Friday 9 February 2024

Review on Adimamakka -autobiography of C.K.Janu

 


സി.കെ.ജാനുവിന്‍റെ ആത്മകഥ - അടിമമക്ക

ആസ്വാദനം- വി.ആര്.അജിത് കുമാര്‍

ആദിവാസി ഗോത്ര മഹാസഭയുടെയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടേയും പ്രസിഡന്‍റായ സി.കെ.ജാനുവിന്‍റെ നാളിതുവരെയുള്ള ജീവിതമാണ് അടിമമക്കയില് പറയുന്നത്. ആദിവാസി ഗോത്ര സംസ്ക്കാരവും സാമൂഹികാവസ്ഥയും ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും അത് നടപ്പിലാക്കാതിരിക്കാന്‍ ഭരണാധികാരികള്‍ നടത്തുന്ന അട്ടിമറികളും കഥയോടൊപ്പമുള്ള ചരിത്രവായനയാകുന്നു. അടിമമക്ക എന്ന തലക്കെട്ടിന്‍റെ അര്‍ത്ഥം മനസിലായില്ലെങ്കിലും വലിയൊരു പോരാട്ട കഥ വായിച്ച അനുഭവമാണ് പുസ്തകം പകര്‍ന്നുനല്‍കുന്നത്. പുസ്തകത്തില്‍ ഒരിടത്ത് ജാനു പറയുന്നു, ഞാന്‍ കേരളത്തില്‍ ആരാധിക്കുന്ന,ബഹുമാനിക്കുന്ന ഏക സ്ത്രീ ഗൌരിയമ്മയാണ്.ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുവാന്‍ ഇടത്-വലത് മുന്നണികള്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍ അതിനെതിരെ ഉറച്ചനിലപാടെടുത്ത ധീരവനിതയാണവര്‍.അത്തരമൊരു ധീരവനിതയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട നേതാവാണ് ജാനുവും.

അടിസ്ഥാന വിദ്യാഭ്യാസം പോലും ആര്‍ജ്ജിക്കാതിരുന്നിട്ടും ചെറുപ്പം മുതലെ കൈമുതലായുള്ള ആത്മവിശ്വാസവും താന്‍പോരിമയും നേതൃപാടവവും കൊണ്ട് ആദിവാസി നേതാവായി മാറിയ ജാനുവിന്‍റെ കഥ മലയാളികള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

അടിയസമുദായത്തില്‍ ജനിച്ച ജാനു കേരളത്തിലെ മുഴുവന്‍ ആദിവാസികളുടേയും നേതാവായി മാറിയത് ചെറിയ കാര്യമല്ല. ഗോത്രങ്ങള്‍ക്കിടയിലെ വലുപ്പ ചെറുപ്പവും അയിത്തവുമൊക്കെ മറ്റു സമൂഹത്തിലുള്ളതിലും അധികമാണ് എന്ന് നമ്മള്‍ മനസിലാക്കണം. ഗോത്രം നിലനില്‍ക്കണമെങ്കില്‍ സ്വന്തമായി ഭൂമി വേണം എന്ന തിരിച്ചറിവില് നിന്നാകണം ഭൂസമരത്തിനായി അവര് ജാനുവിന് പിന്നില്‍ കൈകോര്‍ത്തത്.

