Wednesday 11 September 2024

Days at Kerala Press Academy


 


കേരള പ്രസ്സ് അക്കാദമി ജീവിതം
========================
ഇന്ഫര്മേഷന്-പബ്ളിക് റിലേഷന്സ് വകുപ്പ് ഡയറക്ടറേറ്റിലെ ജോലി പെട്ടെന്ന് മടുപ്പുതോന്നിക്കുന്ന ഒന്നായിരുന്നു.അത്തരം സന്ദര്ഭങ്ങളിലെല്ലാം അവിടെനിന്നും പുറത്തുചാടുക എന്നതായിരുന്നു രീതി. 2013 ലെ അത്തരമൊരു ചാട്ടമായിരുന്നു അക്കാദമി സെക്രട്ടറിയായി കാക്കനാട്ടേക്ക് നടത്തിയത്.കാര്യമായി ഒന്നു ചെയ്യാനില്ലാത്ത ഇടം എന്നൊക്കെയായിരുന്നു ഫീഡ്ബാക്ക്.ചെയര്മാന് ശ്രീ.എന്.പി.രാജേന്ദ്രനാണ്. അക്കാദമിയില് എത്തിയ ദിവസമെ ജീവനക്കാര് പറഞ്ഞു, സാര്,ഇവിടെ ആഴ്ചയിലൊരു ദിവസം നിന്നാലൊക്കെ തീരുന്ന ജോലിയെ ഉള്ളൂ.ഞാനൊന്നും മറുപടി പറഞ്ഞില്ല.തിങ്കള് മുതല് വ്യാഴം വരെ അക്കാദമിയിലും ബാക്കി മൂന്ന് ദിവസം തിരുവനന്തപുരത്തുമായി നിന്ന് ജോലി ചെയ്യാം എന്നായിരുന്നു തീരുമാനം.ചെറുതും വലുതുമായ എല്ലാ കാര്യത്തിനും ഡയറക്ടറേറ്റില് നിന്നും അനുമതി വാങ്ങി മാത്രം പ്രവര്ത്തിക്കുന്ന സ്ഥാപനമായിരുന്നു അന്ന് അക്കാദമി.ഒരു ജില്ലാ ഓഫീസിന്റെ സ്വഭാവത്തിലാണ് സ്വയംഭരണ സ്ഥാപനമായ അക്കാദമി പ്രവര്ത്തിച്ചുവന്നത്. ഡയറക്ടറേറ്റില് നിന്നും ഒന്നിനും കൃത്യമായ മറുപടി നല്കുകയുമില്ല എന്നതായിരുന്നു രീതി.
 
