Tuesday, 20 September 2016

I have no caste-- centenary of Sree Narayana Guru's Proclamation


നമുക്ക്  ജാതിയില്ല

കൊല്ലവര്‍ഷം 1091 മിഥുനമാസം (1916) പ്രബുദ്ധ കേരളം മാസികയില്‍ ശ്രീനാരായണ ഗുരുവിന് ഒരു പരസ്യം നല്‍കേണ്ടിവന്നു. അതിങ്ങനെയായിരുന്നു. നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ച് നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമെ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളു എന്നും മേലും ചേര്‍ക്കുകയുള്ളു എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
ആ വര്‍ഷം തന്നെ ഗുരു ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിനോടും വിട പറഞ്ഞു. യോഗത്തിന്‍റെ നിശ്ചയങ്ങളെല്ലാം നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിന്‍റെ ആനുകൂല്യം ഒന്നും നമ്മെ സംബ്ബന്ധിച്ച കാര്യങ്ങളില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചു വരുന്നതുകൊണ്ടും മുമ്പേതന്നെ നാം മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു.
മഹാത്മാ ഗാന്ധി ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പിരിച്ചു വിടണമെന്നാവശ്യപ്പെട്ടതിനോടും സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുന്‍പ് തന്നെ ഇന്ത്യയിലെ  ഭരണ നേതൃത്വങ്ങളില്‍ നിന്നും അകലം സൂക്ഷിച്ചതിനോടും സമാനമായ സംഭവങ്ങളാണിത്. ഗുരുദേവന്‍റെ അനുഭവം ഗാന്ധിജിക്കുമുണ്ടായി എന്ന് സംഭവങ്ങളുടെ മൂപ്പുമുറവച്ച് നമുക്ക് പറയാന്‍ കഴിയും. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ കറകളഞ്ഞ പ്രവര്‍ത്തനം നടത്തുകയും സ്വാര്‍ത്ഥമോഹങ്ങള്‍ ഇല്ലാതിരിക്കുകയും  ചെയ്യുന്ന ഏതൊരു നേതാവിനുമുണ്ടാകുന്ന അനുഭവങ്ങളാണിത്.  അധികാരം പിടിച്ചടക്കാനും നിലനിര്‍ത്താനും , ജാതിയും മതവും  ഉപയോഗപ്പെടുത്തുന്നത് സംഘശക്തികളുടെ തന്ത്രങ്ങളാണ് എന്നതും അതാണ് ചരിത്ര നിര്‍മ്മിതിയെന്നതും തിരിച്ചറിയുന്നവര്‍ക്ക് ഇവയെല്ലാം ആവര്‍ത്തിക്കപ്പെടും എന്നതില്‍ അത്ഭുതം തോന്നില്ല. മാത്രമല്ല സമൂഹം എല്ലായ്പ്പോഴും ഇവിടെ കാഴ്ചക്കാര്‍ മാത്രമാകുന്നു എന്നതും യാഥാര്‍ത്ഥ്യം മാത്രമാണ്.
നമുക്ക് ജാതിയില്ല എന്ന് ഗുരുദേവന്‍ പ്രസ്താവിച്ചതിന്‍റെ ശതാബ്ദി  ആഘോഷിക്കുന്ന ഈ വേളയില്‍ സര്‍ക്കാരും വിവിധ സാംസ്ക്കാരിക സാമൂഹിക സംഘടനകളും സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും അതിലെല്ലാം രാഷ്ട്രീയ-സാമുദായിക നേതാക്കള്‍ പ്രസംഗിക്കുകയും ചെയ്യുമെന്നത് പുതുമയില്ലാത്ത കാര്യമാണ്. അവരെല്ലാം ജാതിയും മതവുമല്ല മനുഷ്യനാണ് പ്രധാനം എന്നൊക്കെ പറയുമെന്നും ഗുരുദേവനെ ദൈവമായി വാഴ്ത്തുമെന്നുമൊക്കെ മനസിലാക്കാന്‍ സാമാന്യബുദ്ധി മതിയാകും.
നമുക്ക് ജാതിയില്ല എന്ന് ഗുരുദേവന്‍ പറയേണ്ടി വന്നത് അദ്ദേഹത്തെ ഈഴവ നേതാവാക്കാന്‍ ആ സമുദായത്തിലെ ഉന്നതരും അങ്ങിനെ ചിത്രീകരിച്ച് ചെറുതാക്കാന്‍ മറ്റ് മതനേതാക്കളും ശ്രമിച്ചിരുന്ന കാലത്താണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ചാതുര്‍വര്‍ണ്ണ്യത്തിനും മതംമാറ്റത്തിനുമെതിരെ ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ച മഹാന്മാരുടെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നിട്ടുകൂടി ഗുരുവിന് തോല്‍ക്കേണ്ടിവന്നു. ഇന്നായിരുന്നെങ്കില്‍ ദുരന്തം ഇതിലും വലുതാകുമായിരുന്നു. വിഗ്രഹങ്ങളെ എതിര്‍ത്ത ഗുരുദേവനെ വിഗ്രഹമാക്കിയവരും കള്ള് ചെത്തരുത്,വില്ക്കരുത്,കുടിക്കരുത് എന്നുപദേശിച്ച അദ്ദേഹത്തിന്‍റെ ചിത്രം വച്ച് പൂജ ചെയ്ത ശേഷം കള്ളുഷാപ്പും ബാറും നടത്തുകയും ചെയ്യുന്നവരും പ്രസംഗവും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലാത്തവര്‍ ഗുരുദേവ ശിഷ്യന്മാരെന്നഭിമാനിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോഴും അദ്ദേഹം ഏതുവിധം ഇതിനോട് പ്രതികരിക്കുമായിരുന്നു എന്നു ചിന്തിക്കാന്‍ പോലും കഴിയില്ല. നമുക്ക് ജാതിയില്ല എന്ന പ്രസ്താവനപോലും രാഷ്ട്രീയ ആയുധമായി മാറുകയാണ്. വരും ദിവസങ്ങളില്‍ സാത്വികനായ ഈ മഹാന്‍ ഏതൊക്കെ വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നത് ആകുലതയോടെ മാത്രമെ വീക്ഷിക്കാന്‍ കഴിയൂ.

