(30.08.2024 തനിനിറത്തിൽ പ്രസിദ്ധീകരിച്ചത് )
===========
ചരിത്രം
--------
പുനലൂര്‍ തൂക്കുപാലം
==================
വി.ആര്‍.അജിത് കുമാര്‍
------------------------------------------
കിഴക്കന്‍ മേഖലയില്‍ നിന്നും കൊല്ലത്തേക്ക് വനവിഭവങ്ങള്‍ കൊണ്ടുപോകാനുള്ള
മാര്‍ഗം തേടിയ ഇംഗ്ലീഷുകാര്‍ പുനലൂരില്‍ കല്ലടയാറിന് കുറുകെ പാലം എന്ന
ആശയം ആദ്യമായി അവതരിപ്പിച്ചത് 1872 ല്‍ ആയിരുന്നു.മദ്രാസ് ഗവര്‍ണ്ണറുടെ
സെക്രട്ടറിയായിരുന്ന മാല്‍ട്ട സായ്വ്,ദിവാന്‍ മാധവറാവുവുമായി നടത്തിയ
സന്ദര്‍ശനത്തിലാണ് കല്ലടയാറിന് കുറുകെ ഒരു പാലം നിര്‍മ്മിക്കണം എന്ന ആശയം
ചര്‍ച്ച ചെയ്തത്. നിബിഡവന പ്രദേശമായ കല്ലടയാറിന്‍റെ കരയില്‍ നിന്നും
പുനലൂരിലേക്ക് പാലം നിര്‍മ്മിക്കുന്നത് കാട്ടുമൃഗങ്ങളുടെ
കടന്നുകയറ്റത്തിനും ആക്രമണത്തിനും കാരണമാകുമെന്ന് അന്നത്തെ
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാള്‍
വിധിച്ചു.തുടര്‍ന്നാണ് ബ്രിട്ടീഷ് സാങ്കേതികവിദ്യയില്‍ തൂക്കുപാലമെന്ന
ആശയവുമായി ബ്രിട്ടീഷുകാര്‍ മുന്നോട്ടുവന്നത്.
ബ്രിട്ടീഷ് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് ഹെന്‍റിക്കായിരുന്നു നിര്‍മ്മാണ
ചുമതല. 1872 ല്‍ മാധവറാവു സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ദിവാനായ ശേഷയ്യ
ശാസ്ത്രിയായിരുന്നു തുടര്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചത്.തമിഴ്നാട്ടിലെ
മധുരയില്‍ ക്ഷാമമുണ്ടായ കാലത്ത് പുനലൂരിലേക്ക് കുടിയേറിയവരായിരുന്നു
നിര്‍മ്മാണത്തൊഴിലാളികളില്‍ ഭൂരിപക്ഷവും. നിര്‍മ്മാണത്തിനാവശ്യമായ
ഉരുക്ക് സാമഗ്രികള്‍ അയര്‍ലന്‍ഡില്‍ നിന്നും കപ്പല്‍മാര്‍ഗ്ഗം കൊല്ലത്തും
പിന്നീട് ആന വലിക്കുന്ന വണ്ടികളില്‍ കെട്ടിവലിച്ച് പുനലൂരിലും എത്തിച്ചു.
