ചോദ്യം ചെയ്യാൻ ശക്തി ആർജിക്കുക
===
ഞാനൊരു കഥ പറയാം.നിങ്ങള്‍ക്ക് അറിയാവുന്ന കഥയാകാം. തെനാലി രാമന്‍റെ
കഥയാണത്. തെനാലിയുടെ കൌമാരകാലം. നാട്ടില്‍ വലിയ
വരള്‍ച്ചയുണ്ടായി.മനുഷ്യരും ജീവജാലങ്ങളും കഷ്ടത്തിലായി. ഈ സമയം അവിടൊരു
സന്ന്യാസി വന്നു.അപ്പോള്തന്നെ മഴയും പെയ്തു. സന്ന്യാസി വന്നതുകൊണ്ടാണ് മഴ
പെയ്തത് എന്ന വിശ്വാസത്തില്‍ ജനങ്ങള്‍ അദ്ദേഹത്തെ തൊഴുകയും ആദരിക്കുകയും
ചെയ്തു. അപ്പോള്‍ തെനാലി വിളിച്ചു പറഞ്ഞു, ആകാശത്ത് മേഘങ്ങള്‍ നേരത്തേ
ഉണ്ടായിരുന്നു, താങ്കള്‍ വന്നില്ലായിരുന്നെങ്കിലും ഇപ്പോള്‍ മഴ പെയ്തേനെ.
സന്ന്യാസി അപ്പോള്‍ ഒന്നും പറഞ്ഞില്ല.ആളുകള്‍ പോയിക്കഴിഞ്ഞപ്പോള്‍ അവനെ
അടുത്തുവിളിച്ചു. നീ മിടുക്കനാണ്.നിനക്ക് ഞാന്‍ ചില മന്ത്രങ്ങള്‍
പറഞ്ഞുതരാം. നീ രാത്രിയില്‍ കാളി ക്ഷേത്രത്തില്‍ പോയി പൂജ ചെയ്യണം.കാളി
പ്രത്യക്ഷപ്പെട്ട് നിനക്ക് വരം തരും.
അവന്‍ സന്ന്യാസി പറഞ്ഞപോലെ ചെയ്തു. രാത്രിയില്‍ ആയിരം തലയും രണ്ട് കൈകളും
കാലുകളുമുള്ള കാളി പ്രത്യക്ഷപ്പെട്ടു. അതുകണ്ട് രാമന്‍ ചിരിച്ചു. എന്താടാ
നീ ചിരിക്കുന്നത്, എന്നെ കണ്ടിട്ട് പേടി തോന്നുന്നില്ലെ എന്ന് കാളി
ചോദിച്ചു. അവന്‍ പറഞ്ഞു, എനിക്ക് ജലദോഷം വരുമ്പോള്‍ മൂക്ക് ചീറ്റി ചീറ്റി
ഞാന്‍ കഷ്ടപ്പെടാറുണ്ട്. നിങ്ങള്‍ക്ക് ജലദോഷം വരുമ്പോള്‍ രണ്ട്
കൈകള്‍കൊണ്ട് ആയിരം മൂക്ക് ചീറ്റുന്ന അവസ്ഥ ഓര്‍ത്താണ് ഞാന്‍ ചിരിച്ചത്
എന്നു പറഞ്ഞു. അതുകേട്ട് കാളിയും ചിരിച്ചു. അവനോട് ഇത്രകൂടി പറഞ്ഞു.
നോക്കൂ, എന്‍റെ കൈയ്യില്‍ രണ്ട് കുടത്തില്‍ പാലുണ്ട്. ഒന്നിലെ പാല്
കുടിച്ചാല്‍ നീ ധനവാനാകും. മറ്റേതിലേത് കുടിച്ചാല്‍ നീ ജ്ഞാനിയും
അറിവുള്ളവനും ആകും. പക്ഷെ ഇതില്‍ ഒരെണ്ണമെ കുടിക്കാന്‍ കഴിയൂ.അവന്‍
പെട്ടെന്ന് രണ്ട് കുടത്തിലെയും പാല്‍ വേഗംതന്നെ എടുത്ത് കുടിച്ചു. അതില്‍
ദേഷ്യം തോന്നിയ കാളി അവനെ നീയൊരു വിദൂഷകനായി ജീവിക്കും എന്ന് ശപിച്ചു.
രാമന്‍ പറഞ്ഞു, ഒരു വിദൂഷകനും കവിയുമായിരിക്കാന്‍ എന്നെ അനുവദിക്കണം.
അവര്‍ അത് സമ്മതിച്ചു. എങ്കിലും നീ നിന്‍റെ കാലശേഷവും അറിയപ്പെടുക
വിദൂഷകന്‍ എന്ന നിലയിലാവും എന്നും പറഞ്ഞു. രാമനെ നമ്മള്‍ ഇപ്പോള്‍
അറിയുന്നത് കൃഷ്ണദേവരായരുടെ കൊട്ടാരവിദൂഷകന്‍ എന്ന നിലയിലാണല്ലോ.
കഥയില്‍ കാളിയും ശാപവും വരവും ഒക്കെ വരുന്നതുകൊണ്ട് ഇത് ഹിന്ദുമത
പ്രോത്സാഹനമാണ് എന്ന് വ്യാഖ്യാനിക്കരുത് എന്ന് അപേക്ഷിക്കുന്നു. ഞാന്‍ ഈ
കഥ ഇവിടെ പറഞ്ഞത് മതവും ജാതിയും രാഷ്ട്രീയവും അധികാരവും സമൂഹത്തില്‍
കാട്ടിക്കൂട്ടുന്ന തോന്ന്യാസങ്ങളെ വിളിച്ചു പറയാന്‍ കഴിയുന്ന തെനാലി
രാമന്മാര്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരേണ്ടതിന്‍റെ അനിവാര്യത
ചൂണ്ടിക്കാട്ടാനാണ്. മതഭക്തരും ജാതിഭക്തരും രാഷ്ട്രീയഭക്തരും അടിമകളും
വര്‍ദ്ധിച്ചുവരുന്ന കാലമാണ്. ആകെ ഒരു ജീവിതമുള്ളത് അടിമയായി
ജീവിക്കുന്നതിന് പകരം തിന്മകളെ തിരുത്തുവാന്‍ കഴിയുന്നവരായി ജീവിക്കാന്‍
ശ്രമിക്കുക🙏🏿
No comments:
Post a Comment