Saturday, 22 February 2020

New films with vision

 ശ്രദ്ധേയ ചിത്രങ്ങള്‍ 
  ഈയിടെ കണ്ട ചിത്രങ്ങളെല്ലാം നമ്മുടെ നിയമത്തിലെ പഴുതുകളെയും കടുംപിടുത്തങ്ങളേയും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു എന്നത് പുതിയ സംവിധായകരുടെ നിരീക്ഷണത്തിന് ഉദാഹരണങ്ങളാണ്. ഡ്രൈവിംഗ് ലൈസന്‍സും അയ്യപ്പനും കോശിയും ഇത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ്. രണ്ടിലും ഒരു വശത്ത് പൃഥ്വിരാജാണ്. ഡ്രൈവിംഗ് ലൈസന്‍സില്‍ സുരാജും അയ്യപ്പനും കോശിയിലും ബിജു മേനോനുമാണ് നേര്‍ക്കുനേര്‍ പോരാടുന്നത്. ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ രണ്ട് ചിത്രങ്ങളിലുമുണ്ട്. സച്ചി എഴുതി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തതാണ് ഡ്രൈവിംഗ് ലൈസന്‍സ്. അയ്യപ്പനും കോശിയും സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ്.ഇതില്‍ സിഐ സതീഷായി വരുന്ന അനില്‍ നെടുമങ്ങാടും കുര്യന്‍ ജോണായി രഞ്ജിത്തും കണ്ണമ്മയായി ഗൗരി നന്ദനയും കോശിയുടെ ഡ്രൈവറായി അഭിനയിച്ച രമേശ് കോട്ടയവും ജസിയായി അഭിനയിച്ച ധന്യ അനന്യയും ശ്രദ്ധേയ കഥാപാത്രങ്ങളായി. നല്ല തമാശയും ഒപ്പം മാനസിക സംഘര്‍ഷങ്ങളും ഇഴചേര്‍ത്താണ് സച്ചി ചിത്രത്തെ മനോഹരമാക്കിയത്. അട്ടപ്പാടിയെ നന്നായി ഉപയോഗിക്കാനും സിനിമറ്റോഗ്രാഫര്‍ സുദീപ് ഇളയിടത്തിന് കഴിഞ്ഞു.  
 

 
 രഞ്ജിത് ശങ്കറിന്റെ കമല മറ്റൊരു ശ്രദ്ധേയ സിനിമയാണ്. സമൂഹത്തിലെ പ്രശ്‌നങ്ങളോട് സത്യസന്ധമായി പ്രതികരിക്കുന്നവരെ രാജ്യത്തെ അധികാരകേന്ദ്രങ്ങള്‍ നശിപ്പിക്കുക സാധാരണമാണല്ലൊ. അത്തരമൊരനുഭവത്തിനോടുള്ള ഒരു പെണ്‍കുട്ടിയുടെ മധുരപ്രതികാരമാണ് കമല. ആദിവാസി ഭൂമിയും ഭൂമാഫിയയുമൊക്കെ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ രുഹാനി ശര്‍മ്മ നായികവേഷത്തില്‍ നന്നായി തിളങ്ങി. അജു വര്‍ഗീസും വളരെ മിതമായ അഭിനയം കാഴ്ചവച്ചു. ഷെഹ്നാദ് ജലാലിന്റെ സിനിമറ്റോഗ്രഫിയും മികച്ചതായി. 

പവേല്‍ നവഗീതന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം വീ വണ്ണും പറയുന്നത് ഒരു ക്രൈംസ്റ്റോറിയാണെങ്കിലും അതിന്റെ ഉള്ളില്‍ നിറയുന്നത് ജാതിക്കോയ്മയുടെ പ്രശ്‌നങ്ങളാണ്. റാം അരുണ്‍ കാസ്‌ട്രോയും വിഷ്ണുപ്രിയയും നായിക നായകന്മാരാകുന്ന ചിത്രം ഒരു സൈക്കോത്രില്ലര്‍ കൂടിയാണ്. ഇത്തരത്തില്‍ വളരെ വൈവിധ്യമാര്‍ന്ന സിനിമകളുടെ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക.

