കടല്‍കാണിപ്പാറ- മീന്‍മുട്ടി ടൂറിസപാത
ഈയിടെയാണ് പുതിയൊരു ടൂറിസം കേന്ദ്രം കണ്ടുപിടിച്ചത്.
സജീവും ഉണ്ണിക്കുട്ടനും കൂടിയാണ് ആദ്യം അവിടെ പോയത്. ഒരു ദിവസം അച്ഛനും മകനും
വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ മോഹം. സ്ഥിരം പോകുന്നത് പാലരുവിയിലാണ്. ഒന്നു
മാറ്റിപ്പിടിക്കണം എന്നു തോന്നി. നിലമേലെ അളിയനെ വിളിച്ചു. അദ്ദേഹമാണ് അന്വേഷിച്ച്
ഒരിടം കണ്ടെത്തിക്കൊടുത്തത്. തൊളിക്കുഴിയിലെ മീന്‍മുട്ടി വെള്ളച്ചാട്ടം. അവര്‍
ബുള്ളറ്റില്‍ പുറപ്പെട്ടു. നിലമേല്‍ കടയ്ക്കല്‍ വഴി കിളിമാനൂര്‍ റൂട്ടില്‍ സ്ഥലം
കണ്ടെത്തി.കുളിച്ചു. ചിത്രം വാട്ടസ് ആപ്പില്‍ അയച്ചുതന്നപ്പോള്‍
അത്ഭുതപ്പെട്ടുപോയി. ഇങ്ങനൊരു വെള്ളച്ചാട്ടം തൊട്ടടുത്ത് നമ്മള്‍ അറിയാതെ. ഒന്നു
പോകണം എന്നുറച്ചു. വിജയശ്രീയും കുട്ടികളും ഷിബുവും ദീപയും കുട്ടികളും വന്ന ദിവസം
പദ്ധതിയിട്ടു.ജയശ്രീയും ശ്രീക്കുട്ടനും ഒപ്പം കൂടി. അങ്ങിനെ കടല്‍ കാണിപ്പാറ- മീന്‍മുട്ടി
ടൂറിസം പാതയുണ്ടായി. എംസി റോഡില്‍ കാരേറ്റ് നിന്നും നാലര കിലോമീറ്റര്‍ മാറിയാണ്
കടല്‍കാണിപ്പാറ. താളിക്കുടിയും മഞ്ഞപ്പാറയും കടന്നാല്‍ കടല്‍കാണിപ്പാറയായി.
മനോഹരമായ കാഴ്ച. ഒരു പാന്‍ ഷോട്ടില്‍ തീരാത്ത പച്ചപ്പാണ് താഴെ. മുകളില്‍ ആരോ ഉയര്‍ത്തിവച്ച
പോലെ ഒരു പാറ. അതിനു മുകളില്‍ ശിവക്ഷേത്രം. മരങ്ങളും പാറയും ചേര്‍ന്ന തണലില്‍
ഇരിക്കുമ്പോള്‍ ആകാശം ഇരുണ്ടുകിടക്കുകയായിരുന്നു. ഉച്ചയായതിന്‍റെ
സൌന്ദര്യക്കുറവുമുണ്ടായിരുന്നു. വൈകുന്നേരം അസ്തമയം കാണാന്‍ നല്ല സുഖമുണ്ടാകും.
അവിടെ പെട്ടിക്കട നടത്തുന്ന ചേട്ടനും അതേ അഭിപ്രായമായിരുന്നു. തെളിഞ്ഞ
ആകാശമാണെങ്കില്‍ വൈകുന്നേരം അഞ്ചുതെങ്ങ് ഭാഗത്തുകൂടി കപ്പല്‍ പോകുന്നത്
കാണാമെന്നും അദ്ദേഹം പറഞ്ഞു. കപ്പലണ്ടിയും ചിപ്സും മിനറല്‍ വാട്ടറും അവിടെ നിന്നും
വാങ്ങി. ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍ പാതയും കാഴ്ച കാണാനുള്ള ഇരിപ്പിടവുമൊക്കെ
ഒരുക്കിയിട്ടുണ്ട്. ക്രമേണ വികസിക്കാവുന്ന ഒരു സഞ്ചാര കേന്ദ്രം എന്നു പറയാം.
