തഞ്ചാവൂര്‍ കാഴ്ചകള്‍
2025 ജൂണ്‍ മാസത്തിലായിരുന്നു തഞ്ചാവൂരിലേക്കുള്ള രണ്ടാമത്തെ യാത്ര.ശിവഗംഗയില്‍ നിന്നും വൈകിട്ടാണ് പുറപ്പെട്ടത്.പുതുക്കോട്ടയില്‍ നിന്നും രാത്രി ഭക്ഷണം കഴിച്ച് പതിനൊന്നുമണിയോടെ സര്‍ക്യൂട്ട് ഹൌസിലെത്തി.വളരെ വിശാലമായ കാമ്പസാണ് സര്‍ക്യൂട്ട് ഹൌസിനുള്ളത്.നല്ല പച്ചപ്പും.മുറികള്‍ നല്ല സൌകര്യമുള്ളവയാണ്.യാത്രാക്ഷീണമുണ്ടായിരുന്നതിനാല്‍ നന്നായുറങ്ങി.രാവിലെ പ്രഭാത ഭക്ഷണവും കഴിച്ച് ബൃഹദേശ്വര ക്ഷേത്രത്തിലേക്ക് പോയി.2017 ലാണ് ആദ്യമായി ക്ഷേത്രം കാണാന്‍ പോയത്.അന്നത്തേതിനേക്കാള്‍ നഗരം ഏറെ വികസിച്ചിട്ടുണ്ട്. ചില റോഡുകളൊക്കെ വീതികൂട്ടിയിട്ടുണ്ട്.ബ്രാന്‍ഡഡ് കമ്പനികളുടെ ഷോറൂമുകളും കൂടുതലായി വന്നിട്ടുണ്ട്. തഹസില്‍ദാര്‍ മൂര്‍ത്തിയും ഞങ്ങള്‍ക്കൊപ്പം വന്നിരുന്നു.വളരെ സാത്വികനായ ഒരു മനുഷ്യന്.
മനുഷ്യ നിര്‍മ്മിതമായ ഒരത്ഭുതമാണ് തഞ്ചാവൂര്‍ ക്ഷേത്രം.ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ കയറാവുന്ന ഒരുപിടി ഇടങ്ങള്‍ ഇന്ത്യയിലുള്ളതില്‍ ഒന്നായി തഞ്ചാവൂര്‍ ക്ഷേത്രത്തെ കണക്കാക്കാം. ക്ഷേത്രത്തെ രാജരാജേശ്വരം എന്നും പെരുവുടയാര്‍ കോവില്‍ എന്നും വിളിക്കാറുണ്ട്.രാജരാജചോളന് ഒന്നാമന് പണികഴിപ്പിച്ച ശിവക്ഷേത്രമാണിത്.സിഇ 1003ല്‍ നിര്‍മ്മാണം തുടങ്ങിയ ക്ഷേത്രം 1010 ലാണ് പണി പൂര്‍ത്തിയാക്കിയത്. 1987 ല്‍ മാത്രമാണ് മൂന്ന് ചോളക്ഷേത്രങ്ങളെ ഒന്നായി ഗ്രേറ്റ് ലിവിംഗ് ചോള ടെമ്പിള്‍സ് എന്ന നിലയില്‍ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.മറ്റ് രണ്ട് ക്ഷേത്രങ്ങള്‍ അരിയാളൂര്‍ ജില്ലയിലെ ഗംഗൈകൊണ്ട ചോളപുരവും കുംഭകോണത്തിനടുത്ത് ദാരാസുരത്തുള്ള ഐരാവതേശ്വര ക്ഷേത്രവുമാണ്.