ബൈല പരിശോധിച്ചപ്പോള് സെക്രട്ടറിക്ക് ഒരു ലക്ഷം രൂപ വരെ ചിലവാക്കാന് അധികാരമുണ്ട് എന്ന് കണ്ടു. അത് നടപ്പിലാക്കി തുടങ്ങിയപ്പോള് എന്നോട് വ്യക്തിപരമായി തോന്നിയ ഇഷ്ടംകൊണ്ടാകും ഓരോ ജീവനക്കാരായി വന്ന് ഉപദേശിക്കാന് തുടങ്ങി,സാര്,പെന്ഷന് കിട്ടില്ല, ഇതെല്ലാം ആഡിറ്റ് ഒബ്ജക്ഷനാകും.അതൊക്കെ അപ്പോള് നോക്കാം എന്നു പറഞ്ഞ് അവരെ സമാധാനിപ്പിച്ചു.(പതിവ് പോലെ ഏജി ഓഡിറ്റും ലോക്കല് ഫണ്ട് ഓഡിറ്റും നടക്കുകയും കുറേ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയും മറുപടി നല്കുകയും ചെയ്തതല്ലാതെ ദോഷമൊന്നുമുണ്ടായില്ല എന്ന് കൂടി സൂചിപ്പിക്കട്ടെ)
കുറേ വര്ഷങ്ങളായി അനുവദിച്ച പ്ലാന് ഫണ്ടും ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അതിനും ഡയറക്ടറേറ്റ് ക്ലിയറന്സ് ഇല്ല എന്നായിരുന്നു മറുപടി.തിരുവനന്തപുരത്തെത്തി ധനവകുപ്പിലും പിആര്ഡി അക്കൌണ്ട്സിലും അന്വേഷിച്ചപ്പോള് പ്ലാന് ഫണ്ട് അനുവദിച്ചാല് പിന്നെ അതിന് ആരുടെയും അനുമതി വേണ്ട, നടപ്പിലാക്കിയാല് മതി എന്ന് മനസിലായി. ഇതിനൊന്നും ആരും എഴുതി മറുപടി നല്കില്ല എന്നും ജീവനക്കാര് പറഞ്ഞു.നമ്മള് ചെയ്യുക അത്രയെയുള്ളു. അക്കാദമിയില് ഇത്തരം കാര്യങ്ങളില് ധാരണയുള്ള ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ ജില്ല റവന്യൂ ഓഫീസില് നിന്നും ഫിനാന്സ് അഡ്വൈസറായി ഒരാളെ കണ്സള്ട്ടന്റാക്കി.ഉപദേശത്തിന് രൊക്കം പണം.അക്കാദമി കൌണ്സില് ചേര്ന്ന് പെന്ഡിംഗായ എല്ലാ പരിപാടികളും നടപ്പിലാക്കാന് അനുമതി വാങ്ങി. പ്രവര്ത്തിക്കാതെ തുരുമ്പെടുത്തിരുന്ന മെഷീന് വൃത്തിയാക്കി ഉപയോഗപ്പെടുത്തുന്ന നിലയിലായിരുന്നു പിന്നെ ഓഫീസ് പ്രവര്ത്തനം.
 
