ലാതിരുന്നതിനാലാണ് അന്ന് വൈദ്യുതി ബോര്‍ഡ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയറായിരുന്ന ശേഷയ്യര്‍ എത്തിച്ചേര്‍ന്നത്. അതും രാത്രി പന്ത്രണ്ട് മണിക്ക്. അന്ന് ഞങ്ങള്‍ പരിചയപ്പെടാതെ കിടന്നുറങ്ങി. എന്നാല്‍ അടുത്ത ദിവസം മറ്റൊരു മുറിയിലേക്ക് താമസം മാറിയ ശേഷനുമായി പരിചയപ്പെടുകയും ഒരു ദീര്‍ഘസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അദ്ദേഹം സുപ്രീംകോടതിയിലെ ഒരു കേസ്സുമായി ബന്ധപ്പെട്ട് വന്നതായിരുന്നു. കേരളത്തിലെ വൈദ്യുതി ക്ഷാമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ആതിരപ്പള്ളി വിഷയമായത്. നല്ല പദ്ധതിയായിരുന്നു,പക്ഷെ വെള്ളച്ചാട്ടത്തെ ബാധിക്കുമെന്നതിനാല്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആതിരപ്പള്ളിയില്‍ ഇത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ശേഷന്‍ പറഞ്ഞു. വെള്ളച്ചാട്ടം നിലനിര്‍ത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാം എന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വച്ചു. ലോകത്തിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടമായ നയാഗ്രയുടെ മാതൃക നമുക്ക് മുന്നിലുള്ളത് ഞാന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു മണിവരെ വെള്ളച്ചാട്ടം നിലനിര്‍ത്തുകയും രാത്രിയില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ വിജയകരമായ സാധ്യത.
                    പൊതുവെ ഇത്തരം ചര്‍ച്ചകള്‍ ചര്‍ച്ചകളായി അവസാനിക്കുകയേ ഉള്ളു. എന്നാല്‍ ഈ ചര്‍ച്ചയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ശേഷന്‍ കേരളത്തലെത്തിയ ഉടന്‍ അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ രാജഗോപാല്‍ ഐഎഎസുമായി  ഈ വിഷയം ചര്‍ച്ച ചെയ്തു. പദ്ധതിയുടെ സാധ്യതകള്‍ ബോധ്യമായ അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് മുന്നില്‍ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടി. ആശയം അവതരിപ്പിച്ച വ്യക്തിയോട് തന്നെ പുന:പരിഗണന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെടാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നെ വിവരമറിയിച്ചതിന്‍ പ്രകാരം വൈദ്യുതി ബോര്‍ഡിലെ രേഖകള്‍ പരിശോധിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ റിപ്പോര്‍ട്ട പരിഗണിക്കുകയും  പദ്ധതി തത്വത്തില്‍ അംഗീകരിക്കുകയും പാരിസ്ഥിതിക പഠനം നടത്തിയ ശേഷം അനുമതി സംബ്ബന്ധിച്ച് തീരുമാനിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പാരിസ്ഥിതിക പഠനത്തിനായി ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ  ചുമതലപ്പെടുത്തി. ജെഎന്‍ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോക്ടര്‍ പുഷ്പാംഗദന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ഞാന്‍ പ്രിന്‍സിപ്പല്‍ കോ ഇന്‍വെസ്റ്റിഗേറ്ററും കണ്‍വീനറുമായി രൂപീകരിച്ച ശാസ്ത്രജ്ഞരുടെ സംഘം വിശദമായ പാരിസ്ഥിതികാഘാതപഠനം  നടത്തി. 1997 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു. ലോകത്തെ ആദ്യത്തെ സുസ്ഥിര വികസന ജലസേചന പദ്ധതിയായിരുന്നു ഇത്. 