Tuesday, 28 February 2017

On Athirappilli Project


ആതിരപ്പള്ളി  വൈദ്യുതി പദ്ധതി  ഇനി വൈകിക്കൂട
അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പാക്കേണ്ടിയിരുന്ന  ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് എന്താണ് സംഭവിച്ചത് ? പദ്ധതിയുടെ പാരിസ്ഥിതിക പഠനം നടത്തിയ  പരിസ്ഥിതി- സുസ്ഥിര വികസന വിദഗ്ധന്‍‍ ഡോക്ടര്‍ കെ.രവിയുമായി വി.ആര്‍.അജിത് കുമാര്‍ നടത്തിയ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍.ഡോക്ടര്‍ കെ.രവി ലണ്ടനിലെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റിലെ പരിസ്ഥിതി -സുസ്ഥിര വികസന പോളിസി കണ്‍സള്‍ട്ടന്‍റും  സംസ്ഥാന സര്‍ക്കാരിന്‍റെ  സുസ്ഥിര വികസന  ഉപദേശകനുമായിരുന്നു.
അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതി ബോര്‍ഡ് സര്‍വ്വെ നടത്തിയ ജലവൈദ്യുതി പദ്ധതിയാണ് ആതിരപ്പള്ളി. സര്‍വ്വെ നടത്തിയെങ്കിലും പദ്ധതി വെള്ളച്ചാട്ടത്തെ ബാധിക്കും എന്ന കണക്ക് കൂട്ടലില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. പിന്നീട് ഇത് സംബ്ബന്ധിച്ച് പുനര്‍ചിന്തനം നടന്നത് തികച്ചും യാദൃശ്ഛികമായായിരുന്നു. 1996 ജനുവരിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി കേരള ഹൌസില്‍ എത്തിയ എന്‍റെ മുറിയില്‍, മറ്റ് മുറികളില്‍ ഒഴിവില്ലാതിരുന്നതിനാലാണ് അന്ന് വൈദ്യുതി ബോര്‍ഡ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയറായിരുന്ന ശേഷയ്യര്‍ എത്തിച്ചേര്‍ന്നത്. അതും രാത്രി പന്ത്രണ്ട് മണിക്ക്. അന്ന് ഞങ്ങള്‍ പരിചയപ്പെടാതെ കിടന്നുറങ്ങി. എന്നാല്‍ അടുത്ത ദിവസം മറ്റൊരു മുറിയിലേക്ക് താമസം മാറിയ ശേഷനുമായി പരിചയപ്പെടുകയും ഒരു ദീര്‍ഘസംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അദ്ദേഹം സുപ്രീംകോടതിയിലെ ഒരു കേസ്സുമായി ബന്ധപ്പെട്ട് വന്നതായിരുന്നു. കേരളത്തിലെ വൈദ്യുതി ക്ഷാമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ആതിരപ്പള്ളി വിഷയമായത്. നല്ല പദ്ധതിയായിരുന്നു,പക്ഷെ വെള്ളച്ചാട്ടത്തെ ബാധിക്കുമെന്നതിനാല്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ആതിരപ്പള്ളിയില്‍ ഇത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ശേഷന്‍ പറഞ്ഞു. വെള്ളച്ചാട്ടം നിലനിര്‍ത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കാം എന്ന നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടു വച്ചു. ലോകത്തിലെ ഏറ്റവും മികച്ച വെള്ളച്ചാട്ടമായ നയാഗ്രയുടെ മാതൃക നമുക്ക് മുന്നിലുള്ളത് ഞാന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു മണിവരെ വെള്ളച്ചാട്ടം നിലനിര്‍ത്തുകയും രാത്രിയില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ വിജയകരമായ സാധ്യത.