 അടിമപ്പണി ചെയ്യുന്ന അച്ഛനമ്മമാര്‍ക്കൊപ്പം തിരുനെല്ലിയില്‍ ജീവിച്ച്, കുട്ടിക്കാലം മുതലെ കഠിനാദ്ധ്വാനം ചെയ്തു വളര്‍ന്ന ജാനു നേതാവാകുന്നത് യാദൃശ്ചികമായല്ല. സ്വന്തം വീട്ടില്‍ തന്നെ തുടങ്ങിയ കലഹമാണ് അവരെ നേതാവാക്കിയത്. ആരും പറയുന്നത് അനുസരിക്കാതെ തന്‍റെ ശരികളിലൂടെയുള്ള യാത്ര അന്നേ തുടങ്ങിയിരുന്നു. ജാനുവിന് അഞ്ചുവയസുള്ളപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയി. പട്ടിണിയുടെ ദിനങ്ങളിലൂടെയുള്ള യാത്രയാണ് അവിടെ തുടങ്ങിയത്. ജന്മിമാരോട് കണക്കുപറഞ്ഞ് പണം വാങ്ങാനും അത് കരുതിവയ്ക്കാനും അവള്‍ പഠിച്ചു. ആചാരങ്ങളും അനുഷ്ടാനങ്ങളും ഗോത്രജീവിതചര്യയും പിന്തുടര്‍ന്നു.

1985 ലാണ് കാന്‍ഫെഡ് സാക്ഷരത ക്ലാസ്സില്‍ ജാനു പഠനം തുടങ്ങുമ്പോള്‍ അവളൊരു പതിനഞ്ചു വയസുകാരിയായിരുന്നു. അത് കുറച്ചുമാസം കഴിഞ്ഞപ്പോള് നിന്നുപോയി. അടുത്തവര്‍ഷം സോളിഡാരിറ്റി സാക്ഷരതാക്ലാസ് തുടങ്ങി. അവിടെ പഠനം തുടര്‍ന്ന ജാനു രണ്ടാം വര്‍ഷം സാക്ഷരത ഇന്‍സ്ട്രക്ടറായി. 1987 ല്‍ കാട്ടിക്കുളം ടൌണില്‍ സാക്ഷരതാ കലാജാഥയിലായിരുന്നു ആദ്യ പ്രസംഗം. അത് ഒരു മണിക്കൂര്‍ നീണ്ടു. കമ്മ്യൂണിസ്റ്റ് ജാഥകള്‍ക്കു പോയിപോയി പാര്‍ട്ടി മെമ്പറായി. അന്ന് ജന്മികള്‍ തന്നെയായിരുന്നു പാര്‍ട്ടി നേതാക്കളും. അതുകൊണ്ടുതന്നെ സമരനേതൃത്വവും സമരം ഒത്തുതീര്‍പ്പാക്കലും അവരാണ് ചെയ്തിരുന്നത്. അതിലൂടെ ആദിവാസികളെ സ്ഥിരമായി ചതിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ എന്നാണ് ജാനു പറയുന്നത്.