Friday, 14 February 2020

CAG report on Kerala Police- a shot without bullet

സിഎജി റിപ്പോര്‍ട്ട് - ഉണ്ടയില്ലാ വെടി

കെല്‍ട്രോണ്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചു എന്ന നിലയില്‍ നടക്കുന്ന വലിയ പ്രചാരണം തീരെ അര്‍ത്ഥമില്ലാത്ത ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. ഈ സര്‍ക്കാരും മുന്‍ സര്‍ക്കാരും അതിന് മുന്‍പുളള സര്‍ക്കാരുകളുമെല്ലാം ഇത്തരം ജോലികള്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. കാരണം ഇത്തരം ജോലികള്‍ ചെയ്യാനോ സൂപ്പര്‍വൈസ് ചെയ്യാനോ കഴിവുള്ളവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വളരെ അപൂര്‍വ്വമാണ്. നേരിട്ട് സ്വകാര്യ ഏജന്‍സികള്‍ക്ക് കൊടുക്കുന്നതിന് പകരം ഒരു മറയായി കെല്‍ട്രോണ്‍, സി-ഡിറ്റ്, സിഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നു എന്നുമാത്രം.

 ഇത്തരത്തില്‍ സ്വകാര്യ ഏജന്‍സികളെ നേരിട്ട് ഏല്‍പ്പിച്ചാല്‍ ഈ ഇടനില പ്രസ്ഥാനത്തെ , ടോട്ടല്‍ സോലുഷന്‍ പ്രൊവൈഡറെ, ഒഴിവാക്കാം. അതിന് കഴിയാത്തത് ഏജീസിലെ ഉദ്യോഗസ്ഥരുടെ സമീപനം കൊണ്ടാണ്. നേരിട്ട് ക്വട്ടേഷന്‍ ക്ഷണിച്ച് ഒരു വകുപ്പ് ഒരേജന്‍സിയെ ഐഡന്റിഫൈ ചെയ്താല്‍ അതിന് നൂറുകൂട്ടം ക്വറികളും പിന്നെ സാമ്പത്തിക ലയബിലിറ്റിയുമാണ്. പകരം സോ കാള്‍ഡ് ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡറെ ഏല്‍പ്പിച്ചാല്‍ വകുപ്പ് മേധാവിയുടെ തലവേദന തീര്‍ന്നു. സംസ്ഥാനത്തെ 95 ശതമാനം ഇടപാടുകളും ഇത്തരത്തില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ കെല്‍ട്രോണിനും സിഡിറ്റിനും സിഡ്‌കോയ്ക്കും മറ്റും മറിച്ചു വില്‍ക്കുകയാണ് വകുപ്പുകള്‍ ചെയ്യുന്നത്. ഇത്തരം ഇടനില പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പകരം രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സമിതികള്‍ രൂപീകരിച്ച് അവരുടെ സാന്നിധ്യത്തില്‍ നെഗോഷിയേഷന്‍ നടത്തി ഉപകരണങ്ങളും സോഫ്റ്റ് വെയറുമൊക്കെ വാങ്ങിയാല്‍ സര്‍ക്കാരിന് കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ കഴിയും. കാര്യങ്ങള്‍ സുതാര്യമാവുകയും ചെയ്യും. ഇവിടെ കെല്‍ട്രോണ്‍ നടത്തുന്നത് ശാസ്ത്രീയമായ ഇടപെടലല്ല. ഒരു ബ്രോക്കറേജ് ഫീ വാങ്ങിക്കൊണ്ട് ഒരു സ്വകാര്യ സ്ഥാപനത്തെ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യിച്ച് സര്‍ക്കാര്‍ വകുപ്പുമായി മുട്ടിച്ചുകൊടുക്കുക എന്നത് മാത്രമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി സമിതി പരിശോധന കര്‍ശനമായി നടത്തിവന്ന ഒരു സ്ഥാപനം ഐടി@സ്‌കൂളായിരുന്നു എന്നും ഓര്‍ക്കുന്നു.

 ലോറിയില്‍ കയറ്റിയ മണല്‍ ആവശ്യക്കാരനെ ചൂണ്ടിക്കാട്ടി ഇടനിലക്കാരന്‍ പണം വാങ്ങുന്നപോലെയോ ഭൂമി വില്‍ക്കാനുണ്ട് എന്ന് വാങ്ങുന്നവനോട് പറഞ്ഞ് വില്‍പ്പനക്കാരനെയോ വാങ്ങുന്നവനേയോ ബന്ധപ്പെടുത്തി പണം പറ്റുന്നപോലെയോ ഉള്ള പണിയാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളെ എല്ലാം കൂടി ലയിപ്പിച്ച് നേരിട്ട് ഏറ്റെടുക്കാന്‍ കഴിയുന്ന പണികള്‍ മാത്രം എടുത്തു ചെയ്യാന്‍ പറയാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. പക്ഷെ , വേണ്ടപ്പെട്ട പലര്‍ക്കും നേതൃത്വവും കരാര്‍ പണിയുമൊക്കെ നല്‍കാന്‍ കഴിയുന്ന സംവിധാനം ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലല്ലോ?

