Monday, 5 January 2026

When Antony Raju becomes disqualified

 

ആന്‍റണി രാജു അയോഗ്യനാകുമ്പോള്‍!!

  വി.ആര്‍.അജിത് കുമാര്‍

(ഇന്ന് (06.01.2026) തനിനിറം പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം )

 

ഒരാള്‍ അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങും മുന്നെ നടത്തുന്ന സത്യപ്രതിജ്ഞയില്‍ പറയുന്നത് ഭാരതീയ ഭരണഘടനയോട് വിശ്വാസവും കൂറും പുലര്‍ത്തുമെന്നും അഭിഭാഷകവൃത്തിയുടെ അന്തസ്സും പാരമ്പര്യവും അവകാശങ്ങളും കാത്തുസൂക്ഷിക്കാന്‍ പരിശ്രമിക്കുമെന്നും എന്‍റെ അറിവും ബോധ്യവും അനസരിച്ച് ഒരു അഭിഭാഷകന്‍റെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടും സത്യസന്ധതയോടും കൂടി നിറവേറ്റുമെന്നുമാണ്.കോടതിയെ നീതി നടപ്പിലാക്കാന്‍ സഹായിക്കുന്ന ഒരോഫീസറായി വര്‍ത്തിക്കും എന്നും നിയമവിരുദ്ധമോ അനാചാരപരമോ ആയ ഒന്നും ചെയ്യില്ല എന്നും പറയുന്നുണ്ട്.എന്നാല്‍ മറ്റെല്ലാ വിഭാഗങ്ങളുടെയും പ്രതിഞ്ജപോലെ ഇതും അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്ന വെറും വാക്കുകളാണ് എന്നാണ് പൊതുസമൂഹത്തിന് ബോധ്യമാകുന്നത്.

    നമ്മുടെ ലക്ഷക്കണക്കായ വക്കീലന്മാരില്‍ എത്രപേര്‍ മുന്‍പറഞ്ഞ പ്രതിജ്ഞയോട് നീതിപുലര്‍ത്തുന്നുണ്ട് എന്നത് ചിന്തനീയമാണ്.കേസ്സ് ജയിക്കാന്‍ എന്ത് നീചപ്രവര്‍ത്തിയും ചെയ്യുന്നവരും വളഞ്ഞവഴികള്‍ ഉപയോഗിക്കുന്നവരും അനാവശ്യമായി കേസ്സുകള്‍ നീട്ടിക്കൊണ്ടുപോയി കേസ്സിലുള്‍പ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്നവരുമാണ് വക്കീലന്മാരില്‍ ഭൂരിപക്ഷവും.ഇത്തരം സംഗതികള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ഒരു നിയമ നീതിന്യായ സംവിധാനമാണ് ബ്രിട്ടീഷുകാര്‍ നമുക്ക് സമ്മാനിച്ച് മടങ്ങിയതും.അതില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നമുക്ക് സാധിക്കുന്നുമില്ല.