സിഇ 985 മുതല്‍ 1014 വരെയാണ് രാജരാജ ചോളന് ഒന്നാമന് തഞ്ചാവൂര്‍ കേന്ദ്രമാക്കി ഭരണം നടത്തിയത്.രാജാവിന്റെ അധികാരം,സമ്പത്ത്, നാടിന്റെ കലാമികവ് എന്നിവയുടെ പൂര്‍ണ്ണതയാണ് ബൃഹദേശ്വര ക്ഷേത്രം.അക്കാലത്തെ വാസ്തുവിദ്യയുടെ പരകോടി എന്നിതിനെ വിശേഷിപ്പിക്കാം.ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് തഞ്ചാവൂര്‍ ശിവക്ഷേത്രം.പതിമൂന്ന് നിലകളുള്ള ക്ഷേത്രം പിരമിഡിന്റെ രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ക്ഷേത്രഗോപുരം അഥവാ വിമാനം ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗോപുരങ്ങളില്‍ ഒന്നാണ്.216 അടിയാണ് ഉയരം.ക്ഷേത്രത്തിന്റെ അടുത്തൊന്നും പാറകളില്ല എന്നത് നമ്മെ അത്ഭതപ്പെടുത്തും.ഏകദേശം 25 കിലോമീറ്റര്‍ അകലെയുള്ള സരഭേജി ഗ്രാമത്തില്‍ നിന്നാണ് പാറകള്‍ കൊണ്ടുവന്നത്.അയ്യായിരത്തിലേറെ ആളുകള്‍ ഇതിനായി പണിയെടുത്തതായി കണക്കാക്കപ്പെടുന്നു.യുദ്ധത്തില്‍ പിടിക്കപ്പെട്ട അടിമകളും ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുമെല്ലാം ഈ ജോലികളില്‍ പങ്കാളികളായി.ക്ഷേത്ര നിര്‍മ്മാണം ഒരു എന്‍ജിനീയറിംഗ് വിസ്മയമാണ് എന്ന് നൃസംശയം പറയാന്‍ കഴിയും.ഉച്ച സമയത്ത് ഗോപുരത്തിന്റെ നിഴല്‍ ഭൂമിയില്‍ പതിക്കില്ല എന്നതും ഒരു പ്രത്യേകതയാണ്.ക്ഷേത്രത്തിന്റെ ആദ്യ ഗോപുരത്തിന് കേരളാന്തകന്‍ ഗോപുരം എന്നാണ് പേര്.കേരള രാജാവായ ഭാസ്ക്കര രവിവര്‍മ്മനെ തോല്‍പ്പിച്ച് അവിടെനിന്നും കോണ്ടുവന്ന സ്വത്ത് ഉപയോഗിച്ചാണ് ആ ഗോപുരം പണിതത്.അഞ്ച് നിലകളുള്ള ഈ ഗോപുരത്തിന് നിറച്ചാര്ത്തുകളില്ല.മണലും കുമ്മായവും ശര്‍ക്കരയും ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്.രണ്ടാമത്തെ ഗോപുരം രാജരാജേശ്വരന് ഗോപുരമാണ്.ഇതിന് മൂന്ന് നിലകളാണുള്ളത്.
ക്ഷേത്രഗോപുരത്തിലെ കലശത്തിന് എണ്‍പത് ടണ്‍ ഭാരമാണുള്ളത്.ആറ് കിലോമീറ്ററോളം വരുന്ന ചരിഞ്ഞ പാതയിലൂടെ ആയിരക്കണക്കിന് മനുഷ്യരും ദശക്കണക്കിന് ആനകളും ചേര്‍ന്നാണ് കലശപ്പാറ ക്ഷേത്രത്തിന് മുകളില്‍ സ്ഥാപിച്ചത് എന്നാണ് കണക്കാക്കുന്നത്.ഇതിനുള്ളില്‍ അനേകം വിത്തുകളും സൂക്ഷിക്കുന്നു.പ്രകൃതി ദുരന്തം വന്ന് കൃഷിയെല്ലാം നഷ്ടപ്പെട്ടാലും ഈ വിത്തുകള്‍ മനുഷ്യരെ സംരക്ഷിക്കും എന്നതാണ് ഇതിനുപിന്നിലെ ചിന്ത.