ഒരിക്കല്‍, ഒരിക്കല്‍ മാത്രം
(2006 മാര്‍ച്ചിലെ ഹാസ്യകൈരളിയില്‍ പ്രസിദ്ധീകരിച്ചത് . ഹാസ്യകൈരളി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നറിയില്ല )
ഭാഗ്യനാഥനും കുടുംബവും അടുത്തിടെയാണ് ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് മാറ്റമായി വന്നത്. നാട്ടിലെത്തിയപ്പോഴാണ് എന്തുകൊണ്ട് ഇവിടെ വസ്ത്രാലയങ്ങളും സ്വര്‍ണ്ണക്കടകളും പെറ്റുപെരുകുന്നതെന്ന സത്യം ഭാഗ്യനാഥന് ബോധ്യമായത്. കേരളത്തിലെ ഏറ്റവും മികച്ച ഉത്സവം കല്യാണമാണെന്നും മധ്യകേരളത്തിലെ ക്ഷേത്രങ്ങളില്‍ എടുപ്പുകുതിരകളെ ഒരുക്കി നിര്‍ത്തും പോലെ പെണ്ണുങ്ങളെ അണിയിച്ചൊരുക്കി (അതോ സ്വയം അണിഞ്ഞൊരുങ്ങിയോ) പ്രദര്‍ശിപ്പിക്കുന്ന അടിപൊളി പരിപാടിയാണിതെന്നും അയാളറിഞ്ഞു.
വന്ന ആഴ്ച തന്നെ ഒരു ബന്ധുവീട്ടില്‍ വിവാഹമുണ്ടായിരുന്നു. അതിന് പോകുന്നതിനെ കുറിച്ചും വാങ്ങേണ്ട സാരി,ചെരുപ്പ്,കമ്മല്‍,മാല തുടങ്ങിയ വസ്തുക്കളെകുറിച്ചും ഭാഗ്യനാഥിന്റെ ഭാര്യ രേവതിയും അനുജത്തി രാധികയും തമ്മിലുള്ള ഫോണ്‍ ചര്‍ച്ചകള്‍ പലപ്പോഴും അരമണിക്കൂറോളം നീളുന്നത് അയാള്‍ ശ്രദ്ധിച്ചു. ഒടുവില്‍ രണ്ടുപേരും ചേര്‍ന്ന് സമയം നിശ്ചയിച്ച് ഒരു ദിവസം നഗരത്തിലേക്കിറങ്ങി. രാവിലെ പത്തുമണിക്ക് പോയവര്‍ തിരികെ എത്തിയപ്പോള്‍ ആറുമണിയായി. അവര്‍ സംതൃപ്തരാണെന്ന് മുഖം വിളിച്ചറിയിച്ചു. അവരുടെ കൈനിറയെ കവറുകളുണ്ടായിരുന്നു.വളരെ ഗമയില്‍ വയറും വീര്‍പ്പിച്ചുപോയ രണ്ടുപേരുടെയും പഴ്‌സുകളും ജലപാനം പോലും കിട്ടാതെപോയ വൃദ്ധന്റെ മട്ടിലാണ് തിരികെ എത്തിയത്. അടുത്ത ദിവസം ഒരു ബ്യൂട്ടിപാര്‍ലര്‍ സന്ദര്‍ശനം കൂടി കഴിഞ്ഞതോടെ എല്ലാം റെഡി.
കല്യാണദിവസമായി. ഉടുത്ത വസ്ത്രങ്ങള്‍ക്ക് ഉടവുസംഭവിക്കാതെ കല്യാണകേന്ദ്രത്തില്‍ എത്താനും അവര്‍ ഏറെ പ്രയാസപ്പെട്ടു. അവിടെയെത്തുമ്പോള്‍ പല പ്രായത്തിലുളള സുന്ദരികള്‍ റഡിയായി നില്‍ക്കുന്നു. ഇരുപതിനും അറുപതിനുമിടയില്‍ പ്രായമുളള, വിവിധ ആകൃതിയിലും പ്രകൃതിയിലുമുള്ള സുന്ദരികള്‍. ഭാഗ്യനാഥന്റെ കണ്ണഞ്ചി. ആരെ നോക്കണം, ആരെ നോക്കാതിരിക്കണം. ഭാര്യയുടെ കണ്ണുവെട്ടിച്ചെ നോക്കാന്‍ പറ്റൂ. അത്ര കൃത്രിമിച്ച് നോക്കിയാല്‍ അന്യന്റെ മുന്നില്‍ ചീത്തയാകും. കുറച്ച് ബലം പിടിച്ചും പിടിക്കാതെയും അയാള്‍ അങ്ങിനെ നിന്നു.