തനിച്ച് കൃഷി ചെയ്ത് പണമുണ്ടാക്കിയും വീട് വച്ചും മറ്റുള്ളവരെ സഹായിച്ചും ജീവിതം മുന്നോട്ടു നീക്കിയ ചെറുപ്പമായിരുന്നു ജാനുവിന്‍റേത്. ആദ്യമുണ്ടാക്കിയ പ്രസ്ഥാനം ആദിവാസി വികസന പ്രവര്‍ത്തക സമിതിയാണ്. 1989 ല് വെള്ളമുണ്ടയില്‍ ആദ്യത്തെ മിച്ചഭൂമി കൈയ്യേറ്റം. 1963 ലെ ഭൂപരിഷ്ക്കരണത്തിലൂടെ പാവപ്പെട്ട ആദിവാസികളെയും ദളിതരെയും കോളനികളില്‍ ഒതുക്കി എന്നാണ് ജാനു പറയുന്നത്. പിന്നീട് കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം ലഭിക്കേണ്ട ഭൂമി നല്‍കാതെയും സര്‍ക്കാര് വഞ്ചിച്ചു. 1992 ല്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ ആദിവാസി സംഗമം നടന്നു. അതിനുമുന്നെതന്നെ ജാനു സിപിഎം ബന്ധം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദിവാസികളുടെ കൂട്ടായ്മയായ സൌത്ത് സോണ്‍ ആദിവാസി ഫോറത്തിന്‍റെ വൈസ്പ്രസിഡന്‍റായി. കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും ഒരുപാട് ആക്ഷേപങ്ങള്‍ കേട്ടു. വിദേശത്തുനിന്നും പണം വാങ്ങിയെന്നും രാത്രിയോഗങ്ങളില്‍ പങ്കെടുക്കുന്നത് വേശ്യാവൃത്തിയാണ് എന്നൊക്കെ അവര്‍ പറഞ്ഞുനടന്നു. 1993 ല്‍ ഏഷ്യ ഇന്‍ഡിജിനസ് പീപ്പിള്‍ പാക്ടിന്‍റെ കമ്മറ്റിയില്‍ പങ്കെടുക്കാന്‍ മലയാളവും ഗോത്രഭാഷയും മാത്രമറിയാവുന്ന ജാനു തായ്ലന്‍റിലേക്ക് നടത്തിയ യാത്രയൊക്കെ നമുക്ക് ബഹുമാനം തോന്നും വിധം സാഹസികമാണ്. 1994 ലാണ് അമ്പുകുത്തിയിലെ ഭൂസമരം. അറസ്റ്റുവരിച്ച് ജയിലില്‍ പോയി. ജയിലില്‍ നല്ല ഭക്ഷണം കഴിച്ച് കുറച്ചുനാള്‍ ജീവിച്ചു എന്ന് ജാനു പറയുന്നു. എന്നാല്‍ രണ്ടാം വട്ടം അമ്പുകുത്തിയില്‍ കുടില്‍കെട്ടിയപ്പോള്‍ വനം വകുപ്പുകാര്‍ നന്നായി ഉപദ്രവിച്ചു. നക്സലൈറ്റുകളുടെയും രാഷ്ട്രീയക്കാരുടെയും വാലറ്റമായിരുന്ന  ആദിവാസികള്‍ മാറിചിന്തിച്ചതോടെ രാഷ്ട്രീയനേതാക്കന്മാരെല്ലാം ജാനുവിന്‍റെ ശത്രുക്കളായി മാറി.

ജന്മിമാരുടെ ഉപദ്രവത്തില്‍ നിന്നും ആദിവാസികളെ രക്ഷിക്കാനാണ്  വയനാട്ടില്‍ നക്സലൈറ്റുകള്‍ വന്നത്.എന്നാല്‍ തിരുനെല്ലിയില്‍ നക്സലുകള്‍ക്കെതിരെ ഉയര്‍ന്ന സിആര്‍പിഎഫ് ക്യാമ്പിലെത്തിയ പോലീസുകാരുടെ ഉപദ്രവം അതിലും രൂക്ഷമായിരുന്നു. ഒരുപാട് സ്ത്രീകളും പെണ്‍കുട്ടികളും പീഡനത്തിന് ഇരയായി.അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചു.1989-91 കാലത്ത് വയനാട് കളക്ടര്‍ മൈക്കിള്‍ വേദശിരോമണി അവിവാഹിതരായ ആദിവാസി അമ്മമാരുടെ ആദ്യ സര്‍വ്വേ നടത്തി. അവര്‍ക്കായി സ്വയം തൊഴില്‍ പദ്ധതിക്ക് നിര്‍ദ്ദേശിച്ചു. തൊട്ടുപുറകെ, അദ്ദേഹത്തിന് മാറ്റമായി. 1989 ലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ശക്തമാണെങ്കിലും ഉദ്യോഗസ്ഥര്‍ ഒരിക്കലും അത് ഫലവത്തായി വിനിയോഗിച്ചിട്ടില്ലെന്ന് ജാനു പറയുന്നു.