163 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് 26.2 ഹെക്ടര്‍ വനഭൂമി മാത്രമെ ജലത്തിനടിയിലാവുന്നുള്ളു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 102 ഹെക്ടര്‍ പ്രദേശം ആകെ മുങ്ങുമെങ്കിലും സര്‍വ്വെ നടന്ന 1996 സെപ്തംബര്‍ -ഡിസംബര്‍ കാലത്തെ രേഖപ്പെടുത്തല്‍ പ്രകാരം നഷ്ടമാകുന്ന പച്ചപ്പ് 26.2 ഹെക്ടറും ബാക്കി കല്ലും പാറയും നിറഞ്ഞ പ്രദേശങ്ങളുമായിരുന്നു. പാരിസ്ഥിതിക പഠനത്തിന് പുറമെ സാമൂഹിക ആഘാതപഠന റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഞാനും കേന്ദ്ര പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഡോക്ടര്‍ മാധവ കുറുപ്പും ചേര്‍ന്നാണ് പഠനം നടത്തിയത്. അന്ന് മൂന്ന് ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്നത്. ഇവരെ പുനരധിവസിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 1997 മാര്‍ച്ച് ആദ്യ വാരം കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പ്രാരംഭ അനുമതി നല്‍കി. വൈദ്യുതി വകുപ്പിന് പാരിസ്ഥിതികാനുമതി ലഭിച്ച ആദ്യ പദ്ധതിയായിരുന്നു ഇത്. അന്ന് വൈദ്യുതി മന്ത്രി, ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു. അദ്ദേഹം കാണണമെന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ ഓഫീസില്‍ പോയി അദ്ദേഹത്തെ കണ്ടു. റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതില്‍ അദ്ദേഹം അഭിനന്ദിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. അടുത്തയാഴ്ച കോമണ്‍മെല്‍ത്ത് പരിസ്ഥിതി സുസ്ഥിര വികസന ഉപദേശകനായി ലണ്ടനിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ നിങ്ങളെപ്പോലുള്ളവരെ നാടിന് ആവശ്യമുണ്ട് എന്നദ്ദേഹം പറഞ്ഞു. മൂന്ന് കൊല്ലത്തേക്കുള്ള നിയമനമാണ് ,അതിനു ശേഷം തിരികെ വരും എന്നു പറഞ്ഞ് യാത്രയാവുകയും ചെയ്തു.
ഞാന്‍ രണ്ടായിരത്തില്‍ തിരികെ വരുമ്പോഴും പദ്ധതിക്ക് ഒന്നും സംഭവിച്ചിരുന്നില്ല. ഇത് നമ്മുടെ നാടിന്‍റെ മാത്രമായ ഒരു പ്രത്യേകതയാണ്.എല്ലാ സാഹചര്യങ്ങളും അനുകൂലമായാലും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകില്ല. ഇതിനിടെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ക്ഷന്‍ കോര്‍പ്പറേഷന് കരാര്‍ കൊടുത്തിരുന്നെന്നും പ്രാരംഭജോലികള്‍ തുടങ്ങിയിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. അപ്പോഴേക്കും പരിസ്ഥിതിവാദികള്‍ ചാലക്കുടി പുഴ സംരക്ഷണ സമിതി എന്ന പേരില്‍ ഉദയം ചെയ്യുകയും പദ്ധതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. പഠനം ശരിയായ രീതിയിലല്ല നടന്നത് എന്നു കാണിച്ച് അവര്‍ ഹൈക്കോടതിയില്‍ കേസ്സും നല്‍കി. തുടര്‍ന്ന് വാപ്കോസ് എന്ന സംഘടന വീണ്ടും പരിസ്ഥിതി പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോഴും കേന്ദ്രം അനുമതി നല്‍കുകയാണുണ്ടായത്. