Monday, 26 June 2017

success story

വിജയരഹസ്യം
ഒരാള്‍ ഒരു തൊഴിലില്‍ വിജയിക്കുന്നതിന്  അത്യാവശ്യം വേണ്ടത്  താത്പര്യവും കൃത്യനിഷ്ഠയുമാണ്. താത്പര്യമില്ലാത്ത ഒരു കുട്ടിയെ വലിയ പണം നല്‍കി മെഡിക്കല്‍ കോളേജില്‍ ചേര്‍ത്താല്‍ അവന്‍ എങ്ങിനെയെങ്കിലും പാസ്സായി വരുമായിരിക്കും, പക്ഷെ ഒരിക്കലും മിടുക്കനായ ഒരു ഡോക്ടറാവില്ല. മറ്റെല്ലാ പ്രൊഫഷനിലും ഇത് ബാധകമാണ്. നല്ല പ്ലംബര്‍,മെക്കാനിക് എന്നൊക്കെ പറയുന്നതും ഇത്തരത്തിലാണ്. എന്‍റെ സുഹൃത്തായ ഒരു ഡോക്ടര്‍ പറഞ്ഞ സ്വാനുഭവം ഇവിടെ കുറിക്കാം.
അദ്ദേഹം പരീക്ഷ അത്യാവശ്യം നല്ല നിലയില്‍ പാസ്സായി  നാട്ടിലെത്തി. വീട്ടിന് മുന്നില്‍ ഒരു ബോര്‍ഡും വച്ചു. വൈകിട്ട് 5 മുതല്‍ എട്ടുവരെ  രോഗികളെ പരിശോധിക്കും എന്ന് അതില്‍ രേഖപ്പെടുത്തിയിരുന്നു. ആദ്യ ദിവസങ്ങളില്‍ ആരും വന്നില്ല. നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരുദിനം വൈകിട്ട് സുഹൃത്തുക്കള്‍ വന്നു. ഞാനിപ്പോള്‍ വരാം എന്നു പറഞ്ഞ്  അഞ്ചുമണിക്ക് അവര്‍ക്കൊപ്പം  പുറത്ത് പോയി. തിരികെ വന്നപ്പോള്‍  ഒന്‍പത്  മണിയായി. അപ്പോള്‍ വീട്ടിലെ എല്ലാ ലൈറ്റും അണച്ചിരിക്കുന്നു. അച്ഛനും അമ്മയും എവിടെപ്പോയി എന്നാശങ്കപ്പെട്ടപ്പോള്‍ അച്ഛന്‍റെ ശബ്ദം വീട്ടിനുള്ളില്‍ കേട്ടു. വളരെ സ്ട്രിക്ടായ ആളാണ് അച്ഛന്‍. വീട്ടിലേക്ക് കയറാന്‍ നോക്കുമ്പോള്‍  വരാന്തയിലെ ഗ്രില്ല് പൂട്ടിയിരിക്കുന്നു. ബെല്ലടിച്ചിട്ടും തുറക്കുന്നുമില്ല.ആകെ നാണക്കേടായി. രാത്രിയായതിനാല്‍ മറ്റാരും  അറിയുന്നില്ല എന്ന ആശ്വാസം മാത്രം. പടിയില്‍ തന്നെ ഇരുന്നു. എന്താകും ഇങ്ങനെ അച്ഛന്‍ പെരുമാറാന്‍ കാരണം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. കുറേ കഴിഞ്ഞപ്പോള്‍  ഗ്രില്ല് തുറക്കുന്ന ശബ്ദം കേട്ടു. ഇപ്പോള്‍ വീട്ടിലേക്ക് കയറാം എന്ന് കരുതുമ്പോള്‍ അച്ഛന്‍റെ ശബ്ദം കേട്ടു, ഞാന്‍ ഗേറ്റടയ്ക്കാന്‍ വന്നതാണ്. നിനക്ക് പ്രവേശനമില്ല. എന്നിട്ട് ഇത്രയും കൂടി പറഞ്ഞു, രാവിലെ ഗോവിന്ദനോട് വരാന്‍ പറഞ്ഞിട്ടുണ്ട്. ഈ ബോര്‍ഡ് ഇളക്കാന്‍. ഒരു സമയം നിശ്ചിച്ചാല്‍ ആ സമയം സ്ഥലത്തുണ്ടാവണം. പറ്റാത്തവര്‍ അതിന് പോകരുത്. അദ്ദേഹം ഗേറ്റടച്ച് തിരികെ പോയി. ഇപ്പോഴാണ്  സാഹചര്യം കൃത്യമായി മനസ്സിലായത്. ഏതോ രോഗി വന്നിട്ടുണ്ടാവണം  എന്നുറപ്പ്. എത്രമണിവരെ പടിയില്‍ ഇരുന്നു എന്നോര്‍ക്കുന്നില്ല. ഒടുവില്‍ അമ്മ വന്ന് അകത്ത് കയറ്റി. നാല് രോഗികള്‍ വന്നിരുന്നു എന്ന് അമ്മ പറഞ്ഞു.

അടുത്ത ദിവസവും പതിവുപോലെ സുഹൃത്തുക്കള്‍ വന്നു. വൈകിട്ട് അഞ്ചിനും എട്ടിനുമിടയില്‍ ഈ പരിസരത്തൊന്നും വന്നുപോകരുതെന്നു പറഞ്ഞ് അവരെ യാത്രയാക്കി. അച്ഛന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു. ആഞ്ച് മണി അല്ലെങ്കില്‍ ആറ് അഥവാ ഏഴ്  എന്ന് സമയം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. നിശ്ചയിച്ചാല്‍  ആ സമയം  മറ്റുള്ളവര്‍ക്കുള്ളതാണ്. അതില്‍ കൃത്യനിഷ്ഠ വേണം. പിന്നെ ചെയ്യുന്ന തൊഴിലിനോട് താത്പ്പര്യവും ആത്മാര്‍ത്ഥതയും വേണം. ഇല്ലെങ്കില്‍ ആ പണിക്ക് പോകരുത്.  ഈ വാക്കുകള്‍ ജീവിതത്തെ കാണുന്ന രീതി തന്നെ മാറ്റിയതായി ഡോക്ടര്‍ പറഞ്ഞു. അതിനുശേഷം ഔദ്യോഗികമായ തിരക്കുകളോ തീരെ ഒഴിവാക്കാനാവാത്ത പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെങ്കില്‍  കൃത്യമായും അഞ്ചിന് മുന്‍പ്  ക്ലിനിക്കില്‍ എത്തിയിരിക്കും. നൂറുകണക്കിന് രോഗികളുടെ  ആശ്രയമായി മാറിയിട്ടുള്ള  ഡോക്ടര്‍ ജീവിതത്തിലെ പല സുഖങ്ങളും ഒഴിവാക്കിയാണ് ഈ പ്രൊഫഷണല്‍ വിജയം നേടിയത്. വൈകുന്നേരത്തെ  സ്റ്റാച്യൂ ജംഗ്ഷനിലെ തിരക്ക് കണ്ട കാലം പോലും മറന്നു എന്ന് ഡോക്ടര്‍ പറയുമ്പോള്‍  നഷ്ടബോധമല്ല, ജോലിയോടുള്ള ആത്മാര്‍ത്ഥതയും  കൃത്യനിഷ്ഠയുമാണ് ആ മുഖത്ത് ദൃശ്യമായത്.