അവിടെ നിന്നും
അഞ്ചു കിലോമീറ്റര്‍ മാറിയാണ് മീന്‍മുട്ടി. കച്ചവടക്കാരന്‍ ചേട്ടന്‍റെ ഉപദേശപ്രകാരം
ഞങ്ങള്‍ കുറ്റുമൂട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു. വറുത്ത മീനും ബീഫും ഉള്‍പ്പെടെ.
കച്ചവടക്കാരന്‍ പരുക്കനാണെങ്കിലും ഭക്ഷണം നന്നായിരുന്നു. അയാളുടെ ഭാര്യയും മകളും
കൂടി തയ്യാറാക്കിയ നാടന്‍ ഭക്ഷണം. അവിടെനിന്നും പുറപ്പെട്ട് അരിവാരിക്കുഴി,
കുന്നിന്‍കട വഴി മീന്‍മുട്ടിയിലെത്തി. തൊളിക്കുഴിക്ക് മുന്‍പാണ് മീന്‍മുട്ടി.
അവിടേക്ക് തിരിയുന്നിടത്ത് സൂചന അടയാളങ്ങള്‍ ഒന്നുമില്ല. ടൂറിസംകാരുടെ ശ്രദ്ധയില്‍
എത്തിയിട്ടില്ല എന്നു ചുരുക്കം. ഒരു സാധാരണ തോടാണ് ആദ്യം കണ്ണില്പെടുക. അത്ര നല്ല
വെള്ളവുമല്ല. കെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളം. അവിടെ നിന്നും കവിഞ്ഞൊഴുകുന്ന
വെള്ളം ചെന്നു തട്ടുന്നത് ഒരു പാറക്കൂട്ടത്തില്‍. അവിടെനിന്നും താഴ്ചയിലേക്ക്
കുത്തിവീഴുന്ന ജലം വെള്ളച്ചാട്ടം തീര്‍ക്കുന്നു. നല്ല ശക്തിയിലാണ് വെള്ളം
വീഴുന്നത്. കുളിക്കാനായി നാട്ടുകാര്‍ വരുന്നുണ്ട്. 3-4 വാഹനങ്ങളും
കിടപ്പുണ്ടായിരുന്നു. അര മണിക്കൂറോളം വെള്ളത്തില് കഴിഞ്ഞു,ആസ്വദിച്ചു. മുകളില്
നിന്നു വരുന്ന ജലം മലിനമാകാതെ സംരക്ഷിച്ചാല്‍ നല്ലൊരു വെള്ളച്ചാട്ടമായി മാറാവുന്ന
ഇടമാണ് മീന്‍മുട്ടി .ഒരു പക്ഷെ വേനല്‍ക്കാലത്ത് വറ്റിപ്പോകാനുള്ള സാധ്യതയും
കാണുന്നുണ്ട്. ഇരുന്നൂട്ടി മീന്‍മുട്ടി ക്ഷേത്രം ഇതിനോടു ചേര്‍ന്നാണ്. ശാസ്താവാണ്
പ്രതിഷ്ഠ. ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവലിംഗവും അടുത്തായുണ്ട്.അദ്ദേഹം ഇവിടെ പ്രാര്‍ത്ഥനാ
നിരതനായിരുന്നിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
കടല്‍കാണിയിലും
മീന്‍മുട്ടിയിലും പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ ടൂറിസം വികസിപ്പിക്കുന്നത്
ഉചിതമാകും. ജനങ്ങള്‍ക്ക് കൂടുതല്‍ താത്പ്പര്യം ജനിക്കാനും പ്രദേശം വൃത്തിയായി സൂക്ഷിക്കാനും
ഇത് ഉപകരിക്കും. പഞ്ചായത്ത് സമിതിക്കാവും ഇതില്‍ കൂടുതല്‍ താത്പ്പര്യമെടുക്കാന്‍
കഴിയുക.