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ് ഉഷ സുകുമാരന്‍റെ മുന്നില്‍ കേസ്സ് വന്നപ്പോള്‍ വൈദ്യുതി ബോര്‍ഡിനെ സഹായിക്കാന്‍ ഞാനും പോയിരുന്നു. രാത്രി സമയത്ത് വൈദ്യുതി ഉതിപ്പാദിപ്പിക്കുമ്പോള്‍ പന്ത്രണ്ട് മണിക്കൂര്‍ വെള്ളച്ചാട്ടം  ഉണ്ടാവില്ല. ഡാമില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെന്‍സ്റ്റോക്കിലൂടെ ജലം താഴെ എത്തിയാവും വീണ്ടും നദിയില്‍ ചേരുക. അപ്പോള്‍ ഡാമിനും പെന്‍സ്റ്റോക്കിനുമിടയിലുള്ള സ്ഥലത്തെ മത്സ്യങ്ങള്‍ എങ്ങിനെ ജീവിക്കും എന്നതായിരുന്നു അവിടെ ഉയര്‍ന്നുവന്ന പ്രധാന തടസ്സവാദം.മത്സ്യങ്ങള്‍ക്ക് ഈ രണ്ട് കിലോമീറ്ററിനിടയില്‍ ജീവിക്കാന്‍  കഴിയുന്ന ചെറുകിണറുകള്‍ പോലുള്ള ഇടങ്ങളുണ്ട് ,അവര്‍ക്ക് അതില്‍ അതിജീവിക്കാം എന്ന് വൈദ്യുതി ബോര്‍ഡ് വാദിച്ചു. ഇങ്ങനെ വാദങ്ങളും എതിര്‍ വാദങ്ങളും പുതിയ പുതിയ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദങ്ങളുമായി നമ്മള്‍ കഴിയവെ ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ജലവൈദ്യുത-ജലസേചന പദ്ധതിയായ സര്‍ദാര്‍ സരോവര്‍ നര്‍മ്മദയുടെ കുറുകെ ഉയര്‍ന്നു വന്നു. ഇതിന്‍റെ പാരിസ്ഥിതിക പഠനവും എന്‍റെ നേതൃത്വത്തില്‍ ബറോഡ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് നടത്തിയത്. ആ റിപ്പോര്‍ട്ട് ലോകബാങ്കിന് സമര്‍പ്പിക്കുകയും അത് അംഗീകരിക്കുകയും ലോകബാങ്ക് പണം അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ സാമൂഹിക പുനരധിവാസ നയം ശരിയായ രീതിയിലല്ല എന്നു പറഞ്ഞ് മേധാ പട്ക്കര്‍ സുപ്രീംകോടതിയില്‍ കേസ്സ് കൊടുക്കുകയും ദീര്‍ഘനാള്‍ വാദം നടക്കുകയും ചെയ്തു. രണ്ടിടത്തേയും വാദങ്ങളുടെ പ്രത്യേകതകള്‍ ശ്രദ്ധേയമാണ്. നര്‍മ്മദയില്‍ ആയിരക്കണക്കിന് ആദിവാസികളുടെ പുനരധിവാസമായിരുന്നു വിഷയമെങ്കില്‍ ആതിരപ്പള്ളിയില്‍ രണ്ട് കിലോമീറ്റര്‍ പ്രദേശത്തെ മത്സ്യങ്ങളുടെ ജീവനായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. രണ്ട് വര്‍ഷത്തെ വാദത്തിനുശേഷം നര്‍മ്മദ പദ്ധതിക്ക് സുപ്രിംകോടതി പച്ചക്കൊടി കാട്ടി. പദ്ധതിയുടെ പ്രധാന ഗുണഭോക്താവായ ഗുജറാത്ത് കാര്‍ഷിക വ്യവസായ മേഖലയില്‍ നര്‍മ്മദ പദ്ധതി വഴി വന്‍കുതിപ്പ് നടത്തി. വെള്ളം കിട്ടാതെ ഉഴലുകയായിരുന്ന റാന്‍ ഓഫ് കച്ചിലെയും രാജസ്ഥാനിലെയും ജനതയ്ക്ക് കുടിവെള്ളമെത്തിക്കാനും പദ്ധതി പ്രയോജനപ്പെട്ടു. ഇവിടെ വിനോദ സഞ്ചാര സാധ്യതകള്‍ നിലനിര്‍ത്തി ,സുസ്ഥിര വികസനം ഉറപ്പാക്കി പദ്ധതി നടപ്പാക്കാന്‍ കഴിയും എന്ന് ബോധ്യമുണ്ടായിട്ടും ഭൂരിപക്ഷ ജനത ആതിരപ്പള്ളിയെ എതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ ഊര്‍ജ്ജം അധികമായി ഉത്പ്പാദിപ്പിച്ച് അന്യരാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന ഇന്ത്യയില്‍ വേറിട്ട് നില്‍ക്കുന്ന സംസ്ഥാനമായി നമ്മള്‍ മാറി. ഇവിടെ ആകെ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്‍റെ പത്ത് ശതമാനമെ സംസ്ഥാനം ഉത്പ്പാദിപ്പിക്കുന്നുള്ളു .ബാക്കി തൊണ്ണൂറ് ശതമാനവും വലിയ വില കൊടുത്ത് വാങ്ങുകയാണ്. വിലയ്ക്ക് വൈദ്യുതി ലഭ്യമാകാന്‍  തടസ്സമുണ്ടാകുമ്പോള്‍ ഇരുന്നു വിയര്‍ക്കാനും ഉള്ള വ്യവസായങ്ങള്‍ പൂട്ടിയിടാനുമെ കഴിയുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