മൂന്ന് ലക്ഷം രൂപ ചിലവില്‍ 250 ജീവനക്കാര്‍ അഞ്ചുവര്‍ഷം കൊണ്ടാണ് പാലം
പൂര്‍ത്തിയാക്കിയത്. 1877 ആഗസ്റ്റ് ഒന്നിന് ആയില്യം തിരുനാള്‍ മഹാരാജാവ്
തൂക്കുപാലം ഉത്ഘാടനം ചെയ്തു. അപ്പോഴേക്കും നാണുപിള്ള ദിവാനായി
ചുമതലയേറ്റിരുന്നു.പാലത്തിന്‍റെ ബലത്തെകുറിച്ച് നാട്ടുകാര്ക്ക് നല്ല
ആശങ്കയുണ്ടായിരുന്നു.അത് മാറ്റാന്‍ തന്നെ എന്‍ജിനീയര്‍ ഹെന്‍റി
തീരുമാനിച്ചു. പത്തനാപുരത്തുള്ള മുളകുരാജന് എന്ന പ്രമുഖ വ്യാപാരിയുടെ ഏഴ്
ആനകളെ അദ്ദേഹം പാലത്തിലൂടെ നടത്തിച്ചു.ഈ സമയം ഹെന്‍റിയും കുടുംബവും
വള്ളത്തില്‍ പാലത്തിന് ചുവട്ടിലൂടെ യാത്ര ചെയ്തു. അതോടെ ആളുകള്‍ക്ക്
പാലത്തിന്‍റെ ശക്തിയില്‍ വിശ്വാസമായി.പാലത്തിന്‍റെ ഒരു ഭാഗത്ത് ഭാരം
കയറിയാല്‍ മറുഭാഗം ഉയരുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.വാഹനം
കയറുമ്പോള്‍ ചങ്ങലകള്‍ കിലുങ്ങും.മൂന്ന് ഭാഗങ്ങളായി പണിതിരിക്കുന്ന
തൂക്കുപാലത്തിലൂടെ ചരക്കുവാഹനങ്ങള്‍ മറുകരയിലെത്തുന്നത് ഊഞ്ഞാലില്‍
ആടുന്നപോലെ ആയിരുന്നു. മുളയും ഈറയും സുഗന്ധവ്യഞ്ജനങ്ങളുമായി കാളവണ്ടികള്‍
മുതല്‍ ലോറികള്‍ വരെ പാലത്തിലൂടെ കയറിയിറങ്ങി. തമ്പകം(Hopea parviflora)
ആണ് പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.തേക്കിനേക്കാള്‍ മികച്ച കരുത്താണ്
തമ്പകത്തിന് എന്നതാണ് പാലത്തിന് തമ്പകം ഉപയോഗിക്കാന്‍
പ്രേരണയായത്.പാറയില്‍ തീര്‍ത്ത കമാനങ്ങളാണ് നദിയുടെ ഇരുകരകളിലുമുള്ളത്.
അതില്‍ 53 കണ്ണികളുള്ള രണ്ട് ചങ്ങലകള്‍ ബന്ധിച്ചാണ് തടിപ്പാലത്തെ
ഉറപ്പിച്ചത്.ചങ്ങലകളെ താഴെയുള്ള നാല് കിണറുകളിലായി ഉറപ്പിച്ചിരിക്കുന്നു.
400 അടി നീളവും 20 അടി വീതിയുമുള്ള പാലം വന്നതോടെ കൊല്ലവും
തിരുമംഗലവുമായുള്ള വ്യാപാരബന്ധം ശക്തിപ്പെട്ടു.1972 ല്‍
ആധുനികരീതിയിലുള്ള കോണ്‍ക്രീറ്റ് പാലം വന്നതോടെ തൂക്കുപാലം
കാല്‍നടക്കാര്‍ മാത്രമുപയോഗിക്കുന്ന ഒന്നായി മാറി.പാലത്തിന്‍റെ
പ്രാധാന്യം മനസിലാക്കാതെ അധികാരികളും അതിനെ അറ്റകുറ്റപ്പണി നടത്തി
സംരക്ഷിക്കാന്‍ ശ്രമിച്ചില്ല. അനേകകാലത്തെ മുറവിളികള്‍ക്കൊടുവിലാണ് 1990
ല്‍ പാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കാന്‍
തീരുമാനിച്ചത്.തുടര്‍ന്ന് പാലം ബലപ്പെടുത്താനുള്ള പണികള്‍ നടത്തി 2014
ല്‍ പൊതുജനങ്ങള്‍ക്ക് നടക്കാനായി തുറന്നുകൊടുത്തു. പാലത്തിലെ പലകകള്‍ക്ക്
കേട്പാട് കണ്ടതോടെ 2022 ല്‍ അടച്ചിട്ടു. പിന്നീട് 28 ലക്ഷം രൂപ മുടക്കി
നവീകരിച്ച് 2023 ല്‍ വീണ്ടും സജീവമാക്കി.ഇപ്പോള്‍ നഗരത്തിലെ പ്രധാന
വിനോദസഞ്ചാര ആകര്‍ഷണമാണ് പുനലൂര്‍ തൂക്കുപാലം 💞
No comments:
Post a Comment