Sunday, 1 September 2024

Delhi memories - published in 2008 june Kunkumam pravasi special

 




ഓര്മ്മകളില് നിറയുന്ന ദല്ഹി
 
- വി.ആര്.അജിത് കുമാര്
(2008 ജൂണ് ലക്കം (പ്രവാസി സ്പെഷ്യല്)കുങ്കുമത്തില് എഴുതിയ ലേഖനം)
 
തൊണ്ണൂറ്റിനാലിലെ എരിയുന്ന ഏപ്രിലിലാണ് എന്റെ മറുനാടന് ജീവിതം ആരംഭിക്കുന്നത്.ദല്ഹി കേരള ഹൌസില് അസിസ്റ്റന്റ് ഇന്ഫര്മേഷന് ഓഫീസറായി നിയമിതനായതോടെ കുടുംബസമേതം യാത്ര പുറപ്പെടുകയായിരുന്നു.കേരളത്തിലെ മുപ്പത്തിരണ്ട്-മുപ്പത്തിനാല് ഡിഗ്രി ചൂടില് നിന്നും നാല്പ്പത്തിരണ്ട് ഡിഗ്രിയിലേക്കുള്ള ഒരു ചാട്ടം.തുടക്കത്തില് കയ്പ്പേറിയ അനുഭവങ്ങളായിരുന്നു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഇന്ഫര്മേഷന് ഓഫീസറും തമ്മിലുള്ള ചില്ലറ പിണക്കങ്ങളുടെ ഭാഗമായി നല്ലൊരു താമസസൌകര്യം ലഭിക്കാതെ കുറേക്കാലം ബുദ്ധിമുട്ടി.പ്രതിസന്ധികള് വെല്ലുവിളികളായി സ്വീകരിക്കാന് മനസ്സുള്ളതുകൊണ്ട് അവയൊക്കെ ഒട്ടൊരു നര്മ്മരസത്തോടെ സ്വീകരിക്കാന് കഴിഞ്ഞു.
തുടക്കത്തില് നഗരം എന്നെ അത്ഭതപ്പെടുത്തി.വൃത്തിയുള്ള വലിയ റോഡുകള്,മുന്കൂട്ടി തയ്യാര് ചെയ്ത പദ്ധതിയിലൂടെ വികസിച്ച നഗരസൌന്ദര്യം,രാഷ്ട്രപതി ഭവന്,പാര്ലമെന്റ് മന്ദിരം,കേന്ദ്ര സെക്രട്ടേറിയറ്റ്,നൂറേക്കറില് വ്യാപിച്ചു കിടക്കുന്ന ഇന്ത്യാ ഗേറ്റും പരിസരവും,ആകര്ഷണീയമായ വ്യാപാര കേന്ദ്രമായ കൊണാട്ട് പ്ലേയ്സ്,ഭൂമിക്കടിയിലെ പാലിക ബസാര്,ഒത്തിരി പുത്തന് അനുഭവങ്ങള്.ഒരു തലസ്ഥാന നഗരിയുടെ എല്ലാ പ്രൌഢിയും വിളിച്ചറിയിക്കുന്ന നഗരം.ഞാന് ഇതേപ്പറ്റി സുഹൃത്തുക്കള്ക്ക് എഴുതുകയും ചെയ്തു.