ഓരോ പന്ത്രണ്ട് വര്‍ഷം കൂടുമ്പോഴും കുംഭാഭിഷേകം നടക്കുമ്പോള്‍ ഈ വിത്തുകള്‍ മാറ്റി പുതിയ വിത്തുകള്‍ നിറയ്ക്കും. ശൈവമതത്തിലെ കഥകള്‍,പുരാണരംഗങ്ങള്‍,നര്‍ത്തകരുടെയും സംഗീതജ്ഞരുടെയും ഛായചിത്രങ്ങള്‍ എന്നിങ്ങനെ അനേകം ശില്പ്പങ്ങളാല് അലംകൃതമാണ് ക്ഷേത്രഭിത്തികള്‍.ശ്രീകോവിലിന്റെചുവരുകളില് മനോഹരമായ ചിത്രങ്ങളും കാണാം. ചോളകാലത്തെ ചിത്രങ്ങളെ മറച്ച് നായക് ഭരണകാലത്ത് വരച്ച ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്. ശിവവാഹനം എന്നു സങ്കല്‍പ്പമുള്ള നന്ദി എന്ന കാളയുടെ കൂറ്റന്‍ ശില്‍പ്പത്തിന് ആറ് മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും നാല് മീറ്റര്‍ ഉയരവുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നന്ദിയാണ് തഞ്ചാവൂരിലേത്.ആന്ധ്രയിലെ ലെപാക്ഷിയിലാണ് ഏറ്റവും വലിയ നന്ദിയുള്ളത്.ചോളകാലത്തെ നന്ദിയെ ഇളക്കിമാറ്റി നായക്കാണ് ഇത് സ്ഥാപിച്ചത്.ഇളക്കിമാറ്റിയ നന്ദിയെ മതിലിനോട് ചേര്‍ന്ന് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു.ക്ഷേത്രത്തിന് ചുറ്റിലുമായുള്ള കോട്ടപോലെയുള്ള മതിലും മറാത്തകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്.പ്രധാന ക്ഷേത്രത്തിന് ചുറ്റിലുമായുള്ള കാര്‍ത്തികേയ ക്ഷേത്രവും പാര്‍വ്വതീ ക്ഷേത്രവും ഗണേശകോവിലും ഇത്തരത്തില്‍ പിന്നീട് ചേര്‍ത്തവയാണ്.
ആധുനിക യന്ത്രങ്ങളുടെ സഹായമില്ലാതെ കൃത്യമായി പാറകള്‍ ചേര്‍ത്തുവച്ച് നടത്തിയ നിര്‍മ്മാണമാണ് ദ്രവീഡിയന്‍ ക്ഷേത്രകല.ഇത് വലിയ പഠനം അര്‍ഹിക്കുന്ന ഒന്നാണ്.ക്ഷേത്രഗോപുരങ്ങളേക്കാള് ഉയര്ന്നുനില്ക്കുന്ന മകുടം തമിഴ്നാട്ടിലെ മറ്റ് ക്ഷേത്രങ്ങളില്‍ കാണാന്‍ കഴിയുന്നതല്ല.ആയിരം വര്‍ഷങ്ങളായി ശൈവമത വിശ്വാസികളുടെയും നിര്‍മ്മാണകലയില്‍ താത്പ്പര്യമുള്ളവരുടെയും പ്രിയപ്പെട്ട ഇടമാണ് ബൃഹദേശ്വരക്ഷേത്രം.നര്‍ത്തകരും സംഗീതജ്ഞരും പണ്ഡിതരും ആസ്വാദകരും ആഹ്ലാദത്തോടെ കൂടിച്ചേര്‍ന്ന ഇടം. ഇവിടത്തെ ലിഖിതങ്ങള്‍ ചോളചരിത്രവും ഭരണസംവിധാനവും തമിഴ് എപ്പിഗ്രാഫിയും മനസ്സിലാക്കാന്‍ വിദഗ്ധരെ സഹായിക്കുന്നു.