Monday, 2 September 2024

Devadarukkaludae nattil- article published in Mathrubhumi paper on Jan 15,2011

 


യാത്ര
---
ദേവദാരുക്കളുടെ നാട്ടില്
--------
(2011 ജനുവരി 15 ന്റെ മാതൃഭൂമിയില് വന്ന ലേഖനം )
----
ഡല്ഹി നഗരത്തിലെ അസാധാരണ തിരക്കുകളിലും ബഹളങ്ങളിലും നിന്നകന്ന്,അഞ്ഞൂറ്റമ്പത് കിലോമീറ്റര് അകലെ ദേവദാരുക്കളുടെ നാടായ മക്ലോഡ്ഗഞ്ചിലെത്തുമ്പോള് പകല് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.തിബത്തില് നിന്നും പലായനം ചെയ്ത ദലൈലാമ വാസമാക്കിയ ഇടമാണ് മക്ലോഡ്ഗഞ്ച്. അതിനുമുന്പ് ബ്രിട്ടീഷുകാര്ക്കും പ്രിയപ്പെട്ട സുഖവാസകേന്ദ്രമായിരുന്നു ഇത്. നനവൂറുന്ന അന്തരീക്ഷം,നിഗൂഢമായ നിശബ്ദത,വന്യമായ കാറ്റിന്റെ സീല്ക്കാരം,അപൂര്വ്വമായി ചിലയ്ക്കുന്ന പക്ഷികള്,ധ്യാനനിമഗ്നരായ മനുഷ്യര്,ഇങ്ങനെ അനേകം സവിശേഷതകളാല് വ്യതിരിക്തമാക്കപ്പെട്ട പകല്.ഭക്ഷണശാലകളിലും ഗലികളിലെ കരകൌശല വില്പ്പന കേന്ദ്രങ്ങളിലും തുണിക്കടകളിലുമൊക്കെ സായാഹ്നം നല്കുന്ന തിരക്ക്.
 
പകലിനേക്കാള് പ്രകാശപൂരിതമാണ് മക്ലോഡ്ഗഞ്ചിലെ രാത്രിയെന്നു പറയാം.എല്ലാ ഭൂഖണ്ഡങ്ങളില് നിന്നുള്ളവരും ഒത്തുചേരുന്നു ഇവിടെ. ധരംശാലയില് നിന്നും എട്ടു കിലോമീറ്ററേയുള്ളു ഇവിടേക്ക്.ബുദ്ധക്ഷേത്രത്തില് കയറി ആയിരക്കണക്കിന് അവലോകിതേശ്വര മന്ത്രങ്ങള് അടക്കം ചെയ്ത മണി പ്രാര്ത്ഥനാ ചക്രങ്ങള് തിരിച്ച് ഓം മണിപത്മേ എന്ന് മനസില് ഉച്ചരിച്ച് തൊഴുതുമടങ്ങുന്നു വിശ്വാസികള്. ബുദ്ധനും ഗുരു പത്മസംഭവ സിദ്ധനും ധര്മ്മലോമിതേശ്വരനുമാണ് വിഗ്രഹങ്ങള്. അവിടെ ദലൈലാമയെ കാണുക എളുപ്പമല്ലെങ്കിലും ആര്ക്കും ആ സാന്നിധ്യം തൊട്ടറിയാം.
 
ദേവദാരുക്കളും പൈന്മരങ്ങളും കുന്നുകളും അവയ്ക്കപ്പുറം മഞ്ഞുമലകളും തീര്ക്കുന്ന സൌന്ദര്യമാസ്വദിച്ച് പകല് കടന്നു പോകുമ്പോള് രാത്രി മറ്റൊരു ലോകത്തേക്കാണ് തുറക്കുന്നത്. തിബത്തന്,ചൈനീസ്,ജാപ്പനീസ്,തായ് ഭക്ഷണശാലകളുടെയും ബാറുകളുടെയും മദ്യഷാപ്പുകളുടേതുമായ ലോകം. പകലിന്റെ മൌനം ഭേദിച്ച് ഉറക്കെ സംവദിക്കുന്ന രാത്രി.ഹുക്കബാറും ചരസ്സും ഹഷീഷുമൊക്കെ ചൂട് പിടിപ്പിക്കുന്ന തണുത്ത രാത്രി.
 
