Monday 9 August 2021

Kerala needs staff selection commission

 

സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് വേഗത കൈവരാന്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രൂപീകരിക്കണം

                                               -- വി.ആര്‍.അജിത് കുമാര്‍, പ്രസിഡന്റ് ,പെബ്‌സ്(പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി)

കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷനും ഉദ്യോഗാര്‍ത്ഥികളുടെ നിയമനവും സംബ്ബന്ധിച്ച വലിയ വിവാദം നടക്കുന്ന കാലമാണല്ലൊ ഇത്. കേരളം പോലെ വ്യവസായികമായി വികസിക്കാന്‍ കഴിയാത്ത സംസ്ഥാനത്ത് ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമായി ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലിയെ കാണുന്നതില്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ലാസ്റ്റ്‌ഗ്രേഡിന് മാക്‌സിമം യോഗ്യത നിശ്ചയിക്കും വരെ ലാസ്റ്റ്‌ഗ്രേഡ് തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം നേടിയവര്‍ പോലും അപേക്ഷിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. നിലവിലുള്ള പിഎസ് സി സംവിധാനത്തില്‍ നിന്നും ഇപ്പോള്‍ കാണുന്നതിലും മികച്ച ഒരു നിയമന രീതി പ്രതീക്ഷിക്കാന്‍ കഴിയില്ല. ചെറുതും വലുതുമായ അനേകം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചാല്‍ വര്‍ഷങ്ങളോളം കാത്തിരുന്നാല്‍ മാത്രമെ പരീക്ഷ നടക്കുകയുള്ളു. അതിന്‍റെ ഫലം അറിയാനും നിയമനം ലഭിക്കാനും വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കണം. ചുരുക്കത്തില്‍ ഒരാള്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കും. ഈ സമയത്തിനിടയില്‍ പല വട്ടം പുതിയ ഉദ്യോഗാര്‍ത്ഥികള്‍ സൃഷ്ടിക്കപ്പെടുകയാണ്. അവരുടെ കാത്തിരിപ്പും ഇത്തരത്തില്‍ നീളുകയാണ്. അതിനിടയിലാണ് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ടു ചെയ്യാതിരിക്കലും നിയമനത്തിലെ മെല്ലെപ്പോക്കുമൊക്കെ വരുന്നത്. ലിസ്റ്റിന്‍റെ കാലാവധി നീട്ടുന്നതും പ്രായോഗികമല്ല.അപേക്ഷ സമര്‍പ്പിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് അവസരം നിഷേധിക്കുകയാണ് അതിലൂടെ ചെയ്യുന്നത്.