ക്ഷേത്രലിഖിതങ്ങളില് നികുതി പിരിവ്,ഭൂദാനം,പൂജാരിയുടെയും നര്‍ത്തകര്‍,പാചകക്കാര്‍,കാവല്ക്കാര്,കണക്കപ്പിള്ള തുടങ്ങിയവരുടെ ശമ്പളം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും നൃത്ത-സംഗീത പരിപാടികളുടെ ആലയമായി നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ മഹാശിവരാത്രിയില്‍ വലിയ ജനസഞ്ചയമുണ്ടാകാറുണ്ട്.11-12 നൂറ്റാണ്ടുകളില്‍ സാംസ്ക്കാരിക- വിദ്യാഭ്യാസ കേന്ദ്രമായിരുന്ന ക്ഷേത്രത്തിന്റെ നടത്തിപ്പിനായി രാജാവ് സ്വര്‍ണ്ണവും ഭൂമിയും ഗ്രാമങ്ങളും സംഭാവന ചെയ്തിരുന്നു.400 ദേവദാസികളും ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു.അവര്‍ ദിവസവും നൃത്ത-സംഗീത പരിപാടികളും അവതരിപ്പിച്ചിരുന്നു. 13-16 നൂറ്റാണ്ടുകളില്‍ തഞ്ചാവൂര്‍ പാണ്ഡ്യരുടെയും വിജയനഗര സാമ്രാജ്യത്തിന്റെയും നായക്കുമാരുടെയും കൈകളിലായി.17-18 കാലത്ത് മറാത്തകളായിരുന്നു അധികാരം കൈയ്യടക്കിയിരുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് പൂര്വ്വകാലങ്ങളെക്കുറിച്ചും ക്ഷേത്രസ്വത്തിനെ കുറിച്ചുമുള്ള ഡോക്യുമെന്റേഷന് നടത്തിയത്.2004 ല്‍ ക്ഷേത്രത്തിന്റെ ആയിരം വര്‍ഷം ആഘോഷിച്ചു.ബൃഹദേശ്വര ക്ഷേത്രം സ്മാരകം എന്ന പട്ടികയിലായതിനാല്‍ എല്ലാ മതക്കാര്‍ക്കും ഇവിടെ പ്രവേശനമുണ്ട്. പല ഭൂമികുലുക്കങ്ങളേയും അധിനിവേശങ്ങളേയും അതിജീവിച്ചാണ് ഈ സ്മാരകം നിലനില്‍ക്കുന്നത്.രാവിലെ ആറ് മുതല്‍ 12.30 വരെയും വൈകിട്ട് നാല് മണി മുതല്‍ എട്ടര വരെയുമാണ് സന്ദര്‍ശന സമയം. മാന്യമായ ഏത് വേഷവുമണിഞ്ഞ് ഇവിടെ പ്രവേശിക്കാം.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ കൊട്ടാരം കാണാനാണ് പോയത്. ഇത് പതിനാറാം നൂറ്റാണ്ടില്‍ നായക്കാണ് നിര്‍മ്മിച്ചത്.അതുകൊണ്ട് നായക് കൊട്ടാരം എന്നും അറിയപ്പെടുന്നു.ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു കൊട്ടാരത്തിലേക്ക്.17-18 നൂറ്റാണ്ടുകളില്‍ മറാത്തകള്‍ കൊട്ടാരത്തെ വികസിപ്പിച്ചു.ഇപ്പോള്‍ ഇതിന്റെ ഒരു ഭാഗം മ്യൂസിയമാണ്.ബാക്കി ഭാഗത്ത് മറാത്ത ഭരണാധികാരികളുടെ അനന്തര തലമുറ താമസിക്കുന്നു.ചോളരുടെ പതനത്തെ തുടര്‍ന്ന് തഞ്ചാവൂര്‍ നഗരം വിജയനഗര സാമ്യാജ്യത്തിന് കീഴിലാവുകയും നായക്കുമാരെ അധികാരമേല്പ്പിക്കുകയുമായിരുന്നു.പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിലായിരുന്നു കൊട്ടാരം നിര്‍മ്മിച്ചത്.പതിനെട്ടാം നൂറ്റാണ്ടിലാണ് ശിവജിയുടെ അര്‍ദ്ധ സഹോദരന് വേങ്കോജി തഞ്ചാവൂര്‍ കീഴടക്കുന്നത്.ബ്രിട്ടീഷുകാര്‍ ഭരണം ഏറ്റെടുക്കും വരെ ഭോസ്ലെ മറാത്തകളാണ് നാട് ഭരിച്ചത്.