അക്കാദമിയുടെ താഴത്തെ നിലയില് താമസിച്ചിരുന്ന ആണ്കുട്ടികളോട് വേറെ താമസസൌകര്യം കണ്ടെത്തിക്കോളാന് പറഞ്ഞു.കാമ്പസിലെ ഹോസ്റ്റല് പെണ്കുട്ടികള്ക്ക് മാത്രമുള്ളതായിരുന്നു.അവിടെ ഇന്സിനറേറ്റര് ഉള്പ്പെടെ ആവശ്യമായ സൌകര്യങ്ങള് ഒരുക്കി.ഭാര്ഗ്ഗവീനിലയം പോലെ കിടന്ന കെട്ടിടം പെയിന്റടിച്ച് വൃത്തിയാക്കി.ഓഫീസ് താഴേക്ക് ഷിഫ്റ്റ് ചെയ്തു.മുടങ്ങിക്കിടന്ന സെമിനാറുകളും ചര്ച്ചകളുമൊക്കെ ആരംഭിച്ചു.ക്ലാസ് മുറികളുടെ നവീകരണം തുടങ്ങി.ചെയര്മാന്റെ മുറി വൃത്തിയാക്കി എയര്കണ്ടീഷന് ചെയ്തു. ലൈബ്രറിയിലെ പത്രങ്ങളുടെ ഡിജിറ്റൈസേഷന് ആരംഭിച്ചു.ലൈബ്രറി ടൈമിംഗ് വര്ദ്ധിപ്പിച്ചു.ഒഴിവുണ്ടായിരുന്ന തസ്തികകളിലെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തി.വീഡിയോ എഡിറ്റിംഗ് കോഴ്സ് സജീവമാക്കി.ഫോട്ടോഗ്രഫി കോഴ്സ് തുടങ്ങി.വിഷ്വല് കമ്മ്യൂണിക്കേഷന് കോഴ്സ് ആരംഭിച്ചതായിരുന്നു പ്രധാന നേട്ടം.ഏഷ്യാനെറ്റില് നേരത്തെ ജോലി ചെയ്തിരുന്ന അജിത്തിനെ കോഴ്സ് ഡയറക്ടറാക്കി.അതിനായി സ്മാര്ട്ട് ക്ലാസ്സ് റൂം തയ്യാറാക്കി. മികച്ചൊരു സ്റ്റുഡിയോ സെറ്റു ചെയ്തു.വളരെ വര്ഷങ്ങളായി ഡയറക്ടറില്ലാതിരുന്ന ഇന്സ്റ്റിട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്സില് ഡയറക്ടറെ നിയമിച്ചു. അഡീഷണല് സ്കില് അക്വിസിഷന് പദ്ധതിയുമായി സഹകരിച്ച് തിരുവനന്തപുരത്തും എറണാകുളത്തും കോട്ടയത്തും കോളേജ് കുട്ടികള്ക്കായി മീഡിയ ക്ലാസ്സുകള് ആരംഭിച്ച് അക്കാദമിക്ക് അധിക വരുമാനമുണ്ടാക്കി.വരുമാനം വര്ദ്ധിപ്പിക്കാന് അക്കാദമി പരിസരം സിനിമ ഷൂട്ടിംഗിന് നല്കിയെങ്കിലും അക്കാദമി പ്രവര്ത്തനത്തെ അത് ബാധിക്കുന്നു എന്ന് മനസിലായതോടെ നിര്ത്തലാക്കി.ഐടി@സ്കൂള് വിക്ടേഴ്സുമായി സഹകരിച്ച് മാധ്യമരംഗത്തെ പ്രമുഖരെ കുറിച്ച് ഡോക്യുമെന്ററികള് നിര്മ്മിച്ച് ചാനലിലൂടെ പ്രദര്ശിപ്പിക്കാന് തുടങ്ങി.മീഡിയ മാസിക റെഗുലറായി പ്രസിദ്ധീകരിക്കാന് തുടങ്ങി. ഗവേഷണ പ്രബന്ധ രചനയ്ക്ക് പത്രപ്രവര്ത്തകര്ക്ക് പണം നല്കി കാലമേറെയായിട്ടും ആരും പുസ്തകം സമര്പ്പിക്കാതിരുന്നത് ഫോളോ അപ്പ് ചെയ്ത് അവയെല്ലാം വാങ്ങിയെടുത്ത് പ്രസിദ്ധീകരിച്ചു.പ്രസിദ്ധീകരണ വിഭാഗം സജീവമാക്കി.കാമ്പസ് ഇക്കോ സ്മാര്ട്ടാക്കിയതുമായി ബന്ധപ്പെട്ട സാമ്പത്തികപ്രശ്നങ്ങള് പരിഹരിച്ചു.
 