മറ്റൊരു യാഥാര്‍ത്ഥ്യം കൂടി പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാണാതെ പോകുന്നു. ഇപ്പോള്‍ മാര്‍ച്ച് മുതല്‍ മെയ് വരെ വറ്റി വരളുന്ന വെള്ളച്ചാട്ടത്തെ പദ്ധതി വന്നാല്‍ മുഴുവന്‍ കാലവും നിലനില്‍ക്കുന്നവിധത്തില്‍ ആവിഷ്ക്കരിക്കാന്‍ കഴിയും എന്നതാണത്. അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തുന്ന ജലം പകല്‍ സമയം തുറന്നുവിട്ട് വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ കഴിയും. ഈ സത്യം പാരിസ്ഥിതിക വിദഗ്ധരും കേരള ജനതയും മനസ്സിലാക്കേണ്ടതുണ്ട്.നമുക്ക് മുന്നില്‍ ഒരൊറ്റ ചോദ്യമെ ബാക്കിയുള്ളു, കേന്ദ്രം രണ്ട് വട്ടം പാരിസ്ഥിതികാനുമതി  നല്‍കിയ പദ്ധതിയുമായി മുന്നോട്ടു പോവുകയും വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുകയും  വൈദ്യുതി ക്ഷാമത്താല്‍ നട്ടംതിരിയുന്ന കേരളത്തിന് നാമമാത്രമായ വനനഷ്ടത്തിലൂടെ  163 മെഗാവാട്ട് വൈദ്യുതി  നേട്ടമുണ്ടാക്കുകയും ചെയ്യണമോ അതോ അനാവശ്യ ചര്‍ച്ചകളിലൂടെയും വിവാദങ്ങളിലൂടെയും  ഇനിയും മുന്നോട്ട് പോകണമോ  എന്നതാണാ ചോദ്യം. ഇക്കാര്യത്തില്‍ ഒരുറച്ച നിലപാടെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. 

Tuesday, 20 September 2016

I have no caste-- centenary of Sree Narayana Guru's Proclamation


നമുക്ക്  ജാതിയില്ല

കൊല്ലവര്‍ഷം 1091 മിഥുനമാസം (1916) പ്രബുദ്ധ കേരളം മാസികയില്‍ ശ്രീനാരായണ ഗുരുവിന് ഒരു പരസ്യം നല്‍കേണ്ടിവന്നു. അതിങ്ങനെയായിരുന്നു. നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ച് നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളു എന്നും മേലും ചേര്‍ക്കുകയുള്ളു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
ആ വര്‍ഷം തന്നെ ഗുരു ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിനോടും വിട പറഞ്ഞു. യോഗത്തിന്‍റെ നിശ്ചയങ്ങളെല്ലാം നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിന്‍റെ ആനുകൂല്യം ഒന്നും നമ്മെ സംബ്ബന്ധിച്ച കാര്യങ്ങളില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചു വരുന്നതുകൊണ്ടും മുമ്പേതന്നെ നാം മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
മഹാത്മാ ഗാന്ധി ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പിരിച്ചു വിടണമെന്നാവശ്യപ്പെട്ടതിനോടും സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുന്‍പ് തന്നെ ഇന്ത്യയിലെ  ഭരണ നേതൃത്വങ്ങളില്‍ നിന്നും അകലം സൂക്ഷിച്ചതിനോടും സമാനമായ സംഭവങ്ങളാണിത്. ഗുരുദേവന്‍റെ അനുഭവം ഗാന്ധിജിക്കുമുണ്ടായി എന്ന് സംഭവങ്ങളുടെ മൂപ്പുമുറവച്ച് നമുക്ക് പറയാന്‍ കഴിയും. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ കറകളഞ്ഞ പ്രവര്‍ത്തനം നടത്തുകയും സ്വാര്‍ത്ഥമോഹങ്ങള്‍ ഇല്ലാതിരിക്കുകയും  ചെയ്യുന്ന ഏതൊരു നേതാവിനുമുണ്ടാകുന്ന അനുഭവങ്ങളാണിത്.  അധികാരം പിടിച്ചടക്കാനും നിലനിര്‍ത്താനും , ജാതിയും മതവും  ഉപയോഗപ്പെടുത്തുന്നത് സംഘശക്തികളുടെ തന്ത്രങ്ങളാണ് എന്നതും അതാണ് ചരിത്ര നിര്‍മ്മിതിയെന്നതും തിരിച്ചറിയുന്നവര്‍ക്ക് ഇവയെല്ലാം ആവര്‍ത്തിക്കപ്പെടും എന്നതില്‍ അത്ഭുതം തോന്നില്ല. മാത്രമല്ല സമൂഹം എല്ലായ്പ്പോഴും ഇവിടെ കാഴ്ചക്കാര്‍ മാത്രമാകുന്നു എന്നതും യാഥാര്‍ത്ഥ്യം മാത്രമാണ്.