നായക്-മറാത്ത വാസ്തുവിദ്യയാണ് കൊട്ടാരത്തില്‍ കാണാന്‍ കഴിയുക.വലിയ ദര്‍ബാര്‍ ഹാളില്‍ നല്ല നിറമുള്ള പെയിന്റിംഗുകളും കുമ്മായം കൊണ്ടുള്ള ചിത്രപ്പണികളും കാണാം.രാജാ സര്ഭോജി സ്ഥാപിച്ച ലൈബ്രറിയാണ് മറ്റൊരു പ്രത്യേകത.ഏഷ്യയിലെ പഴക്കമുള്ളതും പ്രസിദ്ധി കേട്ടതുമായ പുസ്തകശാലയാണിത്. 1798-1832 ആണ് സര്ഭോജി രണ്ടാമന്റെ കാലം.49,000 അപൂര്‍വ്വ താളിയോലകള്‍,പഴംതമിഴ്,സംസ്കൃതം,മറാത്തി,തെലുങ്ക് ഗ്രന്ഥങ്ങള്‍,മാപ്പുകള്‍,മെഡിക്കല്‍ ഗ്രന്ഥങ്ങള്‍,യൂറോപ്യന്‍ പുസ്തകങ്ങള്‍ എന്നിവയാണ് ശേഖരത്തിലുള്ളത്. ഇവിടത്തെ സംഗീതമഹാളില് ശബ്ദം സ്വാഭാവികമായി ഉയരാനുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്ന നൃത്ത -സംഗീത മണ്ഡപമുണ്ട്. റോയല്‍ മ്യൂസിയത്തില്‍ പഴയ കാലത്തെ വസ്ത്രങ്ങള്‍,ആയുധങ്ങള്‍,വെങ്കല ശില്പ്പങ്ങള്,ആനപ്പുറത്ത് ഉപയോഗിക്കുന്ന ഇരിപ്പിടമായ ഹൌദ,യുദ്ധകവചങ്ങള്,മറാത്ത ഭരണാധികാരികളുടെ ചിത്രങ്ങള്‍ എന്നിവ കാണാം.ഇതിനടുത്തുള്ള ക്ലോക്ക് ടവറിന് 190 അടി ഉയരമുണ്ട്. അവിടെ ഒരു മെക്കാനിക്കല്‍ ക്ലോക്കും പ്രവര്‍ത്തിക്കുന്നു.ബൃഹദേശ്വര ക്ഷേത്രത്തില്‍ നിന്നും കൊട്ടാരത്തിലേക്ക് ഒരു തുരങ്കമുണ്ട്. അതിപ്പോള്‍ നശിച്ച നിലയിലാണുള്ളത്.അടുത്തകാലത്തായി നടരാജ വിഗ്രഹങ്ങളുടെ ഒരു മ്യൂസിയവും ഇവിടെ ആരംഭിച്ചിട്ടുണ്ട്.
കൊട്ടാരത്തില്‍ നിന്നും ഞങ്ങള്‍ പോയത് ചിന്നപ്പയുടെ നേതൃത്വത്തിലുള്ള തഞ്ചാവൂര്‍ വീണ നിര്‍മ്മാണ കേന്ദ്രത്തിലേക്കാണ്.നായക്കുമാരുടെയും മറാത്ത ഭരണാധികാരികളുടെയും കാലത്താണ് തഞ്ചാവൂരില്‍ വീണ കലാകാരന്മാര് വലിയ തോതില്‍ സരസ്വതി വീണ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. മികച്ച ഉള്‍ക്കാമ്പുള്ള പ്ലാവിലാണ് വീണ നിര്‍മ്മിക്കുന്നത്.മനോഹരമായ കൊത്തു പണികളും പിത്തള ഷീറ്റും സ്വര്‍ണ്ണ ഷീറ്റുമൊക്കെ ഉപയോഗിച്ച് അലങ്കരിക്കുന്ന വീണകളും ഇവിടെ നിര്‍മ്മിക്കാറുണ്ട്.വര്‍ഷങ്ങളോളം കാറ്റേറ്റ് ഉണങ്ങിയ പ്ലാവിന് തടികളാണ് ഉപയോഗിക്കുക.അല്ലെങ്കില്‍ ഇവയില്‍ വിള്ളലുണ്ടാകാന്‍ സാധ്യതയുണ്ട്.നരസിംഹപേട്ടയിലാണ് കലാകാരന്മാര് കൂടുതലായുള്ളത്. വലിയ മികവും ക്ഷമയും വേണ്ട ഈ ജോലിയില്‍ ഇപ്പോള്‍ വളരെ കുറച്ചുപേരെ ഉള്ളു.വീണയുടെ ഓരോ ഭാഗങ്ങളും ചെയ്യുന്നത് പ്രത്യേകം കുടുംബക്കാരാണ്.