1994 ല്‍ ജനീവയില് നടന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ ജാനു പങ്കെടുത്തു. സുല്‍ത്താന്‍ ബത്തേരിയിലെ ചിങ്ങേരി പദ്ധതിയിലൂടെ സര്‍ക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ആദിവാസികളെ പറ്റിച്ച കഥ ജാനു പറയുന്നുണ്ട്. അവിടെയും അവര്‍ക്ക് ഭൂമി നല്‍കുന്നതിന് പകരം അടിമപ്പണിക്കാണ് വച്ചത്. പനവല്ലിയില്‍ പാര്‍ട്ടി ഗുണ്ടകളും വനം വകുപ്പും പോലീസും ചേര്‍ന്നായിരുന്നു ആക്രമണം. അറസ്റ്റു ചെയ്ത് ജയിലിലടച്ചു. പനവല്ലി സമരകാലത്താണ് കണ്ണൂരില്‍ നിന്നും ഗീതാനന്ദന്‍ വരുന്നതും സമരത്തിന് ഒപ്പം ചേരുന്നതും. പനവല്ലിയില്‍ ഭൂമിക്കായി സമരം നടക്കുമ്പോള്‍ ഇടതുപക്ഷം ഭൂമി കൈയ്യേറി പാര്‍ട്ടി ആഫീസുണ്ടാക്കുകയാണ് ചെയ്തത്. ഇടതുപക്ഷത്തിന്‍റേതല്ലാത്ത, അവരുടെ ചുവന്നകൊടി കുത്താത്ത ഒരു സമരത്തെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കൂട്ടാളികളും സമരമായി അംഗീകരിക്കില്ല എന്ന് ജാനു പറയുന്നു.

ജാനുവിന്‍റെ ആദ്യ തെരഞ്ഞെടുപ്പ് തിരുനെല്ലി പഞ്ചായത്തിലായിരുന്നു. സ്വതന്ത്രയായി നിന്ന ജാനുവിന് ബിജെപിയും കോണ്‍ഗ്രസും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് രഹസ്യമായി ഇടതുപക്ഷത്തിന് വോട്ടുചെയ്തു. പാര്‍ട്ടിക്കാര്‍ ആദിവാസികള്‍ക്ക് മദ്യം വാങ്ങി നല്‍കി അവരെക്കൊണ്ട് ജാനുവിനെ തെറിവിളിപ്പിച്ചു. എല്ലാവരും മാനസിക പിന്തുണയുണ്ട് എന്നു പറഞ്ഞു. അത് ആര്‍ക്ക് വേണം? മാനസിക പിന്തുണയുടെ പേരില്‍ ലോകത്താരും രക്ഷപെട്ടിട്ടില്ല. നമ്മള്‍ രക്ഷപെടണമെങ്കില്‍ അധികാര പിന്തുണയാണ് വേണ്ടതെന്ന് ജാനു പറയുന്നു.

വീട് പണിതപ്പോഴും അപവാദങ്ങളും ആരോപണവും ഉയര്‍ന്നു. ദേശാഭിമാനി,മംഗളം,കലാകൌമുദി പത്രങ്ങളിലൂടെയായിരുന്നു പ്രചരണം. അറുപത് ലക്ഷത്തിന്‍റെ വീട് എന്നായിരുന്നു പ്രചരണം. സഹപ്രവര്‍ത്തകരും ആരോപണത്തിന് പിന്നിലുണ്ടായിരുന്നു. ഈ കാലഘട്ടത്തില്തന്നെയാണ് ജാനു പീപ്പിള്‍സ് ഗ്ലോബല് ആക്ഷന്‍റെ ഭാഗമാകുന്നത്. ആദിവാസി ഗോത്ര സഭ വന്നപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിറച്ചു എന്നാണ് ജാനു എഴുതുന്നത്. മേധാപട്ക്കറും മറ്റും മൂവ്മെന്‍റിനെ പിന്തുണച്ചു.