നമുക്ക് ജാതിയില്ല എന്ന് ഗുരുദേവന്‍ പ്രസ്താവിച്ചതിന്‍റെ ശതാബ്ദി  ആഘോഷിക്കുന്ന ഈ വേളയില്‍ സര്‍ക്കാരും വിവിധ സാംസ്ക്കാരിക സാമൂഹിക സംഘടനകളും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും അതിലെല്ലാം രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്യുമെന്നത് പുതുമയില്ലാത്ത കാര്യമാണ്. അവരെല്ലാം ജാതിയും മതവുമല്ല മനുഷ്യനാണ് പ്രധാനം എന്നൊക്കെ പറയുമെന്നും ഗുരുദേവനെ ദൈവമായി വാഴ്ത്തുമെന്നുമൊക്കെ മനസിലാക്കാന്‍ സാമാന്യബുദ്ധി മതിയാകും.
നമുക്ക് ജാതിയില്ല എന്ന് ഗുരുദേവന്‍ പറയേണ്ടി വന്നത് അദ്ദേഹത്തെ ഈഴവ നേതാവാക്കാന്‍ ആ സമുദായത്തിലെ ഉന്നതരും അങ്ങിനെ ചിത്രീകരിച്ച് ചെറുതാക്കാന്‍ മറ്റ് മതനേതാക്കളും ശ്രമിച്ചിരുന്ന കാലത്താണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ചാതുര്‍വര്‍ണ്ണ്യത്തിനും മതംമാറ്റത്തിനുമെതിരെ ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ച മഹാന്മാരുടെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നിട്ടുകൂടി ഗുരുവിന് തോല്‍ക്കേണ്ടിവന്നു. ഇന്നായിരുന്നെങ്കില്‍ ദുരന്തം ഇതിലും വലുതാകുമായിരുന്നു. വിഗ്രഹങ്ങളെ എതിര്‍ത്ത ഗുരുദേവനെ വിഗ്രഹമാക്കിയവരും കള്ള് ചെത്തരുത്,വില്ക്കരുത്,കുടിക്കരുത് എന്നുപദേശിച്ച അദ്ദേഹത്തിന്‍റെ ചിത്രം വച്ച് പൂജ ചെയ്ത ശേഷം കള്ളുഷാപ്പും ബാറും നടത്തുകയും ചെയ്യുന്നവരും പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്തവര്‍ ഗുരുദേവ ശിഷ്യന്മാരെന്നഭിമാനിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോഴും അദ്ദേഹം ഏതുവിധം ഇതിനോട് പ്രതികരിക്കുമായിരുന്നു എന്നു ചിന്തിക്കാന്‍ പോലും കഴിയില്ല. നമുക്ക് ജാതിയില്ല എന്ന പ്രസ്താവനപോലും രാഷ്ട്രീയ ആയുധമായി മാറുകയാണ്. വരും ദിവസങ്ങളില്‍ സാത്വികനായ ഈ മഹാന്‍ ഏതൊക്കെ വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നത് ആകുലതയോടെ മാത്രമെ വീക്ഷിക്കാന്‍ കഴിയൂ.

