Sunday, 10 May 2020

Mother's day rememberance

ഒരു മാതൃദിന ഓര്‍മ്മ


 അമ്മ കത്തിച്ചു വച്ചൊരു വിളക്കാണ്. സ്വയം എരിഞ്ഞുകൊണ്ട് മക്കള്‍ക്ക് പ്രകാശം പരത്തുന്നൊരാള്‍. അമ്മയെ ഓര്‍ക്കുമ്പോള്‍ അമ്മയെ പ്രയാസപ്പെടുത്തിയ അനേകം അവസരങ്ങളാണ് ഓര്‍മ്മയിലേക്ക് ആദ്യം കടന്നു വരിക. അതിലൊന്ന് ഇവിടെ പങ്കുവയ്ക്കാം. ഡിഗ്രി കഴിഞ്ഞ് പിജി അഡ്മിഷന്‍ കിട്ടാതെ നിന്ന 1980-81 ലാണ് കുറ്റിവട്ടത്തുള്ള സുഹൃത്ത് പ്രസന്നന്‍ എംഎസ്സി സുവോളജി പഠിക്കാനായി വിദീഷയിലേക്ക് പോകുന്നത്. പനയന്നാര്‍കാവിലെ എബിസി ട്യൂട്ടോറിയലില്‍ അവന്‍ ബയോളജി പഠിപ്പിക്കുകയായിരുന്നു. അവന്‍ പോയ ഗ്യാപ്പില്‍ മാസം 100 രൂപ ശമ്പളത്തില്‍ എബിസിയില്‍ പഠിപ്പിക്കാന്‍ പോയി. സമയവും പോകും വട്ടച്ചിലവും നടക്കും. വീട്ടില്‍ നിന്നും 6 കിലോമീറ്റര്‍ കാണും. ചിലപ്പോള്‍ സൈക്കിളിലും മറ്റു ചിലപ്പോള്‍ ബസിലുമാണ് യാത്ര.വല്ലപ്പോഴും അമ്മയ്ക്ക് പച്ചക്കറിയൊക്കെ വാങ്ങിക്കൊടുക്കുമായിരുന്നു. വൈകിട്ട് 100 ഗ്രാം വറുത്ത കപ്പലണ്ടിയും. കപ്പലണ്ടി കുടുംബസദസിനുള്ളതാണ്. അതില്‍ തെക്കതിലെ കുറുപ്പമ്മാവനും പങ്കാളിയാവും.

  പൊന്നപ്പനായിരുന്നു എബിസിയുടെ പ്രിന്‍സിപ്പല്‍. ബാച്ചിലറാണ്.ആഘോഷങ്ങളുടെ രാജാവ്. ഒരു വെളള വിജയ് സൂപ്പറാണ് വാഹനം. ആഴ്ചയില്‍ ഒന്നും രണ്ടും ദിവസമൊക്കെ വൈകിട്ട് ഞങ്ങള്‍ ഒന്നിച്ച് ഉത്സവങ്ങള്‍ക്കോ സിനിമയ്‌ക്കോ സുഹൃദ് സദസുകള്‍ക്കോ പോവുക പതിവായിരുന്നു. താമസിക്കുമെന്ന് അമ്മയോട് പറഞ്ഞിട്ടാണ് പോവുക. മൊബൈലും ലാന്റ് ഫോണുമൊന്നുമില്ലാത്ത കാലമല്ലെ. ഒരു ദിവസം വൈകിട്ട് കോത്തലവയലിലെ കമ്പം കാണാന്‍ പോകാന്‍ ഞങ്ങള്‍ പെട്ടെന്നാണ് തീരുമാനിച്ചത്. വീട്ടിലറിയിക്കാന്‍ മാര്‍ഗ്ഗമില്ല. സാരമില്ല, കമ്പം ഇനി വീണ്ടും കാണാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലല്ലോ എന്ന് ലാഘവത്തോടെ ചിന്തിച്ചു. ആവേശത്തോടെയാണ് പോയതെങ്കിലും ഉത്സവപ്പറമ്പില്‍ എത്തിയതു മുതല്‍ ഒരു കുറ്റബോധം. അമ്മ വിഷമിക്കില്ലെ. അച്ഛനും വിഷമിക്കുമായിരിക്കും, പക്ഷെ പുറത്തുകാണിക്കില്ല. വീട്ടിലെ അമ്മയുടെ ആകാംക്ഷ ഓരോ വെടിക്കെട്ടിന്റെ പ്രകാശത്തിലും എന്നെ അലോസരപ്പെടുത്തി. പക്ഷെ, തിരിച്ചുപോകാന്‍ കഴിയില്ലല്ലോ. അമ്മയുടെ ഉത്കണ്ഠയ്ക്ക് മറുപടി അച്ഛന്റെ വഴക്കായിരിക്കുമെന്നുറപ്പ്. പോകാനറിയാമെങ്കില്‍ തിരികെയും വരും, നീ കിടന്നുറങ്ങ് എന്ന പതിവ് പല്ലവി അച്ഛന്‍ പറഞ്ഞിട്ടുണ്ടാവും.

  ഏതായാലും കമ്പം കഴിഞ്ഞപ്പോള്‍ പ്രഭാതത്തിന്റെ മൂടല്‍ വ്യാപിച്ചിരുന്നു. കമ്പമടങ്ങിയ പറമ്പുപോലെ എന്റെ ഉള്ളും മൂകമായി. പൊന്നപ്പന്റെ വര്‍ത്തമാനങ്ങള്‍ക്ക് മറുപടി എന്റെ മൂളല്‍ മാത്രമായിരന്നു. അയാള്‍ എന്നെ കരുനാഗപ്പള്ളിയില്‍ നിന്നുളള ആദ്യ ബസില്‍ കയറ്റി വിട്ടു. ഞാന്‍ ബസിറങ്ങി പഞ്ചായത്തു റോഡിലൂടെ നടന്നു. കുറ്റബോധം കൊണ്ട് കനം തൂങ്ങിയ മനസുമായി രണ്ടാമത് വളവ് തിരിയുമ്പോള്‍ പ്രഭാതത്തിന്റെ നേരിയ വെളിച്ചത്തില്‍ വളരെ അകലെയായി ഒരു നിഴല്‍ കാണാമായിരുന്നു. അതമ്മയായിരുന്നു. രാത്രി ഉറക്കമൊഴിച്ച് അശുഭകരമായ ചിന്തകളില്‍ നീറിയശേഷം വെളിച്ചമായപ്പോള്‍ വീടിന് മുന്നിലെ റോഡില്‍ ഇറങ്ങി മകനെ കാത്ത്  നില്‍ക്കുകയാണ് അമ്മ. എന്റെ കണ്ണുകള്‍ നിറഞ്ഞു.ആരും കേള്‍ക്കാന്‍ അടുത്തില്ല. സാധാരണ സങ്കടം അടക്കി വയ്ക്കാറുളള ഞാന്‍ പൊട്ടിക്കരഞ്ഞു. അമ്മയുടെ അടുത്തെത്തുമ്പോള്‍ കരച്ചിലൊതുക്കാന്‍ നോക്കി. അമ്മയുടെ കണ്ണീരിനൊപ്പം ആ ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരിയാണ് പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശമാനമായ വെളിച്ചമെന്ന് അന്നെനിക്ക് ബോധ്യമായി.