ഒടുവില്‍ ഒരിടത്ത് കൂട്ടിയോജിപ്പിക്കും.ചെറുപ്പക്കാര്‍ ഈ രംഗത്തേക്ക് വരുന്നില്ല എന്നതിനാല്‍ ക്രമേണ അന്യം നിന്നുപോകാനിടയുള്ള നിര്‍മ്മാണമാണ് വീണയുടേത്.തഞ്ചാവൂരില്‍ ഇപ്പോള്‍ മികച്ച തടികള്‍ കിട്ടാനില്ല.കടലൂരില്‍ നിന്നാണ് പ്ലാവ് എത്തുന്നത്.കേരള പ്ലാവ് വീണയ്ക്ക് അനുയോജ്യമല്ല.വെള്ള കൂടുതലാണ്,വെടിക്കുകയും ചെയ്യും.ഒരു വീണ നിര്‍മ്മിക്കാന്‍ ഒരു മാസം മുതല്‍ നാല് മാസം വരെ വേണ്ടിവരും.ചിന്നപ്പയുടെ ടീം തയ്യാറാക്കിയ സ്വര്‍ണ്ണ പടി കെട്ടിയ വീണക്ക് ദേശീയ പുരസ്ക്കാരം കിട്ടിയിരുന്നു.അതിപ്പോഴും ശാലയില്‍ സൂക്ഷിക്കുന്നുണ്ട്.86 വയസ്സുള്ള കലൈമൂര്ത്തിയാണ് പണിക്കാരില്‍ മൂപ്പന്.ഭൌമസൂചിക പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് തഞ്ചാവൂര്‍ വീണകള്‍.പൊതുവെ പ്ലാവിലാണ് വീണ നിര്‍മ്മാണമെങ്കിലും നാഗലിംഗത്തില് നിന്നാണ് രുദ്രവീണ ഉണ്ടാക്കുക.ഇത് വളരെ അപൂര്‍വ്വമായെ ചെയ്യുകയുള്ളു എന്ന് ചിന്നപ്പ പറഞ്ഞു.ചിന്നപ്പയുടെ നമ്പര്‍ 9750163636 ആണ്.
ഭൌമസൂചിക പട്ടികയില്‍ ഉള്‍പ്പെടുന്ന തഞ്ചാവൂര്‍ പെയിന്റിംഗ് നിര്‍മ്മാണം കാണാനും ഞങ്ങള്‍ സമയം കണ്ടെത്തി.നായക് ഭരണകാലത്താണ് ഈ കല രൂപപ്പെട്ടത്.മറാത്തകളുടെ പ്രോത്സാഹനത്തില്‍ പ്രസിദ്ധമായി.പതിനെട്ടാം നൂറ്റാണ്ടില്‍ സര്ഭോജി രണ്ടാമന് ഈ കലയ്ക്ക് വലിയ പ്രാധാന്യം നല്കി. ഇപ്പോള്‍ ഇരുനൂറോളം കലാകാരന്മാരെ ഈ രംഗത്തുള്ളു.ഹിന്ദുദൈവങ്ങളെ ആസ്പ്പദമാക്കിയാണ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.പ്ലാവ്,തേക്ക് എന്നിവയിലാണ് നിര്‍മ്മാണം.അതുകൊണ്ട് തമിഴില്‍ പലകൈ പടം എന്നും ഈ ചിത്രങ്ങള്‍ക്ക് പേരുണ്ട്.പലകയില്‍ തുണി ചേര്‍ത്തുവച്ച്,പുളിയരിയും ചോക്കുപൊടിയും ചേര്‍ന്ന പശകൊണ്ട് ഉറപ്പിക്കും.അതിന് മുകളില്‍ കുമ്മായം ഉപയോഗിച്ചാണ് മാതൃക ഉണ്ടാക്കുക.ഇതില്‍ പ്രകൃതി വര്‍ണ്ണങ്ങള്‍ കൊണ്ട് ചിത്രം രൂപപ്പെടുത്തി സ്വര്‍ണ്ണ പാളികളും സുന്ദരമായ കല്ലുകളും മുത്തുകളും ചേര്‍ത്താണ് തഞ്ചാവൂര്‍ ചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ സിന്തറ്റിക് നിറങ്ങളും ഉപയോഗിക്കുന്നു.സ്വര്‍ണ്ണത്തിന്റെ ഉപയോഗവും കുറഞ്ഞു.ഈ കലാരംഗത്തേക്ക് പഠനത്തിനായി എത്തുന്നവര്‍ കുറവാണ് എന്നതിനാല്‍ ക്രമേണ അന്യം നിന്നുപോകാവുന്ന കലാരൂപമാണ് തഞ്ചാവൂര്‍ പെയിന്റിംഗും.