ഒരു കാര്യം സത്യമാണ്. ജാതിയും മതവും വ്യക്തികളില്‍ മാത്രം സ്വാധീനം ചെലുത്തുംവിധം ഇവ രണ്ടും സമൂഹത്തില്‍ ഇടപെടുന്നത് ഒഴിവാകണമെങ്കില്‍ അതിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം. ഒരു പാര്‍ട്ടിക്കല്ല,മുഴുവന്‍ പാര്‍ട്ടികള്‍ക്കും അതുണ്ടാവണം. ഒരിക്കലും അവസാനിക്കാത്ത സംവരണ നയവും സമുദായങ്ങളിലെ സമ്പന്നര്‍ ആ സമുദായത്തിലെ തന്നെ പാവങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്. അധികാരവും പദവിയും സമ്പന്നര്‍ക്ക് മാത്രം തുടര്‍ന്നും കിട്ടുന്ന വിധമാണ് സംവരണത്തിന്‍റെ സാമ്പത്തിക ക്രീമീലെയര്‍. ലെയറിന്‍റെ തലം ഉയരുകയാല്ലാതെ കുറയുകയില്ല. അതുകൊണ്ടുതന്നെ ജാതിയും മതവും ഇന്ത്യന്‍ സമൂഹത്തില്‍ ഇല്ലാതാവുകയില്ല. വിദ്യാഭ്യാസ-തൊഴില്‍-രാഷ്ട്രീയ മേഖലകളില്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ടി വരുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നമ്മള്‍ മുന്നില്‍ കാണേണ്ടതുണ്ട്.(കേരളവും ഭൂമിയുമൊക്കെ നിലനില്‍ക്കുമെങ്കില്‍!!).അങ്ങിനെ  കാണുമ്പോള്‍ ഗുരുദേവന്‍റെ നമുക്ക് ജാതിയില്ല വിളംബരത്തിന്‍റെ മഹത്തരമായ സഹസ്രാബ്ദി വരെ ആഘോഷിക്കാന്‍ വരുംതലമുറകള്‍ക്ക് അവസരമുണ്ടാകുമെന്ന് ധൈര്യസമേതം പറയാന്‍ കഴിയും. 

Monday, 29 August 2016

snow by Orhan Pamuk

ഓര്‍ഹന്‍ പാമുക്കിന്‍റെ മഞ്ഞ്
ഓര്‍ഹന്‍ പാമുക്കിന്‍റെ  മഞ്ഞ് എന്ന രചന തുര്‍ക്കിയുടെ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ  തുടക്കവുമാകുന്ന ഒരു കാലഘട്ടത്തിന്‍റെ കഥയാണ് പറയുന്നത്. 2016ല്‍ എത്തുമ്പോള്‍ അത് അതിനേക്കാള്‍ എത്രയോ ഭീകരവും ഭീതിജനകവുമായി മാറി  എന്നു നമുക്ക് കാണാന്‍ കഴിയും. മതതീവ്രവാദവും വ്യവസ്ഥിതിയോടുള്ള എതിര്‍പ്പും യൂറോപ്പിനോടുള്ള മമതയും ഒക്കെ ഇടകലരുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന 484 പേജുള്ള നോവല്‍. നമുക്ക് മനസ്സിലാകാത്ത പരിസരങ്ങളും രാഷ്ട്രീയ-മത അന്തര്‍ധാരകളും പ്രണയവും സാഹിത്യവും  ഒക്കെ ഇടകലരുമ്പോള്‍ രചന തീവ്രമാണെങ്കിലും  അതിനൊപ്പമുള്ള സഞ്ചാരം കുറച്ചു വിഷമകരമാണ്.
മനുഷ്യ ജീവികള്‍ ദൈവത്തിന്‍റെ മാസ്റ്റര്‍പീസുകളാണ്, ആത്മഹത്യ ഈശ്വര നിന്ദയാണ്  എന്ന് നോവലിനവസാനം വരുന്ന ഒരു പോസ്റ്ററുണ്ട്. അത് ഈ നോവലിന്‍റെ സന്ദേശവുമാണ്. കാ എന്ന പത്രപ്രവര്‍ത്തകനായ കവി പന്ത്രണ്ടു വര്‍ഷത്തെ ജര്‍മ്മന്‍ പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി സഹപാഠിയും വിവാഹമോചിതയുമായ യൂപ്ക എന്ന സുന്ദരിയെ കണ്ടെത്തുന്നതും അവരുടെ പ്രണയവും നോവലിന്‍റെ  രസച്ചരടുകളാക്കി, അതിതീവ്രമായ സാമൂഹിക പ്രശ്നങ്ങളാണ് നോവലില്‍ ഓര്‍ഹന്‍ അവതരിപ്പിക്കുന്നത്. എര്‍സ്സ്യുറത്തില്‍ നിന്നും കാര്‍സിലേക്കുള്ള ബസ് യാത്രയുടെ വിവരണം തന്നെ ആ നാടിന്‍റെ അവസ്ഥ നമുക്ക് വെളിവാക്കിത്തരുന്നതാണ്. മഞ്ഞുമൂടിയ ഒരിടത്തുകൂടിയുള്ള  അതിസാഹസികമായ യാത്ര നമുക്കനുഭവമാക്കുന്നതില്‍ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
മാലിന്യക്കൂമ്പാരങ്ങള്‍ക്കും നനഞ്ഞ മണ്ണിനും അന്ധകാരത്തിനും മുകളില്‍ മൂടുപടം വിരിച്ച മഞ്ഞ് വിശുദ്ധിയെക്കുറിച്ച് കായോട് സംസാരിക്കുകയായിരുന്നു എന്നതൊക്കെ മനോഹര ബിംബങ്ങളാണ്. പെണ്‍കുട്ടികളുടെ ആത്മഹത്യകളും മേയറുടെ വധവുമൊക്കെ തുര്‍ക്കിയില്‍ വരാനിരിക്കുന്ന അരാജകത്വത്തിന്‍റെ ലക്ഷണങ്ങളായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.