ഏറ്റവും തലവേദനയുണ്ടാക്കിയ വിഷയം തൃശൂര് കോസ്റ്റ്ഫോര്ഡ് പ്രസ് അക്കാദമിയുടെ റൂഫ്ടോപ്പിലുണ്ടാക്കിയ ക്ലാസ് മുറികളുടെ അപാകത പരിഹരിക്കലായിരുന്നു. ഭാരം കൂടിയതിനാല് ചരിഞ്ഞുനില്ക്കുകയായിരുന്നു ക്ലാസ് മുറികള്.ഒരു വലിയ ദുരന്തം എപ്പോള് വേണമെങ്കിലും ഉണ്ടാകാം എന്നമട്ടിലാണ് നില്പ്പ്. ഓഫീസില് നിന്നും നിരന്തരം കത്തുകളെഴുതുകയും കോസ്റ്റ്ഫോര്ഡ് ജീവനക്കാര് വന്നുനോക്കി പോവുകയുമല്ലാതെ ഒന്നും സംഭവിച്ചിരുന്നില്ല.എട്ടുലക്ഷം രൂപ അക്കാദമി നല്കിയാല് അത് ശരിയാക്കാം എന്നായിരുന്നു അവരുടെ നിലപാട്. കോസ്റ്റ്ഫോര്ഡിന് പറ്റിയ തെറ്റിന് അക്കാദമി എന്തിന് പണം നല്കണം. ഇത്തരത്തില് ചിലവാക്കാനുള്ള പണവും ഉണ്ടായിരുന്നില്ല. ഞാന് കോസ്റ്റ്ഫോര്ഡ് ഡയറക്ടര് ചന്ദ്രദത്തിന്റെ ഒരു അപ്പോയിന്മെന്റ് ചോദിച്ചു.അദ്ദേഹം കാര്യം ചോദിച്ചു.നൂറുകണക്കിന് കുട്ടികളുടെ ജീവന് വച്ച് കോസ്റ്റ്ഫോര്ഡ് എന്ജിനീയര്മാര് കളിക്കുന്ന നാടകം ഞാന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിലെത്തിയത് ആദ്യമായിട്ടായിരുന്നു.അടുത്ത ദിവസത്തെ എല്ലാ പരിപാടികളും ക്യാന്സല് ചെയ്ത് അദ്ദേഹം തൃശൂരില് നിന്നും അക്കാദമിയിലെത്തി. പ്രശ്നത്തിന്റെ ഗൌരവം മനസിലാക്കിയ ശ്രീ.ചന്ദ്രദത്ത് കോസ്റ്റ്ഫോര്ഡിന്റെ ചിലവില് റൂഫിലെ മുഴുവന് ഓടും ഇളക്കി പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ക്ലാസ് മുറി ശരിയാക്കിത്തന്നു. അദ്ദേഹം 2018 ല് മരിച്ചു. അതുല്യമായ വ്യക്തിത്വമാണ് ശ്രീ.ചന്ദ്രദത്ത്.
 
കേരളത്തിന് പുറത്ത് ചെന്നൈയിലും ഡല്ഹിയിലും സെമിനാറുകള് സംഘടിപ്പിച്ചതും സ്മരണീയമായ ഓര്മ്മയാണ്.അക്കാദമിക്ക് ആധുനിക സൌകര്യങ്ങളോടുകൂടിയ ഒരു പുതിയ ആസ്ഥാനം എന്നതായിരുന്നു പിന്നീടുള്ള ശ്രമം.അതിനായി ഒരു കണ്സള്ട്ടന്റിനെ വച്ച് ഡിസൈനൊക്കെ തയ്യാറാക്കുകയും സര്ക്കാരിന് സമര്പ്പിക്കുകയും ചെയ്തു. അത് നടന്നില്ല എന്ന് തോന്നുന്നു. അക്കാദമിയെ കല്പ്പിത സര്വ്വകലാശാലയാക്കാന് കഴിയുമോ എന്നറിയാന് സമാനസ്വഭാവമുള്ള കലാമണ്ഡലത്തില് പോവുകയും പ്രവര്ത്തനം മനസിലാക്കുകയുമൊക്കെ ചെയ്തു.അക്കാദമിയെ കേരളത്തിലെ മുഴുവന് ജേര്ണലിസം കോഴ്സിനും ആവശ്യമായ സിലബസ്സും പുസ്തകവും തയ്യാറാക്കാനും അധ്യാപകര്ക്ക് പരിശീലനം നല്കാനും പൊതുപരീക്ഷ നടത്താനും പരിശോധിക്കാനുമൊക്കെ കഴിയുന്ന ഒരു സര്വ്വകലാശാലയായി ഉയര്ത്തുകയാണ് വേണ്ടത്.ഇപ്പോള് നടക്കുന്ന പ്രവര്ത്തനങ്ങളൊക്കെ, ഇന്സ്റ്റിറ്റ്യൂട്ട് പ്രവര്ത്തനമൊഴികെ ബാക്കിയൊന്നും, മാധ്യമ സമൂഹത്തിന് വലിയ പ്രയോജനം നല്കുന്നവയല്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 
 