     ഈ വിഷയം നമ്മള്‍ നിരന്തരം ചര്‍ച്ച ചെയ്യുകയാണ്.ഇപ്പോള്‍ അഡ്വക്കേറ്റ് ആന്‍റണി രാജുവിന്‍റെ വിഷയത്തിലും ഇതേ ചര്‍ച്ച തന്നെയാണ് തുടരുന്നതും.1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തില്‍ 61.5 ഗ്രാം ഹഷീഷ് ഇന്ത്യയിലേക്ക് ഒളിച്ചുകടത്താന്‍ ശ്രമിച്ച ആസ്ട്രേലിയന്‍ പൌരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാവുന്നത്.പൂന്തുറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജയമോഹനന്‍റെ സാന്നിധ്യത്തില്‍ വലിയതുറ പോലീസ്സാണ് ഇയാളെ അറസ്റ്റുചെയ്യുന്നതും തൊണ്ടിമുതല്‍ രേഖപ്പെടുത്തുന്നതും.മുതിര്‍ന്ന അഭിഭാഷകന്‍ കുഞ്ഞിരാമ മേനോനും അഡ്വക്കേറ്റ് സെലിന്‍ വില്‍ഫ്രഡും സെലിന്‍റെ അസിസ്റ്റന്‍റ് ആന്‍റണി രാജുവുമാണ് പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായത്.ഒരു കാരണവശാലും ജയിക്കാന്‍ സാധ്യതയില്ലാത്ത ഈ കേസ്സില്‍ സീനിയര്‍ വക്കീലന്മാരുടെ ഒത്താശയോടെ ആന്‍റണി രാജു നെടുമങ്ങാട് കോടതിയിലെ ജീവനക്കാരനായ കെ.എസ്.ജോസിന്‍റെ സഹായത്തോടെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചെറുതാക്കി തിരികെ വയ്ക്കുകയാണ് ചെയ്തത്.അടിവസ്ത്രം പ്രതിയുടേതല്ല എന്ന മട്ടില്‍ കോടതിയില്‍ വാദമുയര്‍ന്നെങ്കിലും നെടുമങ്ങാട് കോടതി പ്രതിക്ക് പത്തുവര്‍ഷം ശിക്ഷ വിധിച്ചു.

    കേസ്സ് ഹൈക്കോടതിയിലെത്തി.അവിടെയും പ്രതിയുടെ വക്കീലന്മാര്‍ മുന്‍തൂക്കം നല്‍കി വാദിച്ചത് അടിവസ്ത്രം പ്രതിയുടേതല്ല എന്ന മട്ടിലായിരുന്നു.ഒടുവില്‍ കോടതി അടിവസ്ത്ര പരിശോധന നടത്തുകയും അത് പ്രതിക്ക് പാകമാകാത്തതാണ് എന്ന് കണ്ടെത്തി സംശയത്തിന്‍റെ ആനുകൂല്യത്തില്‍ പ്രതിയെ വെറുതെവിടുകയും ചെയ്തു.അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിനെ കോടതി കണക്കിന് വിമര്‍ശിക്കുകയും ചെയ്തു. അഭിമാനം ചോദ്യം ചെയ്യപ്പെട്ടതോടെ സത്യസന്ധനായ ജയമോഹന്‍ സ്വന്തം ചിലവില്‍ അപ്പീല് പോവുകയും സുപ്രിംകോടതില്‍ കേസ്സ് നടത്തുകയും ചെയ്തു.കേസ്സ് തുടരവെ ജയമോഹനന്‍റെ വക്കീല്‍ മരണപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതി വിജിലന്‍സിന് പരാതി നല്കുന്നത്.അവരുടെ അന്വേഷണത്തില്‍ നെടുമങ്ങാട് കോടതിയില്‍ നടന്ന തിരിമറി വ്യക്തമാവുകയും വഞ്ചിയൂര്‍ പോലീസ്സ് കേസ്സെടുക്കുകയും ചെയ്തു.1994 ല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്തെങ്കിലും ആന്‍റണി രാജു സ്വാധീനമുപയോഗിച്ച് പോലീസ്സ് ഉന്നതരുടെ സഹായത്തോടെ 2005 വരെ ഈ കേസ്സ് പൂഴ്ത്തിവച്ചു.2005 ല്‍ സെന്‍കുമാറിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം ത്വരിതപ്പെട്ടത്.