പ്രവാസജീവിതം മതിയാക്കി ഇസ്താംബൂളിലെത്തിയ കായ്ക്ക് നഗരത്തിനുണ്ടായ മാറ്റം നിരാശ ജനിപ്പിച്ചതിനാലാണ് അയാള്‍ ബാല്യം ചിലവിട്ട കാര്‍സിലേക്ക് , അധികം പുരോഗതിയുണ്ടായിട്ടില്ലാത്ത, അവിടേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. അവസാനമില്ലാത്ത യുദ്ധങ്ങളും വിപ്ലവങ്ങളും  അക്രമങ്ങളും കൂട്ടക്കുരുതികളും കാര്‍സിന് പുതുമയായിരുന്നില്ല. അര്‍മീനിയ, റഷ്യ,ബ്രിട്ടന്‍ എന്നിങ്ങനെ അധിനിവേശത്തിന്‍റെ നാളുകള്‍. സെര്‍ദാര്‍ ബയി കായോട് പറയുന്നത് പ്രസക്തമാണ്, പണ്ടുകാലത്ത് നമ്മളെല്ലാവരും സഹോദരന്മാരായിരുന്നു. പക്ഷെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓരോരുത്തരും  ഞാനൊരു അസ്സേറിയനാണ്,കുര്‍ദാണ്,റ്റെര്‍ക്കീമിയനാണ് എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകളും അവരുടെ  റ്റിഫിലിസ് റേഡിയോയുമാണ് ഗോത്രവര്‍ഗ്ഗബോധം വളര്‍ത്തിയതും പ്രചരിപ്പിച്ചതും. തുര്‍ക്കിയെ വിഭജിച്ച് നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇന്ന് എല്ലാവരും പണ്ടത്തേതിലും അഭിമാനികളാണ്,കൂടുതല്‍ ദരിദ്രരും.
ഈ നഗരത്തില്‍ സകലരും ആത്മഹത്യ ചെയ്യുന്നതെന്ത് എന്ന ചോദ്യത്തിന് യൂപ്കിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, എല്ലാവരും ആത്മഹത്യ ചെയ്യുന്നില്ല,സ്ത്രീകളും പെണ്‍കുട്ടികളും മാത്രം. പുരുഷന്മാര്‍ മതത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുകയും സ്ത്രീകള്‍ സ്വയം കൊല്ലുകയും ചെയ്യുന്നു.
തലമറച്ചു  വന്ന പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കിയ സ്ഥാപന ഡയറക്ടറെ കൊലചെയ്യും മുന്‍പ് കൊലയാളിയുടെ വാദം ഇങ്ങനെയാണ് പ്രൊഫസര്‍ ന്യൂറിയില്‍ മാസ്, നിങ്ങള്‍ ദൈവഭയമുള്ളവാനെണെങ്കില്‍  , വിശുദ്ധ ഖുര്‍ ആന്‍ ദൈവവചനമാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍,ദൈവികപ്രകാശം എന്ന ശീര്‍ഷകത്തില്‍ കൊടുത്തിരിക്കുന്ന അധ്യായത്തിന്‍റെ മുപ്പത്തിയൊന്നാം വാക്യത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം എന്താണ്?