നിലവിലെ പിഎസ് സി സംവിധാനം

നിലവില്‍ പിഎസ് സിക്ക് ഒരു കേന്ദ്ര ഓഫീസും റീജിയണല്‍-ജില്ലാതല ഓഫീസുകളും ആണുള്ളത്. നേരത്തെ എല്ലാറ്റിനും ഫിസിക്കലായി ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസുകളില്‍ ബന്ധപ്പെടേണ്ട അവസ്ഥയുണ്ടായിരുന്നു.പിഎസ് സി ബുള്ളറ്റിന്‍, മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന റിസപ്ക്ഷന്‍ എന്നിവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരവുമായിരുന്നു. പിന്നീട് വെബ്‌സൈറ്റ് ഫലപ്രദമായി,പുറമെ വണ്‍ടൈം രജിസ്‌ട്രേഷന്‍ വന്നു. ഒരേ യോഗ്യതയുളള ജോലികള്‍ക്ക് ഒറ്റ പ്രാഥമിക പരീക്ഷ എന്ന സമ്പ്രദായമൊക്കെ നിലവില്‍ വന്നു. എങ്കിലും പിഎസ് സിയില്‍ കാര്യങ്ങള്‍ ഉദ്ദേശിച്ച വേഗതയിലല്ല നീങ്ങുന്നത്. സ്റ്റാഫ് ഷോര്‍ട്ടേജാണ് എപ്പോഴും പറയുന്ന പരാതി. അത് വലിയ തോതില്‍ കൂട്ടാനും കഴിയില്ല. വളരെ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ഒരു റിജിഡ് പാറ്റേണുണ്ട്, സെക്രട്ടേറിയറ്റിലായാലും പിഎസ് സിയിലായാലും . സെക്കന്‍റ് ഗ്രേഡ് അസിസ്റ്റന്‍റ് , ഫസ്റ്റ് ഗ്രേഡ് അസിസ്റ്റന്‍റ് ,സെലക്ഷന്‍ ഗ്രേഡ്, സെക്ഷന്‍ ഓഫീസര്‍, അണ്ടര്‍ സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി എന്ന പാറ്റേണില്‍ എല്ലാവര്‍ക്കും അഡീഷണല്‍ സെക്രട്ടറിയായി വിരമിക്കണം എന്നാഗ്രഹമുണ്ടാവുക സ്വാഭാവികം. അതിന് കഴിയുന്ന ഒരു പാറ്റേണാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനായുളള പോരാട്ടമാണ് എല്ലാക്കാലത്തും നടക്കുന്നതും. സെക്രട്ടേറിയറ്റുപോലെ തന്നെ ഓവര്‍പൊളിറ്റിസൈസ്ഡ് ആണ് ജീവനക്കാരും. എത്രതന്നെ ഇ-ഗവര്‍ണ്ണന്‍സ് കൊണ്ടുവന്നാലും നിലവിലെ രീതിയില്‍ നിന്നും വലിയ മാറ്റം പ്രതീക്ഷിക്കാന്‍ കഴിയില്ല. സത്യത്തില്‍ ഇ-ഗവര്‍ണ്ണന്‍സ് മെച്ചപ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഓഫീസുകള്‍ക്കും റീജിയണല്‍ ഓഫീസുകള്‍ക്കും തീരെ പ്രസക്തിയില്ല എന്നത് സത്യമാണെങ്കിലും ഇടതുപക്ഷ സര്‍ക്കാരിന് പോലും അതില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല.

പിഎസ് സി  പരീക്ഷകള്‍ നിജപ്പെടുത്തണം

എല്ലാ പരീക്ഷകളും പിഎസ് സി നടത്തുക എന്നത് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കയാണ് പിഎസ് സിയെ. നടന്ന പരീക്ഷകളുടെ തുടര്‍ച്ചയായി വേണ്ടി വരുന്ന ഇന്‍റര്‍വ്യൂ, പ്രായോഗിക പരീക്ഷ തുടങ്ങിയവ ഒരു വശത്ത്. പുതിയ എഴുത്തു പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പ് മറുവശത്ത്. ഇതിനിടെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ഉള്‍പ്പെടെ കേസുകള്‍, വിവരാവകാശം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിപ്പാര്‍ട്ട്‌മെന്‍റല്‍ പരീക്ഷ തുടങ്ങി 24 മണിക്കൂറും പ്രവര്‍ത്തിച്ചാല്‍ തീരാത്ത ബാധ്യതകള്‍. അപ്പോള്‍ ആവുന്നതൊക്കെ ചെയ്യാം ,ബാക്കി അവിടെ കിടക്കട്ടെ എന്നേ ആരും ചിന്തിക്കൂ. പക്ഷെ തൊഴിലന്വേഷകരുടെ ആകാംഷ ചെറുതല്ലല്ലോ?

എന്താണ് ഒരു പ്രായോഗിക സമീപനം

  •  ഇന്റര്‍വ്യൂവും പ്രാക്ടിക്കല്‍ പരീക്ഷയും ആവശ്യമായ നിയമനങ്ങള്‍ മാത്രം പിഎസ് സിയില്‍ നിലനിര്‍ത്തി ബാക്കി നിയമനങ്ങള്‍ക്കായി സംസ്ഥാന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രൂപീകരിക്കുക എന്നതാണ് കരണീയം.