                    പൊതുവെ ഇത്തരം ചര്‍ച്ചകള്‍ ചര്‍ച്ചകളായി അവസാനിക്കുകയേ ഉള്ളു. എന്നാല്‍ ഈ ചര്‍ച്ചയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ശേഷന്‍ കേരളത്തലെത്തിയ ഉടന്‍ അന്നത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ രാജഗോപാല്‍ ഐഎഎസുമായി  ഈ വിഷയം ചര്‍ച്ച ചെയ്തു. പദ്ധതിയുടെ സാധ്യതകള്‍ ബോധ്യമായ അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് മുന്നില്‍ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടി. ആശയം അവതരിപ്പിച്ച വ്യക്തിയോട് തന്നെ പുന:പരിഗണന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെടാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നെ വിവരമറിയിച്ചതിന്‍ പ്രകാരം വൈദ്യുതി ബോര്‍ഡിലെ രേഖകള്‍ പരിശോധിച്ച് പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ റിപ്പോര്‍ട്ട പരിഗണിക്കുകയും  പദ്ധതി തത്വത്തില്‍ അംഗീകരിക്കുകയും പാരിസ്ഥിതിക പഠനം നടത്തിയ ശേഷം അനുമതി സംബ്ബന്ധിച്ച് തീരുമാനിക്കാമെന്ന് അറിയിക്കുകയും ചെയ്തു. പാരിസ്ഥിതിക പഠനത്തിനായി ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ  ചുമതലപ്പെടുത്തി. ജെഎന്‍ടിബിജിആര്‍ഐ ഡയറക്ടര്‍ ഡോക്ടര്‍ പുഷ്പാംഗദന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും ഞാന്‍ പ്രിന്‍സിപ്പല്‍ കോ ഇന്‍വെസ്റ്റിഗേറ്ററും കണ്‍വീനറുമായി രൂപീകരിച്ച ശാസ്ത്രജ്ഞരുടെ സംഘം വിശദമായ പാരിസ്ഥിതികാഘാതപഠനം  നടത്തി. 1997 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചു. ലോകത്തെ ആദ്യത്തെ സുസ്ഥിര വികസന ജലസേചന പദ്ധതിയായിരുന്നു ഇത്. 163 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് 26.2 ഹെക്ടര്‍ വനഭൂമി മാത്രമെ ജലത്തിനടിയിലാവുന്നുള്ളു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 102 ഹെക്ടര്‍ പ്രദേശം ആകെ മുങ്ങുമെങ്കിലും സര്‍വ്വെ നടന്ന 1996 സെപ്തംബര്‍ -ഡിസംബര്‍ കാലത്തെ രേഖപ്പെടുത്തല്‍ പ്രകാരം നഷ്ടമാകുന്ന പച്ചപ്പ് 26.2 ഹെക്ടറും ബാക്കി കല്ലും പാറയും നിറഞ്ഞ പ്രദേശങ്ങളുമായിരുന്നു. പാരിസ്ഥിതിക പഠനത്തിന് പുറമെ സാമൂഹിക ആഘാതപഠന റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഞാനും കേന്ദ്ര പട്ടികവര്‍ഗ്ഗ വികസന വകുപ്പിലെ ഡോക്ടര്‍ മാധവ കുറുപ്പും ചേര്‍ന്നാണ് പഠനം നടത്തിയത്. അന്ന് മൂന്ന് ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്നത്. ഇവരെ പുനരധിവസിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 1997 മാര്‍ച്ച് ആദ്യ വാരം കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പ്രാരംഭ അനുമതി നല്‍കി. വൈദ്യുതി വകുപ്പിന് പാരിസ്ഥിതികാനുമതി ലഭിച്ച ആദ്യ പദ്ധതിയായിരുന്നു ഇത്. അന്ന് വൈദ്യുതി മന്ത്രി, ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു. അദ്ദേഹം കാണണമെന്ന് പറഞ്ഞതനുസരിച്ച് ഞാന്‍ ഓഫീസില്‍ പോയി അദ്ദേഹത്തെ കണ്ടു. റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതില്‍ അദ്ദേഹം അഭിനന്ദിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. അടുത്തയാഴ്ച കോമണ്‍മെല്‍ത്ത് പരിസ്ഥിതി സുസ്ഥിര വികസന ഉപദേശകനായി ലണ്ടനിലേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ നിങ്ങളെപ്പോലുള്ളവരെ നാടിന് ആവശ്യമുണ്ട് എന്നദ്ദേഹം പറഞ്ഞു. മൂന്ന് കൊല്ലത്തേക്കുള്ള നിയമനമാണ് ,അതിനു ശേഷം തിരികെ വരും എന്നു പറഞ്ഞ് യാത്രയാവുകയും ചെയ്തു.