പകലൊടുങ്ങി രാവിന് ചൂടുപിടിക്കുന്നത് ടെമ്പിള് റോഡ് തുടങ്ങുന്നിടത്താണ്.വളരെ ചെറിയ പാതകളിലൂടെ വിവിധ വര്ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള മനുഷ്യരും വാഹനങ്ങളും ഇടതടവില്ലാതെ ഒഴുകുന്നു.ഹോട്ടലുകള്ക്കും ബാറുകള്ക്കും പകലറുതിയായതിന്റെ ഉത്സാഹം.ഉയര്ന്ന ചിരിയും ഉറക്കെയുള്ള സംസാരവുമൊക്കെയായി രാവ് നമ്മെ ലഹരി പിടിപ്പിക്കും.ഇതില് പങ്കാളികളാകാനും ആസ്വദിക്കാനുമായി നൂറുകണക്കിന് വിദേശികളും സ്വദേശികളുമായ സഞ്ചാരികളാണ് നിത്യവും എത്തുന്നത്.ലോകത്ത് നടക്കുന്ന എല്ലാ സംഭവവികാസങ്ങളും അവിടെ ചര്ച്ച ചെയ്യപ്പെടുന്നു.പ്രത്യേകിച്ചും തിബത്തുവാസികളുടെ ജീവിതവും നിലനില്പ്പിനായുള്ള സമരവും.തീരെ പരിചിതമല്ലാത്ത നാടുകളില് നിന്നു വന്നവര് വളരെ വേഗം സൌഹൃദം സ്ഥാപിക്കുന്നു.പിന്നെ ചര്ച്ചകളായി,തമാശകളും.ഭക്ഷണം പോലും പങ്കിടാന് എല്ലാവരും തയ്യാര്.
അലക്സാണ്ടര് സോള്സെനിത്സിനെയും പുഷ്കിനെയും ചെക്കോവിനേയും അറിയാത്ത എസ്തോണിയന് ദമ്പതികളായ ആന്ഡ്രൂസും ഹെലെയും, പഠനത്തിന്റെ ഭാഗമായി ഇന്ത്യ കാണാനെത്തിയ അമേരിക്കന് സുന്ദരി ആമിയും കോവളത്തെ പുകഴ്ത്തി ഏറെ സംസാരിച്ചു.ഗവേഷകനായ അമേരിക്കന് ചെറുപ്പക്കാരന് ഏലിസന് പറയാനുണ്ടായിരുന്നത് ആലപ്പുഴയിലെ കൊതുകുകളെകുറിച്ചായിരുന്നു.വയനാട്ടിലെ ചുരം കയറിയ അനുഭവം ഫ്രഞ്ചുകാരന് ഹെര്ബര്ട്ട് പങ്കിട്ടു.മാര്ക്സിസം നല്ല സിദ്ധാന്തമാണ്, നടപ്പാക്കാന് കഴിയില്ല, സ്വപ്നം കാണാം എന്നു പറഞ്ഞു ചിരിക്കുന്ന ജര്മ്മന്കാരി ആലീസും കൂട്ടത്തിലുണ്ടായിരുന്നു.ശീതസമരത്തിന്റെയും സോവിയറ്റ് യൂണിയന്റെ തകര്ച്ചയുടെയും കാലങ്ങള് പിന്നിട്ട അമേരിക്കപക്ഷക്കാരും റഷ്യക്കാരുമെല്ലാം ചേര്ന്ന് ഒന്നുപോലെ ചിന്തിക്കുകയും ആശയങ്ങള് പങ്കിടുകയും ചെയ്യുന്ന ഇത്തരമൊരു കാഴ്ച ഡല്ഹി പോലൊരു നഗരത്തില് അപൂര്വ്വമായേക്കാം. അതുകൊണ്ടുതന്നെ അതൊരു മറക്കാത്ത അനുഭവവുമായി.
 
രാത്രിയുടെ ചൂടാറുമ്പോള് ഒരു മണിയായിരുന്നു.കടകള് ഒന്നൊന്നായടഞ്ഞ് ഇരുട്ടുവ്യാപിച്ച തെരുവില് ഒറ്റപ്പെട്ട നായ്ക്കളും മദ്യത്തിലോ ചരസിലോ ബോധം നഷ്ടപ്പെട്ട ചില നാട്ടുകാരും മാത്രം ബാക്കിയായി.ഗലികള് ഒരിക്കല് കൂടി നനഞ്ഞു.നിശബ്ദതയും ഇരുട്ടും ഒന്നായി. ദൂരെ കാറ്റിന്റെ ഹുങ്കാരം.ദേവദാരുക്കളില് അവ ചലനങ്ങളുണ്ടാക്കി.ആടിത്തിമിര്ത്ത രാത്രിയുടെ ആലസ്യം ഏറ്റുവാങ്ങി ഞങ്ങള് ഗലികളിലൂടെ നടന്നു. ഈ ചെറുപട്ടണത്തെ മനസിലാക്കാന് ഏറെക്കാലം വേണ്ടിവരുമെന്ന് അപ്പോള് മനസ് പറയുന്നുണ്ടായിരുന്നു.ആഘോഷത്തിന്റെ ധാരാളിത്തമിറങ്ങി മൌനം കനം വച്ചുവരുന്നത് ഞങ്ങള് അറിഞ്ഞു. അടുത്ത പകലിന്റെ ധ്യാനത്തെ വരവേല്ക്കാന് പ്രകൃതി ഒരുങ്ങി നില്ക്കുമ്പോള് കിഴക്ക് കനലെരിഞ്ഞു തുടങ്ങിയിരുന്നു.
 
( യാത്ര ഇങ്ങനെ – ചാണ്ഡിഗഡ്-ഖറാര്-കുറളി-രൂപ് നഗര്-നംഗല്-ഉന-അംബ്-മുബാറക്പൂര്-റാണിട്ടാല്-കാംഗ്ര-മടൌര്-ധര്മ്മശാല-മക്ലോഡ്ഗഞ്ച്)
 
സഹയാത്രികര് നുജും മയ്യനാടും അനില് പ്രഭാകരനും 😍

No comments:

Post a Comment