ഉച്ചഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ രജാലി പക്ഷികേന്ദ്രത്തിലേക്കാണ് പോയത്. പത്മാവതിക്ക് ഏറെ ആനന്ദം പകര്‍ന്ന ഇടമായി അത്. കുട്ടികളുമായി തഞ്ചാവൂര്‍ സന്ദര്‍ശിക്കുന്നവര്‍ കണ്ടിരിക്കേണ്ട ഇടമാണ് വിദേശ പക്ഷികളുടെ ഈ കേന്ദ്രം. പക്ഷികളുടെ ഇടയിലേക്ക് ഇറങ്ങിനിന്ന് അവയ്ക്ക് വിത്തുകള്‍ ഭക്ഷണമായി നല്കാന് കഴിയുന്നു എന്നതാണ് വലിയ ആനന്ദം. അവ കൈകളിലും തോളത്തുമൊക്കെ വന്നിരുന്ന് സൌഹൃദം സ്ഥാപിക്കും. ദക്ഷിണ അമേരിക്കയിലെ മക്കാവുകള്‍,ആസ്ട്രേലിയയിലെ കൊക്കാറ്റൂസ്,ആഫ്രിക്കയിലെ ചാരതത്തകള്‍,ഏഷ്യന്‍ വാത്ത,ലവ് ബേര്‍ഡ്സ് എന്നിവയാണ് പ്രധാനം.15 ഇനങ്ങളിലായി ആയിരത്തോളം പക്ഷികള്‍. പുറമെ വിദേശത്തുനിന്നുള്ള റോഡന്റ്സ്, ബാള്‍ പൈത്തണ്‍,ഫെറെന്റ്സ്,ഗുഹോലോ,ബയേര്ഡഡ് ഡ്രാഗണ്‍സ്,മുള്ളന്‍പന്നി, ഒട്ടകപ്പക്ഷി,എമു,വിവിധയിനം മുയലുകള്‍,കോഴി,നായകള്‍,പൂച്ചകള്‍ ഒക്കെയും കാഴ്ചയുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു.150 രൂപയാണ് പ്രവേശന ഫീസ്.കുട്ടികള്‍ക്ക് പൊക്കം അനുസരിച്ച് വ്യത്യസ്ത നിരക്കുകളാണുള്ളത്. രാവിലെ എട്ടര മുതല്‍ വൈകിട്ട് ആറുവരെ ഇവിടെ പ്രവേശിക്കാം.
രാത്രിയിലായിരുന്നു മടക്കയാത്ര. ഒരു ദിവസം,ഒരുപാട് കാഴ്ചകള്‍. അങ്ങിനെ തഞ്ചാവൂര്‍ രണ്ടാം സന്ദര്‍ശനം അവസാനിച്ചു. ഇനിയും പോയേക്കാം.ആരെന്തറിയുന്നു,ജീവിതം നീളുകയല്ലെ നാള്‍ക്കുനാള്‍ !!