ഭൂമിയാണ് ആദിവാസിയുടെ അടിസ്ഥാന ആവശ്യം, ഭൂമിയില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. ആറളം ആദിവാസികളുടെ പാരമ്പര്യഭൂമിയായിരുന്നു. 1976 ല്‍ കേന്ദ്ര ഫാമിംഗ് കോര്‍പ്പറേഷന്‍ ആറളത്തെ 12500 ഏക്കര്‍ ഏറ്റെടുത്തു.5000 ഏക്കര്‍ വന്യജീവി സങ്കേതവും 7500 ഏക്കര്‍ ഫാമും. 2002 ല്‍ ഫാമിംഗ് കോര്‍പ്പറേഷന്‍ ഫാം പൂട്ടാന്‍ തീരുമാനിച്ചു. അപ്പോള്‍ ആദിവാസികള്‍ അവിടെ കയറി കുടില്‍ കെട്ടി. ഏഴ് ഇടതുപക്ഷ എംപിമാരും ഫാമിന്‍റെ ഭൂമി ആദിവാസികള്‍ക്ക് നല്‍കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നാലായിരം ഏക്കര് ഫാമിനുവേണ്ടി നിലനിര്‍ത്തി മൂവായിരത്തി അഞ്ഞൂറ് ഏക്കര്‍ ആദിവാസികള്‍ക്കായി മാറ്റിവച്ചു. അതൊരു വിജയ കഥയായിരുന്നു.

അതിനുശേഷമാണ് മുത്തങ്ങയിലെ സമരം. അവിടെ പോലീസും വനം വകുപ്പും ചേര്‍ന്ന് നരനായാട്ടാണ് നടത്തിയത്. 2003 ജനുവരിയിലായിരുന്നു തുടക്കം. പ്രകൃതിസംരക്ഷണസമിതിക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സമരത്തെ എതിര്‍ത്തു.ആനത്താരയാണ് എന്ന് പ്രകൃതിസംരക്ഷകര്‍ പറഞ്ഞു.ആന്ധ്രയില്‍ നിന്നും പോത്തുകുട്ടികളെ വാങ്ങിക്കൊണ്ടുവന്ന് കാട്ടില്‍ മേയാന്‍വിട്ട് പിന്നീട് വലിയ വിലയ്ക്ക് വില്ക്കുന്ന ആളായിരുന്നു പ്രകൃതിസ്നേഹിയായി പ്രത്യക്ഷപ്പെട്ടത്. മുത്തങ്ങയിലെ മരങ്ങളെല്ലാം വെട്ടി തരിശാക്കിയപ്പോള്‍ ഈ പ്രകൃതിസ്നേഹികളെ കണ്ടില്ല എന്ന് ജാനു പറയുന്നു.

മദ്യലോബി,ചന്ദനക്കടത്തുകാര്‍,വനം വകുപ്പ്, എല്ലാം ഒന്നിച്ചുനിന്നു. സമരം മുറുകിയപ്പോള്‍ അക്രമണം തുടങ്ങി. മുളങ്കൂട്ടത്തില്‍ തീയിട്ട് ജാനുവിനെ കൊല്ലാന്‍ പോലും പദ്ധതിയിട്ടിരുന്നു. ഗീതാനന്ദനേയും ജാനുവിനെയും കൈയ്യില്‍കിട്ടിയപ്പോള്‍ തല്ലിച്ചതച്ചു. അടിയന്തിരാവസ്ഥയുടെ കാലത്തെ ക്രൂരതയ്ക്ക് തുല്യമായിരുന്നു അന്നത്തെ പോലീസ് അതിക്രമം. മുഖ്യമന്ത്രി ആന്‍റണിയുടെ അറിവോടെയായിരുന്നു ഈ നായാട്ട്. അരുന്ധതി റോയ് വന്നശേഷമാണ് മാധ്യമങ്ങളും എഴുത്തുകാരും സമരത്തിന് അനുകൂലമായി സംസാരിച്ചു തുടങ്ങിയത്.

