ഓര്‍ഹന്‍ പാമുക്കിന്‍റെ മഞ്ഞ്
ഓര്‍ഹന്‍ പാമുക്കിന്‍റെ മഞ്ഞ് എന്ന രചന തുര്‍ക്കിയുടെ ഇരുപതാം
നൂറ്റാണ്ടിന്‍റെ അവസാനവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ തുടക്കവുമാകുന്ന ഒരു കാലഘട്ടത്തിന്‍റെ കഥയാണ്
പറയുന്നത്. 2016ല്‍ എത്തുമ്പോള്‍ അത് അതിനേക്കാള്‍ എത്രയോ ഭീകരവും ഭീതിജനകവുമായി
മാറി എന്നു നമുക്ക് കാണാന്‍ കഴിയും.
മതതീവ്രവാദവും വ്യവസ്ഥിതിയോടുള്ള എതിര്‍പ്പും യൂറോപ്പിനോടുള്ള മമതയും ഒക്കെ
ഇടകലരുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന 484 പേജുള്ള നോവല്‍. നമുക്ക്
മനസ്സിലാകാത്ത പരിസരങ്ങളും രാഷ്ട്രീയ-മത അന്തര്‍ധാരകളും പ്രണയവും സാഹിത്യവും ഒക്കെ ഇടകലരുമ്പോള്‍ രചന തീവ്രമാണെങ്കിലും അതിനൊപ്പമുള്ള സഞ്ചാരം കുറച്ചു വിഷമകരമാണ്.
മനുഷ്യ ജീവികള്‍
ദൈവത്തിന്‍റെ മാസ്റ്റര്‍പീസുകളാണ്, ആത്മഹത്യ ഈശ്വര നിന്ദയാണ് എന്ന് നോവലിനവസാനം വരുന്ന ഒരു പോസ്റ്ററുണ്ട്.
അത് ഈ നോവലിന്‍റെ സന്ദേശവുമാണ്. കാ എന്ന പത്രപ്രവര്‍ത്തകനായ കവി പന്ത്രണ്ടു വര്‍ഷത്തെ
ജര്‍മ്മന്‍ പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി സഹപാഠിയും വിവാഹമോചിതയുമായ
യൂപ്ക എന്ന സുന്ദരിയെ കണ്ടെത്തുന്നതും അവരുടെ പ്രണയവും നോവലിന്‍റെ രസച്ചരടുകളാക്കി, അതിതീവ്രമായ സാമൂഹിക
പ്രശ്നങ്ങളാണ് നോവലില്‍ ഓര്‍ഹന്‍ അവതരിപ്പിക്കുന്നത്. എര്‍സ്സ്യുറത്തില്‍ നിന്നും
കാര്‍സിലേക്കുള്ള ബസ് യാത്രയുടെ വിവരണം തന്നെ ആ നാടിന്‍റെ അവസ്ഥ നമുക്ക്
വെളിവാക്കിത്തരുന്നതാണ്. മഞ്ഞുമൂടിയ ഒരിടത്തുകൂടിയുള്ള അതിസാഹസികമായ യാത്ര നമുക്കനുഭവമാക്കുന്നതില്‍
കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.
“മാലിന്യക്കൂമ്പാരങ്ങള്‍ക്കും നനഞ്ഞ മണ്ണിനും അന്ധകാരത്തിനും
മുകളില്‍ മൂടുപടം വിരിച്ച മഞ്ഞ് വിശുദ്ധിയെക്കുറിച്ച് കായോട്
സംസാരിക്കുകയായിരുന്നു “ എന്നതൊക്കെ മനോഹര ബിംബങ്ങളാണ്. പെണ്‍കുട്ടികളുടെ
ആത്മഹത്യകളും മേയറുടെ വധവുമൊക്കെ തുര്‍ക്കിയില്‍ വരാനിരിക്കുന്ന അരാജകത്വത്തിന്‍റെ
ലക്ഷണങ്ങളായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.
