Tuesday, 9 August 2022

Gindy National Park, Chennai

 


ഗിണ്ടി ദേശീയോദ്യാനം

 ചെന്നൈയിലെ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ്. ഞങ്ങള്‍ ചെന്നൈയിലേക്കെത്തിയത് ജൂണ്‍ ഏഴിനാണ്. അപ്പോഴേക്കും കാലം തെറ്റിയ മഴ വന്നു തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഒരു സുഖമുള്ള കാലാവസ്ഥയാണ് ചെന്നൈ സമ്മാനിച്ചത്. അതിപ്പോഴും തുടരുന്നു. ഞങ്ങള്‍ താമസിക്കുന്ന സാഫ് ഗയിംസ് വില്ലേജ് കോയമ്പേഡ് ബസ് ടെര്‍മിനലിനോട് ചേര്‍ന്നാണ്. ഒരു ചെറിയ ടൗണ്‍ഷിപ്പുപോലെ ഉള്ള ഇടമാണിത്. പാര്‍ക്കുകളും ഐഎഎസ് മെസ്സും സ്വിമ്മിംഗ് പൂളും ഷട്ടില്‍,ടേബിള്‍ ടെന്നീസ് ,ടെന്നീസ് കോര്‍ട്ടുകളും ജിമ്മുമൊക്കെ ഈ കോംപ്ലക്‌സില്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ നാളിതുവരെ അധികദൂരമൊന്നും യാത്ര ചെയ്യുകയോ ചെന്നൈയെ അറിയുകയോ ചെയ്തിരുന്നില്ല. രണ്ട് ദിവസം മുന്നെ കൊച്ചിയില്‍ നിന്നും ശ്രീജയും ഫെബിനും (താടി ) വന്നപ്പോള്‍ ആദ്യം ചിന്തിച്ചത് പോണ്ടിച്ചേരി യാത്രയായിരുന്നെങ്കിലും ഒടുവില്‍ അത് ഗിണ്ടി നാഷണല്‍ പാര്‍ക്കിലേക്ക് ഒതുങ്ങി. ബഹുനില കെട്ടിടങ്ങളുടെ കാടായി വളര്‍ന്നുകൊണ്ടിരിക്കുന്ന ചെന്നൈ നഗരത്തിന്റെ ജീവവായുവാണ് ഗിണ്ടി ദേശീയോദ്യാനം. ഉച്ചയ്ക്കാണ് യാത്ര പുറപ്പെട്ടത്. ഗിണ്ടിയിലെ പഞ്ചാബി നാഷണല്‍ എന്ന ഹോട്ടല്‍ നിര്‍ദ്ദേശിച്ചത് ശ്രീക്കുട്ടനാണ്. അവിടെനിന്നും ഉച്ചഭക്ഷണം കഴിച്ചു. വളരെ സ്വാദിഷ്ടമായ ഭക്ഷണമായിരുന്നു. അവിടെ നിന്നും അധികദൂരമുണ്ടായിരുന്നില്ല ദേശീയോദ്യാനത്തിലേക്ക്.

 ആശ വിളിച്ചു പറഞ്ഞിരുന്ന പ്രകാരം പാര്‍ക്കിന് മുന്നില്‍ ഫോറസ്റ്റ് ഓഫീസര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്കൊപ്പം മാത്രമെ പാര്‍ക്കില്‍ സന്ദര്‍ശനം അനുവദിക്കുകയുള്ളു. നടന്നു പോകുകയാണെങ്കില്‍ എട്ടു കിലോമീറ്ററെങ്കിലും ഉണ്ടാകും. അതിന് ആരും തയ്യാറായിരുന്നില്ല. കാറ് പോകും എന്നു കേട്ടതോടെ ആ ഓപ്ഷന്‍ തന്നെ എടുത്തു. രണ്ട് വശവും ചെറിയ കിടങ്ങുകളുള്ള ഒരു വണ്ടി മാത്രം പോകാവുന്ന വഴിയിലൂടെ ഞങ്ങള്‍ യാത്ര ആരംഭിച്ചു. മുന്നിലായി ഇരു ചക്രവാഹനത്തില്‍ ഉദ്യോഗസ്ഥനായ അരുണും. കുറേദൂരം താണ്ടി ഒരു ചെറു തടാകത്തിനടുത്തെത്തി. എരണ്ടപ്പക്ഷികളും കൊക്കുമൊക്കെയാണ് അവിടെ ഉള്ളത്. കുറേ സമയം അവിടെ ചിലവഴിച്ചു. പിന്നീട് യാത്ര മറ്റൊരു വശത്തേക്കായി. അതെത്തിച്ചേര്‍ന്നത് മാനുകളുടെ കൂട്ടത്തിനടുത്താണ്. ഏകദേശം അന്‍പതോളം മാനുകള്‍. ഞങ്ങളെ സംശയത്തോടെ നോക്കിനിന്ന ശേഷം പെണ്‍മാനുകള്‍ ഓടിപ്പോയി. ആണുങ്ങള്‍ അവിടെത്തന്നെ നിന്നു. അവര്‍ ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യരുമായൊരടുപ്പം സമ്പാദിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ഭയമില്ലാത്തതെന്നും അരുണ്‍ പറഞ്ഞു.