ഏറ്റവുമധികം വിയര്ത്തുപോയത് 2014 ഫെബ്രുവരിയില് നടന്ന ആദ്യ സിം മീഡിയ ഫെസ്റ്റ് സംഘടിപ്പിച്ചപ്പോഴാണ്. സര്ക്കാര് സഹായം ഉറപ്പില്ലാതെ ,സ്പോണ്സര്ഷിപ്പില് കേരളത്തിലെ മുഴുവന് ജേര്ണലിസം വിദ്യാര്ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ ഫെസ്റ്റാണ് പ്ലാന് ചെയ്തത്. പണമുണ്ടാക്കാനായി ഒരുപാട് ഓടി.അക്കാദമിയിലെ കുട്ടികള് ദിവസവും പത്രമിറക്കിയും സ്റ്റുഡിയോയില് നിന്നും ലൈവ് റിപ്പോര്ട്ടിംഗ് നടത്തിയും മികച്ച ഫോട്ടോകളെടുത്തും പഠനത്തിന്റെ പ്രാക്ടിക്കലുകള് ചെയ്തു പഠിച്ചു എന്നതായിരുന്നു ഇതിന്റെ പ്രധാന നേട്ടം. വലിയ ആവേശവും പ്രതികരണവുമായിരുന്നു മീഡിയ ഫെസ്റ്റിന് ലഭിച്ചത്. സംഗതി വലിയ കടത്തിലാകും അവസാനിക്കുക എന്നുറപ്പായി. അക്കാദമിയുടെ സ്വന്തം ഫണ്ടില് നിന്നും പണം ഉപയോഗിക്കുന്നതിന് പരിധിയുമുണ്ട്. എന്തായാലും ഫെസ്റ്റിവല് വന്നുകാണുകയും ഉത്ഘാടനം ചെയ്യുകയും ചെയ്ത മന്ത്രി കെ.സി.ജോസഫ് രണ്ട് ലക്ഷം രൂപ അനുവദിച്ചു തന്നതുകൊണ്ട് കടബാധ്യതയില്ലാതെ രക്ഷപെട്ടു.
 
അക്കാദമി സെക്രട്ടറിയുടെ ഓഫീസിനോട് ചേര്ന്നുള്ള ചെറിയ മുറിയില് രാത്രി ചിലവഴിച്ച ആ കാലത്താണ് “ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോള്” എന്ന നോവല് എഴുതിയത്.ഇപ്പോള് പിന്തിരിഞ്ഞു നോക്കുമ്പോള് സംഭവബഹുലമായ ഒരു വര്ഷമാണ് കടന്നുപോയത് എന്നതില് വലിയ അഭിമാനം തോന്നുന്നു.2013 മാര്ച്ച് 13 ന് തുടങ്ങിയ പ്രവര്ത്തനം 2014 മാര്ച്ച 12 ന് അവസാനിപ്പിച്ച് വകുപ്പിലേക്ക് മടങ്ങി. ചെയര്മാന് എന്.പി.രാജേന്ദ്രന്, വൈസ് ചെയര്മന് കെ.സി.രാജഗോപാല്,കൌണ്സില് അംഗങ്ങള്, അസിസ്റ്റന്റ് സെക്രട്ടറി എന്.പി.സന്തോഷ്,ഷൈനസും എലിസബത്തും സുബൈദയും രാധയും ഒക്കെ ചേര്ന്ന അക്കാദമി ജീവനക്കാര്,ഇന്സ്റ്റിട്യൂട്ടിലെ രാമചന്ദ്രന് സാറും ഹേമയും അജിത്തും വിദ്യാര്ത്ഥികളും മാധ്യമ സുഹൃത്തുക്കളുമൊക്കെ നല്കിയ പിന്തുണയും ചേര്ന്നപ്പോഴാണ് എല്ലാം പൂര്ണ്ണതയിലെത്തിയത് എന്ന് നന്ദിപൂര്വ്വം ഓര്ക്കുന്നു✍️

No comments:

Post a Comment