   ഞാന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പിലായിരുന്നപ്പോള്‍ അവിടെ ഡിജിറ്റല്‍ ആര്‍ക്കൈവ് ഉണ്ടാക്കാന്‍ വകയിരുത്തിയ പണം വിനിയോഗിക്കുന്നതിന് കെല്‍ട്രോണിനെ സമീപിച്ചത് ഓര്‍ക്കുന്നു. ഒരു സ്വകാര്യ ഏജന്‍സി കെല്‍ടോണില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ പ്രത്യക്ഷപ്പെട്ടു. ആദ്യയോഗത്തിന് കെല്‍ട്രോണ്‍ പ്രതിനിധിയുണ്ടാവും, പിന്നെ സ്വകാര്യവ്യക്തി കെല്‍ട്രോണിനെ പ്രതിനിധീകരിച്ച് വരും. പിന്നെ അയാള്‍ മന്ത്രി ഓഫീസില്‍ നിന്നും വിളിപ്പിക്കാന്‍ തുടങ്ങും. അവരുടെ കാര്യക്ഷമത പരിശോധിക്കാന്‍ ഐടി വകുപ്പിലെ ഉദ്യോഗസ്ഥനെയും ആര്‍ക്കൈവ്‌സ് വിദഗ്ധരെയുമൊക്കെ വച്ചതോടെ പല ഭാഗത്തുനിന്നും അസംതൃപ്തിയുടെ സ്വരമുയര്‍ന്നു. ഏതായാലും പിന്നീടെപ്പോഴോ അവര്‍ അത് പേരിന് നടപ്പാക്കുകയോ നടപ്പാക്കാന്‍ തുടങ്ങുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്തു. കേരള മീഡിയ അക്കാദമിയില്‍ പത്രങ്ങളുടെ ആര്‍ക്കൈവ് ഉണ്ടാക്കാനും സ്മാര്‍ട്ട് ക്ലാസ്‌റൂം ഉണ്ടാക്കാനും സര്‍ക്കാരില്‍ സംവിധാനമില്ല എന്നതിനാല്‍ നേരിട്ട് സ്വകാര്യസ്ഥാപനത്തിന് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിക്കാന്‍ തീരുമാനിച്ചതാണ്. ഏതെങ്കിലും പൊതുമേഖലയുടെ തലയില്‍ വച്ച് മാറിനില്‍ക്കുന്നതാണ് സുരക്ഷിതം ,അല്ലെങ്കില്‍ ഏജി ക്വറികളുടെ കുരുക്കില്‍ പെട്ട് പെന്‍ഷന്‍ കുഴപ്പത്തിലാകും എന്ന വിദഗ്‌ധോപദേശം സ്വീകരിച്ച് , ആ ജോലികള്‍ കെഎസ്‌ഐഇ എന്ന സ്ഥാപനത്തിന് നല്‍കിയതും ഓര്‍ക്കുന്നു. കെഎസ്‌ഐഇക്ക് ഇതിനെകുറിച്ച് യാതൊരു ധാരണയുമില്ല എന്നതിനാല്‍ സ്വകാര്യ ഏജന്‍സികളുമായി ചേര്‍ന്ന് ജോലികള്‍ നിര്‍വ്വഹിക്കുകയും തുക കമ്മീഷന്‍ ഉള്‍പ്പെടെ കെഎസ്‌ഐഇക്ക് നല്‍കുകയുമായിരുന്നു.