അകലെയിരുന്ന് ആരാധനയോടെ കേട്ടറിഞ്ഞ,വായിച്ചറിഞ്ഞ എഴുത്തുകാരെയും കലാകാരന്മാരെയും പരിചയപ്പെടാനും അവര്ക്കൊപ്പം സമയം ചിലവഴിക്കാനും ലഭിച്ച അവസരം എനിക്ക് കൂടുതല് സന്തോഷം പകര്ന്നുതന്നു. ഒ.വി.വിജയന്,എം.മുകുന്ദന്,പ്രൊഫ.കെ.സച്ചിദാനന്ദന്,ആനന്ദ്,പ്രൊഫ.ഓംചേരി എന്.എന്.പിള്ള,ഡോ.ലീല ഓംചേരി,ഇടമറുക്,വി.കെ.മാധവന് കുട്ടി,ടി.വി.ആര്.ഷേണായ്,അകവൂര് നാരായണന് തുടങ്ങി എഴുത്തിന്റെ നാനാവഴികളിലെ ഉസ്താദുമാരുമായി അടുത്തിടപഴകുമ്പോള് ഒരു പുതിയ ചക്രവാളം എന്റെ മുന്നില് തുറക്കുകയായിരുന്നു.പ്രശസ്തരെ പൊതുവെ ദൂരെനിന്ന് മാത്രം വീക്ഷിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സ്വഭാവം പണ്ടേ ഉള്ളതുകൊണ്ട് ഏറെ അടുപ്പത്തിലേക്ക് പോകാന് മടിയുണ്ടായിരുന്നെങ്കിലും നിരന്തരമായി കേരള ഹൌസില് നടത്തിയിരുന്ന സാംസ്ക്കാരിക പരിപാടികള് അത്തരമൊരടുപ്പത്തിന് വിത്തുപാകുകയായിരുന്നു.
മഹാനഗരത്തിലെത്തി അധികനാള് കഴിയുംമുന്പാണ് കേരള ഹൌസിന്റെ പിറകിലെ തെരുവില് നിന്നും ഒരു കൂട്ടക്കരച്ചില് കേട്ടത്.അറിയുവാനുള്ള ആഗ്രഹം എന്നെ അങ്ങോട്ടുനയിച്ചു.അവിടത്തെ കാഴ്ച എന്നെ ഞെട്ടിച്ചു.തകരം കൊണ്ടുണ്ടാക്കിയ ഒരു കുടുസ്സു മുറിയില് അറുപതുകഴിഞ്ഞ ഒരു സ്ത്രീ ദാഹജലം കിട്ടാതെ മരിച്ചതാണ് കൂട്ടക്കരച്ചിലിന് ഇടയാക്കിയത് എന്ന് മനസിലാക്കി.പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്ന രീതി അന്ന് കേരളത്തില് വ്യാപകമായിരുന്നില്ല.എന്നാല് ദല്ഹി റോഡുകളില് അതൊരു സാധാരണ കാഴ്ചയായിരുന്നു.ഉന്തുവണ്ടിയില് വെള്ളം വില്ക്കുന്ന രീതിയായിരുന്നു അത്. ഒരു ഗ്ലാസ്സ് വെള്ളത്തിന് അന്പത് പൈസ ആയിരുന്നു വില.മക്കളും ചെറുമക്കളുമൊക്കെയുണ്ടായിട്ടും ദുരിതപൂര്ണ്ണമായ ജീവിതത്തില് ദാഹജലം കിട്ടാതെ മരണമടഞ്ഞ ആ സ്ത്രീയായിരുന്നു എന്റെ മറുനാടന് ജീവിതകാലത്തെ ആദ്യകഥയിലെ നായിക.നഗരത്തെകുറിച്ച് കൂടുതല് അന്വേഷിക്കാന് എന്നെ പ്രേരിപ്പിച്ചതും ആ കാഴ്ചയാണെന്നു പറയാം.കുറെ സമ്പന്നര്ക്കും ഇടത്തരക്കാര്ക്കും സുഖജീവിതം പ്രദാനം ചെയ്യാനായി, പ്ലാസ്റ്റിക് ഷീറ്റ് മറയിലും ആസ്ബസ്റ്റോസ് മറയിലുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന അനേകായിരങ്ങള്,ദല്ഹിയെ കുറിച്ച് എനിക്കാദ്യമുണ്ടായ ധാരണകള് മാറ്റാന് ഉപകരിച്ചു.ഞാന് നഗരം കണ്ടു.വേദനയും പീഢനവും അസംതൃപ്തിയും അക്രമവും കൊള്ളയും ഇഴചേര്ത്തുപാകിയ മനുഷ്യജീവിതം കണ്ടു.നേരത്തെ എത്രയോവട്ടം വായിച്ച മുകുന്ദന്റെ ദല്ഹിയേക്കാള് ഭീകരമുഖമാര്ന്ന ഇടം. കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ജാതിചിന്തകളും ഒക്കെ ചേര്ന്ന് ഹൃദയപക്ഷമില്ലാത്ത ദല്ഹി.