    1990 ല്‍ ഈ സംഭവം നടക്കുന്ന കാലത്ത് ശംഖുമുഖം ഡിവിഷനില്‍ നിന്നും ജില്ലാ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് ആന്‍റണി രാജു.1991 ല്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമുണ്ടായിരുന്ന ആന്‍റണി രാജു തിരുവനന്തപുരം വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് നിന്ന് പരാജയപ്പെട്ടു.1996 ല്‍ നിയമസഭാംഗമായി.2001 ലും 2016 ലും തോല്‍വി ഏറ്റുവാങ്ങിയെങ്കിലും 2021 ല്‍ വിജയിച്ചു.ഒറ്റ എംഎല്‍എ മാത്രമുള്ള പാര്‍ട്ടിയാണെങ്കിലും സിപിഎം നേതാക്കളും സമുദായ നേതാക്കളുമായുള്ള സൌഹൃദം പ്രയോജനപ്പെടുത്തി രണ്ടര വര്‍ഷം മന്ത്രിയായി.നമ്മുടെ നിയമസംവിധാനത്തിലെ പഴുതുകളിലൂടെ ഇയാള്‍ തനിക്ക് ലഭിച്ച മൂന്നുവര്‍ഷത്തെ തടവുശിക്ഷയില്‍ നിന്നും ഇനിയും രക്ഷപെട്ടേക്കാം.ഇതാണ് നമ്മള്‍ കാണുന്ന നീതിന്യായ വ്യവസ്ഥ.

   ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.തന്‍റെ കക്ഷി എത്ര മോശപ്പെട്ടവനായാലും അവനെ രക്ഷിച്ചെടുക്കാന്‍ വക്കീലന്മാര്‍ നടത്തുന്ന തരംതാണ നടപടികളാണ് ഇതില്‍ പ്രധാനം.രാജ്യത്തെ നീതിന്യായ വ്യവസ്ഥ ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള സഹായമാണോ നിയമം പഠിച്ചവര്‍ ചെയ്യുന്നത്. അത് ചെയ്യാമെന്നല്ലേ ഇവര്‍ സത്യവാചകത്തിലൂടെ ഉറപ്പാക്കുന്നത്.രാജ്യത്തെ നിയമസംവിധാനത്തിലൂടെ കുറ്റവാളികളെ കണ്ടെത്താന്‍ കോടതികള്‍ക്ക് മികച്ച സാങ്കേതിക സംവിധാനവും ഉപദേശക സംവിധാനവും ഉണ്ടായാല്‍ പോരെ,അതിനുപകരം ക്രിമിനലുകളെ രക്ഷിക്കാന്‍ ക്രിമിനലുകളായ വക്കീലന്മാര്‍ ആവശ്യമുണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യം. കേവലം ഒരു ദിവസംകൊണ്ട് അല്ലെങ്കില്‍ ഒരു മാസംകൊണ്ട് തീര്‍പ്പാക്കാവുന്ന ഒരു കേസ്സ് മുപ്പത്തിയഞ്ച് വര്‍ഷം നീളുന്നു എങ്കില്‍ ആരാണ് ഇതിന് ഉത്തരവാദികള്‍,എന്തെല്ലാമാണ് നമ്മുടെ സംവിധാനത്തിലെ പിഴവുകള്‍,ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലെ.കാലം മുയലിനെപോലെ പായുമ്പോള്‍ നമ്മുടെ ജുഡീഷ്യറി ആമയെപോലെ ഇഴഞ്ഞാല്‍ മതിയോ. വേഗം കൈവരിക്കാനുള്ള പരിഷ്ക്കരണം ആവശ്യമല്ലെ,ഇതാര് ചെയ്യും.

 

     ഒരു ക്രിമിനല്‍ കേസ്സിലെ പ്രതിയെ മുപ്പത്തിയഞ്ച് വര്‍ഷം സഹായിക്കുകയും അയാളെ പലവട്ടം ജനപ്രതിനിധിയാക്കുകയും ഒടുവില്‍ മന്ത്രിയാക്കുകയും ചെയ്ത ഇടതുപക്ഷത്തിന്‍റെ ധാര്‍മ്മികതയും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.ജനസമൂഹത്തോട് മാപ്പുപറയാനുള്ള സാമാന്യ മര്യാദയെങ്കിലും ഇക്കാര്യത്തില്‍ ഇടതുപക്ഷം കാട്ടേണ്ടതുണ്ട്.