ഒരു കാര്യം സത്യമാണ്. ജാതിയും മതവും വ്യക്തികളില്‍ മാത്രം സ്വാധീനം ചെലുത്തുംവിധം ഇവ രണ്ടും സമൂഹത്തില്‍ ഇടപെടുന്നത് ഒഴിവാകണമെങ്കില്‍ അതിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം. ഒരു പാര്‍ട്ടിക്കല്ല,മുഴുവന്‍ പാര്‍ട്ടികള്‍ക്കും അതുണ്ടാവണം. ഒരിക്കലും അവസാനിക്കാത്ത സംവരണ നയവും സമുദായങ്ങളിലെ സമ്പന്നര്‍ ആ സമുദായത്തിലെ തന്നെ പാവങ്ങളെ ചൂഷണം ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്. അധികാരവും പദവിയും സമ്പന്നര്‍ക്ക് മാത്രം തുടര്‍ന്നും കിട്ടുന്ന വിധമാണ് സംവരണത്തിന്‍റെ സാമ്പത്തിക ക്രീമീലെയര്‍. ലെയറിന്‍റെ തലം ഉയരുകയാല്ലാതെ കുറയുകയില്ല. അതുകൊണ്ടുതന്നെ ജാതിയും മതവും ഇന്ത്യന്‍ സമൂഹത്തില്‍ ഇല്ലാതാവുകയില്ല. വിദ്യാഭ്യാസ-തൊഴില്‍-രാഷ്ട്രീയ മേഖലകളില്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ടി വരുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നമ്മള്‍ മുന്നില്‍ കാണേണ്ടതുണ്ട്.(കേരളവും ഭൂമിയുമൊക്കെ നിലനില്‍ക്കുമെങ്കില്‍!!).അങ്ങിനെ  കാണുമ്പോള്‍ ഗുരുദേവന്‍റെ നമുക്ക് ജാതിയില്ല വിളംബരത്തിന്‍റെ മഹത്തരമായ സഹസ്രാബ്ദി വരെ ആഘോഷിക്കാന്‍ വരുംതലമുറകള്‍ക്ക് അവസരമുണ്ടാകുമെന്ന് ധൈര്യസമേതം പറയാന്‍ കഴിയും.