ആശയപരമായ ഭിന്നതകള് നിലനില്ക്കെത്തന്നെ സാംസ്ക്കാരിക-സാമൂഹിക കൂട്ടായ്മകള്ക്ക് ശ്രമിക്കുന്ന മലയാളികളായിരുന്നു നഗരത്തിലെ ആശ്വാസം.രണ്ട് മലയാളികള് ചേര്ന്നാല് ഒരു സംഘടനയുണ്ടാകും എന്ന് തമാശയായി പറയാറുണ്ട്. അല്പ്പം അതിശയോക്തി അതിലുണ്ടെങ്കിലും മലയാളി സംഘടനകളുടെ ബാഹുല്യം തികച്ചും അതിശയകരമാണ്.നൂറിലേറെ സംഘടനകളാണ് ദല്ഹി മലയാളിക്കുള്ളത്. ദല്ഹി മലയാളി അസോസിയേഷനും ജനസംസ്കൃതിയുമാണ് ഇവയില് പ്രമുഖം. സജീവമായ മറ്റൊരു സാന്നിധ്യം കേരള ക്ലബ്ബാണ്.ചെറുതും വലുതുമായ സംഘടനകള് ഒരുക്കുന്ന സാംസ്ക്കാരിക സായാഹ്നങ്ങളാണ് എന്നെ ഏറെ ആകര്ഷിച്ചത്. ടെലിവിഷന് വ്യാപകമായതോടെ കേരളത്തില് നഷ്ടമായ സാംസ്ക്കാരിക കൂട്ടായ്മ; വായനശാലകളുടെ സജീവത എന്നിവയുടെ വിപരീതദിശയിലാണ് മറുനാടന് മലയാളി.കുട്ടികളെ പാട്ടും നൃത്തവും പഠിപ്പിക്കാനും മലയാളം പഠിപ്പിക്കാനുമൊക്കെ അവര് നടത്തുന്ന ശ്രമങ്ങള് പ്രശംസാര്ഹമാണ്.ഇന്നിപ്പോള് മലയാള പഠനകേന്ദ്രവും മലയാള പത്രങ്ങളും ചേര്ന്ന് ദല്ഹി മലയാളികള്ക്ക് അഭിമാനിക്കാന് കഴിയുന്നവിധം ഭാഷയുടെ,സംസ്ക്കാരത്തിന്റെ മേഖലകളില് ഒരു ദിശാബോധം നല്കാന് കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാം.
ദല്ഹിയിലെ ബസ്സുകളിലും ബസ്സാറുകളിലും തീവ്രവാദികള് തുടര്ച്ചയായി ബോംബാക്രമണം നടത്തിയ കാലത്താണ് “ യാത്രയുടെ അന്ത്യം” എന്ന ചെറുകഥ എഴുതിയത്. ഒരു യാത്രയില് ഞാന് നേരിട്ടനുഭവിച്ച ഒരു കാഴ്ചയുടെ ബാക്കിപത്രം.ബസ്സില് ഒരു യാത്രക്കാരന് മടിയില് ഇറുക്കിപ്പിടിച്ച ചാക്കുകെട്ടുമായി അസ്വസ്ഥനായിരിക്കയാണ്.മുഷിഞ്ഞുനാറിയ ശരീരവും പരുക്കനായ മുഖവുമുള്ള അയാള് ഒരു ഭീകരവാദിയാണോ അല്ലയോ എന്നെനിക്കറിയില്ല.ആ ചാക്കുകെട്ടില് ഒരുപക്ഷെ ആക്രിസാധനങ്ങളുമാകാം. അയാള് ഒരു തീവ്രവാദിയാണെന്നും കൈയ്യിലുള്ളത് ബോംബാണെന്നും വിശ്വസിക്കുന്ന ഒരു യാത്രക്കാരന്റെ വിഹ്വലത ഒന്നോര്ത്തുനോക്കൂ. അതാണ് ഞാന് അനുഭവിച്ചത്. പിന്നീട് ഞാന് അവന്റെ സ്ഥാനത്ത് എന്നെ കുടിയിരുത്തി.അതിലൂടെയാണ് കഥ രൂപപ്പെട്ടത്.കഥ വായിച്ച പല ഡല്ഹി സുഹൃത്തുക്കളും പിന്നീട് ബസ്സുയാത്രകളില് അങ്ങനെയൊരു യാത്രക്കാരനെ തിരയാന് തുടങ്ങി എന്നു പറഞ്ഞപ്പോള് സംതൃപ്തി തോന്നി.
