ചിലര്‍ പറയും, ചിലര്‍ ചെയ്യും
നല്ല കാര്യങ്ങള്‍ പ്രസംഗിക്കുന്നവര്‍ നമുക്ക് ചുറ്റും ഏറെയുണ്ടാകും. പക്ഷെ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നവര്‍ കുറവാകും. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ചിലരെ പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
ഒന്ന്- ഗോമതി
ഗോമതി ചെന്നൈയില്‍ കഷ്ടപ്പെട്ട് ജീവിച്ച ഒരു കുടുംബത്തിലെ അംഗമാണ്. തെരുവോരത്തെ ഭക്ഷണക്കടയായിരുന്നു മാതാപിതാക്കളുടെ വരുമാനമാര്‍ഗ്ഗം. സ്കൂളില്‍ പോകുന്ന സമയമൊഴികെ മറ്റ് സമയങ്ങളില്‍ ഗോമതി അച്ഛനമ്മമാരെ സഹായിച്ചിരുന്നു. സര്‍ക്കാര്‍ സ്കൂളിലെ പഠനത്തിന് ശേഷം എന്‍ജിനീയറിംഗ് പഠിച്ചു. ജര്‍മ്മനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായി. ചെറുപ്പത്തില്‍ പഠിക്കാന്‍ അനുഭവിച്ച വിഷമങ്ങള്‍ ഓര്‍ത്തെടുക്കുന്ന ഗോമതി പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ എപ്പോഴും മുന്നിലായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് കാഴ്ചപരിമിതിയുള്ള എണ്‍പത് കുട്ടികള്‍ക്ക് വിവിധ പരീക്ഷകളില്‍ സ്ക്രൈബായി പ്രവര്‍ത്തിച്ചായിരുന്നു തുടക്കം.ജര്‍മ്മനിയില്‍ എത്തിയശേഷം ചെന്നൈയിലുള്ള ഒരു സുഹൃത്ത് വഴി സ്കൂള്‍ പഠനം ഉപേക്ഷിച്ച കാഴ്ചപരിമിതിയുള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു അവള്‍ ആദ്യം ചെയ്തത്. ആദ്യം അവരുടെ സ്കൂള് ഫീസ് നല്‍കി അവരെ തിരികെ സ്കൂളിലെത്തിച്ചു. ഇത്തരം കുട്ടികളെ പഠിപ്പിക്കുന്നവരെ കണ്ടെത്തി ട്യൂഷന്‍ ഏര്‍പ്പാടാക്കി. തുടര്‍ന്ന് യുപിഎസ്സി ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ക്ക് ആവശ്യമായ പഠനസാമഗ്രികള്‍ ആഡിയോ ബുക്കായി നല്‍കി. കുട്ടികള്‍ക്ക് ഹെല്‍ത്ത് ക്യാമ്പും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു.
ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, അധ്യാപകര്‍ക്കും ഉപയോഗപ്പെട്ടു. തുടര്‍ന്ന് നോവലുകള്‍ പോലും ആഡിയോ ബുക്കായി നല്‍കി. സുഹൃത്തുക്കളും വോളന്‍റിയേഴ്സും ചേര്‍ന്ന് മുന്നൂറിലേറെ ആഡിയോ ബുക്കുകളുണ്ടാക്കി.
ഇതിന് പുറമെ അമേരിക്കയില്‍ സ്ഥിരവാസമാക്കിയ തമിഴ്നാട്ടുകാരുടെ കൂട്ടായ്മയായ "നമ്മുടെ ഗ്രാമം നമ്മുടെ ഉത്തരവാദിത്തം" എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് പാവപ്പെട്ട കര്‍ഷകരെയും അവരുടെ കുട്ടികളേയും സഹായിക്കുന്നുണ്ട്. ഇതുവരെ 150 കുട്ടികള്‍ക്ക് പഠനസഹായം നല്‍കി. 36 കര്‍ഷകര്‍ക്ക് പശുക്കളേയും വാങ്ങി നല്‍കി. ഇത്തരം സഹായങ്ങള്‍ തുടരാനാണ് മുപ്പത്തിരണ്ടുകാരിയായ ഗോമതിയുടെ തീരുമാനം.
( കടപ്പാട് – അശ്വന്തി.ബി,ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്)
No comments:
Post a Comment