അതിനിടയില്‍ ,വര്‍ഷങ്ങള്‍ക്കുശേഷം പരസ്പരം കണ്ട രേവതിയും ബന്ധുക്കളും ശരീരത്തിനുണ്ടായ മാറ്റങ്ങള്‍ സംബ്ബന്ധിച്ചും സാരിയുടെ പകിട്ടിനെപ്പറ്റിയും ചെരുപ്പിന്റെ സൗന്ദര്യം സംബ്ബന്ധിച്ചും മാലയുടെ ഡിസൈന്‍ ,കമ്മലിന്റെ നിറം തുടങ്ങി പ്ലക്ക് ചെയ്യപ്പെട്ട പുരികത്തിന്റെ ആകൃതിഭംഗിയുള്‍പ്പെടെ ശാരീരികശാസ്ത്രം സംബ്ബന്ധിച്ച് അതിവിപുലമായ ചര്‍ച്ച നടത്തി. കല്യാണകേന്ദ്രത്തില്‍ വിവാഹപ്പെണ്ണേത് എന്നറിയാന്‍ ആ കുട്ടി അലങ്കാരപ്പടിയില്‍ വന്നിരിക്കേണ്ടിവന്നു. ആ കുട്ടിയുടെ സാരി മറ്റുള്ളവരുടേതിന്റത്ര മെച്ചമാണോ എന്നൊരു സംശയവും ഭാഗ്യനാഥനുണ്ടായി. ആ തോന്നല്‍ ശരിയായേക്കാം. കാരണം അവളുടെ അമ്മയും നാത്തൂനും ഉടുത്തിരിക്കുന്ന സാരിയുടെ പകിട്ടിനു മുന്നില്‍, വീഡിയോ വെളിച്ചത്തിന്റെ റിഫ്‌ളക്ഷനില്‍ പുതുപ്പെണ്ണിന്റെ വസ്ത്രം ഒന്നു മങ്ങിയോ എന്ന് സംശയിക്കാതെ വയ്യ.
ഊണ് കഴിച്ചെന്നുവരുത്തി തിരികെ പോരുമ്പോള്‍ രേവതി സംതൃപ്തയായിരുന്നു. ' ഏതായാലും മൂവായിരം രൂപ മുടക്കിയതിന് ഫലമുണ്ടായി. എല്ലാവരും എന്റെ സാരിയെകുറിച്ച് അന്വേഷിച്ചു. നിങ്ങള് ശ്രദ്ധിച്ചോ?', അവള്‍ ചോദിച്ചു.
ഭാഗ്യനാഥന്‍ ഒന്നു ഞെട്ടി. എന്ത് ശ്രദ്ധിച്ചുവോ എന്നാണ് ഇവള്‍ ചോദിക്കാന്‍ പോകുന്നത്. വേണ്ടതുംവേണ്ടാത്തുമൊക്കെ ശ്രദ്ധിച്ചതാണ്. കുരിശാകുമോ എന്തോ?
' എന്താ നീ ചോദിച്ചേ?'
' അവിടെവന്ന പലരും ഉടുത്തിരുന്ന സാരികള്‍ക്ക് ഒരു പക്ഷെ എന്റെ സാരിയേക്കാള്‍ വില കണ്ടേക്കാം.പക്ഷെ എനിക്കുണ്ടായ ഭാഗ്യം എന്താന്നുവച്ചാ, ഈ ഡിസൈനില്‍ മറ്റൊരു സാരി അവിടെ ആര്‍ക്കും ഉണ്ടായിരുന്നില്ല എന്നതാണ്', അവള്‍ പറഞ്ഞു.
' അതെ, അതെ,ഞാനത് പ്രത്യേം ശ്രദ്ധിച്ചു', അയാള്‍ പറഞ്ഞു.( എവിടെ ശ്രദ്ധിക്കാന്‍, നിന്നെ എന്നും കാണുന്നതല്ലെ.മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ തന്നെ നേരം തികഞ്ഞില്ല എന്ന് ആത്മഗതം)
' രാധികേടെ സാരീം നന്നായിരുന്നു', അവള്‍ തുടര്‍ന്നു പറഞ്ഞു.
' ഇനീപ്പൊ ഒരു വര്‍ഷത്തേക്ക് ഇതൊന്നും വാങ്ങേണ്ടല്ലോ--ല്ലെ ', അയാള്‍ ചോദിച്ചു.
' ചേട്ടന്‍ എന്തായീ പറയുന്നേ, ഒരു കല്യാണത്തിനുടുത്ത സാരി പിന്നെ വേറൊരു കല്യാണത്തിനുടുക്കാന്‍ പറ്റ്വോ. ഇതേ ആളുകളല്ലെ അവിടേം വരുന്നത്. ഇത് നീ സുഭദ്രേടെ കല്യാണത്തിനുടുത്തോണ്ടുവന്നതല്ലേന്നു ചോദിച്ചാ പിന്നെ സീത പോയപോലെ നിന്ന നില്‍പ്പില്‍ ഭൂമി പിളര്‍ന്നങ്ങു പോകുന്നതാ നല്ലത്. ഇനീപ്പൊ അടുത്തമാസം രാധാകൃഷ്ണന്റെ കല്യാണേഉള്ളു. ഇപ്പോഴത്തെപോലെ തിരക്കുപിടിക്കാതെ നേരത്തെ തന്നെ പോയൊരു സാരി വാങ്ങണം. ഈ റേഞ്ചിലുള്ളത് മതി,ഒരു മൂവായിരം മൂവായിരത്തഞ്ഞൂറ്. ഞാന്‍ രാധികയോട് പറഞ്ഞിട്ടുണ്ട്. അവള്‍ അടുത്താഴ്ച വരാന്നു പറഞ്ഞിട്ടുണ്ട്.
ഭാഗ്യനാഥന്‍ അവളെ ദയനീയമായൊന്നു നോക്കി. അവളുടെ കയ്യിലിരിക്കുന്ന വീര്‍ത്ത പഴ്‌സ് പെട്ടെന്ന് പട്ടിണി കിടക്കുന്ന ഒരു വൃദ്ധന്റെ രൂപം പൂണ്ടാതായി അയാള്‍ക്ക് തോന്നി.