കാടുപിടിച്ചു കിടന്ന ട്രാവന്കൂര് ഹൌസിനെ മനസ്സില് നിര്ത്തി എഴുതിയ ‘പുരാവസ്തു’വും പ്രാവുവളര്ത്തുകാരന്റെ വീട് കൈയ്യേറി പ്രാവുകളെ കൊല്ലുന്ന ഗുണ്ടാവിളയാട്ടം അടിസ്ഥാനമാക്കി എഴുതിയ ‘സ്നേഹത്തൂവലുകള്’, കോളനിയിലെ സ്ത്രീയുടെ സ്വപ്നങ്ങള്ക്ക് നിറം കൊടുത്ത ‘സത്യത്തിനും മിഥ്യയ്ക്കുമിടയിലൊരു നൂല്പ്പാലം’, ചുവന്ന തെരുവിലെ ജീവിതങ്ങളുടെ മാനുഷിക ചോദനകള് ഉണര്ത്തുന്ന ‘മുഖവും രൂപവുമില്ലാതെ’ എന്നീ രചനകള്ക്കും ദല്ഹി പ്രചോദനമായി.
ഒറ്റമുറി വീടുകളില് ശ്വാസംമുട്ടി ജീവിക്കുന്ന ദമ്പതികളുടെ കഥയാണ് ‘മെട്രോദുരന്തങ്ങള്’. പണം ഹൃദമായി മാറുന്ന നഗരവാസിയുടെ കഥ പറയുന്ന ‘ നാലാമിടത്തെ പ്രശ്നങ്ങളും’, പരസ്പരം അറിയാതെയും അറിഞ്ഞിട്ടും അറിയാത്തഭാവം നടിച്ചും ജീവിതത്തെ തന്നിലേക്ക് ചുരുക്കുന്ന നഗരവാസിയുടെ കഥ പറയുന്ന ‘പുതുവര്ഷം തുടങ്ങുന്നത് ‘ ഉള്പ്പെടെ നിരവധി കഥകള്ക്ക് മഹാനഗരം പ്രേരണയായി.
മനസിനെ ഏറെ പിടിച്ചുലച്ച സംഭവം ഉപഹാര് തിയേറ്റര് ദുരന്തമായിരുന്നു.അനേകം പേരുടെ മരണത്തിനിടയാക്കിയ ആ ദുരന്തം മനസില് ഒരു വിങ്ങലായി നിലനിന്നു.മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കൂട്ടായ്മകളില് പലപ്പോഴും പങ്കെടുത്തു.അവരുടെ വേദനകള് കേട്ടു.അതില്നിന്നാണ് ‘കെടാത്ത ചിത’ എന്ന നോവല് രൂപമെടുത്തത്. ദുരന്തങ്ങള് സമൂഹത്തില് ഞെട്ടലുളവാക്കുമെങ്കിലും അത് താത്ക്കാലികമാണ്.എന്നാല് സ്ഥായിയായ ദു:ഖം ഏറ്റവും അടുത്ത ബന്ധുവിന്റേതാണ്.കാലത്തിനുപോലും മായ്ക്കാന് കഴിയാത്ത വേദന.അതിന്റെ കഥയാണ് കെടാത്തചിത പറഞ്ഞത്.
നാട്ടില് നിന്നും അകന്നുനില്ക്കുമ്പോഴാണ് നാം നമ്മെ തിരിച്ചറിയുക എന്നു പറയാറുണ്ട്. കൊടും തണുപ്പും കൊടും ചൂടും ആണ്ടില് എട്ടോ പത്തോ ദിവസം മഴയുമുള്ള ദല്ഹിയില് ഇരിക്കുമ്പോള് മഴയുടെ നനവാര്ന്ന കേരളവും ഇവിടത്തെ സ്വന്തക്കാരും സുഹൃത്തുക്കളും മനസില് ചലനമുണ്ടാക്കും.അത്തരം ഇളക്കങ്ങള് അസ്വസ്ഥതകളായി വേട്ടയാടുമ്പോള് കഥയുണ്ടാകും.അത്തരത്തില് രൂപപ്പെട്ട നോവലാണ് ‘ഓര്മ്മനൂലുകള്’. ഒരുപക്ഷെ,കേരളത്തില് നിന്നുകൊണ്ട് അത്തരമൊരു രചന നിര്വ്വഹിക്കുമായിരുന്നുവോ എന്ന് സംശയമാണ്.