പ്രവാസജീവിതം മതിയാക്കി
ഇസ്താംബൂളിലെത്തിയ കായ്ക്ക് നഗരത്തിനുണ്ടായ മാറ്റം നിരാശ ജനിപ്പിച്ചതിനാലാണ് അയാള്‍
ബാല്യം ചിലവിട്ട കാര്‍സിലേക്ക് , അധികം പുരോഗതിയുണ്ടായിട്ടില്ലാത്ത, അവിടേക്ക്
പോകാന്‍ പ്രേരിപ്പിച്ചത്. അവസാനമില്ലാത്ത യുദ്ധങ്ങളും വിപ്ലവങ്ങളും അക്രമങ്ങളും കൂട്ടക്കുരുതികളും കാര്‍സിന്
പുതുമയായിരുന്നില്ല. അര്‍മീനിയ, റഷ്യ,ബ്രിട്ടന്‍ എന്നിങ്ങനെ അധിനിവേശത്തിന്‍റെ
നാളുകള്‍. സെര്‍ദാര്‍ ബയി കായോട് പറയുന്നത് പ്രസക്തമാണ്,” പണ്ടുകാലത്ത്
നമ്മളെല്ലാവരും സഹോദരന്മാരായിരുന്നു. പക്ഷെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓരോരുത്തരും ഞാനൊരു അസ്സേറിയനാണ്,കുര്‍ദാണ്,റ്റെര്‍ക്കീമിയനാണ്
എന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. കമ്മ്യൂണിസ്റ്റുകളും അവരുടെ റ്റിഫിലിസ് റേഡിയോയുമാണ് ഗോത്രവര്‍ഗ്ഗബോധം വളര്‍ത്തിയതും
പ്രചരിപ്പിച്ചതും. തുര്‍ക്കിയെ വിഭജിച്ച് നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.
ഇന്ന് എല്ലാവരും പണ്ടത്തേതിലും അഭിമാനികളാണ്,കൂടുതല്‍ ദരിദ്രരും.”
ഈ നഗരത്തില്‍ സകലരും ആത്മഹത്യ
ചെയ്യുന്നതെന്ത് എന്ന ചോദ്യത്തിന് യൂപ്കിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, “എല്ലാവരും ആത്മഹത്യ
ചെയ്യുന്നില്ല,സ്ത്രീകളും പെണ്‍കുട്ടികളും മാത്രം. പുരുഷന്മാര്‍ മതത്തിനുവേണ്ടി
സ്വയം സമര്‍പ്പിക്കുകയും സ്ത്രീകള്‍ സ്വയം കൊല്ലുകയും ചെയ്യുന്നു.”
തലമറച്ചു വന്ന പെണ്‍കുട്ടികളെ സ്കൂളില്‍ നിന്നും
പുറത്താക്കിയ സ്ഥാപന ഡയറക്ടറെ കൊലചെയ്യും മുന്‍പ് കൊലയാളിയുടെ വാദം ഇങ്ങനെയാണ്” പ്രൊഫസര്‍
ന്യൂറിയില്‍ മാസ്, നിങ്ങള്‍ ദൈവഭയമുള്ളവാനെണെങ്കില്‍ , വിശുദ്ധ ഖുര്‍ ആന്‍ ദൈവവചനമാണെന്ന്
വിശ്വസിക്കുന്നുണ്ടെങ്കില്‍,ദൈവികപ്രകാശം എന്ന ശീര്‍ഷകത്തില്‍ കൊടുത്തിരിക്കുന്ന
അധ്യായത്തിന്‍റെ മുപ്പത്തിയൊന്നാം വാക്യത്തെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ
അഭിപ്രായം എന്താണ്?”
“സ്ത്രീകള്‍ അവരുടെ ശിരസ്സും മുഖവും മറയ്ക്കണമെന്ന് ആ
വാക്യത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.”
“എങ്കില്‍ തലയില്‍ സ്കാര്‍ഫ് ധരിച്ച പെണ്‍കുട്ടികളെ
ക്ലാസ്സില്‍ നിന്ന് പുറത്താക്കാനുള്ള
നിങ്ങളുടെ തീരുമാനവും ദൈവശാസനവും തമ്മില്‍
എങ്ങിനെ പൊരുത്തപ്പെടും”
“നമ്മള്‍ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നത്, മതേതര സര്‍ക്കാരാണ്
തീരുമാനമെടുത്തത്.”