  • ഇന്‍റര്‍വ്യൂവും പ്രാക്ടിക്കല്‍ പരീക്ഷയും ഉള്ളതും സമാന യോഗ്യത നിശ്ചയിച്ചതുമായ  പരീക്ഷകള്‍ ഒന്നിച്ച് നടത്തുക.

  • ഇപ്പോള്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ്,പിഎസ് സി അസിസ്റ്റന്‍റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് ,ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയ്ക്ക് പൊതു പരീക്ഷ നടത്തുന്ന രീതി അവലംബിക്കാവുന്നതാണ്.

  • യുപിഎസ് സി സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് ചെയ്യുന്ന പോലെ ഉദ്യോഗാര്‍ത്ഥിക്ക് ഓപ്ഷന്‍ നല്‍കാന്‍ സംവിധാനം കൊണ്ടുവരാവുന്നതാണ്. ഉയര്‍ന്ന റാങ്കുകാര്‍ക്ക് അവരുടെ താത്പ്പര്യത്തിനനുസരിച്ച ജോലിയും മറ്റുള്ളവര്‍ക്ക് റാങ്കിനെ ബേസ് ചെയ്ത് മറ്റു ജോലികളും ലഭിക്കും.
 
  • ലിസ്റ്റിന്റെ കാലാവധി രണ്ടുവര്‍ഷം എന്നു നിജപ്പെടുത്തണം.
 
  • ജാനുവരിയില്‍ ആരംഭിച്ച് ഡിസംബറോടെ മുഴുവന്‍ പ്രോസസും പൂര്‍ത്തിയാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ അടുത്ത പരീക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.

  • ഓരോ വര്‍ഷവും ഉണ്ടാകുന്ന വേക്കന്‍സിക്കു വേണ്ടിയാകണം പരീക്ഷ. അപ്പോള്‍ പുതുതായി പാസാകുന്നവര്‍ക്കും അവസരം ലഭിക്കും.

  • വേക്കന്‍സി കൃത്യമായി റിപ്പോര്‍ട്ടു ചെയ്യാത്ത വകുപ്പു മേധാവികള്‍ക്ക് മേല്‍ നടപടിയുണ്ടാകണം.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍

ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസ്, പത്ത് പാസ് അടിസ്ഥാന യോഗ്യതയുള്ള പരീക്ഷ, പ്ലസ് 2 അടിസ്ഥാന യോഗ്യതയുള്ള പരീക്ഷ, ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള പരീക്ഷ എന്നിവ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രൂപീകരിച്ച് ആ സ്ഥാപനത്തെ ഏല്‍പ്പിക്കാവുന്നതാണ്. ജില്ലാതല നിയമനം ഉള്‍പ്പെടെ ഒറ്റ പരീക്ഷയില്‍ തീര്‍ക്കാവുന്നതാണ്. ജില്ല പ്രിഫറന്‍സ് വയ്ക്കാന്‍ അനുമതി നല്‍കുക വഴി ഉയര്‍ന്ന റാങ്കുള്ളവര്‍ക്ക് ആവര്‍ ആഗ്രഹിക്കുന്ന ജില്ല കിട്ടും എന്നുറപ്പാക്കാം.മറ്റുള്ളവര്‍ക്ക് റാങ്കിന്‍റെ അടിസ്ഥാനത്തിലാവും നിയമന ജില്ല ലഭിക്കുക. ലിസ്റ്റിന്‍റെ കാലാവധി 2 വര്‍ഷം എന്നു നിജപ്പെടുത്തി ,ഓരോ വര്‍ഷവും പരീക്ഷയ്ക്കായുളള പ്രോസസ് ആരംഭിക്കാവുന്നതാണ്. നിലവിലുള്ള വേക്കന്‍സിക്കു വേണ്ടി മാത്രമാവണം പരീക്ഷ. കുറഞ്ഞ അളവില്‍ ജീവനക്കാരെ വച്ച് മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്റര്‍വ്യൂ ഇല്ല എന്നതിനാല്‍ കമ്മീഷനില്‍ മെമ്പറന്മാരെ നിയമിക്കുന്നതും ഒഴിവാക്കാം.