   പിആര്‍ഡി പത്ര ആര്‍ക്കൈവ് സിഡിറ്റിന് നല്‍കി സ്വകാര്യ ഏജന്‍സി വഴി ചെയ്യുകയായിരുന്നു. പുറമെ നോക്കുമ്പോള്‍ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന സ്ഥാപനങ്ങള്‍ എന്നു നമുക്ക് തോന്നുന്ന ഇത്തരം സ്ഥാപനങ്ങളെല്ലാം ഇടനിലക്കാരാണ് എന്നോര്‍ക്കുക. കേരള സര്‍ക്കാരിന്റെ മുഴുവന്‍ ഫയലുകളും സ്‌കാന്‍ ചെയ്ത് വലിയ ഡേറ്റാബാങ്ക് ഉണ്ടാക്കി സര്‍ച്ച് ചെയ്ത് പൊതുജനങ്ങള്‍ക്കുപോലും ഫയല്‍ പൊസിഷന്‍ അറിയാന്‍ കഴിയുന്ന സംവിധാനം എന്ന നിലയില്‍ കോടികള്‍ മുടക്കി സര്‍ക്കാര്‍ ചെയ്ത ഒരു പാഴ്പദ്ധതിയുണ്ടായിരുന്നു, കെ-ബേയ്‌സ് . ഇത് കെല്‍ട്രോണ്‍ ചെയ്തു എന്നാണ് പറയുക, പക്ഷെ ടിസിഎസാണ് ചെയ്തിരുന്നത്. പിആര്‍ഡിയില്‍ ഇതില്‍നിന്നും വ്യത്യസ്തമായ ഒരു കാര്യം ചെയ്തത് ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വാങ്ങിയപ്പോഴാണ്. അത് ഉയര്‍ന്ന ക്വാളിറ്റി ഉത്പ്പന്നം തന്നെ വേണം എന്ന നിഷ്‌ക്കര്‍ഷയില്‍ മുന്നോട്ടു പോയതിനാല്‍ ഇടനിലക്കാരെ ഒഴിവാക്കി ഇലക്ട്രോണിക്‌സ് വകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പകരം ഇത്തരം വിഷയത്തില്‍ ജ്ഞാനമുള്ള ഒരുദ്യോഗസ്ഥനെയും കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് മികച്ച ഉത്പ്പന്നം വാങ്ങാന്‍ കഴിഞ്ഞു. സാധാരണയായി ഏജി ചോദിക്കുക ഇതില്‍ കുറഞ്ഞ വിലയ്ക്കുള്ളത് എന്തുകൊണ്ടു വാങ്ങിയില്ല എന്നാകും. അത്തരം ക്വറികള്‍ വന്നിരുന്നോ എന്നറിയില്ല

   മീഡിയ അക്കാദമിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ,തീരെ ഗുണമേന്മയില്ലാത്ത ഫര്‍ണിച്ചറുകള്‍ നല്‍കുന്ന സിഡ്‌കോയ്ക്ക് പകരം റബ്‌കോയ്ക്ക് അനുമതി നല്‍കുമ്പോഴും സര്‍ക്കാരിന്റെ ഒരുത്തരവ് മറയാക്കി ഏജിയില്‍ നിന്നംു രക്ഷപെടുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത് എന്നോര്‍ക്കുന്നു. യാതൊരു സാങ്കേതികത്തികവുമില്ലാത്ത കെടിഡിഎഫ്‌സി ടാഗോര്‍ തീയറ്ററിന്റെ റിനവേഷന്‍ 21 കോടിക്ക് ചെയ്തപ്പോള്‍ അത് കുമാര്‍ ഗ്രൂപ്പിന്റെ ഒരഭ്യാസം മാത്രമായിരുന്നു. ഇത്രയുംകോടി ചിലവുണ്ടോ എന്ന് നമ്മള്‍ അത്ഭുതപ്പെടുമ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അതിന്റെ എംഡി കുടുംബശ്രീയില്‍ മാനേജരായിരുന്ന ഒരു വ്യക്തിയായിരുന്നു. ഇങ്ങിനെ പാഴ്ചിലവുകളും പാഴ്വേലകളും ചേര്‍ന്നൊരു കളിയാണ് ഭരണം എന്നുള്ളപ്പോള്‍ ഇതൊരു മഹാസംഭവം ,ചരിത്രത്തിലാദ്യം എന്നൊക്കെ തോന്നും വിധം ഊതിപ്പെരുപ്പിക്കുന്നതില്‍ ദുരൂഹത കാണാതെ വയ്യ. ചോര്‍ച്ചയില്ലാത്ത ഒരു രഹസ്യവും ബാക്കിയില്ല എന്നും ഫണ്ട് വക മാറ്റല്‍ ഒരു നിത്യതൊഴിലാണ് എന്നുമിരിക്കെ ആകെ അറിയേണ്ടത് റൈഫിളും ഉണ്ടകളും എവിടെപോയി എന്നത് മാത്രമാണ്. ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഭരിക്കുന്ന എല്‍ഡിഎഫും മനസുവച്ചാല്‍ ഇന്നത്തെ ഭരണപരമായ ചിലവ് പകുതിയാക്കി ബാക്കി പണം കര്‍ഷകരുള്‍പ്പെടെയുള്ള പാവപ്പെട്ടവരുടെ പുരോഗതിക്കായി വിനിയോഗിക്കാം. സംഘടിതര്‍, അവര്‍ ഉദ്യോഗസ്ഥരായാലും മതനേതാക്കളായാലും അവരെ ഭയക്കുന്ന ഭരണാധികാരികളാണ് രാജ്യപുരോഗതിക്ക് തടസമാകുന്നത്.