വിദ്യാഭ്യാസം നേടിയ പുതുതലമുറയ്ക്ക് ആചാരചടങ്ങുകളിലും ഗോത്രപാരമ്പര്യത്തിലും താത്പ്പര്യമില്ല എന്ന് ജാനു പരിതപിക്കുന്നുണ്ട്. ആദിവാസികള്‍ മുറുകെ പടിക്കുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് അവരുടെ പുരോഗമനത്തിന് പ്രധാന തടസ്സം.വയസ്സറിയിക്കല്‍ കല്യാണമൊക്കെ ചിലവേറിയ ഇനങ്ങളാണ്.ആദിവാസികള്‍ക്കായി സര്‍വ്വകലാശാല വേണം എന്നൊക്കെ ജാനു ആവശ്യപ്പെടുന്നുണ്ട്. ആദിവാസികള്‍ക്ക് ഫ്ലാറ്റുകളല്ല, മണ്ണാണ് വേണ്ടത് എന്ന നിലപാടില്‍ ഉറച്ചാണ് ജാനു നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പൂക്കോട് വനഭൂമി ആദിവാസികള്‍ക്ക നല്‍കണം എന്നാവശ്യപ്പെട്ടും ആറളം ഫാമിലെ മുതലാളിമാരുടെ പൈനാപ്പിള്‍ കൃഷി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടും അട്ടപ്പാടിയിലെ ശിശുമരണം പരിഹരിക്കണം എന്നാവശ്യപ്പെട്ടുമായിരുന്നു 2014 ലെ നില്‍പ്പുസമരം.ആ സമരം ഒരു വിജയമായിരുന്നു.

പ്രേമിക്കാനും വിവാഹം കഴിക്കാനും ജീവിക്കാനും മറന്ന ജാനു ഒടുവില്‍ ഛത്തീസ്ഗഡില്‍ നിന്നും ഒരു കുട്ടിയെ ദത്തെടുത്തു. ആദിവാസിയായതിനാല്  കുട്ടിയെ ലഭിക്കാനും അനേകം കടമ്പകള്‍ കടക്കേണ്ടിവന്നു. 2016 ല് നാഷണല്‍ ഡമോക്രാറ്റിക് അലയന്‍സിന്‍റെ ഭാഗമായതോടെ സുഹൃത്തുക്കള്‍ പലരും വിട്ടുപോയി. ബിജെപിയുടെ വാഗ്ദാനലംഘനത്തില് പ്രതിഷേധിച്ച് 2018 ല്‍ സഖ്യം വിട്ടു. 2021 ഫെബ്രുവരിയില്‍ വീണ്ടും അവരുമായി യോജിച്ചു. ആദിവാസി ഹിന്ദുമതത്തിന്‍റെ ഭാഗമല്ലെന്നും ആദിവാസി മതത്തെ അംഗീകരിക്കണമെന്നും ജാനു ആവശ്യപ്പെടുന്നുണ്ട്. ജയലക്ഷ്മി എന്ന ആദിവാസി വകുപ്പുമന്തിയായപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മന്ത്രി എന്ന നിലയില്‍ അവര്‍ തികഞ്ഞ പരാജയമായിരുന്നു എന്നു ജാനു എഴുതുന്നു. സിനിമയില് അഭിനയിക്കുകയും കവിത എഴുതുകയുമൊക്കെ ചെയ്യുന്ന ജാനു വൈവിധ്യമാര്‍ന്ന ഒരു വ്യക്തിത്വം തന്നെ. മരിച്ചാല്‍ കുഴിച്ചിടാന് മണ്ണില്ലാത്തവര്‍ക്കുവേണ്ടിയുള്ള സമരം എന്നാണ് ജാനു തന്‍റെ പോരാട്ടത്തെ വിലയിരുത്തുന്നത്. അടിമമക്ക കുറച്ച് ശ്രദ്ധയോടെ എഡിറ്റ് ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി മികച്ച രചന ആയിരുന്നേനെ. പുതിയ പതിപ്പില്‍ അതുണ്ടാകും എന്ന് പ്രതീക്ഷിക്കാം.🙏

No comments:

Post a Comment