പിഎസ് സിയെ മെച്ചപ്പെടുത്താന്‍

നിലവില്‍ പിഎസ് സി അംഗങ്ങള്‍ക്ക് യോഗ്യത നിശ്ചയിച്ചിട്ടില്ല എന്നതിനാല്‍ രാഷ്ട്രീയമായ പങ്കുവയ്പ്പാണ് നടക്കുന്നത്. ന്യായമായി ഒരുദ്യോഗാര്‍ത്ഥിക്കോ പൊതുസമൂഹത്തിനോ സമ്മതമായ ഒരു യോഗ്യതയും പൊസിഷനുമുള്ളവരെ അവിടെ നിയമിക്കേണ്ടതുണ്ട്. സിവില്‍ സര്‍വ്വീസില്‍ നിന്നും ജൂഡീഷ്യറിയില്‍ നിന്നും സര്‍ക്കാര്‍ കോളേജുകളില്‍ നിന്നും വിരമിച്ചവരെ മാത്രം അംഗങ്ങളാക്കുന്നത് ഉചിതമാകും. കമ്മീഷന്‍റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. കമ്മീഷനുകളുടെ സെക്രട്ടറിയായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച അഡ്മിനിസ്‌ട്രേഷനും സഹായിക്കും.

മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി

തമിഴ്‌നാട്ടില്‍ തമിഴ്‌നാട് പിഎസ്സിക്കു പുറമെ അധ്യാപരെ നിയമിക്കാന്‍ ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ്,മെഡിക്കല്‍ സര്‍വ്വീസസിന് മെഡിക്കല്‍ സര്‍വ്വീസസ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ്, പോലീസ് കോണ്‍സ്റ്റബിള്‍സ്,ജയില്‍ വാര്‍ഡന്‍,ഫയര്‍മെന്‍ തുടങ്ങിയ യൂണിഫോം സര്‍വ്വീസിലെ നിയമനത്തിന് തമിഴ്‌നാട് യൂണിഫോംമ്ഡ് സര്‍വ്വീസസ് റിക്രൂട്ടമെന്‍റ്  ബോര്‍ഡ് എന്നിവ അധികമായുണ്ട്. കര്‍ണ്ണാടകത്തിലും ആന്ധ്രയിലും തെലങ്കാനയിലും മിക്ക സംസ്ഥാനങ്ങളിലും പ്രത്യേകമായി സ്റ്റേറ്റ് പോലീസ് റിക്രൂട്ടമെന്‍റ്  ബോര്‍ഡുണ്ട്. തെലങ്കാനയില്‍ തെലുങ്കാന റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിട്യൂഷന്‍സ് റിക്രൂട്ടമെന്‍റ് ബോര്‍ഡുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവുമധികം ജോലിഭാരം സഹിക്കുന്ന ഏക പിഎസ് സി കേരളത്തിലേതാണ് എന്നു കാണാന്‍ കഴിയും. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എന്നത് ഈ സാഹചര്യത്തില്‍ വലിയ ആശ്വാസമാകും. സമയക്രമവും പരീക്ഷയുമെല്ലാം നിയമം മൂലം ചിട്ടപ്പെടുത്തുക എന്നതാണ് പ്രധാനം.അതല്ലെങ്കില്‍ ഫലപ്രദമല്ലാത്ത മറ്റൊരു എന്‍റിറ്റി കൂടിയായി എന്നേ ഉണ്ടാവുകയുള്ളു.  


--










No comments:

Post a Comment