“ക്ഷമിക്കണം സാര്‍, ഗവണ്മെന്‍റിന്‍റെ നിയമത്തിന്, നമ്മുടെ ദൈവത്തിന്‍റെ നിയമം
റദ്ദാക്കാനുള്ള അധികാരമുണ്ടോ?”
“ഒരു മതേതര രാജ്യത്ത് ഇവ രണ്ടും വ്യത്യസ്ത വകുപ്പുകളാണ്”
“മതേതരം എന്നാല്‍ നാസ്തികത്വം എന്നാണോ ഉദ്ദേശിക്കുന്നത്”
“അല്ല”
“അങ്ങനെയെങ്കില്‍ മതനിയമങ്ങള്‍ അനുസരിക്കുന്ന കുട്ടികളെ
പുറത്താക്കുന്നതെന്തിന്?”
“മകനെ,ഇത്തരം വാദപ്രതിവാദങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയില്ല.”
“സാര്‍,നമ്മുടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസപരവും
മതപരവുമായ സ്വാതന്ത്ര്യവുമായി ഇവയെല്ലാം എങ്ങിനെ പൊരുത്തപ്പെടും.സാര്‍,അങ്കാറയില്‍
നിന്നുള്ള കല്‍പ്പനയാണോ അതോ ദൈവത്തില്‍ നിന്നുള്ള കല്‍പ്പനയാണോ പ്രാധാന്യം അര്‍ഹിക്കുന്നത്."
“എന്‍റെ ചങ്ങാതി, മോഷ്ടാക്കളുടെ കരങ്ങള്‍ ഛേദിച്ചു
കളയണമെന്നും ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട്.പക്ഷെ,നമ്മുടെ രാജ്യം അപ്രകാരം
ചെയ്യുന്നില്ല. നിങ്ങള്‍ അതിനെതിരായി ഒന്നും പറയുന്നില്ലല്ലോ?”
“ഒന്നാംന്തരം മറുപടി,നമ്മുടെ സ്ത്രീകളുടെ മാനത്തിന്
തുല്യമായി ഒരു മോഷ്ടാവിന്‍റെ കരം കാണാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും. അമേരിക്കന്‍
ബ്ലാക്ക് മുസ്ലിം പ്രൊഫസര്‍ മാര്‍വിന്‍ കിങ്ങ് പ്രസിദ്ധീകരിച്ച സ്ഥിതിവിവര കണക്ക്
അനുസരിച്ച്, സ്ത്രീകള്‍ മൂടുപടം ധരിക്കുന്ന ഇസ്ലാമിക് രാജ്യങ്ങളില്‍ ബലാല്‍സംഗം
വളരെ വളരെ കുറവാണ്. സ്ത്രീപീഢന പരാതികള്‍ ഉണ്ടാകുന്നതേയില്ല. ഹെഡ് സ്കാര്‍ഫ്
ധരിച്ച സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് ശരിയാണോ?”
ഇത്തരത്തിലുള്ള സംഭാഷണം
ഒടുവില്‍ പ്രോഫസറുടെ നെഞ്ചിലൂടെ ഒരുണ്ടപായുന്നിടത്ത് അവസാനിക്കുകയാണ്. ഈ വിധം
മതവും അധികാരവും തമ്മിലുള്ള സംഘര്‍ഷവും കുടുംബബന്ധങ്ങളും അവയുടെ പരാജയങ്ങളും
ഇടകലരുന്ന നോവലില്‍ ,മരണപ്പെടുന്ന കായുടെ ജീവിതം അന്വേഷിക്കുന്ന കഥാകാരനെയാണ് നാം
കാണുന്നത്. ഡിസി ബുക്സിനുവേണ്ടി ജോളി വര്‍ഗ്ഗീസാണ് വിവര്‍ത്തനെ നിര്‍വ്വഹിച്ചിരിക്കുന്നത്.
വില—250 രൂപ