സ്ത്രീകള്‍ അവരുടെ ശിരസ്സും മുഖവും മറയ്ക്കണമെന്ന് ആ വാക്യത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എങ്കില്‍ തലയില്‍ സ്കാര്‍ഫ് ധരിച്ച പെണ്‍കുട്ടികളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കാനുള്ള  നിങ്ങളുടെ തീരുമാനവും ദൈവശാസനവും തമ്മില്‍  എങ്ങിനെ പൊരുത്തപ്പെടും
നമ്മള്‍ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നത്, മതേതര സര്‍ക്കാരാണ് തീരുമാനമെടുത്തത്.
ക്ഷമിക്കണം സാര്‍, ഗവണ്മെന്‍റിന്‍റെ  നിയമത്തിന്, നമ്മുടെ ദൈവത്തിന്‍റെ നിയമം റദ്ദാക്കാനുള്ള അധികാരമുണ്ടോ?
ഒരു മതേതര രാജ്യത്ത് ഇവ രണ്ടും വ്യത്യസ്ത വകുപ്പുകളാണ്
മതേതരം എന്നാല്‍ നാസ്തികത്വം എന്നാണോ ഉദ്ദേശിക്കുന്നത്
അല്ല
അങ്ങനെയെങ്കില്‍ മതനിയമങ്ങള്‍ അനുസരിക്കുന്ന കുട്ടികളെ പുറത്താക്കുന്നതെന്തിന്?
മകനെ,ഇത്തരം വാദപ്രതിവാദങ്ങള്‍ക്ക്  ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയില്ല.
സാര്‍,നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസപരവും മതപരവുമായ സ്വാതന്ത്ര്യവുമായി ഇവയെല്ലാം എങ്ങിനെ പൊരുത്തപ്പെടും.സാര്‍,അങ്കാറയില്‍ നിന്നുള്ള കല്‍പ്പനയാണോ അതോ ദൈവത്തില്‍ നിന്നുള്ള കല്‍പ്പനയാണോ പ്രാധാന്യം അര്‍ഹിക്കുന്നത്."
എന്‍റെ ചങ്ങാതി, മോഷ്ടാക്കളുടെ കരങ്ങള്‍ ഛേദിച്ചു കളയണമെന്നും ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട്.പക്ഷെ,നമ്മുടെ രാജ്യം അപ്രകാരം ചെയ്യുന്നില്ല. നിങ്ങള്‍ അതിനെതിരായി ഒന്നും പറയുന്നില്ലല്ലോ?
ഒന്നാംന്തരം മറുപടി,നമ്മുടെ സ്ത്രീകളുടെ മാനത്തിന് തുല്യമായി ഒരു മോഷ്ടാവിന്‍റെ കരം കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും. അമേരിക്കന്‍ ബ്ലാക്ക് മുസ്ലിം പ്രൊഫസര്‍ മാര്‍വിന്‍ കിങ്ങ് പ്രസിദ്ധീകരിച്ച സ്ഥിതിവിവര കണക്ക് അനുസരിച്ച്, സ്ത്രീകള്‍ മൂടുപടം ധരിക്കുന്ന ഇസ്ലാമിക് രാജ്യങ്ങളില്‍ ബലാല്‍സംഗം വളരെ വളരെ കുറവാണ്. സ്ത്രീപീഢന പരാതികള്‍ ഉണ്ടാകുന്നതേയില്ല. ഹെഡ് സ്കാര്‍ഫ് ധരിച്ച സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ശരിയാണോ?

ഇത്തരത്തിലുള്ള സംഭാഷണം ഒടുവില്‍ പ്രോഫസറുടെ നെഞ്ചിലൂടെ ഒരുണ്ടപായുന്നിടത്ത് അവസാനിക്കുകയാണ്. ഈ വിധം മതവും അധികാരവും തമ്മിലുള്ള സംഘര്‍ഷവും കുടുംബബന്ധങ്ങളും അവയുടെ പരാജയങ്ങളും ഇടകലരുന്ന നോവലില്‍ ,മരണപ്പെടുന്ന കായുടെ ജീവിതം അന്വേഷിക്കുന്ന കഥാകാരനെയാണ് നാം കാണുന്നത്. ഡിസി ബുക്സിനുവേണ്ടി ജോളി വര്‍ഗ്ഗീസാണ് വിവര്‍ത്തനെ നിര്‍വ്വഹിച്ചിരിക്കുന്നത്. വില250 രൂപ