ഓ.വി.വിജയന്,എം.മുകുന്ദന് നല്കിക്കൊണ്ടാണ് എന്റെ ആദ്യ നോവല് ‘പകോതി പടയണി’ പ്രകാശനം ചെയ്തത്. രണ്ടാമത്തെയും മൂന്നാമത്തെയും നോവലുകള് ഒരേ ചടങ്ങില് ആനന്ദ്,സച്ചിദാനന്ദന്,ഓംചേരി,ഇടമറുക് എന്നിവര് ചേര്ന്ന് പ്രകാശനം നിര്വ്വഹിച്ചതും എനിക്ക് ധന്യതയാര്ന്ന മുഹൂര്ത്തങ്ങളാണ്.ആദ്യ നോവലായ പകോതി പടയണിക്ക് കെ.ജയകുമാര് ഐഎഎസ് അവതാരിക എഴുതിയതും ഓര്മ്മനൂലുകള്ക്ക് ഷാജഹാന് മാടമ്പാട്ട് ആമുഖം എഴുതിയതും കെടാത്ത ചിതയ്ക്ക് ദിനേശ് നടുവല്ലൂര് ആസ്വാദനമെഴുതിയതുമൊക്കെ ദല്ഹി ബന്ധങ്ങളുടെ നല്ല ഓര്മ്മകളുണര്ത്തുന്നു.
ന്യൂഡല്ഹി ഇന്ന്,അക്ഷരക്കൂട്ട്,നാരായം,കേരളീയം എന്നീ മാസികകളുമായുണ്ടായിരുന്ന ആത്മബന്ധവും ഒട്ടൊക്കെ സജീവമായ അനുഭവങ്ങളാണ്.കുറിമാനം എന്ന പേരില് ഒരു ഇന്ലാന്ഡ് മാസികയും അക്കാലത്ത് ദല്ഹിയില് നിന്നിറങ്ങിയിരുന്നു.എഴുത്തിനെ ഗൌരവമായി സമീപിക്കുന്ന ഒരുകൂട്ടം എഴുത്തുകാര് ദല്ഹിയില് ഇപ്പോഴുമുണ്ട് എന്നത് ആശ്വാസകരമാണ്.ഒരുപക്ഷെ മുന്തലമുറയിലെ ദല്ഹി എഴുത്തുകാര്ക്ക് കിട്ടിയ പ്രാധാന്യം അവര്ക്ക് ലഭിക്കാതെ പോകുന്നുണ്ട് എങ്കിലും കൈരളിക്ക് ശക്തമായ സംഭാവനയാണ് അവര് നല്കിവരുന്നത്.സാംസ്ക്കാരികമായി ഉയര്ന്നതലത്തില്തന്നെയാണ് ദല്ഹി മലയാളി.ജനസംസ്കൃതി സംഘടിപ്പിക്കുന്ന സഫ്ദര് ഹഷ്മി നാടകോത്സവവും വിവിധ സംഘടനകളുടെ വാര്ഷികാഘോഷങ്ങളുമൊക്കെ മലയാളത്തിന്റെ നിറവ് പൊലിപ്പിക്കുന്നവയാണ്.അതുകൊണ്ടുതന്നെ,തിരുവനന്തപുരം നഗരത്തില് ഇരുന്നുകൊണ്ട് ധൈര്യമായി പറയാന് കഴിയും മലയാളിയുടെ സാംസ്ക്കാരിക കൂട്ടായ്മയുടെ സജീവത ഇവിടെ മാത്രമല്ല,മൂവായിരം കിലോമീറ്റര് അകലെ ആ മഹാനഗരത്തിലുമുണ്ട് എന്ന്. ✍️



No comments:

Post a Comment