ഞാന്‍ രണ്ടായിരത്തില്‍ തിരികെ വരുമ്പോഴും പദ്ധതിക്ക് ഒന്നും സംഭവിച്ചിരുന്നില്ല. ഇത് നമ്മുടെ നാടിന്‍റെ മാത്രമായ ഒരു പ്രത്യേകതയാണ്.എല്ലാ സാഹചര്യങ്ങളും അനുകൂലമായാലും വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകില്ല. ഇതിനിടെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ക്ഷന്‍ കോര്‍പ്പറേഷന് കരാര്‍ കൊടുത്തിരുന്നെന്നും പ്രാരംഭജോലികള്‍ തുടങ്ങിയിരുന്നെന്നും അറിയാന്‍ കഴിഞ്ഞു. അപ്പോഴേക്കും പരിസ്ഥിതിവാദികള്‍ ചാലക്കുടി പുഴ സംരക്ഷണ സമിതി എന്ന പേരില്‍ ഉദയം ചെയ്യുകയും പദ്ധതിക്കെതിരെ പരാതി നല്‍കുകയും ചെയ്തു. പഠനം ശരിയായ രീതിയിലല്ല നടന്നത് എന്നു കാണിച്ച് അവര്‍ ഹൈക്കോടതിയില്‍ കേസ്സും നല്‍കി. തുടര്‍ന്ന് വാപ്കോസ് എന്ന സംഘടന വീണ്ടും പരിസ്ഥിതി പഠനം നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപ്പോഴും കേന്ദ്രം അനുമതി നല്‍കുകയാണുണ്ടായത്. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ് ഉഷ സുകുമാരന്‍റെ മുന്നില്‍ കേസ്സ് വന്നപ്പോള്‍ വൈദ്യുതി ബോര്‍ഡിനെ സഹായിക്കാന്‍ ഞാനും പോയിരുന്നു. രാത്രി സമയത്ത് വൈദ്യുതി ഉതിപ്പാദിപ്പിക്കുമ്പോള്‍ പന്ത്രണ്ട് മണിക്കൂര്‍ വെള്ളച്ചാട്ടം  ഉണ്ടാവില്ല. ഡാമില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെന്‍സ്റ്റോക്കിലൂടെ ജലം താഴെ എത്തിയാവും വീണ്ടും നദിയില്‍ ചേരുക. അപ്പോള്‍ ഡാമിനും പെന്‍സ്റ്റോക്കിനുമിടയിലുള്ള സ്ഥലത്തെ മത്സ്യങ്ങള്‍ എങ്ങിനെ ജീവിക്കും എന്നതായിരുന്നു അവിടെ ഉയര്‍ന്നുവന്ന പ്രധാന തടസ്സവാദം.മത്സ്യങ്ങള്‍ക്ക് ഈ രണ്ട് കിലോമീറ്ററിനിടയില്‍ ജീവിക്കാന്‍  കഴിയുന്ന ചെറുകിണറുകള്‍ പോലുള്ള ഇടങ്ങളുണ്ട് ,അവര്‍ക്ക് അതില്‍ അതിജീവിക്കാം എന്ന് വൈദ്യുതി ബോര്‍ഡ് വാദിച്ചു. ഇങ്ങനെ വാദങ്ങളും എതിര്‍ വാദങ്ങളും പുതിയ പുതിയ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദങ്ങളുമായി നമ്മള്‍ കഴിയവെ ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ജലവൈദ്യുത-ജലസേചന പദ്ധതിയായ സര്‍ദാര്‍ സരോവര്‍ നര്‍മ്മദയുടെ കുറുകെ ഉയര്‍ന്നു വന്നു. ഇതിന്‍റെ പാരിസ്ഥിതിക പഠനവും എന്‍റെ നേതൃത്വത്തില്‍ ബറോഡ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് നടത്തിയത്. ആ റിപ്പോര്‍ട്ട് ലോകബാങ്കിന് സമര്‍പ്പിക്കുകയും അത് അംഗീകരിക്കുകയും ലോകബാങ്ക് പണം അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ സാമൂഹിക പുനരധിവാസ നയം ശരിയായ രീതിയിലല്ല എന്നു പറഞ്ഞ് മേധാ പട്ക്കര്‍ സുപ്രീംകോടതിയില്‍ കേസ്സ് കൊടുക്കുകയും ദീര്‍ഘനാള്‍ വാദം നടക്കുകയും ചെയ്തു. രണ്ടിടത്തേയും വാദങ്ങളുടെ പ്രത്യേകതകള്‍ ശ്രദ്ധേയമാണ്. നര്‍മ്മദയില്‍ ആയിരക്കണക്കിന് ആദിവാസികളുടെ പുനരധിവാസമായിരുന്നു വിഷയമെങ്കില്‍ ആതിരപ്പള്ളിയില്‍ രണ്ട് കിലോമീറ്റര്‍ പ്രദേശത്തെ മത്സ്യങ്ങളുടെ ജീവനായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം. രണ്ട് വര്‍ഷത്തെ വാദത്തിനുശേഷം നര്‍മ്മദ പദ്ധതിക്ക് സുപ്രിംകോടതി പച്ചക്കൊടി കാട്ടി. പദ്ധതിയുടെ പ്രധാന ഗുണഭോക്താവായ ഗുജറാത്ത് കാര്‍ഷിക വ്യവസായ മേഖലയില്‍ നര്‍മ്മദ പദ്ധതി വഴി വന്‍കുതിപ്പ് നടത്തി. വെള്ളം കിട്ടാതെ ഉഴലുകയായിരുന്ന റാന്‍ ഓഫ് കച്ചിലെയും രാജസ്ഥാനിലെയും ജനതയ്ക്ക് കുടിവെള്ളമെത്തിക്കാനും പദ്ധതി പ്രയോജനപ്പെട്ടു. ഇവിടെ വിനോദ സഞ്ചാര സാധ്യതകള്‍ നിലനിര്‍ത്തി ,സുസ്ഥിര വികസനം ഉറപ്പാക്കി പദ്ധതി നടപ്പാക്കാന്‍ കഴിയും എന്ന് ബോധ്യമുണ്ടായിട്ടും ഭൂരിപക്ഷ ജനത ആതിരപ്പള്ളിയെ എതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
ഇപ്പോള്‍ ഊര്‍ജ്ജം അധികമായി ഉത്പ്പാദിപ്പിച്ച് അന്യരാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തുന്ന ഇന്ത്യയില്‍ വേറിട്ട് നില്‍ക്കുന്ന സംസ്ഥാനമായി നമ്മള്‍ മാറി. ഇവിടെ ആകെ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്‍റെ പത്ത് ശതമാനമെ സംസ്ഥാനം ഉത്പ്പാദിപ്പിക്കുന്നുള്ളു .ബാക്കി തൊണ്ണൂറ് ശതമാനവും വലിയ വില കൊടുത്ത് വാങ്ങുകയാണ്. വിലയ്ക്ക് വൈദ്യുതി ലഭ്യമാകാന്‍  തടസ്സമുണ്ടാകുമ്പോള്‍ ഇരുന്നു വിയര്‍ക്കാനും ഉള്ള വ്യവസായങ്ങള്‍ പൂട്ടിയിടാനുമെ കഴിയുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
മറ്റൊരു യാഥാര്‍ത്ഥ്യം കൂടി പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാണാതെ പോകുന്നു. ഇപ്പോള്‍ മാര്‍ച്ച് മുതല്‍ മെയ് വരെ വറ്റി വരളുന്ന വെള്ളച്ചാട്ടത്തെ പദ്ധതി വന്നാല്‍ മുഴുവന്‍ കാലവും നിലനില്‍ക്കുന്നവിധത്തില്‍ ആവിഷ്ക്കരിക്കാന്‍ കഴിയും എന്നതാണത്. അണക്കെട്ടില്‍ തടഞ്ഞുനിര്‍ത്തുന്ന ജലം പകല്‍ സമയം തുറന്നുവിട്ട് വെള്ളച്ചാട്ടം നിലനിര്‍ത്താന്‍ കഴിയും. ഈ സത്യം പാരിസ്ഥിതിക വിദഗ്ധരും കേരള ജനതയും മനസ്സിലാക്കേണ്ടതുണ്ട്.നമുക്ക് മുന്നില്‍ ഒരൊറ്റ ചോദ്യമെ ബാക്കിയുള്ളു, കേന്ദ്രം രണ്ട് വട്ടം പാരിസ്ഥിതികാനുമതി  നല്‍കിയ പദ്ധതിയുമായി മുന്നോട്ടു പോവുകയും വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുകയും  വൈദ്യുതി ക്ഷാമത്താല്‍ നട്ടംതിരിയുന്ന കേരളത്തിന് നാമമാത്രമായ വനനഷ്ടത്തിലൂടെ  163 മെഗാവാട്ട് വൈദ്യുതി  നേട്ടമുണ്ടാക്കുകയും ചെയ്യണമോ അതോ അനാവശ്യ ചര്‍ച്ചകളിലൂടെയും വിവാദങ്ങളിലൂടെയും  ഇനിയും മുന്നോട്ട് പോകണമോ  എന്നതാണാ ചോദ്യം. ഇക്കാര്യത്തില്‍ ഒരുറച്ച നിലപാടെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.