 2.7 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ഗിണ്ടി വനം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് 1978 ലാണ്. ഇന്ത്യയിലെ മറ്റൊരു മെട്രോപൊളിറ്റന്‍ നഗരത്തിലും ഇത്തരമൊരു വനപ്രദേശം ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. ട്രോപ്പിക്കല്‍ ഡ്രൈ എവര്‍ഗ്രീന്‍ ഫോറസ്റ്റാണിത്. 350 ലേറെ ഇനം സസ്യങ്ങളും 130 ലധികം ഇനം പക്ഷികളും ഇവിടുണ്ട്. ചിതലുകളും ഉറുമ്പുകളും ചിത്രശലഭങ്ങളും ചിലന്തികളും മില്ലിപ്പെഡ്‌സും ബഗ്‌സും വിരകളും ഒച്ചുകളുമൊക്കെ ധാരാളമായുണ്ട്. രാജ്ഭവന്റെ ഭാഗമായിരുന്നു ഈ ഇടം. ബ്ലാക്ക്ബക്ക്‌സ് ,സ്‌പോട്ടഡ് ഡീര്‍,കുറുക്കന്‍,പാമ്പുകള്‍, ആമ എന്നിവയും കാടിന്റെ ഭാഗമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടം ഗയിം റിസര്‍വ്വ് ആയിരുന്നു.1670-കളില്‍ അന്നത്തെ ഗവര്‍ണ്ണര്‍ വില്യം ലാംഗ്‌ഹോണ്‍ വനത്തിലെ ഒരു ഭാഗം ഗിണ്ടി ലോഡ്ജ് എന്ന പേരില്‍ അദ്ദേഹത്തിന്റെ താമസസ്ഥലമാക്കി. 1958 ല്‍ വനത്തിന്റെ ഒരു ഭാഗം ചെന്നൈ ഐഐടി ആരംഭിക്കാനായി കേന്ദ്ര സര്‍ക്കാരിന് വിട്ടു കൊടുത്തു. 22 ഏക്കര്‍ ഭൂമി ചില്‍ഡ്രന്‍സ് പാര്‍ക്കിനായി നല്‍കി. ഗാന്ധി മെമ്മോറിയലും രാജാജി മെമ്മോറിലും കാമരാജ് മെമ്മോറിയലും വനപ്രദേശമായിരുന്നു. ചില്‍ഡ്രന്‍സ് പാര്‍ക്കിനോട് ചേര്‍ന്നാണ് സ്‌നേക്ക് പാര്‍ക്കുള്ളത്.

 ഗിണ്ടി നാഷണല്‍ പാര്‍ക്ക് കണ്ടശേഷം ഞങ്ങള്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പോയി. പത്മാവതിക്ക് അവിടം വളരെ ഇഷ്ടപ്പെട്ടു. വലിയ തിരക്കായിരുന്നു പാര്‍ക്കില്‍. വിവിധ തരം കളിഉപകരണങ്ങള്‍ക്കു പുറമെ ഒരു മൃഗശാലകൂടിയാണവിടം.ബ്ലാക്ക്ബക്ക്, സാംബാര്‍,പുള്ളിമാന്‍, മുള്ളന്‍പന്നി, കുറുക്കന്‍,മലമ്പാമ്പ്, േ്രഗ പെലിക്കന്‍, റോസി പെലിക്കന്‍ ,ലിറ്റില്‍ എഗ്രറ്റ്, നൈറ്റ് ഹെറോണ്‍, കോര്‍മറന്റ്, തത്ത, മയില്‍, മുതല,കുരങ്ങ് , ലൗ ബേര്‍ഡ്‌സ് തുടങ്ങിയ ജീവികളാണ് അവിടെ ഉള്ളത്.

 വൈകിട്ട് ഞങ്ങള്‍ മടങ്ങുമ്പോഴും നൂറുകണക്കിനാളുകള്‍ പാര്‍ക്കിലുണ്ടായിരുന്നു. നഗരത്തിലെ തിരക്കുകളിലേക്ക് മടങ്ങാനുള്ള മടി അവരുടെ മുഖത്ത് ദൃശ്യമായിരുന്നു.











No comments:

Post a Comment